പ്രഭാത വാർത്തകൾ2024 | സെപ്റ്റംബർ 1 | ഞായർ | Morning news today

പ്രഭാത വാർത്തകൾ
2024 | സെപ്റ്റംബർ 1 | ഞായർ | 
1200 | ചിങ്ങം 16 | ആയില്യം 
1446 | സഫർ | 26.
➖➖➖➖➖➖➖➖

◾ മനസ്സുകളെ മലിനമാക്കുന്ന പ്രവര്‍ത്തികള്‍ സിനിമാരംഗത്ത് ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കലാകാരികളുടെ മുന്നില്‍ ഉപാധികള്‍ ഉണ്ടാകരുതെന്നും അദ്ദേഹം വ്യക്തമാക്കി. ഹേമ കമ്മിറ്റി അഭിമാനിക്കാവുന്ന കാര്യമാണെന്നും കലാരംഗത്തെ ശുദ്ധീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

◾ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് ഇ പി ജയരാജനെ മാറ്റി ടിപി രാമകൃഷ്ണനെ നിയമിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആണ് തീരുമാനം പ്രഖ്യാപിച്ചത്. സിപിഎം സംസ്ഥാന സമിതി യോഗത്തിന് ശേഷമാണ് പാര്‍ട്ടി തീരുമാനം കൈക്കൊണ്ടത്. പല വിഷയങ്ങളും പരിശോധിച്ചതിന്റെ ഭാഗമായാണ് തീരുമാനമെന്നും ഇത് സംഘടനാ നടപടിയല്ലെന്നും അദ്ദേഹം പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗമായി തുടരുമെന്നും ഗോവിന്ദന്‍ പറഞ്ഞു. അതേസമയം പ്രകാശ് ജാവ്ദേക്കാറുമായുള്ള ഇ.പി യുടെ കൂടിക്കാഴ്ചയാണ് പാര്‍ട്ടിയുടെ ഈ തീരുമാനത്തിന് പിന്നിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.

◾ ഇ.പി.ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്ന് മാറ്റിയത് പാര്‍ട്ടി കേന്ദ്ര നേതൃത്വവുമായി കൂടി ആലോചിച്ച ശേഷം. ഇ.പിയുടെ പേരിലുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഉചിതമായ തീരുമാനം എടുക്കാന്‍ പാര്‍ട്ടി സംസ്ഥാന ഘടകത്തിന് പിബി അനുമതി നല്‍കി . എന്നാല്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്നതിനാല്‍ അദ്ദേഹത്തിനെതിരെ കൂടുതല്‍ നടപടികള്‍ക്ക് സാധ്യതയില്ല.

◾ എല്ലാ കക്ഷികളുടെയും അഭിപ്രായം കേള്‍ക്കുമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. പരിഗണന കുറവെന്ന പരാതി ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ പരിഹരിക്കുമെന്നും ആര്‍ജെഡിയെ അവഗണിച്ചിട്ടില്ലെന്നും രാമകൃഷ്ണന്‍ പറഞ്ഞു. ഇപി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയതിന് പിന്നാലെയാണ് ടിപി രാമകൃഷ്ണന് ചുമതല നല്‍കിയത്.

◾ ഇ.പി. ജയരാജന്‍ ബി.ജെ.പി. പ്രഭാരി പ്രകാശ് ജാവദേക്കറെ കണ്ടത് മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടിയാണെന്നും കള്ളംപൊളിഞ്ഞപ്പോള്‍ മുഖംരക്ഷിക്കാന്‍ സി.പി.എം ജയരാജനെ പ്രതികൂട്ടില്‍ നിര്‍ത്തുന്നുവെന്നും കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍. ഇ.പിയെ കോണ്‍ഗ്രസിലേക്ക് ക്ഷണിക്കുന്നത് സംബന്ധിച്ച് താനല്ല പാര്‍ട്ടിയാണ് തീരുമാനമെടുക്കേണ്ടതെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി സുധാകരന്‍ പറഞ്ഞു.

◾ പി വി അന്‍വര്‍ എം എല്‍ എ ഉയര്‍ത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിച്ച് എം വി ഗോവിന്ദന്‍. പി വി അന്‍വര്‍, എസ് പി ഓഫീസിന് മുന്നില്‍ നടത്തിയ സമരമടക്കമുള്ള വിഷയത്തില്‍ സമയമെടുത്ത് പരിശോധിച്ച് നിലപാട് പറയാമെന്നാണ് എം വി ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്. അന്‍വര്‍ പാര്‍ട്ടിക്ക് മുകളില്‍ വളരുന്നോയെന്ന ചോദ്യത്തിന് 'പാര്‍ട്ടിക്ക് മുകളില്‍ ആരും വളരില്ല' എന്നായിരുന്നു എം വി ഗോവിന്ദന്റെ മറുപടി.

◾ ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് ഉപജാപക സംഘമാണെന്നും ആഭ്യന്തരവകുപ്പില്‍ മുഖ്യമന്ത്രി നോക്കുകുത്തിയാണെന്നും വ്യക്തമാക്കുന്നതാണ് ഭരണകക്ഷി എം എല്‍ എയും എസ് പിയും തമ്മിലുള്ള ഫോണ്‍ സംഭാഷണമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി. പിണറായി സര്‍ക്കാരുമായി അടുത്തബന്ധം പുലര്‍ത്തുന്ന ക്രമസമാധാന ചുമതല വഹിക്കുന്ന എ ഡി ജി പി തൃശ്ശൂര്‍ പൂരം കലക്കി ബി ജെ പിക്ക് വിജയം ഒരുക്കിക്കൊടുത്തുവെന്ന ഭരണകക്ഷി എം എല്‍ എ അന്‍വറിന്റെ ആരോപണത്തിന്റെ മുനനീളുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണെന്നും സുധാകരന്‍ പറഞ്ഞു.

◾ ലൈംഗിക പീഡനത്തിനിടെ പെണ്‍കുട്ടി ജനനേന്ദ്രിയം മുറിച്ച ഗംഗേശാനന്ദക്കെതിരെയുള്ള കുറ്റപത്രം സ്വീകരിച്ച് കോടതി. തിരുവനന്തപരം സിജെഎം കോടതിയാണ് കുറ്റപത്രം സ്വീകരിച്ചത്. പിഴവുകള്‍ തിരുത്തി നല്‍കിയ കുറ്റപത്രമാണ് സ്വീകരിച്ചിരിക്കുന്നത്. ഗംഗേശാനന്ദയെ ഗുരുതരമായി പരിക്കേല്‍പ്പിച്ചതിന് പെണ്‍കുട്ടിക്കും മുന്‍ സുഹൃത്തിനുമെതിരെ മറ്റൊരു കുറ്റപത്രവും ക്രൈംബ്രാഞ്ച് വൈകാതെ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.

◾ നെഹ്‌റു ട്രോഫി വള്ളംകളി ടൂറിസം വകുപ്പല്ല സംഘടിപ്പിക്കുന്നതെന്നും എന്നാല്‍ വള്ളം കളിക്കൊപ്പം ടൂറിസം വകുപ്പുണ്ടാകുമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ്. വള്ളംകളി സംഘടിപ്പിക്കുന്നത് നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി ആണെന്നും വള്ളംകളി സംഘടിപ്പിക്കുമ്പോള്‍ എല്ലാവിധ സഹകരണങ്ങളും ടൂറിസം വകുപ്പ് നല്‍കുമെന്നും, ഒരുകോടി രൂപയാണ് സാമ്പത്തിക സഹായമായി ടൂറിസം വകുപ്പ് നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

◾ മലയാള സിനിമയുടെ യശസ്സുയര്‍ത്തുന്നതില്‍ വലിയ പങ്കുവഹിച്ച നടനാണ് മോഹന്‍ലാലെന്നും മോഹന്‍ലാലിനോട് കേരളം കടപ്പെട്ടിരിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാള ചലച്ചിത്ര കലാകാരനെന്ന അടിസ്ഥാന മേല്‍വിലാസത്തില്‍ നിന്നുകൊണ്ടുതന്നെ ദേശീയ ചലച്ചിത്രകാരനായി ഉയര്‍ന്നുനില്‍ക്കുന്ന നടനാണ് മോഹന്‍ലാലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാലിന് ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‌കാരം സമ്മാനിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

◾ സാംസ്‌കാരിക കേരളത്തിലെ ഇന്നത്തെ സംഭവഗതികള്‍ കേരളത്തിന്റെ സാംസ്‌കാരിക മനസിനെ നൊമ്പരപ്പെടുത്തുന്നെന്ന് സി.പി.ഐ. നേതാവും മുന്‍മന്ത്രിയുമായ സി. ദിവാകരന്‍. സിനിമാ ലോകത്തെ സംഭവങ്ങള്‍ കൈയ്യുംകെട്ടി നോക്കിയിരുന്ന് സര്‍ക്കാര്‍ ആസ്വദിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

◾ സംസ്ഥാനത്തിന് 500 മെഗാവാട്ടിന്റെ കോള്‍ ലിങ്കേജ് ലഭിച്ചെന്ന് കെഎസ്ഇബി . 500 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ കല്‍ക്കരി കേന്ദ്ര കല്‍ക്കരി മന്ത്രാലയം കേരളത്തിന് ലഭ്യമാക്കും. ശക്തി ബി4 പദ്ധതിയുടെ ഭാഗമായാണ് കേന്ദ്രം കേരളത്തിന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ വൈദ്യുതോത്പാദനത്തിനായി കല്‍ക്കരി ലഭ്യമാക്കുന്നതെന്നും കെഎസ്ഇബി അറിയിച്ചു.

◾ ലൈംഗികാതിക്രമ ആരോപണം നേരിടുന്ന നടനും എം.എല്‍.എയുമായ എം മുകേഷിന്റെ വീട്ടില്‍ തെളിവെടുപ്പ്. കൊച്ചി മരടിലെ വീട്ടിലാണ് തെളിവെടുപ്പ് നടന്നത്. മുകേഷിനെതിരെ ലൈംഗികാതിക്രമ പരാതി ഉന്നയിച്ച നടിയെ വീട്ടിലെത്തിച്ചാണ് പൊലീസ് തെളിവെടുപ്പ് നടത്തുന്നത്. നേരത്തെ അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടും വീടിന്റെ താക്കോല്‍ മുകേഷ് കൈമാറിയിരുന്നില്ല. ഇതോടെ അന്വേഷണ സംഘം കഴിഞ്ഞ ദിവസം വീട്ടില്‍ എത്തിയെങ്കിലും പരിശോധന നടത്താനാകാതെ മടങ്ങിയിരുന്നു.

◾ കുറ്റാരോപിതനായ മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് എം വി ഗോവിന്ദന്‍ . ധാര്‍മ്മികതയുടെ പേരില്‍ രാജിവെച്ചാല്‍ കുറ്റവിമുക്തനായാല്‍ തിരിച്ചുവരവിന് അവസരം ഉണ്ടാകില്ലെന്നതും എംവി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.

◾ നടന്‍ മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നിലപാടിനെ തള്ളി ആനി രാജ. ഇടതു പക്ഷം എന്നാല്‍ സ്ത്രീപക്ഷമാണ്. മറ്റുള്ളവര്‍ എന്ത് ചെയ്തു എന്നു നോക്കിയല്ല നടപടി എടുക്കേണ്ടത്. രാജ്യത്തെ മറ്റുള്ളവര്‍ക്ക് കൂടെ മാതൃകയാവണം കമ്മ്യൂണിസ്റ്റുകാരെന്നും ആനി രാജ പറഞ്ഞു.

◾ ലൈംഗികാതിക്രമക്കേസില്‍ ആരോപണവിധേയനായ നടന്‍ മുകേഷ് എം.എല്‍.എയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനിടെ സംഘര്‍ഷം. മാധ്യമപ്രവര്‍ത്തകര്‍ക്ക് ലാത്തിയടിയേറ്റ് പരിക്കേറ്റു.

◾ അന്തരിച്ച നടന്‍ മാമുക്കോയയ്ക്കെതിരായ ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാമര്‍ശത്തില്‍ പരാതിനല്‍കി മാമുക്കോയയുടെ മകന്‍ നിസാര്‍ മാമുക്കോയ. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് അദ്ദേഹം പരാതി നല്‍കിയത്. അപവാദപ്രചാരണം നടത്തിയതിന് നടപടി സ്വീകരിക്കണമെന്നാണ് നിസാറിന്റെ പരാതിയില്‍ പറയുന്നത്.

◾ സംവിധായകന്‍ തുളസിദാസിനെതിരെ പരാതി നല്‍കിയ നടിയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. വീഡിയോ കോള്‍ വഴി ഓണ്‍ലൈന്‍ ആയാണ് മൊഴിയെടുത്തത്. അമ്മയ്ക്ക് നല്‍കിയ പരാതിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ അന്വേഷണസംഘത്തോട് പറഞ്ഞതായി അവര്‍ അറിയിച്ചു.

◾ നടിയുടെ ലൈംഗിക അതിക്രമ പരാതിയില്‍ നടന്‍ മണിയന്‍പിള്ള രാജു കോടതിയെ സമീപിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കുള്ള ഹര്‍ജി നല്‍കിയത്. ഫോര്‍ട്ടുകൊച്ചി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഹര്‍ജി. അതേസമയം, കേസ് പരിഗണിക്കാനായി സെപ്റ്റംബര്‍ ആറിലേക്ക് മാറ്റി.

◾ യുവാവിന്റെ നഗ്നചിത്രങ്ങള്‍ സംവിധായകന്‍ തനിക്ക് അയച്ചുതന്നെന്ന ആരോപണം നിഷേധിച്ച് നടി രേവതി. രഞ്ജിത്തിനെയും തന്നെയും ഉള്‍പ്പെടുത്തി മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തനിക്ക് അറിയാമെന്ന് രേവതി പറഞ്ഞു.

◾ ഫെഫ്ക പ്രതികരിക്കാന്‍ വൈകിയത് മൗനം പാലിക്കല്‍ അല്ലെന്നും ഫെഫ്കക്ക് കീഴിലുള്ള മറ്റു യൂണിയനുകളുടെ അഭിപ്രായം തേടേണ്ടിയിരുന്നുവെന്നും ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എല്ലാവരുടെയും പേരുകള്‍ പുറത്തുവരണമെന്നാണ് ഫെഫ്കയുടെ നിലപാട്. കുറ്റം ചെയ്തെന്ന് തെളിഞ്ഞാല്‍ എത്ര ഉന്നതനായാലും സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളേക്കുറിച്ച് ഫെഫ്ക സംഘടനയിലെ ഓരോ യൂണിയനുകളും കൃത്യമായി വിലയിരുത്തണമെന്ന് ബി. ഉണ്ണിക്കൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

◾ സംവിധായകരും നിര്‍മാതാക്കളും നടന്മാരുമുള്‍പ്പെടെ മലയാള സിനിമയില്‍ നിന്ന് 28 പേര്‍ മോശമായി പെരുമാറിയെന്ന് നടി ചാര്‍മിള. അര്‍ജുനന്‍ പിള്ളയും അഞ്ച് മക്കളും എന്ന സിനിമയുടെ ഒരു നിര്‍മാതാവ് സുഹൃത്തുക്കള്‍ക്കൊപ്പം ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നും താന്‍ വഴങ്ങുമോ എന്ന് സംവിധായകന്‍ ഹരിഹരന്‍ തന്റെ സുഹൃത്തായ നടന്‍ വിഷ്ണുവിനോടാണ് ചോദിച്ചെന്നും തയ്യാറല്ലെന്ന് പറഞ്ഞതോടെ 'പരിണയം' സിനിമയില്‍ നിന്ന് തന്നെയും വിഷ്ണുവിനെയും ഒഴിവാക്കിയെന്നും ചാര്‍മിള പറഞ്ഞു.

◾ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഞെട്ടിച്ചുവെന്ന് നടി അമലാപോള്‍. വളരെ അസ്വസ്ഥതയുളവാക്കുന്നതാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍. ഒരിക്കലും പ്രതീക്ഷിക്കാത്തവര്‍ക്കെതിരായാണ് ആരോപണങ്ങളെന്ന് അറിഞ്ഞതായും ഇതിനൊരു ന്യായീകരണമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു.

◾ പ്രതിപക്ഷനേതാവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കടുത്ത ആരോപണങ്ങളുമായി മുതിര്‍ന്ന കോണ്‍ഗ്രസ് വനിതാ നേതാവ് സിമി റോസ്ബെല്‍ ജോണ്‍. നേതാക്കളോട് അടുപ്പമുള്ളവര്‍ക്ക് മാത്രമേ അവസരങ്ങള്‍ ലഭിക്കുന്നുള്ളൂ എന്നും സിനിമയിലേതിന് സമാനമായ 'കാസ്റ്റിങ് കൗച്ച്' കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കകത്തുമുണ്ടെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി അവര്‍ പറഞ്ഞു.

◾ സിപിഎമ്മില്‍ പവര്‍ ഗ്രൂപ്പുണ്ടെന്ന വി.ഡി സതീശന്റെ ആരോപണം സംബന്ധിച്ച്, എഐസിസി മുന്‍ അംഗം സിമി റോസ്ബെലിന്റെ ചാനല്‍ അഭിമുഖം കണ്ടിട്ട് പ്രതികരിക്കണമെന്ന് എം.വി ഗോവിന്ദന്‍. എഐസിസി മുന്‍ അംഗം സിമി റോസ്ബെല്‍ ഉന്നയിച്ച ആരോപണങ്ങള്‍ നിരത്തിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

◾ കളമശേരി എച്ച്എംടി ജംക്ഷനില്‍ സ്വകാര്യ ബസ് കണ്ടക്ടറെ ബസിനുള്ളില്‍ കയറി യുവാവ് കുത്തിക്കൊന്നു. ഇടുക്കി രാജകുമാരി കഞ്ഞിക്കുഴി മറ്റത്തില്‍ വീട്ടില്‍ അനീഷ് പീറ്ററിനെ (25) ആണ് കൊലപ്പെടുത്തിയത്. അനീഷിനെ കുത്തിയ ശേഷം ഓടി രക്ഷപ്പെട്ട കളമശേരി ഗ്ലാസ്ഫാക്ടറി നഗര്‍ ചാമപ്പറമ്പില്‍ മിനൂപിനെ (തൊപ്പി-35) വൈകിട്ട് മുട്ടത്തു നിന്നു പൊലീസ് പിടികൂടി. പ്രതിയുടെ കൂടെ താമസിച്ചിരുന്ന യുവതിയുമായി മരിച്ച അനീഷിന് ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമായതെന്ന് റിപ്പോര്‍ട്ടുകള്‍.

◾ കയര്‍ കഴുത്തില്‍ കുരുങ്ങി ഏഴു വയസുകാരന് ദാരുണാന്ത്യം. മണ്ണാര്‍ക്കാട് എടത്തനാട്ടുകര ചിരട്ടക്കുളത്ത് ആലാടിപ്പുറം അനില്‍കുമാറിന്റെ മകന്‍ ആദിത്യദേവാണ് മരിച്ചത്. വീട് പണി നടക്കുന്ന സ്ഥലത്ത് മറ്റ് കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങുകയായിരുന്നു.

◾ ഹേമാ കമ്മിറ്റിക്ക് സമാനമായ ഒരു സംവിധാനം തെലങ്കാനയിലും രൂപീകരിക്കണമെന്നും തെലുങ്ക് സിനിമയിലെ ലൈംഗികാതിക്രമ സംഭവങ്ങള്‍ പുറത്തുകൊണ്ടുവരണമെന്നും നടി സാമന്ത. ഇതുവഴി തെലുങ്ക് സിനിമയിലെ സ്ത്രീകള്‍ക്ക് സുരക്ഷിതത്വമുള്ള ജോലി ഉറപ്പാക്കാനാകുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

◾ മഹാരാഷ്ട്രയില്‍ പശുമാംസം കൈവശംവെച്ചെന്ന് ആരോപിച്ച് വൃദ്ധന് ട്രെയിനില്‍ ക്രൂരമര്‍ദനം. നാസിക് ജില്ലയിലെ ഇഗത്പുരിയിലാണ് സംഭവം. ധൂലെ എക്‌സ്പ്രസില്‍ യാത്രചെയ്യുകയായിരുന്ന ജല്‍ഗാവ് സ്വദേശിയായ ഹാജി അഷ്‌റഫ് മുന്‍യാറാണ് അക്രമത്തിനിരയായത്.

◾ ലാവോസില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ നടത്തുന്ന സംഘം തടവിലാക്കിയ 47 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി. ബൊക്കിയോ പ്രവിശ്യയിലെ സൈബര്‍ സ്‌കാം സെന്ററുകളില്‍ കുടുങ്ങിക്കിടന്ന ഇന്ത്യക്കാരെയാണ് രക്ഷപ്പെടുത്തിയത്. ലാവോസിലെ ഇന്ത്യന്‍ എംബസ്സിയാണ് ഇക്കാര്യം അറിയിച്ചത്.

◾ ഹരിയാണയിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഒക്ടോബര്‍ ഒന്നില്‍നിന്ന് അഞ്ചിലേക്ക് മാറ്റി. വോട്ടെണ്ണല്‍ തീയതിയിലും മാറ്റമുണ്ട്. നേരത്തെ ഒക്ടോബര്‍ നാലിന് നിശ്ചയിച്ചിരുന്ന ജമ്മു കശ്മീര്‍- ഹരിയാണ സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ എട്ടിലേക്കാണ് മാറ്റിയത്.

◾ കര്‍ഷകരുടെ സമരം 200 ദിവസം പിന്നിട്ട ഇന്നലെ കര്‍ഷകരുടെ സമരവേദിയിലെത്തി ഗുസ്തി താരം വിനേഷ് ഫോഗട്ട്. കര്‍ഷകരാണ് രാജ്യത്തിന്റെ ചാലകശക്തിയെന്നും അവരില്ലാതെ ഒന്നും നടക്കില്ലെന്നും അത്‌ലറ്റുകള്‍ പോലും ഉണ്ടാകില്ലെന്നും അവര്‍ ഊട്ടിയില്ലെങ്കില്‍ മത്സരിക്കാന്‍ കഴിയില്ലെന്നും ഇവരെ കേള്‍ക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു. കഴിഞ്ഞ 200 ദിവസമായി കര്‍ഷകര്‍ ഇവിടെ ഇരിക്കുന്ന കാഴ്ച വല്ലാത്ത വേദനയുണ്ടാക്കുന്നതാണെന്നും വിനേഷ് ഫോഗട്ട് കൂട്ടിച്ചേര്‍ത്തു.

◾ പാരീസ് പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് അഞ്ചാംമെഡല്‍. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ എസ്എച്ച് 1 ഇനത്തില്‍ റുബീന ഫ്രാന്‍സിസ് വെങ്കലം നേടി. ഇത്തവണത്തെ പാരാലിമ്പിക്‌സില്‍ ഷൂട്ടിങ് ഇനത്തില്‍ ഇന്ത്യ നേടുന്ന നാലാം മെഡലാണിത്.

◾ ഡ്യൂറന്‍ഡ് കപ്പ് ഫുട്ബോള്‍ കിരീടം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്. ഇന്നലെ നടന്ന കലാശപ്പോരില്‍ 18-ാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ കരുത്തരായ മോഹന്‍ ബഗാനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3 ന് കീഴടക്കിയാണ് നോര്‍ത്ത് ഈസ്റ്റ് തങ്ങളുടെ കന്നി ഡ്യൂറന്‍ഡ് കപ്പ് കിരീടം സ്വന്തമാക്കിയത്.

◾ എയര്‍ഇന്ത്യ- വിസ്താര ലയനത്തോടെ എയര്‍ഇന്ത്യ ഇടംപിടിക്കാന്‍ പോകുന്നത് ലോകത്തെ വലിയ എയര്‍ലൈന്‍ ഗ്രൂപ്പുകളുടെ പട്ടികയില്‍. ലയന നടപടികള്‍ പൂര്‍ത്തിയാവുന്നതോടെ സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് എയര്‍ഇന്ത്യയില്‍ 25.1 ശതമാനം ഓഹരി പങ്കാളിത്തം ഉണ്ടാവും. വിസ്താരയില്‍ എയര്‍ഇന്ത്യയുടെ ഉടമയായ ടാറ്റ ഗ്രൂപ്പിന് 51 ശതമാനം ഓഹരി പങ്കാളിത്തമാണ് ഉള്ളത്. ശേഷിക്കുന്നത് സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ കൈയിലാണ്. ലയന നടപടികളുടെ തുടര്‍ച്ചയെന്നോണം നവംബര്‍ 12 മുതലുള്ള യാത്രയ്ക്കായി വിസ്താരയില്‍ ഉപഭോക്താക്കള്‍ക്ക് ബുക്കിങ് നടത്താന്‍ കഴിയില്ലെന്ന് ടാറ്റ എസ്‌ഐഎ എയര്‍ലൈന്‍സ് അറിയിച്ചു. നവംബര്‍ 12 മുതല്‍ എയര്‍ ഇന്ത്യ ബ്രാന്‍ഡില്‍ ആയിരിക്കും സര്‍വീസ്. വിസ്താര വിമാനങ്ങള്‍ സര്‍വീസ് നടത്തുന്ന റൂട്ടുകളിലേക്കുള്ള ബുക്കിങ് എയര്‍ ഇന്ത്യയുടെ വെബ്സൈറ്റിലേക്ക് റീഡയറക്ട് ചെയ്യുമെന്നും കമ്പനി അറിയിച്ചു.

◾ ആന്റണി വര്‍ഗീസ് നായകനായി വരാനിരിക്കുന്ന ചിത്രം 'കൊണ്ടല്‍' ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടു. ഗാനം ആലപിച്ചിരിക്കുന്നതും ആന്റണി വര്‍ഗീസാണ്. വിനായക് ശശികുമാര്‍ വരികള്‍ എഴുതിയപ്പോള്‍ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് സാം സി എസ്സാണ്. സംവിധാനം നിര്‍വഹിക്കുന്നത് അജിത് മാമ്പള്ളി ആണ്. കടല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്നതാണ് കൊണ്ടല്‍. കൊണ്ടലിന്റെ പ്രധാന ഒരു ഹൈലൈറ്റെന്ന് പറയുന്നത് കടലില്‍ വെച്ച് ചിത്രീകരിച്ചആക്ഷന്‍ രംഗങ്ങള്‍ ആണ്. ഓണം റിലീസായിട്ടാണ് കൊണ്ടല്‍ സിനിമ പ്രദര്‍ശനത്തിനെത്തുക. കന്നഡയില്‍ നിന്നുള്ള താരം രാജ് ബി ഷെട്ടിക്ക് പുറമേ ഷബീര്‍ കല്ലറക്കല്‍, നന്ദു, മണികണ്ഠന്‍ ആചാരി, പ്രമോദ് വലിയനാട്, ശരത് സഭ, അഭിറാം രാധാകൃഷ്ണന്‍, പി എന്‍ സണ്ണി, സിറാജുദ്ദീന്‍ നാസര്‍, നെബിഷ് ബെന്‍സണ്‍, ആഷ്ലി, രാഹുല്‍ രാജഗോപാല്‍, അഫ്‌സല്‍ പി എച്ച്, റാം കുമാര്‍, രാഹുല്‍ നായര്‍, ഉഷ, കനക കൊനശനദ്, ജയ കുറുപ്പ്, പുഷ്മ കുമാരി എന്നിവരും അഭിനയിക്കുന്നുണ്ട്.

◾ റിലീസ് ചെയ്ത് പതിനഞ്ച് ദിവസങ്ങള്‍കൊണ്ട് പാ രഞ്ജിത്ത്- വിക്രം ചിത്രം 'തങ്കലാന്‍' 100 കോടി ക്ലബ്ബില്‍. ഓഗസ്റ്റ് 15 നായിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് അധിനിവേശകാലത്ത് സ്വര്‍ണം ഖനനം ചെയ്യാനിറങ്ങുന്ന മനുഷ്യരുടെ ജീവിതവും അതിജീവനവുമാണ് തങ്കലാന്റെ പ്രമേയം. ഒരിടവേളയ്ക്ക് ശേഷം ഗംഭീര പ്രകടനമായിരുന്നു ചിത്രത്തില്‍ വിക്രം കാഴ്ചവെച്ചത്. കൂടെ മലയാളത്തില്‍ നിന്ന് ഗംഗമ്മ എന്ന കഥാപാത്രമായി പാര്‍വതി തിരുവോത്തും ആരതി എന്ന കഥാപാത്രമായി മാളവിക മോഹനനും മികവുറ്റ പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെച്ചത്. പശുപതി, ഹരി കൃഷ്ണന്‍, അന്‍പു ദുരൈ തുടങ്ങീ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ജി. വി പ്രകാശ്കുമാറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഗോകുലം മൂവീസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത്.

Post a Comment

0 Comments