രാജ്യത്തിന്റെ വ്യത്യസ്ത ഭൂപ്രദേശങ്ങളെ അപ്പാടെ തകര്‍ത്തെറിഞ്ഞ ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലും നിരവധിയുണ്ട്. പ്രകൃതിദുരന്തം മൂലം പതിനായിരങ്ങളുടെ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. അയ്യായിരത്തിലധികം പേരുടെ ജീവനെടുത്ത 2013ലെ കേദാര്‍നാഥ് അപകടമാണ് രാജ്യം കണ്ടതില്‍ വച്ചേറ്റവും വലിയ പ്രകൃതി ദുരന്തം. സ്വതന്ത്ര ഇന്ത്യയില്‍ 1948 മുതല്‍ ഇങ്ങോട്ട് മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും മൂലം ഏറ്റവും കൂടുതല്‍ മനുഷ്യരുടെ ജീവനെടുത്ത അപകടങ്ങള്‍ ഇനിയുമുണ്ട്.
1948 സെപ്തംബര്‍ 18, ഗുവാഹത്തി, അസ്സം
വടക്ക് കിഴക്കന്‍ അതിര്‍ത്തി മേഖലയായ അസ്സമില്‍ കനത്ത മഴയെ തുടര്‍ന്ന് 500ലധികം പേര്‍ മരിച്ചു. 60 വീടുകള്‍ ഉള്‍പ്പെടുന്ന ഒരു ഗ്രാമം തന്നെ മണ്ണ് മൂടി.
1968 ഒക്ടോബര്‍ 4, ഡാര്‍ജിലിംഗ്, പശ്ചിമ ബംഗാള്‍
കനത്ത മഴയെത്തുടര്‍ന്നാണ് സിക്കിം, ഡാര്‍ജിലിംഗ് മേഖലയില്‍ നൂറുകണക്കിന് മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തത്. അപകടത്തില്‍ ആയിരക്കണക്കിന് പേര്‍ കൊല്ലപ്പെട്ടു. 60 കിലോമീറ്റര്‍ നീളമുള്ള പാത 91 ഭാഗങ്ങളായി മുറിഞ്ഞു. ടീസ്ത ബസാറിലെ ആന്‍ഡേഴ്‌സണ്‍ പാലം പൂര്‍ണ്ണമായി ഒലിച്ചുപോയി.
1998 ഓഗസ്റ്റ് 18, മാള്‍പ, ഉത്തരാഖണ്ഡ്
ഉത്തരാഖണ്ഡിലെ പിത്തോറഗഡിലുണ്ടായ മണ്ണിടിച്ചിലിലും ഹിമപാതത്തിലും ഒരു ഗ്രാമം തന്നെ ഒലിച്ചുപോയി. ഗ്രാമവാസികളെക്കൂടാതെ 60 മാനസ സരോവര്‍ തീര്‍ത്ഥാടകരും അപകടത്തില്‍ മരിച്ചു. ഉറങ്ങുന്നതിനിടെയായിരുന്നു അപകടം. ആകെ 300ലധികം പേര്‍ മരിച്ചതായി കണക്കാക്കപ്പെടുന്നു.
2000 ജൂലൈ 12, മുംബൈ, മഹാരാഷ്ട്ര
നഗര മേഖലയായ ഘട്‌കോപാറില്‍ കനത്ത മഴയെ തുടര്‍ന്നാണ് മണ്ണിടിച്ചിലും ഉരുള്‍ പൊട്ടലും ഉണ്ടായത്. 24 മണിക്കൂറിനിടെ മേഖലയില്‍ പെയ്തത് 350 മില്ലിമീറ്റര്‍ മഴ. ദുരന്തത്തില്‍ 67 മനുഷ്യര്‍ മരിച്ചുവെന്നാണ് കണക്ക്. മുംബൈയിലെ ചേരി നിവാസികളാണ് മരിച്ചവരിലേറെയും.
2001 നവംബര്‍ 9, അമ്പൂരി, തിരുവനനന്തപുരം. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളില്‍ ഒന്നായിരുന്നു തിരുവനന്തപുരത്തിന്റെ മലയോര മേഖലയായ അമ്പൂരിയിലെ ഉരുള്‍പൊട്ടല്‍. 39 പേരുടെ ജീവനെടത്ത ദുരന്തമായിരുന്നു അമ്പൂരിയിലേത്.
2013 ജൂണ്‍ 16, കേദാര്‍ദാഥ്, ഉത്തരാഖണ്ഡ്
ഉത്തരാഖണ്ഡ് പ്രളയത്തിന്റെ ഭാഗമായാണ് മണ്ണിടിച്ചിലും സംഭവിച്ചത്. 5700ലധികം പേരുടെ ജീവനെടുത്തു.
2014 ജൂലൈ 30, മാലിന്‍, മഹാരാഷ്ട്ര
കനത്ത മഴയെ തുടര്‍ന്നാണ് പൂനെ ജില്ലയിലെ മാലിനില്‍ മണ്ണിടിച്ചില്‍ ഉണ്ടായത്. പുലര്‍ച്ചെ ഗ്രാമവാസികള്‍ ഉറങ്ങിക്കിടക്കുമ്പോഴുണ്ടായ മണ്ണിടിച്ചിലില്‍ 151 പേര്‍ മരിച്ചു. 100ലധികം പേരെ കാണാതായി.
2020 ഓഗസ്റ്റ് 6, പെട്ടിമുടി, ഇടുക്കി
കേരളത്തെ കണ്ണീരിലാഴ്ത്തിയ പ്രകൃതി ദുരന്തം. കനത്ത മഴയ്ക്ക് പിന്നാലെയായിരുന്നു പെട്ടിമുടിയിലെ ഉരുള്‍പൊട്ടല്‍. തേയിലത്തോട്ടത്തിന്റെ ഭാഗമായ തൊഴിലാളി ലയങ്ങള്‍ ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയി. 65 പേരാണ് ദുരന്തത്തില്‍ മരിച്ചത്. അര്‍ദ്ധരാത്രിയില്‍, ഉറക്കത്തിലാഴ്ന്നുകിടക്കുമ്പോഴാണ് അപകടം സംഭവിച്ചത്.
2021 ജൂലൈ 18, മുംബൈ, മഹാരാഷ്ട്ര
മുംബൈ നഗരത്തിന്റെ ഭാഗമായ ചെമ്പൂര്‍, വിഖ്‌റോളി മേഖലകളിലാണ് മണ്ണിടിച്ചില്‍ പരമ്പരയുണ്ടായത്. 32 പേര്‍ ദുരന്തത്തില്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. അപകടത്തില്‍പ്പെട്ടവരെല്ലാം വീടിനുള്ളില്‍ ഉള്‍പ്പെട്ടവരായിരുന്നു.
2022 ജൂണ്‍ 30, തുപുല്‍, മണിപ്പൂര്‍
മണിപ്പൂരിലെ നോനി ജില്ലയിലെ തുപുല്‍ റെയില്‍വേ നിര്‍മ്മാണ പ്രദേശത്താണ് വലിയ മണ്ണിടിച്ചിലുണ്ടായത്. അപകടം 58 പേരുടെ ജീവനെടുത്തു. മൂന്ന് പേരെ കാണാതായി. അപകടത്തില്‍പ്പെട്ടവരില്‍ 29 പേര്‍ സൈനികരും ഉള്‍പ്പെടുന്നു.
2023 ജൂലൈ 19, റായ്ഗഡ്, മഹാരാഷ്ട്ര
രാത്രി പത്തരയോടെയാണ് പേമാരിയെത്തുടര്‍ന്ന് ഉരുള്‍പൊട്ടലുണ്ടായത്. 26 മൃതദേഹങ്ങള്‍ കണ്ടെടുത്തു. 100ലധികം പേര്‍ മണ്ണിനടിയില്‍പ്പെട്ടുവെന്നാണ് കണക്ക്. മേഖലയില്‍ മണ്ണിടിച്ചിലിന് രണ്ട് ദിവസം മുന്‍പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.
2024 മെയ് 28, ഐസ്വാള്‍, മിസോറാം
റെമാല്‍ ചുഴലിക്കാറ്റാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ അപകടത്തിലാക്കിയത്. കൂട്ട മണ്ണിടിച്ചിലില്‍ 14 പേര്‍ മരിച്ചു. 8 പേരെ കാണാതായി. പാറ ഖനന മേഖലയിലാണ് അപകടമുണ്ടായത്.
2024 ജൂലൈ 16, ഷിരൂര്‍, കര്‍ണാടക
ഉത്തര കന്നഡയിലെ ഷിരൂരില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ എട്ട് പേര്‍ മരിച്ചു. മലയാളിയായ ട്രക്ക് ഡ്രൈവര്‍ അര്‍ജ്ജുന്‍ ഉള്‍പ്പടെ മൂന്നിലധികം പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇവര്‍ ഗംഗാവല്ലി പുഴയുടെ ആഴങ്ങളില്‍ മണ്ണില്‍ പുതഞ്ഞുവെന്നാണ് നിഗമനം.
2024 ജൂലൈ 30, മേപ്പാടി, വയനാട്
കേരളം കണ്ടതില്‍ വച്ചേറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തം. മേപ്പാടിയിലെ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല മേഖലകള്‍ മണ്ണിനടിയിലായി. ഇതുവരെ മാത്രം 200ലധികം പേര്‍ മരിച്ചു. 225ലധികം പേരെ കണ്ടെത്താനുണ്ട്. തെരച്ചില്‍ അവസാനഘട്ടത്തിലേക്ക് എത്തുമ്പോഴേക്കും മരണസംഖ്യ ഉയരും.
അവലംബം: The Hindu, PTI
0 Comments