പ്രഭാത വാർത്തകൾ2024 | ഓഗസ്റ്റ് 24 | ശനി| MORNING NEWS TODAY


പ്രഭാത വാർത്തകൾ
2024 | ഓഗസ്റ്റ് 24 | ശനി| 
1200 | ചിങ്ങം 8 | അശ്വതി 
1446 | സഫർ | 18.
➖➖➖➖➖➖➖➖

◾ ഇന്ത്യ എപ്പോഴും സമാധാനത്തിന്റെ പക്ഷത്താണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുക്രൈന്‍ സന്ദര്‍ശനത്തിനിടെ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയോടാണ് മോദിയുടെ പ്രതികരണം. മാനുഷികമായ കാഴ്ചപ്പാടോടുകൂടി എന്ത് സഹായത്തിനായും ഒപ്പമുണ്ടാകുമെന്നുമുള്ള ഉറപ്പും മോദി സെലന്‍സ്‌കിക്ക് നല്‍കി. ഗാന്ധിയുടെ ആദര്‍ശങ്ങള്‍ സാര്‍വത്രികമാണെന്നും ലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രതീക്ഷയേകുന്നതാണെന്നും യുക്രൈനിലെ മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് മുന്നില്‍ ആദരമര്‍പ്പിച്ചശേഷം മോദി എക്സില്‍ കുറിച്ചു.

◾ ജാതീയ അധിക്ഷേപമുണ്ടെങ്കില്‍ മാത്രമേ എസ്.സി / എസ്.ടി പീഡന നിരോധന നിയമ പ്രകാരം കേസ് എടുക്കാവൂ എന്ന് സുപ്രീം കോടതി. പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരെ അപകീര്‍ത്തികരമായി നടത്തുന്ന എല്ലാ പരാമര്‍ശങ്ങള്‍ക്കെതിരേയും 1989 ലെ എസ്.സി / എസ്.ടി പീഡന നിരോധന നിയമപ്രകാരം കേസെടുക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. പി.വി ശ്രീനിജിന്‍ എം.എല്‍.എയ്ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ ഓണ്‍ലൈന്‍ മാധ്യമമായ മറുനാടന്‍ മലയാളിയുടെ ഉടമ ഷാജന്‍ സ്‌കറിയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ നിര്‍ണായക വിധിപ്രസ്താവം.

◾ സിനിമയില്‍ അവസരങ്ങള്‍ ആര്‍ക്കും നിഷേധിക്കാന്‍ സാധിക്കില്ലെന്ന് അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു സിദ്ധിഖ്. ആര്‍ക്കും ആരുടെയും അവസരങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയില്ല. സക്സസ്ഫുള്ളായിട്ടുള്ള സിനിമകളുടെ ഭാഗമായവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുകയേ ഉള്ളൂ എന്നും സിദ്ധിഖ് പറഞ്ഞു. പവര്‍ഗ്രൂപ്പിനെക്കുറിച്ച് അറിയില്ലെന്നും പവര്‍ ഗ്രൂപ്പ് ഒരാളുടെ തൊഴില്‍ നഷ്ടപ്പെടുത്തുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും സിദ്ധിഖ് പറഞ്ഞു.

◾ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വേട്ടക്കാരുടെ പേര് പുറത്തുവിടണമെന്ന നിര്‍ദ്ദേശം എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യുമെന്ന് അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖ് വ്യക്തമാക്കി. അമ്മയില്‍ ഭിന്നതയില്ലെന്നും സിദ്ധിഖ് കൂട്ടിച്ചേര്‍ത്തു. കാസ്റ്റിംഗ് കൗച്ചുമായി ബന്ധപ്പെട്ട് ഇതേവരെ ആരും നേരിട്ട് പരാതിപ്പെട്ടിട്ടില്ലെന്നും സിദ്ധിഖ് പറഞ്ഞു. പരാതി കിട്ടിയാല്‍ നടപടി എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◾ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലോ അത് പുറത്തുവിടുന്നതിലോ സര്‍ക്കാറിന് ഒളിച്ചു കളിക്കാന്‍ ഒന്നുമുണ്ടായിരുന്നില്ലെന്ന് എംവി ഗോവിന്ദന്‍. ജസ്റ്റിസ് ഹേമ സര്‍ക്കാറിനോട് ആവശ്യപ്പെട്ടത് കൊണ്ടാണ് ചില ഭാഗങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് ഒഴിവാക്കിയത്. സര്‍ക്കാര്‍ ഒരു ഭാഗവും വെട്ടിക്കളഞ്ഞിട്ടില്ല. മൊഴികളുടെ രഹസ്യാത്മകത സംരക്ഷിക്കുകയാണ് ചെയ്തത്. ലഭിക്കാത്ത ഭാഗങ്ങള്‍ ഉണ്ടെങ്കില്‍ അത് നിയമപരമായി വാങ്ങി എടുക്കാം. മലയാള സിനിമയെ സംരക്ഷിക്കുക എന്നതാണ് ഇടതു സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാരിന് പരിമിതിയുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

◾ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നടപടിയെടുക്കാന്‍ ആരുടെയും പരാതിയുടെ ആവശ്യമില്ലെന്ന് സിപിഐ നേതാവ് ആനി രാജ. സമയബന്ധിതമായ നടപടി സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാവണം. റിപ്പോര്‍ട്ട് വൈകിയത് പോലെ നടപടി വൈകരുതെന്നും ഒരു കേസുമില്ലാതെ പരിഹരിക്കേണ്ട കാര്യങ്ങളുണ്ടെന്നും ആനി രാജ ദില്ലിയില്‍ പറഞ്ഞു.

◾ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സമഗ്രമായ അന്വേഷണം നടക്കണമെന്ന് 'അമ്മ' വൈസ് പ്രസിഡന്റും നടനുമായ ജഗദീഷ്. അന്വേഷണത്തില്‍ നിന്ന് അമ്മയ്ക്കോ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനോ ഒഴിഞ്ഞുമാറാനാകില്ലെന്നും നടന്‍ പറഞ്ഞു. വേട്ടക്കാരുടെ പേര് എന്തിന് റിപ്പോര്‍ട്ടില്‍ നിന്നും ഒഴിവാക്കിയെന്നും ജഗദീഷ് ചോദിച്ചു. ഒറ്റപ്പെട്ട സംഭവമാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുന്നത് ശരിയല്ലെന്നും ഒരു സംഭവമാണെങ്കില്‍ പോലും അതിനെതിരെ നടപടി വേണമെന്നും കുറ്റക്കാര്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കണമെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു.

◾ സിനിമയില്‍ ഒരു പവര്‍ ഗ്രൂപ്പ് ഉണ്ടെന്ന് നടന്‍ തിലകന്റെ മകനും നടനുമായ ഷമ്മി തിലകന്‍. അവര്‍ ആരൊക്കെയാണെന്നത് റിപ്പോര്‍ട്ടിലുള്ള രഹസ്യമാണ്. പവര്‍ ഗ്രൂപ്പിനെ കുറിച്ച് കമ്മിറ്റി ഹേമ കമ്മിറ്റി അല്ല ആദ്യം പുറത്തു പറയുന്നതെന്നും 2015 ല്‍ സംവിധായകന്‍ വിനയന്റെ ജഡ്ജിമെന്റില്‍ പിഴ ശിക്ഷ ഈടാക്കിയിട്ടുണ്ടെന്നും ഷമ്മി തിലകന്‍ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ താരങ്ങളുടെ മൗനം കുറ്റബോധം കൊണ്ടോ അസുഖം കൊണ്ടോ ആവാമെന്നും ഷമ്മി തിലകന്‍ പരിഹസിച്ചു.

◾ സിനിമാ വ്യവസായത്തില്‍ സ്ത്രീക്കും പുരുഷനും തുല്യവേതനമെന്ന ആശയത്തെ തള്ളി നിര്‍മാതാക്കളുടെ സംഘടന. പ്രതിഫലം തീരുമാനിക്കാനുള്ള അവകാശം നിര്‍മാതാവിന് മാത്രമാണെന്ന നിലപാടിലാണ് സംഘടന. ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ ഏറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന കാര്യങ്ങളാണ് പറയുന്നതെന്നും അതില്‍ പരിഹാരം കാണാന്‍ സിനിമ മേഖലയിലെ എല്ലാ സംഘടനകള്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും നിര്‍മാതാക്കളുടെ സംഘടന അഭിപ്രായപ്പെട്ടു.

◾ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ആരോപണങ്ങളുമായി ബംഗാളി നടി ശ്രീലേഖ മിത്ര. 'പാലേരി മാണിക്യം' എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് സംവിധായകന്‍ രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്. ലൈംഗിക ചൂഷണത്തിന് ശ്രമമുണ്ടായെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍.

◾ മോശമായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണം നിഷേധിച്ച് സംവിധായകന്‍ രഞ്ജിത്ത്. നടിയോട് താന്‍ മോശമായി പെരുമാറിയിട്ടില്ലെന്നും പാലേരി മാണിക്യം സിനിമയുടെ ഓഡിഷന്‍ ടെസ്റ്റിന് നടി വന്നിരുന്നുവെന്നും രഞ്ജിത്ത് പറഞ്ഞു.

◾ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിനെതിരായ നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ശക്തമായ നിയമപരമായ നടപടി എത്രയും പെട്ടന്ന് സ്വീകരിക്കണമെന്ന് സംവിധായകന്‍ ആഷിക് അബു. ബംഗാളില്‍ നിന്നും വന്നൊരു സ്ത്രീ കേരളത്തില്‍ ഭയചികിതയായി ഒരു രാത്രി തളളി നീക്കേണ്ടി വന്നിരിക്കുന്നുവെന്നും നഗ്നമായ മനുഷ്യാവകാശ ലംഘനവും സ്ത്രീയോടുളള അക്രമവുമാണുണ്ടായതെന്നും ആഷിക് അബു പറഞ്ഞു.

◾ ബംഗാളി നടി ശ്രീലേഖ മിത്രയോട് മോശമായി പെരുമാറിയ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും രഞ്ജിത്തിനെതിരെ അന്വേഷണം നടത്തണമെന്നും കെ പി സി സി പ്രസിഡണ്ട് കെ.സുധാകരന്‍. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിവരാവകാശ കമ്മിഷന്‍ ആവശ്യപ്പെടാത്ത ചില ഭാഗങ്ങള്‍ അടര്‍ത്തിമാറ്റിയതില്‍ സിനിമാ മേഖലയില്‍ നിന്ന് സര്‍ക്കാരിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന, സംവിധായകനും അഭിനേതാക്കളും ഉള്‍പ്പെടുന്ന മൂവര്‍ സംഘത്തിന് പങ്കുണ്ടോയെന്ന് പരിശോധിക്കണമെന്നും ആരോപണ വിധേയര്‍ പിണറായി സര്‍ക്കാറിന്റെ പവര്‍ ഗ്രൂപ്പായി പ്രവര്‍ത്തിക്കുന്നുവെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു

◾ വയനാട് ദുരന്തബാധിതരില്‍ ഒരു കുടുംബത്തിലെ ഒരാള്‍ക്ക് തൊഴില്‍ ഉറപ്പാക്കുമെന്ന് മന്ത്രി കെ. രാജന്‍. ഇന്നലെ നടന്ന തൊഴില്‍ മേളയില്‍ 67 അപേക്ഷ കിട്ടിയിട്ടുണ്ട്. അപേക്ഷിച്ച എല്ലാവര്‍ക്കും തൊഴില്‍ ഉറപ്പാക്കും. ക്യാമ്പുകളില്‍ നിന്നും മാറ്റിയ ആളുകള്‍ക്കൊപ്പം സര്‍ക്കാറുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി . രണ്ടു ദിവസം കൊണ്ട് ക്യാമ്പ് അവസാനിപ്പിക്കുമെന്നും 16 കുടുംബം മാത്രമാണ് ഇനി ക്യാമ്പില്‍ നിന്നും മാറാനുളളതെന്നും എല്ലാവര്‍ക്കും മതിയായ താമസ സൗകര്യം ഒരുക്കിയ ശേഷം മാത്രമേ ക്യാമ്പ് അവസാനിപ്പിക്കുവെന്നും മന്ത്രി ഇന്നലെ വ്യക്തമാക്കി.

◾ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ സേവനങ്ങള്‍ക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാനുള്ള സംവിധാനങ്ങളൊരുങ്ങുന്നതായി മന്ത്രി വീണാ ജോര്‍ജ്. പി.ഒ.എസ്. മെഷീന്‍ വഴിയാണ് ഡിജിറ്റലായി പണം അടയ്ക്കുന്നതിനുള്ള സംവിധാനമൊരുക്കുന്നത്. ഇ ഹെല്‍ത്ത് പദ്ധതി നടപ്പില്‍ വരുത്തിയിട്ടുള്ള താലൂക്ക് ആശുപത്രികള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഈ സംവിധാനം ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

◾ തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകന്റെ കൈവെട്ടിയ കേസില്‍ കണ്ണൂര്‍ സ്വദേശി സഫീര്‍ അറസ്റ്റില്‍. എന്‍ഐഎ സംഘമാണ് ഇയാളെ തലശ്ശേരിയില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. പ്രതിയെ കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതിയില്‍ ഹാജരാക്കി. മുഖ്യപ്രതി സവാദിന് മട്ടന്നൂരില്‍ ഒളിത്താവളം ഒരുക്കിയത് സഫീറാണെന്ന് എന്‍ഐഎ പറയുന്നു.

◾ സംസ്ഥാനത്തെ ടൂറിസം സെക്രട്ടറിയും ഡയറക്ടറും വിദേശത്തേക്ക്. കേരളം സുരക്ഷിതവും സജ്ജവുമെന്ന് പ്രചരിപ്പിക്കാന്‍ വേണ്ടിയാണ് ഇവര്‍ വിദേശരാജ്യങ്ങളില്‍ പോകുന്നത്. ഓസ്ട്രേലിയ, യുകെ, തായ്ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലേക്കായിരിക്കും സന്ദര്‍ശനം. വയനാട് ദുരന്തത്തിന് പിന്നാലെ ടൂറിസം രംഗം തളര്‍ച്ചയിലെന്ന് ടൂറിസം വകുപ്പ് പറയുന്നു. ഇതില്‍ നിന്ന് കര കയറുന്നതിന് വേണ്ടിയാണ് ടൂറിസം സെക്രട്ടറിയുടെയും ഡയറക്ടറുടെയും വിദേശ യാത്ര.

◾ ഓണത്തിന് മുന്നോടിയായി അന്യ സംസ്ഥാനങ്ങളില്‍ നിന്നും ചെക്ക് പോസ്റ്റുകള്‍ വഴി കടന്നുവരുന്ന ഭക്ഷ്യ പദാര്‍ത്ഥങ്ങളുടെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിലേയ്ക്കായി ചെക്ക് പോസ്റ്റുകള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓണത്തോടനുബന്ധിച്ച് ചെക്ക് പോസ്റ്റുകളില്‍ കൂടുതല്‍ പരിശോധന നടത്തുന്നതാണെന്ന് മന്ത്രി പറഞ്ഞു.

◾ മുഴപ്പിലങ്ങാട് ബീച്ച് നവീകരിച്ച് പുതുവല്‍സര സമ്മാനമായി കേരളത്തിന് സമര്‍പ്പിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ്. ധര്‍മ്മടം-മുഴപ്പിലങ്ങാട് സമഗ്ര ടൂറിസ വികസന പദ്ധതിയുടെ ഭാഗമായി നവീകരണ പ്രവൃത്തി നടത്തുന്ന മുഴപ്പിലങ്ങാട് ബീച്ചും കെടിഡിസി നിര്‍മ്മിക്കുന്ന ത്രീ സ്റ്റാര്‍ ഹോട്ടല്‍ പരിസരവും സന്ദര്‍ശിച്ച് നിര്‍മ്മാണ പ്രവൃത്തികള്‍ അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

◾ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര ശാഖയില്‍ നിന്നും മുന്‍ മാനേജര്‍ മധാ ജയകുമാര്‍ മോഷ്ടിച്ചതില്‍ ആറ് കിലോഗ്രാം സ്വര്‍ണം കണ്ടെത്തി. തമിഴ്‌നാട്ടിലെ തിരുപ്പൂരിലെ കാത്തലിക് സിറിയന്‍ ബാങ്കിന്റെ രണ്ട് ശാഖകളില്‍ നിന്നും ഡി.ബി.എസ്. ബാങ്കില്‍ നിന്നുമാണ് സ്വര്‍ണം കണ്ടെത്തിയത്. തിരുപ്പൂരിലെ വിവിധ ഭാഗങ്ങളില്‍ പ്രതിയെ എത്തിച്ച് നടത്തുന്ന തെളിവെടുപ്പ് തുടരുകയാണ്.

◾ കേരളത്തില്‍ ഇന്ന് ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ ന്യൂനമര്‍ദ്ദപാത്തി രൂപപ്പെട്ടതും മധ്യ കിഴക്കന്‍ അറബിക്കടലില്‍ മഹാരാഷ്ട്ര തീരത്തിന് സമീപം ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നതും പശ്ചിമ ബംഗാളിനും വടക്ക് കിഴക്ക് ജാര്‍ഖണ്ഡിനും മുകളിലായി മറ്റൊരു ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നതും വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടതുമാണ് കേരളത്തിലെ മഴ സാധ്യത ശക്തമാക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്നും ഓഗസ്റ്റ് 27 നും ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്. ഇത് പ്രകാരം ഇന്ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

◾ കൊല്‍ക്കത്തയിലെ ആര്‍.ജി. കര്‍ ആശുപത്രിയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതിയുടെ നാല് സഹപ്രവര്‍ത്തകരെ നുണപരിശോധനയ്ക്ക് വിധേയമാക്കാനൊരുങ്ങി സി.ബി.ഐ. ഇവരുടെ മൊഴികള്‍ പരസ്പര വിരുദ്ധമാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണിത്. രണ്ട് ട്രെയിനി ഡോക്ടര്‍മാരേയും ഒരു ഹൗസ് സര്‍ജനേയും ഒരു ഇന്റേണിനേയുമാണ് നുണപരിശോധനയ്ക്ക് വിധേയരാക്കുക.

◾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുക്രൈന്‍ പ്രസിഡന്റ് വ്ളോദിമിര്‍ സെലന്‍സ്‌കിയുമായുള്ള 3 മണിക്കൂര്‍ നീണ്ടു നിന്ന കൂടിക്കാഴ്ചയില്‍ വിവിധ മേഖലകളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഇന്ത്യയും യുക്രൈനും തീരുമാനിച്ചു. ഇന്ത്യ - യുക്രൈന്‍ സഹകരണം ശക്തമാക്കാനുള്ള 4 കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പു വച്ചു. റഷ്യമായുള്ള യുദ്ധം തുടരുന്നതിനിടെ യുക്രൈനിലെത്തിയ മോദിയെ കെട്ടിപ്പിടിച്ചാണ് പ്രസിഡന്റ് സെലന്‍സ്‌കി സ്വീകരിച്ചത്. ഈ ചിത്രം സോഷ്യല്‍ മീഡിയയിലടക്കം വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്.

◾ എയര്‍ ഇന്ത്യയ്ക്കും കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും പിഴ ചുമത്തി സിവില്‍ വ്യോമയാന ഡയറക്ടറേറ്റ്. പൈലറ്റുമാരെ ജോലിക്ക് നിയോഗിക്കുന്നതില്‍ വരുത്തിയ പിഴവിന് ആണ് നടപടി. പരിശീലകനില്ലാതെ ട്രെയിനി പൈലറ്റ് യാത്രാ വിമാനം പറത്തിയ സംഭവത്തിലാണ് 99 ലക്ഷം രൂപയുടെ പിഴ. ഇക്കഴിഞ്ഞ ജൂലൈ ഒന്‍പതിന് മുംബൈയില്‍ നിന്ന് റിയാദിലേക്കുള്ള വിമാനമാണ് ഇത്തരത്തില്‍ പരിശീലകനില്ലാതെ ട്രെയിനി പൈലറ്റും മറ്റൊരു പൈലറ്റും ചേര്‍ന്ന് പറത്തിയത്.

◾ ഡ്യൂറന്‍ഡ് കപ്പ് ഫുട്‌ബോളില്‍ ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെംഗളൂരു എഫ്‌സിയോട് മറുപടിയില്ലാത്ത ഒരു ഗോളിന് തോറ്റ് കേരള ബ്ലാസ്റ്റേഴ്സ് സെമി കാണാതെ പുറത്തായി. ഇന്‍ജുറി ടൈമിന്റെ നാലാം മിനിറ്റില്‍ ബെംഗളൂരുവിന്റെ യോര്‍ഹെ പെരേര ഡിയാസ് നേടിയ ഗോളാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകള്‍ തകര്‍ത്തത്. ഓഗസ്റ്റ് 27-ന് നടക്കുന്ന സെമിയില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സാണ് ബെംഗളൂരുവിന്റെ എതിരാളികള്‍.
➖➖➖➖➖➖➖➖

Post a Comment

0 Comments