2024 | ഓഗസ്റ്റ് 10 | ശനി|
1199 | കർക്കടകം 26 | ചിത്തിര
1446 | സഫർ | 04.
➖➖➖➖➖➖➖➖
◾ ബ്രസീലില്‍ വിമാനം തകര്‍ന്നുവീണ് 62 പേര്‍ മരിച്ചു. സാവോപോളോയിലേക്ക് പോയ വിമാനമാണ് ബ്രസീലിലെ വിന്‍ഹെഡോയില്‍ തകര്‍ന്നുവീണത്. 58 യാത്രക്കാരും നാല് ക്രൂ അംഗങ്ങളുമുള്‍പ്പെടെ 62 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം തകര്‍ന്നു വീണത് ജനവാസ മേഖലയിലായതിനാല്‍ ഒട്ടേറെ വീടുകളും തകര്‍ന്നു.
◾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വയനാട് ദുരന്തമേഖല സന്ദര്‍ശിക്കും. രാവിലെ 11 മണിക്ക് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചേരുന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രിയും ഗവര്‍ണറും ചേര്‍ന്ന് സ്വീകരിക്കും. അവിടെ നിന്നും ഹെലികോപ്റ്ററില്‍ വയനാട്ടിലേക്ക് തിരിക്കുന്ന നരേന്ദ്ര മോദി ദുരന്ത ബാധിത പ്രദേശങ്ങള്‍ ഹെകികോപ്റ്ററില്‍ ഇരുന്ന് കാണും. പിന്നീട് കല്‍പ്പറ്റയില്‍ എത്തുന്ന പ്രധാനമന്ത്രി റോഡ് മാര്‍ഗവും ചൂരല്‍മലയിലെത്തും. ചികിത്സയില്‍ കഴിയുന്നവരെയും ക്യാമ്പുകളില്‍ ഉള്ളവരെയും അദ്ദേഹം കാണും. ഇതിനു ശേഷമാകും കലക്ടറേറ്റിലെ അവലോകന യോഗം. ദുരിതബാധിതരുടെ പുനരധിവാസത്തിന് 2000 കോടിയുടെ പ്രത്യേക പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെടാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. നരേന്ദ്ര മോദിക്ക് ഒപ്പം കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ഉണ്ടാകും.
◾ വയനാട് സന്ദര്‍ശിക്കുന്ന നരേന്ദ്ര മോദിക്ക് നന്ദിയറിയിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇതൊരു നല്ല തീരുമാനം ആണെന്നും ഉരുളെടുത്ത പ്രദേശം കണ്ടാല്‍ തന്നെ അവിടത്തെ ദുരന്തവ്യാപ്തി തിരിച്ചറയുമെന്നും ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്ന് കരുതുന്നുവെന്നും രാഹുല്‍ എക്സില്‍ കുറിച്ചു.
◾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങളുള്ളതിനാല്‍ മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിത പ്രദേശങ്ങളില്‍ ഇന്ന് തിരച്ചില്‍ ഉണ്ടായിരിക്കില്ലെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ അറിയിച്ചു. സന്നദ്ധ പ്രവര്‍ത്തകര്‍ക്കും തിരച്ചിലുമായി ബന്ധപ്പെട്ടുള്ളവര്‍ക്കും ദുരന്തബാധിത പ്രദേശങ്ങളില്‍ പ്രവേശനം ഉണ്ടായിരിക്കുന്നതല്ലെന്നും ഞായറാഴ്ച ജനകീയ തിരച്ചില്‍ പുനരാരംഭിക്കുമെന്നും കളക്ടര്‍ അറിയിച്ചു.
◾ വയനാട് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കാലാവസ്ഥാ മാറ്റം പരിഗണിച്ചുള്ള നയരൂപീകരണമുണ്ടാകണം. പുനരധിവാസത്തില്‍ കോണ്‍ഗ്രസും യു.ഡി.എഫും സര്‍ക്കാരിനൊപ്പം നില്‍ക്കും എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു .
◾ വയനാട് ദുരന്തത്തിന്റെ പതിനൊന്നാം ദിവസം 4 മൃതദേഹം കൂടി കണ്ടെത്തി. കാണാതായത് 133 പേരെന്ന് ഔദ്യോഗിക കണക്ക്. ജനകീയ തെരച്ചില്‍ നടന്ന മേഖലയില്‍ നിന്ന് വേറെ മൃതദേഹങ്ങളൊന്നും കണ്ടെത്താനായില്ല. ജനകീയ തെരച്ചിലില്‍ എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്സ്, പോലിസ് വിഭാഗങ്ങള്‍ക്കൊപ്പം റവന്യു വകുപ്പ് ജീവനക്കാരും പ്രദേശവാസികളും ജനപ്രതിനിധികളും സന്നദ്ധപ്രവര്‍ത്തകരും അണിനിരന്നു.
◾ വയനാട് ഉരുള്‍പൊട്ടല്‍ മേഖലയില്‍ നടത്തിയ ജനകീയ തെരച്ചിലില്‍ ആനയടികാപ്പില്‍ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങള്‍ പിപിഇ കിറ്റ് ഇല്ലാത്തതിനാല്‍ എയര്‍ ലിഫ്റ്റ് ചെയ്യാനായില്ല. തെരച്ചിലിന് ഇറങ്ങിയ 8 എട്ടുപേരെ അവിടെ നിന്ന് എയര്‍ ലിഫ്റ്റ് ചെയ്തിരുന്നു. മൃതദേഹങ്ങള്‍ അഴുകിയ നിലയിലാണെന്നും സന്നദ്ധ പ്രവര്‍ത്തകര്‍ അറിയിച്ചു. സമയം വൈകിയതിനാല്‍ മൃതദേഹങ്ങള്‍ ഇന്നലെ എയര്‍ ലിഫ്റ്റ് ചെയ്യാന്‍ സാധിക്കില്ലെന്ന് ജില്ലാ ഭരണകൂടം പ്രതികരിച്ചു.
◾ ദുരന്തത്തിന് നേരിട്ടോ അല്ലാതെയോ ഇരകളായ വിദ്യാര്‍ത്ഥികള്‍ക്ക് 'എക്‌സാം ഓണ്‍ ഡിമാന്‍ഡ്' സംവിധാനം നടപ്പിലാക്കാന്‍ സര്‍വകലാശാലകള്‍ക്ക് നിര്‍ദ്ദേശം നല്‍കി മന്ത്രി ഡോ. ആര്‍. ബിന്ദു. കല്‍പ്പറ്റ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍വകലാശാലകള്‍ സെമസ്റ്റര്‍ പരീക്ഷകള്‍ നടത്തുന്ന ഘട്ടത്തില്‍, ദുരന്തത്തിന്റെ ആഘാതത്തില്‍നിന്നും മോചിതരാകാത്ത കുട്ടികള്‍ക്കുവേണ്ടി അവര്‍ ആവശ്യപ്പെടുന്ന സമയത്ത് പരീക്ഷകള്‍ നടത്തുന്നതാണ് സംവിധാനം.
◾ വയനാട് ജില്ലയിലെ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് അടിയന്തര ധനസഹായം എത്തിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. പ്രദേശത്തെ ദുരന്തബാധിതരായ, ജീവനോപാധി നഷ്ടപ്പെട്ട കുടുംബത്തിലെ പ്രായപൂര്‍ത്തിയായ ഒരു വ്യക്തിക്ക് 300/- രൂപ വീതം ദിവസവും നല്‍കും. ഒരു കുടുംബത്തിലെ രണ്ട് വ്യക്തികള്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാവുക. കിടപ്പുരോഗികളോ ആശുപത്രിയില്‍ ദീര്‍ഘനാള്‍ ചികിത്സയില്‍ കഴിയുന്ന രോഗികളോ ഉള്ള കുടുംബങ്ങള്‍ക്ക് ഈ ആനുകൂല്യം കുടുംബത്തില്‍ മൂന്ന് പേര്‍ക്ക് എന്ന നിലയില്‍ നല്‍കും. 30 ദിവസത്തേക്കാണ് ഈ തുക നല്‍കുക.
◾ വയനാട് ദുരന്തത്തില്‍ ക്യാമ്പില്‍ കഴിയുന്ന ഓരോ കുടുംബത്തിനും അടിയന്തര ധനസഹായമായി പതിനായിരം രൂപ വീതം അനുവദിക്കും. മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ ദുരന്തത്തെ തുടര്‍ന്ന് ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് മറ്റൊരു വാസസ്ഥലത്തേക്ക് തിരിച്ചു പോകുമ്പോള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലോ മറ്റു പൊതു ഉടമസ്ഥതയിലോ മാറാന്‍ കഴിയും വിധമുള്ള താമസ സൗകര്യം ഒരുക്കാനാകുമോ എന്നതില്‍ കളക്ടറുടെ റിപ്പോര്‍ട്ട് ആവശ്യപെട്ടിട്ടുണ്ട്.
◾ വയനാട് ദുരന്തത്തില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ എത്രയും വേഗം നല്‍കാന്‍ അദാലത്തുകള്‍ സംഘടിപ്പിക്കും. പാഠപുസ്തകവും ലാപ്ടോപ്പ് അടക്കമുള്ള ഡിജിറ്റല്‍ പഠനസാമഗ്രികളും നഷ്ടപ്പെട്ടവര്‍ക്ക് അവ നല്‍കാന്‍ സംവിധാനമുണ്ടാക്കും. ഈ പ്രവര്‍ത്തങ്ങള്‍ കോളേജ് വിദ്യാഭ്യാസ വകുപ്പും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് ഏകോപിപ്പിക്കും എന്നും മന്ത്രി പറഞ്ഞു .
◾ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂരില്‍ ഓണത്തിന് നടത്താറുള്ള പ്രശസ്തമായ പുലിക്കളിയും, കുമ്മാട്ടിക്കളിയും ഉള്‍പ്പെടെയുള്ള ഓണാഘോഷങ്ങള്‍ ഒഴിവാക്കാന്‍ ഇന്നലെ ചേര്‍ന്ന കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗം തീരുമാനിച്ചു. കേരളം ഇന്നുവരെ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ദുരന്തങ്ങളിലൊന്ന് വയനാട്ടിലുണ്ടായ സാഹചര്യത്തില്‍ ആഘോഷപരിപാടികള്‍ ഒഴിവാക്കാന്‍ കൂട്ടായ തീരുമാനം എടുക്കുകയായിരുന്നുവെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു.
◾ വയനാട് ഉരുള്‍പൊട്ടല്‍ ഉണ്ടായതിനു കാരണം കര്‍ഷകരല്ലെന്നും ആഗോള താപനം, നിബിഢ വനമേഖലയിലുണ്ടായ അതിതീവ്ര മഴ തുടങ്ങിയവയാണ് കാരണമെന്നും സിറോ മലബാര്‍ സഭ തലശ്ശേരി അതിരൂപത ബിഷപ്പ് ജോസഫ് പാംപ്ലാനി. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെയും കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെയും എതിര്‍ത്ത മുന്‍ നിലപാടില്‍ മാറ്റമില്ലെന്നും ഈ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കാത്തതാണ് ദുരന്തത്തിന് കാരണമെന്ന വാദം ദുരന്തത്തെ നിസാരവത്കരിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. പാറമട ഖനനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ഇത്തരം മേഖലയില്‍ തടസമുണ്ടായില്ലെന്നത് വിരോധാഭാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ വയനാട്ടിലും കോഴിക്കോടും, പാലക്കാടും മലപ്പുറത്തും ഭൂമിക്കടിയില്‍ നിന്ന് പ്രകമ്പനമുണ്ടായതായി റിപ്പോര്‍ട്ട്. രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവംനടന്നത്. അതേസമയം തൃശൂര്‍ ജില്ലയിലെ ചാവക്കാട് ഉച്ചതിരിഞ്ഞ് 3.15 ഓടെയാണ് മുഴക്കം ഉണ്ടായതെന്ന് പറയുന്നു. വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയതായി ജില്ലാ ഭരണകൂടങ്ങള്‍ അറിയിച്ചു.
◾ വയനാട്ടില്‍ എവിടെയും ഭൂകമ്പം ഉണ്ടായിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി ഡയറക്ടര്‍ ഒപി മിശ്ര പറഞ്ഞു. വയനാട്ടില്‍ ഭൂമി പാളികളുടെ നീക്കം ആണ് ഉണ്ടായതെന്നും ഇതുമൂലമായിരിക്കാം പ്രകമ്പനം അനുഭവപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. സാധാരണഗതിയില്‍ ഉരുള്‍പൊട്ടലിന് ശേഷം ഇത്തരം നീക്കങ്ങള്‍ ഉണ്ടാകാറുണ്ടെന്നും അതില്‍ ഉണ്ടായ ശബ്ദമാണ് കേട്ടതെന്നും കേരളത്തില്‍ സ്ഥാപിച്ചിട്ടുള്ള ഒരു ഭൂകമ്പമാപിനിയിലും കേരളത്തിലോ വയനാട്ടിലോ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
◾ പ്രകൃതിദുരന്തങ്ങള്‍ ഒഴിവാക്കുന്നതിന് കേരളത്തിലാകെ പരിസ്ഥിതി ഓഡിറ്റിങ് നടത്തേണ്ടതുണ്ടെന്ന് ഹൈക്കോടതി. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സ്വമേധയാ എടുത്ത ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ച് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. അതേസമയം വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കാന്‍ അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണ കുറുപ്പ് സമയംതേടി.
◾ ജലജീവന്‍ മിഷന്‍ പദ്ധതിക്കായി കേരളത്തിന്റെ വിഹിതമായ 285 കോടി രൂപ ധനവകുപ്പ് അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍. ഗ്രാമീണ മേഖലയില്‍ സമ്പൂര്‍ണ കുടിവെള്ള വിതരണം ചെയ്യുന്നതിനുള്ള ജലജീവന്‍ മിഷന്‍ പദ്ധതിക്ക് വേണ്ടി കേന്ദ്ര വിഹിതമായ 292 കോടി രൂപ കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു. ഇതോടെ 573 കോടി രൂപ പദ്ധതിക്കായി ലഭിച്ചു.
◾ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം എന്നീ അഞ്ച് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പന്ത്രണ്ടാം തീയതി പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും 13ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
◾ ജാമ്യം കിട്ടേണ്ട കേസില്‍ മകനെ പൊലീസ് അന്യായമായി കസ്റ്റഡിയില്‍ വെക്കുന്നുവെന്ന് പൊലീസിനെതിരെ പരാതിയുമായി യുട്യൂബര്‍ അജു അലക്സിന്റെ അമ്മ. ഫേസ്ബുക്ക് പേജിലൂടെ മകന്‍ പറഞ്ഞ കാര്യങ്ങളില്‍ തെറ്റില്ലെന്നും അമ്മ മേഴ്സി പറഞ്ഞു. മോഹന്‍ലാല്‍ ദുരന്തഭൂമിയില്‍ പോയി സെല്‍ഫിയെടുത്തത് അടക്കമാണ് മകന്‍ ചോദ്യം ചെയ്തത്. മോഹന്‍ലാലിനെ പ്രീതിപ്പെടുത്താനാണ് സിദ്ദീഖ് പരാതിയുമായി ഇറങ്ങിയതെന്നും അമ്മ മേഴ്സി പറഞ്ഞു.
◾ യുട്യൂബര്‍ അജു അലക്സിന് ജാമ്യം. തിരുവല്ല പൊലീസ് ആണ് അജുവിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത്. നേരത്തെ, യൂട്യൂബറുടെ കൊച്ചി ഇടപ്പള്ളിയിലെ താമസ സ്ഥലത്തുനിന്നും കമ്പ്യൂട്ടര്‍ അടക്കം എല്ലാ ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തിരുന്നു.
◾ മോഹന്‍ലാലിനെയെന്നല്ല അമ്മയിലെ ഒരംഗത്തിനേയും വ്യക്തിപരമായി അധിക്ഷേപിക്കാന്‍ സമ്മതിക്കില്ലെന്ന് അമ്മ ജനറല്‍ സെക്രട്ടറി സിദ്ദീഖ്. വയനാട് ദുരന്തമേഖലയില്‍ സന്ദര്‍ശനം നടത്തുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്ത നടന്‍ മോഹന്‍ലാലിനെ 'ചെകുത്താന്‍' എന്ന പേരുള്ള തന്റെ ചാനലിലൂടെ യൂട്യൂബര്‍ അജു അലക്സ് അധിക്ഷേപിച്ചിരുന്നു. ഇതിനെതിരേ പോലീസില്‍ പരാതി നല്‍കിയതിനെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സിദ്ദീഖ്.
◾ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്‍ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ സഹതടവുകാരന്‍ അറസ്റ്റില്‍. പാലക്കാട് സ്വദേശിയായ എഴുപത്തിയാറുകാരന്‍ വേലായുധനെയാണ് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഊന്നുവടി കൊണ്ടുളള അടിയേറ്റ് കോളയാട് സ്വദേശിയായ തടവുകാരന്‍ കരുണാകരന്‍ (86) കൊല്ലപ്പെട്ടത്.
◾ എറണാകുളം നെട്ടൂരില്‍ കായലില്‍ വീണ് കാണാതായ പ്ലസ് ടു വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി. നെട്ടൂര്‍ ബീച്ച് സോക്കര്‍ പരിസരത്ത് വാടകയ്ക്ക് താമസിക്കുന്ന മുതിരപറമ്പ് വീട്ടില്‍ ഫിറോസ് ഖാന്റെ മകള്‍ ഫിദ (16) ആണ് മരിച്ചത്. മത്സ്യത്തൊഴിലാളികളുടെ വലയില്‍ മൃതദേഹം കുടുങ്ങുകയായിരുന്നുവെന്നാണ് വിവരം.
◾ ഏകാധിപത്യവും ഫാസിസവും ഒരിക്കലും വിജയിക്കില്ലെന്നും അതിനെതിരായി ഇന്ത്യന്‍ ജനത പ്രതികരിച്ചതിന് ഉദാഹരണമാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഫലമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല . കെപിസിസി ആസ്ഥാനത്ത് നടന്ന ക്വിറ്റ് ഇന്ത്യ അനുസ്മരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.
◾ രാജ്യ സഭയില്‍ സമാജ്വാദി പാര്‍ട്ടി എംപി ജയ ബച്ചനും രാജ്യസഭ അധ്യക്ഷന്‍ ജഗദീപ് ധന്‍കറും തമ്മില്‍ വാക്കേറ്റം. ചെയര്‍മാന്റെ ശരീര ഭാഷ ശരിയല്ലെന്ന് ജയബച്ചനും, സെലിബ്രിറ്റിയായതുകൊണ്ട് ജയ ബച്ചന്‍ വായില്‍ തോന്നിയത് പറയരുതെന്നും, മര്യാദ കെട്ട പരാമര്‍ശം അസഹനീയമാണെന്നും ധന്‍കറും പറഞ്ഞു. നിങ്ങളുടെ സംസാരരീതി ശരിയല്ല എന്ന് ജയ ബച്ചന്‍ പറഞ്ഞതോടെ ജയ ബച്ചന്‍ നടിയാണെങ്കില്‍ താന്‍ സഭയിലെ സംവിധായകനാണെന്നും, സംവിധായകന്‍ പറയുന്നത് കേള്‍ക്കണമെന്നും ധന്‍കര്‍ പറഞ്ഞു.
◾ രാജ്യസഭ ചെയര്‍മാന്‍ ജഗദീപ് ധന്‍കറിനെതിരെ ഇംപീച്ച്മെന്റ് നീക്കവുമായി പ്രതിപക്ഷം. ജയാ ബച്ചനുമായി ധന്‍കര്‍ നടത്തിയ വാക്കേറ്റത്തിന് പിന്നാലെയാണ് പ്രതിപക്ഷ നീക്കം. പ്രതിപക്ഷത്തെ നിരന്തരം അപമാനിക്കുന്ന ധന്‍കറെ നീക്കണമെന്നാണ് ആവശ്യം. പ്രമേയത്തിന്മേലുള്ള നീക്കം തുടങ്ങിയതോടെ സമ്മേളനം വെട്ടിച്ചുരുക്കി രാജ്യസഭ പിരിഞ്ഞു.
◾ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ കീഴില്‍ നിര്‍മ്മിക്കുന്ന വീടുകളുടെ മുന്നില്‍ പദ്ധതിയുടെ ലോഗോ പ്രദര്‍ശിപ്പിക്കണമെന്ന നിബന്ധനയില്‍ മാറ്റമില്ലെന്ന് കേന്ദ്ര ഭവന നഗരകാര്യ മന്ത്രി തൊഖാന്‍ സാഹു രാജ്യസഭയില്‍ അറിയിച്ചു. ബ്രാന്റിംഗ് നല്‍കുന്നത് വിവേചനത്തിന് ഇടയാക്കും എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം. അതോടൊപ്പം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് നാല് വിഭാഗങ്ങളിലായാണ് സഹായം അനുവദിക്കുന്നതെന്ന് കേന്ദ്ര ഭവന നഗരകാര്യ മന്ത്രി വ്യക്തമാക്കി.
◾ ഒളിംപിക്‌സ് സമാപന ചടങ്ങില്‍ പി ആര്‍ ശ്രീജേഷ് ഇന്ത്യന്‍ പതാക വഹിക്കും. ജാവലിന്‍ ത്രോയില്‍ വെള്ളി സമ്മാനിച്ച നീരജ് ചോപ്രയോട് സംസാരിച്ചതിന് ശേഷമാണ് തീരുമാനം എന്ന് പി ടി ഉഷ വ്യക്തമാക്കിയിരുന്നു. ശ്രീജേഷിന്റെ പേര് അങ്ങോട്ട് നിര്‍ദേശിക്കാന്‍ ഇരിക്കുകയായിരുന്നു എന്ന് നീരജ് മറുപടി പറഞ്ഞതായി ഉഷ പറഞ്ഞു. ഇന്ത്യന്‍ ഹോക്കിക്ക് ശ്രീജേഷ് നല്‍കിയ സംഭാവനയ്ക്കുള്ള ആദരമെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനും വ്യക്തമാക്കി.
◾ ആന്ധ്ര പ്രദേശില്‍ ഗൂഗിള്‍ ക്യാംപസ് സ്ഥാപിക്കാന്‍ ധാരണ. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് ഇക്കാര്യം അറിയിച്ചത്. ഗൂഗിളിന്റെ യൂട്യൂബ് അക്കാദമിയാണ് അമരാവതിയില്‍ തുടങ്ങുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
◾ പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിക്കിടെയുണ്ടായ അറസ്റ്റ് നടപടിയില്‍ കേന്ദ്ര സര്‍ക്കാരിനും ദില്ലി പൊലീസിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ നേതാവ് ആനി രാജ. ആദ്യമായാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു അസാധാരണ നടപടിയുണ്ടാകുന്നത്. പലസ്തീന്‍ എന്ന പേരുകേള്‍ക്കുമ്പോള്‍ ഹാലിളകുന്ന മോദി സര്‍ക്കാര്‍ ഇസ്രായേലിനെ പ്രീതിപ്പെടുത്താന്‍ പൊലീസ് സഹായത്തോടെ പ്രവര്‍ത്തകരെ ബലമായി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ആനി രാജ ആരോപിച്ചു.
◾ മദ്യനയ കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ മുന്‍ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ജയിലില്‍ നിന്ന് പുറത്തിറങ്ങി. 17 മാസത്തോളം തിഹാര്‍ ജയിലില്‍ തടവില്‍ കഴിഞ്ഞശേഷമാണ് പുറത്തിറങ്ങുന്നത്. എഎപി പ്രവര്‍ത്തകരും നേതാക്കളും സ്വീകരിക്കാനെത്തിയിരുന്നു. ജയിലിന് പുറത്തുള്ള പ്രവര്‍ത്തകരെ സിസോദിയ അഭിവാദ്യം ചെയ്തു. ജയിലിന് പുറത്തിറങ്ങിയ സിസോദിയ കെജ്രിവാളിന് ജയ് വിളിച്ചു. ഭരണഘടനയുടെ വിജയമാണിതെന്നും പിന്തുണയ്ക്ക് നന്ദിയെന്നും സിസോദിയ പറഞ്ഞു.
◾ ഇറാഖില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 9 വയസാക്കാനും ആണ്‍കുട്ടികളുടെ വിവാഹപ്രായം 15 വയസാക്കാനും തീരുമാനം. നിയമഭേദഗതി ഉടന്‍ ദേശീയ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. പുതിയ നീക്കം ഇറാഖിനെ പിന്നോട്ടടിക്കുമെന്ന് മനുഷ്യാവകാശസംഘടനയായ ഹ്യൂമന്‍ റൈറ്റ് വാച്ച് പറഞ്ഞു. പെണ്‍കുട്ടികളുടെ ആരോഗ്യം വിദ്യാഭ്യാസം ക്ഷേമപ്രവര്‍ത്തനങ്ങള്‍ എന്നിവയെ നിയമഭേദഗതി ബാധിക്കുമെന്ന് മനുഷ്യാവകാശ സംഘടനകളും ആരോപിക്കുന്നു.
◾ ഇറാന്‍ ഇസ്രയേലിനെ ആക്രമിച്ചേക്കുമെന്ന യു.എസ്. മുന്നറിയിപ്പുകള്‍ക്കിടെ ടെല്‍ അവീവിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ. ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള വിമാനസര്‍വീസുകളാണ് റദ്ദാക്കിയത്. യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും തിരിച്ചുനല്‍കുമെന്നും എയര്‍ ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു .
◾ പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് ആറാം മെഡല്‍. പുരുഷന്‍മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ അമന്‍ ഷെറാവത്താണ് ഇന്ത്യയ്ക്കായി വെങ്കലം നേടിയത്. പോര്‍ട്ടറിക്കോ താരത്തെ വീഴ്ത്തിയാണ് അമന്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയത്.
◾ ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സില്‍ ഇന്നലെ നടന്ന 4x400 മീറ്റര്‍ റിലേയില്‍ ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകള്‍ ഫൈനല്‍ കാണാതെ പുറത്തായി. ആദ്യ റൗണ്ടിലെ രണ്ടാം ഹീറ്റ്‌സില്‍ മത്സരിച്ച ഇന്ത്യന്‍ പുരുഷ റിലേ ടീമിന് നാലാം സ്ഥാനത്തേ ഫിനിഷ് ചെയ്യാനായുള്ളൂ. അതേസമയം ആദ്യ റൗണ്ടിലെ രണ്ടാം ഹീറ്റ്‌സില്‍ മത്സരിച്ച വനിതാ ടീം ഏറ്റവും അവസാനമാണ് ഫിനിഷ് ചെയ്തത്.
◾ ഭാരപരിശോധനയില്‍ പരാജയപ്പെട്ടെന്നു ചൂണ്ടിക്കാട്ടി ഒളിംപിക്സില്‍നിന്ന് അയോഗ്യയാക്കിയതിനെതിരെ ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീലില്‍ ലോക കായിക തര്‍ക്ക പരിഹാര കോടതിയില്‍ വാദം പൂര്‍ത്തിയായി. വിനേഷ് ഫോഗട്ടിനെ പ്രതിനിധീകരിച്ച് മുന്‍ സോളിസിറ്റര്‍ ജനറല്‍ ഹരീഷ് സാല്‍വെ കോടതിയില്‍ ഹാജരായി. ഒളിംപിക് ഗെയിംസിന്റെ സമാപനച്ചടങ്ങിനു മുന്നോടിയായി വിനേഷ് ഫോഗട്ടിന്റെ അപ്പീലില്‍ വിധി പുറപ്പെടുവിക്കുമെന്ന് കോടതി വ്യക്തമാക്കി.
◾ പാരീസ് ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ ജേതാവായ ഇന്ത്യന്‍ ഹോക്കി താരം പി.ആര്‍ ശ്രീജേഷിന് ഐഎഎസ് നല്‍കണമെന്നാവശ്യപ്പെട്ട് കേരള ഒളിമ്പിക് അസോസിയേഷന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തുനല്‍കി. മറ്റൊരു മലയാളി താരത്തിനും അവകാശപ്പെടാനില്ലാത്ത നേട്ടങ്ങളുടെ പെരുമയാണ് ശ്രീജേഷിന്റെ ഇതിഹാസ തുല്യമായ കായിക ജീവിതത്തിലെന്ന് കത്തില്‍ പറയുന്നു. നിലവില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ജോയിന്റ് ഡയറക്ടറാണ് ശ്രീജേഷ്.
◾ ജൂണില്‍ അവസാനിച്ച ആദ്യപാദത്തില്‍ 76.5 ശതമാനം വളര്‍ച്ചയോടെ 174.23 കോടി രൂപ സംയോജിത അറ്റാദായം നേടി പൊതുമേഖലാ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ 98.65 കോടി രൂപയായിരുന്നു അറ്റാദായം. എന്നാല്‍ തലേ പാദം പരിഗണിച്ചാല്‍ അറ്റാദായത്തില്‍ 32.7 ശതമാനം ഇടിവുണ്ട്. മാര്‍ച്ചില്‍ അവസാനിച്ച അവസാന പാദത്തില്‍ 258 കോടി രൂപയാണ് കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് അറ്റാദായമായി രേഖപ്പെടുത്തിയത്. ആദ്യപാദത്തിലെ സംയോജിത വരുമാനം മുന്‍വര്‍ഷത്തെ സമാനകാലയളവിലെ 559.85 കോടി രൂപയില്‍ നിന്നും 855.48 കോടി രൂപയായി ഉയര്‍ന്നു. 52.81 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതില്‍ 526.69 കോടി രൂപയും കപ്പല്‍ നിര്‍മാണത്തില്‍ നിന്നും 244.77 കോടി രൂപ അറ്റകുറ്റപ്പണിയില്‍ നിന്നും ലഭിച്ചു. തൊട്ടുമുന്നത്തെ പാദത്തില്‍ 1,366.17 കോടി രൂപയായിരുന്നു സംയോജിത വരുമാനം. ഇവിടെ 37.38 ശതമാനം കുറവ് രേഖപ്പെടുത്തി. മികച്ച രീതിയില്‍ മുന്നേറുന്ന കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ഓഹരികള്‍ കഴിഞ്ഞ ആറ് മാസത്തിനിടെ 174 ശതമാനം റിട്ടേണ്‍ നല്‍കിയിരുന്നു. നിലവില്‍ കമ്പനിയുടെ വിപണിമൂല്യം 62,996 കോടി രൂപയാണ്.
◾ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കവര്‍ന്ന താരങ്ങളാണ് സിദ്ദിഖ്, മനോജ് കെ ജയന്‍, ബൈജു സന്തോഷ് എന്നിവര്‍. ഇവര്‍ ഒരുമിച്ചൊരു സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുക എന്നത് മലയാളികള്‍ക്ക് എന്നും ആവേശം പകരുന്ന കാര്യമാണ്. തന്റെ കഥാപാത്രങ്ങളെ അനായാസം കൈകാര്യം ചെയ്യുന്ന ഇവര്‍ ഇതിനോടകം ഒരുപിടി മികച്ച ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. ഇപ്പോഴിതാ ജീത്തു ജോസഫ് സംവിധാനം നിര്‍വഹിക്കുന്ന 'നുണക്കുഴി'യിലൂടെ ശക്തവും ശ്രദ്ധേയവുമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് പ്രേക്ഷകരുടെ മുന്നിലേക്ക് ഇവര്‍ വീണ്ടും എത്തുകയാണ്. ഔട്ട് ആന്റ് ഔട്ട് കോമഡി ഫാമിലി എന്റര്‍ടെയ്നര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം ഈ മാസം 15നാണ് തിയറ്ററുകളിലെത്തുക. ബേസില്‍ ജോസഫും ഗ്രേസ് ആന്റണിയുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. അജു വര്‍ഗീസ്, സൈജു കുറുപ്പ്, അല്‍ത്താഫ് സലിം, നിഖില വിമല്‍, ലെന, സ്വാസിക, ബിനു പപ്പു, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സെല്‍വരാജ്, ശ്യാം മോഹന്‍, ദിനേശ് പ്രഭാകര്‍, കലാഭവന്‍ യുസഫ്, രാജേഷ് പറവൂര്‍, റിയാസ് നര്‍മ്മകല, അരുണ്‍ പുനലൂര്‍, ശ്യാം തൃക്കുന്നപുഴ, സന്തോഷ് ലക്ഷ്മണന്‍, കലാഭവന്‍ ജിന്റോ, സുന്ദര്‍ നായക് തുടങ്ങിയവരും ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളായെത്തുന്നത്. കെ ആര്‍ കൃഷ്ണകുമാറാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്.
0 Comments