പ്രഭാത വാർത്തകൾ2024 | ജൂലൈ 31 | ബുധൻ| MORNING NEWS TODAY


പ്രഭാത വാർത്തകൾ
2024 | ജൂലൈ 31 | ബുധൻ| 
1199 | കർക്കടകം 16 | രോഹിണി 
1446 | മുഹർറം | 24

വയനാടിനെ മരവിപ്പിച്ച, കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തില്‍ ഇതുവരെ 135 പേര്‍ മരിച്ചു. 211 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 180-ലധികം പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. പുലര്‍ച്ചെ നടന്ന ദുരന്തം ഇന്നലെ രാവിലെയോടെ മാത്രമാണ് പുറംലോകം അറിഞ്ഞത്. ഇപ്പോഴും ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമായിട്ടില്ല. ഇന്ന് കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങും. പാറക്കഷണങ്ങള്‍ക്കും തകര്‍ന്ന വീടുകള്‍ക്കും മണ്ണിനടിയിലും കുടുങ്ങിപ്പോയവരെ കണ്ടെത്താനാവും ശ്രമം. പ്രദേശത്തെ പാടികള്‍ പലതും ഒഴുകിപ്പോയി. ഇതിലുണ്ടായിരുന്ന ഇതര സംസ്ഥാനതൊഴിലാളിളേയും കുടുംബത്തേയും രക്ഷിക്കാനായോ എന്നതും വ്യക്തമല്ല. ഇന്നത്തെ തെരച്ചിലോടെ ദുരന്തത്തിന്റെ ചിത്രം വ്യക്തമാകുമെന്നാണ് കരുതുന്നത്.

Advt


◾വയനാട്ടിലെ മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇന്നലെ രാത്രി താല്‍ക്കാലികമായി നിര്‍ത്തിയ രക്ഷാപ്രവര്‍ത്തനം ഇന്ന് രാവിലെ ഏഴ് മണിയോടെ പുനരാരംഭിക്കും. പലയിടത്തായി കുടുങ്ങിക്കടന്നവരെ രക്ഷിച്ചതായി ഫയര്‍ ഫോഴ്സ് അറിയിച്ചിരുന്നു. ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രമായ മുണ്ടക്കൈ, പുഞ്ചിരിമുട്ടം എന്നിവിടങ്ങളില്‍ നിന്നാണ് ഇന്നലെ ആളുകളെ രക്ഷിച്ചത്. ഈ മേഖലയില്‍ ഉണ്ടായിരുന്ന മൃതദേഹങ്ങളെല്ലാം താഴെയെത്തിച്ച് മേപ്പാടി ആശുപത്രിയിലേക്ക് മാറ്റി.
*****

Scroll Down to continue reading

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഒറ്റപ്പെട്ട് പോയ അഞ്ഞൂറിലധികം പേരെ താത്കാലിക പാലത്തിലൂടെ രക്ഷപ്പെടുത്തി. കണ്ണൂരിലെ ഡിഫന്‍സ് സെക്യൂരിറ്റി കോറിന്റെ ഭാഗമായ സൈനികരും അഗ്നിശമന സേനയും ചേര്‍ന്നാണ് ചൂരല്‍മലയില്‍ ഇന്നലെ രാത്രിയോടെ താത്കാലിക പാലം നിര്‍മ്മിച്ചത്. ചൂരല്‍മലയേയും മുണ്ടക്കൈയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാണ് നിര്‍മ്മിച്ചത്. താത്കാലിക പാലം യാഥാര്‍ഥ്യമായതോടെ രക്ഷാപ്രവര്‍ത്തനം അതിവേഗത്തിലായി. അതിനൊപ്പം അതീവ ദുഷ്‌കരമായ ലാന്‍ഡിങ് നടത്തി വ്യോമസേനയുടെ ഹെലികോപ്റ്ററും രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി. അടിയന്തര ചികിത്സ ആവശ്യമുള്ളവരെയാണ് എയര്‍ഫോഴ്‌സിന്റെ ഹെലികോപ്റ്ററില്‍ എയര്‍ലിഫ്റ്റ് ചെയ്തത്. .


◾വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരില്‍ 51 മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. മേപ്പാടിയിലും നിലമ്പൂരിലുമായാണ് മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടം നടത്തിയത്. നടപടി വേഗത്തിലാക്കാന്‍ വയനാടിലുള്ള ഫോറന്‍സിക് സംഘത്തെ കൂടാതെ കോഴിക്കോട് നിന്നുള്ള ഫോറന്‍സിക് ഡോക്ടര്‍മാരുടെ പ്രത്യേക സംഘത്തെ കൂടി നിയോഗിച്ചിട്ടുണ്ട്. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ജനിതക പരിശോധനകള്‍ നടത്താനുള്ള സംവിധാനമൊരുക്കിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. അധിക മോര്‍ച്ചറി സൗകര്യങ്ങളും മൊബൈല്‍ മോര്‍ച്ചറി സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ദുരിത ബാധിത പ്രദേശങ്ങളില്‍ താത്ക്കാലിക ആശുപത്രികള്‍ സജ്ജമാക്കി വരുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു. അവധിയിലുളള ആരോഗ്യ പ്രവര്‍ത്തകരോട് അടിയന്തരമായി തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കി.

◾ചൂരല്‍മല ടൌണ്‍ വരെ വൈദ്യുതി എത്തിച്ചുവെന്നും വൈദ്യുതി പുന:സ്ഥാപന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമെന്നും കെഎസ്ഇബി. ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് ദുരന്തഭൂമിയായി മാറിയ മേപ്പാടി ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന മേഖലയില്‍ മൂന്ന് കിലോമീറ്ററിലേറെ ഹൈ ടെന്‍ഷന്‍ ലൈനുകളും എട്ടു കിലോമീറ്ററിലേറെ ലോ ടെന്‍ഷന്‍ ലൈനുകളും പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. ദുരന്തഭൂമിയുടെ സമീപം വരെയുള്ള മേഖലയിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും കെഎസ്ഇബി അറിയിച്ചു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാവിധ നടപടികളും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവര്‍ക്ക് മറ്റ് എന്ത് പകരം നല്‍കിയാലും മതിയാകില്ല. ദുരിതത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവരെ കൈപിടിച്ചുയര്‍ത്തണം. 2018 ല്‍ പ്രളയം ഉണ്ടായപ്പോള്‍ കേരളമൊട്ടാകെ ഒറ്റക്കെട്ടായി ദുരന്തബാധിതരെ സഹായിക്കാന്‍ തയ്യാറായി. വയനാട്ടില്‍ ഇപ്പോള്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവരെ എല്ലാവിധത്തിലും സഹായിക്കാന്‍ നാം ഒരുമിച്ച് ഇറങ്ങേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

◾പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, അമിത് ഷാ, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ് എന്നിവര്‍ വിളിച്ച് സഹായം വാഗ്ദാനം ചെയ്തു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഞ്ച് മന്ത്രിമാര്‍ വയനാട്ടില്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നു. സൈന്യത്തിന്റെ സഹായമടക്കം സാധ്യമായ എല്ലാം ഒരുക്കി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ജില്ലയില്‍ 45 ക്യാമ്പുകളിലായി 3096 പേരെ പാര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

◾വയനാട്ടില്‍ ഉണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. പൊതു പരിപാടികളും ആഘോഷങ്ങളും മാറ്റിവെച്ചിട്ടുണ്ട്. ദേശീയപതാക താഴ്ത്തിക്കെട്ടി ദുഃഖാചരണത്തിന്റെ ഭാഗമാകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ കേരള ബാങ്ക് ഇപ്പോള്‍ തന്നെ നല്‍കിയിട്ടുണ്ട്. സിയാല്‍ 2 കോടി രൂപ വാഗ്ദാനം നല്‍കി. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ 5 കോടി രൂപ സഹായമായി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു .

◾വയനാട്ടില്‍ മേപ്പാടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഇന്ന് രണ്ട് മെഡിക്കല്‍ ചെക്ക് പോസ്റ്റ് കൂടി സൈന്യം സ്ഥാപിക്കും. ഇന്ന് അതിരാവിലെ മുതല്‍ തിരുവനന്തപുരത്ത് നിന്നുള്ള രണ്ട് കോളം സൈനിക സംഘം രക്ഷാപ്രവര്‍ത്തനം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. രക്ഷാദൗത്യം നേരിട്ട് ഏകോപിപ്പിക്കാന്‍ ഉന്നത സൈനിക ഉദ്യോഗസ്ഥരാണ് എത്തുന്നത്. വയനാട്ടിലെ കണ്‍ട്രോള്‍ റൂമിന്റെ ചുമതല നേരിട്ട് അവര്‍ ഏറ്റെടുക്കും.

◾മദ്രാസ്, മറാത്ത റെജിമെന്റുകളില്‍ നിന്ന് 140 പേരാണ് ഇന്ന് വയനാട് ദുരന്തഭൂമിയില്‍ എത്തുക. 330 അടി ഉയരമുള്ള താത്കാലിക പാലത്തിന്റെ നിര്‍മ്മാണം ഇന്ന് തുടങ്ങും. ബെംഗളൂരുവില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ പാലത്തിന്റെ ഭാഗങ്ങള്‍ എത്തിക്കും. ചെറുപാലങ്ങള്‍ നിര്‍മ്മിക്കാനുള്ള ഉപകരണങ്ങള്‍ ദില്ലിയില്‍ നിന്ന് ഇന്ന് രാവിലെ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തും. ഇതോടൊപ്പം മൃതദേഹങ്ങള്‍ കണ്ടെത്താന്‍ മൂന്ന് സ്നിഫര്‍ ഡോഗുകളേയും എത്തിക്കും.

◾കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രത. വടക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതാ പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ മാറി താമസിക്കണം. ജലാശയങ്ങളില്‍ ഇറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്. കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത ഉണ്ട്.


◾കോഴിക്കോട് വടകര വിലങ്ങാട് മലയങ്ങാട് ഭാഗത്തുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരാളെ കാണാതായി. എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ തുടരുകയാണ്. ഉരുള്‍പൊട്ടലില്‍ മലയങ്ങാട് പാലം ഒലിച്ചു പോയി. പുഴയുടെ തീരത്തുള്ള നാലു വീടുകള്‍ ഭാഗികമായി തകര്‍ന്നു. ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല.

◾നദികളില്‍ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്ര ജല കമ്മീഷന്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. എറണാകുളം ജില്ലയിലെ കാളിയാര്‍, തൃശൂര്‍ ജില്ലയിലെ കീച്ചേരി, പാലക്കാട് ജില്ലയിലെ പുലംതോട് , കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി എന്നീ നദികളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. അതോടൊപ്പം ചാലക്കുടിയില്‍ അതീവ ജാഗ്രത നിര്‍ദേശം നല്‍കി.

◾കാലവര്‍ഷ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് മുതല്‍ ഓഗസ്റ്റ് രണ്ട് വരെ പി.എസ്.സി. നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. നേരത്തെ നിശ്ചയിച്ച അഭിമുഖങ്ങള്‍ക്ക് മാറ്റമില്ല. ദുരന്തബാധിത പ്രദേശങ്ങളില്‍നിന്ന് അഭിമുഖത്തില്‍ പങ്കെടുക്കാന്‍ പറ്റാത്തവര്‍ക്ക് മറ്റൊരവസരം നല്‍കുമെന്നും പി.എസ്.സി. വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

◾ വഞ്ചൂരിയൂരില്‍ എയര്‍ഗണ്‍ ഉപയോഗിച്ചുള്ള വെടിവയ്പ് കേസിലെ പ്രതി പിടിയില്‍. കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കൊളജിലെ ഡോക്ടറായ ദീപ്തിയാണ് പിടിയിലായത്. ഷിനിയുടെ ഭര്‍ത്താവുമായുള്ള പ്രശ്നമാണ് വെടിവയ്പ്പിന് കാരണമെന്നാണ് വിവരം. ഓണ്‍ലൈന്‍ വഴി വാങ്ങിയ തോക്ക് ഉപയോഗിച്ചാണ് പ്രതി ആക്രമണം നടത്തിയത്.



◾കോഴിക്കോട് ജില്ലയില്‍ ക്വാറി പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവ്. കനത്ത മഴ തുടരുന്നതിനാലും റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടറുടെ ഉത്തരവ്. എല്ലാ തരത്തിലുമുള്ള മണ്ണെടുക്കലും ഖനനവും കിണര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മണല്‍ എടുക്കലും ഉള്‍പ്പെടെ നിര്‍ത്തിവെയ്ക്കാനാണ് കര്‍ശന നിര്‍ദേശം.

◾ സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരോട് അവധി റദ്ദാക്കി ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ച് ചീഫ് സെക്രട്ടറി. അവശ്യസര്‍വ്വീസായി പ്രഖ്യാപിച്ചിരിക്കുന്ന പൊലീസ്, ഫയര്‍ ആന്‍ഡ് സേഫ്റ്റി, റവന്യൂ ആരോഗ്യം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയ എല്ലാ വകുപ്പുകളിലെയും ജീവനക്കാരുടെ ദീര്‍ഘകാല അവധി ഒഴികെയുള്ള അവധി റദ്ദാക്കി തിരികെ ജോലിയില്‍ പ്രവേശിപ്പിക്കണമെന്നാണ് ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം.

◾ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയും ഒപ്പമുള്ളവരും വീണ്ടും ലിഫ്റ്റില്‍ കുരുങ്ങി. ലിഫ്റ്റ് ഓപ്പറേറ്ററും രോഗിയും ഉള്‍പ്പെടെ ആറ് പേരാണ് ലിഫ്റ്റില്‍ കുരുങ്ങിയത്. ഒന്നര മണിക്കൂറിന് ശേഷമാണ് ലിഫ്റ്റില്‍ കുരുങ്ങിയവര്‍ക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞത്.

◾സംസ്ഥാനത്ത് നിപ നിരീക്ഷണത്തിലുണ്ടായിരുന്ന 20 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നിരീക്ഷണത്തില്‍ പുതിയതായി ഒരാളാണ് അഡ്മിറ്റായത്.

◾ ദുരന്തഭൂമിയായ വയനാട്ടിലേക്ക് ഇന്നെത്തുമെന്ന് നേരത്തെ അറിയിച്ചിരുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സന്ദര്‍ശനം മാറ്റി വെച്ചതായി അറിയിച്ചു. കാലാവസ്ഥ മോശമായത് കാരണം യാത്ര ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചുവെന്ന് രാഹുല്‍ തന്നെയാണ് ട്വീറ്റ് ചെയ്തത്. ഈ വിഷമഘട്ടത്തില്‍ മനസ് വയനാട്ടിലെ ജനങ്ങള്‍ക്കൊപ്പമാണെന്നും സാഹചര്യം അനുകൂലമായാല്‍ അപ്പോള്‍ തന്നെ വയനാട്ടിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

◾ തോറ്റെന്നുറപ്പിച്ച മത്സരം വിജയിച്ച ഇന്ത്യ ശ്രീലങ്കക്കെതിരായ ടി20 പരമ്പര 3-0 ന് സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. സഞ്ജു സാംസണ്‍ ഈ മത്സരത്തിലും പൂജ്യത്തിനു പുറത്തായി. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക ഒരു വിക്കറ്റിന് 110 റണ്‍സെന്ന നിലയില്‍ നിന്ന് നിശ്ചിത ഓവര്‍ അവസാനിക്കുമ്പോള്‍ 137 ന് 8 എന്ന നിലയിലേക്ക് കൂപ്പുകുത്തി. 19-ാം ഓവര്‍ എറിഞ്ഞ റിങ്കു സിംഗും 20-ാം ഓവര്‍ എറിഞ്ഞ സൂര്യകുമാര്‍ യാദവും 2 വിക്കറ്റുകള്‍ വീതമെടുത്ത് ശ്രീലങ്കയെ വിജയിക്കാനനുവദിച്ചില്ല. ഇതോടെ സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയ മത്സരത്തിലെ വാഷിംഗ്ടണ്‍ സുന്ദര്‍ എറിഞ്ഞ ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 2 റണ്‍സ് മാത്രം നേടാനേ ശ്രീലങ്കക്കായുള്ളൂ. എന്നാല്‍ നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറിയിലേക്ക് പായിച്ച സൂര്യകുമാര്‍ യാദവ് ഇന്ത്യക്ക് അവിശ്വസനീയ വിജയം സമ്മാനിക്കുകയായിരുന്നു.

*പ്രമുഖ അമ്യൂസ്‌മെന്റ് പാര്‍ക്ക് ശൃംഖലയായ വണ്ടര്‍ലാ ഹോളിഡേയ്‌സ് നടപ്പു സാമ്പത്തിക വര്‍ഷം (2024-25) ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 63.2 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ സമാനപാദത്തിലെ 84.5 കോടി രൂപയേക്കാള്‍ 25 ശതമാനം കുറവാണിത്. കമ്പനിയുടെ വരുമാനം ഇക്കാലയളവില്‍ 172.9 കോടി രൂപയായി. മുന്‍ വര്‍ഷത്തെ 184.7 കോടി രൂപയില്‍ നിന്ന് വരുമാനം 6.4 ശതമാനം ഇടിഞ്ഞതായും കമ്പനി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയ ഫയലിംഗില്‍ വ്യക്തമാക്കി. നികുതിക്കും പലിശയ്ക്കും മറ്റും മുന്‍പുള്ള ലാഭം മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തിലെ 117 കോടി രൂപയില്‍ നിന്ന് 91.3 കോടി രൂപയായും കുറഞ്ഞു. അതേസമയം, വണ്ടര്‍ലാ ഹോളിഡേയ്‌സിന്റെ തുടക്കം മുതല്‍ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പാദവരുമാനവും എബിറ്റ്ഡയുമാണ് ജൂണ്‍ പാദത്തില്‍ രേഖപ്പെടുത്തിയത്. ജൂണ്‍ പാദത്തില്‍ 10.2 ലക്ഷം പേരാണ് വണ്ടര്‍ലാ ഹോളിഡേയ്‌സിന്റെ വിവിധ പാര്‍ക്കുകളില്‍ സന്ദര്‍ശനം നടത്തിയത്. തൊട്ടുമുന്‍ വര്‍ഷത്തിലിത് 11 ലക്ഷമായിരുന്നു. കൊച്ചി പാര്‍ക്കില്‍ 2.75 ലക്ഷം സന്ദര്‍ശകരെത്തിയപ്പോള്‍ ബംഗളൂരു പാര്‍ക്കില്‍ 3.58 ലക്ഷം പേരാണ് സന്ദര്‍ശനം നടത്തിയത്. ഹൈദരാബാദ് പാര്‍ക്കില്‍ 2.99 ലക്ഷം പേരും സന്ദര്‍ശകരായെത്തി. ഇക്കഴിഞ്ഞ മേയ് 24ന് ആരംഭിച്ച ഭുവനേശ്വര്‍ പാര്‍ക്കില്‍ ജൂണ്‍ 30 വരെ 70,000 പേരാണ് എത്തിയത്. ഹൈദരാബാദ് പാര്‍ക്ക് പ്രവര്‍ത്തനം ആരംഭിച്ചതു മുതലുള്ള ഏറ്റവും ഉയര്‍ന്ന വരുമാനമാണ് കഴിഞ്ഞ പാദത്തില്‍ നേടിയത്. കൊച്ചി പാര്‍ക്കിന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വരുമാനമാണ് ജൂണ്‍ പാദത്തിലേത്. വണ്ടര്‍ലാ ഉപഭോക്താക്കളില്‍ നിന്നുള്ള ശരാശരി വരുമാനം ജൂണ്‍ പാദത്തില്‍ 1,680 രൂപയായി. മുന്‍ വര്‍ഷവുമായി നോക്കുമ്പോള്‍ മൂന്ന് ശതമാനം വര്‍ധനയുണ്ട്. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ 35 ശതമാനത്തിലധികം നേട്ടം നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുള്ള ഓഹരിയാണ് വണ്ടര്‍ല ഹോളിഡേയ്‌സ്.

Post a Comment

0 Comments