83 മരണം: കാഴ്ചകളാകെ അതിദയനീയം; ചങ്കുലയ്ക്കുന്ന നിലവിളികൾ; രക്ഷ തേടിയുള്ള കേഴലുകൾ




വയനാട് മുണ്ടക്കൈ, ചൂരൽമല ഭാഗത്തുണ്ടായ ഉരുൾപൊട്ടലിൽ മരണസംഖ്യ 41 ആയി ഉയർന്നു. പ്രതികൂല കാലാവസ്ഥയിലും രക്ഷാപ്രവർത്തനം തുടരുകായണ്. അതിദയനീയമാണ് ദുരന്തമേഖലയിലെ കാഴ്ചകൾ. നെഞ്ച് പിടയ്ക്കുന്ന നിലവിളികളാണ് ദുരന്തഭൂമിയിൽ നിന്നും ഉയരുന്നത്. രക്ഷിക്കണേ, ശ്വാസം കിട്ടുന്നില്ല, മണ്ണിനടിയിലാണ് എന്നൊരു സ്ത്രീയുടെ കരച്ചിൽ ആരുടെയും ചങ്കുലയ്ക്കും

അച്ഛനും അമ്മയും മരിച്ച് കിടക്കുന്നു, അവരുടെ അടുത്തേക്ക് പോലും എത്താനാകാതെ മകന്റെ കാലിൽ വലിയ പാറക്കഷ്ണം വീണു കിടക്കുന്നു എന്ന ദാരുണ വിവരം അറിയിച്ചത് ഐസി ബാലകൃഷ്ണൻ എംഎൽഎയാണ്. രക്ഷാപ്രവർത്തകർക്ക് എത്താൻ സാധിക്കാത്ത മുണ്ടക്കൈ ഭാഗത്താണ് ഇവരുടെ വീടുള്ളത്. ഇതുപോലെ നൂറുകണക്കിനാളുകളാണ് ദുരന്തഭൂമിയിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നത്

ഉരുൾപൊട്ടലിന് പിന്നാലെ ഒരു പ്രദേശം തന്നെ കാണാതായെന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്തുണ്ടായിരുന്ന എല്ലാവരും നാട്ടുകാരാണ്. അവരെല്ലാം മണ്ണിനടിയിലാണ്. ആദ്യം ചെറുതായാണ് ഉരുൾപൊട്ടിയത്. പിന്നീട് രണ്ട് തവണ കൂടി ഉരുൾപൊട്ടി. രണ്ടാം തവണ അതിഭീകരമായാണ് ഉരുൾപൊട്ടിയതെന്ന് പ്രദേശവാസിയായ റാഷിദ് പറഞ്ഞു

മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. കുതിച്ചൊഴുകിയ വെള്ളവും ചെളിയ്ക്കുമൊപ്പം ചാലിയാർ പുഴയിലേക്ക് എത്തിയത് 10 മൃതദേഹങ്ങളാണ്. ഇതിൽ പലതും ചിന്നഭിന്നമായ നിലയിലായിരുന്നു. തലയറ്റ നിലയിലും ഒരു മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. ഒരു കുട്ടിയുടെ മൃതദേഹം മുളങ്കാട്ടിൽ കുരുങ്ങിയ നിലയിലായിരുന്നു. 

Post a Comment

0 Comments