അതിരപ്പിള്ളി മലക്കപ്പാറയിൽ കാട്ടാന ആക്രമണത്തിൽ ലോറി തകർന്നു


അതിരപ്പിള്ളി മലക്കപ്പാറയിൽ വീണ്ടും കാട്ടാന ആക്രമണം. മലക്കപ്പാറ തേയില ഫാക്ടറിയിൽ നിന്ന് കൊച്ചിയിലേക്ക് ലോഡുമായി പോവുകയായിരുന്ന ലോറി കാട്ടാന ആക്രമിച്ചു. ഷോളയാർ പെൻ സ്റ്റോക്കിന് സമീപമായിരുന്നു സംഭവം. ഡ്രൈവർ ലോറിയിൽ നിന്ന് ഇറങ്ങിയോടി. ആക്രമണത്തിൽ ലോറിയുടെ ചില്ല് തകർന്നു. അതിരപ്പിള്ളി മലക്കപ്പാറ
അന്തര്‍ സംസ്ഥാന പാതയില്‍ കാട്ടാനകളെ കൊണ്ട് പൊറുതിമുട്ടുകയാണ് സഞ്ചാരികളും നാട്ടുകാരും. വാഹനങ്ങള്‍ക്ക് നേരെ കാട്ടാനകള്‍ ഓടിയടുക്കുന്നത് നിത്യസംഭവമായതോടെ ഇതുവഴിയുള്ള യാത്ര പലരും ഒഴിവാക്കുകയാണ്.  പണ്ട് രാത്രികാലങ്ങളില്‍ മാത്രമാണ് ആനകള്‍ റോഡിലേക്കിറങ്ങാറുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ പകല്‍ സമയങ്ങളും ആനകൂട്ടം റോഡരികില്‍ തമ്പടിക്കുകയാണ്. വാഹനങ്ങള്‍ക്ക് നേരെ തിരിയുന്ന ആനകളുടെ ആക്രമണത്തില്‍ നിന്നും പലപ്പോഴും തലനാരിഴക്കാണ് സഞ്ചാരികള്‍ രക്ഷപ്പെടുന്നത്.   കഴിഞ്ഞ ആഴ്ച രണ്ട് കാറുകളും ഒരു ബൈക്കും കാട്ടാന ആക്രമിച്ചിരുന്നു. വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചെങ്കിലും യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അതിരപ്പിള്ളി മുതല്‍ വാല്‍പ്പാറ വരെയുള്ള ഭാഗത്താണ് ആക്രമണം കൂടുതലായിരിക്കുന്നത്. വിജനമായ ഈ വഴികളില്‍ ഭയപ്പാടോടെയാണ് ഇപ്പോള്‍ സഞ്ചാരികളുടെ യാത്ര. വനത്തില്‍ നിന്നും അപ്രതീക്ഷിതമായി ആനകള്‍ റോഡിലേക്കിറങ്ങി വരുന്നതാണ് വാഹനയാത്രികരെ വലക്കുന്നത്. ചില സഞ്ചാരികള്‍ വഴിയോരത്ത് നില്‍ക്കുന്ന ആനകളെ അനാവശ്യമായി ശബ്ദമുണ്ടാക്കി പ്രകോപിക്കുന്ന പതിവുണ്ട്. ഇവരുടെ വാഹനം കടന്നുപോകുമെങ്കിലും പ്രകോപിതരായ ആനകള്‍ പിന്നില്‍ വരുന്ന വാഹനങ്ങള്‍ക്ക് നേരെയായിരിക്കും തിരിയുക. ഇതും അപകടത്തിന് കാരണമാകുന്നു.

Post a Comment

0 Comments