പ്രഭാത വാർത്തകൾ2024 | ഓഗസ്റ്റ് 19 | തിങ്കൾ| MORNING NEWS TODAY


പ്രഭാത വാർത്തകൾ
2024 | ഓഗസ്റ്റ് 19 | തിങ്കൾ| 
1200 | ചിങ്ങം 3 | തിരുവോണം,അവിട്ടം
1446 | സഫർ | 13.
➖➖➖➖➖➖➖➖

◾ കൊല്‍ക്കത്തയില്‍ജൂനിയര്‍ വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സ്വമേകേസെടുത്ത് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നാളെ വിഷയം പരിഗണിക്കും. സുപ്രീംകോടതി ഇടപെടല്‍ തേടി രണ്ട് അഭിഭാഷകരും തെലങ്കാനയില്‍ നിന്നുള്ള ഡോക്ടറും ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. കേസില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിശദീകരണം നല്‍കും.

◾ ആര്‍.ജി.കര്‍ മെഡിക്കല്‍ കോളജിലെ പിജി ഡോക്ടറെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തില്‍ ഇന്നലേയും പ്രതിഷേധം ശക്തമായിരുന്നു. കൊല്‍ക്കത്ത നഗരത്തിനു പുറമേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം നടന്നു. മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍ ഫുട്‌ബോള്‍ ക്ലബ്ബുകളുടെ ആരാധകര്‍ കായികമേഖലയിലെ തങ്ങളുടെ വൈര്യം മറന്ന് കൊല്‍ക്കത്തയില്‍ ഒരുമിച്ച് പ്രതിഷേധിച്ചു.


◾ കൊല്‍ക്കത്തയില്‍ ജൂനിയര്‍ വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍, ഡോക്ടര്‍മാരുടെ രാജ്യവ്യാപക പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ക്രമസമാധാന നിലയില്‍ റിപ്പോര്‍ട്ട് തേടി. ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് പരിസരത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. പരിസരത്ത് പ്രതിഷേധങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2 മണിക്കൂര്‍ ഇടവിട്ട് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

◾ കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രധാനമന്ത്രിയെ ആശങ്കയറിയിച്ച് കത്ത് നല്‍കി 70 ലധികം പദ്മ അവാര്‍ഡ് ജേതാക്കളായ ഡോക്ടര്‍മാര്‍. സംഭവത്തിന് പിന്നിലുള്ള എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ആരോഗ്യ പ്രവര്‍ത്തകരുടെ ജീവന് സുരക്ഷയൊരുക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സംരക്ഷണത്തിനായി ശക്തമായ നിയമനിര്‍മാണം നടത്തണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു.

◾ മകള്‍ക്ക് നീതി ലഭിക്കാനായി കേരളത്തിന്റെയടക്കം തെരുവില്‍ നടക്കുന്ന പോരാട്ടങ്ങളില്‍ പ്രതീക്ഷയുണ്ടെന്ന് കൊല്‍ക്കത്തയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ജൂനിയര്‍ വനിതാ ഡോക്ടറുടെ അച്ഛന്‍. മകളെ നഷ്ടപ്പെട്ട തങ്ങള്‍ക്ക് നീതി വേണമെന്നും കുറ്റവാളികളെ ഉടന്‍ പിടികൂടണമെന്നുമാണ് സിബിഐയോട് പറയാനുള്ളതെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയിലുള്ള വിശ്വാസം നഷ്ടമായതായി കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.

◾ വിവിധ മന്ത്രാലയങ്ങളിലെ പ്രധാന തസ്തികകളില്‍ കോണ്‍ട്രാക്ട് -ലാറ്ററല്‍ എന്‍ട്രി നിയമനങ്ങള്‍ നടത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ വിമര്‍ശനവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. യുപിഎസ് സിക്ക് പകരം ആര്‍എസ്എസ് വഴി സര്‍ക്കാര്‍ ജോലികളില്‍ ആളെ കയറ്റി, പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണഘടനയെ ആക്രമിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

◾ എയിംസ് സ്ഥാപിക്കുന്നത് അവികസിത പ്രദേശങ്ങളില്‍ എവിടെയെങ്കിലും ആയിരിക്കണമെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ഇത് ആ പ്രദേശത്തിന്റെ സാമ്പത്തികവളര്‍ച്ചയ്ക്കും അടിസ്ഥാനസൗകര്യ വികസനത്തിനും കാരണമാകുമെന്നും കാസര്‍കോടിനാണ് എയിംസ് ആവശ്യമെങ്കില്‍ അത് അവിടെ വരുമെന്നും അദ്ദേഹം പറഞ്ഞു.

◾ വയനാട് ദുരന്ത ബാധിതരുടെ സാമ്പത്തിക ബാധ്യത അടക്കമുള്ള കാര്യങ്ങളില്‍ സുപ്രധാന തീരുമാനങ്ങള്‍ക്ക് സംസ്ഥാന തല ബാങ്കേഴ്സ് സമിതി ഇന്ന് യോഗം ചേരും. തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തില്‍ വിവിധ ബാങ്ക് പ്രതിനിധികള്‍ അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും. ഈടും വസ്തുവകകളും നഷ്ടമായവരുടെ ബാധ്യതകള്‍ എഴുതിത്തള്ളുകയോ വായ്പകള്‍ക്ക് മൊറൊട്ടോറിയം ഏര്‍പ്പെടുത്തുകയോ ചെയ്യാന്‍ നടപടികളുണ്ടായേക്കും.

◾ വയനാട്ടിലെ ദുരിതബാധിതരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും തയ്യാറാണെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ദുരന്തത്തിന് ശേഷം മുടങ്ങിക്കിടക്കുന്ന വിദ്യാഭ്യാസം പുനസ്ഥാപിക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

◾ വയനാട് ദുരിതബാധിതര്‍ക്കുളള സര്‍ക്കാരിന്റെ ധനസഹായം അക്കൗണ്ടില്‍ വന്ന ഉടനെ ചൂരല്‍മലയിലെ ഗ്രാമീണ ബാങ്ക് ഇഎംഐ പിടിച്ച സംഭവത്തില്‍ ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്. എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് കളക്ടര്‍ക്കുളള നിര്‍ദ്ദേശം. വിഷയം പരിശോധിക്കുന്നതായി ജില്ലാ കലക്ടര്‍ വ്യക്തമാക്കി. വീടുപണിക്ക് വേണ്ടി ചൂരല്‍മലയിലെ ഗ്രാമീണ ബാങ്കില്‍ നിന്ന് 50,000 രൂപ വായ്പ എടുത്ത ആളുകളുടെ പണമാണ് ബാങ്ക് പിടിച്ചത്.  

◾ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരില്‍ നിന്ന് ഗ്രാമീണ്‍ ബാങ്ക് പിടിച്ച പണം തിരികെ നല്‍കുമെന്ന് ബാങ്ക് ചെയര്‍മാന്‍ അറിയിച്ചിട്ടുണ്ടെന്ന് ബാങ്കേഴ്സ് സമിതി ജനറല്‍ മാനേജര്‍ കെ എസ് പ്രദീപ് . ഇന്ന് തിരുവനന്തപുരത്ത് എസ്എല്‍ബിസി പ്രത്യേക യോഗം ചേരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. .

◾ വയനാട് ഉരുള്‍ പൊട്ടലിന് മുമ്പും ശേഷവും പ്രദേശം എങ്ങനെയെന്നതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ട് റോയിട്ടേഴ്സ്. ചൂരല്‍ മല മുതല്‍ താഴെ പുഞ്ചിരിമുട്ടവും മുണ്ടക്കൈയും വരെ എങ്ങനെയാണ് പൊട്ടിയൊലിച്ചെത്തിയ ഉരുള്‍ വിഴുങ്ങിയത് എന്നതിന്റെ ഭീകരമായ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

◾ മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയാല്‍ ആര് ഉത്തരം പറയുമെന്ന് ബിജെപി നേതാവും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി. മുല്ലപ്പെരിയാര്‍ ഡാം ഭീതി പടര്‍ത്തുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഹൃദയത്തില്‍ ഇടി മുഴക്കം പോലെ ആണ് ഡാം നില്‍ക്കുന്നതെന്നും കേരളത്തിന് ഇനി ഒരു കണ്ണീര്‍ താങ്ങാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

◾ മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ഇടുക്കി രൂപത മീഡിയ കമ്മീഷന്‍ ഡയറക്ടര്‍ ഫാ. ജിന്‍സ് കാരയ്ക്കാട്ട്. ജനങ്ങളോട് ആശങ്കപ്പെടരുതെന്നും ആശങ്ക പ്രചരിപ്പിക്കരുതെന്നും പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും ആശങ്കകള്‍ പരിഹരിക്കേണ്ടത് ഭരണകൂടമാണെന്നും ഇടുക്കിയില്‍ നിന്നും ജയിച്ച് പോയ ജനപ്രതിനിധികള്‍ ജനങ്ങളുടെ ആകുലത തിരിച്ചറിഞ്ഞ് ഉത്തരവാദിത്ത ബോധത്തോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഉത്തരവാദിത്തോടെ വിഷയത്തിന്റെ ഗൗരവം മനസിലാക്കി അടിയന്തര പരിഹാരം ഉണ്ടാക്കണമെന്നും പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

◾ മികച്ച ചിത്രത്തിനുളള സംസ്ഥാന അവാര്‍ഡ് നേടിയ കാതല്‍ സിനിമയ്ക്കെതിരെ കെസിബിസി ജാഗ്രതാ കമ്മീഷന്‍. സ്വവര്‍ഗബന്ധങ്ങളെ കത്തോലിക്കാ സഭയും പോപും അംഗീകരിച്ചു എന്ന പ്രചരണം വസ്തുത വിരുദ്ധമാണെന്നും എന്നാല്‍ വ്യക്തികളെ അവരുടെ ലൈംഗിക ആഭിമുഖ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഒറ്റപ്പെടുത്താതെ കാരുണ്യത്തോടെ ഉള്‍ക്കൊള്ളുന്ന സമീപനമാണ് സഭയുടേതെന്നും കെസിബിസി ജാഗ്രതാ കമ്മീഷന്‍ ഫേയ്സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. ഇനിയും ഇത്തരം വിഷയങ്ങളില്‍ സഭാ പ്രബോധനങ്ങള്‍ക്കനുസൃതമായ നിലപാട് സ്വീകരിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

◾ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദത്തില്‍ കുറ്റാരോപിതനായ റിബേഷിന്റെ ഉദ്ദേശശുദ്ധി തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പിസി ഷൈജു. ഉത്തരവാദിത്തപ്പെട്ട സംഘടനാ നേതാവ് എന്ന നിലയില്‍ സമൂഹത്തിന് മുന്നറിയിപ്പ് നല്‍കുകയാണ് റിബേഷ് ചെയ്തത്. അതുകൊണ്ടാണ് പറക്കല്‍ അബ്ദുള്ളക്കെതിരെ നിയമ നടപടിക്ക് ഇറങ്ങിയത്. റിബേഷിന് ഡിവൈഎഫ്ഐ പൂര്‍ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

◾ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദവുമായി ബന്ധപ്പെട്ട് പോരടിച്ച് ഡിവൈഎഫ്ഐയും യൂത്ത് കോണ്‍ഗ്രസും. സ്‌ക്രീന്‍ ഷോട്ട് നിര്‍മിച്ചത് റിബേഷ് ആണെന്ന് തെളിയിക്കുന്നവര്‍ക്ക് 25 ലക്ഷം രൂപയാണ് ഡിവൈഎഫ്ഐ ഇനാം പ്രഖ്യാപിച്ചത്. എന്നാല്‍ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസിലെ പ്രതികളെ റിബേഷ് തെളിയിച്ചാല്‍ പണം യൂത്ത് കോണ്‍ഗ്രസ് നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് പോസ്റ്ററിലൂടെ മറുപടി നല്‍കി.



◾ പാര്‍ട്ടി ഫണ്ട് തിരിമറി കേസില്‍ സിപിഎം നേതാവും മുന്‍ എംഎല്‍എയും കെടിഡിസി ചെയര്‍മാനുമായ പികെ ശശിക്കെതിരെ സിപിഎം നടപടി. പി.കെ ശശിയെ പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കി. മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി പിരിച്ചു വിട്ടു. ഇന്നലെ എംവി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന പാര്‍ട്ടി ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് നടപടി. മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മ്മാണ ഫണ്ടില്‍ തിരിമറി നടത്തിയെന്നാണ് ആരോപണം. പി.കെ ശശി അധ്യക്ഷനായ യൂണിവേഴ്സല്‍ കോളേജ് നിയമനത്തിലും ക്രമക്കേടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് വിവരം.

◾ പത്തനംതിട്ട സിപിഎമ്മില്‍ വീണ്ടും നടപടി. തിരുവല്ല ഏരിയ കമ്മിറ്റി അംഗത്തിനെതിരെയും ലോക്കല്‍ സെക്രട്ടറിക്കെതിരെയുമാണ് പാര്‍ട്ടി നടപടി. ഇരുവരെയും തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്നും നീക്കി. ദേവസ്വം ബോര്‍ഡ് നിയമനക്കോഴ ആരോപണത്തിലാണ് ഏരിയ കമ്മറ്റി അംഗം പ്രകാശ് ബാബുവിനെതിരെ നടപടിയെടുത്തത്. തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി കൊച്ചുമോനെയും സ്ഥാനത്തുനിന്ന് നീക്കി.

◾ റഷ്യന്‍ സൈനിക സംഘത്തിനു നേരെയുണ്ടായ യുക്രൈന്‍ ഷെല്ലാക്രമണത്തില്‍ തൃശൂര്‍ ജില്ലയിലെ തൃക്കൂര്‍ സ്വദേശി കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. തൃക്കൂര്‍ നായരങ്ങാടി സ്വദേശി കാങ്കില്‍ ചന്ദ്രന്റെ മകന്‍ സന്ദീപ് (36) ആണ് റഷ്യന്‍ സൈന്യത്തോടൊപ്പമുണ്ടായിരുന്നത്. സംഭവത്തില്‍ എംബസിയില്‍നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം ഇന്ന് ലഭിക്കുമെന്ന് റഷ്യയില്‍നിന്നുള്ള മലയാളി സംഘടനകള്‍ അറിയിച്ചു.

◾ താന്‍ ഭരത്ചന്ദ്രനില്‍ നിന്ന് വളര്‍ന്നിട്ടില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് പൊതുവേദിയില്‍ സിനിമ ഡയലോഗിലൂടെ മറുപടി പറഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ജനങ്ങള്‍ക്ക് ഭരത് ചന്ദ്രനെയാണ് വേണ്ടതെന്നും, ജനങ്ങള്‍ക്ക് തന്നോടുളള ഇഷ്ടം ഇല്ലാതാക്കാനാണ് ശ്രമമെന്നും സുരേഷ് ഗോപി വിമര്‍ശിച്ചു. ഭരത്ചന്ദ്രനായി മാത്രമല്ല തമിഴ് പടം ദീനയിലെ ആദികേശവനായും സുരേഷ് ഗോപി മാറി. ഈ ചിത്രത്തിലെ തമിഴ് ഡയലോഗ് കൂടി പറഞ്ഞാണ് സുരേഷ് ഗോപി വേദി വിട്ടത്. ഐസിഎസ്ഐ കൊച്ചി ചാപ്റ്ററിന്റെ പരിപാടിയിലായിരുന്നു കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ മാസ് ഡയലോഗ്.

◾ സംസ്ഥാനത്ത് ഓഗസ്റ്റ് 21 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഇന്ന് മഞ്ഞ അലേര്‍ട്ടാണ്.

◾ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ രോഗിയെ ചികിത്സിക്കുന്നതിനിടെ വനിതാ നഴ്‌സിംഗ് ഓഫീസര്‍ക്ക് നേരെ ക്രൂരമായ ആക്രമണം. സാരമായി പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ വലതുകൈക്ക് പൊട്ടല്‍ ഏല്‍ക്കുകയും കണ്ണിന് മുകളിലായി മുറിവേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇന്നലെ പുലര്‍ച്ചെ രണ്ടോടെയായിരുന്നു സംഭവം.

◾ ഐ.സി.ആര്‍.ടി ഇന്ത്യ ചാപ്റ്ററിന്റെ 2024 ലെ ഉത്തരവാദിത്ത ടൂറിസം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ കേരള ടൂറിസം ഒന്നാം സ്ഥാനം നേടി. കേരള ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റി നടപ്പിലാക്കുന്ന ബേപ്പൂര്‍ സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതിയാണ് അവാര്‍ഡിന് അര്‍ഹമായത്.

◾ ദില്ലിയിലെ നിര്‍ഭയ സംഭവത്തെക്കാള്‍ ഭീകരമായ കുറ്റകൃത്യമാണ് കൊല്‍ക്കത്തയില്‍ നടന്നതെന്നും ഓരോ ഇന്ത്യക്കാരനും ലജ്ജിച്ച് മുഖം താഴ്ത്തണമെന്നും ഗായിക ചിത്ര. സംഭവത്തില്‍ ഉള്‍പ്പെട്ട എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയോട് വിനീതമായി അഭ്യര്‍ത്ഥിക്കുകയാണെന്നും പരേതയായ ആത്മാവിന് വേണ്ടി തല കുമ്പിട്ട് പ്രാര്‍ത്ഥിക്കുകയാണെന്നും ചിത്ര സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

◾ ശബരിമലയില്‍ പുതിയതായി പണി കഴിപ്പക്കുന്ന ഭസ്മ കുളത്തിനും കാനന ഗണപതി മണ്ഡ്പത്തിനും തറക്കല്ലിട്ടു. ശബരിമല തന്ത്രി കണ്ഠരര് രാജീവര് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് എന്നിവര്‍ ചേര്‍ന്നാണ് ഭസ്മകുളത്തിന് തറക്കല്ലിട്ടത്. മകര ജ്യോതി, ശബരി ഗസ്റ്റ് ഹൗസുകള്‍ക്ക് സമീപമാണ് പുതിയ ഭസ്മകുളം നിര്‍മ്മിക്കുന്നത്.

◾ എഐവൈഎഫ് പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായിരുന്ന ഷാഹിന മണ്ണാര്‍ക്കാടിന്റെ ദുരൂഹ മരണം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. മണ്ണാര്‍ക്കാട് പൊലീസിന്റെ അന്വേഷണമാണ് ജില്ലാ ക്രൈം ബ്രാഞ്ചിന് വിട്ടത്. ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ഭര്‍ത്താവ് മൈലംകോട്ടില്‍ മുഹമ്മദ് സാദിഖും മക്കളും ബന്ധുക്കളും പൊലീസ് സ്റ്റേഷന് മുന്നില്‍ സമരം നടത്തിയിരുന്നു.

◾ മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാല്‍ ആശുപത്രിയില്‍ ചികിത്സ തേടി. പനിയും ശ്വാസസംബന്ധമായ ബുദ്ധിമുട്ടുകളെയും തുടര്‍ന്നാണ് മോഹന്‍ലാല്‍ ചികിത്സ തേടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് ചികിത്സ തേടിയത്. മോഹന്‍ലാല്‍ ആരോഗ്യം വീണ്ടെടുക്കുകയാണ് എന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

◾ മലയാള സിനിമയിലെ കലാസംവിധായകനും പ്രൊഡക്ഷന്‍ ഡിസൈനറുമായ ഹരി വര്‍ക്കല അന്തരിച്ചു. എഴുപത്തി രണ്ട് വയസായിരുന്നു. എഴുപതോളം ചിത്രങ്ങളില്‍ കലാസംവിധായകനായും പ്രൊഡക്ഷന്‍ ഡിസൈനറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

◾ മാമലക്കണ്ടം എളംബ്ലാശേരിയില്‍ യുവാവ് ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് സോളമന്‍ എന്നയാളാണ് പെട്രോള്‍ ഒഴിച്ചത്. നിരന്തരം കാട്ടാന ശല്യം നേരിടുന്ന പ്രദേശമാണ് മാമലക്കണ്ടം.

◾ പലിശ സംഘത്തിന്റെ മര്‍ദനമേറ്റ കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ മരിച്ചു. കുഴല്‍മന്ദം നടുത്തറ വീട്ടില്‍ കെ.മനോജാണ് തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ മരിച്ചത്. പലിശ സംഘത്തിന്റെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്നു. ഈ മാസം ഒന്‍പതിനാണ് പലിശ ഇടപാടുകാര്‍ മര്‍ദിച്ചതെന്നാണ് ബന്ധുക്കളുടെ മൊഴി. പൊലീസ് സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

◾ ചലച്ചിത്ര സംവിധായകന്‍ വത്സന്‍ കണ്ണേത്ത് അന്തരിച്ചു. 1985 ല്‍ റിലീസ് ചെയ്ത 'എന്റെ നന്ദിനിക്കുട്ടി' എന്ന ചിത്രത്തിന്റെ സംവിധായകനാണ്. എസ് എല്‍ പുരം സദാനന്ദന്റെ രചനയില്‍ വത്സനാണ് സംവിധാനം ചെയ്തത് . ഒഎന്‍വി കുറുപ്പ്, രവീന്ദ്രന്‍ ടീമിന്റെ പ്രശസ്തമായ പുഴയോരഴകുള്ള പെണ്ണ് എന്ന ഗാനം ഈ ചിത്രത്തിലേതാണ് .

◾ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഡയറക്ടര്‍ ജനറല്‍ രാകേഷ് പാല്‍ അന്തരിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ഐഎന്‍എസ് അഡയാറില്‍ സുപ്രധാന യോഗത്തില്‍ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി ഏഴ് മണിയോടെ മരണം സംഭവിച്ചുവെന്നാണ് ഔദ്യോഗിക അറിയിപ്പ്.  

◾ യുഎസിലെ ടെക്‌സാസില്‍ ഇന്ത്യന്‍ വംശജരായ കുടുംബത്തിലെ മൂന്ന് പേര്‍ കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. ലിയാന്‍ഡറിലെ താമസക്കാരായ അരവിന്ദ് മണി, ഭാര്യ പ്രദീപ അരവിന്ദ്, മകള്‍ ആന്‍ഡ്രില്‍ അരവിന്ദ് എന്നിവരാണ് ലാംപാസ് കൗണ്ടിക്ക് സമീപമുണ്ടായ അപകടത്തില്‍ മരിച്ചത്.

◾ തമിഴ്നാട് കൊടൈക്കനാലില്‍ മലയാളി യുവാവിന്റെ പരാക്രമം. കഴുത്തു മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം സ്വദേശി നാജിയാണ് പരാക്രമം നടത്തിയത്. യുവാവ് മദ്യപിച്ചും ലഹരി ഉപയോഗിച്ചും അക്രമം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊടൈക്കനാലിലേക്ക് മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പമാണ് നാജി വിനോദസഞ്ചാരത്തിനായി എത്തിയത്.

◾ ജാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് ഇന്ത്യ സഖ്യത്തിന് തിരിച്ചടി നല്‍കി മുന്‍ മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ചമ്പായ് സോറന്‍ ബിജെപിയിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. 6 എംഎല്‍എമാരുമായി സോറന്‍ ദില്ലിയിലെത്തി. ജയില്‍ വാസത്തിന് പിന്നാലെ ഹേമന്ത് സോറന്‍ മുഖ്യമന്ത്രി സ്ഥാനം തിരികെയെടുത്തതാണ് ചമ്പായ് സോറനെ പ്രകോപിപ്പിച്ചതെന്നാണ് സൂചന.

◾ മുന്‍മുഖ്യമന്ത്രി ചംപായ് സോറന്റെ പാര്‍ട്ടി വിടാനുള്ള നീക്കങ്ങള്‍ക്കിടെ പരോക്ഷപ്രതികരണവുമായി ജെ.എം.എം അധ്യക്ഷനും ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറന്‍. അവര്‍ ഗുജറാത്തില്‍നിന്നും അസമില്‍നിന്നും മഹാരാഷ്ട്രയില്‍നിന്നും നേതാക്കളെ കൊണ്ടുവന്ന് വിഷംകുത്തിവെച്ച് ആദിവാസികളേയും ദളിതരേയും പിന്നാക്കക്കാരേയും ന്യൂനപക്ഷങ്ങളേയും തമ്മില്‍ തല്ലിക്കും. അവര്‍ സമൂഹത്തെ മാത്രമല്ല, വീടുകളും പാര്‍ട്ടികളും പിളര്‍ത്തുന്നു. പണം ഉപയോഗിച്ച് അവര്‍ എം.എല്‍.എമാരെ വാങ്ങുന്നു. ഇപ്പോള്‍ നേതാക്കളും അതില്‍ വീണ് പാര്‍ട്ടി മാറുന്നു. എന്നാല്‍, ആശങ്കപ്പെടേണ്ടതില്ല. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം ഇന്ത്യ സഖ്യം ജനങ്ങള്‍ക്ക് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്', എന്നായിരുന്നു ഹേമന്ത് സോറന്റെ വാക്കുകള്‍.

◾ സൗദി അറേബ്യ എംപോക്സ് മുക്തമെന്ന് പബ്ലിക് ഹെല്‍ത്ത് അതോറിറ്റി അധികൃതര്‍ വ്യക്തമാക്കി. എംപോക്സ് ടൈപ്പ് 1 കേസുകളൊന്നും സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആഗോളതലത്തില്‍ എംപോക്സ് വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സൗദിയുടെ വിശദീകരണം. എന്നാല്‍ എംപോക്സ് രൂക്ഷമായ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.  

◾ ലണ്ടനില്‍ എയര്‍ ഇന്ത്യയുടെ ക്യാബിന്‍ വനിതാ ക്രൂ അംഗത്തെ ഹോട്ടല്‍ മുറിയില്‍ ശാരീരികമായി പീഡിപ്പിച്ചതായി പരാതി. അന്താരാഷ്ട്ര നിലവാരമുള്ള ഹോട്ടലില്‍ അതിക്രമിച്ചുകയറി ജീവനക്കാരിയെ ആക്രമിക്കുകയായിരുന്നുവെന്നും സംഭവത്തില്‍ ഖേദിക്കുന്നുവെന്നും എയര്‍ ഇന്ത്യ അറിയിച്ചു. അവര്‍ക്ക് നിയമപരമായും, മാനസികമായും പിന്തുണ നല്‍കുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

◾ റഷ്യയുടെ കൂടുതല്‍ ഭൂപ്രദേശത്തേയ്ക്ക് കയറി ആക്രമണം ശക്തമാക്കി യുക്രൈന്‍. റഷ്യയുടെ പടിഞ്ഞാറന്‍ പ്രദേശമായ കുര്‍ക്‌സില്‍ സൈനിക ഓഫീസ് തുറന്നിരിക്കുകയാണ് യുക്രൈന്‍ പട്ടാളം. കുര്‍ക്‌സ് മേഖലയില്‍ 50 കിലോമീറ്റര്‍ ഉള്ളിലേക്ക് യുക്രൈന്‍ സൈന്യം കടന്നിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങളടക്കം 1150 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം യുക്രൈന്‍ നിയന്ത്രണത്തിലാക്കി എന്നാണ് റിപ്പോര്‍ട്ട്.

◾ ഡല്‍ഹിയിലെ വന്‍ സ്വീകരണത്തിനു പിന്നാലെ സ്വന്തം നാട്ടുകാര്‍ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് കരുതിവെച്ചത് മറ്റൊരു ഗംഭീര സ്വീകരണം. ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട താരം വഴിയിലുടനീളം സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി സ്വന്തം ഗ്രാമമായ ഹരിയാണയിലെ ചാര്‍ഖി ദാദ്രി ജില്ലയിലെ ബലാലിയിലെത്തിയത് മൂന്നര മണിക്കൂറിന് പകരം 12 മണിക്കൂര്‍ കൊണ്ട്. നോട്ടുമാലയും തലപ്പാവും അണിയിച്ച് ഗ്രാമം വിനേഷിനെ സ്വീകരിച്ചത് 750 കിലോഗ്രാം ലഡുവുമായാണ്.
➖➖➖➖➖➖➖➖

Post a Comment

0 Comments