2024 | ഓഗസ്റ്റ് 20 | ചൊവ്വ
1200 | ചിങ്ങം 4 | ചതയം
1446 | സഫർ | 14.
➖➖➖➖➖➖➖➖
◾ ക്രിമിനലുകള്‍ നിയന്ത്രിക്കുന്ന മേഖലയാണ് മലയാള സിനിമയെന്നും, അടിമുടി സ്ത്രീ വിരുദ്ധതയാണ് മലയാള സിനിമാ മേഖലയിലെന്നും ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്. സിനിമാ മേഖലക്ക് പുറമേയുള്ള തിളക്കം മാത്രമേയുള്ളൂവെന്നും നടിമാര്‍ക്ക് അവസരം ലഭിക്കാന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകേണ്ടി വരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. വനിതാ പ്രൊഡ്യൂസര്‍മാരെ വരെ സംവിധായകരും നടന്‍മാരും അപമാനിക്കുന്ന സംഭവങ്ങളുണ്ട്. മലയാള സിനിമ നിയന്ത്രിക്കുന്നത് മാഫിയ സംഘമാണ്. മലയാള സിനിമാ മേഖലക്ക് ഒന്നാകെ അപമാനമാവുകയാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി പുറത്തുവിട്ട ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍.
◾ രാത്രി കാലങ്ങളില്‍ ഒറ്റക്ക് താമസിക്കുന്ന നടിമാരുടെ വാതിലില്‍ മുട്ടും, വാതില്‍ തുറന്നില്ലെങ്കില്‍ ശക്തമായി ഇടിക്കും. സഹകരിച്ചില്ലെങ്കില്‍ റീടേക്കുകള്‍ എടുപ്പിച്ച് ബുദ്ധിമുട്ടിക്കും. വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുന്നത് സംവിധായകനും നിര്‍മാതാക്കളും. സഹകരിക്കുന്നവരെ വിശേഷിപ്പിക്കുന്നത് കോപ്പറേറ്റിംഗ് ആര്‍ട്ടിസ്റ്റെന്നാണ്. ലൈംഗിക ആവശ്യങ്ങള്‍ക്ക് വഴങ്ങാത്തവരെ പ്രശ്‌നക്കാര്‍ എന്ന് മുദ്രകുത്തി സിനിമയില്‍ നിന്ന് ഒഴിവാക്കുകയും അവരുടെ കുടുംബങ്ങളെ പോലും ഭീഷണിപ്പെടുത്തുകയും ചെയ്യും. അവസരം ലഭിക്കാന്‍ നടിമാര്‍ വഴങ്ങിക്കൊടുക്കേണ്ടി വരുന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ ജോലിക്ക് സമയപരിധി ഇല്ല, ടോയ്‌ലറ്റില്‍ പോകാന്‍ പോലും അനുവദിച്ചിരുന്നില്ല. കൃത്യമായ വേതനമില്ല. തുണി മറ സൃഷ്ടിച്ച് മൂത്രമൊഴിക്കേണ്ട, വസ്ത്രം മാറേണ്ട അവസ്ഥ. അതിക്രമം കാട്ടിയ പലരും ഉന്നതരെന്ന് മൊഴി. മലയാള സിനിമയെ നിയന്ത്രിക്കുന്നത് 13 പേര്‍. ക്രിമിനല്‍വത്ക്കരിക്കപ്പെട്ട മലയാള സിനിമയുടെ ക്രൂരവും വികൃതവുമായ മുഖമാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ തെളിഞ്ഞുവന്നത്. മലയാള സിനിമയിലെ ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ കേട്ട് കമ്മിറ്റി തന്നെ ഞെട്ടിപ്പോയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
◾ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പുറത്തുവന്ന ഭാഗം ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ലൈംഗിക ചൂക്ഷണവും, ക്രിമിനല്‍വല്‍ക്കരണവും, അരാജകത്വവും സിനിമ മേഖലയില്‍ നടക്കുന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്. ചൂഷണം വ്യാപകമാണ് എന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാകുന്നത് . നാലരവര്‍ഷം സര്‍ക്കാര്‍ എന്തുകൊണ്ടാണ് റിപ്പോര്‍ട്ട് പുറത്ത് വിടാതെ ഇരുന്നത് എന്നും വി ഡി സതീശന്‍ ചോദിച്ചു. ഇത്ര വലിയ സ്ത്രീ വിരുദ്ധത നടന്നിട്ട് ആരെ രക്ഷിക്കാനാണ് ശ്രമിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
◾ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ വൈകിയത് സര്‍ക്കാരിന്റെ കുറ്റമല്ലെന്ന് മന്ത്രി സജി ചെറിയാന്‍. താന്‍ മന്ത്രിയായി, മൂന്നര വര്‍ഷത്തിനിടയ്ക്ക് ഒരു നടിയുടെയും പരാതി കിട്ടിയിട്ടില്ല. ഡബ്ല്യുസിസി പോലെയുള്ള സംഘടനകള്‍ ചില കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം വായിച്ചിട്ടില്ല, ശുപാര്‍ശ മാത്രമാണ് കണ്ടത്. പുറത്തുവിടാത്ത ഭാഗം വായിച്ചിട്ടില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു.
◾ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് വൈകിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്ന് മന്ത്രി പി. രാജീവ്. റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചകള്‍ പ്രശ്നപരിഹാരത്തിന് സഹായകരമാകുമെന്ന് കരുതുന്നുവെന്നും സ്ത്രീസംരക്ഷണത്തിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
◾ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി താരസംഘടന അമ്മയുടെ ജനറല്‍ സെക്രട്ടറി സിദ്ദിഖ്. ആര്‍ക്കെതിരെയാണ് വിവേചനം ഉണ്ടായതെന്നും, ആരൊക്കെയാണ് പരാതിപ്പെട്ടതെന്നും ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ വിശദമായി പഠിക്കേണ്ടതുണ്ടെന്ന് സിദ്ദിഖ് പറഞ്ഞു. മറ്റ് സംഘടനകളുമായി കാര്യങ്ങള്‍ കൂടിയാലോചിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ട് വിശദമായി പഠിച്ച് മറുപടി പറയാം എന്നും അദ്ദേഹം പറഞ്ഞു.
◾ സ്ത്രീകളോട് മാന്യമായും മര്യാദയോടേയും പെരുമാറുന്ന ഒരുപാട് സിനിമാപ്രവര്‍ത്തകരുണ്ടെന്നും മലയാള സിനിമയിലെ പുരുഷന്‍മാരായ എല്ലാ സിനിമാപ്രവര്‍ത്തകരും ചൂഷകരല്ല എന്നും ഹേമ കമ്മിറ്റി . അവര്‍ക്കൊപ്പം ജോലി ചെയ്യുന്നതില്‍ സ്ത്രീകള്‍ വലിയ സുരക്ഷിതത്വമാണ് അനുഭവിക്കുന്നതെന്നും അവര്‍ നല്‍കിയ മൊഴിയില്‍ ഛായാഗ്രാഹകരും സംവിധായകരുമെല്ലാം ഉള്‍പ്പെടുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
◾ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ കാരണം തങ്ങളുടെ നിരന്തരമായ ഇടപെടലാണെന്നും സിനിമ രംഗത്തെ വനിത കൂട്ടായ്മയായ ഡബ്യൂസിസി. ഈ റിപ്പോര്‍ട്ട് പുറത്തെത്തിക്കാന്‍ ഏറെ ദൂരം സഞ്ചരിച്ചുവെന്നും ശുപാര്‍ശകള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കും എന്ന് പ്രതീക്ഷിക്കുന്നു എന്നും ഡബ്യൂസിസി വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു. 2017 ല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെയാണ് സിനിമാരംഗത്തെ വനിത കൂട്ടായ്മയായ ഡബ്യുസിസി രൂപീകൃതമായത്. ഡബ്യൂസിസിയുടെ നിര്‍ദേശപ്രകാരം കൂടിയാണ് സിനിമ രംഗത്തെ വനിതകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകൃതമായത്.
◾ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ പ്രതികരണവുമായി സംവിധായകന്‍ വിനയന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്. മലയാള സിനിമ മാഫിയാ സംഘമാക്കി മാറ്റാനായി മാക്ട എന്ന സംഘടനയെ തകര്‍ത്തെന്ന് വിനയന്‍ ആരോപിച്ചു. അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യ്‌ക്കെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ഉന്നയിക്കുന്നത്.
◾ ഹേമ കമ്മിറ്റിക്ക് മുന്‍പില്‍ തങ്ങളുടെ അനുഭവങ്ങള്‍ മൊഴിയായി നല്‍കിയവരെ ബഹുമാനിക്കുന്നു എന്നും അവര്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നുവെന്നും നടന്‍ ആസിഫ് അലി. സിനിമ രംഗത്ത് എല്ലാവര്‍ക്കും തുല്യത ഉറപ്പുവരുത്തണമെന്നും മൊഴി നല്‍കിയവര്‍ക്കൊപ്പം തന്നെയാണ് നില്‍ക്കേണ്ടതെന്നും അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടണമെന്നും ആസിഫലി പറഞ്ഞു.
◾ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച അടിയന്തര ധനസഹായമായ 10,000 രൂപയില്‍ നിന്നും വായ്പ തിരിച്ചടവ് ഈടാക്കിയ കേരള ഗ്രാമീണ്‍ ബാങ്കിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ജില്ലാ കളക്ടറും കേരള ഗ്രാമീണ്‍ ബാങ്ക് ചൂരല്‍മല ബ്രാഞ്ച് മാനേജരും ഇക്കാര്യം പരിശോധിച്ച് ഒരാഴ്ചക്കകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു.
◾ സംസ്ഥാനത്ത് ഇന്ന് 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 21ന് ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
◾ ഇന്ന് ശ്രീനാരായണ ഗുരു ജയന്തി, ഗുരുദേവന് പ്രണാമമര്‍പ്പിച്ച് കേരളം. കേരളം കണ്ട ഏറ്റവും വലിയ സാമൂഹിക പരിവര്‍ത്തകനും, നവോത്ഥാനനായകനും ആയിരുന്ന ശ്രീനാരായണ ഗുരുവിന്റെ 170 -ാമത് ജയന്തി ലോകമെമ്പാടും ഇന്ന് ആഘോഷിക്കും.
◾ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്ക് യുവാവിന്റെ മര്‍ദ്ദനം. കോഴിക്കോട് മാങ്കാവില്‍ കാറിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ചാണ് കെഎസ്ആര്‍ടിസി ഡ്രൈവറെ മര്‍ദിച്ചത്. കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനമേറ്റ കെഎസ്ആര്‍ടിസി ഡ്രൈവര്‍ സുബ്രഹ്‌മണ്യനെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലക്കാട് നിന്നും കോഴിക്കോടിന് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് നിര്‍ത്തിയാണ് യുവാവ് അക്രമം നടത്തിയത്.
◾ നാടിനെ ഏകീകരിക്കാന്‍ സാഹിത്യത്തിനും കലയ്ക്കും കഴിയുമെന്ന് ഗോവ ഗവര്‍ണര്‍ പി എസ്. ശ്രീധരന്‍ പിള്ള. ബഹറിന്‍ കേരളീയ സമാജം പ്രവാസി കുടുംബ സംഗമമായ 'ഹാര്‍മണി 2024' ല്‍ പ്രസംഗിക്കുകയായിരുന്ന അദ്ദേഹം. കാലദേശങ്ങളെ അതിജീവിക്കാന്‍ സാഹിത്യത്തിനു കഴിയുമെന്നും രാജ്യത്തെ സാമ്പത്തികമായി മുന്നോട്ടു നയിക്കുന്നതില്‍ പ്രവാസികള്‍ വഹിക്കുന്ന പങ്കുവലുതാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ബഹറിനില്‍ അധ്വാനിച്ചു ജീവിതം വിജയകരമാക്കി കുടുംബത്തിനും നാടിനും കൈത്താങ്ങായവരാണ് ബഹറിന്‍ പ്രവാസികളെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. വയനാട്ടിലെ ദുരിതത്തിനു പരിഹാരം കാണാന്‍ കേന്ദ്ര സര്‍ക്കാരില്‍നിന്ന് ഇപ്പോഴാണു സഹായം കിട്ടേണ്ടതെന്നും കിട്ടേണ്ട സമയത്തു സഹായം കിട്ടണമെന്നും ചടങ്ങില്‍ പങ്കെടുത്ത സാഹിത്യകാരന്‍ ടി. പദ്മനാഭന്‍ പറഞ്ഞു.
◾ ലഹരിക്കടിമയായ കൊച്ചുമകന്‍ വയോധികയെ ക്വാറിവേസ്റ്റിലേക്ക് തള്ളിയിട്ടു കൊന്നു. ആലപ്പുഴ പുളിങ്കുന്ന് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് കാഞ്ഞിരക്കാട് ലക്ഷംവീട് കോളനിയില്‍ ജനാര്‍ദ്ദനന്റെ ഭാര്യ സരോജിനി(70)യാണ് മരിച്ചത്. കൊച്ചുമകന്‍ ജിത്തു(24) ആണ് തള്ളിയിട്ടത്.
◾ മൈസുരു അര്‍ബന്‍ ഡെവലപ്പ്മെന്റ് അതോറിറ്റി ഭൂമി അഴിമതി കേസില്‍ തന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയ ഗവര്‍ണറുടെ നടപടിക്കെതിരെ കര്‍ണാടക ഹൈക്കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് നേടി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. താന്‍ പ്രതിയോ പങ്കാളിയോ അല്ലായെന്നും ഭൂമി ഇടപാടില്‍ തന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയ ഗവര്‍ണര്‍ തവര്‍ ചന്ദ് ഗെഹ്ലോട്ടിന്റെ നടപടി ചട്ടവിരുദ്ധമെന്ന് കാണിച്ചുമായിരുന്നു സിദ്ധരാമയ്യ ഹര്‍ജി നല്‍കിയത്.
◾ രക്ത സമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ദില്ലി എയിംസില്‍ പ്രവേശിപ്പിച്ചു. നിലവില്‍ പ്രധാന ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലാണ് അദ്ദേഹം.
◾ അനധികൃതമായി പ്രവര്‍ത്തിച്ചു വരുന്ന അന്ധേരി ഈസ്റ്റിലെ ഡാന്‍സ് ബാറില്‍ നിന്ന് 24 പെണ്‍കുട്ടികളെ പൊലിസെത്തി രക്ഷിച്ചു. ഡാന്‍സ് ബാറിലുണ്ടായിരുന്ന പെണ്‍കുട്ടികളിലൊരാള്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു സ്ഥാപനത്തില്‍ റെയ്ഡ് നടത്തിയത്. സൗകര്യങ്ങളോന്നുമില്ലാതെ പാര്‍പ്പിച്ചിരിക്കുക, നിരന്തരം ലൈഗിക ചൂഷണത്തിന് വിധേയരാക്കുക, മര്‍ദ്ദിക്കുക ഇതെക്കെയായിരുന്നു ഡാന്‍സറില്‍ ഒരാള്‍ നല്‍കിയ പരാതി.
◾ ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370, 35എ എന്നിവ പുനഃസ്ഥാപിക്കുമെന്നും സംസ്ഥാന പദവി തിരികെ നല്‍കുമെന്നും പ്രകടന പത്രികയില്‍ ഉറപ്പു നല്‍കി നാഷണല്‍ കോണ്‍ഫറന്‍സ്. ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിനായി 12 ഗ്യാരന്റികള്‍ ഉള്‍പ്പെടുത്തി പുറത്തിറക്കിയ പ്രകടന പത്രികയിലാണ് നാഷണല്‍ കോണ്‍ഫറന്‍സിന്റെ വാഗ്ദാനം. പാര്‍ട്ടി വൈസ് പ്രസിഡന്റായ ഒമര്‍ അബ്ദുള്ളയാണ് പ്രകടനപത്രിക പുറത്തിറക്കിയത്.
◾ ആഫ്രിക്കയില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന എംപോക്സ് വൈറസിനെതിരെ മുന്‍കരുതലുകളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. വൈറസിന്റെ വ്യാപനം തടയാനായി ആശുപത്രികളിലും വിമാനത്തവാളങ്ങളിലും അത്യാഹിത വാര്‍ഡുകള്‍ സജ്ജീകരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. കഴിഞ്ഞാഴ്ച ലോകാരോഗ്യസംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിതിനു പിന്നാലെയാണ് ഇന്ത്യയുടെ നീക്കം.
◾ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത ഓഗസ്റ്റ് 23ന് യുക്രൈന്‍ സന്ദര്‍ശിക്കും. റഷ്യ യുക്രൈന്‍ യുദ്ധം തുടങ്ങിയ ശേഷം ഇതാദ്യമായാണ് മോദി യുക്രൈനില്‍ എത്തുന്നത്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ നിശ്ചയിച്ച പോളണ്ട് സന്ദര്‍ശനത്തിന് ശേഷമാവും മോദി യുക്രൈനില്‍ എത്തുക.
◾ ഒക്ടോബര്‍ മൂന്ന് മുതല്‍ 20 വരെ നടക്കാനിരിക്കുന്ന വനിതാ ട്വന്റി 20 ലോകകപ്പിന് യുഎഇ വേദിയായേക്കും. രാജ്യത്തെ സംഘാര്‍ഷാവസ്ഥ കണക്കിലെടുത്ത് ബംഗ്ലാദേശ് ആതിഥേയത്വത്തില്‍ നിന്ന് പിന്‍മാറിയതോടെ ആണിത്. ലോകകപ്പ് വേദിയാവാനുള്ള ഐസിസിയുടെ നിര്‍ദേശം ബിസിസിഐ നിരസിച്ചിരുന്നു.
◾ പാരിസ് ഒളിംപിക്‌സ് ഗുസ്തിയിലെ 50 കിലോഗ്രാം വിഭാഗത്തില്‍ നിന്ന് 100 ഗ്രാം അധിക ഭാരത്തിന്റെ പേരില്‍ അയോഗ്യയാക്കിയതിനെതിരെ വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീലിനെതിരായ കായിക കോടതിയുടെ വിശദമായ വിധി പകര്‍പ്പ് പുറത്ത്. ആര്‍ത്തവ ദിവസങ്ങള്‍ കണക്കിലെടുത്ത് ഇളവ് അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നും ഇത്തരം ഇളവ് നല്‍കാന്‍ നിലവിലെ നിയമം അനുവദിക്കുന്നില്ലെന്നും 50 കിലോയെക്കാള്‍ ഒരു ഗ്രാം പോലും കൂടരുതെന്നാണ് ചട്ടമെന്നും കായിക കോടതിയുടെ വിധിയില്‍ വ്യക്തമാക്കുന്നു.
➖➖➖➖➖➖➖➖
0 Comments