പ്രഭാത വാർത്തകൾ2024 | ഓഗസ്റ്റ് 7 | ബുധൻ| MORNING NEWS TODAY

പ്രഭാത വാർത്തകൾ
2024 | ഓഗസ്റ്റ് 7 | ബുധൻ| 
1199 | കർക്കടകം 23 | പൂരം
1446 | സഫർ| 01.
➖➖➖➖➖➖➖➖

◾ പാരിസ് ഒളിമ്പിക്സില്‍ ചരിത്രമെഴുതി വിനേഷ് ഫോഗട്ട്. വനിതകളുടെ 50 കിലോ ഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഫൈനലിലെത്തിയ വിനേഷ് ഒളിംപിക്സില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഗുസ്തി താരമായി മാറി. ഇന്നലെ നടന്ന സെമിയില്‍ ക്യൂബയുടെ യൂസ്നെലിസ് ഗുസ്മാന്‍ ലോപ്പസിനെ മലര്‍ത്തിയടിച്ചാണ് വിനേഷ് ഫോഗട്ട് ഫൈനലിലെത്തിയത്. ഇന്നലെ തന്നെ നടന്ന പ്രീ ക്വാര്‍ട്ടറില്‍ നിലവിലെ ഒളിംപിക് ചാമ്പ്യനും ലോക ഒന്നാം നമ്പറുമായ ജപ്പാന്റെ യു സുസാകിയെ 3-2ന് അട്ടിമറിച്ച് ക്വാര്‍ട്ടറില്‍ കടന്ന വിനേഷ് യുക്രൈനിന്റെ ഒസ്‌കാന ലിവാച്ചിനെ തറപറ്റിച്ചാണ് സെമിയിലെത്തിയത്. ഇന്ന് നടക്കുന്ന ഫൈനലില്‍ യുഎസ്എയുടെ സാറ ആനാണ് വിനേഷിന്റെ എതിരാളി.

◾ നൊബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് ബംഗ്ലാദേശിലെ പ്രധാനമന്ത്രിയാവും. പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ധീന്‍, സൈനിക ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥി നേതാക്കള്‍ എന്നിവര്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം. യൂനുസിന്റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കണമെന്നായിരുന്നു പ്രക്ഷോഭം നയിക്കുന്ന വിദ്യാര്‍ഥി നേതാക്കളുടെ ആവശ്യം. ഗ്രാമീണരുടെ ദാരിദ്ര്യം തടയാന്‍ സൂക്ഷ്മ വായ്പ-നിക്ഷേപ പദ്ധതി നടപ്പിലാക്കിയ ഗ്രാമീണ്‍ ബാങ്കിന്റെ സ്ഥാപകനാണ് യൂനുസ്. നിലവില്‍ വിദേശത്തുള്ള യൂനുസ് സ്ഥാനം ഏറ്റെടുക്കാന്‍ സമ്മതിച്ചിട്ടുണ്ട്.

◾ വയനാട് ഉരുള്‍പ്പൊട്ടലില്‍ മരിച്ച തിരിച്ചറിയാത്ത 22 പേരുടെ മൃതദേഹങ്ങള്‍ കൂടി ഇന്നലെ സംസ്‌കരിച്ചു. പുത്തുമലയിലാണ് സംസ്‌കാരം നടന്നത്. മണ്ണ് മാറ്റി നടത്തിയ തിരച്ചിലിലും ചാലിയാര്‍ പുഴയില്‍ നിന്നുമടക്കം ലഭിച്ച തിരിച്ചറിയാത്ത ശരീരഭാഗങ്ങളാണ് ഇന്നലെ സംസ്‌കരിച്ചത്. പ്രത്യേക നമ്പര്‍ രേഖപ്പെടുത്തിയ ശേഷമാണ് സംസ്‌കാരം.

◾ വയനാട്ടിലെ ദുരന്തത്തില്‍ കാണാതായവര്‍ക്കുള്ള തെരച്ചില്‍ തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സണ്‍ റൈസ് വാലിയിലും ഇന്നലെ തെരച്ചില്‍ നടന്നു. 81 ശരീര ഭാഗങ്ങളാണ് ഇതുവരെ കണ്ടെടുത്തതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡിഎന്‍എ പരിശോധന സ്വകാര്യ ലാബിലും നടത്താമോ എന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

◾ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്ത മേഖലയിലെ അപകടകരമായ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റാനുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ .കുട്ടികളുടെ മാനസിക സംഘര്‍ഷം കുറക്കാന്‍ നടപടി സ്വീകരിക്കും. വെള്ളാര്‍ മല സ്‌കൂള്‍ പുനരധിവാസത്തിനുള്ള ടൗണ്‍ഷിപ്പില്‍ തന്നെ പുനഃസ്ഥാപിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

◾ ജൂലായ് 30 മുതല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന ഓരോ തുകയും വയനാടിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ അന്ന് മുതല്‍ ചൊവ്വാഴ്ച വരെ ലഭിച്ചത് 53 കോടി രൂപയാണെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.

◾ വയനാട് ദുരന്തത്തെ സങ്കുചിത താല്പര്യങ്ങള്‍ക്കു വേണ്ടി ചിലരെങ്കിലും ഉപയോഗിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉരുള്‍പ്പെട്ടല്‍ ദുരന്തമുണ്ടായപ്പോള്‍ ആദ്യം വിളിച്ചത് രാഹുല്‍ ഗാന്ധിയാണ്. രണ്ടാമത് പ്രധാന മന്ത്രി നരേന്ദ്രമോദിയും പിന്നീട് ആഭ്യന്തരമന്ത്രി അമിത് ഷായും വിളിച്ച് വിവരം അന്വേഷിച്ചു. കേന്ദ്രത്തിന് വേണ്ടി വിളിച്ച രണ്ട് പേരും എന്ത് സഹായവും നല്‍കാന്‍ സന്നദ്ധരാണ് എന്ന രീതിയിലായിരുന്നു സംസാരിച്ചത്. എന്നാല്‍ പിന്നീട് ചിലരുടെ നിലപാട് മാറി എന്നും മുഖ്യമന്ത്രി പറഞ്ഞു.

◾ വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ സഹായിക്കുന്നതിന് പകരം, അണിയറയില്‍ കൊടും ചതിപ്രയോഗം നടത്തുകയാണെന്ന് മന്ത്രി എം.ബി.രാജേഷ്. വയനാട് ഉരുള്‍പൊട്ടലിന്റെ പേരില്‍ കേരളത്തിനെതിരെ ദേശീയ മാധ്യമങ്ങളില്‍ ലേഖനങ്ങളെഴുതാന്‍ കേന്ദ്രസര്‍ക്കാരും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യുറോയും നിരവധി വിദഗ്ധരെയും ശാസ്ത്രജ്ഞരെയും സമീപിച്ചുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് മന്ത്രിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്. ദുരന്തത്തില്‍ ഒരു നാട് വിറങ്ങലിച്ചു നില്‍ക്കുമ്പോഴാണ് കേന്ദ്രം നല്‍കിയ മുന്നറിയിപ്പുകള്‍ കേരളം അവഗണിച്ചുവെന്ന അവാസ്തവം കണ്ണില്‍ച്ചോരയില്ലാതെ കേന്ദ്ര ആഭ്യന്തര മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞതെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു.

◾ മേപ്പാടി ഗവ. ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തനം നിര്‍ത്തുന്നതോടെ ക്ലാസുകള്‍ പുനഃരാരംഭിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വെള്ളാര്‍മല സ്‌കൂളിലെ കുട്ടികള്‍ക്ക് മേപ്പാടി സ്‌കൂളില്‍ താല്‍ക്കാലിക പഠനത്തിന് സൗകര്യം ഒരുക്കും .20 ദിവസത്തിനകം ക്ലാസുകള്‍ ആരംഭിക്കും. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം വിദ്യാര്‍ത്ഥികളുടെ ക്ലാസുകള്‍ മുടങ്ങാതിരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

◾ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ നേരിട്ട് വിതരണം ചെയ്യുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. കുട്ടികള്‍ക്ക് ഗതാഗത സൗകര്യം ഒരുക്കുന്നതിന് കെ എസ് ആര്‍ ടി സിയുമായി ചര്‍ച്ച നടത്തും. ഉച്ചഭക്ഷണം ലഭ്യമാക്കുന്നതിന് അധിക സൗകര്യം ഒരുക്കും. കമ്പ്യൂട്ടറുകളില്‍ കൈറ്റ് ലഭ്യമാക്കും. ക്യാമ്പിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിങ് നല്‍കുമെന്നും മന്ത്രി പറഞ്ഞു.

◾ വയനാട് ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ച കേന്ദ്ര വനംമന്ത്രി ഭൂപേന്ദ്ര യാദവിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രമന്ത്രി ദുരന്തത്തിന് ഇരയായ മനുഷ്യരെ അപമാനിക്കുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു, മരിച്ചവര്‍ അനധികൃത കുടിയേറ്റക്കാര്‍ ആണോ എന്നും അദ്ദേഹം ചോദിച്ചു. കേരളത്തിന്റെ മലയോര മേഖലയെ കുറിച്ച് ചെറിയ ധാരണ പോലും ഇല്ലാതെ കേന്ദ്രമന്ത്രി സംസാരിച്ചുവെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

◾ വയനാടിലെ ദുരന്ത മേഖലയിലെ ഉപഭോക്താക്കളില്‍ നിന്നും 6 മാസത്തേക്ക് വൈദ്യുതി ചാര്‍ജ് ഈടാക്കരുത് എന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി കെഎസ്ഇബിക്ക് നിര്‍ദ്ദേശം നല്കി. മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന കെഎസ്ഇബിയുടെ ചൂരല്‍മല എക്സ്ചേഞ്ച്, ചൂരല്‍മല ടവര്‍, മുണ്ടക്കൈ, കെ കെ നായര്‍, അംബേദ്കര്‍ കോളനി, അട്ടമല, അട്ടമല പമ്പ് എന്നീ ട്രാന്‍സ്ഫോര്‍മറുകളില്‍ ഉള്‍പ്പെടുന്ന ഉപഭോക്താക്കള്‍ക്ക് ആറ് മാസം സൗജന്യമായി വൈദ്യുതി വിതരണം ചെയ്യാനാണ് നിര്‍ദ്ദേശം.

◾ വയനാട് ഉരുള്‍പൊട്ടലില്‍ അകപ്പെട്ടവരുടെ പുനരധിവാസം പൂര്‍ത്തിയാകുന്നത് വരെ പൊതുമരാമത്ത് വകുപ്പിന്റെ ഒഴിഞ്ഞുകിടക്കുന്ന ക്വാര്‍ട്ടേഴ്സുകള്‍ താമസത്തിന് വിട്ടുകൊടുക്കാന്‍ തീരുമാനിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ 27 ക്വാര്‍ട്ടേഴ്സുകള്‍ ഇതിനുവേണ്ടി ഉപയോഗിക്കും.ഈ റിപ്പോര്‍ട്ട് ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്തു കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

◾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ വയനാടിനായി ലഭിക്കുന്ന തുക വയനാടിന് നല്‍കിയാല്‍ മതിയെന്നും രാഷ്ട്രീയ വിവാദത്തിനില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വയനാടിനായി ലഭിച്ച തുക വയനാടിന് കിട്ടുമെന്ന് ഉറപ്പ് വരുത്തണം. ദുരിതാശ്വാസ നിധിയിലേക്കുളള സംഭാവനയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് പ്രതിപക്ഷനേതാവിന്റെ പ്രതികരണം.  

◾ റിലയന്‍സ് ഫൗണ്ടേഷന്‍ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് സമഗ്ര ദുരിതാശ്വാസ സഹായം പ്രഖ്യാപിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അടിയന്തര സഹായം, ഈ മേഖലയിലെ ജീവനോപാധികള്‍ പുനര്‍നിര്‍മ്മിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള ദീര്‍ഘകാല വികസന സംരംഭങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും.

◾ കേരളത്തിലെ ജനങ്ങളുടെ മുല്ലപ്പെരിയാര്‍ ഡാമിനെക്കുറിച്ചുള്ള ആശങ്ക പാര്‍ലമെന്റില്‍ ഉന്നയിച്ച് ഹാരിസ് ബീരാന്‍ എം പി. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ശേഷം നൂറ്റാണ്ടിലേറെ പഴക്കമുള്ള മുല്ലപ്പെരിയാര്‍ ഡാമിനെക്കുറിച്ച് കേരളത്തിലെ ജനങ്ങള്‍ ആശങ്കയിലാണെന്നും ഈയവസരത്തില്‍ കേന്ദ്രം ഇടപെട്ട് പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കണമെന്നും ഹാരിസ് ബീരാന്‍ രാജ്യസഭയില്‍ ആവശ്യപ്പെട്ടു.

◾ ഹേമ കമ്മറ്റിക്ക് മുന്നില്‍ മൊഴി കൊടുത്തവര്‍ക്കും ഈ റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ ഭീഷണിയുണ്ടെന്ന് ഹൈക്കോടതിയില്‍ ഹര്‍ജിക്കാരനായ നിര്‍മ്മാതാവ് സജിമോന്‍ പാറയില്‍. ആരോപണ വിധേയരുടെ ഭാഗം ആരും കേട്ടിട്ടില്ല. പുറത്ത് വിടണമെന്ന് ആവശ്യപ്പെടുന്നവരില്‍ പലരുടേയും ആവശ്യം ടിആര്‍പി റേറ്റിംഗ് മാത്രമാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എന്ത് നടപടി സര്‍ക്കാര്‍ സ്വീകരിച്ചുവെന്ന് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപെടുന്നവര്‍ ഇതുവരെയും അന്വേഷിച്ചിട്ടില്ലെന്നും സജിമോന്‍ പാറയില്‍ ചൂണ്ടിക്കാട്ടി.

◾ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ കേസില്‍ പരാതിക്കാരനായ ജയ്‌സണ്‍ പാനികുളങ്ങരയോട് നാളെ കൊച്ചിയിലെ എന്‍ഫോഴ്‌സ്മെന്റ് ഓഫീസില്‍ ഹാജരാകാന്‍ ഇഡി നോട്ടീസ് നല്‍കി. 2018 ലെ പ്രളയത്തിന് ശേഷമാണ് പറവൂരില്‍ വി.ഡി സതീശന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ പുനര്‍ജനി പദ്ധതി നടപ്പാക്കിയത്. ഇതിനെതിരെയാണ് വിദേശ നാണ്യ വിനിമയ ചട്ടം ലംഘിച്ചെന്ന പരാതി ഉയര്‍ന്നത്.

◾ കെ റെയില്‍ പദ്ധതി പുനരുജ്ജീവിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനെതിരെ കെ റെയില്‍ വിരുദ്ധ സമര സമിതി കേന്ദ്രത്തെ സമീപിച്ചു.പദ്ധതി പ്രദേശത്ത് താമസിക്കുന്ന 25000ത്തോളം പേര്‍ ഒപ്പിട്ട ഭീമ ഹര്‍ജി റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവിന് സമര്‍പ്പിച്ചു.  

◾ സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ സുഹൃത്തിന്റെ വന്ദേഭാരത് എക്സ്പ്രസിലെ അനധികൃത യാത്ര ചോദ്യം ചെയ്ത ടിടിഇക്കെതിരായ അച്ചടക്ക നടപടി പിന്‍വലിച്ച് റെയില്‍വേ. സംഭവം വന്‍ വിവാദമാകുകയും യൂണിയനുകള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തതോടെ അധികൃതര്‍ തീരുമാനം പിന്‍വലിക്കുകയായിരുന്നു.

◾ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകള്‍ക്കും ബറ്റാലിയനുകള്‍ക്കുമായി വാങ്ങിയ 117 വാഹനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ളാഗ് ഓഫ് ചെയ്തു. പൊലീസ് സ്റ്റേഷനുകള്‍ക്കായി 55 മഹീന്ദ്ര ബൊലേറോ വാഹനങ്ങള്‍, മലയോര മേഖലയിലെ പോലീസ് സ്റ്റേഷനുകള്‍ക്കായി ഫോര്‍വീല്‍ ഡ്രൈവുള്ള രണ്ട് മാരുതി ജിമ്നി വാഹനങ്ങള്‍, ജില്ലകള്‍ക്കായി രണ്ടു മീഡിയം ബസ്സുകള്‍, ബറ്റാലിയനുകള്‍ക്കായി മൂന്നു ഹെവി ബസുകള്‍, 55 ഇരുചക്ര വാഹനങ്ങള്‍ എന്നിവയാണ് ഫ്ളാഗ് ഓഫ് ചെയ്തത്.

◾ പാഠപുസ്തകത്തില്‍ നിന്നും ഭരണഘടനാ ആമുഖം ഒഴിവാക്കിയ നീക്കത്തില്‍ എന്‍സിഇആര്‍ടി വിശദീകരണം നല്‍കി. ഭരണഘടനാ ആമുഖം ഒഴിവാക്കിയെന്ന വാദം തെറ്റാണെന്ന് എന്‍സിഇആര്‍ടി വ്യക്തമാക്കി. ആദ്യമായി ഭരണഘടനയുടെ വ്യത്യസ്ത ഭാഗങ്ങള്‍ക്ക് എന്‍സിഇആര്‍ടി പ്രാധാന്യം നല്‍കുകയാണെന്നും ആമുഖത്തില്‍ മാത്രമാണ് ഭരണഘടന പ്രതിഫലിക്കുന്നതെന്നത് ഇടുങ്ങിയ വാദമാണെന്നും എന്‍സിഇആര്‍ടി പറയുന്നു.

◾ തലസ്ഥാനത്തെ നേമം,കൊച്ചുവേളി റെയില്‍വേ സ്റ്റേഷനുകളുടെ പേര് മാറ്റാനുളള സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ കേന്ദ്രം അംഗീകരിച്ചു. നേമം ഇനി തിരുവനന്തപുരം സൗത്ത് എന്നും കൊച്ചുവേളി തിരുവന്തപുരം നോര്‍ത്ത് എന്നുമാണ് അറിയപ്പെടുക. പേര് മാറ്റത്തിലൂടെ സ്റ്റേഷനുകളുടെ മുഖച്ഛായ തന്നെ മാറ്റാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം.

◾ കര്‍ണാടകയിലെ ഷിരൂരിനടുത്ത കുംട കടലില്‍ കണ്ടെത്തിയ മൃതദേഹം അര്‍ജുന്റേതാകാന്‍ സാധ്യത കുറവെന്ന് കര്‍ണാടക പൊലീസ്. കടലില്‍ മൃതദേഹം കണ്ടെന്ന് മത്സ്യത്തൊഴിലാളികള്‍ നല്‍കിയ വിവരം മാത്രമേയുള്ളൂവെന്നും ഇതുവരെ ഒരു മൃതദേഹവും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. തെരച്ചില്‍ നടത്തുന്നുണ്ടെന്ന് പറഞ്ഞ കുംട സിഐ, മൃതദേഹം മൂന്ന് ദിവസം മുന്‍പ് കാണാതായ മത്സ്യത്തൊഴിലാളിയുടേതാകാമെന്നും പറഞ്ഞു.

◾ സംസ്ഥാനത്തെ ഡ്രൈ ഡേയിലെ മദ്യവിതരണത്തില്‍ ഉപാധികളോടെ മാറ്റം വരുത്താന്‍ മദ്യനയത്തിന്റെ കരടില്‍ ശുപാര്‍ശ നല്‍കി. ഒന്നാം തിയ്യതി മദ്യഷോപ്പുകള്‍ മുഴുവനായി തുറക്കില്ല. പകരം മൈസ് ടൂറിസം, അന്താരാഷ്ട്ര കോണ്‍ഫറന്‍സുകള്‍, ഡെസ്റ്റിനേഷന്‍ വെഡിംഗ് എന്നിവടങ്ങളില്‍ പ്രത്യേക ഇളവ് അനുവദിക്കും. മദ്യവിതരണം എങ്ങനെയാകണമെന്നതടക്കം ചട്ടങ്ങളില്‍ വ്യക്തത വരുത്തും.

◾ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കിയ രക്ഷിതാക്കള്‍ക്ക് എതിരെ കര്‍ശന നടപടികളുമായി പട്ടാമ്പി പൊലീസ്. ഇത്തരത്തില്‍ ഉള്ള കുറ്റകൃത്യങ്ങള്‍ക്ക് 30,000 രൂപ വരെ കോടതി പിഴ ചുമത്തും. അടുത്ത കാലത്തായി പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിച്ച് വാഹനാപകടങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി പരാതി ഉയര്‍ന്ന് വന്നതിന്റെ അടിസ്ഥാനത്തില്‍ ആണ് നടപടിയെന്ന് പൊലീസ് അറിയിച്ചു.

◾ കോടതി ഉത്തരവ് ലംഘിച്ച കേസില്‍ കൊല്ലം നെടുങ്ങണ്ട എസ് എന്‍ ട്രെയിനിംഗ് കോളേജ് മാനേജരായ വെള്ളാപ്പള്ളി നടേശനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കണമെന്ന് കോടതി. ഹര്‍ജിക്കാരന് ഉണ്ടായ മാനസിക ബുദ്ധിമുട്ടുകള്‍ക്ക് നാലാഴ്ചക്കകം അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. യൂണിവേഴ്‌സിറ്റി അപ്പലേറ്റ് ട്രൈബൂണല്‍ ജഡ്ജി ജോസ് എന്‍ സിറിലിന്റേതാണ് ഉത്തരവ്.

◾ മുന്‍ കേന്ദ്രമന്ത്രിയും സംസ്ഥാന സര്‍ക്കാറിന്റെ ദില്ലിയിലെ പ്രത്യേക പ്രതിനിധിയുമായ കെ വി തോമസിന്റെ ഭാര്യ ഷേര്‍ളി തോമസ് അന്തരിച്ചു. 77 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം.

◾ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ രാജ്യത്തെ മെഡിക്കല്‍ കോളേജുകളുടെ എണ്ണം ഇരട്ടിയായെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദ ലോക്‌സഭയില്‍ അറിയിച്ചു . 2014ലെ മെഡിക്കല്‍ കോളജുകളുടെ എണ്ണം 387 ആയിരുന്നുവെങ്കില്‍ ഇന്നത് 731 ആയി ഉയര്‍ന്നെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളുടെ ആരോഗ്യത്തിനാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് ആരോഗ്യ മന്ത്രി വിശദീകരിച്ചു.

◾ രാജി വെച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് അഭയം നല്‍കാനാവില്ലെന്ന് യു കെ. ഷെയ്ഖ് ഹസീനയെ അഭയാര്‍ത്ഥിയായി പരിഗണിക്കാന്‍ നിലവിലെ നിയമം അനുദവിക്കുന്നില്ലെന്ന് യു കെ വ്യക്തമാക്കി. ഹസീന ഇന്ത്യയിലേക്ക് വരുന്ന കാര്യം പെട്ടെന്ന് അറിയിക്കുകയായിരുന്നുവെന്നും ബംഗ്ലാദേശിലെ സ്ഥിതിഗതികളില്‍ ആശങ്കയുണ്ടെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു. നിലവില്‍ ദില്ലിയില്‍ തുടരുകയാണ് ഷെയ്ഖ് ഹസീന.

◾ ഷെയ്ഖ് ഹസീന സര്‍ക്കാരിനെ താഴെയിറക്കുന്നതില്‍ പാകിസ്താനും പങ്കെന്ന് ബംഗ്ലാദേശ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. പ്രതിപക്ഷ പാര്‍ട്ടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി ആക്ടിങ് ചെയര്‍മാനും മുന്‍പ്രധാനമന്ത്രി ഖാലിദാ സിയയുടെ മകനുമായ താരിഖ് റഹ്‌മാന്‍ പാക് ചാര സംഘടനയായ ഐ.എസ്.ഐ. ഏജന്റുമാരുമായി സംസാരിച്ചുവെന്നാണ് രഹസ്യാന്വേഷണ വിവരം ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് തെളിവുകളുണ്ടെന്നും ബംഗ്ലാദേശ് ഇന്റലിജന്‍സ് അവകാശപ്പെട്ടു.

◾ രാജിവെച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വിസ അമേരിക്ക റദ്ദാക്കി. ബംഗ്ലാദേശ് പ്രതിപക്ഷത്തെ ഉദ്ധരിച്ചാണ് വിവിധ ദേശീയ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തത്. അമേരിക്കയടക്കം വിവിധ പാശ്ചാത്യരാജ്യങ്ങള്‍ ഹസീനയെ പുറത്താക്കുന്നതില്‍ പങ്കുവഹിച്ചെന്ന ആരോപണങ്ങള്‍ക്കിടെയാണ് വിസ പിന്‍വലിച്ചെന്ന റിപ്പോര്‍ട്ട്.

◾ യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ടിം വാല്‍സിനെ ഡെമോക്രാറ്റ് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് കമല ഹാരിസ്. നിലവില്‍ മിനസോട്ട ഗവര്‍ണറാണ് അദ്ദേഹം.

◾ കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിലെ ടീമുകളുടെ പേരുകളും ജില്ലകളും പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയുടെ ഫ്രാഞ്ചൈസിക്ക് ട്രിവാന്‍ഡ്രം റോയല്‍സ്, കൊല്ലം ജില്ലയുടെ ഫ്രാഞ്ചൈസിക്ക് ഏരീസ് കൊല്ലം സെയ്‌ലേഴസ്, ആലപ്പുഴ ജില്ലാ ടീമിന് ആലപ്പി റിപ്പിള്‍സ്, എറണാകുളം ജില്ലാ ടീമിന് കൊച്ചി ബ്ലൂ ടൈഗേഴ്സ്, തൃശ്ശൂര്‍ ജില്ലാ ടീമിന് തൃശൂര്‍ ടൈറ്റന്‍സ്, കോഴിക്കോട് ജില്ലാ ടീമിന് കാലിക്കട്ട് ഗ്ലോബ്സ്റ്റേഴ്സ് എന്നിങ്ങനെയാണ് പേരിട്ടിരിക്കുന്നത്.

◾ പാരീസ് ഒളിമ്പിക്സില്‍ ഇന്ത്യയുടെ സ്വര്‍ണ പ്രതീക്ഷകള്‍ക്ക് നിറംപകര്‍ന്ന് ഇന്ത്യയുടെ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര. ഇന്നലെ നടന്ന പുരുഷന്‍മാരുടെ ജാവലിന്‍ ത്രോ യോഗ്യതാ റൗണ്ടിലെ ആദ്യ ത്രോയില്‍ തന്നെ 89.34 മീറ്റര്‍ ദൂരം കണ്ടെത്തിയ നീരജ് ഫൈനലിന് യോഗ്യത നേടി. 84 മീറ്ററായിരുന്നു യോഗ്യതാ മാര്‍ക്ക്. അതേസമയം ഈയിനത്തില്‍ മത്സരിച്ച മറ്റൊരു ഇന്ത്യന്‍ താരം കിഷോര്‍ ജെനയ്ക്ക് ഫൈനലിന് യോഗ്യത നേടാനായില്ല. നാളെയാണ് ഫൈനല്‍.

◾ പാരീസ് ഒളിമ്പിക്‌സിലെ പുരുഷ ഹോക്കിയില്‍ ഇന്ത്യയ്ക്ക് തോല്‍വി. ആവേശകരമായ സെമിയില്‍ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് ജര്‍മനിയാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഒരു ഗോളിന് മുന്നിട്ടുനിന്ന ശേഷമാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്. വെങ്കലമെഡലിനായി ഇന്ത്യയ്ക്ക് മത്സരമുണ്ട്.

◾ സ്വന്തം രാജ്യത്ത് തെരുവിലൂടെ വലിച്ചിഴച്ചവള്‍ ഇന്ന് ലോകം കീഴടക്കാന്‍ പോകുകയാണ്. ഈ പെണ്‍കുട്ടിയെയാണ് സ്വന്തം രാജ്യത്ത് ചവിട്ടുകയും ക്രൂരമായി വേദനിപ്പിക്കുകയും ചെയ്തത്. പാരിസ് ഒളിംപിക്സില്‍ ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ തുടര്‍ച്ചയായ വിജയങ്ങള്‍ക്ക് ശേഷം ഗുസ്തി താരം ബജ്രങ് പൂനിയ സമൂഹമാധ്യമത്തില്‍ കുറിച്ച വാക്കുകളാണിത്. പീഡന ആരോപണ വിധേയനായ റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ മുന്‍ തലവന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ പ്രതിഷേധങ്ങളില്‍ മുന്‍നിരപ്പോരാളികളിലൊരാളായിരുന്നു വിനേഷ് ഫോഗട്ട്, ബജ്രങ് പൂനിയ, സാക്ഷി മാലിക്ക് എന്നിവര്‍.

Post a Comment

0 Comments