പ്രഭാത വാർത്തകൾ2024 | ഓഗസ്റ്റ് 3 | ശനി| MORNING NEWS TODAY

പ്രഭാത വാർത്തകൾ
2024 | ഓഗസ്റ്റ് 3 | ശനി| 
1199 | കർക്കടകം 19 | പുണർതം 1446 | മുഹർറം | 27
➖➖➖➖➖➖➖➖

◾ വയനാട് ദുരന്തത്തില്‍ മരണസംഖ്യ 340 ആയി. 206 മൃതദേഹങ്ങളും 134 ശരീരഭാഗങ്ങളുമാണ് ഇതുവരെ കണ്ടെടുത്തത്. കണ്ടെടുത്ത ശരീര ഭാഗങ്ങളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു. 206 പേരെ ഇനിയും കണ്ടെത്താന്‍ ആയിട്ടില്ല. 86 പേര്‍ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നു. ജില്ലയില്‍ 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9328 പേരാണ് കഴിയുന്നത്.

◾ വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരുടേതായി മലപ്പുറം ജില്ലയിലെ ചാലിയാര്‍ പുഴയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇതുവരെ ആകെ ലഭിച്ചത് 67 മൃതദേഹങ്ങളും 121 ശരീര ഭാഗങ്ങളും. ആകെ 188 എണ്ണം. 35 പുരുഷന്മാരുടെയും 27 സ്ത്രീകളുടെയും 3 ആണ്‍കുട്ടികളുടെയും 2 പെണ്‍കുട്ടികളുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്.

◾ വയനാട് മുണ്ടക്കൈയില്‍ റഡാര്‍ സിഗ്നല്‍ ലഭിച്ച സ്ഥലത്ത് മനുഷ്യജീവനുണ്ടെന്ന് കരുതി നടത്തിയ പരിശോധനകള്‍ വിഫലം. ഇവിടെനിന്നും യാതൊന്നും കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് ദൗത്യസംഘം ഇന്നലത്തെ ദൗത്യം അവസാനിപ്പിച്ചു. ഇന്നലെ രാവിലെ റഡാര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മണ്ണിനടിയില്‍ നിന്നും ശ്വാസത്തിന്റെ സിഗ്നല്‍ ലഭിച്ചത്. മൃതദേഹങ്ങളും ശരീരാവശിഷ്ടങ്ങളും മാത്രം കണ്ടെടുത്തുകൊണ്ടിരുന്ന സാഹചര്യത്തിലാണ് തകര്‍ന്നു വീണ കെട്ടിടത്തിനകത്ത് എവിടെയോ ജീവന്റെ തുടിപ്പ് അവശേഷിക്കുന്നു എന്നൊരു സൂചന ലഭിച്ചത്. തുടര്‍ന്ന് രാത്രി വൈകിയും പരിശോധന നടത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു.



◾ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത ഭൗതികശരീരങ്ങള്‍ വയനാട് ജില്ലയിലെ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും. കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തുകളിലാണ് സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതശരീരങ്ങളാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചിട്ടുള്ളത്. മൃതദേഹങ്ങള്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് കൈമാറി നടപടികള്‍ പൂര്‍ത്തിയാക്കും.

◾ ചൂരല്‍മലയിലേയും മുണ്ടക്കൈയിലേയും രക്ഷാപ്രവര്‍ത്തനം അടുത്ത ഘട്ടത്തിലേക്ക്. മണ്ണിനും കെട്ടിടാവശിഷ്ടങ്ങള്‍ക്കുമിടയില്‍ കുടുങ്ങി കിടക്കുന്നവരെ കണ്ടെത്തുന്നതിന് മനുഷ്യാധ്വാനവും യന്ത്രോപകരണങ്ങളും അത്യാധുനിക സെന്‍സറുകളും വിന്യസിച്ച് കൊണ്ടുള്ള തിരച്ചിലാണ് മുന്നേറുന്നത്. അട്ടമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം, വെള്ളാര്‍മല വില്ലേജ് റോഡ്, ജിവിഎച്ച്എസ്എസ് വെള്ളാര്‍മല, പുഴയുടെ അടിവാരം എന്നീ മേഖലകളില്‍ നിന്നും ഇന്നലെ വൈകിട്ട് വരെ 11 മൃതദേഹങ്ങള്‍ കണ്ടെത്തി.

◾ ദുരന്തബാധിത മേഖലയില്‍ വൈദ്യസേവനം നല്‍കുന്നതിനായി സംസ്ഥാന ആരോഗ്യ വകുപ്പിനും ആര്‍മി മെഡിക്കല്‍ സര്‍വീസസിനും പുറമെ തമിഴ്നാട് സര്‍ക്കാര്‍ നിയോഗിച്ച ഏഴംഗ സംഘവും. 68 മണ്ണുമാന്തി യന്ത്രങ്ങളാണ് അവശിഷ്ടങ്ങള്‍ നീക്കുന്നതിനായി ദുരന്ത മേഖലയിലുള്ളത്. രണ്ട് ഹെലിക്കോപ്റ്ററുകളും എട്ട് ഡ്രോണുകളും ആകാശനിരീക്ഷണം നടത്തുന്നുണ്ട്. ക്രെയിനുകള്‍, കോണ്‍ക്രീറ്റ് കട്ടറുകള്‍, വുഡ് കട്ടറുകള്‍ എന്നിവയും ഉപയോഗിക്കുന്നു. ഇന്ധനം, കുടിവെള്ളം എന്നിവ ലഭ്യമാക്കുന്നതിനായി ടാങ്കറുകള്‍, ആംബുലന്‍സുകള്‍ എന്നിവയും സ്ഥലത്ത് സജ്ജമാക്കിയിട്ടുണ്ട്.


◾ വയനാട്ടിലെ ചൂരല്‍മല മുണ്ടക്കൈ മേഖലയില്‍ ഇന്നലേയും സന്ദര്‍ശനം നടത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രിയങ്ക ഗാന്ധിക്കൊപ്പം വ്യാഴാഴ്ചയും രാഹുല്‍ ദുരന്ത പ്രദേശത്തും ക്യാമ്പുകളിലും സന്ദര്‍ശനം നടത്തിയിരുന്നു. ചൂരല്‍മലയിലെ ഫോറസ്റ്റ് ഓഫീസില്‍വെച്ച് രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച് ജില്ലാ അധികൃതരുമായി രാഹുല്‍ ചര്‍ച്ച നടത്തി. ദുരന്തത്തില്‍ അവശേഷിച്ചവര്‍ക്കായി കോണ്‍ഗ്രസ് നൂറിലധികം വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്നും രാഹുല്‍ പറഞ്ഞു.

◾ വയനാട് മുണ്ടക്കൈ ഉരുള്‍പ്പൊട്ടലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രിയുടെ കത്ത്. കേരളം സമാനതളില്ലാത്ത ദുരന്തങ്ങള്‍ നേരിട്ടപ്പോള്‍ താങ്ങായി നിന്നവരാണ് പ്രവാസികള്‍. വയനാടിന്റെ പുനര്‍ നിര്‍മ്മിതിക്കും നല്ല മനസ് ഉണ്ടാകണമെന്ന് മുഖ്യമന്ത്രിയുടെ കത്തില്‍ പറയുന്നു.

◾ വയനാട്ടിലെ ദുരന്തഭൂമിയില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെ മനുഷ്യത്വമില്ലാത്ത ചിലരുടെ നടപടികളുമുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി പോലീസ്. ദുരന്തം ജീവനെടുത്തവരുടെ അവശേഷിപ്പുകള്‍ തേടി മോഷ്ടാക്കള്‍ പ്രദേശത്തെത്തിയതായാണ് വിവരം. ഇതര സംസ്ഥാനക്കാരായ ചിലര്‍ രക്ഷാപ്രവര്‍ത്തനത്തിനെന്ന വ്യാജേന ദുരന്തഭൂമിയില്‍ മോഷണത്തിനെത്തിയ സാഹചര്യത്തില്‍ കര്‍ശന നിരീക്ഷണം നടപ്പിലാക്കി. രക്ഷാപ്രവര്‍ത്തന മേഖലയിലും അടച്ചുപൂട്ടിയ വീടുകള്‍ക്ക് സമീപവും മറ്റും സംശയാസ്പദമായ സാഹചര്യത്തില്‍ കാണുന്നവരെ നിരീക്ഷിക്കാന്‍ പോലീസ് നിര്‍ദേശം നല്‍കി.

◾ വയനാട് ദുരന്തത്തില്‍ ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ സ്വകാര്യത പരിഗണിക്കണമെന്നും ക്യാമ്പുകളിലേക്കുള്ള അനാവശ്യ സന്ദര്‍ശനം ഒഴിവാക്കണമെന്നും മന്ത്രി മുഹമ്മദ് റിയാസ് .വലിയ മാനസിക വിഷമത്തിലാണ് അവര്‍ കഴിയുന്നതെന്നും ക്യാമ്പുകളെ ഒരു വീട് ആയി കണ്ടു ഇടപെടണമെന്നും റിയാസ് പറഞ്ഞു. അഭിമുഖം എടുക്കുന്നത് ഒഴിവാക്കണമെന്നും ക്യാമ്പില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.

◾ വയനാട്ടിലെ രക്ഷാദൗത്യത്തിന് പിന്തുണയുമായി ബിഎസ്എന്‍എല്‍. ബി എസ് എന്‍ എല്‍ വയനാട് ജില്ലയിലെയും നിലമ്പൂര്‍ താലൂക്കിലെയും എല്ലാ ഉപഭോക്താക്കള്‍ക്കും മൂന്ന് ദിവസത്തേക്ക് സൗജന്യ അണ്‍ലിമിറ്റഡ് കോളും ഡാറ്റാ ഉപയോഗ സൗകര്യവും ഏര്‍പ്പെടുത്തി. ചൂരല്‍മല, മുണ്ടക്കൈ വില്ലേജുകളിലെ ദുരിതബാധിതരായ എല്ലാവര്‍ക്കും സൗജന്യ മൊബൈല്‍ കണക്ഷനും ബിഎസ്എന്‍എല്‍ വാഗ്ദാനം ചെയ്തു.

◾ ആറ് സംസ്ഥാനങ്ങളിലായി രാജ്യത്തെ 56,825.7 ചതുരശ്ര കിലോമീറ്റര്‍ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കാനുള്ള കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്രം. കേരളത്തിലെ 9,993.7 ചതുരശ്ര കിലോമീറ്റര്‍ പരിസ്ഥിതിലോല പ്രദേശമായിട്ടാണ് കരട് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഈ സ്ഥലങ്ങളില്‍ കേരളത്തിലെ 131 വില്ലേജുകളാണ് ഉള്‍പ്പെടുന്നത്. വയനാട്ടിലെ 13 വില്ലേജുകളും ഉള്‍പ്പെടും. 

◾ എറണാകുളം ജില്ലാ കളക്ടര്‍ എന്‍എസ്‌കെ ഉമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും യോഗത്തില്‍ കൊച്ചി നഗരത്തില്‍ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പ്രകാരമുള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ തീരുമാനമായി. വെള്ളക്കെട്ട് ഒഴിവാക്കാനുള്ള മുല്ലശ്ശേരി കനാല്‍ നവീകരണം ഉള്‍പ്പടെയുള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ മേയര്‍ എം അനില്‍ കുമാര്‍ ഇറിഗേഷന്‍ വകുപ്പിന് നിര്‍ദേശം നല്‍കി.

◾ വയനാട്ടിലെ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മാനസികാഘാതം ലഘൂകരിക്കുന്നതിന് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഊര്‍ജിത പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആരോഗ്യ വകുപ്പ് പ്രത്യേകമായി നല്‍കുന്ന ഐഡി കാര്‍ഡുള്ളവര്‍ക്ക് മാത്രമേ ക്യാമ്പുകളിലും വീടുകളിലും മാനസികാരോഗ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുവാദമുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.

◾ വയനാട് ദുരന്തത്തെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇന്ന് ഗവര്‍ണര്‍മാരുടെ യോഗത്തില്‍ വയനാട് ദുരന്തത്തെക്കുറിച്ച് സംസാരിക്കുവാന്‍ തനിക്ക് പ്രത്യേകം സമയം അനുവദിച്ചിട്ടുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടേയും മുന്‍പിലായിരിക്കും ഇക്കാര്യം ഉന്നയിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

◾ ഐഎംഡി നല്‍കിയ മുന്നിറിയിപ്പ് വായിക്കേണ്ടവര്‍ വായിച്ചോ എന്ന് മുഖ്യമന്ത്രി പരിശോധിക്കണമെന്ന് ബിജെപി നേതാവ് വി. മുരളീധരന്‍. വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ ഇടങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. ജൂലൈ 18നും 25നും ഐഎംഡി നല്‍കിയ മുന്നറിയിപ്പില്‍ ഭൂപടമടക്കം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദുരന്തമുണ്ടായി മണിക്കൂറുകള്‍ക്കകം പ്രധാനമന്ത്രി ദുരന്തം ബാധിക്കപ്പെട്ടവര്‍ക്കുള്ള സഹായധനം പ്രഖ്യാപിച്ചു, സേനയുടെ പങ്കാളിത്തം ഉറപ്പാക്കി. ഇതിനപ്പുറം എന്താണ് ചെയ്യേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

◾ സിപിഎമ്മിന്റെ 24ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി, പാര്‍ട്ടി സമ്മേളന ഷെഡ്യൂളിന് ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകാരം നല്‍കി. ബ്രാഞ്ച് ലോക്കല്‍ സമ്മേളനങ്ങള്‍ സെപ്തംബര്‍ ഒക്ടോബര്‍ മാസങ്ങളില്‍ നടക്കും. നവംബറില്‍ ആണ് ഏരിയ സമ്മേളനം തീരുമാനിച്ചിട്ടുള്ളത്. ഡിസംബര്‍ ജനുവരി മാസങ്ങളിലായി ജില്ലാ സമ്മേളനവും ഫെബ്രുവരിയില്‍ സംസ്ഥാന സമ്മേളനവും നടക്കും.

◾ വയനാട് ദുരന്തമേഖലയിലെ പുനരധിവാസത്തിന് 25 ലക്ഷം രൂപ വകയിരുത്തി സിപിഎം. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ സാമ്പത്തിക സഹായം ആവശ്യമാണെന്നും എല്ലാ പാര്‍ട്ടിഘടകങ്ങളും അവരവരുടെ വിഹിതം സംഭാവന ചെയ്യണമെന്നും പാര്‍ട്ടി നേതൃത്വം നിര്‍ദ്ദേശിച്ചു . ദേശീയ തലത്തില്‍ ഇടപെടല്‍ നടത്തി ഇതര സംസ്ഥാനങ്ങളില്‍ നിന്നും ധനസമാഹരണത്തിനും ശ്രമിക്കുന്നുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു.

◾ എം വി നികേഷ് കുമാര്‍ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍. പ്രത്യേക ക്ഷണിതാവായാണ് നികേഷിനെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. മാധ്യമപ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്നും സിപിഎമ്മില്‍ സജീവമാകാന്‍ തീരുമാനിച്ചെന്നും അടുത്തിടെ എം വി നികേഷ് കുമാര്‍ പറഞ്ഞിരുന്നു.

◾ വയനാട്ടിലെ ജനങ്ങള്‍ക്ക് സഹായഹസ്തവുമായി ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍. ദുരന്തമുഖത്ത് പരിക്കേറ്റവര്‍ക്ക് അടിയന്തരചികിത്സ നല്‍കുന്നതിന് പുറമെ, 4 കോടി രൂപയുടെ സഹായധനവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ ഒന്നരക്കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് നല്‍കും. കൂടാതെ, വീടുകള്‍ നഷ്ടമായി ക്യാംപുകളില്‍ കഴിയുന്നവരുടെ പുനരധിവാസത്തിന് രണ്ടരക്കോടി രൂപയും ചെലവഴിക്കും.

◾ ജമ്മുവിലെ നുഴഞ്ഞുകയറ്റം വന്‍ തിരിച്ചടിയായിരിക്കെ ബിഎസ്എഫ് മേധാവി നിതിന്‍ അഗര്‍വാളിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കികൊണ്ട് കേന്ദ്രത്തിന്റെ അസാധാരണ നീക്കം. സര്‍വീസ് കാലാവധി ബാക്കി നില്‍ക്കെയാണ് ബിഎസ്എഫ് മേധാവിയായ നിതിന്‍ അഗര്‍വാളിനെ സ്ഥാനത്തുനിന്ന് നീക്കി കേരള കേഡറിലേക്ക് തിരിച്ചയച്ചത്. 2026വരെ നിതിന്‍ അഗര്‍വാളിന്റെ കാലാവധി നിലനില്‍ക്കെയാണ് കേന്ദ്രത്തിന്റെ അസാധാരണ നടപടി. ബിഎസ്എഫ് വെസ്റ്റ് എസ്ഡിജി വൈബി ഖുരാനിയയെയും സ്ഥാനത്തു നിന്ന് നീക്കിയിട്ടുണ്ട്. നിതിന്‍ അഗര്‍വാള്‍ കേരള കേഡറില്‍ തിരിച്ചെത്തുന്നതോടെ സംസ്ഥാന പൊലീസ് ഉന്നത സ്ഥാനങ്ങളിലും മാറ്റങ്ങളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ തവണ സംസ്ഥാന ഡിജിപി നിയമനത്തിനുള്ള പട്ടികയില്‍ ഒന്നാം സ്ഥാനത്തായിരുന്നു നിതിന്‍ അഗര്‍വാള്‍. എന്നാല്‍, കേരള കേഡറിലേക്ക് മടക്കമില്ലെന്ന് അറിയിച്ചതോടെയാണ് ഷെയ്ക്ക് ദര്‍വേസ് സാഹിബ് ഡിജിപിയായത്.

◾ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ചോര്‍ച്ചയില്‍ സര്‍ക്കാരിനെതിരെ കടുത്ത നിലപാടുമായി പ്രതിപക്ഷം. മന്ദിരത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍വ്വകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഉദ്ഘാടനം ചെയ്ത് ഒരു വര്‍ഷവും രണ്ട് മാസവും പിന്നിടുമ്പോഴേക്കും ചോര്‍ച്ച തുടങ്ങിയത് അഴിമതിയുടെ വ്യക്തമായ തെളിവാണെന്നാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനം.

◾ നീറ്റ് പരീക്ഷ റദ്ദാക്കില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ. ഒരു ശരീരത്തിന്റെ രോഗങ്ങള്‍ മാറ്റാനായി പലതരം ചികിത്സകള്‍ ചെയ്യുന്നത് പോലെ അപാകതകള്‍ പരിഹരിക്കും. എന്നാല്‍, നീറ്റ് ഇല്ലാതാക്കില്ല. നീറ്റ് പരീക്ഷ ചിട്ടയായ രീതിയില്‍ രൂപപ്പെടുത്തിയ സംവിധാനമാണ്. ഈ സംവിധാനത്തെ തുരങ്കം വയ്ക്കരുത് എന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

◾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ അവകാശലംഘന നോട്ടീസ് നല്‍കി കോണ്‍ഗ്രസ്. വയനാട് ഉരുള്‍പൊട്ടലില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു എന്ന പ്രസ്താവനയ്ക്കെതിരെയാണ് നോട്ടീസ്. മുന്നറിയിപ്പ് ഇല്ലായിരുന്നു എന്ന് പ്രധാന മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട് എന്ന് കോണ്‍ഗ്രസ് നോട്ടീസില്‍ വ്യക്തമാക്കി. ഒരു മന്ത്രിയോ അംഗമോ തെറ്റിദ്ധരിപ്പിക്കുന്നത് സഭയോടുള്ള അവഹേളനമാണെന്നും നോട്ടീസില്‍ പറയുന്നു.

◾ ഡല്‍ഹി ഐഎഎസ് കോച്ചിംഗ് സെന്ററിലുണ്ടായ അപകടത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ ദില്ലി ഹൈക്കോടതി കേസ് സിബിഐക്ക് കൈമാറി . സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ നിയോഗിക്കണമെന്നും കോടതി നിര്‍ദേശമുണ്ട് . സംഭവത്തില്‍ എംസിഡി അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഇടപെടല്‍ കാര്യക്ഷമമല്ലെന്നും കോടതി വിമര്‍ശിച്ചു. അതേസമയം കേസില്‍ അറസ്റ്റിലായ എസ്യുവി ഡ്രൈവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു.

◾ ഇസ്രയേലിലെ ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള തങ്ങളുടെ എല്ലാ വിമാനങ്ങളും ഈ മാസം 8 വരെ റദ്ദാക്കിയതായി എയര്‍ ഇന്ത്യ അറിയിച്ചു. ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനം. സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഈ കാലയളവില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് റീ-ഷെഡ്യൂളിങ്, കാന്‍സലിങ്ങ് ചാര്‍ജുകളില്‍ ഇളവുനല്‍കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.

◾ പാരീസ് ഒളിംപിക്സില്‍ ഇന്ത്യക്ക് അഭിമാനത്തിന്റെ ഏഴാം ദിനം. ഷൂട്ടിംഗില്‍ ഇതുവരെ രണ്ട് മെഡലുകള്‍ സ്വന്തമാക്കിയ ഇന്ത്യന്‍ താരം മനു ഭാകര്‍ വനിതകളുടെ 25 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഫൈനലില്‍ കടന്നു. രണ്ടാം സ്ഥാനത്താണ് താരം യോഗ്യതാ റൗണ്ട് അവസാനിപ്പിച്ചത്. ഒളിംപിക്സ് ഹോക്കിയില്‍ ഇന്ത്യക്ക് ചരിത്ര വിജയം. 52 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ ഓസ്ട്രേലിയയെ തോല്‍പ്പിച്ചു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം. ഹര്‍മന്‍പ്രീത് സിംഗിന്റെ ഇരട്ട ഗോളുകളാണ് ഇന്ത്യയെ സഹായിച്ചത്. ഗ്രൂപ്പിലെ അഞ്ച് മത്സരങ്ങളും പൂര്‍ത്തിയാക്കിയ ഇന്ത്യ 10 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. ഒളിംപിക്‌സ് ബാഡ്മിന്റണ്‍ സെമിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമായി ലക്ഷ്യാ സെന്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനീസ് തായ്പേയ് താരത്തെ തോല്‍പിച്ചാണ് ലക്ഷ്യ സെന്‍ സെമിയിലെത്തിയത്. അതേസമയം ഒളിംപിക്സ് ആര്‍ച്ചറിയില്‍ സെമിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ സഖ്യമെന്ന നേട്ടം സ്വന്തമാക്കിയ അങ്കിത ഭഗത് - ധീരജ് ബൊമ്മദേവര സഖ്യം ആദ്യം സെമിഫൈനലിലും പിന്നാലെ വെങ്കല മെഡല്‍ പോരാട്ടത്തിലും തോറ്റു. പുരുഷ ഷോട്ട്പുട്ടില്‍ ഇന്ത്യയുടെ തേജീന്ദര്‍പാല്‍ സിങ് ടൂര്‍ ഫൈനല്‍ യോഗ്യത നേടാതെ പുറത്തായി. വനിതകളുടെ 5000 മീറ്റര്‍ ഹീറ്റ്സില്‍ മത്സരിച്ച അങ്കിത ധ്യാനി, പാരുല്‍ ചൗധരി എന്നിവര്‍ക്കും ഫൈനലിനു യോഗ്യത നേടാനായില്ല.

◾ ശ്രീലങ്കക്കെതിരായ ഇന്ത്യയുടെ ഒന്നാം ഏകദിനം ടൈയില്‍ അവസാനിച്ചു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക എട്ട് വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കും 47.5 ഓവറില്‍ 230 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. സ്‌കോര്‍ ടൈ ആയിരിക്കെ ഇന്ത്യക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമാവുകയായിരുന്നു.

◾ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ്. 2024-25 അസസ്‌മെന്റ് വര്‍ഷത്തേക്കുള്ള റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധിയായിരുന്ന ജൂലൈ 31 വരെ 7.28 കോടി റിട്ടേണുകളാണ് ഫയല്‍ ചെയ്തത്. മുന്‍ വര്‍ഷം ഇത് 6.77 കോടിയായിരുന്നു. റിട്ടേണ്‍ ഫയല്‍ ചെയ്തവരുടെ എണ്ണത്തില്‍ 7.5 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയതെന്നും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രസ്താവനയില്‍ പറഞ്ഞു. റിട്ടേണ്‍ ഫയല്‍ ചെയ്ത നികുതിദായകരില്‍ 72 ശതമാനം പേരും പുതിയ നികുതി സമ്പ്രദായമാണ് തെരഞ്ഞെടുത്തത്. നികുതിദായകരും നികുതി പ്രൊഫഷണലുകളും സമയപരിധിക്കുള്ളില്‍ തന്നെ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ നടപടി സ്വീകരിച്ചതാണ് എണ്ണം ഉയരാന്‍ സഹായകമായത്. ഫയല്‍ ചെയ്ത 7.28 കോടി നികുതിദായകരില്‍ 5.27 കോടി പേരും പുതിയ നികുതി സമ്പ്രദായമാണ് സ്വീകരിച്ചത്. 2.01 കോടി പേര്‍ മാത്രമാണ് പഴയ നികുതി സമ്പ്രദായം അനുസരിച്ച് റിട്ടേണ്‍ ഫയല്‍ ചെയ്തതെന്നും പ്രസ്താവനയില്‍ പറയുന്നു.

◾ വയനാട് ദുരന്തത്തിന്റെയും കനത്ത മഴയുടെയും പശ്ചാത്തലത്തില്‍ തങ്ങളുടെ പുതിയ ചിത്രത്തിന്റെ റിലീസ് നീട്ടുകയാണെന്ന് 'അഡിഗോസ് അമിഗോ'യുടെ നിര്‍മ്മാതാവ്. ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നഹാസ് നാസര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അഡിയോസ് അമിഗോ. ഓഗസ്റ്റ് 2 നാണ് ചിത്രം തിയറ്ററുകളില്‍ എത്തേണ്ടിയിരുന്നത്. നിലവിലെ സാഹചര്യത്തില്‍ സിനിമയുടെ റിലീസ് നീട്ടിവെക്കുകയാണെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് ആഷിക് ഉസ്മാന്‍ ആണ് അറിയിച്ചിരിക്കുന്നത്. ടോവിനോ ചിത്രം തല്ലുമാലയുടെ അസോസിയേറ്റ് ആയിരുന്ന നഹാസ് നാസറിന്റെ സംവിധാന അരങ്ങേറ്റമാണ് 'അഡിയോസ് അമിഗോ'. ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് തങ്കം ആണ്. കെട്ട്യോളാണ് എന്റെ മാലാഖയ്ക്ക് ശേഷം തങ്കം തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് ഇത്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷസിന്റെ പതിനഞ്ചാമത് ചിത്രമാണ് 'അഡിയോസ് അമിഗോ'. ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും വ്യത്യസ്തമായ വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, ആദ്യ ഗാനം എന്നിവ സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടിയിരുന്നു. ഗോപി സുന്ദര്‍ ആണ് ചിത്രത്തിന് സംഗീതം നിര്‍വ്വഹിക്കുന്നത്.


Post a Comment

0 Comments