2024 | ജൂലൈ 20 | ശനി|
1199 | കർക്കടകം 5 | പൂരാടം
1446 | മുഹർറം | 13.
➖➖➖➖➖➖➖➖
◾ കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ലോറിയുള്‍പ്പെടെ മണ്ണിനടിയില്‍പ്പെട്ടെന്ന് സംശയിക്കുന്ന കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള കാത്തിരിപ്പ് 5-ാം ദിവസത്തിലേക്ക്. മേഖലയില്‍ അതിശക്തമായ മഴ പെയ്യുന്നതിനാല്‍ കൂടുതല്‍ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും അതുകൊണ്ടു തന്നെ ഇന്നലെ രാത്രി ഒന്‍പത് മണിയോടെ തെരച്ചില്‍ നിര്‍ത്തി വെയ്ക്കുകയാണെന്നും തെരച്ചില്‍ ഇന്ന് രാവിലെ മുതല്‍ പുനഃരാരംഭിക്കുമെന്നും കളക്ടര്‍ അറിയിക്കുകയായിരുന്നു. വളരെ ആഴത്തിലുള്ള വസ്തുക്കള്‍ വരെ കണ്ടെത്താന്‍ കഴിയുന്ന റഡാര്‍ ബെംഗളുരുവില്‍ നിന്ന് എത്തിക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. നേരത്തെ നേവിയുടെ ഡൈവര്‍മാര്‍ ഗംഗാവാലി പുഴയിലിറങ്ങി നടത്തിയ പരിശോധനയില്‍ അര്‍ജുന്‍ ഓടിച്ചിരുന്ന ലോറി നദിയുടെ അടിത്തട്ടില്‍ ഇല്ലെന്ന് സ്ഥിരീകരിച്ചു.
◾ സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞു. എന്നാല്‍ വടക്കന്‍ കേരളത്തിലെ ചില ജില്ലകളില്‍ രണ്ടു ദിവസംകൂടി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം കഴിഞ്ഞ ഒരാഴ്ച കേരളത്തില്‍ പെയ്തത് ശരാശരിയെക്കാള്‍ ഇരട്ടി മഴയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കാലവര്‍ഷക്കെടുതിക്ക് കാരണമായത് കുറഞ്ഞദിവസത്തില്‍ കൂടുതല്‍ മഴപെയ്തതാണ്. ഈ മാസം 13 മുതല്‍ 19 വരെ കേരളത്തില്‍ ലഭിക്കേണ്ടിയിരുന്നത് 150 മില്ലീമീറ്റര്‍ മഴയാണ്. എന്നാല്‍ ലഭിച്ചത് 315.5 മില്ലീമീറ്ററാണ്. കണ്ണൂരിലാണ് ശരാശരിയിലും കൂടുതല്‍ മഴപെയ്തത്. 171 ശതമാനം. കോഴിക്കോട് 132 ശതമാനവും മാഹിയില്‍ 160 ശതമാനവും വയനാട്ടില്‍ 95 ശതമാനവും അധികം മഴപെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
◾ വയനാട് ജില്ലയില്‍ ഇന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ട്യൂഷന്‍ സെന്റര്‍, അംഗന്‍വാടി ഉള്‍പ്പെടെയുളളവക്ക് അവധി ബാധകമാണ്. മോഡല്‍ റസിസന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല.
◾ സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാല്‍ ആറാഴ്ച ഹോട്ട് സ്‌പോട്ടുകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ തുടരണമെന്ന് മന്ത്രി വീണാ ജോര്‍ജ്. തദ്ദേശ സ്ഥാപനതലത്തില്‍ ഊര്‍ജിത ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ തുടരണം. ദുരിതാശ്വാസ ക്യാമ്പുകളില്‍ നല്‍കുന്ന വെള്ളം പ്രത്യേകമായി ശ്രദ്ധിക്കണം. പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചേര്‍ന്ന റാപ്പിഡ് റെസ്‌പോണ്‍സ് ടീം യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.
◾ ആമയിഴഞ്ചാന്‍തോട് ശുചീകരണ പ്രവര്‍ത്തനത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട ജോയിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ കൈമാറി. മന്ത്രി വി ശിവന്‍കുട്ടിയാണ് 10 ലക്ഷം രൂപ ജോയിയുടെ കുടുംബത്തിന് നല്‍കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ജോയിയുടെ അമ്മയ്ക്ക് തുക അനുവദിക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്. തോട്ടിലിറങ്ങി മാലിന്യം മാറ്റുകയായിരുന്ന ജോയിയെ കനത്ത മഴയില്‍ പെട്ടെന്നുണ്ടായ ഒഴുക്കില്‍ കാണാതാവുകയായിരുന്നു. 48 മണിക്കൂറിനു ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
◾ തിരുവനന്തപുരത്തെ ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ് മരിച്ച ജോയിയുടെ കുടുംബത്തിന് സുപ്രീംകോടതി വിധി പ്രകാരമുള്ള നഷ്ടപരിഹാരം നല്‍കണമെന്ന് വി ഡി സതീശന്‍. ജോയിയുടെ അമ്മയുടെ ചികിത്സാ ചെലവ് കോണ്‍ഗ്രസ് ഏറ്റെടുക്കും എന്നും അദ്ദേഹം പറഞ്ഞു . ജോയിയുടെ മാരായമുട്ടത്തെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
◾ മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെ ബാധിച്ച ഗുരുതര പ്രശ്‌നത്തില്‍ വിശദീകരണവുമായി ക്രൗഡ്‌സ്ട്രൈക്ക്. വിന്‍ഡോസിന് സുരക്ഷ സേവനങ്ങള്‍ നല്‍കുന്ന സൈബര്‍ സെക്യൂരിറ്റി സ്ഥാപനമാണ് ക്രൗഡ്സ്ട്രൈക്ക്. വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെ ബാധിച്ച പ്രശ്‌നം കണ്ടെത്തിയെന്നും പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ് എന്നുമാണ് ക്രൗഡ്സ്ട്രൈക്കിന്റെ പ്രതികരണം.
◾ ലോകവ്യാപകമായി മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സേവനങ്ങളിലുണ്ടായ തകരാറിനെ തുടര്‍ന്ന് തങ്ങളുടെ 192 വിമാനസര്‍വീസുകള്‍ റദ്ദാക്കിയതായി ഇന്‍ഡിഗോ. ഫ്ലൈറ്റ് റീബുക്കിങ്ങിനോ റീഫണ്ടിനോയുള്ള ഓപ്ഷന്‍ താത്ക്കാലികമായി ലഭ്യമല്ല. വിഷയം തങ്ങളുടെ നിയന്ത്രണത്തിന് അതീതമാണെന്നും എയര്‍ലൈന്‍സ് വ്യക്തമാക്കി. ഇന്‍ഡിഗോ കൂടാതെ, ആകാശ, സ്പൈസ്ജെറ്റ്, എയര്‍ ഇന്ത്യ എക്‌സ്പ്രസ് തുടങ്ങിയ കമ്പനികളുടെ ചെക്ക്-ഇന്‍ ജോലികളും താറുമാറായി. യാത്രക്കാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കമ്പനികള്‍ പിന്നീട് മാന്വല്‍ ചെക്കിന്‍ നടപടികളിലേക്ക് മാറിയെന്നാണ് വിവരം.
◾ ഭക്ഷ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ ചില ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ലെന്നും ചിലര്‍ പുതുക്കിയിട്ടില്ലെന്നും കണ്ടെത്തി. ജോലി ചെയ്യുന്നവര്‍ നാലാഴ്ചക്കുള്ളില്‍ ഹെല്‍ത്ത് കാര്‍ഡ് എടുക്കണമെന്നാണ് നിര്‍ദ്ദേശം. ഹെല്‍ത്ത് കാര്‍ഡ് എടുക്കാതിരിക്കുകയോ പുതുക്കുകയോ ചെയ്തിട്ടില്ലെങ്കില്‍ കര്‍ശന നടപടി നേരിടേണ്ടി വരുമെന്നും മന്ത്രി അറിയിച്ചു.
◾ കൊച്ചിയില്‍ അറസ്റ്റിലായ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ മനോജിനെ കോടതി റിമാന്‍ഡ് ചെയ്തു. സംസ്ഥാന ഭീകര വിരുദ്ധ സേനയുടെ വാണ്ടഡ് ലിസ്റ്റില്‍ ഉണ്ടായിരുന്ന ഇയാളെ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പിടികൂടിയത്. ഇന്നലെ കോടതിയില്‍ ഹാജരാക്കിയപ്പോഴും ഇയാള്‍ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യങ്ങള്‍ വിളിച്ചു. വിവിധ സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ക്കിടയിലെ സന്ദേശ വാഹകന്‍ എന്ന നിലയിലാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്.
◾ മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട് വിഡി സതീശന് തുറന്ന കത്തുമായി മന്ത്രി എംബി രാജേഷ്. മാലിന്യ സംസ്‌കരണം സംബന്ധിച്ച് താങ്കളുടെ ചില പ്രസ്താവനകള്‍ കണ്ടുവെന്നും, എന്നാല്‍ സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ താങ്കളുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നുമുള്ള ആമുഖത്തോടെയാണ് മന്ത്രിയുടെ കത്ത്. ഹരിതകര്‍മസേനയുടെ പ്രവര്‍ത്തന മികവും, അതുമൂലം ഉണ്ടായ മാറ്റങ്ങളും കത്തില്‍ എണ്ണിപ്പറഞ്ഞിട്ടുണ്ട്. പ്രതിപക്ഷത്തു നിന്ന് കൂടി ക്രിയാത്മക സമീപനം ഉണ്ടായാല്‍ നമുക്ക് മാലിന്യ പ്രശ്നം പെട്ടെന്ന് പരിഹരിക്കാന്‍ ആകുമെന്നും മന്ത്രി കത്തില്‍ വ്യക്തമാക്കി.
◾ അവിശ്രമം എന്ന പദത്തിന് എല്ലാ അര്‍ത്ഥത്തിലും പര്യായമായി മാറിയ ജീവിതമായിരുന്നു ഉമ്മന്‍ചാണ്ടിയുടേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉമ്മന്‍ചാണ്ടിയോട് പല കാര്യങ്ങളില്‍ യോജിപ്പും, ചില കാര്യങ്ങളില്‍ വിയോജിപ്പും ഉണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രാഷ്ട്രീയമായി ഇരു ചേരികളിലായിരുന്നെങ്കിലും സൗഹൃദത്തിന് ഒരു കോട്ടവും ഉണ്ടായിരുന്നില്ലെന്നും പിണറായി വ്യക്തമാക്കി. ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ചുള്ള ഓര്‍മ്മയില്‍ ഉമ്മന്‍ചാണ്ടി പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
◾ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് തിരിച്ചടിയായി മൂന്ന് സര്‍വകലാശാലകളിലെ വിസി നിയമന സെര്‍ച്ച് കമ്മിറ്റി രൂപീകരണം തടഞ്ഞ് ഹൈക്കോടതി ഉത്തരവ്. കേരള സര്‍വകലാശാല, എംജി സര്‍വകലാശാല, മലയാളം സര്‍വകലാശാല എന്നിവിടങ്ങളിലെ സെര്‍ച്ച് കമ്മിറ്റി നടപടികള്‍ക്കാണ് സ്റ്റേ . ചാന്‍സലറുടെ ഉത്തരവിന് ഒരുമാസത്തേക്ക് ഹൈക്കോടതി വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ നാല് സര്‍വകലാശാലകളിലെ സെര്‍ച്ച് കമ്മിറ്റി രൂപീകരണത്തിനാണ് സ്റ്റേ ഉത്തരവ് വന്നിരിക്കുന്നത്.
◾ വെറുപ്പിന്റെ രാഷ്ട്രീയം തൃശൂരില്‍ വിജയിച്ചുവെന്ന് ബിനോയ് വിശ്വം. ആലപ്പുഴയിലെയും തൃശൂരിലെയും തോല്‍വിക്ക് പ്രത്യേക അര്‍ഥമുണ്ട്. ആ പാഠം പഠിക്കും, തിരുത്തും. എല്‍ഡിഎഫിന് എല്‍ഡിഎഫുകാര്‍ പോലും വോട്ട് ചെയ്തിട്ടില്ല. അത് മറച്ചു വെച്ചിട്ട് കാര്യമില്ല. ഇടതുപക്ഷത്തുമുണ്ട് കുറ്റം ചെയ്തവര്‍. അവര്‍ തിരുത്താന്‍ തയാറാകണമെന്നും ബിനോയ് വിശ്വം പറഞ്ഞു.
◾ വടകര മേമുണ്ട ഹയര്‍ സെക്കന്ററി സ്‌കൂളിലെ വില്ല്യാപ്പള്ളി, ആയഞ്ചേരി, മണിയൂര്‍, വേളം മേഖലകളില്‍ നിന്നുള്ള 23 വിദ്യാര്‍ത്ഥികള്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. സംഭവത്തെ തുടര്‍ന്ന് സ്‌കൂള്‍ പരിസരത്തുള്ള മൂന്ന് കടകള്‍ അടച്ചു പൂട്ടാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. കടകളില്‍ ഉപയോഗിക്കുന്ന വെള്ളം പരിശോധനക്ക് അയക്കുകയും ചെയ്തു.
◾ ആലപ്പുഴ കോമളപുരം ലൂദര്‍ സ്‌കൂളിലെ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. പത്തോളം കുട്ടികളെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടപ്പുറം ആശുപത്രിയിലും ഏതാനും കുട്ടികള്‍ ചികിത്സ തേടിയിട്ടുണ്ട്.
◾ അട്ടപ്പാടിയില്‍ സിപിഐ നേതാവ് നേഴ്സിനെ അപമാനിച്ചതായി പരാതി. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് അംഗം സനോജിനെതിരെയാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ അഗളി പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അതേസമയം, പരാതി നല്‍കിയ താല്‍ക്കാലിക നേഴ്സിനെ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി പിരിച്ചുവിട്ടതായി ആക്ഷേപം ഉയരുന്നുണ്ട്. യുവതിയുടെ സഹോദരന്‍ അക്രമിച്ചുവെന്ന ഒരു പരാതി സനോജും നല്‍കിയിട്ടുണ്ട്.
◾ ഭൂമി പോക്കുവരവ് ചെയ്യാന്‍ ആയിരം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ മുന്‍ വില്ലേജ് ഓഫീസര്‍ക്ക് മൂന്ന് വര്‍ഷം കഠിന തടവ്. ഒപ്പം 15,000 രൂപ പിഴയും . പത്തനംതിട്ട ജില്ലയിലെ വടശ്ശേരിക്കര വില്ലേജ് ഓഫീസറായിരുന്ന ഇ.വി.സോമനെയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി ശിക്ഷിച്ചത്. 2011 ജനുവരി ഏഴാം തീയ്യതി നടന്ന സംഭവത്തിലാണ് ഇന്ന് വിധിയുണ്ടായത്.
◾ കണ്ണൂരില്‍ മൂന്നര വയസ്സുള്ള ആണ്‍കുട്ടിക്ക് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. കുട്ടിയെ കഴിഞ്ഞ ദിവസം പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. പരിയാരം സ്വദേശിയായ കുട്ടി തൊട്ടടുത്ത വെള്ളച്ചാട്ടത്തില്‍ കുളിച്ചിരുന്നു. ഇതാവാം രോഗകാരണമെന്ന് സംശയിക്കുന്നതായി ഡോക്ടര്‍ ചൂണ്ടിക്കാട്ടി.
◾ കനത്ത കാറ്റും മഴയും കാരണം കോഴിക്കോട് കാപ്പാട് ബ്ലു ഫ്ലാഗ് ബീച്ച് പാര്‍ക്കില്‍ നിരവധി കാറ്റാടി മരങ്ങള്‍ ഒടിയുകയും കടപുഴകി വീഴുകയും മൂലം പാര്‍ക്കിനും പാര്‍ക്കിലെ ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ച സാഹചര്യത്തില്‍ കാപ്പാട് ബീച്ചില്‍ ഇന്ന് മുതല്‍ മൂന്ന് ദിവസം സന്ദര്‍ശകര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് ഡിടിപിസി അറിയിച്ചു.
◾ ആയുധം കൈവശം വെച്ച കേസില്‍ വ്ലോഗര്‍ വിക്കി തഗ് അറസ്റ്റില്‍. പാലക്കാട് കോടതിയില്‍ കീഴടങ്ങുകയായിരുന്നു. 2022 ലാണ് കേസിനാസ്പദമായ സംഭവം. അന്ന് ലഹരിക്കടത്ത് കേസില്‍ വിക്കിക്കും സുഹൃത്തിനും ജാമ്യം കിട്ടി. ആയുധം കൈവശം വച്ചതിന് കസബ പൊലീസ് എടുത്ത കേസില്‍ പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയില്‍ നല്‍കിയെങ്കിലും ജാമ്യം നിരസിച്ചിരുന്നു. ഇതോടെ പ്രതികള്‍ പല സ്ഥലങ്ങളിലായി ഒളിവില്‍ പോവുകയായിരുന്നു.
◾ മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയായ കുവൈത്തിലെ അബ്ബാസിയയിലെ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തില്‍ നാലംഗ മലയാളി കുടുംബം ശ്വാസംമുട്ടി മരിച്ചു. തിരുവല്ല നീരേറ്റുപുറം സ്വദേശികളായ മാത്യൂസും ലിനി ഏബ്രഹാമും മക്കളുമാണ് മരിച്ചത്. നാട്ടില്‍ നിന്ന് ഇവര്‍ തിരിച്ചെത്തിയ വ്യാഴാഴ്ച തന്നെയാണ് തീപിടുത്തമുണ്ടായത്. ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് കരുതുന്നു.
◾ കാട്ടാക്കടയില്‍ യുവതിയേയും യുവാവിനേയും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടാക്കട കുരുതംകോട് പാലക്കലില്‍ ഞാറവിള വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടത്. വീട്ടിലെ താമസക്കാരനായ പ്രമോദ് (35), ഇയാളുടെ സുഹൃത്ത് റീജ (45) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
◾ ഐഎഎസ് ട്രെയിനി പൂജ ഖേദ്ക്കര്‍ക്ക് എതിരെ കടുത്ത നടപടിയുമായി യു.പി.എസ്.സി. പരീക്ഷയ്ക്കുള്ള അപേക്ഷയില്‍ തന്നെ പേരും മാതാപിതാക്കളുടെ പേരും മാറ്റി പൂജ ക്രമക്കേട് നടത്തിയതായി കണ്ടെത്തി. ഭാവിയില്‍ യുപിഎസ്.സി എഴുതുന്നതില്‍ നിന്നും പൂജയെ അയോഗ്യയാക്കി. വ്യാജരേഖ കേസില്‍ പ്രത്യേക കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനും പൊലീസിന് നിര്‍ദേശം നല്‍കി. മഹാരാഷ്ട്ര സര്‍ക്കാരിന്റെ അന്വേഷണ റിപ്പോര്‍ട്ടിന് പിന്നാലെയാണ് നടപടി. പൂജ ഖേദ്ക്കറുടെ ഐഎഎസ് റദ്ദാക്കിയേക്കുമെന്നാണ് സൂചന.
◾ മഹാരാഷ്ട്ര നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ക്രോസ് വോട്ട് ചെയ്ത കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ നടപടി സ്വീകരിച്ചെന്ന് കെസി വേണുഗോപാല്‍. മുംബൈയില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തിന് ശേഷമായിരുന്നു പ്രതികരണം. ബിജെപി ക്യാംപിലേക്ക് പോയ അശോക് ചവാനോട് അടുപ്പമുള്ളവര്‍ ഉള്‍പ്പെടെ ഏഴുപേരാണ് ക്രോസ് വോട്ട് ചെയ്തതെന്നാണ് സൂചന.
◾ ഇന്ത്യയ്ക്ക് അമേരിക്കയുമായി വിയോജിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ചില വിഷയങ്ങളില്‍ ഇന്ത്യക്ക് സ്വതന്ത്ര നിലപാട് പ്രകടിപ്പിക്കാനുള്ള അവകാശമുണ്ടെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വ്യക്തമാക്കി. ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ ഇക്കാര്യത്തില്‍ പറഞ്ഞ നിലപാടിനോട് യോജിപ്പില്ലെന്നും അദ്ദേഹം ദില്ലിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. യുദ്ധത്തിലും സംഘര്‍ഷത്തിലും ഇന്ത്യയ്ക്ക് സ്വതന്ത്ര നിലപാട് എടുക്കാനാവില്ലെന്ന് ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ പറഞ്ഞിരുന്നു. ഇതിനാണ് ഇന്ത്യയുടെ മറുപടി.
◾ ബംഗ്ലാദേശില്‍ കലാപത്തിലേക്ക് മാറിയ വിദ്യാര്‍ത്ഥി പ്രക്ഷോഭം നിരീക്ഷിക്കുന്നതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പ്രക്ഷോഭത്തില്‍ ഇതുവരെ 32 പേര്‍ കൊല്ലപ്പെട്ടു. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ബംഗ്ളാദേശിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു. ബംഗ്ലാദേശിലുള്ള 8500 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ എംബസി നടപടി സ്വീകരിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി.
◾ ഗവര്‍ണര്‍മാര്‍ക്കുള്ള പ്രത്യേക പരിരക്ഷ സംബന്ധിച്ച് വിശദപരിശോധനക്ക് സുപ്രീംകോടതി. സിവില്‍, ക്രിമിനല്‍ കേസുകളില്‍ ഗവര്‍ണര്‍മാര്‍ക്ക് ലഭിക്കുന്ന പരിരക്ഷയാണ് സുപ്രീം കോടതി പരിശോധിക്കുന്നത്. വിഷയത്തില്‍ അറ്റോര്‍ണി ജനറലിന്റെ സഹായം സുപ്രീം കോടതി തേടി. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസിന് എതിരെ ലൈംഗീക ആരോപണം ഉന്നയിച്ച യുവതിയുടെ ഹര്‍ജിയില്‍ ആണ് സുപ്രീം കോടതി തീരുമാനം.
◾ ഉത്തര്‍പ്രദേശ് ബിജെപിയില്‍ തര്‍ക്കം നടക്കുന്നതിനിടെ ആര്‍എസ്എസ്- ബിജെപി സംയുക്ത യോഗത്തിന് ഇന്ന് തുടക്കം.കന്‍വര്‍ യാത്ര നിയന്ത്രണങ്ങളില്‍ സഖ്യകക്ഷികളില്‍ നിന്ന് എതിര്‍പ്പുയുര്‍ന്നെങ്കിലും നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. അതേസമയം, മോഹന്‍ ഭാഗവതിന്റെ വിമര്‍ശനത്തോട് പരസ്യ പ്രതികരണം വേണ്ടെന്ന് ബിജെപി നേതൃത്വം നിലപാടെടുത്തു.
◾ വനിതാ ഏഷ്യാ കപ്പ് ടി20യില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് വിജയത്തുടക്കമിട്ട് ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാനെ 19.2 ഓവറില്‍ 108 റണ്‍സിന് എറിഞ്ഞിട്ട ഇന്ത്യന്‍ വനിതകള്‍ 14.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യത്തിലെത്തി.
◾ നിരക്ക് വര്‍ധിപ്പിക്കാന്‍ ജിയോ, എയര്‍ടെല്‍, വോഡഫോണ്‍-ഐഡിയ കമ്പനികള്‍ തീരുമാനിച്ചതിന് പിന്നാലെ അപ്രതീക്ഷിത നേട്ടമുണ്ടാക്കി ബി.എസ്.എന്‍.എല്‍. 11 മുതല്‍ 25 ശതമാനം വരെ നിരക്ക് വര്‍ധന നടത്തിയ കമ്പനികളുടെ നീക്കം സോഷ്യല്‍ മീഡിയയിലും വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ടെലികോം കമ്പനികള്‍ താരിഫ് വര്‍ധിപ്പിച്ചതിന് ശേഷം 2.5 ലക്ഷം ആളുകള്‍ മറ്റ് മൊബൈല്‍ കമ്പനികളെ ഉപേക്ഷിച്ച് മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സംവിധാനത്തിലൂടെ ബി.എസ്.എന്‍.എല്ലിലേക്ക് മടങ്ങിയെത്തി. നിലവിലുള്ള താരിഫ് നിരക്ക് ആരുടെയും പോക്കറ്റ് കീറില്ലെന്ന ഉറപ്പുള്ളതിനാല്‍ 25 ലക്ഷം പുതിയ കണക്ഷനുകള്‍ ലഭിച്ചു. 2 ജിബി പ്രതിദിന ഇന്റര്‍നെറ്റ് നല്‍കുന്ന എയര്‍ടെല്‍, ജിയോ കമ്പനികളുടെ വാര്‍ഷിക പ്ലാന്‍ 3,599 രൂപയാണ്. എന്നാല്‍ സമാനമായ പ്ലാന്‍ 395 ദിവസത്തേക്ക് ബി.എസ്.എന്‍.എല്ലില്‍ 2,395 രൂപക്ക് ലഭിക്കും. അതായത് ഒരു വര്‍ഷം ടെലഫോണ്‍, ഇന്റര്‍നെറ്റ് ചെലവുകള്‍ക്കായി ഒരാള്‍ ചെലവഴിക്കുന്ന തുകയില്‍ 1,204 രൂപയുടെ ലാഭം. 28 ദിവസത്തിന്റെ ഏറ്റവും കുറഞ്ഞ പ്ലാന്‍ എയര്‍ടെല്‍, വോഡഫോണ്‍-ഐഡിയ കമ്പനികളുടേത് 199 രൂപയും ജിയോയുടേത് 189 രൂപയുമാണ്. എന്നാല്‍ ബി.എസ്.എന്‍.എല്ലിന്റേത് തുടങ്ങുന്നത് 108 രൂപയ്ക്കാണ്. അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ്, വോയിസ് കാള്‍, ചില ഒ.ടി.ടി ആപ്പുകളിലെ സബ്‌സ്‌ക്രിപ്ഷന്‍ തുടങ്ങിയവ അടങ്ങിയ നിരവധി ജനപ്രിയ പ്ലാനുകളും ബി.എസ്.എന്‍.എല്ലിനുണ്ട്.
◾ പുരി ജഗന്നാഥിന്റെ വരാനിരിക്കുന്ന റാം പോതിനെനി നായകനായ 'ഡബിള്‍ ഐസ്മാര്‍ട്ടി'ലെ മാര്‍ മുന്‍ത ചോഡ് ചിന്ത എന്ന പുതിയ ഗാനം പുറത്തിറങ്ങിയുടന്‍ വിവാദത്തിലേക്ക്. തെലങ്കാന മുന്‍ മുഖ്യമന്ത്രിയും ബിആര്‍എസ് പ്രസിഡന്റുമായ കെ ചന്ദ്രശേഖര്‍ റാവുവിന്റെ ഒരു വാചകം പാട്ടില്‍ ഉപയോഗിച്ചതിന് സംവിധായകനും സംഘത്തിനും എതിരെ മുതിര്‍ന്ന ബിആര്‍എസ് (ഭാരതീയ രാഷ്ട്ര സമിതി) നേതാവ് രജിത റെഡ്ഡി പരാതി നല്‍കി. സിനിമയിലെ ഐറ്റം സോംഗില്‍ 'അശ്ലീല' പ്രയോഗമെന്ന രീതിയില്‍ മുന്‍ മുഖ്യമന്ത്രി പറഞ്ഞ വാചകം ഉപയോഗിച്ചുവെന്നാണ് പോലീസില്‍ നല്‍കിയ പരാതി പറയുന്നത്. പരാതി നല്‍കിയ രഞ്ജിത ഒരു വാചകം ഉപയോഗിച്ചതിന് സംവിധായകനും സിനിമയ്ക്കുമെതിരെ നടപടിയെടുക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. മുന്‍ മുഖ്യമന്ത്രിയോടുള്ള 'അനാദരവാണ്' ഗാനം എന്നും പരാതിയില്‍ പറയുന്നുണ്ട്. സ്റ്റെപ്പ മാറിന് ശേഷമുള്ള ചിത്രത്തിലെ രണ്ടാമത്തെ ഗാനമാണിത്. കാസര്‍ള ശ്യാമിന്റെ വരികള്‍ക്ക് മണി ശര്‍മ്മ സംഗീതം പകര്‍ന്നപ്പോള്‍ രാഹുല്‍ സിപ്ലിഗഞ്ച്, ധനുഞ്ജന്‍ സീപാന, കീര്‍ത്തന ശര്‍മ്മ എന്നിവര്‍ ആലപിച്ചു. ബോളിവുഡ് നടി കാവ്യ ഥപ്പറാണ് റാം പോതിനെനിക്കൊപ്പം ഈ ഗാനത്തില്‍ ഡാന്‍സ് ചെയ്യുന്നത്. ഗാനം ഇതിനകം ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചിട്ടുണ്ട്. അവരുടെ പുരി കണക്ട്‌സിന്റെ ബാനറില്‍ പുരി ജഗന്നാഥും ചാര്‍മി കൗറും ചേര്‍ന്നാണ് ഡബിള്‍ ഐസ്മാര്‍ട്ട് നിര്‍മ്മിക്കുന്നത്. സഞ്ജയ് ദത്തും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
◾ നടന്‍ ശിവകാര്‍ത്തികേയന്റെ ആക്ഷന്‍ ഡ്രാമ ചിത്രം 'അമരന്‍' റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്ത ചിത്രത്തിന്റെ റിലീസ് തീയതി ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ സോഷ്യല്‍ മീഡിയ വഴിയാണ് പങ്കുവച്ചത്. ചിത്രം നിര്‍മ്മിക്കുന്ന കമല്‍ഹാസന്റെ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ അമരന്‍ ദീപാവലിയോടനുബന്ധിച്ച് ഒക്ടോബര്‍ 31 ന് തിയേറ്ററുകളില്‍ എത്തുമെന്നാണ് അറിയിച്ചത്. ചിത്രത്തില്‍ ആര്‍മി ഓഫീസറായ 'മുകുന്ദ്' ആയാണ് ശിവകാര്‍ത്തികേയന്‍ എത്തുന്നത്. തമിഴ്നാട്ടില്‍ നിന്നുള്ള ആര്‍മി ഓഫീസര്‍ മേജര്‍ മുകുന്ദ് വരദരാജന്റെ ബയോപിക്കാണ് ചിത്രം. 2014 ഏപ്രില്‍ 25ന് ദക്ഷിണ കശ്മീരിലെ ഒരു ഗ്രാമത്തില്‍ ഭീകരുമായുള്ള ഏറ്റുമുട്ടലില്‍ മേജര്‍ മുകുന്ദ് വരദരാജന്‍ വീരമൃത്യു വരിക്കുകയായിരുന്നു. രാജ്യം അദ്ദേഹത്തിന് അശോക ചക്ര നല്‍കി ആദരിച്ചു. 44 രാഷ്ട്രീയ റൈഫിള്‍ ബറ്റാലിയനില്‍ ആയിരുന്നു മേജര്‍ മുകുന്ദ് വരദരാജന്‍ പ്രവര്‍ത്തിച്ചിരുന്നത്. സോണി പിക്ചേര്‍സും ചിത്രത്തിന്റെ സഹ നിര്‍മ്മാതാക്കളാണ്. സായി പല്ലവിയാണ് ചിത്രത്തിലെ നായിക. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീതം. റങ്കൂണ്‍ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ രാജ്കുമാര്‍ പെരിയസാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൂന്ന് കാലഘട്ടത്തിലെ നായകന്റെ അവസ്ഥ ചിത്രത്തില്‍ കാണിക്കുന്നുണ്ടെന്നാണ് വിവരം.
◾ അമേരിക്കന്‍ ഐക്കണിക്ക് കാര്‍ കമ്പനിയായ ജീപ്പ് ഇന്ത്യന്‍ വിപണിയില്‍ മെറിഡിയന്‍ എസ്യുവിയുടെ വില കുറച്ചു. ഏകദേശം രണ്ടു ലക്ഷം രൂപ വിലക്കുറവിലാണ് കമ്പനി ഈ എസ്യുവിക്ക് നല്‍കിയിരിക്കുന്നതെന്നാണ് വിവരം. പരിമിതമായ സമയത്തേക്ക് മാത്രമാണ് ഈ വിലക്കിഴിവ്. നേരത്തെ 31.23 ലക്ഷം രൂപയായിരുന്നു ഈ കാറിന്റെ എക്‌സ്‌ഷോറൂം വില. ഇപ്പോഴത് 29.49 ലക്ഷം രൂപയായി കുറഞ്ഞു. ജീപ്പ് മെറിഡിയന്‍ ഓവര്‍ലാന്‍ഡ്, ലിമിറ്റഡ് (ഒ) എന്നീ രണ്ട് ട്രിമ്മുകളില്‍ വാങ്ങാം. ഓപ്ഷണല്‍ എക്സ് പാക്കേജും ഇതില്‍ ലഭ്യമാണ്. നിലവിലുള്ള സ്റ്റോക്ക് ഒഴിവാക്കാനാണ് കമ്പനി ഈ വെട്ടിക്കുറവ് വരുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. മെറിഡിയന്റെ പുതിയ ഫെയ്സ്ലിഫ്റ്റ് മോഡല്‍ ഉടന്‍ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. വരാനിരിക്കുന്ന ജീപ്പ് മെറിഡിയന്റെ പുറംഭാഗത്ത് ചെറിയ മാറ്റങ്ങള്‍ കാണാം. അതേസമയം ഇന്റീരിയറിലും ചില മാറ്റങ്ങളുണ്ടാകും. ക്യാബിനിലെ പുതിയ അപ്‌ഹോള്‍സ്റ്ററി ഓപ്ഷനുകള്‍, ഡാഷ്‌ബോര്‍ഡിലെയും സെന്റര്‍ കണ്‍സോളിലെയും ചെറിയ വ്യത്യാസങ്ങള്‍ എന്നിവ മാറ്റങ്ങളില്‍ ഉള്‍പ്പെടും. ഫെയ്സ്ലിഫ്റ്റഡ് മെറിഡിയനില്‍ 168 ബിഎച്ച്പി പവറും 350 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍, 4 സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് വാഗ്ദാനം ചെയ്യുന്നത്. ട്രാന്‍സ്മിഷനില്‍, 6-സ്പീഡ് മാനുവല്‍, 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷന്‍ ലഭ്യമാണ്.
➖➖➖➖➖➖➖➖
0 Comments