ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണങ്ങള്‍ ; ഒടുവില്‍ ഒരുലക്ഷം സംഭാവന നല്‍കി അഖില്‍ മാരാര്‍




മുഖ്യമന്ത്രി പിണറായി വിജയനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെയും കടുത്ത പ്രചാരണങ്ങള്‍ നടത്തിയ സംവിധായകന്‍ അഖില്‍ മാരാര്‍ ഒടുവില്‍ ദുരിതാശ്വാസനിധിയിലേക്ക് ഒരുലക്ഷം രൂപ സംഭാവനചെയ്തു.ദുരിതാശ്വാസ നിധിയെക്കുറിച്ചുള്ള തന്റെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞാല്‍ 1 ലക്ഷം കൊടുക്കാം എന്നു നേരത്തെ തന്നെ പറഞ്ഞിരുന്ന അഖില്‍ മാരാര്‍ മറുപടി ലഭിച്ച ശേഷം ഇട്ട പോസ്റ്റില്‍ ഇതിനെക്കുറിച്ച് പറഞ്ഞിരുന്നില്ല.

എന്നാല്‍ കമന്റുകളില്‍ വിമര്‍ശനം ഉയര്‍ന്നതോടെ അതേ പോസ്റ്റ് എഡിറ്റ് ചെയ്ത് 1 ലക്ഷം കൊടുക്കാം എന്ന് പ്രഖ്യാപിക്കുകയായിരുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ പണം നല്‍കേണ്ട എന്ന വ്യക്തിപരമായ അഭിപ്രായം പറഞ്ഞതിന് തനിക്കെതിരെ കേസ് എടുത്തിരുന്നുവെന്ന് അഖില്‍ മാരാര്‍ പറഞ്ഞു. എന്നാല്‍ ഒരാളോട് പോലും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന കൊടുക്കരുത് എന്ന് താന്‍ പറഞ്ഞിട്ടില്ല. പകരം മൂന്ന് വീടുകള്‍ വെച്ചു നല്‍കും എന്നുപറഞ്ഞു. കണക്കുകള്‍ ആറുമാസത്തിനുള്ളില്‍ പ്രസിദ്ധീകരിച്ചാല്‍ വീട് വെയ്ക്കാനുള്ള തുക മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ നിധിയില്‍ തന്നെ ഇടാന്‍ തയ്യാറാണ് എന്ന് അന്നുതന്നെ താന്‍ പറഞ്ഞിരുന്നു. താനുയര്‍ത്തിയ സംശയങ്ങള്‍ ജനങ്ങള്‍ ഏറ്റെടുത്തതോടെ കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞുവെന്നും അഖില്‍ എഴുതി.

അതേസമയം, 'ചോദ്യം തീ പിടിപ്പിക്കും എങ്കില്‍ അത് കെടുത്താന്‍ മറുപടി പറഞ്ഞെ പറ്റു മുഖ്യമന്ത്രി...ഇരട്ട ചങ്കന്‍ മുഖ്യനെ കൊണ്ട് മറുപടി പറയിക്കാന്‍ കഴിഞ്ഞത് പ്രിയപ്പെട്ട ജനങ്ങളെ നിങ്ങളുടെ ശക്തിയാണ്... നിങ്ങള്‍ക്ക് ഒരായിരം സ്‌നേഹം..എന്റെ ചോദ്യത്തിന് പ്രിയപ്പെട്ട മുഖ്യമന്ത്രിയുടെ മറുപടി സ്വാഗതം ചെയ്യുന്നു.. ഇത് പോലെ കണക്കുകള്‍ കൂടി ബോധ്യപ്പെടുത്തിയാല്‍ തകര്‍ന്ന് വീഴുന്നത് അങ്ങയെ മോശമാക്കി ചിത്രീകരിച്ചത് മാധ്യമങ്ങളും പ്രതിപക്ഷവും ആണ്.

അടുത്ത മുഖമന്ത്രി കസേര സ്വപ്നം കാണുന്നവര്‍ക്ക് മുന്നില്‍ അഭിമാനത്തോടെ നില്‍ക്കാന്‍ ജനങ്ങളുടെ സംശയങ്ങള്‍ക്ക് ഇത് പോലെ മറുപടി നല്‍കു....വ്യക്തമല്ലാത്ത പൂര്‍ണതയില്ലാത്ത വെബ്‌സൈറ്റ് വിവരങ്ങള്‍ ആണ് എന്റെ ചോദ്യങ്ങള്‍ക്ക് കാരണം...ഇനി ആര്‍ക്കൊക്കെ ആണ് ലാപ്‌ടോപ് നല്‍കിയതെന്ന് കണക്കുകള്‍ പ്രസിദ്ധീകരിക്കുക. വ്യക്തത ആണ് ജനങ്ങള്‍ക്ക് ആവശ്യം. ഇനിയും ചോദ്യങ്ങള്‍ ഉയരും...' എന്നായിരുന്നു അഖില്‍ ആദ്യം എഴുതിയുരുന്നത്.

Post a Comment

0 Comments