പ്രഭാത വാർത്തകൾ2024 | ഓഗസ്റ്റ് 11 | ഞായർ| morning news today

പ്രഭാത വാർത്തകൾ
2024 | ഓഗസ്റ്റ് 11 | ഞായർ| 
1199 | കർക്കടകം 27 | ചോതി 
1446 | സഫർ | 05.
➖➖➖➖➖➖➖➖

◾ വയനാട്ടിലെ ദുരിതബാധിതര്‍ ഒറ്റക്കല്ലെന്നും കേന്ദ്രം കേരളത്തിനൊപ്പമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. വയനാട്ടിലേത് സാധാരണദുരന്തമല്ലെന്നും ദുരിതബാധിതരെ സഹായിക്കുന്നതിനാണ് പ്രഥമപരിഗണനയെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രം സാധ്യമായ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. പണമില്ലാത്തതിന്റെ പേരില്‍ ഒരു പ്രവര്‍ത്തനവും നിലച്ചുപോകില്ലെന്നും സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ശ്രമിക്കുമെന്നും പറഞ്ഞ പ്രധാനമന്ത്രി ദുരന്തത്തെ തടയാനാകില്ലെന്നും എന്നാല്‍, ദുരിതബാധിതരുടെ ഭാവി നമ്മുടെ ഉത്തരവാദിത്വമാണെന്നും കൂട്ടിച്ചേര്‍ത്തു. ദുരന്തമേഖലകളും ക്യാമ്പുകളും സന്ദര്‍ശിച്ച ശേഷം കളക്ട്രേറ്റില്‍ നടന്ന അവലോകനയോഗത്തില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.

◾ വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ ദുരന്തഭൂമി സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ സന്ദര്‍ശനം വെള്ളാര്‍മല സ്‌കൂള്‍ റോഡിലായിരുന്നു. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വെള്ളാര്‍മല ജിവിഎച്ച്എസ് സ്‌കൂളും പ്രദേശത്ത് തകര്‍ന്ന വീടുകളും പ്രധാനമന്ത്രി വാഹനത്തിലിരുന്ന് ആദ്യം കണ്ടു. ഇതിനുശേഷം വെള്ളാര്‍മല സ്‌കൂളിലെത്തിയ മോദി സ്‌കൂളിലെ കുട്ടികളെക്കുറിച്ച് ചോദിച്ചറിഞ്ഞു. ചൂരല്‍മലയിലെ ദുരന്ത മേഖല സന്ദര്‍ശിച്ചശേഷം പ്രധാനമന്ത്രി ബെയ്‌ലി പാലത്തിലേക്ക് കയറി. പാലത്തിലൂടെ നടന്ന പ്രധാനമന്ത്രി രക്ഷാദൗത്യത്തില്‍ പങ്കാളികളായ ഉദ്യോഗസ്ഥരുമായി സംസാരിച്ചു. കൂടാതെ എന്‍ഡിആര്‍എഫ്, എസ്ഒജി ഉദ്യോഗസ്ഥരുമായും സംസാരിച്ചു. ദുരന്തത്തിന്റെ വ്യാപ്തിയും നാടിന്റെ വേദനയും നേരിട്ടറിഞ്ഞാണ് പ്രധാനമന്ത്രി ചൂരല്‍മലയില്‍ നിന്ന് മേപ്പാടിയിലേക്ക് പോയത്. മേപ്പാടി സെന്റ് ജോസഫ്‌സ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയ പ്രധാനമന്ത്രി ക്യാമ്പിലെ ഒമ്പതുപേരുമായി കൂടിക്കാഴ്ച നടത്തി. ദുരിതാശ്വാസ ക്യാമ്പിലെ സന്ദര്‍ശനത്തിനുശേഷം മേപ്പാടിയിലെ വിംസ് ആശുപത്രിയിലും പ്രധാനമന്ത്രി എത്തി. ദുരന്തത്തില്‍ അകപ്പെട്ട് ആശുപത്രിയില്‍ കഴിയുന്ന നാലുപേരെ പ്രധാനമന്ത്രി കണ്ടു. ആശുപത്രിയിലുള്ള ദുരന്തബാധിതരെ ആശ്വസിപ്പിച്ച പ്രധാനമന്ത്രി ആരോഗ്യപ്രവര്‍ത്തകരെയും കണ്ടു  വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

◾ വയനാട് ദുരിതത്തില്‍ നാശനഷ്ടങ്ങളുടെ വിശദമായ മെമ്മോറാണ്ടം സമര്‍പ്പിക്കാന്‍  നിര്‍ദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എത്ര വീടുകള്‍ തകര്‍ന്നു, എത്ര നാശനഷ്ടം ഉണ്ടായി, ഏത് രീതിയില്‍ ജനങ്ങളുടെ പുനരധിവാസം നടത്താനുദ്ദേശിക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിശദമായ കണക്കുകള്‍ ഉള്‍പ്പെട്ട മെമ്മോറാണ്ടമാണ് സമര്‍പ്പിക്കേണ്ടത്. ഇത് സഹായം പ്രഖ്യാപിക്കുന്നതിന് മുന്‍പുള്ള നടപടിക്രമങ്ങളുടെ ഭാഗമാണ്. കേരളത്തിനൊപ്പമുണ്ടെന്നും പണം തടസ്സമാകില്ലെന്നും സഹായം ലഭ്യമാക്കുമെന്നും ഇന്നലെ കളക്ടേറ്റില്‍ നടന്ന അവലോകന യോഗത്തില്‍ പ്രധാനമന്ത്രി അറിയിച്ചു. ദുരന്തത്തില്‍പ്പെട്ടവരുടെ ഭാവി സംരക്ഷിക്കുകയെന്നത് നമ്മുടെ ഉത്തരവാദിത്തമാണെന്നും പ്രധാനമന്ത്രി അവലോകനയോഗത്തില്‍ പറഞ്ഞു. വയനാട് സന്ദര്‍ശനത്തിന് ശേഷം ഹെലികോപ്റ്ററില്‍ കണ്ണൂരിലേക്ക് പോയ പ്രധാനമന്ത്രി അവിടെ നിന്നും ദില്ലിയിലേക്ക് മടങ്ങി. മുന്‍ നിശ്ചയിച്ചതിനേക്കാള്‍ 2 മണിക്കൂറോളം അധികം ദുരന്തമേഖലയില്‍ ചെലവിട്ടതിന് ശേഷമാണ് മോദിയുടെ മടക്കം.

◾ ദുരന്തത്തെക്കുറിച്ചും നിലവിലെ സാഹചര്യത്തെക്കുറിച്ചും പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. പ്രാഥമിക വിവരങ്ങള്‍ അടങ്ങിയ നിവേദനം മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി. കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടിലുണ്ടായതെന്നും പ്രാഥമിക സഹായവും ദീര്‍ഘകാല സഹായവും വയനാടിന് ആവശ്യമാണെന്നും പ്രധാനമന്ത്രിക്ക് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.

◾ വയനാട് ഉരുള്‍പ്പൊട്ടലിനെ ദേശീയ ദുരന്തമായി കാണണമെന്നും, പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍  ആവശ്യപ്പെട്ടതായി മന്ത്രിസഭാ ഉപസമിതി. വയനാട്ടില്‍ ദേശീയ ദുരന്തം ഉണ്ടായ സ്ഥലത്തെ തിരച്ചില്‍, കെട്ടിടാവശിഷ്ടം നീക്കല്‍, ക്യാംപുകള്‍ തുടരാനുള്ള സഹായം എന്നിവ നല്‍കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍  അഭ്യര്‍ത്ഥിച്ചു. പുനര്‍നിര്‍മ്മാണം, തൊഴില്‍, വിദ്യാഭ്യാസം എന്നിവയില്‍ സഹായം നല്‍കുന്നത് പരിഗണിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി. ഉരുള്‍പ്പൊട്ടലിലുണ്ടായ നാശനഷ്ടങ്ങളില്‍ കൂടുതല്‍ കൃത്യമായ കണക്കുകള്‍ ഉള്‍പെടുത്തി പ്രധാനമന്ത്രിക്ക് മെമ്മോറാണ്ടം നല്‍കും. തിങ്കളാഴ്ച ഡൗണ്‍സ്ട്രീം കേന്ദ്രീകരിച്ച് പൂര്‍ണ തിരച്ചിലുണ്ടാകുമെന്നും വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ മേഖലയില്‍ തുടരുന്ന മന്ത്രിസഭാ ഉപസമിതി അറിയിച്ചു.

◾ വയനാട്ടിലെ ദുരിതബാധിതര്‍ക്കായി വേണ്ടതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നല്‍കിയെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ഹൃദയം വിങ്ങിയാണ് പ്രധാനമന്ത്രി മടങ്ങിയതെന്നും സുരേഷ് ഗോപി  പ്രതികരിച്ചു. മുമ്പെങ്ങുമില്ലാത്ത വിധം ഈ ദുരന്തം പരിഗണിക്കപ്പെടുമെന്നും സുരേഷ് ഗോപി പറഞ്ഞു.

◾ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വയനാടിന് പ്രത്യേക സാമ്പത്തിക പാക്കേജ് കേന്ദ്രം നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പ്രധാനമന്ത്രിയുടെ സന്ദര്‍ശന ശേഷം അതില്‍ പ്രതീക്ഷയുണ്ട്. വ്യക്തമായ മുന്നറിയിപ്പ് നല്‍കാന്‍ സംവിധാനമുണ്ടാക്കണം. പുനരധിവാസം ഉറപ്പാക്കണം. ഭാവിയില്‍ ദുരന്തങ്ങളില്‍ ഇത്രയും ജീവന്‍ നഷ്ടപ്പെടില്ലെന്ന് ഉറപ്പു വരുത്തണമെന്നും വിഡി സതീശന്‍ പറഞ്ഞു.

◾ വയനാട് ദുരന്തത്തില്‍ മരിച്ച നാലുപേരുടെ മൃതദേഹങ്ങള്‍കൂടി ഇന്നലെ ലഭിച്ചതായി മന്ത്രി കെ. രാജന്‍. ഇതോടെ ദുരന്തത്തില്‍ 427 പേര്‍ മരിച്ചെന്നും ഇനിയും 130 പേരെ കണ്ടെത്താനുണ്ടെന്നും ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവരുടെ പുനരധിവാസം എത്രയും പെട്ടെന്ന് സാധ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. 

◾ തെക്കന്‍ കേരള - ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മുതല്‍ 14 വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നാണ് മുന്നറിയിപ്പ്. അതേസമയം കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല.

◾ സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. നാളെ  പത്തനംതിട്ട, ഇടുക്കി ജില്ലകളിലും, 13ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും ഓറഞ്ച് അലര്‍ട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

◾ നടന്‍ മോഹന്‍ലാലിനെതിരായ അധിക്ഷേപവീഡിയോയുടെ പേരില്‍ അറസ്റ്റിലായ യൂട്യൂബര്‍ അജു അലക്സിനെതിരെ കൂടുതല്‍ നടപടി വന്നേക്കും. വയനാട്ടിലെ ദുരന്തഭൂമിയിലെത്തിയ മോഹന്‍ ലാലിനെതിരെ ഫേസ്ബുക്ക് പേജിലൂടെ നടത്തിയ പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി അജു പ്രതികരിച്ചതിന് പിന്നാലെയാണ് പൊലീസും കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് അറിയിച്ചത്.

◾ നവകേരള സദസ്സിന്റെ പ്രചാരണത്തിന് ഹോര്‍ഡിംഗുകള്‍ വച്ച വകയില്‍ 2കോടി 46 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. 364 ഹോര്‍ഡിംഗുകളാണ് സ്ഥാപിച്ചിരുന്നത്. 55 ലക്ഷം രൂപയ്ക്ക് പിആര്‍ഡി ആദ്യം തയ്യാറാക്കിയ എസ്റ്റിമേറ്റ് പിന്നീട് ഉയരുകയായിരുന്നു. പ്രതിസന്ധികാലത്ത് സര്‍ക്കാര്‍ ധൂര്‍ത്തെന്ന പ്രതിപക്ഷ ആരോപണം നിലനില്‍ക്കെയാണ് ചെലവുകളുടെ കണക്ക് ഒരോന്നായി പുറത്ത് വരുന്നത്.

◾ ഗതാഗതവകുപ്പുമന്ത്രി കെ.ബി. ഗണേഷ്‌കുമാറുമായുള്ള തര്‍ക്കത്തിനൊടുവില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ സ്ഥാനത്തുനിന്ന് എസ്. ശ്രീജിത്തിനെ മാറ്റി. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഇരുവരും തമ്മില്‍ തുടങ്ങിയ തര്‍ക്കം ഒന്നിലേറെ തവണ വാക്പോരിലേയ്ക്ക് നീങ്ങിയിരുന്നു. അഭിപ്രായഭിന്നത രൂക്ഷമായതിന് ശേഷം മന്ത്രി വിളിച്ച പലയോഗങ്ങളിലും കമ്മിഷണര്‍ പങ്കെടുത്തിരുന്നില്ല. ഉന്നതരുടെ പോരില്‍ മോട്ടോര്‍വാഹനവകുപ്പ് അനിശ്ചിതാവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കെയാണ് കമ്മിഷണറെ മാറ്റിയത്.

◾ മലയാളി യുവാക്കളെ ലാവോസിലെ ചൈനീസ് കമ്പനിക്ക് വിറ്റ കേസില്‍ പളളുരുത്തി സ്വദേശി ബാദുഷായെ കൊച്ചി തോപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തു. നേരത്തെ കേസില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേരളത്തില്‍  നിന്ന് കയറ്റി അയക്കുന്നവരെ ലാവോസില്‍ എത്തിയ ശേഷം തട്ടിപ്പ് കേന്ദ്രത്തിലേക്ക് കൈമാറിയിരുന്നത് ബാദുഷയാണ്. നേരത്തെ അറസ്റ്റിലായ പളളുരുത്തി സ്വദേശി അഫ്സര്‍ അഷറഫിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ കിട്ടിയ വിവരങ്ങളാണ് ബാദുഷയുടെ അറസ്റ്റിലേക്ക് നയിച്ചത്. പളളുരുത്തി സ്വദേശികളായ ആറു യുവാക്കളെയാണ് പണം വാങ്ങി ജോലി വാഗ്ദാനം ചെയ്ത് ലാവോസില്‍ എത്തിച്ച് ചൈനീസ് കമ്പനിയ്ക്ക് വിറ്റത്.

◾ ഹിന്‍ഡന്‍ ബര്‍ഗ് റിസര്‍ച്ചിന്റെ പുതിയ വെളിപ്പെടുത്തല്‍ പുറത്ത് വന്നു. ഇത്തവണ ആരോപണം സെബി ചെയര്‍പേഴ്‌സണെതിരെ. സെബി ചെയര്‍പേഴ്‌സണ്‍ മാധബി ബുച്ചിനും, ഭര്‍ത്താവിനും അദാനി ഗ്രൂപ്പിലേക്ക് പണമെത്തിയ നിഴല്‍ കമ്പനികളില്‍ നിക്ഷേപമുണ്ടായിരുന്നുവെന്നാണ് ഹിന്‍ഡന്‍ ബര്‍ഗ് കണ്ടെത്തല്‍. അദാനിക്കെതിരായ അന്വേഷണം സെബി മന്ദഗതിയിലാക്കിയതിന് പിന്നില്‍ ഈ ബന്ധമെന്നും ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ടിലുണ്ട്.  

◾ മേല്‍ത്തട്ട് സംവരണം  പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങളില്‍  നടപ്പാക്കില്ലെന്ന കേന്ദ്ര തീരുമാനം വൈകിയെന്ന ആക്ഷേപവുമായി കോണ്‍ഗ്രസ്. സര്‍ക്കാരിന്  ഇക്കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ ഭേദഗതി കൊണ്ടുവന്ന് പ്രശ്നം പരിഹരിക്കാമായിരുന്നുവെന്ന്  മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പറഞ്ഞു. കോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കണമെന്ന് എന്‍ഡിഎയിലെ ഘടകക്ഷിയായ ലോക് ജനശക്തി പാര്‍ട്ടി ആവശ്യപ്പെട്ടു.

◾ എസ് സി എസ്ടി സംവരണത്തിലെ കോടതി വിധിക്കെതിരെ പുനപരിശോധന ഹര്‍ജി നല്‍കണമെന്ന് എന്‍ഡിഎ. ഘടകക്ഷി നേതാവും കേന്ദ്ര മന്ത്രിയുമായ ചിരാഗ് പാസ്വാനാണ് കേന്ദ്രമന്ത്രിസഭായോഗത്തില്‍ ആവശ്യം  ഉയര്‍ത്തിയത് . സംവരണത്തിലെ  മാറ്റങ്ങള്‍ വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ചിരാഗ് വ്യക്തമാക്കി .പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങളിലെ മേല്‍ത്തട്ടുകാരെ തരംതിരിച്ച് സംവരണ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നായിരുന്നു സുപ്രീംകോടതി നിര്‍ദ്ദേശം.

◾ കൊല്‍ക്കത്തയിലെ ആര്‍.ജി കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വനിതാ ഡോക്ടറെ ബലാത്സം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ കടുത്ത നടപടിയുണ്ടാകുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.  അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.  കേസ് അതിവേഗ കോടതി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടതായും, പ്രതികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും  മമത പറഞ്ഞു.

◾ ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. അഹ്ലാന്‍ ഗഡോളില്‍ ഇന്നലെ ഉച്ചയ്ക്കു ശേഷമായിരുന്നു ഏറ്റുമുട്ടല്‍. ഒരു സൈനികനും രണ്ട് സാധാരണക്കാര്‍ക്കും പരിക്കേറ്റു.

◾ ബംഗ്ലാദേശില്‍ സംഭവിച്ചത് ഇന്ത്യയിലും സംഭവിക്കുമെന്ന ചില കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനയെ അപലപിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. ആരുടെയും പേര് അദ്ദേഹം പരാമര്‍ശിച്ചില്ലെങ്കിലും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ സല്‍മാന്‍ ഖുര്‍ഷിദിനെയും മണി ശങ്കര്‍ അയ്യരെയും ലക്ഷ്യമാക്കിയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകളെന്ന് റിപ്പോര്‍ട്ടുകള്‍.

◾ കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ താരലേലം തിരുവനന്തപുരത്ത് നടന്നു. ആറു ടീമുകളും വാശിയോടെയാണ് ലേലത്തില്‍ പങ്കെടുത്തത്. എറണാകുളം സ്വദേശിയായ എം.എസ് അഖിലാണ് ലേലത്തിലെ ഏറ്റവും വില കൂടിയ താരം. 7.4 ലക്ഷം രൂപക്ക് ട്രിവാന്‍ഡ്രം റോയല്‍സാണ് അഖിലിനെ സ്വന്തമാക്കിയത്.

◾ പാരിസ് ഒളിംപിക്സിന് ഇന്ന് സമാപനം. എല്ലാ മത്സരങ്ങളും അവസാനിച്ച ഇന്ത്യ നേടിയത് ആറ് മെഡലുകളാണ്. ഒരു വെള്ളിയും അഞ്ച് വെങ്കലവുമടക്കമാണിത്. ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യ ഏഴ് മെഡല്‍ നേടിയിരുന്നു. നീരജ് ചോപ്ര ജാവലിന്‍ ത്രോയില്‍ വെള്ളി നേടിയതാണ് ഏക വെള്ളി മെഡല്‍ നേട്ടം. മൂന്ന് വെങ്കലമെഡലുകള്‍ ഷൂട്ടിങ്ങില്‍ നിന്നാണ്. ഗുസ്തിയില്‍ നിന്നും ഹോക്കിയില്‍ നിന്നും ഓരോ വെങ്കലം നേടി. അതേസമയം ഗുസ്തി ഫൈനലിനു മുമ്പ് അയോഗ്യയാക്കപ്പെട്ട ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ടിന് അനുകൂലമായി വിധി വന്നാല്‍ മെഡല്‍ നേട്ടം ഏഴാകും.

◾ ഒളിംപിക്‌സില്‍ അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ടിന്റെ അപ്പീലില്‍ ഇന്നലെ വിധി പറഞ്ഞില്ല. ഇന്ന് രാത്രി 9.30 ന് വിധി പറയുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം വിനേഷ് ഫോഗട്ടിന്റെ വാദം കോടതിയില്‍ പൂര്‍ത്തിയായിരുന്നു. വെള്ളി മെഡല്‍ നല്‍കണമെന്നാണ് വിനേഷിന്റെ ആവശ്യം.

◾ ഇന്ത്യയുടെ ആദ്യ വ്യക്തിഗത ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവായ അഭിനവ് ബിന്ദ്രയ്ക്ക് ഒളിംപിക് ഓര്‍ഡര്‍ നല്‍കി അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി. ഒളിംപിക്‌സില്‍ വലിയ സംഭാവനകള്‍ നല്‍കിയ വ്യക്തികളെ ആദരിച്ചുകൊണ്ട് ഐഒസി നല്‍കുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതിയാണ് ഒളിമ്പിക് ഓര്‍ഡര്‍. 2008 ബീജിംഗ് ഒളിംപിക്സില്‍ പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തില്‍ വ്യക്തിഗത ഒളിംപിക്‌സ് സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരനായിരുന്നു അഭിനവ് ബിന്ദ്ര.

◾ ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ഉടമസ്ഥതയിലുള്ള ഗ്ലെന്‍വാക്ക് സ്‌കോച്ച് വിസ്‌കി വിപണി വലുതാക്കാന്‍ ലക്ഷ്യമിട്ട് കൂടുതല്‍ ബ്രാന്‍ഡുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. കഴിഞ്ഞ വര്‍ഷമാണ് താരം മദ്യ വ്യവസായത്തിലേക്ക് കാലെടുത്തു വയ്ക്കുന്നത്. ആദ്യ വര്‍ഷം തന്നെ 5 ലക്ഷം കുപ്പികള്‍ വില്‍ക്കാന്‍ കമ്പനിക്ക് സാധിച്ചിരുന്നു. ഈ വര്‍ഷം വില്പന 18 ലക്ഷം കുപ്പികളിലേക്ക് ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. പ്രീമിയം വിസ്‌കി നിര്‍മാതാക്കളായ കാര്‍ട്ടല്‍ ബ്രോസുമായി ചേര്‍ന്നാണ് സഞ്ജയ് ദത്ത് പുതിയ വ്യവസായത്തിലേക്ക് ചുവടുറപ്പിച്ചത്. 1,500-1,600 നിരക്കില്‍ ഇടത്തരക്കാരെ ലക്ഷ്യം വച്ചുള്ള വില്പന തന്ത്രമാണ് ഗ്ലെന്‍വാക്കിന്റെ വിജയരഹസ്യമെന്ന് താരം പറയുന്നു. വില കുറവുള്ള എന്നാല്‍ പ്രീമിയം ബ്രാന്‍ഡിലുള്ള വിസ്‌കിയെന്ന തോന്നല്‍ ഉണ്ടാക്കിയെടുക്കാന്‍ കമ്പനിക്ക് സാധിച്ചു. പുതിയ വിപണികളിലേക്ക് എത്തുന്നതിന്റെ ഭാഗമായി അടുത്തിടെ ദുബൈയില്‍ കമ്പനി സാന്നിധ്യം അറിയിച്ചിരുന്നു. പഞ്ചാബ്, ഉത്തര്‍പ്രദേശ്, കര്‍ണാടക, തെലങ്കാന, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ് തുടങ്ങി സംസ്ഥാനങ്ങളിലേക്ക് പ്രവേശിക്കാനൊരുങ്ങുകയാണ് ഗ്ലെന്‍വാക്ക്. ചുരുങ്ങിയ സമയത്തിനുള്ളില്‍ 50ഓളം രാജ്യങ്ങളിലും വിസ്‌കി വില്ക്കാന്‍ പദ്ധതിയുണ്ടെന്ന് താരം വ്യക്തമാക്കി. കമ്പനി ആരംഭിച്ച് വെറും നാല് മാസത്തിനുള്ളില്‍ 1,20,000 കുപ്പികള്‍ വിറ്റഴിക്കാന്‍ ഗ്ലെന്‍വാക്കിന് സാധിച്ചിരുന്നു. പുറത്തിറക്കി ആദ്യ മൂന്ന് മാസത്തിനുള്ളില്‍ തന്നെ മഹാരാഷ്ട്രയില്‍ മാത്രം 18 ശതമാനം വിപണി വിഹിതം നേടി മറ്റ് കമ്പനികളെ ഞെട്ടിച്ചു. സ്‌കോട്ടിഷ് വിസ്‌കിയുടെ ഏറ്റവും വലിയ വിപണികളിലൊന്നാണ് ഇന്ത്യ.

◾ ഓണത്തിന് ആഘോഷമായി റിലീസ് ചെയ്യുന്ന 'തെക്ക് വടക്കി'ന്റെ ആദ്യ പോസ്റ്ററിലും നിറയെ ആഘോഷം. വിനായകനും സുരാജ് വെഞ്ഞാറമ്മൂടും ഡാന്‍സ് ചെയ്യുന്ന പോസാണ് ആദ്യ പോസ്റ്ററിലേത്. കസകസ എന്ന ഹാഷ്ടാഗ് മാത്രമാണ് പോസ്റ്ററിലൂടെ സിനിമ സംബന്ധിച്ചുള്ള സൂചന. ജയിലറില്‍ വിനായകന്റെ ഡാന്‍സ് ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. വിനായകനും സുരാജും ചേര്‍ന്ന് സിനിമയില്‍ സൃഷ്ടിക്കുന്ന ആഘോഷത്തിന്റെ സ്വഭാവം പോസ്റ്ററിലും വ്യക്തം. സിനിമയുടേതായി ആമുഖ വീഡിയോകള്‍ പുറത്തു വന്നിരുന്നു. പരസ്പരം മുഖത്തടിക്കുകയും അലറി വിളിക്കുകയും മുഖം തിരിക്കുകയുമൊക്കെ ചെയ്ത ആമുഖ വീഡിയോകള്‍ ഇരുവരും തമ്മിലുള്ള പോരാണ് വെളിപ്പെടുത്തിയത്. സീനിയര്‍ സിറ്റിസണ്‍സിന്റെ വേഷത്തിലേക്ക് ഇരുവരുടേയും മേക്കോവര്‍ ആദ്യ പോസ്റ്ററിലും വ്യക്തം. റിട്ടയേര്‍ഡ് കെഎസ്ഇബി എഞ്ചിനീയര്‍ മാധവനായാണ് വിനായകന്‍ വേഷമിടുന്നത്. സുരാജ് അരിമില്ല് ഉടമ ശങ്കുണ്ണിയും. കോട്ടയം രമേഷ്, മെറിന്‍ ജോസ്, മെല്‍വിന്‍ ജി ബാബു, ഷമീര്‍ ഖാന്‍, വിനീത് വിശ്വം, സ്നേഹ, ശീതള്‍, മഞ്ജുശ്രീ, ബാലന്‍ പാലക്കല്‍, ജെയിംസ് പാറക്കല്‍ തുടങ്ങി മലയാള സിനിമയിലെ പുതിയ ചിരിത്താരങ്ങളാണ് വിനായകനും സുരാജിനുമൊപ്പം അണിനിരക്കുന്നത്. നന്‍പകല്‍ നേരത്ത് മയക്കത്തിനു ശേഷം എസ്. ഹരീഷിന്റെ രചനയില്‍ പ്രേംശങ്കറാണ് സിനിമ സംവിധാനം ചെയ്യുന്നത്. അന്‍ജന ഫിലിപ്പ്, വി.എ ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്ന് രൂപീകരിച്ച അന്‍ജന- വാര്‍സ് ആണ് നിര്‍മ്മാണം.

◾ സ്ഫടികവും ദേവദൂതനും നേടിയ റീ റിലീസ് വിജയങ്ങള്‍ക്ക് പിന്നാലെ മറ്റൊരു മലയാള ചിത്രം കൂടി പ്രേക്ഷകരെ തേടി ബിഗ് സ്‌ക്രീനിലേക്ക് വീണ്ടും എത്തുകയാണ്. മലയാളികള്‍ ഏറ്റവും കൂടുതല്‍ തവണ റിപ്പീറ്റ് വാച്ച് ചെയ്ത ചിത്രങ്ങളില്‍ ഒന്നായ 'മണിച്ചിത്രത്താഴ്' ആണ് അത്. ചിങ്ങം 1 ആയ ഓഗസ്റ്റ് 17 നാണ് ഡിജിറ്റല്‍ റീമാസ്റ്ററിംഗ് നടത്തിയ പതിപ്പ് തിയറ്ററുകളില്‍ എത്തുക. റീ റിലീസിനോടനുബന്ധിച്ച് അണിയറക്കാര്‍ കേരളത്തില്‍ നടത്തിയ പ്രീമിയര്‍ ഷോ കൊച്ചിയിലെ ഫോറം മാളിലെ പിവിആര്‍ ഐനോക്സില്‍ നടന്നു. ചിത്രത്തില്‍ ശ്രീദേവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിനയ പ്രസാദ്, ചിത്രത്തിലെ ചില രംഗങ്ങള്‍ ചിത്രീകരിച്ച സംവിധായകന്‍ സിബി മലയില്‍, എസ് എന്‍ സ്വാമി, നിര്‍മ്മാതാക്കളായ സിയാദ് കോക്കര്‍, സന്ദീപ് സേനന്‍, എവര്‍ഷൈന്‍ മണി, ഷെര്‍ഗ, ഷെനൂജ തുടങ്ങിയവര്‍ പ്രീമിയറിന് എത്തിയിരുന്നു. സംവിധായകന്‍ ഫാസിലും നിര്‍മ്മാതാവ് സ്വര്‍ഗചിത്ര അപ്പച്ചനും റീമാസ്റ്ററിംഗിന് നേതൃത്വം നല്‍കിയ മാറ്റിനി നൌവും ചേര്‍ന്നാണ് ചിത്രം പുറത്തിറക്കുന്നത്. ഇ 4 എന്റര്‍ടെയ്ന്‍മെന്റ് ആണ് വിതരണം.


Post a Comment

0 Comments