വയനാട് ജില്ലയിലെ ചൂരല്‍മലയിലും മുണ്ടക്കയിലും ഉണ്ടായ ഉരുള്‍പൊട്ടല്‍ വാർത്തകളില്‍ 24ന്യൂസും റിപ്പോർട്ടർ ചാനലും ഉണ്ടാക്കിയ കുതിപ്പാണ് ഏഷ്യാനെറ്റിന് വെല്ലുവിളിയായിരിക്കുന്നത്. ഉരുള്‍പൊട്ടല്‍ സംഭവം പൊതുവെ ചാനലുകളുടെ ടിആര്‍പി റേറ്റിങ്ങില്‍ ഇക്കുറി വലിയ കുതിപ്പ് ഉണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയില്‍ ഉണ്ടായതിന്റെ രണ്ടിരട്ടി പോയിന്റാണ് ബാര്‍ക്കില്‍ ഉണ്ടായിരിക്കുന്നത്.
ഏഷ്യാനെറ്റിൻ്റെ സ്ഥിരം പ്രേക്ഷകരില്‍ ഒരു വിഭാഗത്തെ 24ഉം റിപ്പോർട്ടർ ചാനലും ആകർഷിച്ചതാണ് ഏഷ്യാനെറ്റ് പ്രതിരോധത്തില്‍ ആകാൻ ഒരു കാരണം. മറ്റൊരു കാരണം ഏഷ്യാനെറ്റിനെതിരെ സി.പി.എം സൈബർ വിഭാഗങ്ങള്‍ നടത്തിയ നിരന്തര പ്രചരണങ്ങള്‍ ആയിരിക്കാമെന്നാണ് പ്രമുഖ മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. നിലവില്‍ സി.പി.എം പ്രതിനിധികള്‍ ഏഷ്യാനെറ്റ് ചർച്ചകളില്‍ പങ്കെടുക്കാനും താല്‍പ്പര്യപ്പെടാറില്ല.
150 പോയിന്റുമായാണ് ഏഷ്യാനെറ്റ് ന്യൂസിനെ 24 മറികടന്നിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിന് ബാര്‍ക്കില്‍ 147 പോയിന്റ് മാത്രമാണ് നേടാനായത്. മനോരമ ന്യൂസിനെയും മാതൃഭൂമി ന്യൂസിനെയും കടത്തി വെട്ടി റിപ്പോര്‍ട്ടര്‍ ചാനലിനും ബാര്‍ക്കില്‍ എക്കാലത്തെയും വലിയ കുതിപ്പ് ഇത്തവണ നടത്തിയിട്ടുണ്ട്. കഴിഞ്ഞ തവണയും റിപ്പോർട്ടർ ചാനല്‍ തന്നെ ആയിരുന്നു മൂന്നാമത് വന്നിരുന്നത്. കർണ്ണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലും അതില്‍പെട്ട് മലയാളിയായ ലോറി ഡ്രൈവർ അർജുനെ കാണാതായ സംഭവം ഏറ്റെടുത്ത് വാർത്തയുടെ വൻ പ്രളയം സൃഷ്ടിച്ചതാണ് കഴിഞ്ഞ ബാർക്ക് റേറ്റിങ്ങില്‍ ആദ്യമായി മൂന്നാമത് എത്താൻ റിപ്പോർട്ടർ ചാനലിന് കരുത്തായിരുന്നത്. മൂന്നാം സ്ഥാനത്തേക്ക് എത്തിയ റിപ്പോര്‍ട്ടര്‍ ചാനല്‍ 116 പോയിന്റാണ് സ്വന്തമാക്കിയിരിക്കുന്നത്.
ഇത്തവണയും മനോരമ ന്യൂസിനും മാതൃഭൂമി ന്യൂസിനും ബാര്‍ക്കില്‍ വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. നാലാം സ്ഥാനത്ത് എത്തിയ മനോരമയ്ക്ക് കേവലം 77 പോയിന്റുകള്‍ മാത്രമാണ് നേടാനായത്. 72 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് മാതൃഭൂമി എത്തിയിരിക്കുന്നത്.
ആറാം സ്ഥാനത്ത് സിപിഎം നിയന്ത്രണത്തിലുള്ള കൈരളി ന്യൂസാണ്. 26 പോയിന്റുകള്‍ നേടാനെ കൈരളിക്ക് സാധിച്ചിട്ടുള്ളൂ. സംഘപരിവാര്‍ അനുകൂല ചാനലായ ജനം ടിവിക്ക് ഇക്കുറിയും ടിആര്‍പിയില്‍ വന്‍ വീഴ്ച്ചയാണ് ഉണ്ടായിരിക്കുന്നത്. പതിവായി ഏഴാം സ്ഥാനം പങ്കിടാറുള്ള ജനത്തിന് ഇക്കുറി ആസ്ഥാനം നഷ്ടമായി. ന്യൂസ് 18 മലയാളമാണ് 24 പോയിന്റുമായി ഏഴാം സ്ഥനത്ത് നില്‍ക്കുന്നത്. 21 പോയിന്റുമായി എട്ടാം സ്ഥാനത്ത് എത്തിയ ജനം ടി.വിക്കും താഴെയാണ് മീഡിയാ വണ്‍ ഉള്ളത്.
ഏറ്റവും പുതിയ റാങ്കിങില്‍ തൊട്ടുപിന്നിലുള്ള മനോരമ ന്യൂസിനേക്കാള്‍ ബഹുദൂരം മുന്നിലാണ് റിപ്പോർട്ടർ. 29 -ാ ആഴ്ചയില്‍ അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന ചാനലായിരുന്നു റിപ്പോർട്ടർ. സ്വാഭാവികമായും ഒന്നും രണ്ടും സ്ഥാനത്തുള്ള 24 ന്യൂസിനും ഏഷ്യാനെറ്റിനും ഭീഷണി ഉയർത്തുന്ന തരത്തിലുള്ള മുന്നേറ്റമാണ് റിപ്പോർട്ടറിന്റേത്.
മനോരമ ന്യൂസ് (77), മാതൃഭൂമി ന്യൂസ് (72), കൈരളി ന്യൂസ് (26), ന്യൂസ് 18 കേരള (24), ജനം ടിവി (21), മീഡിയ വണ്‍ (15) എന്നിങ്ങനെയാണ് തുടർന്നുള്ള ചാനലുകളുടെ റേറ്റിങ്. മുപ്പതാം ആഴ്ചയില്‍ മനോരമ ന്യൂസ് (66), മാതൃഭൂമി ന്യൂസ് (62), കൈരളി ന്യൂസ് (22), ജനം ടിവി (20), ന്യൂസ് 18 കേരള (19), മീഡിയ വണ്‍ (12) എന്നിങ്ങനെയുമായിരുന്നു റേറ്റിങ്. ഈ ആഴ്ച ജനം ടിവിയെ മറികടന്ന് ന്യൂസ് 18 ഏഴാം സ്ഥാനത്തേക്ക് കയറി വന്നു എന്നതാണ് ശ്രദ്ധേയമായ മറ്റൊരു മാറ്റം. ജനം ടിവി ഇത്തവണ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു
അതേസമയം, വിനോദ ചാനലുകളില്‍ ഏഷ്യാനെറ്റ് തങ്ങളുടെ അപരാജിത കുതിപ്പ് തുടരുകയാണ്. ഏഷ്യാനെറ്റ് - 668, സീ കേരളം - 210, മഴവിൽ മനോരമ - 178, ഫ്ലവേർസ് ടിവി - 166, സുര്യ ടിവി - 159, കൈരളി ടിവി - 101, അമൃത ടിവി - 38, ഏഷ്യനെറ്റ് മൂവീസ് - 135, സുര്യ മൂവീസ് - 86, ഏഷ്യനെറ്റ് പ്ലസ് - 67, വീ ടിവി - 45 എന്നിങ്ങനെയാണ് റേറ്റിങ്.
0 Comments