പ്രഭാത വാർത്തകൾ2024 | ഓഗസ്റ്റ് 15 | വ്യാഴം| MORNING NEWS TODAY


പ്രഭാത വാർത്തകൾ
2024 | ഓഗസ്റ്റ് 15 | വ്യാഴം| 
1199 | കർക്കടകം 31 | തൃക്കേട്ട 
1446 | സഫർ | 09.
➖➖➖➖➖➖➖➖

◾ രാജ്യം ഇന്ന് എഴുപത്തിയെട്ടാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. ഏവർക്കും സ്വാതന്ത്ര്യദിനാശംസകള്‍. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇന്ന് ഡെയ്ലി ന്യൂസിന്റെ സായാഹ്ന വാര്‍ത്തകള്‍ ഉണ്ടായിരിക്കുന്നതല്ല.

◾ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു. സ്വാതന്ത്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ചവരോട് രാജ്യം എന്നും കടപ്പെട്ടിരിക്കുമെന്നും ഏറ്റവും വലിയ ജനാധിപത്യശക്തിയായി ഇന്ത്യ മാറിയിരിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. മൂന്നാമത്തെ വലിയ സമ്പദ് ശക്തിയായി ഇന്ത്യ മാറുന്നുവെന്നും കര്‍ഷകര്‍ ഇന്ത്യയെ സ്വയം പര്യാപ്തമാക്കിയെന്നും നാരീശക്തി ഇന്ത്യയുടെ സമ്പത്താണെന്നും പ്രധാനമന്ത്രിയുടെ വികസന പദ്ധതികള്‍ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തുകയാണെന്നും  സ്വാതന്ത്ര്യദിന സന്ദേശത്തില്‍ രാഷ്ട്രപതി പറഞ്ഞു.

◾ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തും. അതിനു ശേഷം ചെങ്കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. കര്‍ഷകര്‍ , സ്ത്രീകള്‍ ഗോത്രവിഭാഗത്തില്‍ നിന്നുള്ളവരടക്കം ആറായിരം പേര്‍ ഇത്തവണ ചടങ്ങുകള്‍ക്ക് വിശിഷ്ടാതിഥികളായി എത്തും. വിവിധ സംസ്ഥാനങ്ങളിലെ രണ്ടായിരത്തോളം കലാകരാന്മാരും ചെങ്കോട്ടയില്‍ പരിപാടികള്‍ അവതരിപ്പിക്കും. പാരീസ് ഒളിംപിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ സംഘവും രാജ്യ തലസ്ഥാനത്തെ ആഘോഷങ്ങളില്‍ പങ്കെടുക്കും.

◾ വയനാട് ദുരന്തത്തിന്റെ പ്രഹരശേഷി വര്‍ധിപ്പിച്ചത് ഉരുള്‍പൊട്ടലിനിടെയുണ്ടായ ഡാമിങ് ഇഫക്ട് അഥവാ അണക്കെട്ട് പ്രതിഭാസം ആണെന്നു സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസംഘത്തിന്റെ നിഗമനം. മുണ്ടക്കൈ-ചൂരല്‍മല മേഖലയില്‍ 3 ഉരുള്‍പൊട്ടലുകളാണ് രാത്രി 12.45 മുതല്‍ പുലര്‍ച്ചെ വരെ ഉണ്ടായത്. ആദ്യത്തെ ഉരുള്‍പൊട്ടലില്‍ ഒലിച്ചുവന്ന ഭീമന്‍ പാറക്കെട്ടുകളും മരത്തടികളും അടിഞ്ഞുകൂടി പുഞ്ചിരിമട്ടത്തോടു ചേര്‍ന്ന് അണക്കെട്ട് പോലെ രൂപപ്പെട്ടു. മണിക്കൂറുകള്‍ക്കുള്ളിലുണ്ടായ രണ്ടാമത്തെ ഉരുള്‍പൊട്ടലില്‍ ഈ അണയും തകര്‍ന്നതോടെ ഉരുളിന്റെ പ്രഹരശേഷി വര്‍ധിച്ചുവെന്നുമാണ് നിഗമനം. പരമാവധി ഒന്നര കിലോമീറ്റര്‍ ദൂരം ഒഴുകിയെത്തി ശക്തി കുറഞ്ഞ് അവസാനിക്കേണ്ട ഉരുള്‍പൊട്ടലിന്റെ പ്രഹരശേഷി ഡാമിങ് ഇഫക്ട് മൂലം 7 കിലോമീറ്ററിലധികം വ്യാപിച്ചു.

◾ വയനാട് ദുരന്തത്തെ തുടര്‍ന്ന് പത്ത് ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രദേശത്ത് പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി കെ രാജന്‍. ദുരന്തഭൂമിയില്‍ സന്ദര്‍ശകര്‍ എത്തരുതെന്നും കര്‍ശന നിയന്ത്രണം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. അടിയന്തര ധനസഹായമായി 379 പേര്‍ക്ക് പതിനായിരം രൂപ വീതം കൊടുത്തു. ബാക്കിയുള്ളവര്‍ക്ക് വൈകാതെ നല്‍കുമെന്നും മന്ത്രി പറഞ്ഞു. ദുരന്തബാധിത പ്രദേശങ്ങളില്‍ രണ്ട് ദിവസം കൂടി തെരച്ചില്‍ തുടരുമെന്നും ഡിഎന്‍എ ക്രോസ് മാച്ച് തുടങ്ങിയിട്ടുണ്ട് എന്നും മന്ത്രി അറിയിച്ചു.

◾ സംസ്ഥാനത്ത് ഇന്നും അതിശക്ത മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് കോഴിക്കോട്, വയനാട് ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

◾ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചിലില്‍ വീണ്ടും ലോറിയുടെ ലോഹ ഭാഗങ്ങള്‍ കണ്ടെത്തി. ലോറിയില്‍ മരത്തടികള്‍ കെട്ടാനുപയോഗിച്ച കയറും കൂടെ കണ്ടെത്തിയിട്ടുണ്ട്. നേവിയുടെ തെരച്ചിലിലാണ് നിര്‍ണായക കണ്ടെത്തല്‍.പുതുതായി ലോറിയുടെ ഗിയറിന്റെ ഭാഗമാണെന്ന് കരുതുന്ന ലോഹങ്ങളാണ് കണ്ടെത്തിയത്. ഇത് അര്‍ജുന്റെ ലോറിയുടേതാണോ എന്ന് ഉറപ്പിക്കാന്‍ സീരിയല്‍ നമ്പര്‍ ഉള്‍പ്പെടെ പരിശോധിക്കണം. ഇതിനായി ഭാരത് ബെന്‍സ് കമ്പനിക്ക് ലോഹഭാഗങ്ങള്‍ അയച്ചുകൊടുത്തിട്ടുണ്ട്.

◾ കര്‍ണാടകയിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടി തെരച്ചിലിനായി ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ എത്തിക്കാന്‍ തീരുമാനം. തിങ്കളാഴ്ചയോടെ ഡ്രഡ്ജര്‍ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. ഡ്രഡ്ജര്‍ എത്തിക്കുന്നതിനായി 50 ലക്ഷം രൂപ ചെലവ് വരും . 22 ലക്ഷം രൂപയാണ് ട്രാന്‍സ്പോര്‍ട്ടേഷന്‍ ചെലവ്. ജലമാര്‍ഗത്തിലായിരിക്കും ഡ്രഡ്ജര്‍ എത്തിക്കുകയെന്നും ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനിച്ചു.

◾ അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചിലിന് ഡ്രഡ്ജര്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് കാര്‍വാര്‍ എംഎല്‍എ സതീഷ് സൈല്‍ പറയുന്നത് എന്തെന്ന് അറിയില്ലെന്ന് മന്ത്രി പി പ്രസാദ്. ഡ്രഡ്ജര്‍ എത്തിക്കാന്‍ കേരളം ആദ്യമേ സന്നദ്ധത അറിയിച്ചിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ബന്ധപ്പെട്ട ആളുകള്‍ അവിടെ ചെന്നിരുന്നു. പക്ഷേ പുഴയുടെ ആഴവും ഒഴുക്കും തടസമായിരുന്നു. ആഴമുള്ള സ്ഥലത്ത് ഡ്രഡ്ജര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

◾ അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചിലില്‍ നിര്‍ണായക തെളിവ് ലഭിച്ചെന്ന് രക്ഷാ ദൗത്യം ഏകോപിക്കുന്ന ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ . ഇന്നലത്തെ തെരച്ചിലില്‍ കയറടക്കം കണ്ടെത്തിയതിനാല്‍ അര്‍ജുന്റെ ലോറി പുഴക്കടിയില്‍ തന്നെ ഉണ്ടെന്ന് ഉറപ്പായെന്നും അവര്‍ വിവരിച്ചു.ഡ്രഡ്ജര്‍ എത്തുന്നത് വരെ ഡൈവര്‍മാര്‍ തെരച്ചില്‍ നടത്തുമെന്നും ഡ്രഡ്ജര്‍ എത്തിയശേഷം തെരച്ചില്‍ ഏതുതരത്തില്‍ വേണമെന്ന് തീരുമാനമെടുക്കുമെന്നും കളക്ടര്‍ വിവരിച്ചു

◾ ഓണത്തിനോടനുബന്ധിച്ച് നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചു. ഓണത്തിന് മുന്നോടിയായി സംസ്ഥാനത്തെ അവശ്യസാധനങ്ങളുടെ വിലനിലവാരം ചര്‍ച്ച ചെയ്ത മന്ത്രി വിവിധ വകുപ്പുകള്‍ സ്വീകരിച്ചിട്ടുള്ള നടപടികളും വിലയിരുത്തി.

◾ കാഫിര്‍ വിഷയവുമായി ബന്ധപ്പെട്ട് കെ.കെ.ശൈലജ മാപ്പ് പറയണമെന്ന് ഹൈബി ഈഡന്‍. കെ എസ് യു കാലം മുതല്‍ ഒരുമിച്ച് നടന്നവനാണ് ഷാഫി പറമ്പിലെന്നും എനിക്കറിയാവുന്ന ഷാഫിയെ വടകരയ്ക്കറിയാമെന്നും വര്‍ഗീയ പ്രചരണത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ ശൈലജയ്ക്ക് കഴിയില്ലെന്നും ഹൈബി ഈഡന്‍ പറഞ്ഞു .

◾ വടകരയിലെ വ്യാജ സ്‌ക്രീന്‍ഷോട്ട് വിവാദത്തില്‍ അധ്യാപകനായ റിബേഷ് രാമകൃഷ്ണനെതിരെ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പരാതി.  റിബേഷ് സര്‍വീസ് ചട്ടം ലംഘിച്ചുവെന്നും വര്‍ഗീയ പ്രചരണം നടത്തിയ അധ്യാപകനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി പി ദുല്‍ഖിഫില്‍ പരാതി നല്‍കിയിരിക്കുന്നത്.

◾ കാഫിര്‍ പോസ്റ്റ് വിവാദത്തില്‍ ഡി വൈ എഫ് ഐ നേതാക്കള്‍ക്ക് എതിരെ തെറ്റായ പ്രചരണം സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിച്ച് നടക്കുകയാണെന്നും ഇത്തരം കള്ള പ്രചാരണം തള്ളിക്കളയണമെന്നും ഡി വൈ എഫ് ഐ. വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി അറിയിച്ചു.

◾ സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് മാറ്റം. രണ്ട് കമ്മീഷണര്‍മാരെയും ഏഴ് ജില്ലാ പൊലീസ് മേധാവിമാരെയും മാറ്റി. കോഴിക്കോട് റൂറല്‍, കാസര്‍കോട്, കണ്ണൂര്‍ റൂറല്‍, കോട്ടയം, കൊല്ലം, പത്തനംതിട്ട, വയനാട് എസ്പിമാരെയാണ് സ്ഥലംമാറ്റിയത്. തിരുവനന്തപുരത്തും കൊച്ചിയിലും ഇനി മുതല്‍ ഐപിഎസ് ഉദ്യോഗസ്ഥരായ രണ്ട് ഡിസിപിമാര്‍ ഉണ്ടാകും. കാഫിര്‍ കേസ് അന്വേഷിച്ചിരുന്ന കോഴിക്കോട് റൂറല്‍ എസ്പി അരവിന്ദ് സുകുമാറിനെ ക്രൈംബ്രാഞ്ചിലേക്കാണ് മാറ്റിയത്. കോഴിക്കോട് കമ്മീഷണര്‍ രാജ്പാല്‍ മീണയാണ് പുതിയ കണ്ണൂര്‍ ഡിഐജി. വയനാട് എസ്പിയായ ടി.നാരായണനെ കോഴിക്കോട് കമ്മീഷണറാക്കി.

◾ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്ക് അറസ്റ്റ് വാറണ്ട്. കമ്പനി നിയമങ്ങള്‍ പാലിച്ചല്ല എന്‍എസ്എസ് പ്രവര്‍ത്തിക്കുന്നതെന്ന പരാതിയില്‍ ആണ് അറസ്റ്റ് വാറണ്ട് ലഭിച്ചിരിക്കുന്നത്. കമ്പനി നിയമലംഘന കേസുകള്‍ പരിഗണിക്കുന്ന എറണാകുളത്തെ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. എന്‍എസ്എസ് മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം ഡോ വിനോദ് കുമാറാണ് പരാതിക്കാരന്‍. പലതവണ നോട്ടീസ് അയച്ചിട്ടും സുകുമാരന്‍ നായര്‍ ഹാജര്‍ ആയിരുന്നില്ല. അതുകൊണ്ടാണ് അറസ്റ്റുവാറണ്ട് പുറപ്പെടുവിച്ചത്.

◾ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവന്നേക്കുമെന്ന് കെഎസ്ഇബിയുടെ അറിയിപ്പ്. പുറത്തു നിന്ന് വാങ്ങുന്ന വൈദ്യുതിയില്‍ അപ്രതീക്ഷിത കുറവ് വന്നതിനാല്‍ വൈദ്യുതി പരിമിതി കണക്കിലെടുത്താണ് തീരുമാനം.വൈകുന്നേരം ഏഴ് മണി മുതല്‍ രാത്രി 11 മണി വരെ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കണമെന്നും കെഎസ്ഇബി ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ജാര്‍ഖണ്ഡിലെ മൈത്തോണ്‍ വൈദ്യുത നിലയത്തിലെ ഒരു ജനറേറ്റര്‍ തകരാറിലായതാണ് ഇപ്പോഴത്തെ പ്രധാന കാരണമായി കെഎസ്ഇബി പറയുന്നത്.

◾ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വിദേശത്തുനിന്നും എത്തിയ തമിഴ്നാട് സ്വദേശിയെ തട്ടിക്കൊണ്ട് പോയ കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍. കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത് പൂന്തുറ ഭാഗത്താണ്. ഓട്ടോറിക്ഷയില്‍ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് കാറിലെത്തിയ സംഘം ആളെ തട്ടിക്കൊണ്ടുപോയത്. ഈ തട്ടിക്കൊണ്ട് പോകലിന് പിന്നില്‍ സ്വര്‍ണ്ണക്കടത്ത് സംഘത്തിന് ബന്ധമുണ്ടോ എന്ന് പോലീസ് സംശയിക്കുന്നു.

◾ തിരുവനന്തപുരം ശ്രീകാര്യത്തെ വെട്ടുകത്തി ജോയ് വധത്തില്‍ ആസൂത്രകനും മുഖ്യ പ്രതിയുമായ അന്‍വര്‍ ഹുസൈന്‍ കീഴടങ്ങി. ഫോര്‍ട്ട് സ്റ്റേഷനിലാണ് അന്‍വര്‍ കീഴടങ്ങിയത്. പ്രധാന പ്രതിയായ സജീറിന്റെ ബന്ധുവാണ് അന്‍വര്‍ ഹുസൈന്‍.ഇയാളാണ് കൊലപാതകത്തിന് ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയതെന്നു പൊലീസ് പറഞ്ഞു.

◾ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. മൂന്ന് മലയാളികളാണ് മെഡലിന് അര്‍ഹരായത്. കാബിനറ്റ് സെക്രട്ടറിയേറ്റില്‍ നിന്ന് ജിഎസ്ഒ പ്രദീപ് കുമാര്‍ ശ്രീനിവാസന്‍, സിബിഐ എസ് പിയായി സേവനം അനുഷ്ഠിക്കുന്ന കെ പ്രദീപ് കുമാര്‍, ദില്ലി പൊലീസ് എസ് ഐ ഷാജഹാന്‍ എസ് എന്നിവര്‍ ആണ് പോലിസ് മെഡലിന് അര്‍ഹരായ മലയാളികള്‍.

◾ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ സേന മെഡലുകള്‍ പ്രഖ്യാപിച്ചു. മൂന്ന് സൈനികര്‍ക്കും ഒരു ജമ്മു കശ്മീര്‍ പൊലീസ് ഉദ്യോഗസ്ഥനുമാണ്കീര്‍ത്തിചക്ര നല്‍കി രാജ്യം ആദരിക്കുന്നത്.18 സൈനികര്‍ക്കാണ്ശൗര്യചക്ര പ്രഖ്യാപിച്ചത്. ഇതില്‍ നാല് പേര്‍ക്ക് മരണാനന്തര ബഹുമതിയായി ശൗര്യചക്ര നല്‍കും.കരസേനയില്‍ നിന്ന് 63 പേര്‍ക്ക് ധീരതയ്ക്കുള്ള സേന മെഡലുകളും നല്‍കി രാജ്യം ആദരിക്കും. പതിനൊന്ന് പേര്‍ക്കാണ് നാവികസേനയുടെ ധീരതയ്ക്കുള്ള മെഡല്‍ ലഭിച്ചത്.മലയാളിയായ ക്യാപ്റ്റന്‍ ബ്രിജേഷ് നമ്പ്യാര്‍ ധീരതയ്ക്കുള്ള നാവികസേന മെഡലിന് അര്‍ഹനായി.വ്യോമസേന അംഗങ്ങള്‍ക്കുള്ള രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള മെഡലുകളും പ്രഖ്യാപിച്ചു. രണ്ട് പേര്‍ക്ക് ശൗര്യചക്രയും ആറ് പേര്‍ക്ക് ധീരതയ്ക്കുള്ള വായുസേന മെഡലുകള്‍ നല്‍കി രാജ്യം ആദരിക്കും.

◾ മുംബൈയില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ ബോയിംഗ് 777 വിമാനം മൂന്ന് മണിക്കൂറിന് ശേഷം തിരിച്ചിറക്കി. കാബിന്‍ ഡി-പ്രഷറൈസേഷനില്‍ പ്രശ്‌നമുണ്ടെന്ന് കണ്ടെത്തിയതിനാലാണ് വിമാനം തിരിച്ചിറക്കിയത്. എയര്‍-ടേണ്‍ബാക്ക് ആയിരുന്നുവെന്നും എമര്‍ജന്‍സി ലാന്‍ഡിംഗ് അല്ലെന്നും അധികൃതര്‍ വ്യക്തമാക്കി. 

◾ മുതിര്‍ന്ന നേതാവ് മനു അഭിഷേക് സിംഘ്വിയെ തെലങ്കാനയില്‍ രാജ്യസഭാ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അംഗീകാരത്തോടെ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലാണ് സിംഘ്വിയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.

◾ ദേശീയ വനിതാ കമ്മീഷന്‍ അംഗം ഖുശ്ബു സുന്ദര്‍ രാജിവച്ചു. ഒന്നര വര്‍ഷം കാലാവധി ബാക്കിയുള്ളപ്പോഴാണ് രാജി. എന്നാല്‍ ബിജെപിയില്‍ തുടരുമെന്നും രാഷ്ട്രീയത്തില്‍ സജീവമാകുമെന്നും ഖുശ്ബു പറഞ്ഞു. അതേസമയം, പാര്‍ട്ടി പുതിയ പദവികള്‍ ഒന്നും വാഗ്ദാനം ചെയ്തിട്ടില്ലെന്നും, വനിത കമ്മീഷനില്‍ പ്രവര്‍ത്തിച്ചപ്പോള്‍ ചില നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നെന്നും ഖുശ്ബു പറഞ്ഞു.

◾ ആര്‍ജി കാര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കൊല്ലപ്പെട്ട വനിത ഡോക്ടര്‍ കൂട്ട ബലാത്സംഗത്തിന് ഇരയായതായി പെണ്‍കുട്ടിയുടെ കുടുംബം. ഡോക്ടറുടെ ശരീരത്തില്‍ കണ്ടെത്തിയ ബീജത്തിന്റെ അളവ് ഒന്നിലധികം പേരുടെ ഇടപെടല്‍ സൂചിപ്പിക്കുന്നുവെന്ന് മാതാപിതാക്കള്‍ കൊല്‍ക്കത്ത ഹൈക്കോടതിയെ അറിയിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ സുപ്രധാന കണ്ടെത്തല്‍ കോടതിക്ക് മുന്‍പില്‍ ഉന്നയിച്ചാണ് മകള്‍ കൂട്ട ബലാത്സംഗത്തിനിരയായെന്ന സംശയം ഡോക്ടറുടെ ബന്ധുക്കള്‍ പ്രകടിപ്പിച്ചത്. മൃതദേഹത്തില്‍ നിന്ന് 150 മില്ലി ഗ്രാം ബീജം ലഭിച്ചെന്നാണ് പോസ്റ്റ്മോര്‍ട്ടത്തിലെ കണ്ടെത്തല്‍. ഇത്രയും അളവുള്ളതിനാല്‍ ഒന്നില്‍ കൂടുതല്‍ ആളുകളുടെ പങ്ക് സംശയിക്കുന്നുവെന്നാണ് ഹര്‍ജിയിലുള്ളത്.

◾ കൊല്‍ക്കത്തയിലെ മെഡിക്കല്‍ കോളജില്‍ ഡ്യൂട്ടിക്കിടെ ഡോക്ടറെ ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിഷേധത്തില്‍ താനും പങ്കുചേരുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി സുഖേന്ദു ശേഖര്‍ റേ. തനിക്കും മകളും കൊച്ചുമകളും ഉണ്ട്. സ്ത്രീകള്‍ക്കെതിരായ ക്രൂരത ഒരുമിച്ച് ചെറുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

◾ യുവവനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ നീതി ഉറപ്പാക്കുന്നതിനുപകരം പ്രതികളെ രക്ഷിക്കാനുള്ള ശ്രമം ഗൗരവതരമാണെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. ഈ നീക്കം ആശുപത്രിയെയും പ്രാദേശിക ഭരണകൂടത്തെയും കുറിച്ച് ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്നു പറഞ്ഞ രാഹുല്‍ മെഡിക്കല്‍ കോളേജ് പോലൊരു സ്ഥലത്ത് ഡോക്ടര്‍മാര്‍ സുരക്ഷിതരല്ലെങ്കില്‍പ്പിന്നെ എങ്ങനെ രക്ഷിതാക്കള്‍ക്ക് അവരുടെ പെണ്‍മക്കളെ പഠനത്തിന് പുറത്തുവിടാന്‍ കഴിയുമെന്നും ചോദിച്ചു. എന്നാല്‍ ഇന്ത്യസഖ്യത്തിലെ പ്രമുഖകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് നയിക്കുന്ന പശ്ചിമബംഗാള്‍ സര്‍ക്കാരിനെതിരേ രാഹുല്‍ നേരിട്ട് ആരോപണമുന്നയിച്ചില്ല.

◾ കൊല്‍ക്കത്തയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ സിപിഎമ്മും ബിജെപിയും വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഹൈക്കോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുമെന്നും സിബിഐയുമായി സഹകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.

◾ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മങ്കി പോക്സ് അതി തീവ്രമായി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ആഗോള തലത്തില്‍ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ച് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. ഈവര്‍ഷം ഇതുവരെ പതിനായിരക്കണക്കിന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മങ്കി പോക്സ് അഥവാ എം പോക്സ് കാരണം അഞ്ഞൂറിലേറെ മരണവും റിപ്പോര്‍ട്ട് ചെയ്തതായാണ് കണക്ക്. കോംഗോയിലാണ് രോഗം ഏറ്റവും ഭീകരമായ അവസ്ഥയില്‍ പിടിമുറുക്കിയത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ തുടങ്ങിയ എം പോക്സ് ഇപ്പോള്‍ ലോകത്തിന് തന്നെ ഭീഷണിയായി മാറുന്ന സാഹചര്യമുള്ളതിനാലാണ് ആഗോള തലത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

◾ ഇന്ത്യയുടെ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ കൈവിട്ട് കായിക തര്‍ക്കപരിഹാര കോടതിയും. പാരിസ് ഒളിംപിക്സ് ഗുസ്തിയില്‍ 100 ഗ്രാം ഭാരക്കൂടുതലിന്റെ പേരില്‍ അയോഗ്യയാക്കപ്പെട്ടതിനെതിരെ വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീല്‍ അന്താരാഷ്ട്ര കായിക തര്‍ക്കപരിഹാര കോടതി തള്ളി. ഇതോടെ വെള്ളി മെഡലെങ്കിലും നേടാമെന്ന വിനേഷിന്റെയും ഇന്ത്യയുടെയും സ്വപ്നം പൊലിഞ്ഞു.

◾ പാരിസ് ഒളിംപിക്സ് ഗുസ്തിയിലെ മോശം പ്രകടനത്തിനു പിന്നില്‍ ഇന്ത്യന്‍ ഗുസ്തി താരങ്ങളുടെ സമരവും കാരണമായിട്ടുണ്ടെന്ന് ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് സഞ്ജയ് സിങ്. ഇന്ത്യന്‍ ഗുസ്തി മേഖലയുടെ തന്നെ സമാധാനം കളഞ്ഞ സമരം നിമിത്തം പാരിസില്‍ ഇന്ത്യയ്ക്ക് ഉറപ്പായിരുന്ന കുറഞ്ഞത് ആറു മെഡലുകളെങ്കിലും നഷ്ടമായെന്നും സഞ്ജയ് സിങ് കുറ്റപ്പെടുത്തി.

◾ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളോട് മത്സരിക്കാന്‍ ജാവ 42. ജാവ യെസ്ഡി മോട്ടോര്‍സൈക്കിളാണ് ജാവ 42 ന്റെ പുതുക്കിയ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. പഴയതിലും കുറഞ്ഞ വിലയിലാണ് എന്നതാണ് പ്രത്യേകത. പുതിയ ജാവ 42 ബൈക്ക് ഇപ്പോള്‍ നിലവിലെ മോഡലിനെക്കാള്‍ 17,000 രൂപ കുറഞ്ഞ വിലയില്‍  ലഭിക്കും. റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളോട് മത്സരിക്കുന്ന ജാവ 42 എഞ്ചിനിലടക്കം നിരവധി പരിഷ്‌കരങ്ങളുമായാണ് വിപണിയില്‍ എത്തിയിരിക്കുന്നത്.

◾ ബേസില്‍ ജോസഫ്, നിഖില വിമല്‍, ഗ്രേസ് ആന്റണി എന്നിവര്‍ ഒന്നിക്കുന്ന ജീത്തു ജോസഫ് സംവിധാനം നിര്‍വഹിച്ച കോമഡി ഫാമിലി എന്റര്‍ടെയ്നറായ 'നുണക്കുഴി' ഇന്ന് തിയറ്റരിലെത്തും. ചിത്രത്തിന്റെ ട്രെയിലറിന് വന്‍ വരവേല്‍പ്പാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. 'നുണക്കുഴി'യുടെ തിരക്കഥ രചിച്ചിരിക്കുന്നത് 'ട്വെല്‍ത്ത് മാന്‍', 'കൂമന്‍' എന്നിവയുടെ തിരക്കഥാകൃത്തായ കെ ആര്‍ കൃഷ്ണകുമാറാണ്. സിദ്ദിഖ്, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, അജു വര്‍ഗീസ്, സൈജു കുറുപ്പ്, അല്‍ത്താഫ് സലിം, ലെന, സ്വാസിക, ബിനു പപ്പു, അസീസ് നെടുമങ്ങാട്, സെല്‍വരാജ്, ശ്യാം മോഹന്‍, ദിനേശ് പ്രഭാകര്‍, കലാഭവന്‍ യുസഫ്, രാജേഷ് പറവൂര്‍, റിയാസ് നര്‍മ്മകല, അരുണ്‍ പുനലൂര്‍, ശ്യാം തൃക്കുന്നപുഴ, സന്തോഷ് ലക്ഷ്മണന്‍, കലാഭവന്‍ ജിന്റോ, സുന്ദര്‍ നായക് തുടങ്ങിയ വലിയ താര നിര തന്നെയാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്.

◾ പ്രശസ്ത നര്‍ത്തകി മേതില്‍ ദേവിക പ്രധാന വേഷം കൈകാര്യം ചെയ്യുന്ന കഥ ഇന്നുവരെയുടെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി.  മേപ്പടിയാന്‍ എന്ന ചിത്രത്തിന് ശേഷം ദേശീയ അവാര്‍ഡ് ജേതാവായ വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രത്തില്‍ ബിജു മേനോനാണ് നായകന്‍. മേതില്‍ ദേവികയുടെ ആദ്യ സിനിമ കൂടിയാണിത്. ഓണം റിലീസിന് ഒരുങ്ങുന്ന ചിത്രത്തില്‍ നിഖില വിമല്‍, ഹക്കീം ഷാജഹാന്‍, അനുശ്രീ, അനു മോഹന്‍, സിദ്ദിഖ്, രണ്‍ജി പണിക്കര്‍, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോര്‍ സത്യ, ജോര്‍ഡി പൂഞ്ഞാര്‍ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. വിഷ്ണു മോഹന്‍ സ്റ്റോറീസിന്റെ ബാനറില്‍ വിഷ്ണു മോഹനും ഒപ്പം ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂര്‍ത്തി എന്നിവര്‍ ചേര്‍ന്നാണ് കഥ ഇന്നുവരെ നിര്‍മ്മിക്കുന്നത്.


Post a Comment

0 Comments