വയനാടിനായി ടൊവിനോ തോമസിന്റെ വേറിട്ട ഇടപെടല്‍; അഭിനന്ദിച്ച്‌ മന്ത്രി

യനാടിന്റെ പുനഃർനിർമ്മാണത്തിന് വേണ്ടി സിനിമ മേഖലയില്‍ നിന്നും നിരവധി പേരാണ് സഹായവുമായി എത്തിയത്. മോഹൻലാല്‍, മമ്മൂട്ടി, ഫഹദ് ഫാസില്‍, ദുല്‍ഖർ സല്‍മാൻ തുടങ്ങി പല താരങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ സംഭാവന നല്‍കി വയനാടിനെ ചേർത്ത് പിടിച്ചിട്ടുണ്ട്.

അതിനിടയില്‍ ഇപ്പോഴിതാ വയനാടിനായി വേറിട്ട ഇടപെടല്‍ നടത്തിയ നടൻ ടൊവീനോയെ കുറിച്ച്‌ പറയുകയാണ് മന്ത്രി എംബി രാജേഷ്. ഫേസ്ബുക്കിലൂടെയാണ് മന്ത്രിയുടെ പ്രതികരണം.

'ഏവരും ഒറ്റക്കെട്ടായി വയനാടിന് വേണ്ടി അണിനിരക്കുകയാണ്. അപ്പോഴും ടൊവിനോയെ പ്രത്യേകം അഭിനന്ദിക്കാൻ ഒരു കാരണമുണ്ട്. ദുരിതാശ്വാസ ക്യാമ്ബുകളില്‍ ആയിരക്കണക്കിന് മനുഷ്യരുണ്ട്. അവിടെ ഭക്ഷണം വിതരണം ചെയ്യാൻ ഉപയോഗിച്ചുകൊണ്ടിരുന്നത് ഡിസ്പോസിബിള്‍ പാത്രങ്ങളും ഗ്ലാസുകളുമായിരുന്നു. മാലിന്യ നിർമാർജനം കൂടുതല്‍ ദുഷ്കരമാക്കുന്ന ഈ വെല്ലുവിളി സംബന്ധിച്ച്‌ മാതൃഭൂമിയോട് ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ നടത്തിയ പ്രതികരണം ടൊവിനോ തോമസിന്റെ ശ്രദ്ധയില്‍പ്പെട്ടു. പിന്നാലെ ടൊവിനോ ആയിരം സ്റ്റീല്‍ പാത്രങ്ങളും ഗ്ലാസുകളും ക്യാമ്ബില്‍ എത്തിക്കുമെന്ന് അറിയിച്ചു. വീണ്ടും വീണ്ടും ഉപയോഗിക്കാവുന്ന സ്റ്റീല്‍ പാത്രങ്ങള്‍ വഴി ഡിസ്പോസിബിള്‍ പാത്രങ്ങളും ഗ്ലാസുകളും മൂലമുണ്ടാവുന്ന വൻതോതിലുള്ള മാലിന്യം ഒഴിവാക്കാൻ കഴിയുന്നു. ഒരു നല്ല സന്ദേശമാണ് ടൊവിനോ മുന്നോട്ടുവെച്ചത്.

ടൊവിനോയുടെ ഈ മാതൃകാപരമായ.......

പിന്തുണയെ തദ്ദേശ സ്വയം ഭരണ വകുപ്പിന് വേണ്ടി പ്രത്യേകം അഭിനന്ദിക്കുന്നു. എല്ലാ ക്യാമ്ബുകളിലെയും അന്തേവാസികള്‍ക്ക് സ്റ്റീല്‍ പാത്രങ്ങള്‍ ഉറപ്പുവരുത്താനുള്ള നടപടി സ്വീകരിച്ചു കഴിഞ്ഞു. മാലിന്യ മുക്തമായ ക്യാമ്ബുകള്‍ സജ്ജമാക്കാനുള്ള പ്രവർത്തനങ്ങള്‍ക്ക് ഊർജം പകരുന്നതാണ് ഇത്തരം വാർത്തകളും ഇടപെടലുകളും', മന്ത്രി പറഞ്ഞു. മന്ത്രിയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് മന്ത്രിയെ അഭിനന്ദിച്ച്‌ കമന്റ് ചെയ്യുന്നത്. ഇതാണ് മനുഷ്യൻ , ചിലരങ്ങനെയാണ് സഖാവേ നാടിനോടും മനുഷ്യരോടും കരുതല്‍ഉള്ളവർ എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

അതേസമയം വയനാട്ടില്‍ 93 ദുരിതാശ്വാസ ക്യാമ്ബുകളിലായി 10,042 പേരാണ് കഴിയുന്നത്. ചൂരല്‍മലയില്‍ 10 ക്യാമ്ബുകളിലായി 1,707 പേര്‍ താമസിക്കുന്നുണ്ട്. ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടവരുടെ പുനരധിവാസം മികച്ച രീതിയില്‍ നടത്താനാവണം എന്നാണ് സർക്കാർ ആലോചിക്കുന്നതെന്നും വലിയ അധ്വാനവും മികച്ച ആസൂത്രണവും അനിവാര്യമായ ഈ ഉദ്യമം അതിവേഗം പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ' ഒരു വലിയ ജനവാസമേഖലയാണ് മറഞ്ഞു പോയത്. അതിനു പകരം കൂടുതല്‍ സുരക്ഷിതമായ മറ്റൊരു പ്രദേശം കണ്ടത്തി അവിടെ ഒരു ടൗണ്‍ഷിപ്പ് തന്നെ നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിനാവശ്യമായ ചര്‍ച്ചകള്‍ ഭരണതലത്തില്‍ ആരംഭിച്ചു കഴിഞ്ഞു. ഏറ്റവും മാതൃകാപരമായ രീതിയില്‍ ഈ പുനരധിവാസ പദ്ധതി അതിവേഗം പൂര്‍ത്തിയാക്കാന്‍ ലഭ്യമായ എല്ലാ സൗകര്യങ്ങളുമുപയോഗിച്ച്‌ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments