തൃശൂർ തേക്കിന്‍കാട് മൈതാനിയില്‍ ‘ആവേശം’ സിനിമ മോഡല്‍ പിറന്നാൾ ആഘോഷം നടത്താനുള്ള ഗുണ്ടാ നേതാവിന്റെ ശ്രമം തകർത്ത് പൊലീസ്. കുപ്രസിദ്ധ ഗുണ്ട തീക്കാറ്റ്’ സാജന്റെ പിറന്നാളാഘോഷത്തിനാണ് 17 പ്രായപൂര്‍ത്തിയാകാത്തവരടക്കം 32ഓളം പേര്‍ തേക്കിന്‍കാട് മൈതാനിയില്‍ ഒത്തുകൂടിയത്. ഞായറാഴ്ച വൈകീട്ട് നാലോടെയായിരുന്നു സംഭവം. ആവേശം സിനിമാ മോഡലിൽ രംഗണ്ണനായെത്തി കേക്ക് മുറിക്കാനായിരുന്നു സാജന്റെ പദ്ധതി. എന്നാൽ സംഭവമറിഞ്ഞ ഈസ്റ്റ് പൊലീസ് തെക്കേ ഗോപുരനടയിൽ പാര്‍ട്ടിക്കെത്തിയ സംഘത്തെ വളഞ്ഞു. രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ചുറ്റുപാടും വളഞ്ഞ പൊലീസ് എല്ലാവരെയും പിടികൂടി. ഇതറിഞ്ഞ തീക്കാറ്റ് സാജൻ സ്ഥലത്തേക്ക് എത്താതെ രക്ഷപ്പെടുകയും ചെയ്തു.
പോലീസ് കസ്റ്റഡിയിലെടുത്ത പ്രായപൂര്‍ത്തിയാകാത്ത 17 പേരെ രക്ഷിതാക്കളെ വിളിച്ചുവരുത്തിയശേഷം പറഞ്ഞയച്ചു. അനധികൃതമായി സംഘം ചേര്‍ന്നതിന്റെ പേരില്‍ ശേഷിച്ച 15 പേരുടെ പേരില്‍ കേസെടുക്കുകയും ചെയ്തു. അടുത്തിടെ ജയിൽമോചിതനായ തീക്കാറ്റ് സാജൻ ജയിലിലുള്ളിലും സ്ഥിരം അക്രമകാരിയായിരുന്നു. കുപ്രസിദ്ധ ഗുണ്ട കടവി രഞ്ജിത്തുമായി ജയിലിൽ സംഘർഷം പതിവായിരുന്നു. തൃശൂർ പാലക്കാട് ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി തീക്കാറ്റ് സാജനെതിരെ 17 ലധികം കേസുകൾ ഉണ്ട്. തുടർന്നായിരുന്നു രണ്ട് വർഷം മുൻപ് ഇയാൾക്കെതിരെ കാപ്പ ചുമത്തിയത്.
0 Comments