തൃശ്ശൂർ നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും റോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് കെ സി വൈ എം തൃശ്ശൂർ PWD ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ശ്രീ. ജോഷി വടക്കൻ മാസ്റ്റർ ധർണ്ണ ഉദ്ഘാടനം ചെയ്തു. മാസങ്ങളായി തൃശ്ശൂർ നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും റോഡുകൾ തകരാറിലായിട്ടും അധികരികളുടെയോ സർക്കാരിൻ്റെയോ ഭാഗത്തുനിന്ന് യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്നും, വർഷക്കാലം ആരംഭിക്കുന്നതിന് മുൻപ് നടത്തേണ്ട ശുചീകരണ പ്രവർത്തനങ്ങളും റോഡുകളുടെ അറ്റകുറ്റപ്പണികളും നടത്താതെ ജന ജീവിതം ദുഷ്‌കരമാക്കുന്ന സർക്കാരിൻ്റെ നിഷ്‌ക്രിയത്വം അങ്ങേയറ്റം പ്രതിഷേധാർഹമാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതിരൂപത പ്രസിഡൻ്റ് ജിഷാദ് ജോസ് പ്രതിഷേധ കൂട്ടായ്മയ്ക്ക് അദ്ധ്യക്ഷത വഹിച്ചു. റോഡിലെ മരണ കുഴികൾ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്ന സർക്കാർ സംവിധാനങ്ങൾ മാറ്റം വരുത്താൻ തയ്യാറാവണം എന്നും കണ്ണ് തുറക്കാൻ ഇനി ഒരു അപകട മരണം ഉണ്ടാകും വരെ കാത്തിരിക്കാതെ ആവശ്യമായ നടപടികൾ സ്വീകരിക്കണം എന്നും അദ്ധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു. അതിരൂപത ജനറൽ സെക്രട്ടറി മെജോ മോസസ് പ്രതിഷേധ സദസ്സിന് സ്വാഗതവും ട്രഷറർ വിബിൻ ലൂയിസ് നന്ദിയും പറഞ്ഞു. അസിസ്റ്റൻ്റ് ഡയറക്ടർ റവ. ഫാ. ഷിജോ പള്ളിക്കുന്നത്ത്, വൈസ് പ്രസിഡൻ്റ് സ്നേഹ ബെന്നി എന്നിവർ പ്രതിഷേധ ധർണ്ണ അഭിസംബോധന ചെയ്തു സംസാരിച്ചു. കാലങ്ങളായി തുടരുന്ന റോഡുകളുടെ ഈ അവസ്ഥയിൽ മാറ്റം ഉണ്ടാവണം എന്നും അതിനായി ബന്ധപ്പെട്ടവർ ആവശ്യമായ നടപടി സ്വീകരിക്കണം എന്നും അച്ചൻ കൂട്ടിച്ചേർത്തു. പ്രതികൂല കാലാവസ്ഥ ആയിരുന്നിട്ടും ജന ജീവിതത്തെ ബാധിക്കുന്ന ഒരു വിഷയത്തിൽ പ്രതിഷേധം അറിയിക്കുവാൻ കടന്നുവന്ന മുഴുവൻ യുവജന സുഹൃത്തുക്കൾക്കും അച്ചൻ അഭിവാദ്യങ്ങൾ നേർന്നു. അതിരൂപത വൈസ് പ്രസിഡൻ്റ് മിഥുൻ ബാബു, സെക്രട്ടറി ആൽബിൻ സണ്ണി, സിൻഡിക്കേറ്റ് അംഗങ്ങളായ സാജൻ ജോസ്, ആഷ്ലിൻ ജെയിംസ്, സെനറ്റ് അംഗങ്ങളായ ഡാനിയേൽ ജോസഫ്, ഷാരോൺ സൈമൺ, ജുവിൻ ജോസ്, റിൻസി റോയ്, വിവിധ ഫൊറോന പ്രസിഡൻ്റുമാർ, ഫൊറോന ഭാരവാഹികൾ, യൂണിറ്റ് ഭാരവാഹികൾ നിരവധിയായ യുവജനങ്ങൾ എന്നിവർ പ്രതിഷേധ മാർച്ചിലും ധർണ്ണയിലും പങ്കെടുത്ത് പ്രതിഷേധം അറിയിച്ചു. അതിരൂപത ഫൊറോന ഭാരവാഹികൾ പ്രതിഷേധ മാർച്ചിനും ധർണ്ണയ്ക്കും നേതൃത്വം നൽകി.
0 Comments