പ്രഭാത വാർത്തകൾ2024 | ഒക്ടോബർ 1 | ചൊവ്വ | Morning news today


പ്രഭാത വാർത്തകൾ
2024 | ഒക്ടോബർ 1 | ചൊവ്വ | 
1200 | കന്നി 15 | പൂരം 
1446  | റ. അവ്വൽ | 27.
➖➖➖➖➖➖➖➖

◾ സ്വര്‍ണക്കടത്ത് വിഷയത്തില്‍ മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം വിവാദമാകുന്നു.  പി.വി. അന്‍വറിന് പിന്നാലെ വിഷയം ഏറ്റെടുത്ത് മുസ്ലീം ലീഗും കോണ്‍ഗ്രസും. അഞ്ച് കൊല്ലത്തിനിടെ മലപ്പുറത്ത് മാത്രം 150 കിലോ സ്വര്‍ണവും, 123 കോടിയുടെ ഹവാല പണവും പിടികൂടിയിട്ടുണ്ടെന്നും പറഞ്ഞ മുഖ്യമന്ത്രി സ്വര്‍ണ്ണക്കടത്ത് വഴി മലപ്പുറത്ത് എത്തുന്ന പണം രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയാണെന്ന ദി ഹിന്ദു ദിനപത്രത്തിലെ പരാമര്‍ശമാണ് വിവാദമാകുന്നത്.

◾ മത സൗഹാര്‍ദത്തിന്റെ കടക്കല്‍ കത്തി വയ്ക്കുന്നത് മുഖ്യമന്ത്രിയാണെന്ന് പിവി അന്‍വര്‍ എംഎല്‍എ. കോഴിക്കോട് മുതലക്കുളത്ത് നടന്ന മാമി തിരോധാനക്കേസിലെ വിശദീകരണ യോഗത്തിലാണ് മുഖ്യമന്ത്രിക്കെതിരേയും എഡിജിപി എംആര്‍ അജിത് കുമാറിനെതിരേയും അന്‍വര്‍ വിമര്‍ശനം ആവര്‍ത്തിച്ചത്. ദി ഹിന്ദു ദിനപത്രത്തിലെ സ്വര്‍ണം പിടിക്കല്‍ പരാമര്‍ശത്തിലൂടെ മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചുവെന്നും കോഴിക്കോടുള്ള കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങി കര്‍ണാടകത്തിലേക്കും തമിഴ്‌നാട്ടിലേക്കുമുള്ള സ്വര്‍ണം പിടിച്ചാലും കുറ്റം മലപ്പുറത്തിനാണെന്നും മലയാള മാധ്യമങ്ങളോട് പറയാതെ ഇംഗ്ലീഷ് മാധ്യമത്തിലൂടെ പറഞ്ഞത് ഡല്‍ഹിയെ അറിയിക്കാനാണെന്നും അന്‍വര്‍ പറഞ്ഞു.

◾ മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം . മലപ്പുറം ജില്ലയില്‍ എത്ര രാജ്യദ്രോഹക്കുറ്റങ്ങള്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് സലാം ആവശ്യപ്പെട്ടു. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള നീക്കമാണിതെന്നും മുഖ്യമന്ത്രി പരാമര്‍ശം പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

◾ പി.വി. അന്‍വറിനോടുള്ള രാഷ്ട്രീയ വൈരം മുഖ്യമന്ത്രി മലപ്പുറം ജില്ലയോടു തീര്‍ക്കരുതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. കരിപ്പൂര്‍ വിമാനത്താവളം വഴി നടക്കുന്ന സ്വര്‍ണക്കടത്തുകള്‍ പിടിച്ചെടുക്കുന്നത് എല്ലാം മലപ്പുറത്തിന്റെ വിലാസത്തില്‍ ചേര്‍ക്കരുതെന്നും അദ്ദേഹം പറഞ്ഞു.

◾ സ്വര്‍ണക്കടത്ത് സംഘങ്ങള്‍ക്കെതിരായി പൊലീസ് തുടരുന്ന നടപടികള്‍ നിര്‍ത്തേണ്ടതില്ലെന്നും വിവരം കിട്ടുന്നതിനനുസരിച്ച് സ്വര്‍ണക്കടത്ത് പൊലീസ് പിടികൂടണമെന്നും ഡിജിപി ഷെയ്ക് ദര്‍വേശ് സാഹിബ്. വിവാദങ്ങളെ തുടര്‍ന്ന് പിന്മാറേണ്ടതില്ലെന്നും സ്വര്‍ണ  കടത്തിന് പിന്നില്‍ മാഫിയയാണെന്നും സ്വര്‍ണക്കടത്ത് പൊലീസ് പിടിച്ചില്ലെങ്കില്‍ അത് മറ്റ് കുറ്റകൃത്യങ്ങള്‍ക്ക്  കാരണമാകുമെന്നും ഡിജിപി യോഗത്തില്‍ വ്യക്തമാക്കി.

◾ പി.വി.അന്‍വര്‍ പരിധി വിട്ടെന്ന് മന്ത്രി വി അബ്ദുറഹിമാന്‍. പേര് നോക്കി വര്‍ഗീയവാദിയാക്കുന്ന അനുഭവം തനിക്കറിയില്ലെന്ന് മന്ത്രി പറഞ്ഞു. മലപ്പുറത്തെ പോലീസിനെ കുറിച്ച് അന്‍വര്‍ ആവശ്യപ്പെട്ടതെല്ലാം ചെയ്തിട്ടുണ്ടെന്നും അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ നടപടി ഉറപ്പാണെന്നും മന്ത്രി പറഞ്ഞു.

◾ പിവി അന്‍വറിന്റെ നീക്കത്തിന് പിന്നില്‍ എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്ലാമിയുമടക്കമുള്ള മതമൗലികവാദ സംഘടനകളാണെന്ന് പാലൊളി മുഹമ്മദ് കുട്ടി. നാട്ടില്‍ ഭിന്നിപ്പുണ്ടാക്കി നേട്ടം കൊയ്യുകയാണ് ഇവരുടെ ലക്ഷ്യം. നിസ്‌ക്കാരം തടയാന്‍ പാര്‍ട്ടി ശ്രമിച്ചെന്ന ആരോപണം വില കുറഞ്ഞതാണെന്നും പാലൊളി മുഹമ്മദ് കുട്ടി ആരോപിച്ചു.

◾ മാമികേസില്‍ നിലവിലെ അന്വേഷണത്തില്‍ ഒരു ചുക്കും നടക്കില്ലെന്ന് പിവി അന്‍വര്‍. എഡിഡജിപി അജിത്തിന് മുകളില്‍ പരുന്തും പറക്കില്ലെന്നും മുഖ്യമന്ത്രി ക്രിമിനലായ ഒരാളെ കെട്ടിപ്പിടിച്ചിരിക്കുകയാണെന്നും അന്‍വര്‍ ആരോപിച്ചു. മുതലക്കുളത്തില്‍ മാമിക്കേസ് തിരോധാനക്കേസുമായി ബന്ധപ്പെട്ടുള്ള വിശദീകരണ യോഗത്തിലാണ് അന്‍വറിന്റെ പരാമര്‍ശം.

◾ നടന്‍ സിദ്ദിഖിന് സുപ്രീംകോടതി അനുവദിച്ചത് ഇടക്കാല ജാമ്യം. മ്യൂസിയം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത ബലാത്സംഗക്കേസില്‍ സിദ്ദിഖിനെ അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ജാമ്യവ്യവസ്ഥ വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും സുപ്രീംകോടതി അറിയിച്ചു.അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ അവര്‍ക്കുമുന്നില്‍ സിദ്ദിഖ് ഹാജരാകണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.

◾ ബലാത്സംഗക്കേസിലെ പ്രതി നടന്‍ സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് റിപ്പോര്‍ട്ട്. അറസ്റ്റ് തടഞ്ഞുള്ള സുപ്രീംകോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചതിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. തിരുവനന്തപുരം എസ്ഐടിക്ക് മുന്‍പാകെയാകും ഹാജരാവുകയെന്നാണ് വിവരം.

◾ ബലാത്സംഗ കേസ് പ്രതി സിദ്ദിഖിന് ഇടക്കാല ജാമ്യം അനുവദിച്ച സുപ്രീം കോടതി വിധിയില്‍ പ്രതികരിച്ച് മന്ത്രി ആര്‍ ബിന്ദു. ബലാത്സംഗ കേസ് പോലുളളവയില്‍ സ്ത്രീകള്‍ക്ക് ഒപ്പം നില്‍ക്കാന്‍ സുപ്രീം കോടതിക്ക് ബാധ്യതയുണ്ടെന്ന് ബിന്ദു അഭിപ്രായപ്പെട്ടു. വിധി സര്‍ക്കാരിന് എതിരല്ലെന്നും കോടതി വിധിയെ മുന്‍കൂട്ടി കാണാനാകില്ലെന്നുമാണ് കെ കെ ശൈലജ വിഷയത്തില്‍ പ്രതികരിച്ചത്. അതേസമയം ഹേമ കമ്മറ്റി നിയോഗിച്ചതില്‍ സര്‍ക്കാരിനെ അഭിനന്ദിക്കണമെന്നും ശൈലജ ചൂണ്ടിക്കാട്ടി.  

◾ നടന്‍ ജാഫര്‍ ഇടുക്കിക്കെതിരെ ലൈംഗികാതിക്രമ പരാതിയുമായി ആലുവ സ്വദേശിയായ നടി. ജാഫര്‍ ഇടുക്കിക്കെതിരായ പരാതി പ്രത്യേകാന്വേഷണ സംഘത്തിനും എസ്ഐടിക്കും നടി ഇ-മെയിലായി അയച്ചു. നേരത്തെ ബാലചന്ദ്ര മേനോന്‍, മുകേഷ്, ജയസൂര്യ അടക്കം 7 പേര്‍ക്കെതിരെ ബലാല്‍സംഗ കുറ്റമടക്കം ആരോപിച്ച് നടി പരാതി നല്‍കിയിരുന്നു.

◾ സംസ്ഥാനത്ത്  ജൂണ്‍ മുതലുള്ള മൂന്നു മാസത്തെ കുറ്റകൃത്യങ്ങളുടെയും തുടര്‍നടപടികളുടെയും അവലോകനം ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ അധ്യക്ഷതയില്‍ പൊലീസ് ആസ്ഥാനത്ത് നടന്നു. ചാര്‍ജ് ഷീറ്റ് നല്‍കാന്‍ വൈകുന്ന പോക്സോ കേസുകള്‍ റേഞ്ച് ഡിഐജി മാര്‍ വിലയിരുത്തി നടപടി സ്വീകരിക്കും.  മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കി ചാര്‍ജ് ഷീറ്റ് നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശിച്ചു.

◾ എസ്.എ.ടി ആശുപത്രിയിലെ വൈദ്യുതി തകരാറായത് , ആശുപത്രിയിലെ ക്ലാവ് പിടിച്ച ഇലക്ട്രിക് ഉപകരണങ്ങള്‍  കൊണ്ടാണെന്ന ആരോപണവുമായി കെഎസ്ഇബി. സംഭവത്തില്‍ ഡി എംഇ അന്വേഷണം തുടരുകയാണ്. ജനറേറ്ററിന്റെ സഹായമില്ലാതെ വൈദ്യുതി എല്ലായിടത്തും സ്ഥാപിച്ചതായി സൂപ്രണ്ട് അറിയിച്ചു. ആരോഗ്യവകുപ്പിന് കനത്ത നാണക്കേട് ഉണ്ടായ സംഭവത്തില്‍ കടുത്ത നടപടി ഉണ്ടാകുമെന്നാണ് മന്ത്രിയുടെ ഓഫീസ് നല്‍കുന്ന സൂചന.

◾ വൈക്കത്ത് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്റെ മരണം മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന് ആരോപണം . അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് ഈ ആരോപണം ഉന്നയിച്ചത്. മൂന്ന് ദിവസങ്ങള്‍ക്കു മുന്‍പ് കാണാതായ ശ്യാംകുമാറിനെ ഇന്നലെ വൈകീട്ടാണ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. കുടുംബത്തിന്റെ ആരോപണങ്ങള്‍ വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

◾ ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പ് സൈറണുകളുടെ  പ്രവര്‍ത്തന പരീക്ഷണം സംസ്ഥാനത്ത് പലയിടങ്ങളിലായി ഇന്ന് നടക്കും. 91 സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണമാണ് ഇന്ന് നടക്കുക. വിവിധ ജില്ലകളില്‍ സൈറണുകള്‍ സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളുടെ വിശദാംശങ്ങളും അവയുടെ പരീക്ഷണം നടക്കുന്ന സമയവും ദുരന്ത നിവാരണ അതോറിറ്റി പുറത്തുവിട്ടിട്ടുണ്ട്.

◾ കൊല്ലം മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയായ ശ്രീക്കുട്ടിക്ക് ജാമ്യം. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസില്‍ പ്രതിക്കെതിരെ പ്രേരണാകുറ്റമാണ് ചുമത്തിയിരുന്നത്.

◾ സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു. ഭരണപ്രതിസന്ധി ചൂണ്ടിക്കാട്ടി സഹകരണ രജിസ്ട്രാറുടേതാണ് നടപടി. രണ്ട് സര്‍ക്കാര്‍ നോമിനികളടക്കമുള്ള മൂന്ന് അംഗങ്ങള്‍ക്ക് താത്കാലിക ചുമതല നല്‍കി.

◾ ഹരിത വിവാദത്തില്‍ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസിനെതിരായ കേസ് നടപടികള്‍ ഹൈക്കോടതി റദ്ദാക്കി. 2021 ജൂണ്‍ 22ന് നടന്ന എംഎസ്എഫ്  നേതൃയോഗത്തില്‍ പികെ നവാസ് ലൈംഗിക അധിക്ഷേപം നടത്തിയെന്നായിരുന്നു ഹരിത നേതാക്കളുടെ പരാതി.

◾ കടലുണ്ടി കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രിയില്‍ വ്യാജ ഡോക്ടര്‍ ചികിത്സിച്ച രോഗി മരിച്ചു. പൂച്ചേരിക്കടവ് സ്വദേശി വിനോദ് കുമാറാണ് മരിച്ചത്. സംഭവത്തില്‍ കുടുംബം ഫറോക് പോലീസില്‍ പരാതി നല്‍കി.

◾ തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങുകളെ തിരികെയെത്തിക്കാനുള്ള ശ്രമം തുടരുന്നതായി അധികൃതര്‍. കുരങ്ങുകള്‍ ചാടിപ്പോയതില്‍ ജീവനക്കാരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്ന് മൃഗശാല ഡയറക്ടര്‍ മഞ്ജുള ദേവി പ്രതികരിച്ചു. മൃഗശാലക്കകത്തെ മരത്തില്‍ കുരങ്ങുകളുണ്ടെന്നും തീറ്റ നല്‍കി ആകര്‍ഷിച്ച് തിരികെയെത്തിക്കാന്‍ ശ്രമിക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു.

◾ വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ 250 രൂപ കൈക്കൂലി വാങ്ങിയ കേസില്‍ കെഎസ്ഇബി ഓവര്‍സിയര്‍ക്ക് അഞ്ച് വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ. കോഴിക്കോട് കൊയിലാണ്ടി കെഎസ്ഇബി മേജര്‍ സെക്ഷനിലെ ഓവര്‍സിയറായിരുന്ന കെ രാമചന്ദ്രനെതിരെയാണ് കോഴിക്കോട് വിജിലന്‍സ് കോടതി ശിക്ഷ വിധിച്ചത്.

◾ മസ്തിഷ്‌ക ജ്വരം സംശയിക്കുന്നവരില്‍ അമീബിക്ക് മസ്തിഷ്‌ക ജ്വരം നിര്‍ണയിക്കാനുള്ള പരിശോധന കൂടി നടത്തണമെന്ന് മന്ത്രി വീണാ ജോര്‍ജ്. അമീബിക്ക് മസ്തിഷ്‌ക ജ്വരം ചികിത്സയ്ക്കുള്ള മില്‍ട്ടിഫോസിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനും മന്ത്രി നിര്‍ദേശം നല്‍കി. മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്റ്റേറ്റ് ആര്‍ആര്‍ടി യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്.

◾ 1968ല്‍ കാണാതായ പത്തനംതിട്ട സ്വദേശിയായ സൈനികന്റെ മൃതശരീരം 56 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തിയെന്ന് ഇന്ത്യന്‍ സൈന്യത്തിന്റെ അറിയിപ്പ്. 1968 ഫെബ്രുവരി 7 ന് ലഡാക്കില്‍ 103 പേരുമായി പോയ സൈനിക വിമാനം തകര്‍ന്ന് കാണാതായ പത്തനംതിട്ട ഇലന്തൂര്‍ ഒടാലില്‍ തോമസ് ചെറിയാന്റെ മൃതശരീരമാണ് കണ്ടെത്തിയതെന്നാണ് സൈന്യം അറിയിച്ചത്. മരിക്കുമ്പോള്‍ തോമസ് ചെറിയാന് പ്രായം 22 മാത്രമായിരുന്നു.

◾ വയനാട് ദുരന്തം ഉണ്ടായി രണ്ടുമാസം പിന്നിട്ടിട്ടും കേന്ദ്ര സഹായം വൈകുന്നതിനെതിരെ വിമര്‍ശനം ഉയരുന്നതിനിടെ മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ഗുജറാത്തിന് 600 കോടിയും മണിപ്പൂരിന് 50 കോടിയും ത്രിപുരയ്ക്ക് 25 കോടിയുമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കേരളം ഉള്‍പ്പടെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുക അനുവദിക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.

◾ ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ ജഗന്നാഥനും ലോകേഷിനും വേണ്ടി ഗംഗാവലിപുഴയില്‍ തെരച്ചില്‍ തുടരുന്നതിനിടെ രണ്ട് എല്ലുകള്‍ കണ്ടെത്തി. മനുഷ്യന്റെ ശരീരഭാഗം ആണോ എന്നത് സ്ഥിരീകരിക്കാന്‍ എല്ല് ഫോറന്‍സിക് സര്‍ജന് കൈമാറിയിരിക്കുകയാണ്.

◾ റായ്പൂരില്‍  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ  ബ്രാഞ്ച് എന്ന വ്യാജേന പ്രവര്‍ത്തിച്ച തട്ടിപ്പ് സ്ഥാപനം പൊലീസ് പൂട്ടിച്ചു. മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു. ഛത്തീസ്ഗഡിലെ ശക്തി ജില്ലയിലാണ് സംഭവം.

◾ തിരുപ്പതി ലഡു വിവാദത്തില്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുന്നതിന് മുന്‍പ് ലഡുവില്‍ മൃഗക്കൊഴുപ്പെന്ന പരസ്യ പ്രസ്താവന മുഖ്യമന്ത്രി നടത്തിയത് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണെന്ന് കോടതി ആരാഞ്ഞു . ദൈവങ്ങളെ രാഷ്ട്രീയത്തില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നും മതവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്താന്‍ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.

◾ ഉത്തര്‍പ്രദേശിലെ ജാന്‍സിയില്‍ തൊഴില്‍ സമ്മര്‍ദം മൂലം യുവാവ് ജീവനൊടുക്കി. ബജാജ് ഫിനാന്‍സില്‍ ഏരിയ മാനേജറായി ജോലി ചെയ്യുന്ന തരുണ്‍ സക്സേനയെ (42) ആണ് പുലര്‍ച്ചെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ബജാജ് ഫിനാന്‍സിന്റെ വിശദീകരണം വന്നിട്ടില്ല.

◾ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് നിര്‍മിതികള്‍ പൊളിക്കുന്ന വിഷയത്തില്‍ അസം സര്‍ക്കാരിന്   സുപ്രീം കോടതി കോടതിയലക്ഷ്യ നോട്ടീസയച്ചു. കോടതികളുടെ മുന്‍കൂര്‍ അനുമതി കൂടാതെ പൊളിക്കല്‍ നടപടി കൈക്കൊള്ളരുതെന്ന സുപ്രീം കോടതി ഉത്തരവ് ലംഘിച്ചെന്ന് കാണിച്ച് അസം സ്വദേശികളായ 47 പേര്‍ കോടതിയെ സമീപിച്ചതിന് പിന്നാലെയാണിത്.

◾ ഗുജറാത്തില്‍ നിന്ന് 1.60 കോടിയുടെ വ്യാജ കറന്‍സി പിടികൂടി. 500 രൂപയുടെ നോട്ടുകെട്ടുകളാണ് പിടിച്ചെടുത്തത്. ഗാന്ധിജിയുടെ ചിത്രത്തിനു പകരം ബോളിവുഡ് താരം അനുപം ഖേറിന്റെ ചിത്രമാണ് കറന്‍സിയില്‍ ചേര്‍ത്തിട്ടുള്ളത്. സി.സി.ടി.വി. ദൃശ്യങ്ങളടക്കം പരിശോധിച്ചുവരികയാണെന്നും പ്രതികള്‍ക്കുവേണ്ടി അന്വേഷണം ശക്തമാക്കിയെന്നും പോലീസ് വ്യക്തമാക്കി.

◾ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം. മുഡ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റം ചുമത്തിയാണ് പ്രാഥമിക അന്വേഷണം. സിദ്ധരാമയ്യക്കെതിരെ എഫ്ഐആറിന് സമാനമായ എന്‍ഫോഴ്സ്മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് ഇഡി ഫയല്‍ ചെയ്തു.

◾ ജമ്മു-കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അവസാനഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച. 40 മണ്ഡലങ്ങളാണ് മൂന്നാം ഘട്ടത്തില്‍ വിധിയെഴുതുന്നത്. കശ്മീര്‍ മേഖലയില്‍ 16 മണ്ഡലങ്ങളും ജമ്മു മേഖലയില്‍ 24 മണ്ഡലങ്ങളുമാണ് അവസാനഘട്ടത്തിലുള്ളത്.

◾ ഉന്നത നേതാക്കളെ മിസൈല്‍ ആക്രമണത്തില്‍ ഇസ്രയേല്‍ കൊലപ്പെടുത്തിയതിന് പിന്നാലെ വീഡിയോ സന്ദേശവുമായി ഹിസ്ബുള്ള ഉപമേധാവി നയീം ഖാസിം. ഇസ്രയേല്‍ ലെബനനില്‍ കരയുദ്ധത്തിനു തുനിഞ്ഞാല്‍ തിരിച്ചടിക്കാന്‍ പൂര്‍ണസജ്ജരാണെന്ന് നയീം ഖാസിം വ്യക്തമാക്കി. കരയാക്രമണത്തിനുള്ള സൂചനകള്‍നല്‍കി ഇസ്രയേല്‍ കൂടുതല്‍ സൈനികരെയും കവചിതവാഹനങ്ങളും ലെബനന്‍ അതിര്‍ത്തിയിലേക്കെത്തിച്ച സാഹചര്യത്തിലാണിത്. അതേസമയം, വെടിനിര്‍ത്തല്‍ക്കരാറിലെത്താന്‍ ഇസ്രയേലിനോടും ഹിസ്ബുള്ളയോടും ലെബനീസ് പ്രധാനമന്ത്രി നജീബ് മികാതി ആവശ്യപ്പെട്ടു.

◾ രണ്ട് ദിവസത്തിലധികം മഴ കളിമുടക്കിയ ഇന്ത്യാ- ബംഗ്ലാദേശ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. ബംഗ്ലാദേശ് 107 ന് 3 എന്ന നിലയില്‍ ഒന്നാം ദിനം ബാറ്റ് ചെയ്യുമ്പോഴാണ് മഴമൂലം കളി നിര്‍ത്തിവെക്കേണ്ടി വന്നത്. രണ്ടാം ദിനവും മൂന്നാം ദിനവും മഴമൂലം ഒരു പന്ത് പോലും എറിയാന്‍ സാധിച്ചില്ല. നാലാം ബാറ്റിംഗ് തുടര്‍ന്ന ബംഗ്ലാദേശ് 233 ന് പുറത്തായി. എന്നാല്‍ ഒന്നാമിന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ടി20 ശൈലിയിലാണ് ബാറ്റ് വീശിയത്. 34.4 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സെടുത്ത ഇന്ത്യ ഒന്നാമിന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത് ബംഗ്ലാദേശിനെ രണ്ടാമിന്നിംഗ്സിനയച്ചു. നാലാം ദിനം അവസാനിക്കുമ്പോള്‍ ബംഗ്ലാദേശ് 26 ന് 2 എന്ന നിലയിലാണ്.

◾ കളിപ്പാട്ട വിപണിയിലേക്ക് റിലയന്‍സും. ഇതിന്റെ ഭാഗമായി മധ്യപ്രദേശിലെ ഇന്‍ഡോര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാന്‍ഡിടോയ് കോര്‍പറേറ്റ് എന്ന കമ്പനിയുമായി ധാരണയിലെത്തി. റിലയന്‍സിന്റെ 1,400ലധികം വരുന്ന റീട്ടെയ്ല്‍ സ്റ്റോറുകളിലൂടെ കാന്‍ഡിടോയ് കളിപ്പാട്ടങ്ങള്‍ വിറ്റഴിക്കും. കളിപ്പാട്ട നിര്‍മാണ കമ്പനിയായ പ്ലാസ്റ്റിക് ലെഗ്നോയുടെ 40 ശതമാനം ഓഹരികള്‍ 2022ല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റെടുത്തിരുന്നു. ചൈനീസ് കളിപ്പാട്ട ഇറക്കുമതിക്ക് നിയന്ത്രണം വന്നതോടെ കളിപ്പാട്ട ഇറക്കുമതിയില്‍ 52 ശതമാനം ഇടിവും കയറ്റുമതിയില്‍ 239 ശതമാനം വര്‍ധനവും ഇന്ത്യ രേഖപ്പെടുത്തിയെന്ന് അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ട് അടിവരയിടുന്നു. 2019 സാമ്പത്തിക വര്‍ഷത്തില്‍ 451.7 മില്യണ്‍ ഡോളറിന്റെ ചൈനീസ് കളിപ്പാട്ടങ്ങളായിരുന്നു ഇന്ത്യ ഇറക്കുമതി ചെയ്തത്. 2023 സാമ്പത്തിക വര്‍ഷത്തില്‍ അത് 218.9 മില്യണ്‍ ഡോളറായി കുറഞ്ഞു. കയറ്റുമതി 291.8 മില്യണ്‍ ഡോളറില്‍ നിന്ന് 422 മില്യണ്‍ ഡോളറായി ഉയരുകയും ചെയ്തു.

◾ ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന 'ഒരു കട്ടില്‍ ഒരു മുറി'യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. 'അവളൊരു മാലാഖയുടെ ഖല്‍ബുള്ളോരു സ്ത്രീയാണെടാ'. എന്ന രഘുനാഥ് പാലേരിയുടെ കഥാപാത്രത്തിലൂടെ ആരംഭിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍, ഒരേ സമയം ത്രില്ലും വൈകാരിക മുഹൂര്‍ത്തങ്ങളും പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നു. ഒക്ടോബര്‍ നാലിനാണ് ചിത്രത്തിന്റെ റിലീസ്. രഘുനാഥ് പലേരിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ പൂര്‍ണിമ ഇന്ദ്രജിത്ത്, ഹക്കിം ഷാ, പ്രിയംവദ കൃഷ്ണന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു കട്ടിലിനെ ജീവനുതുല്യം സ്നേഹിക്കുന്നൊരു സ്ത്രീ. അവരുടെ പരിചയക്കാര്‍. ആ സ്ത്രീയുടെ ജീവിതത്തിലേക്ക് അവിചാരിതമായി വന്നുചേരുന്ന ഒരു ടാക്സി ഡ്രൈവറും മറ്റൊരു യുവതിയും. ഇവര്‍ക്കിടയില്‍ നടക്കുന്ന സംഭവവികാസങ്ങളാണ് 'ഒരു കട്ടില്‍ ഒരു മുറി'യുടെ ഇതിവൃത്തം. ഷമ്മി തിലകന്‍, വിജയരാഘവന്‍, ജാഫര്‍ ഇടുക്കി, രഘുനാഥ് പലേരി, ജനാര്‍ദ്ദനന്‍, ഗണപതി, സ്വാതിദാസ് പ്രഭു, പ്രശാന്ത് മുരളി തുടങ്ങി അഭിനേതാക്കളുടെ നീണ്ട നിര തന്നെ ചിത്രത്തിനായി ഒരുമിക്കുന്നുണ്ട്.

◾ സൈജു കുറുപ്പും സായ് കുമാറും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ 'ഭരതനാട്യം' ചിത്രത്തിന് തിയറ്ററില്‍ വേണ്ടത്ര ശോഭിക്കാനായില്ല. എന്നാല്‍ സെപ്റ്റംബര്‍ 27 മുതല്‍ ഒടിടിയില്‍ എത്തിയ ഭരതനാട്യം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഭരതന്‍ എന്ന കഥാപാത്രമായി സായ് കുമാര്‍ പകര്‍ന്നാടിയപ്പോള്‍, അദ്ദേഹത്തിന്റെ മകനായി സൈജു കുറുപ്പും കസറി. സൈജു കുറിപ്പിന്റെ ഏറ്റവും മികച്ച എന്റര്‍ടെയ്നറാണ് ഭരതനാട്യം എന്നാണ് ഏവരും പറയുന്നത്. ഇപ്പോഴിതാ പ്രമുഖ ഒടിടി പ്ലാറ്റ് ഫോമായ ആമസോണ്‍ പ്രൈമിലെ ടോപ് 10 സിനിമകളിലും ഇടം പിടിച്ചിരിക്കുകയാണ് ഭരതനാട്യം. രണ്ട് മണിക്കൂര്‍ ലാഗ് ഒന്നും ഇല്ലാതെ ഒരു രസത്തില്‍, കോമഡി ഒക്കെ ആയി കണ്ടിരിക്കാന്‍ പറ്റുന്ന ഒരു രസകരമായ കുടുംബ ചിത്രം.


Post a Comment

0 Comments