പ്രഭാത വാർത്തകൾ
2024 | ജൂലൈ 30 | ചൊവ്വ|
1199 | കർക്കടകം 15 | കാർത്തിക
1446 | മുഹർറം | 23.
◾വയനാട്ടിൽ ഉരുൾപൊട്ടലിൽ എട്ടു മരണം. രണ്ടുതവണ ഉരുൾപൊട്ടൽ ഉണ്ടായി. മരിച്ചവരിൽ ഒരു വയസ്സുള്ള കുട്ടിയും.നിരവധി പേർക്ക് പരിക്ക്.ഫയർഫോഴ്സും എൻഡിആർഎഫ് സംഘവും സ്ഥലത്ത് എത്തി .മൂന്നു മന്ത്രിമാർ വയനാട്ടിലേക്ക് പുറപ്പെട്ടു. പ്രദേശത്ത് രക്ഷാപ്രവർത്തനം ദുഷ്കരം.താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പ്രദേശത്ത് നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടു.രക്ഷാപ്രവർത്തനത്തിന് സൈന്യമെത്തും.രണ്ട് ഹെലികോപ്റ്ററുകൾ ഉടൻ എത്തും.ആളുകളെ എയർ ലിഫ്റ്റ് ചെയ്യും
◾കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ ഏഴു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അതതു ജില്ലകളിലെ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. കോഴിക്കോട് ജില്ലയില്‍ കോളജുകള്‍ക്ക് അവധി ബാധകമല്ല. ഇതുകൂടാതെ കണ്ണൂര്‍ ജില്ലയിലെ തലശേരി, ഇരിട്ടി, തളിപ്പറമ്പ താലൂക്ക് പരിധിയിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അവധിയാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.
◾ വയനാട് മുണ്ടക്കൈ ചൂരല്‍മലയില്‍ ഉരുള്‍പൊട്ടല്‍. പുലര്‍ച്ചെ രണ്ട് മണിയോടെ ആയിരുന്നു ഉരുള്‍പൊട്ടിയത്. പിന്നീട് 4.10 ഓടെ വീണ്ടും ഉരുള്‍പൊട്ടിയതായാണ് റിപ്പോര്‍ട്ട്. നിരവധിപേര്‍ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ചൂരല്‍മലയില്‍ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള റോഡ് ഒലിച്ച് പോയതായി സൂചന. അഗ്‌നിരക്ഷാ സേന, എന്‍.ഡി.ആര്‍.എഫ്. അടക്കമുള്ളവര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. റോഡില്‍ മരവും മണ്ണും വന്നടിഞ്ഞതിനാല്‍ സംഭവസ്ഥലത്തേക്ക് എത്തിച്ചേരല്‍ ദുഷ്‌കരമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
◾ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂന മര്‍ദ്ദ പാത്തി സജീവമായി സ്ഥിതിചെയ്യുന്നുണ്ട്. തെക്കു കിഴക്കന്‍ മധ്യ പ്രദേശിന് മുകളില്‍ ചക്രവാതച്ചഴിയും നിലനില്‍ക്കുന്നുണ്ട്. കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായി ഇടി മിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.
◾ സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്നു. കോഴിക്കോട് ജില്ലയില്‍ പുഴകളില്‍ മലവെള്ളപ്പാച്ചിലുണ്ടായതിനെത്തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. വയനാട്ടിലും കണ്ണൂരിലും മണ്ണിടിച്ചിലുണ്ടായി. വയനാട്ടില്‍ ഏഴു കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.കുറ്റ്യാടി മരുതോങ്കരയില്‍ ശക്തമായ കാറ്റില്‍ വൈദ്യുത ലൈനില്‍ തെങ്ങ് വീണ് തീപിടിച്ചു. റോഡില്‍ വാഹനങ്ങളിലാതിരുന്നതിനാല്‍ വലിയ അപകടമൊഴിവായി.
◾ കെപിസിസി ഭാരവാഹി യോഗത്തിലെ വാര്‍ത്ത ചോര്‍ന്ന സംഭവത്തിന് പിന്നില്‍ ചില മാധ്യമപ്രവര്‍ത്തകരും മാധ്യമസ്ഥാപനങ്ങളുമാണെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ.സുധാകരന്‍. ഇവര്‍ എകെജി സെന്ററില്‍ നിന്ന് എറിഞ്ഞ് കൊടുക്കുന്ന വറ്റുകള്‍ കീശയിലാക്കിയവരാണെന്നും പിണറായി വിജയന്റെ സ്വര്‍ണ്ണക്കടത്തില്‍ വിഹിതം പറ്റിയവരാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. പാര്‍ട്ടി പ്രവര്‍ത്തകരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം ഇനി ഇവിടെ ചിലവാകില്ലെന്നും എനിക്കോ എന്നോടോ യാതൊരു തര്‍ക്കങ്ങളും പാര്‍ട്ടിയിലെ ഒരു നേതാവിനുമില്ലെന്നും എന്നാല്‍ സിപിഎമ്മിനെ പോലെ വാര്‍ത്തയുടെ പേരില്‍ ചാനല്‍ ബഹിഷ്‌കരിക്കാന്‍ കോണ്‍ഗ്രസ് ഇല്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
◾ അമീബിക് മസ്തിഷ്‌കജ്വരത്തിനുള്ള ജീവന്‍രക്ഷാ മരുന്നായ മില്‍റ്റിഫോസിന്‍ ജര്‍മ്മനിയില്‍ നിന്ന് എത്തിച്ചു. കേരളത്തില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിക്കുന്നവരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിലാണ് മരുന്ന് എത്തിക്കാനുള്ള ശ്രമം തുടങ്ങിയത്. 56 മരുന്നുകളുള്ള ഒരു ബോക്സിന് 3,19,000 രൂപയാണ് വില. രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ കൂടുതല്‍ മരുന്നുകള്‍ വരും ദിവസങ്ങളില്‍ എത്തിക്കുന്നതിനുള്ള നടപടികളും ശക്തമാക്കി.
◾ കോഴിക്കോട് ഒരു കുട്ടിക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം . കോഴിക്കോട് സ്വദേശിയായ നാലുവയസുകാരന്റെ പരിശോധനാ ഫലമാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചുകൊണ്ട് പോണ്ടിച്ചേരി വൈറോളജി ലാബില്‍ നിന്നും വന്നത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുള്ള കുട്ടിയുടെ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. നാലു ദിവസം മുമ്പ് തന്നെ കുട്ടിയെ മുറിയിലേക്ക് മാറ്റിയിരുന്നു.
◾ മാലിന്യ മുക്തം നവകേരളം ക്യാമ്പയിന് ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലാ കളക്ടര്‍മാരുടെ ഓണ്‍ലൈന്‍ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. വാര്‍ഡ് തലം മുതല്‍ ജില്ലാ തലം വരെയുള്ള തദ്ദേശ സമിതികള്‍ കൃത്യസമയത്ത് രൂപീകരിക്കണം. നിര്‍ദ്ദേശിച്ച പ്രവര്‍ത്തനങ്ങള്‍ അതാത് സമയം നടക്കുന്നുവെന്ന് ഉറപ്പാക്കണം എന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു .
◾ വടകരയിലെ വ്യാജ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദവുമായി ബന്ധപ്പെട്ട കേസില്‍, ഹൈക്കോടതി കേസ് ഡയറി ഹാജരാക്കാന്‍ നിര്‍ദേശം നല്‍കി . വടകര പൊലീസ് ഇന്‍സ്പെക്ടര്‍ക്ക് ഓഗസ്റ്റ് 12ന് മുന്‍പ് കേസ് ഡയറി ഹാജരാക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഈ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ച അമ്പാടി മുക്ക് സഖാക്കള്‍, പോരാളി ഷാജി തുടങ്ങിയ സമൂഹ മാധ്യമ ഗ്രൂപ്പുകളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണെന്നും പൊലീസ് കോടതിയെ അറിയിച്ചിരുന്നു.
◾ സംസ്ഥാനത്തെ 49 തദ്ദേശവാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഇന്ന് . വയനാട് ഒഴികെയുള്ള 13 ജില്ലകളിലെ ഒരു ജില്ലാ പഞ്ചായത്ത്, നാല് ബ്ലോക്ക് പഞ്ചായത്ത്, ആറ് മുനിസിപ്പാലിറ്റി, 38 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ് വോട്ട് ചെയ്യാനുള്ള അവസരം. ഇപ്രാവശ്യം വോട്ടു ചെയ്യുന്നവരുടെ ഇടതു കൈയ്യിലെ ചൂണ്ടുവിരലിന് പകരം നടുവിരലിലാണ് മായാത്ത മഷി പുരട്ടുക.
◾ കൊല്ലം ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതി അനുപമ പത്മന് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി . പഠനാവശ്യത്തിനായി ജാമ്യം അനുവദിക്കണമെന്നായിരുന്നു അനുപമയുടെ വാദം. ഇതേ ആവശ്യമുന്നയിച്ച് അനുപമ കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഒരു കുടുംബം മുഴുവന്‍ കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കുറ്റകൃത്യമായിരുന്നു ഓയൂരിലെ തട്ടിക്കൊണ്ടുപോകല്‍.
◾ തലയോലപ്പറമ്പിലുണ്ടായ ബസ് അപകടം അമിതവേഗതയെ തുടര്‍ന്നുണ്ടായതാണെന്ന് ആര്‍.ടി.ഒ സ്ഥിരീകരിച്ചു . ഇത് സംബന്ധിച്ച് ഗതാഗത വകുപ്പ് മന്ത്രിക്ക് ആര്‍.ടി.ഒ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ബസ്സിന്റെ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികളും എടുത്തേക്കും. കോട്ടയം - എറണാകുളം റൂട്ടിലോടുന്ന സ്വകാര്യ ബസ്സുകളെ പരിശോധിക്കാനും മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചു. എറണാകുളത്ത് നിന്നും പാലായിലേക്ക് പോയ ആവേ മരിയ എന്ന സ്വകാര്യ ബസ്സാണ് അമിതവേഗതയില്‍ നിയന്ത്രണം വിട്ട് തല കീഴായി മറിഞ്ഞ് അപകടത്തില്‍പ്പെട്ടത്.
◾ കൊച്ചിയില്‍ സിനിമ ഷൂട്ടിംഗിനിടെ ഉണ്ടായ അപകടത്തില്‍ മനുഷ്യവകാശ കമ്മിഷന്‍ കേസ് എടുത്തു. അപകടത്തെ കുറിച്ച് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശം നല്‍കി.
◾ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ഒമ്പത് സീറ്റുകളില്‍ വിജയിച്ചു. ബിജെപി രണ്ടും കോണ്‍ഗ്രസ് ഒരു സീറ്റും നേടി. സ്വകാര്യ കോളേജ് അധ്യാപക സീറ്റുകളും ഗവ.കോളേജ് അധ്യാപക സീറ്റിലുമാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ ജയിച്ചത്. വോട്ടെണ്ണലിന്റെ പേരില്‍ സര്‍വകലാശാലയില്‍ ഇടത് അംഗങ്ങളും വിസിയും തമ്മില്‍ തര്‍ക്കം ഉടലെടുത്തിരുന്നു. ഹൈക്കോടതിയുടെ അനുമതിയോടെയാണ് പിന്നീട് വോട്ട് എണ്ണാന്‍ തീരുമാനിച്ചത്.
◾ ഗര്‍ഭിണിയായ കുതിരയെ ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കൊട്ടിയം പറക്കുളം സ്വദേശി അല്‍അമീന്‍ ആണ് അറസ്റ്റിലായത്. 3 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അല്‍അമീന്‍. സംഭവത്തിലെ മറ്റ് പ്രതികള്‍ ഒളിവിലാണെന്നും, പ്രതികള്‍ക്കായി അന്വേഷണം തുടരുന്നതായും ഇരവിപുരം പൊലീസ് അറിയിച്ചു.
◾ തമിഴ്നാട് കൃഷ്ണഗിരിയില്‍ മലയാളി കുത്തേറ്റ് മരിച്ചു. എറണാകുളം നെടുമ്പാശ്ശേരി സ്വദേശി എം ടി ഏലിയാസ് ആണ് മരിച്ചത്. ചെന്നൈ - ബംഗളുരു ഹൈവെയില്‍ മഹാരാജാകാട് എന്ന സ്ഥലത്ത് ഇന്നലെ പുലര്‍ച്ചെ 2 മണിക്കാണ് സംഭവം. ഹൈവേയില്‍ നടന്ന കൊള്ളയുടെ ഭാഗമായിരിക്കാം കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
◾ ഡല്‍ഹി ആര്‍ എം എല്‍ ആശുപ്രതിയില്‍ നിന്നു പിരിച്ചുവിട്ട നഴ്സുമാരെ തിരികെ നിയമിക്കാന്‍ ഉത്തരവ്. എട്ട് മലയാളികള്‍ ഉള്‍പ്പെടെ 42 നഴ്സുമാരെ തിരികെ നിയമിക്കണമെന്നാണ് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. സ്ഥിര നിയമനം നല്‍കണമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ആര്‍എംഎല്ലില്‍ ഒഴിവില്ലെങ്കില്‍ സഫ്ദര്‍ജംഗ്, ലേഡി ഹാര്‍ഡിംഗ് ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ നിയമിക്കണമെന്നും കോടതി ഉത്തരവിട്ടു.
◾ പ്രധാനമന്ത്രിയെ മറ്റ് മന്ത്രിമാര്‍ക്ക് ഭയമെന്ന് രാഹുല്‍ ഗാന്ധി. ലോക്സഭയിലെ ബജറ്റ് ചര്‍ച്ചയില്‍ സംസാരിക്കവേ ആയിരുന്നു രാഹുല്‍ഗാന്ധിയുടെ പരാമര്‍ശം. ഈ ഭയം വകുപ്പുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്നും രാജ്യത്തിന്റേത് ചക്രവ്യൂഹത്തില്‍ പെട്ട അഭിമന്യുവിന്റെ അവസ്ഥയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചക്രവ്യൂഹത്തിന്റെ മധ്യഭാഗം നിയന്ത്രിക്കുന്നത് 6 പേരാണെന്നും മോദി, അമിത് ഷാ, മോഹന്‍ ഭാഗവത്, അജിത് ഡോവല്‍, അദാനി, അംബാനി എന്നിവരാണെന്നും രാഹുല്‍ ഗാന്ധി ബജറ്റ് ചര്‍ച്ചയില്‍ വിമര്‍ശിച്ചിരുന്നു.
◾ ഡല്‍ഹിയിലെ യു.പി.എസ്.സി കോച്ചിംഗ് സെന്ററിലുണ്ടായ ദുരന്തത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാവശ്യപ്പെട്ടുള്ള വിദ്യാര്‍ത്ഥികളുടെ സമരം തുടരുന്നു. മേഖലയില്‍ മഴക്കാല മുന്നൊരുക്കം പൂര്‍ത്തിയാക്കേണ്ട ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. ഉദ്യോഗസ്ഥര്‍ക്കെതിരെ ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല.
◾ ഡല്‍ഹിയിലെ സിവില്‍ സര്‍വീസ് കോച്ചിംഗ് സെന്ററിലെ ബേസ്മെന്റിലെ വെള്ളക്കെട്ടില്‍ കുടുങ്ങി മലയാളി അടക്കം മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവം അന്വേഷിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉന്നതതല സമിതിയെ നിയോഗിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി കോച്ചിംഗ് സെന്ററുകള്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങളടക്കം തയാറാക്കും. ഡല്‍ഹി സര്‍ക്കാറിന്റെയും നഗര വികസന മന്ത്രാലയത്തിന്റെയും പൊലീസിന്റെയും പ്രതിനിധികള്‍ സമതിയിലുണ്ടാകും. സമിതി 30 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
◾ മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് വനമേഖലയില്‍ വിദേശ വനിതയെ മരത്തില്‍ ചങ്ങല കൊണ്ട് കെട്ടിയിട്ട നിലയില്‍ കണ്ടെത്തി. മാനസിക പ്രശ്നങ്ങള്‍ കാണിക്കുന്ന ഇവരെ വിദഗ്ധ ചികില്‍സക്കായി ഗോവ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തമിഴ്നാട് സ്വദേശിയായ ഭര്‍ത്താവിനെയും ബന്ധുക്കളെയും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി.
◾ സമാജ്വാദി പാര്‍ട്ടി എം.പി അഫ്‌സല്‍ അന്‍സാരിക്ക് കൊലക്കേസില്‍ തടവുശിക്ഷ വിധിച്ച ഗാസിപുര്‍ പ്രത്യേക കോടതിയുടെ ശിക്ഷ റദ്ദാക്കി അലഹാബാദ് ഹൈക്കോടതി. ബി.ജെ.പി. എം.എല്‍.എയായിരുന്ന കൃഷ്ണാനന്ദ് റായിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അന്‍സാരിക്ക് നാലുവര്‍ഷം തടവ് വിധിച്ചത്. ശിക്ഷയ്‌ക്കെതിരേ ഹൈക്കോടതിയില്‍നിന്ന് അനുകൂല വിധി ലഭിച്ചതോടെ അന്‍സാരിക്ക് പാര്‍ലമെന്റ് അംഗമായി തുടരാം.
◾ കോടതിയില്‍ വീണ്ടും തിരിച്ചടി നേരിട്ട് ബാബാ രാംദേവ്. ആധുനിക വൈദ്യശാസ്ത്രം പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍മാരാണ് കോവിഡ്-19 മഹാമാരിയെ തുടര്‍ന്നുണ്ടായ മരണങ്ങള്‍ക്ക് ഉത്തരവാദികള്‍ എന്ന പരാമര്‍ശം പിന്‍വലിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചു. എയിംസിലെ റെസിഡന്റ് ഡോക്ടര്‍മാരുടെ സംഘടന സമര്‍പ്പിച്ച ഹര്‍ജിയിലാണ്ഇടക്കാല ഉത്തരവ്.
◾ ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ ഉണ്ടായ സ്ഫോടനത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ബാരാമുള്ള സോപോര്‍ ഗ്രാമത്തിലെ ആക്രിക്കടയിലേക്കെത്തിയ ലോറിയില്‍ നിന്നും സാധനങ്ങള്‍ ഇറക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. സംഭവസ്ഥലത്ത് സുരക്ഷ സേനയുടെ പരിശോധന പുരോഗമിക്കുകയാണ്.
◾ പാരിസ് ഒളിംപിക്‌സിന്റെ മൂന്നാം ദിനം ഇന്ത്യക്ക് മെഡല്‍ നഷ്ടമായത് തലനാരിഴക്ക്. പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ മികച്ച പോരാട്ടം കാഴ്ചവെച്ച് നാലാം സ്ഥാനത്തെത്തിയ ഇന്ത്യയുടെ അര്‍ജുന്‍ ബബുതക്ക് മെഡല്‍ നഷ്ടമായത് നിര്‍ഭാഗ്യം കൊണ്ട് മാത്രം. ബാഡ്മിന്റണില്‍ പുരുഷന്‍മാരുടെ ഡബിള്‍സില്‍ ഒളിംപിക്സ് ക്വാര്‍ട്ടറിലെത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷ ടീം എന്ന ചരിത്രം നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് സ്വാതിക്‌സായ്രാജ്- ചിരാഗ് ഷെട്ടി സഖ്യം. പുരുഷ ഹോക്കിയില്‍ അര്‍ജന്റീനയെ സമനിലയില്‍ പിടിച്ച് ഇന്ത്യ. അവസാന വിസിലിന് തൊട്ടുമുമ്പ് പെനാല്‍റ്റി കോര്‍ണറിന്റെ മൂന്നാം റീ-ടേക്കില്‍ നിന്ന് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിംഗ് നേടിയ ഗോളിലാണ് ഇന്ത്യ സമനില പിടിച്ചത്. അതേസമയം പുരുഷ അമ്പെയ്ത്തില്‍ ടീം ഇനത്തില്‍ ഇന്ത്യ പുറത്തായി. ക്വാര്‍ട്ടറില്‍ തുര്‍ക്കിയോടായിരുന്നു ഇന്ത്യന്‍ ടീമിന്റെ പരാജയം.
◾ പാരീസ് ഒളിമ്പിക്‌സിനിടെ വെല്ലുവിളിയുയര്‍ത്തി കോവിഡ് ബാധ. ബ്രിട്ടീഷ് നീന്തല്‍ താരം ആദം പീറ്റിക്കാണ് കോവിഡ് ബാധയുള്ളതായി കണ്ടെത്തിയത്. നീന്തല്‍ വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടിയതിനു പിന്നാലെ നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടത്. മത്സരിക്കുന്ന സമയത്തുതന്നെ പീറ്റിക്ക് ശാരീരികാസ്വസ്ഥതകള്‍ ഉണ്ടായിരുന്നു.
◾ കെ.എസ്.എഫ്.ഇ, 2023-24 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പിലാക്കിയ ഡയമണ്ട് ചിട്ടികള്‍, ഡയമണ്ട് ചിട്ടികള്‍ 2.0 എന്നീ ചിട്ടി പദ്ധതികളോടനുബന്ധിച്ച് പ്രഖ്യാപിച്ച മെഗാ സമ്മാനങ്ങള്‍ക്ക് അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് 2024 ജൂലൈ 27 ശനിയാഴ്ച 3PM ന് കൊല്ലം SNDP യോഗം ധ്യാനമന്ദിരത്തില്‍ വച്ച് കേരള ലോട്ടറി വകുപ്പിന്റെ നേതൃത്വത്തില്‍ നടന്നു. ബഹു.എം.എല്‍.എ (ഇരവിപുരം) ശ്രീ.എം.നൗഷാദ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ബഹു.ധനകാര്യ വകുപ്പ് മന്ത്രി ശ്രീ.കെ.എന്‍.ബാലഗോപാല്‍ മെഗാ നറുക്കെടുപ്പ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജനപ്രതിനിധികള്‍, കെ.എസ്.എഫ്.ഇ സംഘടനാ പ്രതിനിധികള്‍, മറ്റു പ്രമുഖര്‍, ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ ശ്രീ.കെ.വരദരാജന്‍ സ്വാഗതം ആശംസിക്കുകയും മാനേജിങ് ഡയറക്ടര്‍ ഡോ.എസ്.കെ.സനില്‍ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
കെ.എസ്.എഫ്.ഇ ഡയമണ്ട് ചിട്ടികള്‍ : മെഗാ സമ്മാന വിജയി - ആദര്‍ശ് ഇ.എം, പെരിഞ്ഞനം ശാഖ, തൃശ്ശൂര്‍. കെ.എസ്.എഫ്.ഇ ഡയമണ്ട് ചിട്ടികള്‍ 2.0 - മെഗാ സമ്മാന വിജയി - സരസന്‍ എം, മുതുകുളം ശാഖ, ആലപ്പുഴ.
◾ സംസ്ഥാന ജി.എസ്.ടി വകുപ്പില്‍ നികുതി കുടിശിക നിവാരണത്തിനായി നടപ്പാക്കാനിരിക്കുന്ന ആംനസ്റ്റി പദ്ധതിയില്‍ 50,000 രൂപ വരെയുള്ള കുടിശിക എഴുതിത്തള്ളും. കുടിശികയുള്ളവരില്‍ ഏറ്റവും കുറവ് തുക അടക്കാനുള്ളവര്‍ക്കായിരിക്കും ഇതിന്റെ ആനുകൂല്യം ലഭിക്കുക. അമ്പതിനായിരത്തില്‍ കൂടുതലുള്ള കുടിശിക തുകകളെ മൂന്നു സ്ലാബുകളാക്കി തിരിച്ചാണ് ഇളവ് നല്‍കുന്നത്. കുടിശിക നിവാരണത്തിന് ഇത്തവണ നാല് സ്ലാബുകള്‍ ആണ് ഉള്ളത്. 50,000 രൂപയില്‍ താഴെയുള്ള സ്ലാബിലാണ് എല്ലാ കുടിശികയും എഴുതി തള്ളുന്നത്. ഈ വ്യാപാരികള്‍ ഒന്നും അടക്കേണ്ടതില്ല. ഏതാണ്ട് 20,000 വ്യാപാരികള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. രണ്ടാമത്തെ സ്ലാബ് 50,001 രൂപ മുതല്‍ പത്തു ലക്ഷം വരെ കുടിശികയുള്ളവര്‍ക്കുള്ളതാണ്. ഇതില്‍ നികുതി കുടിശികയുടെ ഏഴുപത് ശതമാനം ഇളവ് ലഭിക്കും. അടക്കാനുള്ള നികുതിയുടെ മുപ്പത് ശതമാനം അടച്ചാല്‍ മതിയാകും. പത്തു ലക്ഷം മുതല്‍ ഒരു കോടി വരെ കുടിശികയുള്ളവരുടെ മൂന്നാമത്തെ സ്ലാബില്‍ അറുപത് ശതമാനം ഇളവാണ് ലഭിക്കുക. ഇതേ സ്ലാബില്‍ തന്നെ കോടതിയില്‍ കേസുകളുള്ള അകൗണ്ടുകളാണെങ്കില്‍ ഇളവ് അമ്പത് ശതമാനമാണ്. ഒരു കോടി രൂപക്ക് മുകളിലുള്ള കുടിശികകള്‍ക്ക് മുപ്പത് ശതമാനമാണ് ഇളവ്. ഇതില്‍ തന്നെ നിയമത്തര്‍ക്കം ഉള്ളവയില്‍ ഇരുപത് ശതമാനം ഇളവ് മാത്രമാണ് ലഭിക്കുക. ഓഗസ്റ്റ് ഒന്ന് മുതലാണ് പുതിയ ആംനസ്റ്റി പദ്ധതി നിലവില്‍ വരുന്നത്. സെപ്തംബര്‍ 30 നുള്ളില്‍ വ്യാപാരികള്‍ കുടിശിക നിവാരണത്തിന് ഓണ്‍ലൈന്‍ വഴി ഒപ്ഷന്‍ നല്‍കണം. ഡിസംബര്‍ 31 നുള്ളില്‍ ആംനസ്റ്റി നടപടികള്‍ അവസാനിക്കും. രാജ്യത്ത് ജി.എസ്.ടി സംവിധാനം നിലവില്‍ വന്ന 2017 ജൂലൈ ഒന്നിന് മുമ്പുള്ള ഫയലുകളിലെ കുടിശികയാണ് ഇത്തവണ പരിഗണിക്കുന്നത്.
◾ ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റഷീദ് പാറയ്ക്കല്‍ സംവിധാനം ചെയ്യുന്ന 'കുട്ടന്റെ ഷിനിഗാമി' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. കാലനും ഒരു ആത്മാവും ചേര്‍ന്ന് നടത്തുന്ന ഇന്‍വെസ്റ്റിഗേഷനാണ് ഈ ചിത്രം. ഷിനിഗാമി എന്നാല്‍ കാലന്‍ എന്നാണ് ജാപ്പനീസ് ഭാഷയിലെ അര്‍ഥം. ജപ്പാനില്‍ നിന്നും ഡോക്ടറേറ്റ് നേടിയ ആളാണ് ഈ ചിത്രത്തിലെ ഷിനിഗാമി. ഈ ഷിനിഗാമി ഇപ്പോഴെത്തിയിരിക്കുന്നത് ഒരു ആത്മാവിനെ തേടിയാണ്. കൈയ്യില്‍ ഒരു ജോഡി ചെരുപ്പുമായിട്ടാണ് ഷിനിഗാമിയുടെ നടപ്പ്. ഈ ചെരുപ്പ് ധരിക്കുന്നതോടെ അത്മാവ് കൂടെപ്പോരണമെന്നതാണ് ഇവരുടെ വിശ്വാസം. കുട്ടന്‍ എന്നയാളിന്റെ ആത്മാവിലേക്കാണ് ഷിനിഗാമിയുടെ കടന്നുവരവ്. ഇവിടെ കുട്ടന്റെ ആത്മാവിനെ ചെരുപ്പു ധരിപ്പിക്കാന്‍ ഷിന്‍ഗാമിയുടെ ശ്രമം നടക്കുന്നില്ല. തന്റെ മരണകാരണമറിയാതെ താന്‍ ചെരിപ്പിടില്ലായെന്നതായിരുന്നു അത്മാവിന്റെ വാശി. അദ്ദേഹത്തിന്റെ വാശിക്കുമുന്നില്‍ ഷിനി ഗാമി വഴങ്ങി. പിന്നീട് ഇരുവരും ചേര്‍ന്ന് കുട്ടന്റെ മരണകാരണമന്വേഷിച്ചിറങ്ങുകയായി. ഈ സംഭവങ്ങളാണ് നര്‍മ്മത്തിന്റെയും ഫാന്റസിയുടെയും ഒപ്പം തികഞ്ഞ ത്രില്ലര്‍ മൂഡിലും അവതരിപ്പിക്കുന്നത്. കുട്ടന്‍ എന്ന ആത്മാവായി ജാഫര്‍ ഇടുക്കിയും ഷിനിഗാമിയായി ഇന്ദ്രന്‍സും അഭിനയിക്കുന്നു. ഇതിലെ കാലനും ആത്മാവും സാധാരണക്കാരെപ്പോലെയാണ് പ്രത്യക്ഷപ്പെടുന്നത്. അനീഷ് ജി മേനോന്‍, ശ്രീജിത്ത് രവി, സുനില്‍ സുഖദ, അഷറഫ് പിലായ്ക്കല്‍, ഉണ്ണിരാജാ, മുന്‍ഷി രഞ്ജിത്ത്, പ്രിയങ്ക, അഖില, സന എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകന്‍ തന്നെയാണ് ഇതിലെ ഗാനങ്ങളും രചിച്ചിരിക്കുന്നത്.
◾ അനൂപ് മേനോന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം 'ചെക്ക് മേറ്റി'ലെ വീഡിയോ സോംഗ് അണിയറക്കാര്‍ പുറത്തുവിട്ടു. നീല നിലാ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണന്‍ ആണ്. സംഗീതം പകര്‍ന്നിരിക്കുന്നത് രതീഷ് ശേഖര്‍. നിത്യ മാമ്മനും രതീഷ് ശേഖറും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംഗീതവും ഛായാഗ്രഹണവും സംവിധാനവും രതീഷ് ശേഖറാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. അനൂപ് മേനോന് പുറമെ ലാല്‍, രേഖ ഹരീന്ദ്രന്‍, രാജലക്ഷ്മി, അഞ്ജലി മോഹനന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഒരു മൈന്‍ഡ് ഗെയിം ത്രില്ലറായിരിക്കും ചിത്രം എന്നാണ് മനസ്സിലാക്കാനാവുന്നത്. അംബരചുംബികളായ കെട്ടിടങ്ങള്‍, അവയ്ക്കിടയിലെ മനുഷ്യ മനസ്സുകള്‍, ചതുരംഗ കളിപോലെ മാറി മറിയുന്ന സംഭവ വികാസങ്ങള്‍ ഇവയൊക്കെയാണ് സിനിമയുടെ കഥാപശ്ചാത്തലമെന്നാണ് സൂചനകള്‍. സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും ന്യൂയോര്‍ക്കിലാണ് ചിത്രീകരിച്ചിരിക്കുന്നത്. 'ഓരോ നീക്കവും നിങ്ങളുടെ അവസാന നീക്കമായിരിക്കാം' എന്ന ടാഗ്ലൈനോടെയാണ് നേരത്തെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത്. ചെസ്സിലെ കരുക്കള്‍ പോലെ മാറിമറിയുന്ന മനുഷ്യ മനസ്സിലെ സങ്കീര്‍ണ്ണതകളിലൂടെയുള്ള സഞ്ചാരമാണ് സിനിമയുടെ കഥാഗതിയെന്നാണ് ലഭിക്കുന്ന സൂചനകള്‍.
◾ ചില സാങ്കേതിക തകരാര്‍ കാരണം സുസുക്കി ഇന്ത്യ ജനപ്രിയ സുസുക്കി ആക്‌സസ് 125 സ്‌കൂട്ടറിന്റെ ഏകദേശം 264,000 യൂണിറ്റുകള്‍ തിരികെ വിളിക്കുന്നതായി പ്രഖ്യാപിച്ചു. 2022 ഏപ്രില്‍ 30 നും 2022 ഡിസംബര്‍ 3 നും ഇടയില്‍ നിര്‍മ്മിച്ച സുസുക്കി ആക്‌സസ് 125-ന്റെ 263,788 യൂണിറ്റുകള്‍ക്കാണ് ഈ തിരിച്ചുവിളിക്കല്‍. ഈ സ്‌കൂട്ടറുകളിലെ ഇഗ്നിഷന്‍ കോയിലുമായി ബന്ധിപ്പിച്ച ഹൈ ടെന്‍ഷന്‍ കോര്‍ഡിന്റെ തകരാറ് പരിശോധിച്ച് പരിഹരിക്കുകയാണ് ലക്ഷ്യം. തകരാറ് കാരണം എന്‍ജിന്റെ പ്രവര്‍ത്തനം നില്‍ക്കാനും സ്റ്റാര്‍ട്ടാവാനുള്ള പ്രശ്നവുമുണ്ട്. 2022 ഏപ്രില്‍ 30നും 2022 ഡിസംബര്‍ മൂന്നിനും ഇടയില്‍ നിര്‍മിച്ച വാഹനങ്ങളിലാണ് തകരാറ് കണ്ടെത്തിയത്. ഈ കാലയളവിലുള്ള വാഹനങ്ങളുടെ ഉടമകളെ കമ്പനി അധികൃതര്‍ വിവരം അറിയിക്കും. തുടര്‍ന്ന് അടുത്തുള്ള സര്‍വീസ് സെന്ററില്‍ വാഹനമെത്തിക്കണം. പ്രശ്നമുണ്ടെങ്കില്‍ അത് സൗജന്യമായി പരിഹരിക്കുമെന്ന് സുസുക്കി അറിയിച്ചു. സുസുക്കി ആക്‌സസ് 125-ന് പുറമെ, സുസുക്കി അവെനിസിന്റെ 52,578 യൂണിറ്റുകളും സുസുക്കി ബര്‍ഗ്മാന്റെ 72,045 യൂണിറ്റുകളും ഇതേ കാരണത്താല്‍ തിരിച്ചുവിളിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവയും 2022 ഏപ്രില്‍ 30 നും 2022 ഡിസംബര്‍ 3 നും ഇടയില്‍ നിര്‍മ്മിച്ചവയാണ്. മൊത്തത്തില്‍ സുസുക്കി ആക്‌സസ് 125, സുസുക്കി അവെനിസ്, സുസുക്കി ബര്‍ഗ്മാന്‍ എന്നിവയുടെ 388,411 യൂണിറ്റുകള്‍ തിരിച്ചുവിളിക്കുന്നു. ഇന്ത്യന്‍ വിപണിയില്‍ സുസുക്കി ആക്‌സസ് 125-ന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില മുന്‍നിര മോഡലിന് 79,400 മുതല്‍ 89,500 രൂപ വരെയാണ്.
0 Comments