പ്രഭാത വാർത്തകൾ
2024 | ഓഗസ്റ്റ് 1 | വ്യാഴം|
1199 | കർക്കടകം 17 | മകീര്യം
1445 | മുഹർറം | 25.
➖➖➖➖➖➖➖➖
◾ വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 270 ആയി. മരണ സംഖ്യം ഇനിയും ഉയരാനാണു സാധ്യത. മേപ്പാടി സര്‍ക്കാര്‍ ആശുപത്രിയില്‍ ഇന്നലെ 34 മൃതദേഹങ്ങള്‍ എത്തിച്ചു. 96 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരുന്നൂറോളം പേരെ ഉരുള്‍പൊട്ടലില്‍ കാണാതായിട്ടുണ്ട്. 91 ശരീരഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. പോത്തുകല്ലില്‍ ചാലിയാറില്‍നിന്ന് 71 മൃതദേഹങ്ങളാണു ഇതുവരെ കണ്ടെടുത്തത്.
◾ കനത്ത മഴ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നുണ്ടെങ്കിലും ബെയ്‌ലി പാലം നിര്‍മാണം പൂര്‍ത്തിയാക്കാനൊരുങ്ങുകയാണ് സൈന്യം. രാത്രിയിലും സൈന്യം പാലം നിര്‍മ്മാണം തുടരുകയാണ്. ഇന്ന് രാവിലെയോടെ പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാകുമെന്നാണ് സൈന്യത്തിന്റെ പ്രതീക്ഷ. പാലം പണി കഴിഞ്ഞാല്‍ ജെസിബികള്‍ അടക്കമുള്ള വാഹനങ്ങള്‍ രക്ഷാ പ്രവര്‍ത്തനത്തിനായി മറുകരയിലേക്ക് എത്തിക്കാനാവും. അതേ സമയം ജില്ലയില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ വീണ്ടും ഉരുള്‍പൊട്ടല്‍ സാധ്യയുണ്ടെന്നാണ് ജാഗ്രതാ നിര്‍ദ്ദേശം.
◾ വയനാട് ജില്ലയില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളിലും മുന്‍ വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടിയ പ്രദേശങ്ങളിലുമുള്ളവരും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ. കുറുമ്പാലക്കോട്ട, ലക്കിടി മണിക്കുന്ന് മല, മുട്ടില്‍ കോല്‍പ്പാറ കോളനി, കാപ്പിക്കളം, സുഗന്ധഗിരി, പൊഴുതന പ്രദേശങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് നിര്‍ദേശം. അപകട ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ക്യാമ്പിലേക്ക് മാറാന്‍ ആവശ്യപ്പെട്ടിട്ടുള്ളവര്‍ എത്രയും വേഗം താമസസ്ഥലത്ത് നിന്നും ക്യാമ്പുകളിലേക്ക് മാറണമെന്നും കളക്ടര്‍ അറിയിച്ചു.
◾ ചൂരല്‍മല പ്രദേശത്ത് ആംബുലന്‍സുകളുടെ എണ്ണം പരിമിതപ്പെടുത്താന്‍ തീരുമാനിച്ചതായി ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ. ചൂരല്‍മലയിലും സമീപത്തും ആവശ്യത്തില്‍ കൂടുതല്‍ ആംബുലന്‍സുകള്‍ ഉള്ളത് രക്ഷാപ്രവര്‍ത്തനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് 25 ആംബുലന്‍സുകള്‍ മാത്രമേ ദുരന്ത സ്ഥലത്ത് ആവശ്യമുള്ളൂ. ബാക്കി 25 ആംബുലന്‍സുകള്‍ പോളിടെക്നിക് കോളേജ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണമെന്നും ബാക്കിയുള്ളവ അകലെ സൗകര്യപ്രദമായ സ്ഥലത്ത് പാര്‍ക്ക് ചെയ്യണമെന്നുമാണ് നിര്‍ദേശം.
◾ കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറായതില്‍ സന്തോഷമെന്ന് കെ.സി. വേണുഗോപാല്‍. വയനാട്ടിലെ ദുരന്തത്തില്‍ എത്ര പേരെ കാണാതായെന്ന് നിശ്ചയമില്ല. അമിത് ഷായുടെ പ്രസ്താവനയോട് സംസ്ഥാന സര്‍ക്കാര്‍ പ്രതികരിക്കണമെന്നും വിഷയത്തെ രാഷ്ട്രീയവത്ക്കരിക്കാന്‍ ആഗ്രഹമില്ലെന്നും കേന്ദ്രവും സംസ്ഥാനവും ആശയക്കുഴപ്പം പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
◾ വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രം നല്‍കിയ മുന്നറിയിപ്പ് കേരളം അവഗണിച്ചുവെന്ന ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്നറിയിപ്പ് നല്‍കുന്നതില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണവകുപ്പിന് ഉണ്ടായ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, പ്രശ്‌നമുണ്ടാകുമ്പോള്‍ ആരുടെയെങ്കിലും പിടലിയില്‍ വെച്ചുകെട്ടരുതെന്നും ആവശ്യപ്പെട്ടു.
◾ വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലിനെ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് കേന്ദ്രസര്‍ക്കാര്‍ സമീപിക്കുന്നതെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. രാജ്യമൊന്നാകെ ഈ ദുരന്തത്തെ നേരിടാന്‍ ഒന്നിച്ചുനില്‍ക്കേണ്ട ഘട്ടത്തില്‍ ഇത് രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുകയാണ് കേന്ദ്ര ഗവണ്മെന്റിലെ ഉന്നതരായ പലരുമെന്നും മന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.
◾ രാജ്യസഭയില്‍ അമിത് ഷാ നടത്തിയ പ്രസ്താവനയെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ തള്ളിപ്പറഞ്ഞതിന് പിന്നാലെ മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണാജനകമെന്ന് വിമര്‍ശിച്ച് കേന്ദ്രസര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പിറക്കി. കേരളത്തിന് ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയിരുന്നുവെന്നും റെഡ് അലര്‍ട്ട് നല്‍കിയെന്ന് അമിത് ഷാ പറഞ്ഞിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാരിന്റെ ഏറ്റവും പുതിയ വിശദീകരണത്തില്‍ പറയുന്നു.
◾ വയനാട്ടിലുണ്ടായ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആദിവാസി കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കുന്നുണ്ടെന്നും, 1592 പേരെ രണ്ട് ദിവസത്തിനകം രക്ഷപ്പെടുത്തിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മണ്ണിനടിയിലെ മനുഷ്യസാന്നിധ്യം കണ്ടെത്താന്‍ ശ്രമം നടത്തുമെന്നും ഇതിനായി റിട്ടയേര്‍ഡ് മേജര്‍ ജനറല്‍ ഇന്ദ്രബാലന്റെ സഹായം തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
◾ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ തകര്‍ത്തെറിഞ്ഞ അട്ടമലയില്‍ വൈദ്യുതിയെത്തി. തകര്‍ന്നുപോയ പോസ്റ്റുകള്‍ മാറ്റിയും ചരിഞ്ഞുപോയവ നിവര്‍ത്തിയും 11 കെ വി വൈദ്യുതി ശൃംഖല പുനര്‍നിര്‍മ്മിച്ചാണ് അട്ടമലയിലെ മൂന്ന് ട്രാന്‍സ്ഫോര്‍മറുകളിലേക്ക് വൈദ്യുതിയെത്തിച്ചത്. നാനൂറോളം വീടുകളിലേക്ക് വൈദ്യുതി എത്തിക്കാനായതായി കെഎസ്ഇബി അറിയിച്ചു.
◾ വയനാട് ജില്ലയിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉണ്ടായ ജീവനാശത്തിലും മറ്റ് കഷ്ട നഷ്ടങ്ങളിലും കെ.എസ്.എഫ്.ഇ. അഗാധമായി വ്യസനം രേഖപ്പെടുത്തുന്നതായി ചെയര്‍മാന്‍ കെ.വരദരാജനും, മാനേജിങ്ങ് ഡയറക്ടര്‍ ഡോ.സനില്‍ എസ്.കെ.യും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ദുരന്തത്തിന്റെ പാര്‍ശ്വഫലങ്ങളില്‍ നിന്നും വയനാടിനെ കര കയറ്റുന്നതിനാവശ്യമായ സര്‍ക്കാരിന്റെ പരിശ്രമങ്ങളില്‍ കെ.എസ്.എഫ്.ഇ.യും എളിയ നിലയില്‍ പങ്കു ചേരുകയാണെന്നും, അതിന്റെ ഭാഗമായി കെ.എസ്.എഫ്.ഇ. മാനേജ്‌മെന്റും ജീവനക്കാരും ചേര്‍ന്ന് 5 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് നല്‍കാന്‍ തീരുമാനിച്ചുവെന്നും പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ കെ.എസ്.എഫ്.ഇ. യുടെ പങ്കാളിത്തം സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ഉറപ്പു വരുത്തുന്നതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
◾ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തെ മറികടക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് കരുത്തേകി വ്യവസായ പ്രമുഖരും. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ ഡോക്ടര്‍ എം എ യൂസഫലി, പ്രമുഖ വ്യവസായി രവി പിള്ള, കല്യാണ്‍ ജ്വല്ലേഴ്‌സ് ഉടമ കല്ല്യാണ രാമന്‍ എന്നിവര്‍ അഞ്ച് കോടി രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. വിഴിഞ്ഞം പോര്‍ട്ട് അദാനി ഗ്രൂപ്പും അഞ്ച് കോടി രൂപ സഹായ വാഗ്ദാനം നല്‍കിയിട്ടുണ്ട്.
◾ വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ട 25 കുടുംബത്തിന് വീടുവെച്ച് നല്‍കുമെന്ന് ഡിവൈഎഫ്ഐ വ്യക്തമാക്കി. സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന പദ്ധതിയുമായി സഹകരിച്ചായിരിക്കും പ്രവര്‍ത്തിക്കുകയെന്നും പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു.
◾ കോഴിക്കോട് ജില്ലയിലെ വിലങ്ങാട് മഞ്ഞചീളില്‍ വീണ്ടും ഉരുള്‍പൊട്ടി. ആളപായം ഇല്ല. കോഴിക്കോട് കളക്ടര്‍ ഉള്‍പ്പടെ സ്ഥലം സന്ദര്‍ശിക്കുന്നതിനിടെയാണ് വീണ്ടും ഉരുള്‍പൊട്ടിയത്. കളക്ടറും സംഘവും അര മണിക്കൂറോളം സ്ഥലത്ത് കുടുങ്ങി. ഇവരെ റെസ്‌ക്യൂ ടീം രക്ഷപ്പെടുത്തി.ഒമ്പത് തവണ ഉരുള്‍ പൊട്ടിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. 13 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. വെള്ളം കയറി നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു.
◾ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദപാത്തി സ്ഥിതിചെയ്യുന്നുണ്ട്. അതോടൊപ്പം പടിഞ്ഞാറന്‍/വടക്കു പടിഞ്ഞാറന്‍ കാറ്റ് അടുത്ത രണ്ട് ദിവസം ശക്തമായി തുടരാന്‍ സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
◾ സംസ്ഥാനത്തെ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അതിതീവ്ര മഴ സാധ്യത മുന്നറിയിപ്പുള്ളത്.എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ഓറഞ്ച് അലര്‍ട്ടാണ്.ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
◾ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ 10 ജില്ലകളില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. ഇടുക്കി, എറണാംകുളം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട്, തൃശൂര്‍, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്.
◾ സംസ്ഥാനത്ത് ലഭിക്കേണ്ട മഴയേക്കാള്‍ 16 ശതമാനം അധികമായി ജൂലൈ മാസം ലഭിച്ചെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. 653.5 മില്ലി മീറ്റര്‍ മഴയാണ് ജൂലൈയില്‍ കേരളത്തില്‍ ലഭിക്കേണ്ടത്. എന്നാല്‍, ജൂലൈ ഒന്ന് മുതല്‍ 31 വരെ 760.5 മി.മീറ്റര്‍ മഴ ലഭിച്ചു. 2009ന് ശേഷം ആദ്യമായാണ് ജൂലൈയില്‍ ഇത്രയധികം മഴ ലഭിക്കുന്നത്. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് റിപ്പോര്‍ട്ട്. കണ്ണൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്.
◾ ശക്തമായ മഴ കാരണം പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. എലിപ്പനി കേസുകള്‍ കൂടാന്‍ സാധ്യതയുള്ളതിനാല്‍ വെള്ളത്തിലിറങ്ങുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള എല്ലാവരും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
◾ വയനാട് മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി വിഭാഗം ശക്തിപ്പെടുത്താന്‍ തസ്തിക മാറ്റത്തിലൂടെ 2 തസ്തികകള്‍ അനുവദിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ്. ഒരു അസി. പ്രൊഫസര്‍ തസ്തികയും ഒരു സീനിയര്‍ റസിഡന്റ് തസ്തികയുമാണ് തസ്തിക മാറ്റം വരുത്തി അനുവദിച്ചത്.
◾ പട്ടാപ്പകല്‍ യുവതിയെ വീട്ടില്‍ക്കയറി വെടിവെച്ച വനിതാ ഡോക്ടര്‍ ആക്രമണത്തിനായി നടത്തിയത് മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പെന്ന് വിവരം. എയര്‍പിസ്റ്റള്‍ ഉപയോഗിക്കുന്നതും വെടിവെക്കുന്നതും ഇതിന്റെ ആഘാതത്തെക്കുറിച്ചുമെല്ലാം ഇന്റര്‍നെറ്റിലൂടെ മാസങ്ങളോളം പഠിച്ചശേഷമാണ് പ്രതിയായ ഡോ. ദീപ്തി മോള്‍ ജോസ് ആക്രമണം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.
◾ പൂങ്കുന്നം - ഗുരുവായൂര്‍ റൂട്ടില്‍ റെയില്‍വെ ട്രാക്കിലുണ്ടായ വെള്ളക്കെട്ടിനെ തുടര്‍ന്ന് ഗുരുവായൂരില്‍ നിന്നുള്ള ട്രെയിന്‍ സര്‍വീസുകള്‍ ഇന്ന് ഭാഗികമായി റദ്ദാക്കി. ഗുരുവായൂരില്‍ നിന്നുള്ള ട്രെയിനുകള്‍ തൃശൂരില്‍ നിന്നാകും യാത്ര ആരംഭിക്കുക.. തിരിച്ച് ഗുരുവായൂരിലേക്കുള്ള ട്രെയിനുകള്‍ തൃശൂര്‍ വരെ മാത്രമേ സര്‍വീസ് നടത്തൂ.
◾ ലേയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വ്വീസുകള്‍ ഉയര്‍ന്ന അന്തരീക്ഷ താപനില കാരണം തടസ്സപ്പെട്ടു. നാല് ദിവസത്തിനിടെ 16 വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. സമുദ്ര നിരപ്പില്‍ നിന്ന് ഏകദേശം 10,682 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ലേ.ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വാണിജ്യ വിമാനത്താവളങ്ങളില്‍ ഒന്നാണ് ലേയിലേത്.
◾ പൂജ ഖേദ്കറിന്റെ ഐഎഎസ് സെലക്ഷന്‍ റദ്ദാക്കി യുപിഎസ്സി. ഇവരുടെ പ്രൊവിഷണല്‍ കാന്‍ഡിഡേറ്റര്‍ റദ്ദാക്കിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. യുപിഎസ്സി പരീക്ഷകള്‍ എഴുതുന്നതില്‍ നിന്ന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം നിയോഗിച്ച ഏകാംഗ അന്വേഷണ കമ്മിഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് നടപടി.
◾ പാരിസ് ഒളിംപിക്‌സിന്റെ അഞ്ചാം ദിനം ബാഡ്മിന്റനില്‍ വനിതാ വിഭാഗം സിംഗിള്‍സില്‍ പി.വി. സിന്ധുവിനു പിന്നാലെ പുരുഷ വിഭാഗം സിംഗിള്‍സില്‍ ലക്ഷ്യ സെന്നും എച്ച്.എസ്.പ്രണോയിയും പ്രീക്വാര്‍ട്ടറില്‍. പ്രീക്വാര്‍ട്ടറില്‍ ലക്ഷ്യ സെന്നും എച്ച്.എസ്. പ്രണോയിയും തമ്മില്‍ ഏറ്റുമുട്ടേണ്ടിവരും. പുരുഷവിഭാഗം ഷൂട്ടിങ് 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍സില്‍ ഇന്ത്യയുടെ സ്വപ്നില്‍ കുശാലെ ഫൈനലില്‍ കടന്നു. ബോക്സിങ്ങില്‍ വനിതകളുടെ 75 കിലോഗ്രാം വിഭാഗത്തില്‍ ലവ്‌ലിന ബോര്‍ഗോഹെയന്‍ ക്വാര്‍ട്ടറില്‍ കടന്നു. ആര്‍ച്ചറിയില്‍ വനിതാ വ്യക്തിഗത വിഭാഗത്തില്‍ ഇന്ത്യന്‍ താരം ദീപിക കുമാരിയും പ്രീക്വാര്‍ട്ടറിലെത്തി. അതേസമയം ടേബിള്‍ ടെന്നിസ് വനിതാ സിംഗിള്‍സില്‍ ഇന്ത്യന്‍ താരങ്ങളായ മണിക ബത്രയും ശ്രീജ അകുലയും പ്രീക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായി.
◾ കെ എസ് എഫ് ഇ ചിട്ടികളിലും വായ്പകളിലും കുടിശ്ശിക വരുത്തിയവര്‍ക്ക് മുടക്കു തീര്‍ക്കുന്നതിനും ഒറ്റത്തവണത്തീര്‍പ്പാക്കലിനുമായി 'ആശ്വാസ് 2024 ' എന്ന പേരില്‍ ഒരു പുതിയ കുടിശ്ശിക നിവാരണ പദ്ധതി കെ എസ് എഫ് ഇ നടപ്പില്‍ വരുത്തിയിരിക്കുന്നു. 2024 ആഗസ്റ്റ് 1 ന് നിലവില്‍ വരുന്ന ഈ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ 2024 സെപ്തംബര്‍ 30 വരെ ലഭ്യമാകുന്നതാണ്. റവന്യൂ റിക്കവറി ആയ കുടിശ്ശികക്കാര്‍ക്കും അങ്ങനെയാകാത്ത കുടിശ്ശികക്കാര്‍ക്കും ഈ ആനുകൂല്യം ലഭിക്കുന്നതാണ്. ചിട്ടി കുടിശ്ശികക്കാര്‍ക്ക് പലിശയില്‍ പരമാവധി 50% വരേയും വായ്പാ കുടിശ്ശികക്കാര്‍ക്ക് പിഴപ്പലിശയില്‍ പരമാവധി 50% വരെയും നിബന്ധനകള്‍ക്ക് വിധേയമായി ഈ പദ്ധതിപ്രകാരം ഇളവു ലഭിക്കുന്നതാണ്. പദ്ധതിക്കാലയളവില്‍ ഗഡുക്കളായും കുടിശ്ശിക തീര്‍ക്കാവുന്നതാണ്. വിശദവിവരങ്ങള്‍ അറിയുന്നതിനായി റവന്യൂ റിക്കവറി ആയ കുടിശ്ശികക്കാര്‍ ബന്ധപ്പെട്ട എസ്ഡിടി ഓഫീസുകളേയും അല്ലാത്ത കുടിശ്ശികക്കാര്‍ ബന്ധപ്പെട്ട കെ എസ് എഫ് ഇ ഓഫീസുകളേയും സമീപിക്കേണ്ടതാണ്. സംശയ നിവാരണത്തിനായി 9447798003, 9446006214 എന്നീ ഹെല്‍പ് ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
◾ ഇന്ത്യയിലെ പ്രമുഖ ഫുഡ് ബ്രാന്‍ഡായ ഹാല്‍ദിറാമിനെ ഏറ്റെടുക്കാന്‍ നീക്കവുമായി അമേരിക്കന്‍ നിക്ഷേപക സ്ഥാപനമായ ബ്ലാക്ക് സ്റ്റോണ്‍. 1937ല്‍ രാജസ്ഥാനിലെ ബിക്കാനീറില്‍ അഗര്‍വാള്‍ കുടുംബം ആരംഭിച്ച കമ്പനിയുടെ 51 ശതമാനം ഓഹരികള്‍ വാങ്ങാനായി ബ്ലാക്ക് റോക്ക് ഉള്‍പ്പെടെയുള്ള കണ്‍സോര്‍ഷ്യം 40,000 കോടി രൂപയുടെ താത്പര്യപത്രം നല്‍കിയതായാണ് വിവരം. കമ്പനിക്ക് 70,000-78,000 കോടി രൂപ മൂല്യം കണക്കാക്കിയാണ് ഡീല്‍. ഇതിന്റെ സൂക്ഷമപരിശോധനകള്‍ ഏണസ്റ്റ് ആന്‍ഡ് യംഗ് നടത്തിവരികയാണ്. ഏറ്റെടുക്കലിനു ശേഷം കമ്പനിയുടെ നിയന്ത്രണാവകാശവും പ്രോഡക്ട് ബിസിനസിന്റെ ലൈസന്‍സും ബ്ലാക്ക് സ്റ്റോണിന്റെ അധീനതയിലാകും. കമ്പനിയുടെ ബ്രാന്‍ഡ് അവകാശവും റസ്റ്റോറന്റുകളുടെ പ്രവര്‍ത്തനവും അഗര്‍വാള്‍ കുടുംബത്തിന് തന്നെയായിരിക്കും. ബ്രാന്‍ഡ് ഉപയോഗിക്കുന്നതിന് ഹാല്‍ദിറാം കുടുംബത്തിന് പുതിയ കമ്പനിയില്‍ നിന്ന് വാര്‍ഷിക റോയല്‍റ്റിയും ലഭിക്കും. സിംഗപ്പൂരിലെ ജി.ഐ.സി, അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി എന്നിവയും കണ്‍സോര്‍ഷ്യത്തിലുണ്ടെങ്കിലും മുഖ്യ ഓഹരിയുടമകള്‍ ബ്ലാക്ക് സ്റ്റോണ്‍ ആണ്. ഹാല്‍ദിറാമിന് നാഗ്പൂര്‍, ഡല്‍ഹി എന്നിവിടങ്ങള്‍ ആസ്ഥാനമാക്കി രണ്ട് വിഭാഗങ്ങളുണ്ട്. നാഗ്പൂര്‍ ആസ്ഥാനമായുള്ള ഹാര്‍ദിറാം ഫുഡിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 3,622 കോടിരൂപയായിരുന്നു വരുമാനം. ഡല്‍ഹി കേന്ദ്രമാക്കിയുള്ള ഹാല്‍ദിറാം സ്‌നാക്ക്‌സിന് 5,600 കോടി രൂപയും വരുമാനമുണ്ട്. ഇതിനു മുമ്പും നിരവധി കമ്പനികള്‍ ഹല്‍ദിറാമിനെ ഏറ്റെടുക്കാന്‍ നീക്കം നടത്തിയിരുന്നു. സിംഗപ്പൂര്‍ നിക്ഷേപ സ്ഥാപനമായ ടെമാസെക്കും ബെയിനുമാണ് അവസാനം ഏറ്റെടുക്കലിനായി രംഗത്തെത്തിയത്.
◾ കീര്‍ത്തി സുരേഷ് നായികയായി വരാനിരിക്കുന്ന ചിത്രമാണ് 'രഘുതാത്ത'. സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടു. ഹിന്ദിക്ക് പ്രാധാന്യം നല്‍കുന്നതിന് എതിരെയുള്ള കഥയുമായാണ് രഘുതാത്ത എത്തുന്നത് എന്നാണ് വ്യക്തമാക്കുന്നത്. സുമന്‍ കുമാറാണ് രഘുതാത്തയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. കീര്‍ത്തി സുരേഷിനൊപ്പം രഘുതാത്ത സിനിമയില്‍ കഥാപാത്രങ്ങളായി എം എസ് ഭാസ്‌കറും ദേവദര്‍ശനിയും രവിന്ദ്ര വിജയ്യുമൊക്കെയുണ്ട്. ഛായാഗ്രാഹണം യാമിനി യഗ്നമൂര്‍ത്തിയാണ്. കെജിഎഫിന്റെ നിര്‍മാതാക്കളായ ഹൊംമ്പാലെ ഫിലിംസിന്റെ ബാനറിലാണ് കീര്‍ത്തി സുരേഷിന്റെ രഘുതാത്ത എത്തുക. കീര്‍ത്തി സുരേഷ് വേഷമിട്ട ചിത്രങ്ങളില്‍ ഒടുവില്‍ സൈറണാണ് പ്രദര്‍ശനത്തിനെത്തിയത്. ജയം രവിയാണ് നായകന്‍. കീര്‍ത്തി സുരേഷ് പൊലീസ് ഓഫീസറായ ചിത്രം എന്ന ഒരു പ്രത്യേകതയുള്ള സൈറണില്‍ നായികയായി അനുപ പരമേശ്വരനും എത്തിയപ്പോള്‍ ജി വി പ്രകാശ് കുമാറാണ് സംഗീതം നിര്‍വഹിക്കുന്നു. സംവിധാനം നിര്‍വഹിക്കുന്നത് ആന്റണി ഭാഗ്യരാജാണ്. തെലുങ്കില്‍ ഭോലാ ശങ്കര്‍ ആണ് ഒടുവില്‍ കീര്‍ത്തി സുരേഷിന്റേതായി പ്രദര്‍ശനത്തിന് എത്തിയത്.
0 Comments