ഇരിങ്ങാലക്കുട: നഗരത്തിലെ വസ്ത്രശാലയിൽ തീപിടിത്തം. കൂടൽമാണിക്യം ക്ഷേത്രം റോഡിൽ പ്രവർത്തിക്കുന്ന മുരുകൻ സിൽക്സ് ആൻഡ് സാരീസിലാണ് ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെ തീപിടിത്തം ഉണ്ടായത്. ഷോറൂമിന്റെ പിറകിലെ ഗോഡൗണിനോട് ചേർന്ന് ഷീറ്റ് കൊണ്ട് മറച്ചിരുന്ന മുറിയിൽ പ്രവർത്തിച്ചിരുന്ന ജനറേറ്ററിനാണ് തീ പിടിച്ചത്. ഇത് വഴി നടന്നുപോയിരുന്ന പരിസരവാസി പുക ഉയരുന്നത് കണ്ട് കടയുടമയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഇരിങ്ങാലക്കുടയിൽനിന്നും കൊടുങ്ങല്ലൂരിൽനിന്നും എത്തിയ രണ്ട് അഗ്നിരക്ഷ സേന യൂനിറ്റുകളുടെ നേതൃത്വത്തിലാണ് തീയണച്ചത്.
സംഭവ സമയത്ത് വൈദ്യുതി ഉണ്ടായിരുന്നുവെന്നും ജനറേറ്റർ പ്രവർത്തിപ്പിച്ചിരുന്നില്ലെന്നും ജീവനക്കാർ പറഞ്ഞു. തുണിത്തരങ്ങൾ സൂക്ഷിച്ചിരുന്ന മുറിയുടെ ഷട്ടർ ഇളക്കി മാറ്റിയാണ് അഗ്നിരക്ഷ സേനംഗങ്ങൾ അകത്ത് കയറിയത്. ഇരിങ്ങാലക്കുട സി.ഐ അനീഷ് കരീമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്ത് എത്തിയിരുന്നു. ലീഡിങ് ഫയർമാൻ സജയന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഫയർ യൂനിറ്റിൽ നിന്നുള്ള അഞ്ചുപേരും കൊടുങ്ങല്ലൂർ യൂനിറ്റിലെ ഫയർമാൻ സുധന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ നാല് പേരും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
0 Comments