പ്രഭാത വാർത്തകൾ
2024 | ഓഗസ്റ്റ് 9 | വെള്ളി|
1199 | കർക്കടകം 25 | അത്തം
1446 | സഫർ | 03
➖➖➖➖➖➖➖➖
◾ പാരീസ് ഒളിമ്പിക്‌സ് പുരുഷ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ സുവര്‍ണപ്രതീക്ഷയായിരുന്ന നിലവിലെ ഒളിമ്പിക് ചാമ്പ്യന്‍ നീരജ് ചോപ്രയ്ക്ക് വെള്ളി. 89.45 എന്ന സീസണിലെ തന്റെ ഏറ്റവും മികച്ച ദൂരം കണ്ടെത്തിയിട്ടും വെള്ളി നേടാനേ താരത്തിനായുള്ളു. 92.97 മീറ്റര്‍ എറിഞ്ഞ് ഒളിമ്പിക് റെക്കോഡോഡെ പാകിസ്താന്റെ അര്‍ഷാദ് നദീം സ്വര്‍ണം നേടിയതോടെയാണ് നീരജ് ചോപ്ര രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. 88.54 മീറ്റര്‍ ദൂരമെറിഞ്ഞ ഗ്രെനഡയുടെ ആന്‍ഡേഴ്സന്‍ പീറ്റേഴ്‌സിനാണ് വെങ്കലം.
◾ പാരീസ് ഒളിമ്പിക്സില്‍ ഇന്ത്യന്‍ ഹോക്കി ടീമിന് വെങ്കലത്തിളക്കം. ഇന്നലെ നടന്ന വെങ്കല മെഡല്‍ പോരാട്ടത്തില്‍ സ്‌പെയിനിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് കീഴടക്കിയാണ് തുടര്‍ച്ചയായ രണ്ടാം ഒളിമ്പിക്‌സിലും ഇന്ത്യന്‍ ടീം വെങ്കല മെഡല്‍ സ്വന്തമാക്കിയിരിക്കുന്നത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്ങിന്റെ ഇരട്ട ഗോളുകളാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്.
◾ പാരിസ് ഒളിമ്പിക്‌സിനു മുമ്പ് വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്ത്യന്‍ ഗോള്‍കീപ്പര്‍ പി.ആര്‍ ശ്രീജേഷിന് ഒളിമ്പിക് വെങ്കല മെഡല്‍ നേട്ടത്തോടെ മടക്കം. രണ്ടു പതിറ്റാണ്ടിനടുത്ത് ടീമിന്റെ ഗോള്‍വല വിശ്വസ്തതയോടെ കാത്ത ശ്രീജേഷിന്റെ വിടവാങ്ങല്‍ മത്സരത്തിന് വെങ്കലനിറം പകരാന്‍ ഇന്ത്യന്‍ ടീമിനായി. രണ്ട് ഒളിമ്പിക് മെഡലുകള്‍ നേടുന്ന ആദ്യ മലയാളി എന്ന മേല്‍വിലാസവും ശ്രീജേഷ് ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യന്‍ ജേഴ്‌സിയില്‍ താരത്തിന്റെ 335-ാം മത്സരംകൂടിയായിരുന്നു ഇന്നലത്തേത്.
◾ പാരീസ് ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ ടീം ഇന്ത്യയേയും നീരജിനേയും പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെങ്കലം നേടിയ ഇന്ത്യയുടെ ഹോക്കി ടീം തിളങ്ങുകയാണെന്നും ഒളിമ്പിക്‌സിലെ തുടര്‍ച്ചയായ രണ്ടാം വെങ്കല നേട്ടമായതിനാല്‍ ഇത് ഏറെ സ്‌പെഷ്യലാണെന്നും മോദി എക്സില്‍ കുറിച്ചു. നീരജ് ചോപ്ര മികച്ച വ്യക്തിത്വമാണെന്നും അവന്‍ വീണ്ടും തന്റെ മിടുക്ക് കാണിച്ചുവെന്നും വീണ്ടുമൊരു ഒളിംപിക് വിജയവുമായി അദ്ദേഹം തിരിച്ചെത്തിയതില്‍ ഇന്ത്യ ആഹ്ലാദിക്കുന്നുവെന്നും വരാനിരിക്കുന്ന എണ്ണമറ്റ അത്ലറ്റുകള്‍ക്ക്, അവരുടെ സ്വപ്നങ്ങള്‍ പിന്തുടരുന്നതിന് അദ്ദേഹം തുടര്‍ന്നും പ്രചോദനമാവട്ടെയെന്നും മോദി എക്സില്‍ കുറിച്ചു.
◾ വയനാട്ടിലെ ദുരന്തബാധിത മേഖല പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി നാളെ രാവിലെ 10 മണി മുതല്‍ ജില്ലയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി. കല്‍പ്പറ്റ, മേപ്പാടി ടൗണുകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. ഇവിടേക്ക് ആംബുലന്‍സ് ഉള്‍പ്പെടെയുള്ള അത്യാവശ്യ വാഹനങ്ങളെ മാത്രമേ കയറ്റിവിടുകയുള്ളുവെന്നും പൊലീസ് അറിയിച്ചു. നാളെ 11.55 ന് പ്രധാനമന്ത്രി വയനാട്ടില്‍ എത്തും.12 മണി മുതല്‍ 3 മണി വരെ പ്രധാനമന്ത്രി വയനാട്ടിലുണ്ടാകുമെന്നാണ് വിവരം.
◾ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇതുവരെ 225 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. 195 ശരീരഭാഗങ്ങള്‍ കണ്ടെത്തി. ഡിഎന്‍ എ സാമ്പിള്‍ ഫലം വന്നാലെ കൃത്യമായ എണ്ണം കണക്കാക്കാനാകു. കുട്ടികള്‍ അടക്കം 1942 പേര്‍ ക്യാമ്പിലുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. 91 സര്‍ക്കാര്‍ ക്വാര്‍ട്ടേ്സുകള്‍ താല്‍ക്കാലിക പുനരധിവാസത്തിനായി സജ്ജമാക്കിയിട്ടുണ്ട്.
◾ വയനാട് സണ്‍റൈസ് വാലിയില്‍ നടത്തിയ തെരച്ചിലില്‍ ഇന്നലേയും ശരീരഭാഗങ്ങള്‍ കണ്ടെത്തി. ദുരന്തഭൂമിയില്‍ നിന്നും അകലെ വളരെ ദുര്‍ഘടമായ മേഖലയായിരുന്നു ഇവിടം. ഇന്നലത്തെ തെരച്ചില്‍ സംഘത്തില്‍ 25 അംഗങ്ങളുണ്ടായിരുന്നു. കൂടാതെ ഇന്നലെ സണ്‍റൈസ് വാലിയിലേക്ക് പോയ സംഘത്തില്‍ കേരളത്തിന്റെ കെടാവര്‍ നായ്ക്കളായ മായയും മര്‍ഫിയുമുണ്ടായിരുന്നു.
◾ വയനാട്ടിലെ ദുരന്തമേഖലയില്‍ ഇന്ന് ജനകീയ തെരച്ചില്‍. ക്യാമ്പില്‍ കഴിയുന്നവരും പൊതുജനങ്ങളും ജനപ്രതിനിധികളും ദൗത്യ സംഘത്തിനൊപ്പം ചേര്‍ന്ന് വിവിധ സോണുകളില്‍ തെരച്ചില്‍ നടത്തും. എന്നാല്‍ നാളത്തെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി ഇന്ന് രാവിലെ ആറുമണിക്ക് തുടങ്ങുന്ന തെരച്ചില്‍ 11 മണിക്ക് അവസാനിപ്പിക്കും.
◾ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വയനാട്ടില്‍ സമഗ്ര പുനരധിവാസം ആവശ്യമാണെന്നും പ്രധാനമന്ത്രിയുടെ സന്ദശനത്തില്‍ അനുകൂല നടപടി പ്രതീക്ഷിക്കുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.
◾ വയനാട്ടിലെ ദുരന്ത തീവ്രത അറിയാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒമ്പതംഗ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിന്റെ ടീം ലീഡര്‍ ആയ കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി രാജീവ് കുമാര്‍ ഇന്നലെ ഓഫീസില്‍ എത്തി സന്ദര്‍ശിച്ചിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .
◾ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ക്യാമ്പുകളില്‍ കഴിയുന്നവരുടെ താല്‍ക്കാലിക പുനരധിവാസം ഉറപ്പാക്കാന്‍ പൊതുമരാമത്ത് വകുപ്പിന് കീഴിലെ 27 ക്വാര്‍ട്ടേഴ്സുകള്‍ ഉള്‍പ്പെടെ 91 സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സുകള്‍ ലഭ്യമാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് . അടിയന്തര പുനരധിവാസത്തിന് ലഭ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ വയനാട് ദുരന്തബാധിതരെ സഹായിക്കുന്നതിനുള്ള കളക്ഷന്‍ സെന്ററില്‍ ഏഴ് ടണ്‍ പഴകിയ തുണി എത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത് സംസ്‌കരിക്കേണ്ടി വന്നത് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കി. ഫലത്തില്‍ ഇത് ഉപദ്രവമായി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
◾ വയനാടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഓണാഘോഷ പരിപാടികളും ചാമ്പ്യന്‍സ് ബോട്ട് ലീഗും ഒഴിവാക്കിയതായി മന്ത്രി ശ്രീ പി. എ മുഹമ്മദ് റിയാസ്. രക്ഷാപ്രവര്‍ത്തനവും പുനരധിവാസത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. സമാനതകളില്ലാത്ത ദുരന്തമാണ് വയനാട് അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നും ഈ സാഹചര്യത്തിലാണ് ആഘോഷങ്ങള്‍ ഒഴിവാക്കുന്നതെന്നും മന്ത്രി അറിയിച്ചു.
◾ വയനാട്ടിലെ ദുരിതബാധിതര്‍ക്കായുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് ത്രിതല പഞ്ചായത്ത് പരിധികളില്‍ ഒഴിഞ്ഞ് കിടക്കുന്ന വീടുകള്‍, ഫ്‌ളാറ്റുകള്‍, ഹോസ്റ്റലുകള്‍ തുടങ്ങിയവയുടെ പട്ടിക അടിയന്തരമായി നല്‍കാന്‍ തദ്ദേശസ്ഥാപന മേധാവികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയതായി മന്ത്രി കെ രാജന്‍ പറഞ്ഞു. പുനരധിവാസത്തിന് സൗകര്യമൊരുക്കുന്ന കാര്യത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് ഉദ്യോഗസ്ഥര്‍ നിര്‍വഹിക്കുന്നതെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനും പറഞ്ഞു.
◾ വയനാട് ദുരന്തത്തില്‍ സൈന്യത്തിന്റെയും എന്‍ഡിആര്‍എഫിന്റെയും സാന്നിധ്യം കൂടാതെ കേന്ദ്രത്തിന്റെ ഒരു സഹായവും ഉണ്ടായിട്ടില്ലെന്ന് വി ഡി സതീശന്‍. കേന്ദ്രം സാമ്പത്തികമായി സഹായിക്കണമെന്നും വയനാട് പുനരധിവാസ പ്രക്രിയയ്ക്കു വേണ്ടിയുള്ള പ്രത്യേക പാക്കേജാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കേണ്ടതെന്നും സതീശന്‍ പറഞ്ഞു. ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള വാണിങ് സിസ്റ്റം വയനാട് ഉള്‍പ്പെടെ സംസ്ഥാനത്താകെ പ്രയോജനപ്പെടുത്തണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.
◾ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഹൈക്കോടതി ഇടപെടല്‍. വിഷയത്തില്‍ സ്വമേധയാ കേസെടുക്കാന്‍ റജിസ്ട്രിക്ക് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി. അനധികൃത ഖനനം, പ്രളയമടക്കമുള്ള കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ നിയമപരമായി എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്ന് ആലോചിക്കണമെന്നും കോടതി വ്യക്തമാക്കി. മാധ്യമ വാര്‍ത്തകളുടെയും ഹൈക്കോടതിക്ക് ലഭിച്ച കത്തിന്റെയും അടിസ്ഥാനത്തിലാണ് വയനാട് ഉരുള്‍പൊട്ടലില്‍ സ്വമേധയാ കേസെടുക്കുന്നത്.
◾ കേരളത്തില്‍ കഴിഞ്ഞ 13 വര്‍ഷത്തിനുള്ളില്‍ ക്വാറികളുടെ എണ്ണം 3104ല്‍ നിന്ന് 561 എണ്ണമായി കുറഞ്ഞെന്ന് മന്ത്രി പി രാജീവ്. ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് വയനാട് ഉരുള്‍പൊട്ടല്‍ സംഭവിച്ചതെന്ന അപൂര്‍വം ചില നിരീക്ഷണങ്ങളും ലേഖനങ്ങളും കാണുകയുണ്ടായെന്നും എന്നാല്‍ കഴിഞ്ഞ കുറച്ച് കാലമായി ക്വാറികളുടെ എണ്ണം കുറയുകയാണുണ്ടായതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
◾ വയനാട് ഉരുള്‍പൊട്ടലിലെ ദുരിതബാധിതരുടെ ക്യാമ്പുകളിലേക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ കളക്ഷന്‍ സെന്ററില്‍ ആവശ്യത്തിനുണ്ടെന്ന് വയനാട് ജില്ലാ കളക്ടര്‍ മേഘശ്രീ അറിയിച്ചു. ഇതിനാല്‍ തല്‍ക്കാലത്തേക്ക് കളക്ഷന്‍ സെന്ററില്‍ ഭക്ഷ്യ സാധനങ്ങള്‍ സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചതായും കളക്ടര്‍ അറിയിച്ചു.
◾ വയനാട് ദുരന്തത്തിന് കാരണം അനധികൃത കുടിയേറ്റങ്ങളാണെന്നും, ദുരന്തത്തിന്റെ ഇരകള്‍ അനധികൃത കയ്യേറ്റക്കാരാണെന്നുമുള്ള രീതിയില്‍ നടത്തിയ പ്രസ്താവന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദര്‍ യാദവിന് മന്ത്രി എ കെ ശശീന്ദ്രന്‍ കത്തയച്ചു. ദുരന്തത്തിന്റെ ഇരകളെ അനധികൃത കുടിയേറ്റക്കാരായി ചിത്രീകരിക്കുന്നത് അപലപനീയമാണ്. ദുരന്തത്തിന് ഇരകളായവരുടെ മൃതദേഹങ്ങളും ശരീരാവശിഷ്ടങ്ങളും രക്ഷാപ്രവര്‍ത്തകര്‍ വീണ്ടെടുക്കുന്ന വേളയില്‍ ഈ പ്രസ്താവന വേദനാജനകമാണെന്നും മന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.
◾ മുല്ലപ്പെരിയാര്‍ ഡാമിന് പെട്ടെന്ന് എന്തെങ്കിലും സംഭവിച്ചേക്കാമെന്ന ആശങ്ക അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തില്‍ നേരത്തെ സര്‍ക്കാര്‍ സ്വീകരിച്ച സമീപനം തന്നെ തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
◾ സംസ്ഥാനത്തെ ഐപിഎസ് തലപ്പത്ത് അഴിച്ചുപ്പണി. ബെവ്ക്കോ എംഡിയായ എഡിജിപി യോഗേഷ് ഗുപ്തയെ വിജിലന്‍സ് ഡയറക്ടറാക്കി. ബെവ്ക്കോ എംഡിയായി ഐജി ഹര്‍ഷിത അത്തല്ലൂരിയെ നിയമിച്ചു. ആദ്യമായാണ് ബെവ്ക്കോയുടെ തലപ്പത്ത് ഒരു വനിതാ ഐപിഎസ് ഉദ്യോഗസ്ഥയെ നിയമിക്കുന്നത്. ഗതാഗത കമ്മീഷണറായിരുന്ന എഡിജിപി എസ്.ശ്രീജിത്തിനെ പൊലീസ് ആസ്ഥാനത്തേക്കാണ് മാറ്റിയത്. ഐജി എ.അക്ബറാണ് പുതിയ ഗതാഗത കമ്മീഷണര്‍. ഐജി സി.എച്ച്. നാഗരാജുവിനെ ക്രൈം ബ്രാഞ്ച് ഐജിയാക്കി. തിരുവനന്തപുരം റെയ്ഞ്ച് ഡിഐജിയായി അജീതാ ബീഗത്തെ നിയമിച്ചു. കണ്ണൂര്‍ റെയ്ഞ്ച് ഡിഐജി തോംസണ്‍ ജോസിനെ തൃശൂരിലേക്ക് നിയമിച്ചു. കണ്ണൂര്‍ റെയ്ഞ്ചിന്റെ ചുമതലയുമുണ്ടാകും. ഡിഐജി ജയനാഥിനെ പൊലീസ് കണ്‍ട്രഷന്‍ കോര്‍പ്പറേഷന്‍ എംഡിയായും നിയമിച്ചു.
◾ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ലിഫ്റ്റില്‍ രോഗി 42 മണിക്കൂര്‍ കുടുങ്ങിയ സംഭവത്തില്‍ ആശുപത്രി സൂപ്രണ്ട് ഹാജരാക്കിയ റിപ്പോര്‍ട്ട് അപൂര്‍ണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ജൂലൈ 14 ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ എല്ലാ വിഭാഗങ്ങളും പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്നും വ്യക്തമാക്കണം. അന്ന് ലിഫ്റ്റ് ഓപ്പറേറ്റര്‍മാരുടെ സേവനം ലഭ്യമായിരുന്നോ എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.
◾ കരിവെള്ളൂര്‍ ആണൂരിലെ ശിവദം അപ്പാര്‍ട്ട്മെന്റില്‍ കൊലക്കേസ് പ്രതിയായ യുവതിയെ കഞ്ചാവുമായി പിടികൂടി. കേരള എക്സൈസ് പയ്യന്നൂര്‍ റേഞ്ച് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. കോട്ടയം സ്വദേശി കെ ശില്‍പ്പയാണ് പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഒരു വയസുകാരിയായ മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിലും ശില്‍പ പ്രതിയാണെന്ന് പറയുന്നു. എന്‍ഡിപിഎസ് വകുപ്പ് പ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തു.
◾ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ക്ക് 30 കോടി രൂപ കൂടി അനുവദിച്ചതായി മന്ത്രി എം.ബി രാജേഷ് അറിയിച്ചു. നഗരസഭകള്‍ വഴി തുക ഉടന്‍ തന്നെ തൊഴിലാളികള്‍ക്ക് വിതരണം ചെയ്യും. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ പദ്ധതിക്കായി ആകെ അനുവദിച്ചത് 62.94 കോടി രൂപയാണ്.
◾ മയക്കുമരുന്ന് കേസുകളില്‍ തുടര്‍ച്ചയായി ഉള്‍പ്പെടുന്ന പ്രതികളെ കരുതല്‍ തടങ്കലില്‍ വെക്കാനുള്ള നിയമവ്യവസ്ഥ കര്‍ശനമായി നടപ്പിലാക്കാന്‍ എക്സൈസ് സേനയ്ക്ക് മന്ത്രി എം ബി രാജേഷ് നിര്‍ദേശം നല്‍കി. ലഹരിമരുന്ന് നിരോധന നിയമപ്രകാരം കേരളത്തില്‍ ആദ്യമായി ഒരു പ്രതി കരുതല്‍ തടങ്കലിലായത് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാണ്. മയക്കുമരുന്ന് കേസുകളിലെ സ്ഥിരം കുറ്റവാളികള്‍ക്കെതിരെ മുഖംനോക്കാതെ നടപടി സ്വീകരിച്ച് പ്രതികള്‍ക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പുവരുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.
◾ അങ്കമാലി-ശബരി റെയില്‍പ്പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി പാര്‍ലമെന്റില്‍ നല്‍കിയ മറുപടി തെറ്റിദ്ധാരണാജനകമാണെന്ന് സംസ്ഥാനത്തെ റെയില്‍വേ ചുമതലയുള്ള മന്ത്രി വി അബ്ദുറഹ്‌മാന്‍. സംസ്ഥാനത്തെ എല്ലാ റെയില്‍ വികസന പദ്ധതികള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ വളരെ സജീവമായ പിന്തുണയാണ് നല്‍കിവരുന്നത്. അങ്കമാലി -ശബരി പാതയുടെ കാര്യത്തിലും ഈ പിന്തുണ വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു.
◾ സംസ്ഥാനത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് എസ്എസ്എല്‍സി പരീക്ഷയില്‍ ലഭിക്കുന്ന മാര്‍ക്ക് വിവരം ഇനി അറിയാം. എന്നാല്‍ പരീക്ഷാ ഫലത്തിനൊപ്പം മാര്‍ക്ക് ലഭിക്കില്ല. എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്ന പക്ഷം മാര്‍ക്ക് വിവരം വെളിപ്പെടുത്താനാണ് അനുമതി. ഇത് സംബന്ധിച്ച് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.
◾ ചെകുത്താന്‍ എന്ന ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന തിരുവല്ല സ്വദേശിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വയനാട്ടില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട നടന്‍ മോഹന്‍ലാലിന് എതിരെ ചെകുത്താന്‍ എന്ന എഫ് ബി പേജിലൂടെ നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് കേസ് എടുത്തത്.
◾ കോട്ടയം ഡിസിസി ജനറല്‍ സെക്രട്ടറി ജോബോയ് ജോര്‍ജ് (45 ) കോട്ടയം നഗരമധ്യത്തില്‍ കുഴഞ്ഞു വീണു മരിച്ചു. കോട്ടയം നഗരത്തിലെ മാര്‍ക്കറ്റില്‍ പച്ചക്കറി വാങ്ങുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണകാരണം ഹൃദയാഘാതമെന്നാണ് പ്രാഥമിക നിഗമനം.
◾ കേന്ദ്ര വഖഫ് കൗണ്‍സിലന്റെയും സംസ്ഥാന ബോര്‍ഡുകളുടേയും അധികാരങ്ങള്‍ കുറച്ചുകൊണ്ട് സര്‍ക്കാരിന്റെ നിയന്ത്രണം ശക്തമാക്കുന്ന ബില്ലിനെ ലോക്‌സഭയില്‍ എതിര്‍ത്ത് പ്രതിപക്ഷം. വഖഫ് ബോര്‍ഡുകളില്‍ മുസ്ലിം ഇതരരെ ഉള്‍പ്പെടുത്തുന്നത് ചൂണ്ടിക്കാട്ടി, അയോധ്യക്ഷേത്ര ഭരണസമിതിയിലും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലും ഹിന്ദു വിശ്വാസികളല്ലാത്തവരെ ഉള്‍പ്പെടുത്താന്‍ കഴിയുമോയെന്ന് കെ.സി. വേണുഗോപാല്‍ എം.പി ചോദിച്ചു. ബില്‍ ഭരണഘടനയ്ക്ക് എതിരായ ആക്രമണമാണെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു.
◾ വഖഫ് ബില്‍ ചര്‍ച്ചയ്ക്കിടെ ലോക്‌സഭയില്‍ കൊമ്പുകോര്‍ത്ത് അഖിലേഷ് യാദവും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും. വഖഫ് ബില്ലിനെ എതിര്‍ത്ത് സംസാരിക്കവെ അഖിലേഷ് നടത്തിയ പ്രസ്ഥാവന അമിത് ഷായെ പ്രകോപിപ്പിച്ചു. വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് വഖഫ് ബില്‍ അവതരിപ്പിക്കപ്പെട്ടതെന്ന് പറഞ്ഞ അഖിലേഷ്, സ്പീക്കറുടെ അധികാരങ്ങള്‍ കവരാനുള്ള ശ്രമവും നടക്കുന്നുണ്ടെന്ന് ആരോപിച്ചു. അഖിലേഷ് ഇത്തരം പ്രസ്താവനകള്‍ സഭയില്‍ നടത്തരുതെന്ന് കേന്ദ്രമന്ത്രി അമിത് ഷാ ആവശ്യപ്പെട്ടു.
◾ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ രാജ്യസഭയില്‍ അംഗമാക്കണമെന്ന ആവശ്യവുമായി ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ ഹൂഡ. ഒളിമ്പ്യന്‍ വിനേഷ് ഫോഗട്ടിനെ കോണ്‍ഗ്രസ് രാജ്യസഭയിലേക്ക് അയക്കുമായിരുന്നെന്നും അതിന് കഴിയാത്ത സാഹചര്യത്തില്‍ ഹരിയാന സര്‍ക്കാര്‍ രാജ്യസഭാംഗത്വം നല്‍കണമെന്നും ഭൂപീന്ദര്‍ സിംഗ് ഹൂഡ പറഞ്ഞു.
◾ ഷെയ്ക് ഹസീന എത്ര ദിവസം ഇന്ത്യയില്‍ തങ്ങുമെന്ന കാര്യത്തില്‍ മൗനം പാലിച്ച് വിദേശകാര്യമന്ത്രാലയം. വിഷയത്തെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വ്യക്തമാക്കി. യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമ്മിയുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ടെലിഫോണില്‍ ചര്‍ച്ച നടത്തിയെന്നും ബംഗ്ളാദേശിലെ സാഹചര്യം ചര്‍ച്ച ചെയ്തു എന്നും എസ് ജയശങ്കര്‍ അറിയിച്ചു.
◾ രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിച്ചാല്‍ അമ്മ ബംഗ്ലാദേശിലേക്ക് തിരിച്ചുപോകുമെന്ന് ഷെയ്ഖ് ഹസീനയുടെ മകനും അവാമി ലീഗ് നേതാവുമായ സജീബ് വാസിദ് ജോയ്. വിരമിച്ച രാഷ്ട്രീയക്കാരിയായാണോ രാജ്യത്തേക്ക് തിരിച്ചെത്തുകയെന്ന് ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നും വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ സജീബ് പറഞ്ഞു .
◾ നൊബേല്‍ സമ്മാനജേതാവായ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ ബംഗ്ലാദേശില്‍ അധികാരമേറ്റു. പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്‍ സത്യവാചകം ചൊല്ലികൊടുത്തു.
◾ പാരിസ് ഒളിംപിക്‌സ് പുരുഷ വിഭാഗം 57 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ അമന്‍ സെഹ്രാവത് സെമി ഫൈനലില്‍ പരാജയപ്പെട്ടു. സെമിയില്‍ ജപ്പാന്റെ റീ ഹിഗുച്ചിയാണ് അമനെ പരാജയപ്പെടുത്തി. ഇനി വെങ്കലത്തിന് വേണ്ടി അമന്‍ മത്സരിക്കും.
◾ ഒളിമ്പിക്സില്‍ നിന്ന് അയോഗ്യയാക്കപ്പെട്ട ഇന്ത്യന്‍ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യക്കെതിരെ ആരോപണങ്ങളുമായി രംഗത്ത്. സസ്പെന്‍ഡ് ചെയ്യപ്പെട്ട ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയും പ്രസിഡന്റ് സഞ്ജയ് സിങ്ങും ഗെയിംസ് വില്ലേജിലെത്തി തന്റെ കാര്യത്തില്‍ അനാവശ്യ ഇടപെടല്‍ നടത്തുന്നുവെന്ന് വിനേഷ് ഫോഗോട്ട് ഹൈക്കോടതിയെ അറിയിച്ചു.
◾ ഒളിംപിക്സ് 50 കിലോ ഗുസ്തിയില്‍നിന്ന് അയോഗ്യയാക്കിയതിനെതിരെ ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീലില്‍ വാദം ഇന്ന് നടക്കും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30നാണ് വിനേഷ് ഫോഗട്ടിന്റെ വാദം. പ്രമുഖ ഇന്ത്യന്‍ അഭിഭാഷകനെ കായിക കോടതിയില്‍ എത്തിക്കാന്‍ ശ്രമം നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
◾ പാരിസ് ഒളിമ്പിക്സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ടീമിന് ഹോക്കി ഇന്ത്യ പാരിതോഷികം പ്രഖ്യാപിച്ചു. ടീമിലെ ഓരോ താരത്തിനും 15 ലക്ഷം രൂപ വീതമാണു ലഭിക്കുക.. ഇന്ത്യന്‍ ടീമിലെ പഞ്ചാബില്‍നിന്നുള്ള താരങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നല്‍കുമെന്നു പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ദ് സിങ് മാനും പ്രഖ്യാപിച്ചിട്ടുണ്ട്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്, വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് സിങ് ഉള്‍പ്പടെ ഇന്ത്യന്‍ ടീമിലെ പത്തു താരങ്ങള്‍ പഞ്ചാബ് സ്വദേശികളാണ്.
◾ ടൂറിസം, ബിസിനസ് മേഖലകളുടെ കുതിപ്പില്‍ ദുബായ് വിമാനത്താവളത്തിന് റെക്കോഡ് നേട്ടം. കഴിഞ്ഞ ആറുമാസത്തിനിടെ ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ കടന്നു പോയ ദുബൈ വിമാനത്താവളം ലോകത്തിലെ ഏറ്റവും തിരിക്കേറിയ വിമാനത്താവളമായി. ജൂണ്‍ മാസം വരെ 4.49 കോടി യാത്രക്കാരാണ് ഇതുവഴി കടന്നു പോയത്. കഴിഞ്ഞ വര്‍ഷമൊടുവില്‍ ലോകത്തെ രണ്ടാമത്തെ തിരക്കേറിയ വിമാനത്താവളമായിരുന്നു ദുബൈ. ഇത്തവണ അര്‍ധവാര്‍ഷിക കണക്കുകള്‍ പ്രകാരം ഒന്നാം സ്ഥാനത്തെത്തി. ടൂറിസം രംഗത്തെ വളര്‍ച്ചയും ബിസിനസ് രംഗത്തെ, പ്രത്യേകിച്ച് റിയല്‍ എസ്റ്റേറ്റ് രംഗത്തെ മുന്നേറ്റങ്ങളുമാണ് ഇത്രയേറെ വിദേശ യാത്രക്കാരെ ദുബൈയിലെത്തിച്ചതെന്നാണ് വിലയിരുത്തല്‍. ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് പുറമെ ദിവസങ്ങളോളം ദുബൈയില്‍ താമസിക്കാനെത്തുന്ന യാത്രക്കാരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. കോവിഡിന് ശേഷം വളര്‍ച്ചകോവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ മാന്ദ്യം അതിവേഗം മറികടക്കാന്‍ ദുബൈ വിമാനത്താവളത്തിന് കഴിഞ്ഞു. 2018 ല്‍ 8.9 കോടി യാത്രക്കാരാണ് വിമാനത്താവളം ഉപയോഗിച്ചത്. കോവിഡ് മാന്ദ്യത്തെ തുടര്‍ന്ന് 2022 ല്‍ യാത്രക്കാരുടെ എണ്ണം 6.6 കോടിയായി കുറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം 8.6 കോടിയിലേക്ക് ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ലോകത്തിലെ രണ്ടാമത്തെ തിരക്കേറിയ വിമാനത്താവളമായിരുന്നു ദുബൈയിലേത്. ഈ വര്‍ഷം 9.1 കോടി യാത്രക്കാരെയാണ് വിമാനത്താവളം പ്രതീക്ഷിക്കുന്നത്.
◾ അല്ലു അര്‍ജുന്‍ നായകനായി എത്തുന്ന 'പുഷ്പ: ദ റൂളി'ലെ ഫഹദ് ഫാസിലിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. ഫഹദിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തില്‍ ഭന്‍വര്‍ സിങ് ഷെഖാവത്ത് ഐപിഎസ് എന്ന വില്ലന്‍ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ലുങ്കിയുടുത്ത് ഒരു കയ്യില്‍ കോടാലിയും മറുകയ്യില്‍ ചൂണ്ടിയ തോക്കുമായി നില്‍ക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുതിയതായി പുറത്ത് വിട്ടത്. 'പുഷ്പ ദ റൈസി'ന്റെ രണ്ടാം ഭാഗമാണ് പുഷ്പ 2. അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രം സുകുമാറാണ് സംവിധാനം ചെയ്യുന്നത്. രശ്മിക മന്ദാനയാണ് നായിക. ഫഹദിന്റെ ആദ്യ തെലുഗു ചിത്രമായിരുന്നു പുഷ്പ. പുഷ്പ ആദ്യഭാഗവും രണ്ടാം ഭാഗവും മൈത്രി മൂവി മേക്കേഴ്സാണ് നിര്‍മിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും. ദേവി ശ്രീ പ്രസാദ് ആണ് സംഗീതസംവിധാനം. ഡിസംബര്‍ ആറിനാണ് ചിത്രം തിയറ്ററുകളിലെത്തുക. ചന്ദനക്കടത്തുകാരനായ പുഷ്പരാജിന്റെ കഥ പറയുന്ന പുഷ്പ ആദ്യഭാഗം വന്‍വിജയമായിരുന്നു. 170 കോടിയോളം ബജറ്റില്‍ ഒരുക്കിയ ചിത്രം 373 കോടിയോളം കളക്ഷന്‍ നേടി. 500 കോടിയാണ് രണ്ടാം ഭാഗത്തിന്റെ ബജറ്റ്.
◾ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ അമ്പരപ്പിച്ചു കൊണ്ടിരിക്കുകയാണ് ഫഹദ് ഫാസില്‍. താരത്തിന്റെ പുതിയ ചിത്രം 'വേട്ടയ്യനി'ലെ ലുക്കും അണിയറപ്രവര്‍ത്തകര്‍ ഇന്ന് പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള മനോഹരമായ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ്. 'ഇന്ത്യന്‍ സിനിമയുടെ രണ്ട് നെടുംതൂണുകളായ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനും ഷഹന്‍ഷാ അമിതാഭ് ബച്ചനുമൊപ്പം ഞങ്ങളുടെ ബര്‍ത്ത്ഡേ ബോയ് ഫഹദ് ഫാസില്‍'- എന്നാണ് ചിത്രം പങ്കുവച്ച് ലൈക്ക പ്രൊഡക്ഷന്‍സ് കുറിച്ചിരിക്കുന്നത്. ഫഹദിന്റെ തോളില്‍ കൈവച്ച് നില്‍ക്കുന്ന തലൈവരെയും ബിഗ് ബിയെയുമാണ് ചിത്രത്തില്‍ കാണാനാവുക. ഒരു കോമഡി കഥാപാത്രമായാണ് ചിത്രത്തില്‍ ഫഹദ് എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. രജിനികാന്ത് ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായാണ് എത്തുന്നത്. രജിനിയും ഫഹദും ഒന്നിച്ചുള്ള ആദ്യ സിനിമയാണിത്. അമിതാഭ് ബച്ചന്‍, റാണ ദഗുബതി, മഞ്ജു വാര്യര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒക്ടോബര്‍ 10ന് ചിത്രം റിലീസ് ചെയ്യും.
0 Comments