പ്രഭാത വാർത്തകൾ2024 | ഓഗസ്റ്റ് 27 | ചൊവ്വ| MORNING NEWS TODAY

പ്രഭാത വാർത്തകൾ
2024 | ഓഗസ്റ്റ് 27 | ചൊവ്വ| 
1200 | ചിങ്ങം 11 | രോഹിണി 
1445 | സഫർ | 21

◾ ലൈഗീക ആരോപണങ്ങളില്‍ ഉലഞ്ഞ് താരസംഘടനയായ അമ്മ. ഇന്നു ചേരാനിരുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം മാറ്റി. ഇപ്പോഴത്തെ അവസ്ഥയില്‍ യോഗം ചേര്‍ന്നാല്‍ സ്ഥിതി സ്ഫോടനാത്മകമാകുമെന്ന വിലയിരുത്തലാണു കാരണമെന്നു സൂചനയുണ്ട്. ജനറല്‍ സെക്രട്ടറി സിദ്ദിഖ് സ്ഥാനമൊഴിഞ്ഞപ്പോള്‍ ചുമതല കൈമാറേണ്ട ജോയിന്റ് സെക്രട്ടറി ബാബുരാജും ആരോപണ നിഴലിലായതോടെ നേതൃത്വം പ്രതിസന്ധിയിലാണ്. അതേസമയം പ്രതിഛായയുള്ള വ്യക്തിയെ ജനറല്‍ സെക്രട്ടറിയാക്കണമെന്ന വാദം ശക്തമാണ്. ഇന്നത്തെ സാഹചര്യത്തില്‍ ജനറല്‍ സെക്രട്ടറി സ്ത്രീയായിരിക്കണമെന്ന വാദവും ഉയരുന്നുണ്ട്.

◾ ബംഗാളി നടി ശ്രീലേഖ മിത്രയുടെ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരേ കേസെടുത്ത് കൊച്ചി നോര്‍ത്ത് പോലീസ്. പ്രത്യേക പോലീസ് സംഘത്തിന് കേസ് കൈമാറുമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ എസ്. ശ്യാം സുന്ദര്‍ അറിയിച്ചു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മൂന്ന് വര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. 2009-ല്‍ സിനിമയുടെ ചര്‍ച്ചയ്ക്കായി കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റില്‍ വിളിച്ചുവരുത്തി ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അവര്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.

◾ അമ്മയ്ക്ക് വീഴ്ച സംഭവിച്ചെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കണമെന്നും നടന്‍ പൃഥ്വിരാജ്. പവര്‍ ഗ്രൂപ്പ് ഉണ്ടെങ്കില്‍ അത് ഇല്ലാതാകണം. ഒരു പദവിയില്‍ ഇരിക്കുന്നവര്‍ ആരോപണം നേരിടുമ്പോള്‍ പദവി ഒഴിയുക തന്നെ വേണം. അമ്മ ശക്തമായ നിലപാട് എടുക്കണം. എല്ലാവരും ഒത്തു ചേര്‍ന്നുള്ള സംഘടന സംവിധാനം ആണ് വേണ്ടതെന്നും അതുടനെ വരും എന്നു പ്രതീക്ഷിക്കുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു. എല്ലാ സംഘടനയുടേയും തലപ്പത്ത് സ്ത്രീകള്‍ വേണമെന്നാണ് തന്റെ നിലപാടെന്നും കോണ്‍ക്ലേവില്‍ പ്രശ്‌ന പരിഹാരം ഉണ്ടാകട്ടെയെന്നും പൃഥിരാജ് പറഞ്ഞു.

◾ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട പരാതികള്‍ കേള്‍ക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത് സ്വാഗതാര്‍ഹമെന്ന് നടി രേവതി. എന്നാല്‍ പരാതികളില്‍ അന്വേഷണവും വിചാരണയും അനന്തമായി നീളരുത്. റിപ്പോര്‍ട്ട് പുറത്തുവരാതിരിക്കാന്‍ ചിലശക്തികള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും എന്നാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നതുപോലെ, പവര്‍ ഗ്രൂപ്പ് ഉള്ളതായി വ്യക്തിപരമായി അനുഭവപ്പെട്ടിട്ടില്ലെന്നും രേവതി പറഞ്ഞു. റിപ്പോര്‍ട്ട് പരസ്യമാക്കാന്‍ സര്‍ക്കാര്‍ വൈകിയെന്നും അതുകൊണ്ടുതന്നെ നീതി വൈകിയെന്നും നേരത്തെ പരസ്യമായിരുന്നെങ്കില്‍ പലരെയും രക്ഷിക്കാമായിരുന്നുവെന്നും രേവതി കൂട്ടിച്ചേര്‍ത്തു.

◾ ഹേമ കമ്മിറ്റിയില്‍ നടപടി എടുക്കേണ്ടത് സര്‍ക്കാരാണെന്ന് സംവിധായകനും നടനുമായ മേജര്‍ രവി. സിനിമ നയം ഉണ്ടാക്കണമെന്നും ഇതിനായി സര്‍ക്കാര്‍ ഇടപെടണമെന്നും മേജര്‍ രവി പറഞ്ഞു. ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കരുതെന്നും മൊഴി നല്‍കിയവരോട് സര്‍ക്കാര്‍ നീതി കാണിക്കണമെന്നും മേജര്‍ രവി പറഞ്ഞു.

◾ നടന്‍ ബാബുരാജിന് എതിരെ രംഗത്തെത്തിയ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെയും ലൈഗീക ആരോപണമുന്നയിച്ചു. പരസ്യത്തില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി എറണാകുളത്തെ ക്രൗണ്‍ പ്ലാസ എന്ന ഹോട്ടലില്‍ വെച്ച് മോശമായി പെരുമാറിയെന്നാണ് നടി ആരോപിക്കുന്നത്.

◾ നടനും എംഎല്‍എയുമായ മുകേഷിനെതിരായ ആരോപണം പരിശോധിക്കേണ്ടതാണന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. ആര് കുറ്റം ചെയ്താലും ശിക്ഷിക്കപ്പെടണമെന്നും ആര്‍ക്കെതിരെ ആരോപണം വന്നാലും പരിശോധിക്കപ്പെടേണ്ടതാണെന്നും വസ്തുനിഷ്ഠമായ അന്വേഷണം നടക്കട്ടെയെന്നും മന്ത്രി ബിന്ദു വ്യക്തമാക്കി.

◾ ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മിക്ക് ഭീഷണി സന്ദേശം. ഡബ്ല്യുസിസിക്ക് ഒപ്പം നിന്നാല്‍ അടിക്കുമെന്നാണ് ഭീഷണി കോള്‍ വന്നതെന്ന് ഭാഗ്യലക്ഷ്മി വ്യക്തമാക്കി. വളരെ സൗമ്യമായി വിളിച്ച്, ഭാഗ്യലക്ഷ്മിയാണോ എന്ന് ചോദിച്ചതിന് ശേഷം, ഭീഷണിപ്പെടുത്തുകയായിരുന്നു. ഇത് പ്രതീക്ഷിച്ചിരുന്നെന്നും എന്നാലിത് ആദ്യത്തെ അനുഭവമാണിതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഇവര്‍ വ്യക്തമാക്കി.

◾ യുവ നടനെതിരെയുള്ള ആരോപണത്തില്‍ കേസുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമില്ലെന്ന് നടി സോണിയ മല്‍ഹാര്‍. ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സോണിയ മല്‍ഹാറിനെ എസ്പി പൂങ്കഴലി വിളിച്ചു സംസാരിച്ചിരുന്നു. 2013 ല്‍ അന്നത്തെ സൂപ്പര്‍സ്റ്റാര്‍ തന്നെ കടന്നുപിടിച്ചെന്നായിരുന്നു നടി സോണിയ മല്‍ഹാറിന്റെ ആരോപണം.

◾ സംവിധായകന്‍ വി കെ പ്രകാശിനെതിരെ ലൈംഗിക അതിക്രമ ആരോപണവുമായി യുവകഥാകാരി. 2022 ല്‍ ഏപ്രിലില്‍ കൊല്ലത്തെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി അതിക്രമം കാണിച്ചെന്നാണ് യുവകഥാകാരിയുടെ ആരോപണം.

◾ ചാനലില്‍ സംസാരിക്കുന്നതിനിടെ ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയോട് മോശമായി സംസാരിച്ച നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ നടപടിയെ ശക്തമായി അപലപിച്ച് കെയുഡബ്ല്യൂജെ. ന്യൂസ് 18 കേരളം ചാനലിലെ മാധ്യമ പ്രവര്‍ത്തക അപര്‍ണ കുറുപ്പിനോടാണ് ലൈവ് ടെലിഫോണ്‍ പ്രതികരണത്തില്‍ ധര്‍മജന്‍ മോശമായി പ്രതികരിച്ചത്. ധര്‍മജന്‍ തെറ്റ് അംഗീകരിച്ച് പരസ്യമായി മാപ്പ് പറയണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും ആവശ്യപ്പെട്ടു.

◾ മാധ്യമ പ്രവര്‍ത്തകയോട് മാന്യത വിട്ട് മോശമായി സംസാരിച്ച നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മാധ്യമ പ്രവര്‍ത്തകയെ വ്യക്തിപരമായി അവഹേളിച്ച ധര്‍മ്മജന്റെ നിലപാട് തെറ്റാണെന്നും തെറ്റ് ചെയ്താല്‍ സിപിഎമ്മിനെ പോലെ ന്യായീകരിക്കില്ലെന്നും തെറ്റ് ചെയ്യുന്നവരെ ന്യായീകരിക്കില്ലെന്നത് നിലപാടാണെന്നും സതീശന്‍ പറഞ്ഞു.  

◾ കൊച്ചി അമ്മ ഓഫീസിന് മുന്നില്‍ റീത്ത് വച്ച് പ്രതിഷേധം. ലോ കോളേജിലെ ഒരു കൂട്ടം വിദ്യാര്‍ഥികളാണ് റീത്ത് വെച്ചത്. അച്ഛന്‍ ഇല്ലാത്ത 'അമ്മ'യ്ക്ക് എന്ന വാചകത്തോടെയാണ് റീത്ത് വച്ചത്.

◾ സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാജപ്രചാരണം നടത്തിയെന്നാരോപിച്ച് എബിസി മലയാളം ന്യൂസ് എന്ന യുട്യൂബ് ചാനലിനെതിരെ കെഎസ്ഇബി നിയമനടപടികള്‍ ആരംഭിച്ചിരുന്നു. വ്യാജവാര്‍ത്ത പ്രചരിപ്പിച്ച അതേ മാധ്യമങ്ങളിലൂടെ മാപ്പുപറയുകയും യഥാര്‍ത്ഥ വസ്തുതകള്‍ അറിയിക്കുകയും ചെയ്യാത്ത പക്ഷം ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണം എന്ന് കാണിച്ചാണ് ചാനല്‍ നടത്തിപ്പുകാര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചത്.

◾ കര്‍ണാടകയിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായി വീണ്ടും തെരച്ചില്‍. ലോറി ഉണ്ടെന്ന് കരുതുന്ന സ്ഥാനം മാറിയോ എന്ന് കണ്ടെത്താനായി ഗംഗാവലി പുഴയില്‍ മാര്‍ക്ക് ചെയ്ത സ്ഥലത്ത് നേവി വീണ്ടും സോണാര്‍ പരിശോധന നടത്തി. പുഴയിലെ അടിയൊഴുക്കും നേവി പരിശോധിച്ചു. ലോറിയുണ്ടെന്ന് കരുതപ്പെടുന്ന ഗംഗാവലി പുഴയിലെ നിലവിലെ അടിയൊഴുക്ക് 4 നോട്സാണ്.

◾ ആലപ്പുഴയില്‍ പാര്‍ട്ടി പുറത്താക്കിയ ആള്‍ക്കൊപ്പം വേദി പങ്കിട്ട് മന്ത്രി സജി ചെറിയാന്‍. നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തിയ കേസുമായി ബന്ധപ്പെട്ട് സിപിഎം പുറത്താക്കിയ എ ഷാനവാസിനൊപ്പം ആണ് മന്ത്രി വേദി പങ്കിട്ടത്. ശനിയാഴ്ച ആലപ്പുഴ കാളാത്ത് നടന്ന സിപിഎമ്മിന്റെ സ്നേഹവീട് എന്ന പരിപാടിയുടെ താക്കോല്‍ദാന ചടങ്ങില്‍ ആയിരുന്നു മന്ത്രിക്കൊപ്പം ഷാനവാസത്തിയത്.

◾ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായ മിതമായ മഴക്ക് സാധ്യത. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.

◾ ആറന്മുളയില്‍ പള്ളിയോടത്തില്‍ നിന്ന് പമ്പയാറ്റില്‍ വീണയാള്‍ മുങ്ങിമരിച്ചു. കുറിയന്നൂര്‍ മാര്‍ത്തോമാ ഹൈസ്‌കൂള്‍ അദ്ധ്യാപകന്‍ ജോസഫ് തോമസ് (55) ആണ് മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ഇദ്ദേഹം പമ്പയാറ്റിലേക്ക് വീണുവെന്നാണ് ദൃക്സാക്ഷികള്‍ നല്‍കിയ വിവരം.

◾ കണ്ണൂരില്‍ കണ്ണപുരത്ത് ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. കല്യാശ്ശേരിയിലെ ബൂത്ത് പ്രസിഡന്റായിരുന്ന ബാബുവിനാണ് വെട്ടേറ്റത്. തലയ്ക്ക് പരിക്കേറ്റ ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ബാബുവിന് നേരെ ആക്രമണം നടത്തിയതെന്നാണ് ബിജെപി ആരോപിക്കുന്നത്. എന്നാല്‍ ഡിവൈഎഫ്‌ഐയും സിപിഎമ്മും ആരോപണങ്ങള്‍ നിഷേധിച്ചു.

◾ പത്തനംതിട്ട റാന്നിയില്‍ പച്ചക്കറിവ്യാപാരിയെ റോഡിലിട്ട് വെട്ടിക്കൊന്നു. റാന്നി അങ്ങാടിയിലെ വ്യാപാരി ചേത്തയ്ക്കല്‍ സ്വദേശി അനില്‍കുമാര്‍(45) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യക്കും വെട്ടേറ്റു. അക്രമി കരിങ്കുറ്റി സ്വദേശി പ്രദീപിനെ പോലീസ് സംഭവസ്ഥലത്ത് നിന്ന് പിടികൂടി. ഇന്നലെ രാത്രി പത്തരയോടെ റാന്നി പേട്ട-ചെട്ടിമുക്ക് റോഡില്‍ എസ്.ബി.െഎക്കടുത്തായിരുന്നു സംഭവം.

◾ ആര്‍.ജി. കര്‍ ആശുപത്രിയില്‍ വനിതാ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി സഞ്ജയ് റായ് കുറ്റം സമ്മതിച്ചതായി റിപ്പോര്‍ട്ടുകള്‍. അതേസമയം, സംഭവദിവസം പ്രതിയും സുഹൃത്തും ലൈംഗിക തൊഴിലാളികളെ തേടി പോയതായും റോഡില്‍ വെച്ച് ഒരു സ്ത്രീയെ പീഡിപ്പിച്ചതായും കുറ്റസമ്മതം നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. പ്രതി സഞ്ജയ് റായ് മാനസികവൈകൃതം ബാധിച്ചയാളാണെന്നും മൃഗതുല്യമായ സ്വഭാവമാണ് ഇയാള്‍ക്കുള്ളതെന്നും പ്രതിയുടെ മാനസികാവസ്ഥാ പഠനത്തില്‍ വ്യക്തമായതായി സി.ബി.ഐ. അന്വേഷണോദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയിരുന്നു. 

◾ മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ വിദ്യാര്‍ഥിയെ അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി., റാഗിങ് സംശയിക്കുന്നുണ്ട്. ലഖ്‌നൗ സ്വദേശിയായ അനുരാഗ് ജയ്‌സ്വാളിനെയാണ് ശനിയാഴ്ച രാവിലെ നഗരത്തിലെ വാടക അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അസ്വാഭാവിക മരണം രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

◾ ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ചാംപായി സോറന്‍ ബിജെപിയിലേക്ക്. സോറന്‍ ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ഇതിനു പിന്നാലെ ചംപായി സോറന്‍ വെള്ളിയാഴ്ച ബിജെപിയില്‍ ചേരുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ എക്‌സിലൂടെ അറിയിക്കുകയും ഹിമന്തയടക്കം പങ്കെടുത്ത കൂടിക്കാഴ്ചയുടെ ചിത്രം പങ്കുവെക്കുകയും ചെയ്തു.

◾ ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ്- നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം മത്സരിക്കുന്ന സീറ്റുകളില്‍ ധാരണയായി. നാഷണല്‍ കോണ്‍ഫറന്‍സ് 51 സീറ്റിലും കോണ്‍ഗ്രസ് 32 സീറ്റിലും മത്സരിക്കും. സി.പി.എമ്മിനും പാന്തേഴ്‌സ് പാര്‍ട്ടിക്കും ഓരോ സീറ്റുകള്‍ വീതം നീക്കിവെച്ചു. അഞ്ച് സീറ്റുകളില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ സൗഹൃദമത്സരമായിരിക്കുമെന്നും കോണ്‍ഗ്രസ് പി.സി.സി. അധ്യക്ഷന്‍ താരഖ് ഹമീദ് കര്‍ അറിയിച്ചു.

◾ ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. 90 അംഗ നിയമസഭയിലേക്കുള്ള ആദ്യ ഘട്ട തെരഞ്ഞെടുപ്പിലേക്ക് 15 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ആദ്യം 45 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഉടന്‍ തന്നെ പിന്‍വലിക്കുകയായിരുന്നു. സ്ഥാനാര്‍ത്ഥി പട്ടികയില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ഉയര്‍ന്ന അതൃപ്തിയുടെ പശ്ചാത്തലത്തിലാണ് പട്ടിക പിന്‍വലിച്ചതെന്ന് സൂചനയുണ്ട്.

◾ സുഡാനില്‍ കനത്ത മഴയെത്തുടര്‍ന്ന് അണക്കെട്ട് തകര്‍ന്ന് ഒട്ടേറെപ്പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നിരവധി പേരെ കാണാതായി. അറുപതോളംപേര്‍ മരിച്ചെന്നാണ് പ്രാഥമിക കണക്കുകളെന്ന് അന്തര്‍ദേശീയ മാധ്യമമായ ബി.ബി.സി. റിപ്പോര്‍ട്ടുചെയ്തു. മരണനിരക്ക് ഉയര്‍ന്നേക്കുമെന്നാണ് സൂചന. 

◾ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ നാണംകെട്ട തോല്‍വി വഴങ്ങിയതിന് പിന്നാലെ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് ഐസിസിയുടെ ശിക്ഷ. കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ പാകിസ്ഥാന്റെ ആറ് പോയന്റ് വെട്ടിക്കുറച്ചു. ചരിത്രവിജയം നേടിയ ബംഗ്ലാദേശിനും ഐസിസിയുടെ പിഴശിക്ഷയുണ്ട്. കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ബംഗ്ലാദേശിന്റെ മൂന്ന് പോയന്റാണ് ഐസിസി വെട്ടിക്കുറച്ചത്.  
➖➖➖➖➖➖➖➖

Post a Comment

0 Comments