2024 | ഓഗസ്റ്റ് 12 | തിങ്കൾ|
1199 | കർക്കടകം 28 | ചോതി
1446| സഫർ | 05.
➖➖➖➖➖➖➖➖
◾ സെബി ചെയര്‍പേഴ്സണ്‍ മാധബി പുരി ബുച്ചിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ വെളിപ്പെടുത്തലില്‍ ചോദ്യങ്ങളുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മാധബി പുരി ബുച്ച് ഇതുവരെ രാജിവെക്കാത്തത് എന്തുകൊണ്ടാണെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. നിക്ഷേപകര്‍ കഠിനാധ്വാനം ചെയ്ത പണം നഷ്ടപ്പെടുകയാണെങ്കില്‍, ആരാണ് ഉത്തരവാദിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോ സെബി ചെയര്‍പേഴ്‌സനോ ഗൗതം അദാനിയോയെന്നും രാഹുല്‍ ചോദിച്ചു. പുതിയതും വളരെ ഗൗരവമേറിയതുമായ ആരോപണങ്ങളുടെ വെളിച്ചത്തില്‍, സുപ്രീം കോടതി ഈ വിഷയം ഒരിക്കല്‍ കൂടി സ്വമേധയാ പരിശോധിക്കുമോയെന്നും എന്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജെപിസി അന്വേഷണത്തെ ഇത്രയധികം ഭയപ്പെടുന്നതെന്നും അത് വെളിപ്പെടുത്തുന്നത് എന്താണെന്നും ഇപ്പോള്‍ വ്യക്തമാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
◾ ഹിന്‍ഡെന്‍ബര്‍ഗ് റിസര്‍ച്ചിന്റെ പുതിയ വെളിപ്പെടുത്തലില്‍ പ്രതിപക്ഷം അന്വേഷണം ആവശ്യപ്പെട്ടു. അദാനിഗ്രൂപ്പുമായി ബന്ധപ്പെട്ട കമ്പനികളുടെ ഓഹരിക്രമക്കേടില്‍ സെബി ചെയര്‍പേഴ്സണ്‍ മാധബി പുരി ബുച്ചിനുനേരേ ഉയര്‍ന്ന ഗുരുതര ആരോപണത്തില്‍ പാര്‍ലമെന്റ് സംയുക്ത സമിതി അന്വേഷിക്കണമെന്നാണ് ഇന്ത്യ സഖ്യത്തിന്റെ ആവശ്യം.
◾ അദാനി കുംഭകോണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിന്മേലുള്ള അന്വേഷണത്തില്‍ തുടരുന്ന വിചിത്രമായ വിമുഖത സുപ്രീം കോടതിയുടെ വിദഗ്ധസമിതിയുടെ ഭാഗത്ത് നിന്ന് മാത്രമല്ലെന്നും ഇത് വളരെക്കാലമായി ശ്രദ്ധിക്കപ്പെടുന്നുണ്ടെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് വ്യക്തമാക്കി. സെബി നടത്തുന്ന അന്വേഷണത്തിലെ എല്ലാ വൈരുധ്യങ്ങളും ഇല്ലാതാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും അഴിമതിയാരോപണത്തിന്റെ യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവരാന്‍ പാര്‍ലമെന്റ് സംയുക്ത സമിതി രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
◾ ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണത്തിനെതിരെ പ്രതികരണവുമായി അദാനി ഗ്രൂപ്പ്. ഹിന്‍ഡന്‍ബര്‍ഗ് ആരോപണം അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണെന്ന് അദാനി ഗ്രൂപ്പ് പ്രതികരിച്ചു. ഇന്ത്യന്‍ നിയമങ്ങള്‍ ലംഘിച്ച ഹിന്‍ഡന്‍ബര്‍ഗ് രക്ഷപ്പെടാന്‍ നടത്തുന്ന നീക്കമാണിതെന്നും അദാനി ഗ്രൂപ്പ് പറയുന്നു. തെളിയിക്കാനാകാത്ത ആരോപണങ്ങള്‍ ഹിന്‍ഡന്‍ബര്‍ഗ് വിണ്ടും ഉന്നയിക്കുകയാണെന്നും മാധബി പുരി ബുച്ചുമായി ബിസിനസ് ബന്ധമില്ലെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി.
◾ ഡിജിറ്റല്‍ ഇടപാട് പ്രോത്സാഹിപ്പിക്കാനും പ്രാദേശികതലത്തില്‍ ബാങ്കിങ് സേവനം മെച്ചപ്പെടുത്താനും വില്ലേജുതലത്തില്‍ വായ്‌പേതര സഹകരണസംഘങ്ങള്‍ക്കും ബാങ്കിങ് പ്രവര്‍ത്തനത്തിന് അനുമതി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍. സംസ്ഥാന -ജില്ലാസഹകരണ ബാങ്കുകളുടെ ബാങ്കിങ് കറസ്‌പോണ്ടന്റായി കാര്‍ഷികഅനുബന്ധമേഖലകളിലായി പ്രവര്‍ത്തിക്കുന്ന എല്ലാവിഭാഗം പ്രാഥമിക സഹകരണസംഘങ്ങളെയും അനുവദിക്കണമെന്നാണ് നിര്‍ദേശം. ക്ഷീരസംഘങ്ങള്‍ക്കടക്കം അനുമതി ലഭിക്കും.
◾ വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല, മേപ്പാടി നിവാസികളുടെ നഷ്ടപ്പെട്ട രേഖകള്‍ വീണ്ടെടുക്കുന്നതിന് മേപ്പാടി ഗവ. ഹൈസ്‌കൂള്‍, സെന്റ് ജോസഫ് യു.പി സ്‌കൂള്‍, മൗണ്ട് താബോര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കും. ദുരന്തത്തില്‍ രേഖകള്‍ നടഷ്ടപ്പെട്ടവര്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു.
◾ വയനാട്ടിലെ ദുരന്തത്തെത്തുടര്‍ന്ന് ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് താല്‍ക്കാലിക പുനരധിവാസത്തിനായുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീയുടെ നേതൃത്വത്തില്‍ അഞ്ചംഗ സമിതി രൂപീകരിച്ചു. തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടര്‍, ഒരു ഡെപ്യൂട്ടി കളക്ടര്‍, പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്നിവര്‍ അംഗങ്ങളും വൈത്തിരി തഹസില്‍ദാര്‍ കണ്‍വീനറുമായ സമിതിയാണ് രൂപീകരിച്ചിട്ടുള്ളത്.
◾ വയനാട് മുണ്ടക്കൈയില്‍ മഴ ശക്തമായതോടെ ഇന്നലത്തെ തെരച്ചില്‍ മൂന്ന് മണിയോടെ അവസാനിപ്പിച്ചു. ഇന്നലത്തെ ജനകീയ തെരച്ചിലില്‍ മൂന്ന് ശരീരഭാഗങ്ങള്‍ കിട്ടിയതായി അധികൃതര്‍ അറിയിച്ചു. പരപ്പന്‍പാറയില്‍ സന്നദ്ധ പ്രവര്‍ത്തകരും ഫോറസ്റ്റ് സംഘവും നടത്തിയ തെരച്ചിലിലാണ് ശരീരഭാഗങ്ങള്‍ കണ്ടെടുത്തത്. പരപ്പന്‍പാറയിലെ പുഴയോട് ചേര്‍ന്നുള്ള ഭാഗത്ത് നിന്ന് രണ്ട് ശരീരഭാഗങ്ങളും പരപ്പന്‍ പാറയിലെ മറ്റൊരു സ്ഥലത്ത് നിന്നും ഒരു ശരീര ഭാഗവുമാണ് കണ്ടുകിട്ടിയത്.
◾ ഉരുള്‍പൊട്ടല്‍ ദുരന്തത്തിനുശേഷമുള്ള പ്രദേശത്തെ അവസ്ഥയും ദുരന്തസാധ്യതകളും വിലയിരുത്തുന്നതിനായി ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ ജോണ്‍ മത്തായി അടങ്ങുന്ന അഞ്ചംഗ വിദഗ്ധസംഘം ചൂരല്‍മല, മുണ്ടക്കൈ, പുഞ്ചിരിമട്ടം, അട്ടമല എന്നീ പ്രദേശങ്ങള്‍ ഈ മാസം 19ന് സന്ദര്‍ശിക്കുമെന്ന് മന്ത്രിമാര്‍ അറിയിച്ചു.
◾ വയനാട് ദുരന്തമേഖലയിലെ ജനകീയ തെരച്ചില്‍ ഇന്നും തുടരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ദുരന്തത്തില്‍ മരിച്ചവരുടെ ഡിഎന്‍എ ഫലങ്ങള്‍ കിട്ടി തുടങ്ങിയെന്നും ഇന്നു മുതല്‍ പരസ്യപ്പെടുത്താമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്നും നാളെയും ചാലിയാറില്‍ വിശദമായ തെരച്ചില്‍ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ 229 പേരുടെ മരണമാണ് ഔദ്യോഗിക കണക്കില്‍ സ്ഥിരീകരിച്ചത്. 178 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. 51 മൃതദേഹവും 200 ഓളം ശരീര ഭാഗങ്ങളും തിരിച്ചറിഞ്ഞില്ല. കാണാതായവരുടെ കരട് പട്ടികയില്‍ ഇപ്പോള്‍ 130 പേരാണ് ഉള്ളത് എന്നും മന്ത്രി വിശദീകരിച്ചു.
◾ വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ പകര്‍ച്ചവ്യാധി വ്യാപനം തടയാന്‍ മുന്‍കരുതല്‍ വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. കല്‍പറ്റ ജനറല്‍ ആശുപത്രിയില്‍ നടന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തില്‍ സംസാരിക്കവെ ക്യാമ്പംഗങ്ങള്‍ക്ക് മാനസിക പിന്തുണ കൊടുക്കുന്ന കൗണ്‍സലര്‍മാരെ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യിക്കണമെന്നും മന്ത്രി പറഞ്ഞു. കൂടാതെ മാതാപിതാക്കളെ നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കണമെന്നും നിലവില്‍ കുഞ്ഞുങ്ങളെല്ലാം അടുത്ത ബന്ധുക്കള്‍ക്കൊപ്പമാണെന്നും മന്ത്രി പറഞ്ഞു.
◾ വയനാട്ടിലെ ദുരിതബാധിതരെ സന്ദര്‍ശിച്ച് വനംമന്ത്രി എകെ ശശീന്ദ്രന്‍. വല്ലാത്തൊരു അനുഭവമായിപ്പോയി എന്നും ഇങ്ങനെയൊരു കാഴ്ചക്ക് സാക്ഷിയാകേണ്ടി വരുമെന്ന് ജീവിതത്തില്‍ ഒരിക്കലും ചിന്തിച്ചതല്ലെന്നും നിറഞ്ഞ കണ്ണുകളോടെ ശശീന്ദ്രന്‍ പറഞ്ഞു. അവരുടെ ചോദ്യത്തിന് ഉത്തരമില്ല. അവരുടെ രക്ഷക്കായി ശ്രമിക്കുക എന്നത് മാത്രമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
◾ സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ നികുതി കൂട്ടാന്‍ സമ്മതിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നികുതി പണം പിരിച്ചെടുക്കുകയാണ് വേണ്ടത്, സിപിഎമ്മിന്റെ പിആര്‍ വര്‍ക്ക് കൊണ്ട് വിശപ്പ് തീരില്ലെന്നും, സംസ്ഥാനം കടന്നു പോകുന്നത് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണെന്നും വിഡി സതീശന്‍ പറഞ്ഞു. ഇനി നികുതി വര്‍ധിപ്പിച്ചാല്‍ ജനങ്ങള്‍ക്ക് ജീവിക്കാന്‍ സാധിക്കില്ല. ധനകാര്യ വകുപ്പ് എല്ലാം വെട്ടി കുറക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ കേരളാ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുല്ലപ്പെരിയാര്‍ ഏകോപന സമിതി ചെയര്‍മാന്‍ അഡ്വക്കേറ്റ് റസ്സല്‍ ജോയ്. മുല്ലപ്പെരിയാറിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കേസുകളില്‍ കോടതിയില്‍ തമിഴ് നാടിന്റെ വാദങ്ങള്‍ ജയിക്കാനാണ് കേരള സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് അഡ്വ. റസ്സല്‍ ജോയ് കുറ്റപ്പെടുത്തി. വിഷയത്തില്‍ ഇടത്-വലത് മുന്നണികള്‍ രാഷ്ട്രീയം കളിക്കുകയാണെന്നും, മുല്ലപെരിയാര്‍ ഡാം ഡീകമ്മിഷന്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുല്ലപ്പെരിയാര്‍ ഏകോപന സമിതി ജനകീയ പ്രതിഷേധം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
◾ മലപ്പുറത്തിന്റെ മലയോര പ്രദേശമായ കരുവാരകുണ്ട് മേഖലയില്‍ ശക്തമായ മഴയെ തുടര്‍ന്ന് മലവെള്ളപ്പാച്ചില്‍. ഒലിപ്പുഴ, കല്ലന്‍ പുഴ തുടങ്ങിയ പുഴയിലും തോടുകളിലുമാണ് വലിയ മലവെള്ളപ്പാച്ചിലുണ്ടായത്. കേന്ദ്ര കാലാവസ്ഥാവകുപ്പ് മലപ്പുറത്തും, പാലക്കാടും ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
◾ ആലപ്പുഴ വണ്ടേപുറം പാട ശേഖരത്തിന് സമീപം കുഴിച്ചുമൂടിയ നിലയില്‍ നവജാത ശിശുവിനെ കണ്ടെത്തിയതായി ആലപ്പുഴ എസ് പി ചൈത്ര തെരേസ സ്ഥിരീകരിച്ചു. കൊല്ലനാടി പാട ശേഖരണം തെക്കേ ബണ്ടില്‍ നിന്നാണ് മൃതശരീരം കണ്ടെത്തിയത്. കുട്ടിയുടെ അമ്മ നിരീക്ഷണത്തിലാണ്. സുഹൃത്തുക്കളായ രണ്ടു പേര്‍ കസ്റ്റഡിയിലുണ്ടെന്നും പൊലീസ് സ്ഥിരീകരിച്ചു. കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിനുശേഷം മാത്രമേ കൊലപാതകമാണോ എന്ന് അറിയാന്‍ കഴിയുകയുള്ളൂ എന്നും പോലീസ് പറഞ്ഞു .
◾ വിലങ്ങാട് ഉരുള്‍പൊട്ടലിന് നൂറില്‍ അധികം പ്രഭവ കേന്ദ്രങ്ങള്‍ എന്ന് കണ്ടെത്തല്‍. ഡ്രോണ്‍ പരിശോധനയിലാണ് വിലങ്ങാട് ഉണ്ടായ ഉരുള്‍പൊട്ടലിന്റെ വ്യാപ്തി വ്യക്തമായത്. ഉരുള്‍പ്പൊട്ടലുണ്ടായ മേഖലയില്‍ ശാസ്ത്രീയ പരിശോധന നടത്തുന്നതിനായി വിദഗ്ധ സംഘം നാളെ സ്ഥലത്ത് എത്തും. മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ നടത്തിയ അവലോകന യോഗത്തിലാണ് ഉരുള്‍പൊട്ടലിന്റെ വ്യാപ്തി വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.
◾ സംസ്ഥാനത്ത് ഈ മാസം14 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത. മണിക്കൂറില്‍ 30-40 കിമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലിന്റെ ഭാഗമായുള്ള ജാഗ്രതാ നിര്‍ദേശവും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും വ്യാപക മഴയ്ക്ക് സാധ്യയെന്നും മുന്നറിയിപ്പുണ്ട്.
◾ കണ്ണൂരില്‍ റെയില്‍വേ ജോലി വാഗ്ദാനംചെയ്ത് കോടികളുടെ തട്ടിപ്പ് നടന്നതോടെ പുതിയ പോസ്റ്ററുമായി റെയില്‍വേ. റെയില്‍വേ നിയമനങ്ങള്‍ യോഗ്യതയ്ക്കനുസരിച്ച് നിയമവിധേയമായി മാത്രമേ ലഭിക്കൂവെന്നാണ് പോസ്റ്റ്. റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ സൈറ്റ് ഓപ്പണായി വരുമ്പോള്‍ ആദ്യം തന്നെ കാണിക്കുന്നത് ഈ മുന്നറിയിപ്പ് പോസ്റ്ററാണ്. കഴിവിന്റെ അടിസ്ഥാനത്തില്‍ മാത്രമേ റെയില്‍വേയില്‍ ജോലി ലഭിക്കുകയുള്ളുവെന്നും. സംശയങ്ങള്‍ക്ക് ഹെല്‍പ്പ് ലൈന്‍ നമ്പറായ 182-ല്‍ വിളിക്കാനും നിര്‍ദേശിക്കുന്നു.
◾ കോഴിക്കോട് താമരശ്ശേരിയില്‍ വീട്ടില്‍ കയറി ആക്രമണം. വീട്ടുടമ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു. വാഹന വില്പനയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് ആക്രമണമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താമരശ്ശേരി ചുങ്കം സ്വദേശി അഷ്റഫിന്റെ വീട്ടിലാണ് 20 ലധികം വരുന്ന സംഘമെത്തി ആക്രമണം നടത്തിയത്.
◾ പത്തനംതിട്ട സീതത്തോട്ടില്‍ കാട്ടുപന്നിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ നഴ്സിന് പരിക്ക്. ചിറ്റാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ നഴ്സ് പ്രിയ പ്രസാദിനാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ സ്‌കൂട്ടറില്‍ ജോലിക്ക് പോകുമ്പോഴാണ് ചിറ്റാറില്‍ വച്ച് കാട്ടുപന്നി ഇടിച്ചു വീഴ്ത്തിയത്. പ്രിയയുടെ കൈക്കും കാലിനും ഗുരുതരമായ പരിക്കുണ്ട്.
◾ കോഴിക്കോട് ജില്ലാ കോടതി സമുച്ചയത്തില്‍ വ്യവഹാരത്തിനെത്തുന്നവര്‍ക്ക് ശുചിമുറി ഉപയോഗിക്കണമെങ്കില്‍ പണം നല്‍കണമെന്ന് പരാതി. മണിക്കൂറുകള്‍ നീളുന്ന കോടതി നടപടിക്രമങ്ങള്‍ക്കിടെ അത്യാവശ്യമായി ആര്‍ക്കെങ്കിലും ശുചിമുറി ഉപയോഗിക്കേണ്ടി വന്നാല്‍ 5, 10 രൂപ നിരക്കിലാണ് ചാര്‍ജ്ജ് ഈടാക്കുന്നതെന്നും പരാതിക്കാര്‍ പറയുന്നു.
◾ സസ്യ ഗവേഷകര്‍ കടലോരമേഖലയില്‍നിന്ന് പുതിയ സസ്യം കണ്ടെത്തി. ചീരയുടെ ഇനത്തില്‍ പെട്ടതാണ് ഈ സസ്യം. പാലക്കാട് ആള്‍മാനിയ ജനുസിലെ രണ്ടാമത്തെ സസ്യ ഇനം കണ്ടെത്തി രണ്ട് വര്‍ഷത്തിന് ശേഷമാണ് പുതിയ കണ്ടെത്തല്‍. 'അള്‍മാനിയ ജാനകീയ' എന്ന് പേരിട്ട സസ്യത്തെ കുറിച്ചുള്ള പഠനം അന്താരാഷ്ട്ര ജേണലായ 'ഫൈറ്റോ ടാക്‌സ'യുടെ ജൂലൈ ലക്കത്തില്‍ പ്രസിദ്ധീകരിച്ചു. ഇത് ഭക്ഷ്യയോഗ്യമാണോ എന്ന കാര്യത്തില്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണെന്നും ഇവര്‍ പറയുന്നു.
◾ കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി അര്‍ജുന് വേണ്ടിയുളള തിരച്ചില്‍ പുനരാരംഭിക്കുന്നതില്‍ തീരുമാനം നാളെയെന്ന് ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ അറിയിച്ചു. നിലവില്‍ വെള്ളത്തിന്റെ അടിയൊഴുക്ക് 5.4 നോട്ട് വേഗതയിലാണ്. ഈ വേഗതയില്‍ ഡ്രഡ്ജിംഗോ, ഡൈവിംഗോ സാധ്യമാകില്ല. പുഴയിലെ ഒഴുക്കിന്റെ വേഗം 3.5 നോട്ടെങ്കിലുമെത്തിയാല്‍ ഡ്രഡ്ജിംഗിന് ശ്രമിക്കുമെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി.
◾ പാലക്കാട് ചിറ്റൂര്‍ നല്ലേപ്പിള്ളിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് ഇരുപത് പേര്‍ക്ക് പരിക്കേറ്റു. കൊഴിഞ്ഞാമ്പാറയില്‍ നിന്നും തൃശൂരിലേക്കും ചിറ്റൂരില്‍ നിന്നും കൊഴിഞ്ഞാമ്പാറയിലേക്കും സഞ്ചരിച്ച സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ബസ് പൊളിച്ചാണ് ഡ്രൈവറെ ഉള്‍പ്പെടെ പുറത്തെടുത്തത്. പരുക്കേറ്റവരെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലും പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
◾ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുലികളി വേണ്ടെന്നുവച്ച തീരുമാനം ഏകപക്ഷീയമെന്ന് സംഘാടക സമിതി ആരോപിച്ചു. കോര്‍പ്പറേഷന്‍ നിലപാട് തിരുത്തണമെന്നും, സംസ്ഥാന സര്‍ക്കാരിന്റെ പ്രസ്താവന തൃശൂര്‍ മേയര്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും സംഘാടക സമിതി. 9 ടീമുകള്‍ പുലികളിക്ക് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞുവെന്നും ഓരോ ടീമും 4 ലക്ഷം രൂപ വീതം ചെലവഴിച്ചുവെന്നും പുലികളി നടത്തിയില്ലെങ്കില്‍ വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്നും, ഇന്ന് ഇത് സംബന്ധിച്ച് ജില്ലാ കളക്ടര്‍ക്കും മേയര്‍ക്കും നിവേദനം നല്‍കുമെന്നും സംഘാടക സമിതി അറിയിച്ചു.
◾ പുലികളി സംഘങ്ങള്‍ക്ക് പിന്നാലെ കുമ്മാട്ടി സംഘങ്ങളും കോര്‍പ്പറേഷന്റെ തീരുമാനത്തിനെതിരെ രംഗത്ത്. കോര്‍പറേഷന്റെ തീരുമാനം ഏകപക്ഷീയമാണെന്നും ഓണനാളില്‍ കുമ്മാട്ടി നടത്തുമെന്നും കുമ്മാട്ടി ആചാരത്തിന്റെ ഭാഗമാണെന്നും സംഘങ്ങള്‍ അറിയിച്ചു. കുമ്മാട്ടി സംഘങ്ങളെയോ പുലികളി സംഘങ്ങളെയോ വിളിച്ച് അഭിപ്രായം തേടിയല്ല കോര്‍പറേഷന്‍ തീരുമാനമെടുത്തതെന്നും അവര്‍ വ്യക്തമാക്കി.
◾ തൃശൂരിലെ തീരദേശ മേഖലയില്‍ വീണ്ടും അവയവ കച്ചവടക്കാര്‍ പിടിമുറുക്കുന്നതായി പരാതി. കൊടുങ്ങല്ലൂരിനടുത്ത് ശ്രീനാരായണപുരം പഞ്ചായത്തില്‍ ഒരു കൊല്ലത്തിനിടെ കിഡ്നി വാഗ്ദാനം ചെയ്തത് ഏഴുപേരാണെന്നും. പഞ്ചായത്ത് അനുമതിക്കായി കൂട്ടത്തോടെ ആളുകളെത്തിയതിനെത്തുടര്‍ന്നാണ് അവയവക്കച്ചവടമെന്ന സംശയം ഉയരുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി.
◾ നെല്ല് സംഭരണത്തിന് സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന് 50 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. നെല്ല് സംഭരണത്തിനുള്ള കേന്ദ്ര സര്‍ക്കാര്‍ വിഹിതത്തില്‍ 207 കോടി രുപ കുടിശിക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നിലവിലെ സീസണിലെ നെല്ലിന്റെ വില കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നുവെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തുക അനുവദിച്ചത്.
◾ മുന്‍ തദ്ദേശഭരണ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു. 70 വയസായിരുന്നു. തിരൂരങ്ങാടി, താനൂര്‍ എംഎല്‍എ ആയിരുന്നു. നേരത്തെ, വാഹനാപകടത്തില്‍ കഴുത്തിന് ഗുരുതരമായി പരിക്കേറ്റതോടെ സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു.
◾ തൃശ്ശൂരില്‍ പന്തുകളിക്കിടെ പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു. സെന്റ് തോമസ് കോളേജ് ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥി മാധവ് ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മണ്ണുത്തി പെന്‍ഷന്‍മൂല ടര്‍ഫില്‍ കൂട്ടുകാര്‍ക്കൊപ്പം പന്ത് കളിക്കുമ്പോഴായിരുന്നു പന്ത് അടിച്ചുകൊണ്ട് പരിക്കേറ്റത്. പരിക്കേറ്റ മാധവിനെ തൊട്ടടുത്ത ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചികിത്സയിലിരിക്കേ രാത്രിയോടെയാണ് മരണം സംഭവിച്ചത്.
◾ മലപ്പുറം തിരൂരില്‍ അഞ്ച് വയസുകാരിയെ കുളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ഇടിയാട്ട് പറമ്പില്‍ പ്രഭിലാഷിന്റെ മകള്‍ ശിവാനിയാണ് മരിച്ചത്. വീടിന് സമീപത്തെ കുളത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരൂര്‍ ജില്ല ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കുളത്തില്‍ നിന്ന് മൃതദേഹം കണ്ടത്.
◾ പറന്നുയര്‍ന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മലയാളി യുവാവിനെതിരെ കേസ്. കാസര്‍കോട് ബോവിക്കാനം സ്വദേശി ടി സുധീഷിനെതിരെ എയര്‍പോര്‍ട്ട് പൊലീസാണ് കേസെടുത്തത്. ദമ്മാമില്‍ നിന്ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പറന്ന വിമാനത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായത്.
◾ തമിഴ്നാട്ടിലെ തിരുവള്ളൂരിലൂണ്ടായ വാഹനാപകടത്തില്‍ ചെന്നൈ എസ്.ആര്‍.എം കോളേജിലെ അഞ്ച് വിദ്യാര്‍ത്ഥികള്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വിദ്യാര്‍ത്ഥികള്‍ സഞ്ചാരിച്ചിരുന്ന കാറും എതിര്‍ദിശയില്‍ നിന്ന് വരികയായിരുന്ന ട്രക്കും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. ചെന്നൈയില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയുള്ള തിരുവള്ളൂര്‍ ജില്ലയിലെ തിരുട്ടാനിക്ക് സമീപം രാമഞ്ചേരിയിലാണ് ഇന്നലെ രാത്രി ദാരുണമായ അപകടമുണ്ടായത്.
◾ കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയിലുള്ള തുംഗഭദ്ര ഡാമിന്റെ ഗേറ്റ് തകര്‍ന്നു. 19-ാമത് ഗേറ്റാണ് പൊട്ടി വീണത്. ഡാമില്‍ നിന്ന് വന്‍ തോതില്‍ വെള്ളം ഒഴുകി. രാത്രി 12 മണിയോടെ ആണ് ഗേറ്റ് പൊട്ടി വീണത്. 35000 ക്യുസക്സ് വെള്ളം ഒഴുകിപ്പോയി. ഭീഷണി ഒഴിവാക്കാനായി ഡാമിന്റെ 33 ഗേറ്റുകളും തുറന്നു വെള്ളം പുറത്ത് വിട്ടു. കൊപ്പല്‍, വിജയനഗര, ബെല്ലാരി, റായിച്ചൂര്‍ ജില്ലകളില്‍ അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുല്ലപ്പെരിയാര്‍ കഴിഞ്ഞാല്‍ രണ്ടാമത്തെ വലിയ സുര്‍ക്കി അണക്കെട്ടാണ് തുംഗഭദ്ര.
◾ പശ്ചിമ ബംഗാളില്‍ മെഡിക്കല്‍ കോളേജില്‍ പിജി ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയതില്‍ രാജ്യവ്യാപക പ്രതിഷേധം. അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ഡോക്ടര്‍മാരുടെ സംഘടനകള്‍ കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദയെ കാണും. നാളെ രാജ്യവ്യാപകമായി സമരം ചെയ്യുമെന്ന് ഫെഡറേഷന്‍ ഓഫ് റെസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷന്‍ അറിയിച്ചു.
◾ മൃതദേഹങ്ങളുടെ ഘോഷയാത്ര കാണാതിരിക്കാനാണ് താന്‍ രാജി വെച്ചതെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. സെന്റ് മാര്‍ട്ടിന്‍ ദ്വീപിന്റെ പരമാധികാരം യുഎസിന് നല്‍കിയിരുന്നെങ്കില്‍ തനിക്ക് അധികാരത്തില്‍ തുടരാമായിരുന്നു. ബംഗാള്‍ ഉള്‍ക്കടലിലും സ്വാധീനമുറപ്പിക്കാന്‍ അനുവദിച്ചില്ല. രാജിക്ക് മുന്‍പ് രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ തയ്യാറാക്കിയ പ്രസംഗത്തിലായിരുന്നു ഷെയ്ഖ് ഹസീന ഇക്കാര്യങ്ങള്‍ വിശദമാക്കിയത്.
◾ കര്‍ണാടകയിലെ കൊപ്പാല്‍ ജില്ലയില്‍ കുട്ടികള്‍ക്ക് ഭക്ഷണത്തിനൊപ്പം നല്‍കിയ മുട്ട അടിച്ച് മാറ്റിയ അംഗനവാടി ജീവനക്കാര്‍ക്കെതിരെ നടപടി. അംഗനവാടിയിലെത്തിയ കുട്ടികള്‍ക്ക് പാത്രത്തില്‍ ഭക്ഷണത്തിനൊപ്പം മുട്ട നല്‍കിയ ശേഷം ജീവനക്കാര്‍ ഇത് തിരികെയെടുക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് നടപടി.
◾ തീവ്ര വലതുപക്ഷത്തിന്റെ നേതൃത്വത്തില്‍ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം നിലനില്‍ക്കുന്ന ബ്രിട്ടനില്‍ എതിര്‍ പ്രക്ഷോഭങ്ങളും ശക്തമാകുന്നു. വംശീയതയ്ക്ക് എതിരായ മുദ്രാവാക്യവുമായി നിരവധി പേര്‍ ലിവര്‍പൂളില്‍ അണിനിരന്നു. അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്യുന്ന പോസ്റ്റര്‍ ഉയര്‍ത്തിപ്പിടിച്ച ഇവര്‍, കുടിയേറ്റങ്ങളില്‍ തുറന്ന സമീപനം വേണമെന്ന് ആവശ്യപ്പെട്ടു. ലണ്ടന്‍, എഡിന്‍ബര്‍ഗ്, കാര്‍ഡിഫ് തുടങ്ങിയ പട്ടണങ്ങളിലും നഗരങ്ങളിലും കുടിയേറ്റ വിരുദ്ധതയ്ക്കെതിരെ വന്‍ ജനക്കൂട്ടം തടിച്ചുകൂടിയെന്നാണ് റിപ്പോര്‍ട്ട്.
◾ ട്രെയിനിന് തീപിടിച്ചെന്ന അഭ്യൂഹം പരന്നതോടെ ഉത്തര്‍പ്രദേശില്‍ ഓടുന്ന ട്രെയിനില്‍നിന്ന് ചാടിയ യാത്രക്കാര്‍ക്ക് പരിക്ക്. രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റെയില്‍വേ പോലീസ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബില്‍പുരിന് സമീപം ഹൗറ-അമൃത്സര്‍ മെയിലില്‍ ജനറല്‍ കോച്ചിലെ യാത്രികരാണ് പരിഭ്രാന്തരായി പുറത്തേക്ക് ചാടിയത്.
◾ പ്രമുഖ അമേരിക്കന്‍ ബഹുരാഷ്ട്ര നെറ്റ്വര്‍ക്കിംഗ്-ഇന്റര്‍നെറ്റ് ഉപകരണ നിര്‍മാതാക്കളായ സിസ്‌കോ കൂടുതല്‍ തൊഴിലാളികളെ പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ട്. സിസ്‌കോ സിസ്റ്റംസില്‍ ഈ വര്‍ഷം നടക്കുന്ന രണ്ടാമത്തെ പിരിച്ചുവിടലാണിത്. സാങ്കേതികരംഗത്ത് സമീപകാലത്ത് കൂടുതല്‍ വളര്‍ച്ചയുള്ള സൈബര്‍സെക്യൂരിറ്റി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ മേഖലകളില്‍ ശ്രദ്ധപതിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ തീരുമാനമെന്നാണ് സൂചന.
◾ ലോകമെമ്പാടും ചെലവ് കുറഞ്ഞ ഇന്റര്‍നെറ്റ് ലഭ്യമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി അടുത്ത കൂട്ടം കൃത്രിമോപഗ്രഹങ്ങള്‍ വിക്ഷേപിച്ച് സ്വകാര്യ കമ്പനിയായ സ്പേസ് എക്‌സ്. 21 സ്റ്റാര്‍ലിങ്ക് കൃത്രിമ ഉപഗ്രഹങ്ങളാണ് സ്പേസ് എക്‌സ് ബഹിരാകാശത്തേക്ക് കഴിഞ്ഞ ദിവസം ഒന്നിച്ച് അയച്ചത്. മോശം കാലാവസ്ഥ മൂലം ഒരു ദിവസം വൈകിയാണ് കൃത്രിമ ഉപഗ്രഹങ്ങളുടെ വിക്ഷേപണം നടന്നത്. വിക്ഷേപണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കി ഏകദേശം എട്ട് മിനുറ്റുകള്‍ക്കുള്ളില്‍ ഫാള്‍ക്കണ്‍ റോക്കറ്റിന്റെ ഒരു ഭാഗം അറ്റ്‌ലാന്റിക് സമുദ്രത്തിലെ പ്രത്യേക തറയില്‍ വിജയകരമായി ലാന്‍ഡ് ചെയ്തു എന്നും സ്പേസ് എക്‌സ് അറിയിച്ചു.
◾ ഒളിംപിക്‌സ് ഗുസ്തിയില്‍ അയോഗ്യതക്കെതിരെ വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീലില്‍ വിധി വരാന്‍ ഇനിയും കാത്തിരിക്കണം. നാളെ രാത്രി ഇന്ത്യന്‍ സമയം രാത്രി 9.30നാണ് അന്താരാഷ്ട്ര കായിക കോടതിയുടെ വിധിയുണ്ടാകുക. വൈകിട്ട് ആറു മണിക്കുള്ളില്‍ കൂടുതല്‍ രേഖകള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ ഹാജരാക്കാന്‍ വിനേഷിനോടും എതിര്‍കക്ഷികളായ യുണൈറ്റഡ് വേള്‍ഡ് റെസ്ലിങ്, അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി എന്നിവരോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഒളിംപിക്‌സ് തീരുന്നതിന് മുന്‍പ് വിനേഷ് ഫോഗട്ടിന്റെ അപ്പീലില്‍ തീര്‍പ്പുണ്ടാവുമെന്നായിരുന്നു വെള്ളിയാഴ്ച കോടതി അറിയിച്ചത്. ഇതിനിടെ ഇന്നലെ രാത്രി 09.30 യോടെ വിധിയുണ്ടാവുമെന്ന അറിയിപ്പ് വന്നു. പക്ഷേ തീരുമാനമെടുക്കാന്‍ സമയം നീട്ടിച്ചോദിച്ച ആര്‍ബിട്രേറ്റര്‍ അന്നാബെല്‍ ബെന്നറ്റിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
◾ ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ പാരിസ് ഒളിംപിക്സിലെ അയോഗ്യതയില്‍ ഐഒഎ മെഡിക്കല്‍ സംഘത്തിനെതിരായ വിമര്‍ശനങ്ങളില്‍ അപലപിച്ച് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് പി ടി ഉഷ. വിനേഷ് ഫോഗട്ടിന്റെ ഭാരം കൂടിയത് ഐഒഎ മെഡിക്കല്‍ സംഘത്തിന്റെ പിഴവല്ലെന്ന് പി ടി ഉഷ പ്രതികരിച്ചു. ഗുസ്തിയില്‍ ഭാരം നിയന്ത്രിക്കേണ്ടത് താരത്തിന്റെയും പരിശീലകരുടെയും ചുമതലയാണെന്നും സ്വന്തം സപ്പോര്‍ട്ട് സ്റ്റാഫിനൊപ്പമാണ് ഗുസ്തി താരങ്ങള്‍ എത്തിയതെന്നും രണ്ട് മാസം മുന്‍പ് മാത്രമാണ് ഐഒഎ മെഡിക്കല്‍ സംഘത്തെ നിയോഗിച്ചതെന്നും പി ടി ഉഷ പറഞ്ഞു.
◾ പാരീസ് ഒളിമ്പിക്‌സിന് കൊടിയിറങ്ങി. ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ 12.30-ഓടെ സ്റ്റേഡ് ദെ ഫ്രാന്‍സ് സ്റ്റേഡിയത്തിലായിരുന്നു സമാപനച്ചടങ്ങ്. സമാപന മാര്‍ച്ച് പാസ്റ്റില്‍ ഹോക്കി താരം പി.ആര്‍. ശ്രീജേഷും ഷൂട്ടിങ് താരം മനു ഭാക്കറും ഇന്ത്യന്‍ പതാകയേന്തി. 16 ദിവസം നീണ്ട കായികമാമാങ്കത്തില്‍ 40 സ്വര്‍ണമെഡലുകളോടെ 126 മെഡലുകള്‍ നേടിയ യു.എസ്. ഒന്നാംസ്ഥാനക്കാരായപ്പോള്‍ 40 സ്വര്‍ണമെഡലുകളോടെ 91 മെഡലുകള്‍ നേടിയ ചൈന രണ്ടാമതെത്തി. ഒരു വെള്ളിയും അഞ്ച് വെങ്കലവും ഉള്‍പ്പെടെ ആറ് മെഡലുകളോടെ ഇന്ത്യ 71-ാം സ്ഥാനത്താണ്. സമാപനച്ചടങ്ങിനൊടുവില്‍ പാരീസ് മേയര്‍ ആന്‍ ഹിഡാല്‍ഗോയില്‍നിന്ന് ലോസ് ആഞ്ജലീസ് മേയര്‍ കരന്‍ ബാസ് ഒളിമ്പിക് പതാക ഏറ്റുവാങ്ങി. ഇനി 2028-ല്‍ അമേരിക്കയിലെ ലോസ് ആഞ്ജലീസാണ് ഒളിമ്പിക്സിന് വേദിയാവുക..
◾ യുപിഐ സേവനം ആരംഭിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവെച്ച് ഇന്ത്യയും മാലിദ്വീപും. ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം മാലിദ്വീപില്‍ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും മാലിദ്വീപ് സാമ്പത്തിക വികസന, വ്യാപാര മന്ത്രാലയവും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചത്. വിനോദസഞ്ചാരമാണ് മാലിദ്വീപിന്റെ പ്രധാന സാമ്പത്തിക സ്രോതസ്. ജിഡിപിയുടെ ഏകദേശം 30% ടൂറിസത്തില്‍ നിന്നാണ്. കൂടാതെ 60 ശതമാനത്തിലധികം വിദേശനാണ്യം എത്തുന്നതും ഇതുവഴിയാണ്. ഏകീകൃത പേയ്‌മെന്റ് ഇന്‍ന്റര്‍ഫേസ് എന്ന യുപിഐ 2016-ല്‍ ആ
0 Comments