മണലിപ്പുഴ കരകവിഞ്ഞ് തൃക്കൂർ ഗ്രാമപഞ്ചായത്തിൽ രണ്ടര കോടിയുടെ കൃഷിനാശം


മണലിപ്പുഴ കരകവിഞ്ഞതിനെ തുടർന്ന് തൃക്കൂർ ഗ്രാമപഞ്ചായത്തിൽ രണ്ടര കോടിയുടെ കൃഷിനാശം. കുലച്ചത് ഉൾപ്പെടെ ഇരുപത്തയ്യായിരത്തോളം വാഴകളും അഞ്ച് ഏക്കറോളം പച്ചക്കറി കൃഷിയും നശിച്ചതായി കൃഷി ഓഫീസർ അറിയിച്ചു.പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹൻദാസിന്റെ അധ്യക്ഷതയിൽ ചേർന്ന കാർഷിക വികസന സമിതി യോഗത്തിലാണ് നഷ്ടം വിലയിരുത്തിയത്. 
പീച്ചി ഡാം ക്രമാതീതമായി അളവിൽ തുറന്നതിനെ തുടർന്ന് തൃക്കൂർ പഞ്ചായത്തിലെ കാർഷിക മേഖലയിൽ വൻ നാശനഷ്ടമാണുണ്ടായത്. 
വളരെ കുറച്ച് കർഷകർ മാത്രമാണ് വിള ഇൻഷുറൻസ് ചെയ്തിട്ടുള്ളത്. ഇൻഷുറൻസ് തുക കിട്ടിയാൽ പോലും ഉണ്ടായ നഷ്ടം നികത്താൻ കഴിയാത്ത സ്ഥിതിയാെണെണെന്ന് കർഷകർ പറയുന്നു. 
കർഷകർക്ക് നഷ്ടപരിഹാരം  സമയബന്ധിതമായി ലഭിക്കുന്നതിന് നടപടിയുണ്ടാകണമെന്ന് യോഗത്തിൽ ആവശ്യമുണ്ടായി. 
പീച്ചി ഡാം ഉദ്യോഗസ്ഥരുടെ പേരിൽ നടപടിയെടുക്കണമെന്നും കർഷകർക്കുള്ള നഷ്ടപരിഹാരം എത്രയും പെട്ടെന്ന് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്കും ജില്ലാ കളക്ടർക്കും പരാതി നൽകാൻ യോഗത്തിൽ തീരുമാനമായി. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഹേമലത സുകുമാരൻ, പഞ്ചായത്തംഗം സലീഷ് ചെമ്പാറ, കൃഷി ഓഫീസർ ദീപ ജോണി എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Post a Comment

0 Comments