ദേശീയപാതകള്‍ കേന്ദ്രീകരിച്ച് കോടികള്‍ കൊള്ളയടിച്ച കുപ്രസിദ്ധ ഹൈവേ കൊള്ള സംഘം ചാലക്കുടിയില്‍ പിടിയില്‍







പിടിയിലായവരില്‍ ഒരാള്‍ വരന്തരപ്പിള്ളിയില്‍ യുവാവിനെ ടിപ്പര്‍ ഇടിപ്പിച്ച്  കൊലപ്പെടുത്തിയക്കേസില്‍ പ്രതി


ചാലക്കുടി : ദേശീയ പാതകള്‍ കേന്ദ്രീകരിച്ച് വന്‍ കൊളളുകള്‍ നടത്തുന്ന സംഘത്തെ തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോ. നവനീത് ശര്‍മ്മ ഐപിഎസിന്റെ  നിര്‍ദേശ പ്രകാരം ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷിന്റെ  നേതൃത്വത്തില്‍ പിടികൂടി. 
അതിരപ്പിള്ളി കണ്ണന്‍കുഴി സ്വദേശി മുല്ലശേരി വീട്ടില്‍ 38 വയസ്സുള്ള  കനകാമ്പരന്‍  അതിരപ്പിള്ളി വെറ്റിലപ്പാറ വഞ്ചിക്കടവ് അമ്പലത്തിനു സമീപം ചിത്രക്കുന്നേല്‍ വീട്ടില്‍ 48 വയസ്സുള്ള സതീശന്‍ ചാലക്കുടി നോര്‍ത്ത് കൊന്നക്കുഴി സ്വദേശിയും വര്‍ഷങ്ങളായി പാലക്കാട് വടക്കഞ്ചേരി കിഴക്കഞ്ചേരിയില്‍ താമസിക്കുന്നയാളുമായ ഏരുവീട്ടില്‍ ജിനു എന്നു വിളിക്കുന്ന 41 വയസ്സുള്ള ജിനീഷ്, അതിരപ്പിള്ളി വെറ്റിലപ്പാറ ചക്കന്തറ ക്ഷേത്രത്തിനു പിറകില്‍ താമസിക്കുന്ന പുത്തനമ്പൂക്കന്‍ വീട്ടില്‍ 42വയസ്സുള്ള  അജോ  പാലക്കാട് വടക്കഞ്ചേരി കമ്മാന്തറ സ്വദേശി പ്രധാനി വീട്ടില്‍ 34 വയസ്സുള്ള ഫൈസല്‍  എന്നിവരെയാണ് മുംബൈ പല്‍ഘാര്‍ സിബിസിഐഡി പോലീസിനുവേണ്ടി പിടികൂടിയത്.

കഴിഞ്ഞ പത്താം തീയതി ഗുജറാത്ത് രാജ് കോട്ട് സ്വദേശിയായ വ്യവസായി റഫീക്ഭായി സെയ്ത് തന്റെ കാറില്‍ ഡ്രൈവറോടൊത്ത് മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ പല്‍ഘാര്‍ ജില്ലയില്‍ വച്ച് പുലര്‍ച്ചെ മൂന്നു കാറിലായെത്തിയ സംഘം മുംബൈ - അഹമ്മദാബാദ് ദേശീപാതയില്‍ വാഹനം തടഞ്ഞ് ഡ്രൈവറുടെ വശത്തെ ചില്ല് തകര്‍ത്ത് കാര്‍ യാത്രികരെ മര്‍ദ്ദിച്ച് പുറത്തിറക്കുകയും കാര്‍ തട്ടിക്കൊണ്ടുപോയി അതിലുണ്ടായിരുന്ന എഴുപത്തി മൂന്ന് ലക്ഷത്തില്‍പരം രൂപ കൊള്ളയടിച്ച ശേഷം വിക്രംഘട്ട് എന്ന സ്ഥലത്ത് ഉപേക്ഷിക്കുകയുമായിരുന്നു.

ആക്രമണത്തില്‍ ഭയന്ന വ്യവസായിയും ഡ്രൈവറും പോലീസ് സ്റ്റേഷനിലെത്തി പരാതിപെടുകയായിരുന്നു.

തുടര്‍ന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പിന്തുടര്‍ന്ന് അന്വേഷണ സംഘം വാഹന നമ്പറുകള്‍ കണ്ടെത്തിയെങ്കിലും അവ വ്യാജനമ്പറുകളായിരുന്നു. ഇതിനാല്‍ ഇത്തരത്തില്‍ ഹൈവേ കൊള്ള നടത്തുന്ന സംഘങ്ങളെപ്പറ്റിയുള്ള അന്വേഷണത്തിലാണ് കേരളത്തിലെ തൃശൂര്‍ ജില്ല കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയത്.
കൊള്ള സംഭവവുമായി സാദൃശ്യമുള്ളതിനാല്‍ പല്‍ഘാര്‍ ജില്ലാ പോലീസ് സൂപ്രണ്ട് തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുമായി ബന്ധപ്പെടുകയും തൃശുര്‍ റൂറല്‍ എസ്പിയുടെ നിര്‍ദേശ പ്രകാരം  അന്വേഷണ സംഘത്തെ ചാലക്കുടിയിലേക്ക് അയക്കുകയുമായിരുന്നു. 

ചാലക്കുടിയിലെത്തിയ മുംബൈ പോലീസ് ടോള്‍പ്ലാസയിലെ അവ്യക്ത സിസിടിവി ദൃശ്യങ്ങള്‍ ചാലക്കുടി പോലീസിനെ കാണിച്ചതോടെ പ്രതികളെ തിരിച്ചറിയുകയും നേരം ഇരുട്ടി വെളുക്കുന്നതിനു മുമ്പേ ചാലക്കുടി ഡിവൈഎസ്പിയുടെ സ്‌ക്വാഡ് പ്രതികളെ പിടികൂടി മുംബൈ പോലീസിന് കൈമാറുകയുമായിരുന്നു. ചാലക്കുടി പോലീസ് സംഘത്തിന്റെ   വേഗതയും മികവും അക്ഷരാര്‍ത്ഥത്തില്‍ തങ്ങളെ അമ്പരപ്പിച്ചതായി മുംബൈ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ ഗണ്‍പത് സുലൈ, സ്വപ്നില്‍ സാവന്ത് ദേശായി എന്നിവര്‍ പറഞ്ഞു.

ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷിന്റെ നേതൃത്വത്തില്‍ ക്രെം സ്‌ക്വാഡ് അംഗങ്ങളായ വി.ജി സ്റ്റീഫന്‍, സതീശന്‍ മടപ്പാട്ടില്‍, റോയ് പൗലോസ്, പി എം മൂസ, വി. യു സില്‍ജോ, എ.യു റെജി, ബിനു എം.ജെ, ഷിജോ തോമസ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

പിടിയിലായവരില്‍ ജിനീഷ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരന്തരപ്പിള്ളി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ യുവാവിനെ ടിപ്പര്‍ ഇടിപ്പിച്ച്  കൊലപ്പെടുത്തിയക്കേസില്‍ ഉള്‍പെട്ടയാളാണെന്നും മറ്റ് നിരവധി കൊള്ള സംഭവങ്ങളില്‍ പങ്കുള്ളതായും അന്വേഷണ സംഘം കണ്ടെത്തി. ഫൈസല്‍ കോങ്ങാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ടു കോടിയില്‍ പരം രൂപ കൊള്ളയടിച്ച കേസുള്ളയാളാണ് കനകാമ്പരനും സതീശനും അതിരപ്പിള്ളി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ അനധികൃത മദ്യവില്‍പന നടത്തിയതിന് കേസുകള്‍ ഉള്ളരാണ്.
വിശദമായി ചോദ്യം ചെയ്തതോടെ ഏഴു കോടി രൂപ വാഹത്തിലുണ്ടായിരുന്നതെന്ന വിവരമാണ് പുറത്തുവരുന്നത്. ഇവരുടെ കൂട്ടാളികളാണ് പണം മുഴുവന്‍ കൊണ്ടുപോയതെന്നാണ് ഇവര്‍ പറയുന്നതെങ്കിലും പോലീസ് അത് വിശ്വാസത്തിലെടുത്തിട്ടില്ല. പ്രതികളെ മുംബൈയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യും. ഇവരുടെ കൂട്ടാളികളെ കണ്ടെത്താന്‍ ഊര്‍ജ്ജിത അന്വേഷണം നടത്തുമെന്നും മുംബൈ പോലീസ് അറിയിച്ചു

Post a Comment

0 Comments