2024 | ഓഗസ്റ്റ് 23 | വെള്ളി|
1200 | ചിങ്ങം 7 | രേവതി
1446 | സഫർ | 17.
➖➖➖➖➖➖➖➖
◾ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഹൈക്കോടതിയുടെ നിരീക്ഷണങ്ങളെ സര്‍ക്കാര്‍ ബഹുമാനിക്കുമെന്നാണ് കരുതുന്നതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്ത്രീകളെ വിനോദോപാധി മാത്രമായി കാണുന്ന പ്രശ്നം അതീവ ഗുരുതരമാണെന്നും കടുത്ത നിയമനടപടികള്‍ സ്വീകരിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. റിപ്പോര്‍ട്ടില്‍ പേരുകള്‍ ഉണ്ടെങ്കില്‍ അന്വേഷണ ഏജന്‍സിക്ക് നടപടി സ്വീകരിക്കാമെന്നും മുഴുവന്‍ റിപ്പോര്‍ട്ട് ഹൈക്കോടതി ചോദിച്ച സ്ഥിതിക്ക് സ്വാഭാവികമായും നടപടികള്‍ ഉണ്ടാകുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
◾ തങ്ങളുടെ ഒരു സ്ഥാപക അംഗത്തിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെ അപലപിച്ച് ഡബ്ല്യുസിസി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തെത്തിയതിന് പിന്നാലെ സ്ഥാപക അംഗത്തിനെതിരെ നടക്കുന്ന ഈ സൈബര്‍ അറ്റാക്കുകള്‍ക്കെതിരെ തങ്ങള്‍ ശക്തമായി അപലപിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി. ഓരോ അംഗത്തിനും അവരുടെ സ്വന്തം അനുഭവങ്ങളെക്കുറിച്ച് ഭയം കൂടാതെ സംസാരിക്കാന്‍ അവകാശമുണ്ടെന്നാണ് തങ്ങള്‍ കരുതുന്നതെന്നും സ്ത്രീകള്‍ക്കെതിരെ സ്ത്രീകളെ പ്രതിഷ്ഠിക്കുന്ന തരത്തിലുള്ള പ്രചരണമാണ് നടക്കുന്നതെന്നും ഡബ്ല്യുസിസി പ്രസ്താവനയിലൂടെ അറിയിച്ചു.
◾ സ്ഥാപക അംഗത്തിനെതിരായ സൈബര്‍ ആക്രമണത്തിനെതിരെ വിമര്‍ശനമുന്നയിച്ച് പ്രസ്താവനയിറക്കിയ ഡബ്ല്യൂസിസി നടപടിയില്‍ പ്രതികരണവുമായി നടി മഞ്ജു വാര്യര്‍. 'അനിവാര്യമായ വിശദീകരണം' എന്ന് കുറിച്ചാണ് മഞ്ജു വാര്യര്‍ ഡബ്ല്യൂസിസിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.
◾ സിനിമ മേഖലയുമായി ബന്ധപ്പെട്ടുള്ള നിയമ നിര്‍മാണത്തിന് സര്‍ക്കാര്‍ സമീപിച്ചാല്‍ നിയമസഭ മുന്നോട്ടുപോകുമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കുന്നത് നിയമവിദഗ്ധരുമായി ആലോചിച്ച് ചെയ്യേണ്ടതാണ്. അതുണ്ടാകുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി കഴിഞ്ഞു. കേസെടുക്കാമെന്നത് മന്ത്രി കെ എന്‍ ബാലഗോപാലിന്റെ അഭിപ്രായമാണെന്നും ഓരോരുത്തര്‍ക്കും ഓരോ അഭിപ്രായമുണ്ടാകുമെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.
◾ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ ഉടന്‍ നടപടിയെടുക്കണമെന്ന് ബിജെപി നേതാവ് വി മുരളീധരന്‍. സിനിമാ ലോകത്തെ നിയന്ത്രിക്കുന്ന പവര്‍ ഗ്രൂപ്പില്‍ ആരൊക്കെയാണ് ഉള്ളത് എന്ന് വെളിപ്പെടുത്തണമെന്നും റിപ്പോര്‍ട്ട് പൂഴ്ത്തി വെച്ച സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ സത്യപ്രതിജ്ഞ ലംഘനം നടത്തിയെന്നും മുരളീധരന്‍ പറഞ്ഞു. ക്രിമിനല്‍ കുറ്റം കണ്ടെത്തിയാല്‍ ഉടന്‍ കേസെടുക്കാന്‍ പരാതിയുടെ ആവശ്യമില്ലെന്നും സര്‍ക്കാര്‍ ഇരകള്‍ക്കൊപ്പം നില്‍ക്കുകയാണ് വേണ്ടതെന്നും വേട്ടക്കാരനെ സംരക്ഷിക്കുന്ന രീതി ശരിയല്ലെന്നും വി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
◾ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ സര്‍ക്കാരിന് ഒരു താല്‍പര്യക്കുറവും ഉണ്ടായിരുന്നില്ലെന്ന് മന്ത്രി എം ബി രാജേഷ്. പലരും മൊഴി നല്‍കിയത് രഹസ്യാത്മകത കാത്ത് സൂക്ഷിക്കും എന്നു ഉറപ്പ് നല്‍കിയത് കൊണ്ടാണ്. ഇപ്പോള്‍ പ്രചരിപ്പിക്കുന്നത് സങ്കുചിത രാഷ്ട്രീയ താല്‍പര്യമാണെന്നും മന്ത്രി പറഞ്ഞു. നിയമപരമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. സര്‍ക്കാരിന് ആരെയെങ്കിലും സംരക്ഷിക്കാനുണ്ടെങ്കില്‍ ഹേമ കമ്മിറ്റിയെ നിയോഗിക്കില്ലായിരുന്നു എന്നും എം ബി രാജേഷ് പറഞ്ഞു. സിനിമാ കോണ്‍ക്ലേവിന്റെ വിശദാംശങ്ങള്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇരകളും വേട്ടക്കാരും ഒന്നിച്ചിരിക്കുമെന്ന വ്യാഖ്യാനം എങ്ങനെ ഉണ്ടായെന്നും മന്ത്രി ചോദിച്ചു. കോണ്‍ക്ലേവ് കൊണ്ട് സര്‍ക്കാര്‍ എന്താണ് ഉദ്ദേശിക്കുന്നതെന്നും ഇരകളേയും വേട്ടക്കാരേയും ഒരുമിച്ചിരുത്തിയാണോ സര്‍ക്കാര്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നതെന്നും നടി പാര്‍വതി തിരുവോത്ത് നേരത്തേ ചോദിച്ചിരുന്നു.
◾ ഹേമ കമ്മിറ്റി മുന്‍പാകെ വന്നിട്ടുള്ള മൊഴികളും പരാതികളും അര്‍ഹിക്കുന്ന ഗൗരവത്തോടെ സമീപിക്കേണ്ടതാണെന്ന് അടിയുറച്ച് വിശ്വസിക്കുന്നുവെന്നും നിശബ്ദത ഇതിന് പരിഹാരമാകില്ലെന്നും സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി.
◾ മലയാള സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ടെന്നും സിനിമ മേഖലയിലെ കുറച്ച് ആളുകള്‍ മോശമായി പെരുമാറുന്നവരാണെന്നുമുള്ള വെളിപ്പെടുത്തലുമായി സിനിമ സീരിയല്‍ നടി ഉഷ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ള കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാണെന്നും പെണ്‍കുട്ടികള്‍ പരാതി നല്‍കാന്‍ തയ്യാറാകണമെന്നും ഉഷ പറഞ്ഞു. തനിക്കും ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഒരു സംവിധായകന്‍ മോശമായി പെരുമാറിയിട്ടുണ്ടെന്നും ഉഷ പറഞ്ഞു.
◾ തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടത്ത് നിന്നും കാണാതായി 37 മണിക്കൂറിന് ശേഷം കണ്ടെത്തിയ ആസാമീസ് പെണ്‍കുട്ടിയെ ഇന്ന് കേരള പൊലീസിന് കൈമാറും. കുട്ടി ഇപ്പോള്‍ വിശാഖപട്ടണത്ത് ആര്‍പിഎഫിന്റെ സംരക്ഷണയിലാണ്. അതേസമയം മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കൂടെ ആസാമില്‍ നിന്ന് പഠനം തുടരണമെന്നാണ് കുട്ടിയുടെ ആഗ്രഹം. വീട്ടില്‍ ഉപദ്രവം തുടര്‍ന്നതിനാലാണ് വീട് വിട്ട് ഇറങ്ങിയതെന്നും കുട്ടി വെളിപ്പെടുത്തി.
◾ മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ ആവശ്യമായ ഇടപെടല്‍ ദേശീയ ഡാം സുരക്ഷ അതോറിറ്റി നടത്തുമെന്ന് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് ദില്ലിയില്‍ പറഞ്ഞു. എന്‍ഡിഎസ്എ ചെയര്‍മാന് മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച വിശദമായ അപേക്ഷ നല്‍കിയിട്ടുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ട് കേരളത്തിന്റെ വലിയൊരു ആശങ്കയാണെന്നും ഇക്കാര്യങ്ങളെല്ലാം വിശദീകരിച്ചാണ് അപേക്ഷ നല്‍കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
◾ വടകരയിലെ കാഫിര്‍ വ്യാജ സ്‌ക്രീന്‍ ഷോട്ട് വിവാദത്തില്‍ സംസ്ഥാന സെക്രട്ടറി പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്ന് സിപിഎം നേതാവ് കെ കെ ലതിക. തനിക്ക് തെറ്റ് പറ്റിയിട്ടില്ലെന്ന് നിയമപരമായി തെളിയിക്കുമെന്നും ലതിക പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വീടുകള്‍ കയറി വര്‍ഗീയ പ്രചരണം നടത്തി. ഇടത് പക്ഷത്തെ ഒരാള്‍ക്കും സ്‌ക്രീന്‍ ഷോട്ട് വിഷയത്തില്‍ പങ്കുണ്ടാകില്ല. വര്‍ഗീയമായ പ്രചരണം നടത്തരുതെന്ന് കൃത്യമായ നിര്‍ദേശം ഉണ്ടായിരുന്നുവെന്നും കെ കെ ലതിക വ്യക്തമാക്കി.
◾ പോളിടെക്‌നിക് കോളേജ്, ഐ എച്ച് ആര്‍ ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, ഐ ടി ഐ, ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, സിവില്‍ സര്‍വ്വീസ് അക്കാഡമി എന്നിവയും കൂടാതെ അടിസ്ഥാന വികസന സൗകര്യങ്ങളും ഉള്‍പ്പെടുത്തി കൊണ്ടുള്ള പിണറായി എജുക്കേഷന്‍ ഹബ്ബിന്റെ നിര്‍മ്മാണോദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ധര്‍മ്മടം നിയോജക മണ്ഡലത്തിലെ പിണറായി വില്ലേജില്‍, 12.93 ഏക്കര്‍ സ്ഥലത്ത് 285 കോടി രൂപ ചെലവിലാണ് ഈ വിദ്യാഭ്യാസ സമുച്ചയം സ്ഥാപിക്കുന്നത്.
◾ കേരളത്തിലെ ആദ്യ ഇന്റര്‍നാഷണല്‍ റോബോട്ടിക്സ് റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ് ഇന്ന് കൊച്ചിയില്‍. സമാനതകളില്ലാത്ത മുന്നേറ്റം നൂതന വ്യവസായ മേഖലകളില്‍ കൈവരിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന കേരളം പുതിയൊരു ചുവട് കൂടി വയ്ക്കുകയാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.
◾ ഓണക്കാലത്ത് ഒരു ലിറ്റര്‍ പാലിന് ഒന്‍പത് രൂപ വീതം അധിക വില നല്‍കാന്‍ തിരുവനന്തപുരം മേഖല യൂണിയന്‍ ഭരണസമിതി തീരുമാനിച്ചതായി ചെയര്‍മാന്‍ അറിയിച്ചു. ഇതില്‍ ഏഴ് രൂപ ക്ഷീരസംഘങ്ങള്‍ക്ക് അധിക പാല്‍വിലയായി നല്‍കും. രണ്ട് രൂപ മേഖലാ യൂണിയനില്‍ സംഘത്തിന്റെ അധിക ഓഹരി നിക്ഷേപമായി സ്വീകരിക്കുകയും ചെയ്യുമെന്നാണ് വിവരം.
◾ കെ.ടി.ഡി.സി ചെയര്‍മാനും സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവുമായ പി കെ ശശിയെ പുകഴ്ത്തി മന്ത്രി കെബി ഗണേഷ് കുമാര്‍. പികെ ശശിയെ പോലെ ഇത്ര നല്ല മനുഷ്യനെ ജീവിതത്തില്‍ കണ്ടിട്ടില്ലെന്നും നല്ലതു ചെയ്യുന്നവരെ കുറ്റക്കാരാക്കുന്ന നിലപാടാണ് ഇപ്പോഴെന്നും താനും അത്തരത്തില്‍ വേട്ടയാടപ്പെട്ടവനാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. എംഎല്‍എ ആയിരുന്നപ്പോഴും അല്ലാതിരുന്നപ്പോഴും രാഷ്ട്രീയം നോക്കാതെ എല്ലാവരെയും സഹായിച്ച വ്യക്തിയാണ് പികെ ശശി. പികെ ശശിയുടെ പ്രവര്‍ത്തനത്തെ കരിവാരി തേക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ആരോപണങ്ങളെന്നും അതൊന്നും സത്യമല്ലെന്നും സത്യമേ ജയിക്കുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.
◾ സംസ്ഥാനത്ത് വൈദ്യുതി നിരക്കുകള്‍ പരിഷ്‌കരിക്കുന്നതിനുള്ള പൊതുതെളിവെടുപ്പുകള്‍ സെപ്റ്റംബര്‍ മാസത്തില്‍ നടത്തുമെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അറിയിച്ചു. 2027 മാര്‍ച്ച് 31 വരെയുള്ള കാലയളവിലേക്ക് വൈദ്യുതി നിരക്കുകള്‍ പരിഷ്‌ക്കരിക്കുന്നതിനുള്ള അപേക്ഷ റെഗുലേറ്ററി കമ്മീഷന് മുമ്പാകെ കെഎസ്ഇബി സമര്‍പ്പിച്ചിട്ടുണ്ട്. ഇതിന്മേല്‍ തീരുമാനം എടുക്കുന്നതിനുള്ള പൊതു തെളിവെടുപ്പാണ് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ നടത്താന്‍ പോകുന്നത്.
◾ കോളേജില്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ശേഖരിച്ച ഫീസ് തുക സര്‍ക്കാറിലേക്ക് അടയ്ക്കാതെ ക്രമക്കേട് നടത്തിയ സംഭവത്തില്‍ ക്ലര്‍ക്കിന് 30 വര്‍ഷം കഠിന തടവ്. ഇതിന് പുറമെ 3.30 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. തിരുവനന്തപുരം ശ്രീകാര്യം എഞ്ചിനീയറിംഗ് കോളേജില്‍ ക്ലര്‍ക്കായിരുന്ന ഗോപകുമാറിനെയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി ശിക്ഷിച്ചത്.
◾ എംഎല്‍എയുടെ അവകാശത്തിന്‍മേലുള്ള കടന്നുകയറ്റമാണ് വൈക്കം എസ്എച്ച്ഒ നടത്തിയതെന്നും ഗവര്‍ണര്‍ക്കടക്കം വിഷയം ചൂണ്ടിക്കാട്ടി പരാതി നല്‍കുമെന്നും വൈക്കം എം എല്‍ എ സി കെ ആശ. വഴിയോര കച്ചവടക്കാര്‍ക്കൊപ്പം നിന്നതിന് പൊലീസ് തന്നെ അപമാനിച്ചുവെന്നും സി കെ ആശ ആരോപിച്ചു. വൈക്കത്ത് വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നത് തടയാന്‍ എത്തിയ സിപിഐ നേതാക്കളോടും എംഎല്‍എ സി കെ ആശയോടും പൊലീസ് അപമര്യാദയായി പെരുമാറി എന്നാരോപിച്ച് എംഎല്‍എയുടെ നേതൃത്വത്തില്‍ വൈക്കം പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
◾ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ പ്രതിയായിരുന്ന ഒതായി മനാഫ് വധക്കേസിലെ പ്രധാന സാക്ഷികളെ വിസ്തരിക്കേണ്ട സാഹചര്യത്തില്‍ പി വി അന്‍വറിനെ കൊണ്ട് പൊലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യിപ്പിച്ചത് തെറ്റായ നടപടിയാണെന്ന് ഒതായി മനാഫിന്റെ കുടുംബം വിമര്‍ശിച്ചു. പൊലീസ് നടപടി നിയമത്തിനെതിരെയുള്ള വെല്ലുവിളിയാണെന്ന് ഒതായി മനാഫിന്റെ കുടുംബം കുറ്റപ്പെടുത്തി.
◾ വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് നിലവില്‍ നാലു ക്യാമ്പുകളിലായി 35 കുടുംബങ്ങള്‍ മാത്രാണ് കഴിയുന്നതെന്ന് റവന്യു മന്ത്രി കെ രാജന്‍. 19 കുടുംബങ്ങള്‍ കൂടി ഇന്ന് ക്യാമ്പുകളില്‍ നിന്ന് മാറും. രണ്ട് കുടുംബങ്ങള്‍ കൂടി പഞ്ചായത്ത് ക്വാര്‍ട്ടേഴ്സ് ശരിയായാല്‍ മാറും. 14 കുടുംബങ്ങള്‍ക്ക് കൂടി മാറാനുള്ള സൗകര്യം ഉടന്‍ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 27-28 ഓടെ എല്ലാവരുടെയും പുനരധിവാസം പൂര്‍ത്തിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ പാലക്കാട് പട്ടാമ്പിയില്‍ 16 കാരനെ പൊലീസ് വീട്ടില്‍ കയറി ആളു മാറി മര്‍ദ്ദിച്ചതായി പരാതി. കാരക്കാട് പാറപ്പുറം സ്വദേശി ത്വാഹാ മുഹമ്മദാണ് പട്ടാമ്പി പൊലീസിനെതിരെ പരാതിയുമായി എത്തിയത്. സംഭവത്തില്‍ പാലക്കാട് എസ് പിക്കും മുഖ്യമന്ത്രിയ്ക്കും പരാതി നല്‍കി. എന്നാല്‍, മര്‍ദിച്ചെന്ന ആരോപണം പട്ടാമ്പി പൊലീസ് നിഷേധിച്ചു. രാവിലെ വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങി വരികയായിരുന്നു ത്വാഹാ മുഹമ്മദ് .
◾ സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാജപ്രചാരണം നടത്തിയെന്നാരോപിച്ച് എബിസി മലയാളം ന്യൂസ് എന്ന യുട്യൂബ് ചാനലിനെതിരെ നിയമ നടപടിയുമായി കെ എസ് ഇ ബി. വ്യാജവാര്‍ത്ത പ്രചരിപ്പിച്ച അതേ മാധ്യമങ്ങളിലൂടെ മാപ്പുപറയുകയും യഥാര്‍ത്ഥ വസ്തുതകള്‍ അറിയിക്കുകയും ചെയ്യാത്ത പക്ഷം ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണം എന്ന് കാണിച്ചാണ് ചാനല്‍ നടത്തിപ്പുകകാര്‍ക്കെതിരെ കെ എസ് ഇ ബി വക്കീല്‍ നോട്ടീസ് അയച്ചത്.
◾ താമരശ്ശേരി കൈതപ്പൊയില്‍ നോളജ് സിറ്റിക്ക് സമീപം അടച്ചിട്ട വീട്ടില്‍ വന്‍ മോഷണം. വേഞ്ചേരി ടികെ അബ്ദുള്ളയുടെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം രാത്രിയോടെ നടന്ന മോഷണത്തില്‍ സ്വര്‍ണവും വിദേശ കറന്‍സികളും ഉള്‍പ്പെടെ നാലര ലക്ഷത്തോളം രൂപ വില വരുന്ന വസ്തുക്കള്‍ നഷ്ടപ്പെട്ടതായി വീട്ടുടമസ്ഥന്‍ അറിയിച്ചു.
◾ 70 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി തിരുവനന്തപുരം ആനയറ സ്വദേശി അജിത് എക്സൈസിന്റെ പിടിയിലായി. തിരുവനന്തപുരം എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ദിലീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അജിത്തിനെ കസ്റ്റഡിയിലെടുത്തത്.
◾ കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഫോഴ്സിനെ ഏതു ദുരന്ത മുഖങ്ങളിലും യശസ്സോടെ നമുക്ക് കാണാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പെരിങ്ങോം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആരുടെയും പിന്നില്‍ അല്ലാതെ ചിലപ്പോഴെങ്കിലും മുന്നിലായി പ്രവര്‍ത്തനം കാഴ്ച വെക്കാന്‍ കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഫോഴ്സിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
◾ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഒരു കുട്ടി കൂടി രോഗമുക്തി നേടി. ജൂലൈ 18 ന് രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച കണ്ണൂര്‍ സ്വദേശിയായ മൂന്നരവയസുകാരനാണ് പൂര്‍ണ്ണ ആരോഗ്യവാനായി ആശുപത്രി വിട്ടത്.
◾ പാലക്കാട് ജില്ലയിലെ പട്ടാമ്പി ഭൂരേഖാ തഹസില്‍ദാര്‍ ഒറ്റപ്പാലം പാലപ്പുറം സ്വദേശി മുരളീധരന്‍ നായര്‍(52) കണക്കില്‍പെടാത്ത പണം കൈവശം വെച്ചതിനെ തുടര്‍ന്ന് വിജിലന്‍സ് പിടിയിലായി. ആലത്തൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ ഇന്നലെ വൈകിട്ട് നാലുമണിയോടെ ലാന്‍ഡ് ട്രിബ്യൂണല്‍ സിറ്റിങ്ങിനിടെ ആണ് കൈവശം വച്ചിരുന്ന 5000 രൂപയും കാറില്‍ നിന്നും 44000 രൂപയും വിജിലന്‍സ് കണ്ടെടുത്തത്.
◾ തൃശ്ശൂര്‍ പാലപ്പിള്ളിയില്‍ മാനിനെ കെട്ടിയിട്ട് റീല്‍സ് ചിത്രീകരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തിരുവനന്തപുരം വിതുര സ്വദേശി ഷിബുവാണ് പിടിയിലായത്. ഇതോടെ കേസില്‍ രണ്ട് പേര്‍ പിടിയിലായി. സംഭവത്തില്‍ വനം വകുപ്പ് നാല് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. തൊഴിലാളികളായ വിനോദ്, ഷിബു, സന്തോഷ് കുമാര്‍, ഹരി എന്നിവര്‍ക്കെതിരെയാണ് കേസ്.
◾ മലപ്പുറം ചോക്കാട് പുഴയിലെ പാറയിടുക്കില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. ചോക്കാട് പരുത്തിപ്പറ്റ ഇല്ലിക്കല്‍ ഹൗസില്‍ സര്‍ത്താരജാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1.30ഓടെ പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രമായ മലപ്പുറം ചോക്കാട് കെട്ടുങ്ങലിലാണ് സംഭവം. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് സര്‍ത്താജ് അവധിക്ക് വിദേശത്ത് നിന്ന് നാട്ടിലെത്തിയത്.
◾ കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തില്‍ ആര്‍ജി കര്‍ ആശുപത്രി മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ നുണപരിശോധന നടത്താന്‍ അനുമതി തേടി കോടതിയെ സമീപിച്ച് സിബിഐ. ആശുപത്രിയിലെ 4 ഡോക്ടര്‍മാരുടെയും കൂടി നുണ പരിശോധന നടത്താനുള്ള അനുമതിയും സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്.
◾ കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറെ ക്രൂരമായി ബലാത്സഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് സമരം ചെയ്യുന്ന എല്ലാ ഡോക്ടര്‍മാരും അടിയന്തരമായി ജോലിക്ക് കയറണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. ദേശീയ കര്‍മ്മസമിതി റിപ്പോര്‍ട്ട് വരും വരെ ഡോക്ടര്‍മാര്‍ പ്രതിഷേധത്തില്‍ നിന്ന് പിന്മാറണമെന്നും, പ്രതിഷേധിച്ചവര്‍ക്കെതിരെ നിര്‍ബന്ധിത നടപടിയെടുക്കരുതെന്നും കോടതി നിര്‍ദേശിച്ചു.
◾ സ്ത്രീകള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങളിലും പീഡനങ്ങളിലും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേഗത്തിലെടുക്കാന്‍ പ്രത്യേക നിയമ നിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു. രാജ്യത്ത് ഓരോ ദിവസവും 90 പീഡനങ്ങള്‍ നടക്കുന്നുണ്ടെന്നും സ്ഥിതി അശങ്കാജനകമാണെന്നുമാണ് കത്തില്‍ മമത ബാനര്‍ജി പറയുന്നത്.
◾ ലഡാക്കില്‍ സ്വകാര്യ ബസ് മലയിടുക്കിലേക്ക് വീണ് ആറു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അപകടം നടക്കുമ്പോള്‍ 25 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ലേയില്‍ നിന്ന് കിഴക്കന്‍ ലഡാക്കിലേക്ക് പോയ ബസാണ് അപകടത്തില്‍ പെട്ടത്. 200 മീറ്ററിലധികം താഴ്ചയുള്ള മലയിടുക്കിലേക്ക് ബസ് മറിയുകയായിരുന്നു.
◾ ബൈക്ക് കാറില്‍ ഉരസിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ യുവാവിനെ ബൈക്കില്‍ കാറിടിപ്പിച്ച് കൊലപ്പെടുത്തി. വിദ്യാരണ്യപുരയിലെ നഞ്ചപ്പ സര്‍ക്കിളില്‍ താമസിക്കുന്ന മഹേഷ് (21) ആണ് നടുറോഡില്‍ ദാരുണമായി കൊല്ലപ്പെട്ടത്. സ്വകാര്യ ബാങ്ക് ജീവനക്കാരനായ അരവിന്ദ്, ഇയാളുടെ സുഹൃത്ത് ചന്നകേശവ് എന്നിവരാണ് കാറിലുണ്ടായിരുന്നത്. സംഭവത്തില്‍ ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തു.
◾ മഹാരാഷ്ട്രയിലെ ബദ്‌ലാപുരില്‍ നാല് വയസുള്ള രണ്ട് പെണ്‍കുട്ടികളെ സ്‌കൂളിലെ ശുചിമുറിയില്‍ വെച്ച് പീഡിപ്പിച്ച സംഭവത്തില്‍ കുറ്റാരോപിതനായ 24കാരന്റെ വീട് അടിച്ച് തകര്‍ത്ത് ആള്‍ക്കൂട്ടം. ബദ്‌ലാപൂര്‍ റെയില്‍വേ സ്റ്റേഷന്‍ ആയിരങ്ങള്‍ വളഞ്ഞതിന് പിന്നാലെയാണ് സംഭവം. അക്ഷയ് ഷിന്‍ഡെ എന്ന യുവാവിന്റെ വീട്ടിലേക്കെത്തിയ ആള്‍ക്കൂട്ടം വീട് അടിച്ച് തകര്‍ക്കുകയും വീട്ടുകാരെ ആക്രമിക്കുകയുമായിരുന്നു.
◾ ജമ്മു കശ്മീരില്‍ കോണ്‍ഗ്രസും നാഷനല്‍ കോണ്‍ഫറന്‍സും തമ്മില്‍ സീറ്റ് ധാരണയായി. 90 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സ് 43, കോണ്‍ഗ്രസ് 40, മറ്റുള്ളവര്‍ 7 എന്ന നിലയിലാണു പ്രാഥമിക ധാരണ. ഇതോടെ, ദേശീയതലത്തില്‍ ഇന്ത്യാസഖ്യത്തിന്റെ ഭാഗമായ പിഡിപി കശ്മീരില്‍ സഖ്യത്തിലുണ്ടാകില്ലെന്ന് ഏറക്കുറെ ഉറപ്പായി.
◾ റഷ്യ - യുക്രെയിന്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കണം. യുദ്ധം മാനവരാശിക്കാകെ ഭീഷണിയാണെന്നും മോദി പറഞ്ഞു. പോളിഷ് പ്രധാനമന്ത്രി ഡോണള്‍ഡ് ടസ്‌കുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
◾ സൗദി അറേബ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന് റിപ്പബ്ലിക് ഓഫ് യമെന്റ അധിക ചുമതല. റിയാദില്‍നിന്ന് ചൊവ്വാഴ്ച യമന്‍ തലസ്ഥാനമായ ഏദനിലെത്തിയ അദ്ദേഹം യമന്‍ പ്രസിഡന്റും പ്രസിഡന്‍ഷ്യല്‍ ലീഷര്‍ഷിപ്പ് കൗണ്‍സില്‍ ചെയര്‍മാനുമായ ഡോ. റഷാദ് അല്‍ ആലിമിക്ക് നിയമനപത്രം കൈമാറി അംബാസഡര്‍ ചുമതലയേറ്റെടുത്തു.
◾ ലോസാന്‍ ഡയമണ്ട് ലീഗ് അത്ലറ്റിക്സിലെ ജാവലിന്‍ ത്രോയില്‍ സീസണിലെ മികച്ച ദൂരമായ 89.49 മീറ്റര്‍ ദൂരം കണ്ടെത്തിയ ഇന്ത്യയുടെ ലോകചാമ്പ്യന്‍ നീരജ് ചോപ്രക്ക് രണ്ടാം സ്ഥാനം. ഗ്രനഡയുടെ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സ് 90.61 മീറ്റര്‍ ദൂരം കണ്ടെത്തി മീറ്റ് റെക്കോഡോടെ ഒന്നാം സ്ഥാനം നേടി. 87.08 ദൂരം കണ്ടെത്തിയ ജര്‍മനിയുടെ ജൂലിയന്‍ വെബര്‍ മൂന്നാമതായി. പാരീസില്‍ ഒളിമ്പിക് റെക്കാഡോടെ സ്വര്‍ണം നേടിയ പാകിസ്താന്റെ അര്‍ഷദ് നദീം ലോസാനില്‍ മത്സരിച്ചില്ല.
◾ ബ്രിജ്ഭൂഷണെതിരായ ലൈംഗികാതിക്രമക്കേസില്‍ മൊഴികൊടുക്കാന്‍ പോകുന്ന ഗുസ്തി താരങ്ങളുടെ സുരക്ഷ ഡല്‍ഹി പോലീസ് പിന്‍വലിച്ചെന്ന ആരോപണവുമായി ഗുസ്തി താരം വിനേഷ് ഫോഗട്ട്. ഇതേ ആരോപണം ഉന്നയിച്ച് സാക്ഷി മാലിക്കും രംഗത്തെത്തി. സാമൂഹിക മാധ്യമമായ എക്സില്‍ ഡല്‍ഹി പോലീസിനെയും ഡല്‍ഹി വനിതാ കമ്മിഷനെയും ദേശീയ വനിതാ കമ്മിഷനെയും ടാഗ് ചെയ്താണ് പോസ്റ്റ് ചെയ്തത്. എന്നാല്‍ ഡല്‍ഹി പോലീസ് ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.
◾ ടി20 ലോകകപ്പ് കിരീടവുമായി മുംബൈയിലെ സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ബി.സി.സി.ഐ. സെക്രട്ടറി ജയ്ഷായും. ബുധനാഴ്ചയാണ് ഇരുവരും സന്ദര്‍ശനം നടത്തിയത്. ഇരുവരും ക്ഷേത്രത്തില്‍ ഗണപതിയുടെ അനുഗ്രഹം തേടി. പിങ്ക് നിറത്തിലുള്ള ഷോളണിഞ്ഞ് ഇരുവരും ക്ഷേത്രത്തിനകത്ത് നില്‍ക്കുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്.
➖➖➖➖➖➖➖➖
0 Comments