2024 | ജൂലൈ 21 | ഞായർ|
1199 | കർക്കടകം 6 | ഉത്രാടം
1446 | മുഹർറം | 14.
➖➖➖➖➖➖➖➖
◾ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും മാധ്യമസ്വാതന്ത്ര്യത്തിനും രാജ്യത്ത് യാതൊരു സുരക്ഷാകവചവും ഇല്ലെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ. ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യവുമായും അറിയാനുള്ള അവകാശവുമായും ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ സഹായം തേടി എഡിറ്റേഴ്‌സ് ഗില്‍ഡ് അയച്ച കത്തിലാണ് ഈ പരാമര്‍ശം. അച്ചടി-ദൃശ്യ-ഡിജിറ്റല്‍ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള പല നടപടികളും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നിയമനിര്‍മ്മാണത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുവെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് രാഹുല്‍ ഗാന്ധിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.
◾ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന മലപ്പുറം പാണ്ടിക്കാട് പഞ്ചായത്തിലെ ചെമ്പ്രശ്ശേരി സ്വദേശിയായ പതിനാലുകാരന് നിപ സ്ഥിരീകരിച്ചു. കോഴിക്കോട് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലും പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലുമാണ് നിപ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. ബന്ധുക്കള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ നിന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
◾ മലപ്പുറത്തെ നിപ രോഗിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. പാണ്ടിക്കാട് സ്വദേശിയായ 14 കാരന്‍ ബ്രൈറ്റ് ട്യൂഷന്‍ സെന്റര്‍ പാണ്ടിക്കാട്, ഡോ. വിജയന്‍സ് ക്ലിനിക്, പികെഎം ഹോസ്പിറ്റല്‍ പീഡിയാട്രിക് ഒപി, മൗലാന ഹോസ്പിറ്റല്‍ എമര്‍ജന്‍സി ഐസിയു എന്നിവിടങ്ങളില്‍ ജൂലൈ 11 മുതല്‍ 15 വരെയുളള തിയ്യതികളില്‍ സന്ദര്‍ശിച്ചിട്ടുണ്ട്. സ്ഥലങ്ങളില്‍ ആ സമയത്ത് ഉണ്ടായിരുന്നവര്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്ന് ആരോഗ്യ മന്ത്രി അഭ്യര്‍ത്ഥിച്ചു. പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 214 പേരാണുള്ളത്. ഇതില്‍ അടുത്തിടപഴകിയ 60 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. ഹൈറിസ്‌ക് വിഭാഗത്തിലുള്ള എല്ലാവരുടെയും സാമ്പിളുകള്‍ പരിശോധിക്കും. രോഗിയെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി
◾ മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14 കാരന് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ആനക്കയം, പാണ്ടിക്കാട് എന്നീ പഞ്ചായത്തുകളില്‍ നിയന്ത്രണമേര്‍പ്പെടുത്തി. മലപ്പുറം ജില്ലയിലുള്ളവര്‍ എല്ലാവരും മാസ്‌ക്ക് ധരിക്കണം. ആള്‍ക്കൂട്ടം ഒഴിവാക്കണം. കടകള്‍ രാവിലെ 10 മുതല്‍ 5 മണി വരെ മാത്രമേ പ്രവര്‍ത്തിപ്പിക്കാന്‍ പാടുളളു. മുന്‍കൂട്ടി തീരുമാനിച്ച പരിപാടികള്‍ക്ക് ആള്‍കൂട്ടം ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശിച്ചു.
◾ കര്‍ണാടകയില്‍ മണ്ണിടിഞ്ഞ് വീണ് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ അര്‍ജുനെ ഇന്നലെയും കണ്ടെത്താനായില്ല. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇന്നലത്തെ രക്ഷാപ്രവര്‍ത്തനം വൈകീട്ടോടെ നിര്‍ത്തുകയായിരുന്നു. മഴ കനത്ത് പെയ്തതോടെ ഇനിയും മണ്ണിടിയാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇന്നലത്തെ തിരച്ചില്‍ നിര്‍ത്തിയത്.
◾ മണ്ണിടിഞ്ഞു വീണ റോഡിന്റെ നടുഭാഗത്ത് നിന്ന് ലഭിച്ച സിഗ്‌നല്‍ പ്രകാരമാണ് അര്‍ജുന്റെ ലോറിക്കായുള്ള തിരച്ചില്‍ തുടരുന്നത്. പാറയും മണ്ണും അല്ലാത്ത വസ്തുവിന്റെ സിഗ്‌നല്‍ ആണ് നിലവില്‍ കിട്ടിയിരിക്കുന്നത്. എന്നാല്‍ സിഗ്‌നല്‍ ലോറിയുടേതാണെന്ന് ഉറപ്പിക്കാനായിട്ടില്ലെന്നും 70% യന്ത്രഭാഗങ്ങള്‍ തന്നെ ആയിരിക്കാം എന്നുമാണ് റഡാര്‍ സംഘം വ്യക്തമാക്കുന്നത്. സിഗ്‌നല്‍ ലഭിച്ച ഭാഗത്ത് കൂടുതല്‍ മണ്ണ് എടുത്ത് പരിശോധന ഇന്ന് നടത്തും.
◾ ലോറി ഡ്രൈവര്‍ അര്‍ജുന് വേണ്ടിയുളള രക്ഷാദൗത്യത്തിന്റെ വേഗം കൂട്ടണമെന്ന് കുടുംബം. തിരച്ചില്‍ കാര്യക്ഷമമാക്കണം. സൈന്യത്തെ ഇറക്കണം. നിലവിലെ സംവിധാനത്തില്‍ വിശ്വാസം നഷ്ടമായെന്നും കേരളത്തില്‍ നിന്ന് രക്ഷാപ്രവര്‍ത്തനത്തിന് സന്നദ്ധരായി എത്തുന്നവര്‍ക്ക് അവസരം നല്‍കണമെന്നും കുടുംബം ആവശ്യപ്പെട്ടു. അര്‍ജുന്റെ രക്ഷാ പ്രവര്‍ത്തനത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ടും രക്ഷാ പ്രവര്‍ത്തനത്തിന് സൈന്യത്തെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ടും ഭാര്യ കൃഷ്ണപ്രിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇമെയില്‍ സന്ദേശമയച്ചു.
◾ കര്‍ണാടകയില്‍ മണ്ണിടിഞ്ഞ് കാണാതായ അര്‍ജുന്റെ രക്ഷാദൗത്യത്തിന് കരസേന ഇന്നു സ്ഥലത്തെത്തും. ദിവസങ്ങള്‍ നീണ്ട തിരച്ചിലിനു ശേഷവും ഫലം കാണാത്തതിനാല്‍ കര്‍ണാടക സര്‍ക്കാര്‍ ഒടുവില്‍ സൈന്യത്തെ വിളിച്ചിരിക്കുകയാണ്. കെ. സി വേണുഗോപാല്‍, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറുമായി സംസാരിച്ചതനുസരിച്ച് കളക്ടറുടെ റിപ്പോര്‍ട്ട് സൈന്യത്തിന് കൈമാറി. അര്‍ജുന്റെ കുടുംബം ആവശ്യപ്പെട്ടത് അനുസരിച്ചാണ് നടപടി.
◾ കര്‍ണാടക മണ്ണിടിച്ചിലില്‍ കുടുങ്ങിയ അര്‍ജുന്റെ രക്ഷാ പ്രവര്‍ത്തനത്തിനിടെ ലോറി ഉടമയും പൊലീസും തമ്മില്‍ വാക്കേറ്റം. രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാണെന്ന് ചൂണ്ടിക്കാട്ടിയ ലോറി ഉടമ മനാഫിനെ പൊലീസ് ഉദ്യോഗസ്ഥര്‍ തളളിമാറ്റി . ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വരികയാണെന്ന് മനാഫ് പറഞ്ഞു.
◾ കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ കുടുങ്ങിയ മലയാളി ഡ്രൈവര്‍ അര്‍ജുന്റെ രക്ഷാപ്രവര്‍ത്തനത്തിലേക്ക് സംസ്ഥാന മന്ത്രിമാര്‍ എത്താതിരുന്നത് സര്‍ക്കാരിന്റെ കുറ്റകരമായ അനാസ്ഥയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഒരു മലയാളിക്ക് ഇത്രയും വലിയ ദുരവസ്ഥ വന്നിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടക സര്‍ക്കാരിന്റെ അനാസ്ഥയ്ക്കെതിരെ ബിജെപി ശക്തമായ പ്രതിഷേധം നടത്തുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
◾ കര്‍ണാടക മണ്ണിടിച്ചിലില്‍ കുടുങ്ങിയ അര്‍ജുന്റെ രക്ഷാ പ്രവര്‍ത്തനത്തിന്റെ പേരില്‍ കേരള സര്‍ക്കാരിനെ തീര്‍ത്തും കുറ്റം പറയാന്‍ കഴിയില്ലെന്നും കാരണം അത് നമ്മുടെ പരിധിയിലല്ലെന്നും കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിന് ദുരന്തനിവാരണസേനയെ എന്തുകൊണ്ട് ഉപയോഗിച്ചില്ലെന്ന് മനസ്സിലാകുന്നില്ലെന്നും സുരേഷ്‌ഗോപി പറഞ്ഞു.
◾ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ കേരള - കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് മുന്നറിയിപ്പ് നല്‍കി കാലാവസ്ഥ വകുപ്പ്. ഇന്ന് കേരള - ലക്ഷദ്വീപ് തീരങ്ങളിലും കര്‍ണ്ണാടക തീരത്തും മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഉയര്‍ന്ന തിരമാലകള്‍ക്കും, കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചിട്ടുണ്ട്.
◾ വിന്‍ഡോസിനെ ബാധിച്ച ആന്റിവൈറസ് തകരാര്‍ പൂര്‍ണമായും പരിഹരിക്കാന്‍ സമയം എടുക്കുമെന്ന് വിലയിരുത്തല്‍. ക്രൗഡ്‌സ്ട്രൈക്ക് കമ്പനിയുടെ സുരക്ഷാ അപ്ഡേറ്റിലെ പിഴവാണ് ഇത്ര വലിയ പ്രതിസന്ധിക്ക് കാരണമായത് . പ്രശ്നം പരിഹരിച്ചെങ്കിലും മുഴുവന്‍ സിസ്റ്റങ്ങളുടെയും റീബൂട്ടിന് സമയമെടുക്കുമെന്ന് ക്രൗഡ്‌സ്ട്രൈക്ക് അധികൃതര്‍ വ്യക്തമാക്കി.ലോകമാകെ സര്‍ക്കാര്‍ ഓഫീസുകള്‍ ഉള്‍പ്പെടെയുള്ള ഓഫീസുകള്‍ നിശ്ചലമായെങ്കിലും പ്രശ്നം കേരളത്തിലെ പൊതുമേഖലയെ ബാധിച്ചില്ലെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.
◾ പ്രതിപക്ഷത്തെ തെറി വിളിക്കുന്നതല്ല പാര്‍ട്ടി സ്നേഹമെന്ന് സിപിഎം നേതാവ് ജി. സുധാകരന്‍. പ്രതിപക്ഷത്തോടുള്ള ബഹുമാനമാണ് പ്രധാനം. ഉമ്മന്‍ ചാണ്ടി എതോ സ്ത്രീയുടെ പേരില്‍ ഒത്തിരി പഴികേട്ടു. താന്‍ ഒരു വാക്കും ഉമ്മന്‍ ചാണ്ടിക്കെതിരെ പറഞ്ഞിട്ടില്ല. ചുമ്മാ ചീത്ത പറയുന്നതാണോ പാര്‍ട്ടി സ്നേഹമെന്നും അങ്ങനെ ചീത്ത പറയുന്നിടത്ത് പുല്ലുപോലും മുളയ്ക്കില്ലെന്നും അവിടം നശിക്കുമെന്നും ജി. സുധാകരന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്‍ ചികിത്സാസഹായ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
◾ ജി സുധാകരന്റെ രാമായണ തത്വചിന്തയെ സ്വാഗതം ചെയ്യുന്നതായി ബിജെപി. രാമായണത്തെക്കുറിച്ച് പത്രത്തില്‍ മികച്ച ലേഖനമെഴുതിയ ജി സുധാകരനെ പിന്തുണയ്ക്കുന്നതായി ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബി ഗോപാല കൃഷ്ണന്‍ പറഞ്ഞു. രാമായണത്തെ ഇകഴ്ത്തി മാധ്യമം പത്രത്തില്‍ വന്ന ലേഖനത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്ന ലേഖനമാണിതെന്നും ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.
◾ ലക്ഷക്കണക്കിന് ആളുകള്‍ക്ക് ചികിത്സാസഹായവും സൗജന്യ ചികിത്സാ പദ്ധതികളും ആവിഷ്‌കരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് സ്വന്തം ചികിത്സ നടത്താന്‍ പണമില്ലായിരുന്നെന്ന് ശശി തരൂര്‍. അദ്ദേഹത്തിന്റെ ചികിത്സാച്ചെലവ് ഏറ്റെടുക്കാന്‍ എ ഐ സി സി തയാറായെങ്കിലും അമേരിക്കയിലെ ഭീമമായ സാമ്പത്തിക ചെലവ് ഭയന്ന് ചികിത്സ വേണ്ടെന്നുവച്ച് അദ്ദേഹം മടങ്ങിപ്പോരുകയായിരുന്നു. കെ പി സി സിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഉമ്മന്‍ ചാണ്ടി അനുസ്മരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
◾ സോളാര്‍ ആരോപണം നേരിട്ടപ്പോള്‍ ഉമ്മന്‍ചാണ്ടിയെ ഇപ്പോള്‍ ദൈവത്തെപ്പോലെ കാണുന്നവരൊന്നും കൂടെ ഉണ്ടായിരുന്നില്ലെന്ന് ഭാര്യ മറിയാമ്മ ഉമ്മന്‍. സോളാര്‍ കേസിലെ ഗൂഢാലോചന സംബന്ധിച്ച് സിബിഐ അന്വേഷണം വേണമെന്നും മറിയാമ്മ ഉമ്മന്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷനേതാവും യുഡിഎഫ് കണ്‍വീനറും പങ്കെടുത്ത പരിപാടിയിലാണ് മറിയാമ്മ ഉമ്മന്റെ ആവശ്യം.
◾ മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട് മന്ത്രി എം ബി രാജേഷ് എഴുതിയ കത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സംസ്ഥാനത്ത് മാലിന്യ നീക്കവും സംസ്‌ക്കരണവും കുറ്റമറ്റതാണെന്നും അതുമായി ബന്ധപ്പെട്ട് ഒരു പ്രശ്‌നങ്ങളും ഇല്ലെന്നുമാണ് അങ്ങ് സ്ഥാപിക്കാന്‍ ശ്രമിച്ചത്. അവകാശവാദങ്ങളൊക്കെ തുറന്ന കത്തിലാക്കിയത് നന്നായിയെന്നും അത് വായിച്ചവരാരും, അങ്ങയുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും അതൊക്കെ സമ്മതിച്ചു തരുമെന്നും തോന്നുന്നില്ലെന്ന് സതീശന്‍ കത്തില്‍ പറഞ്ഞു.
◾ സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു വരുന്നത് ആശങ്കപ്പെടുത്തുന്ന കാര്യമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഏകദേശം 12,000-ത്തിലധികമാളുകളാണ് പ്രതിദിനം പനി ബാധിച്ച് ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നത്. ആരോഗ്യ വകുപ്പ് ആശങ്കപ്പെടേണ്ടതില്ല എന്ന വാക്കില്‍ ഉറച്ചുനില്‍ക്കുമ്പോഴാണ് വലിയ തോതില്‍ ഡെങ്കി പനിയും കോളറയും മഞ്ഞപ്പിത്തവും പടര്‍ന്നു പിടിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
◾ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി പത്തനംതിട്ട തുവയൂര്‍ അഭിജിത്ത് ബാലനെ കാപ്പാക്കേസില്‍ നാടുകടത്തി. പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ അഭിജിത്ത് പ്രവേശിക്കരുതെന്നാണ് ഡിഐജി നിശാന്തിനിയുടെ ഉത്തരവ്. പൊലീസ് റിപ്പോര്‍ട്ട് പ്രകാരം അഭിജിത്ത് ബാലന്‍ കൊലപാതക ശ്രമം, വാഹന അക്രമം, പൊലീസുകാരെ ഭീഷണിപ്പെടുത്തല്‍ തുടങ്ങി ഒട്ടേറെ കേസുകളിലെ പ്രതിയാണ്.
◾ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ ചികിത്സാപ്പിഴവിനെ തുടര്‍ന്ന് യുവതി അബോധാവസ്ഥയിലെന്ന് പരാതി. കിഡ്നി സ്റ്റോണ്‍ ചികിത്സയ്ക്കിടെ എടുത്ത കുത്തിവെപ്പിനെ തുടര്‍ന്ന് നെയ്യാറ്റിന്‍കര സ്വദേശിനി കൃഷ്ണ തങ്കപ്പനാണ് അബോധാവസ്ഥയിലായത്. സംഭവത്തില്‍ ആശുപത്രിയിലെ ഡോക്ടര്‍ ബിനുവിനെതിരെ പോലീസ് കേസെടുത്തു. യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി. യുവതി നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
◾ തൃശ്ശൂരിലെ വില്‍വട്ടം കുടുംബാരോഗ്യകേന്ദ്രത്തിന് തീയിട്ടു. മാസ്‌ക് ധരിച്ചെത്തിയാള്‍ ഓഫീസ് മുറിയിലേക്കും ഫാര്‍മസിയിലേക്കും പെട്രോള്‍ നിറച്ച കുപ്പി വലിച്ചെറിഞ്ഞശേഷം തീയിടുകയായിരുന്നു. ഒരു ജീവനക്കാരന് പരിക്കേറ്റു.
◾ മലപ്പുറത്ത് കാട്ടാന ചരിഞ്ഞ നിലയില്‍. വനാതിര്‍ത്തിയോട് ചേര്‍ന്ന് സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഷോക്കേറ്റാണ് ആന ചരിഞ്ഞതെന്നാണ് സൂചന. വനാതിര്‍ത്തിയോട് ചേര്‍ന്ന് ശിവദാസന്‍ എന്നയാളുടെ പറമ്പിലാണ് ആന കിടന്നിരുന്നത്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മരണ കാരണം വ്യക്തമാവുന്നതോടെ ഉത്തരവാദികള്‍ക്കെതിരെ കേസ് അടക്കമുള്ള നിയമ നപടപടികള്‍ എടുക്കുമെന്ന് വനം വകുപ്പുദ്യോഗസ്ഥര്‍ അറിയിച്ചു.
◾ പാലക്കാട് ചിറ്റൂര്‍ പുഴയില്‍ കുടുങ്ങിയ രണ്ടു കുട്ടികളേയും ഫയര്‍ഫോഴ്സെത്തി രക്ഷിച്ചു. കഴിഞ്ഞ ദിവസം അപകടമുണ്ടായ അതേ സ്ഥലത്താണ് കുട്ടികള്‍ കുടുങ്ങിയിരുന്നത്. പുഴയില്‍ ഏണിവെച്ചുകൊണ്ടാണ് കുട്ടികളെ രക്ഷിച്ചത്.
◾ ശക്തമായ തിരയില്‍പ്പെട്ട് മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞു. കടലിലേക്ക് വീണ രണ്ട് മത്സ്യ തൊഴിലാളികള്‍ നീന്തി രക്ഷപ്പെട്ടു. പത്രോസ്, ഇര്‍ഷാദ് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ഇവരെ ചിറയന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യം തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
◾ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പില്‍ തോറ്റിട്ടും അത് അംഗീകരിക്കാന്‍ രാഹുല്‍ ഗാന്ധി തയാറല്ലെന്നും മൂന്നാം തവണ തോറ്റിട്ടും രാഹുല്‍ അഹങ്കരിക്കുകയാണെന്നും അമിത് ഷാ തുറന്നടിച്ചു. റാഞ്ചിയില്‍ ബിജെപി സംസ്ഥാന പ്രവര്‍ത്തക സമിതിയോഗത്തിലാണ് ഷായുടെ പരാമര്‍ശം. ജാര്‍ഖണ്ഡിലെ ജെഎംഎം സര്‍ക്കാറാണ് ഏറ്റവും അഴിമതിയുള്ള സര്‍ക്കാരെന്നും ഇത്തവണ സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തുമെന്നും അമിത് ഷാ പറഞ്ഞു.
◾ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ രണ്ടാം ടെര്‍മിനലിലില്‍ തീപിടുത്തം. എയര്‍പോര്‍ട്ടിലെ അഗ്നിശമന സേനാ വിഭാഗം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ചെക്ക് ഇന്‍ നടപടികള്‍ 40 മിനിറ്റ് തടസപ്പെട്ടു. നിലവില്‍ വിമാനത്താവളത്തിന്റ പ്രവര്‍ത്തനത്തിന് തടസങ്ങളില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
◾ ബംഗ്ലാദേശ് വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ നിയമം ലംഘിക്കുന്നവരെ കണ്ടാലുടന്‍ വെടിവെക്കാന്‍ നിര്‍ദേശം. സര്‍ക്കാര്‍മേഖലയിലെ തൊഴില്‍ സംവരണത്തിനെതിരേ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തില്‍ 123 പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ബംഗ്ലാദേശില്‍ സര്‍ക്കാര്‍ നിശാനിയമം പ്രഖ്യാപിച്ചത്.
◾ ഇന്ത്യയുടെ സീനിയര്‍ പുരുഷ ഫുട്‌ബോള്‍ ടീമിന്റെ മുഖ്യ പരിശീലകനായി സ്പാനിഷ് മുന്‍ താരമായ മാനോളോ മാര്‍ക്കേസിനെ തിരഞ്ഞെടുത്തു. നിലവില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബായ എഫ്.സി. ഗോവയുടെ മുഖ്യ പരിശീലക ചുമതല വഹിക്കുന്നുണ്ട് അദ്ദേഹം. 2024-25 സീസണിലും ഗോവയുടെ പരിശീലക സ്ഥാനത്ത് തുടരും. ഡല്‍ഹിയില്‍ ചേര്‍ന്ന അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തിലാണ് പുതിയ പരിശീലകനെ പ്രഖ്യാപിച്ചത്.
◾ അടുത്ത വര്‍ഷം പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഹൈബ്രിഡ് മാതൃക പിന്തുടരില്ലെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്. ചാമ്പ്യന്‍സ് ട്രോഫിക്കായി ഇന്ത്യയെ പാകിസ്ഥാനിലേക്ക് കൊണ്ടുവരേണ്ടത് ഐ.സി.സി.യുടെ ചുമതലയാണെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്വി ഐ.സി.സി യെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
◾ ജൂലായ് 26ന് ആരംഭിക്കുന്ന പാരീസ് ഒളിംപിക്‌സില്‍ മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ചൈനയുടെ യങ് ഹഹാവോ. ചൈനയുടെ സ്‌കേറ്റ്‌ബോര്‍ഡിങ് ടീമിലാണ് 11 വയസ് മാത്രമുള്ള യങ് ഹഹാവോ മത്സരിക്കുന്നത്. അതേസമയം ഒളിംപിക്‌സിലെ എക്കാലത്തെയും പ്രായം കുറഞ്ഞ മത്സരാര്‍ഥി ദിമിത്രിയോ ലോന്‍ഡ്രാസ് ആണ്. 1896-ല്‍ ഒളിംപിക്‌സില്‍ പങ്കെടുക്കുമ്പോള്‍ 10 വയസ്സും 218 ദിവസവുമായിരുന്നു പ്രായം.
◾ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ സംയോജിത ലാഭം 2024-25 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ നാല് ശതമാനം ഇടിഞ്ഞ് 17,448 കോടി രൂപയായി. തൊട്ടു മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തിലിത് 18,182 കോടി രൂപയായിരുന്നു. കമ്പനിയുടെ പ്രധാന ബിസിനസായ ഓയില്‍ ടു കെമിക്കല്‍സ് വിഭാഗത്തിലുണ്ടായ ദുര്‍ബലമായ വളര്‍ച്ചയാണ് ലാഭത്തെ ബാധിച്ചത്. ഇക്കാലയളവില്‍ വരുമാനം 11.5 ശതമാനം ഉയര്‍ന്ന് 2.57 ലക്ഷം കോടി രൂപയായി. ഇക്കാലയളവില്‍ നികുതിക്കും പലിശയ്ക്കും മുന്‍പുള്ള ലാഭം 2.0 ശതമാനം വര്‍ധിച്ച് 42,748 കോടി രൂപയായി. റിലയന്‍സ് ഒ2സി സെഗ്മെന്റിലെ വരുമാനം 18.1 ശതമാനം വര്‍ധിച്ച് 157.133 കോടിയായി. ബ്രെന്റ് ക്രൂഡോയില്‍ വില ഒമ്പത് ശതമാനം വര്‍ധിച്ചതും ഉയര്‍ന്ന ഡിമാന്‍ഡ് മൂലം ഉയര്‍ന്ന വില്‍പ്പന നടന്നതുമാണ് വരുമാനം ഉയര്‍ത്തിയത്. ഓയില്‍ ആന്‍ഡ് ഗ്യാസ് സെഗ്മെന്റില്‍ നികുതിക്കും മറ്റും മുന്‍പുള്ള ലാഭം 29.8 ശതമാനം വര്‍ധിച്ച് 5,210 കോടി രൂപയുമായി. റിലയന്‍സ് റീറ്റെയ്‌ലിലെ ലാഭം ഇക്കാലയളവില്‍ 4.6 ശതമാനം വര്‍ധിച്ച് 2,549 കോടി രൂപയായി. റീറ്റെയില്‍ ഷോപ്പുകള്‍ സന്ദര്‍ശിച്ചവരുടെ എണ്ണം ജൂണ്‍ പാദത്തില്‍ 2.96 കോടിയായി. മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാന കാലയളവിനേക്കാള്‍ 19 ശതമാനം ഉയര്‍ന്നു. കമ്പനിയുടെ രജിസ്റ്റേര്‍ഡ് റീറ്റെയ്ല്‍ കസ്റ്റമര്‍ ബേസ് 3.16 കോടിയായി. ഡിജിറ്റല്‍ സര്‍വീസസ് സെഗ്മെന്റിന്റെ ലാഭം ജൂണ്‍ പാദത്തില്‍ 11.7 ശതമാനം ഉയര്‍ന്ന് 5,698 കോടിയായി. റിലയന്‍സിനു കീഴിലുള്ള ജിയോ പ്ലാറ്റ്‌ഫോമുകളുടെ ലാഭം 5,698 കോടി രൂപയെന്ന റെക്കോഡിലാണ്. മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ സമാനപാദത്തിലെ 5,101 കോടി രൂപയില്‍ നിന്ന് 11.7 ശതമാനം വര്‍ധിച്ചു. പ്രവര്‍ത്തന വരുമാനം 26,115 കോടി രൂപയില്‍ നിന്ന് 29,449 കോടി രൂപയുമായി. 12.8 ശതമാനമാണ് വര്‍ധന. 2024 ജൂണ്‍ 30ന് അവസാനിച്ച പാദത്തിലെ റിലയന്‍സിന്റെ മൂലധന ചെലവ് 28,785 കോടിയാണ്. റിലയന്‍സിന്റെ സംയോജിത മൊത്ത കടം മാര്‍ച്ച് പാദത്തിലെ 3.24 ലക്ഷം കോടിയില്‍ നിന്ന് 3.04 ലക്ഷം കോടിയായും അറ്റ കടം 1.16 ലക്ഷം കോടി രൂപയില്‍ നിന്ന് 1.12 ലക്ഷം കോടി രൂപയായും കുറഞ്ഞു.
◾ വിപിന്‍ ദാസിന്റെ തിരക്കഥയില്‍ ആനന്ദ് മേനോന്‍ സംവിധാനം ചെയ്യുന്ന 'വാഴ-ബയോപിക് ഓഫ് എ ബില്ല്യണ്‍ ബോയ്സ്' സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. സ്‌കൂള്‍ പ്രണയം പറയുന്ന അതിമനോഹരം എന്ന ഗാനമാണ് പുറത്തുവന്നത്. രജത് പ്രകാശാണ് ചിത്രം രചനയും സംഗീത സംവിധാനവും നിര്‍വഹിച്ചത്. രജത് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയ താരങ്ങളായ സിജു സണ്ണി, സാഫ് ബോയ്, ജോമോന്‍ ജ്യോതിര്‍, ഹാഷിര്‍, അലന്‍, വിനായക്, അജിന്‍ ജോയ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. നീരജ് മാധവ് ചിത്രം 'ഗൗതമന്റെ രഥം'ത്തിന് ശേഷം ആനന്ദ് മേനോന്‍ സംവിധാനം ചെയ്ത സിനിമയാണ് 'വാഴ-ബയോപിക് ഓഫ് എ ബില്ല്യണ്‍ ബോയ്സ്'. 'ജയ ജയ ജയ ജയഹേ', 'ഗുരുവായൂര്‍ അമ്പലനടയില്‍' എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളുടെ സംവിധായകനായ വിപിന്‍ ദാസാണ് തിരക്കഥ. നോബി മാര്‍ക്കോസ്, കോട്ടയം നസീര്‍, അസിസ് നെടുമങ്ങാട് എന്നിവരാണ് മറ്റ് താരങ്ങള്‍.
◾ മണികണ്ഠന്‍ ആചാരി, നന്ദു ആനന്ദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് പി സി പാലം രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് 'ഴ'. തീവ്രമായൊരു സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഇത്. സ്വന്തം ജീവനേക്കാള്‍ തന്റെ സുഹത്തിനെ സ്നേഹിക്കുന്ന രണ്ട് യുവാക്കളുടെ തീക്ഷ്ണവും തീവ്രവുമായ സൗഹൃദവഴിയിലൂടെയാണ് 'ഴ'യുടെ കഥ വികസിക്കുന്നത്. ചിത്രത്തിലെ ഒരു ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. ആരും കാണാതെ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സുധിയാണ്. സംഗീതം രാജേഷ് ബാബു കെ ശൂരനാട്. വിനിത ആലപിച്ചിരിക്കുന്നു. തമാശയും സസ്പെന്‍സും ത്രില്ലും ഇഴപിരിയാതെ പോകുന്ന ഈ സിനിമ കുടുംബ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. നൈറ നീഹാര്‍, സന്തോഷ് കീഴാറ്റൂര്‍, ലക്ഷമിപ്രിയ, രാജേഷ് ശര്‍മ്മ, ഷൈനി സാറ, വിജയന്‍ കാരന്തൂര്‍, അജിത വി എം, അനുപമ വി പി തുടങ്ങിയവരും അഭിനയിക്കുന്നു.
◾ സിട്രോണിന്റെ ചെറു എസ്യുവി കൂപ്പെ ബസാള്‍ട്ട് ഓഗസ്റ്റ് ആദ്യം വിപണിയിലെത്തും. ടാറ്റ കര്‍വുമായി മത്സരിക്കുന്ന വാഹനം ഓഗ്സറ്റ് 2ന് വിപണിയില്‍ എത്തിക്കാനാണ് സിട്രോണ്‍ ശ്രമിക്കുന്നത്. പുറത്തിറക്കിലിന്റെ മുന്നോടിയായി ബസാള്‍ട്ടിന്റെ നിര്‍മാണം തമിഴ്നാട്ടിലെ തിരുവള്ളൂര്‍ പ്ലാന്റില്‍ ആരംഭിച്ചിരുന്നു. സി3, ഇസി3, സി3 എയര്‍ക്രോസ് എസ്യുവി എന്നിവക്കു ശേഷം സി ക്യൂബ്ഡ് പ്രോഗ്രാമിന്റെ ഭാഗമായി സിട്രോണ്‍ പുറത്തിറക്കുന്ന നാലാമതു വാഹനമാണ് ബസാള്‍ട്ട്. ഇന്ത്യയില്‍ നിര്‍മിക്കുന്ന ബസാള്‍ട്ട് എസ് യു വി തെക്കേ അമേരിക്കന്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുമെന്നും സിട്രോണ്‍ അറിയിച്ചിട്ടുണ്ട്. സിട്രോണിന്റെ സി എം പി പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയാണ് ബസാള്‍ട്ട് ഒരുങ്ങുക. സിട്രോണിന്റെ സി3 എയര്‍ക്രോസിന് മുകളിലായിട്ടാണ് ബസാള്‍ട്ടിന്റെ സ്ഥാനമുണ്ടാവുക. 110 എച്ച്പി, 1.2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനായിരിക്കും ബസാള്‍ട്ടിന്റെ കരുത്ത്. മാനുവല്‍/ ഓട്ടോമാറ്റിക് വകഭേദങ്ങളും ഉണ്ടാവും. ബസാള്‍ട്ട് പുറത്തിറങ്ങി ആറു മാസത്തിനു ശേഷം വൈദ്യുത മോഡലും എത്തുമെന്ന് കരുതപ്പെടുന്നു.
◾ സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രതാനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്സോ വൈറിഡേ ഫാമിലിയിലെ അംഗമാണ്. ഇതൊരു ആര്‍.എന്‍.എ. വൈറസ് ആണ്. മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന വൈറസാണ് നിപ. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖ ബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാനും സാധ്യതയുണ്ട്. അതുപോലെ തന്നെ ആശുപത്രി ജീവനക്കാരും വളരെയധികം ശ്രദ്ധിക്കണം. വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്ന കാലയളവ് (ഇന്‍ക്യുബേഷന്‍ പിരീഡ്) 4 മുതല്‍ 14 ദിവസം വരെയാണ്. ഇത് ചിലപ്പോള്‍ 21 ദിവസം വരെയാകാം. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങള്‍ വ്യക്തമാകാന്‍ ഇത്രയും ദിവസങ്ങള്‍ വേണം. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങള്‍ ആരംഭിച്ച് ഒന്നു രണ്ടു ദിവസങ്ങള്‍ക്കകം തന്നെ കോമ അവസ്ഥയിലെത്താനും സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്. വൈറസ് ശ്വാസ കോശത്തേയും ബാധിക്കാന്‍ സാധ്യതയുണ്ട്. തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ സെറിബ്രോ സ്പൈനല്‍ ഫ്ളൂയിഡ് എന്നിവയില്‍ നിന്നുമെടുക്കുന്ന സാമ്പിളുകളുടെ ആര്‍.ടി.പി.സി.ആര്‍. പരിശോധന വഴിയാണ് രോഗം സ്ഥിരീകരിക്കുന്നത്. അസുഖം വന്നതിനു ശേഷമുള്ള ചികിത്സ മിക്കവരിലും അതിസങ്കീര്‍ണമാണ്. അതുകൊണ്ടുതന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നും രോഗം പകരാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍ വവ്വാലിന്റെ ആവാസ കേന്ദ്രങ്ങളില്‍ കഴിവതും പോകരുത്. വവ്വാല്‍ കടിച്ച പഴങ്ങളോ മറ്റോ സ്പര്‍ശിക്കാനോ കഴിക്കാനോ പാടില്ല. രോഗം പകരാതിരിക്കാന്‍ കൃത്യമായി മാസ്‌ക് ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക, ഇടയ്ക്കിടയ്ക്ക് കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്‍ഡ് സമയം നന്നായി കഴുകുക. ഇത് ലഭ്യമല്ലെങ്കില്‍ ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കണം. രോഗിയുമായി ഒരു മീറ്റര്‍ എങ്കിലും ദൂരം പാലിക്കുകയും രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക. രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.
➖➖➖➖➖➖➖➖
0 Comments