2024 | സെപ്റ്റംബർ 11 | ബുധൻ |
1200 | ചിങ്ങം 26 | തൃക്കേട്ട
1446 | റ. അവ്വൽ | 07
➖➖➖➖➖➖➖➖
◾ സൈബറിടങ്ങളില്‍ കുറ്റകൃത്യം തടയാനുള്ള പദ്ധതികളുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. കുറ്റകൃത്യം തടയുന്നതിനായി സൈബര്‍ കമാന്‍ഡോസ് പദ്ധതി ഒരുങ്ങുന്നതായി അമിത് ഷാ അറിയിച്ചു. ഡാറ്റാ രജിസ്ട്രിയും സൈബര്‍ കുറ്റകൃത്യങ്ങളും പങ്കുവെക്കുന്നതിനുള്ള വെബ് പോര്‍ട്ടലും സജ്ജീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
◾ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായി ഓണ്‍ലൈനിലൂടെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ തടയുന്നതിന് സജീവമായ ഇടപെടല്‍ നടത്തിയതിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുരസ്‌കാരം ആഭ്യന്തരമന്ത്രി അമിത് ഷാ കേരള പൊലീസിന് സമ്മാനിച്ചു. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ്, സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗം എസ്പി ഹരിശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് അവാര്‍ഡ് സ്വീകരിച്ചത്.
◾ തെലങ്കാന, കര്‍ണാടക, പഞ്ചാബ്, തമിഴ്നാട്, കേരളം എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ ധനകാര്യ മന്ത്രിമാര്‍ പങ്കെടുക്കുന്ന കോണ്‍ക്ലേവ് ഇന്ന് തിരുവനന്തപുരത്ത്. പതിനാറാം ധനകാര്യ കമ്മീഷനുമായി ബന്ധപ്പെട്ട നിലപാടുകള്‍ തീരുമാനിക്കുന്നതിനാണീ കോണ്‍ക്ലേവ്. കോണ്‍ക്ലേവ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും കേന്ദ്ര സര്‍ക്കാരിന്റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവുമായ ഡോ. അരവിന്ദ് സുബ്രഹ്‌മണ്യന്‍, മുന്‍ ധനകാര്യവകുപ്പ് മന്ത്രി ടി എം തോമസ് ഐസക്, കേരള സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊഫ. വി കെ രാമചന്ദ്രന്‍ തുടങ്ങിയവരും വിശിഷ്ടാതിഥികളാകും.
◾ സംസ്ഥാനത്ത് ആര്‍എസ്എസുമായി ബന്ധം കോണ്‍ഗ്രസിനെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ . സിപിഎമ്മിന് ആര്‍എസ്എസിനെ പ്രീണിപ്പിക്കേണ്ട ഘട്ടം ഉണ്ടായിട്ടില്ല. എഡിജിപിയും ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ ചര്‍ച്ചകളുമായി ബന്ധപ്പെട്ട വിവാദത്തില്‍ മാധ്യമങ്ങളെ അതിരൂക്ഷമായി കുറ്റപ്പെടുത്തിയാണ് മുഖ്യമന്ത്രി സംസാരിച്ചത്. സിപിഎം കോവളം ഏരിയാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനവും സിപിഎം നിര്‍മ്മിച്ച 11 വീടുകളുടെ താക്കോല്‍ ദാനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ പ്രസംഗത്തില്‍ എവിടെയും എ.ഡി.ജി.പി-ആര്‍.എസ്.എസ് കൂടിക്കാഴ്ച എന്തിനായിരുന്നുവെന്നതിനെ കുറിച്ച് മുഖ്യമന്ത്രി പരാമര്‍ശിച്ചില്ല.
◾ പിണറായി വിജയന് അഭിമാനമില്ലെന്നും പിണറായി ജീവിക്കുന്നത് ബിജെപിയുടെ സഹായത്തിലാണെന്നും ഇല്ലെങ്കില്‍ എന്നേ ജയിലില്‍ പോകുമായിരുന്നുവെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കോണ്‍ഗ്രസിന് ആര്‍എസ്എസ് ബന്ധമുണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു സുധാകരന്‍. സ്വന്തം പോരായ്മ മറച്ചുവെക്കാന്‍ വായില്‍ തോന്നിയത് പറയരുതെന്നും ഒരു കോണ്‍ഗ്രസുകാരനും ഗോള്‍വാള്‍ക്കറുടെ മുന്നില്‍ തലകുനിക്കേണ്ട ആവശ്യമില്ലെന്നും സിപിഎം ആര്‍ എസ് എസിന് വിധേയരാണെന്നും സുധാകരന്‍ വിമര്‍ശിച്ചു. എല്ലാ തരത്തിലും ബിജെപിയുടെ വിധേയനായി പിണറായി വിജയന്‍ മാറിയെന്നും കുടുംബത്തെ രക്ഷിക്കാനും ഭാര്യയ്ക്കും മക്കള്‍ക്കും പണമുണ്ടാക്കാനും ഭരണത്തെ ദുരുപയോഗം ചെയ്തെന്നും കെപിസിസി പ്രസിഡന്റ് ആരോപിച്ചു.
◾ സംസ്ഥാനത്തെ പൊലീസില്‍ വീണ്ടും മാറ്റം വരുത്തി സര്‍ക്കാര്‍ ഉത്തരവ്. പി.വി. അന്‍വര്‍ ആരോപണമുന്നയിച്ച മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരനെ മാറ്റിയതുള്‍പ്പടെ സംസ്ഥാനപോലീസില്‍ അഴിച്ചുപണി നടത്തി. വിജിലന്‍സ് എറണാകുളം റെയ്ഞ്ച് എസ്.പി.യായിട്ടാണ് ശശിധരനെ മാറ്റിയത്. എ.ഐ.ജി. ആര്‍. വിശ്വനാഥിനെ മലപ്പുറം എസ്.പി.യായി നിയമിച്ചു. മലപ്പുറത്തെ എട്ട് ഡിവൈ.എസ്.പി.മാരെയും മാറ്റിയിരുന്നു. കൂടാതെ സിഎച്ച് നാഗരാജുവിനെ ഗതാഗത കമ്മീഷണറായും കൊച്ചി കമ്മീഷണറായ ശ്യാം സുന്ദറിനെ ദക്ഷിണ മേഖല ഐജിയായും നിയമിച്ചു. എ.അക്ബര്‍ ക്രൈം ബ്രാഞ്ച് ഐജിയായി തുടരും. അതേസമയം പിവി അന്‍വര്‍ എംഎല്‍എ നിരന്രം ആരോപണം ഉന്നയിക്കുന്ന എഡിജിപി അജിത് കുമാറിന് മാത്രം മാറ്റമില്ല.
◾ മലപ്പുറം ജില്ലാ പോലീസ് മേധാവി സ്ഥാനത്ത് നിന്നും എസ്. ശശിധരനെ മാറ്റിയതിന് പിന്നാലെ പ്രതികരണവുമായി കെ.ടി. ജലീല്‍. മലപ്പുറം എസ്.പിയെ മാറ്റി, രണ്ടാം വിക്കറ്റും വീണു എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ മലപ്പുറം എസ്.പിയുടെ തൊപ്പിയിലെ 'പൊന്‍തൂവ്വലുകള്‍'ക്ക് രക്തത്തിന്റെ മണമുണ്ടെന്നും കണ്ണീരിന്റെ നനവുണ്ടെന്നും വംശവെറിയുടെ വിഷമുണ്ടെന്നും പറയുന്നുണ്ട്. ഏറ്റവുമധികം കേസുള്ള ജില്ലയെന്ന അപഖ്യാതി മലപ്പുറത്തിന് ചാര്‍ത്തിനല്‍കിയ സുജിത് ദാസിന്റെ ഗതി എന്തായിയെന്ന് ചോദിക്കുന്ന ജലീല്‍ ഇനി തെറിക്കാനുള്ളത് വന്‍സ്രാവിന്റെ കുറ്റിയാണെന്നും വൈകാതെ അതും തെറിക്കുമെന്നും ഞങ്ങളുടെ ക്യാപ്റ്റന്‍ പിണറായി വിജയനാണെന്നും പോസ്റ്റില്‍ പറയുന്നു.
◾ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെ വീണ്ടും നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍. സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമാക്കിയത് പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ ഇടപെടല്‍ ശരിയല്ലാത്തതുകൊണ്ടാണെന്നും കേരളത്തിലെ ജനങ്ങള്‍ക്കും പാര്‍ട്ടിയുടെ സാധാരണ പ്രവര്‍ത്തകര്‍ക്കും നീതി ലഭ്യമാക്കാന്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായ ഇടപെടല്‍ പരാജയമായിരുന്നും പാര്‍ട്ടിക്ക് അതില്‍ ക്ഷീണമുണ്ടായിട്ടുണ്ടെന്നും അന്‍വര്‍ പറഞ്ഞു.
◾ ഹേമ കമ്മറ്റി നിയമവിരുദ്ധം എന്നാരോപിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നടപടി സ്വീകരിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നും സംസ്ഥാന സര്‍ക്കാരിന് ഇത്തരമൊരു നടപടിക്ക് അധികാരമില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. കമ്മറ്റിയുടെ രൂപീകരണം നിയമവിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി പാടില്ലെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
◾ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്കെതിരെ സംവിധായകന്‍ വിനയന്‍. താര സംഘടനയായ അമ്മയെ സൂപ്പര്‍ താരങ്ങള്‍ നശിപ്പിച്ചുവെന്നും ഇപ്പോള്‍ ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥയാണെന്നും മലയാള സിനിമയുടെ മുഖത്ത് കരി ഓയില്‍ ഒഴിച്ചത് പോലെയുണ്ടെന്നും വിനയന്‍ പറഞ്ഞു. സിനിമാ മേഖലകളിലെ പല പ്രമുഖരും കാരണം 12 വര്‍ഷം താന്‍ വേദന അനുഭവിച്ചെന്നും തോപ്പില്‍ ഭാസി അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് വിനയന്‍ പറഞ്ഞു.
◾ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശം ആഭ്യന്തര വകുപ്പിന്റെ സമ്പൂര്‍ണ പരാജയമാണെന്ന് വി. മുരളീധരന്‍. ആഭ്യന്തരവകുപ്പില്‍ ഇനിയും അള്ളിപ്പിടിച്ചിരിക്കുന്ന പിണറായി വിജയന്റെ തൊലിക്കട്ടി അപാരമെന്നും, ലൈംഗിക അതിക്രമം മറച്ചുവയ്ക്കാനും പ്രതികളെ സംരക്ഷിക്കാനുമാണ് സര്‍ക്കാര്‍ ഇത്രയും കാലം ശ്രമിച്ചത് എന്നും അദ്ദേഹം പറഞ്ഞു.
◾ ആര്‍എസ്എസുമായി ഡീലുണ്ടാക്കാന്‍ എഡിജിപിയെ ചുമതലപ്പെടുത്തേണ്ട ഗതികേട് സിപിഎമ്മിനില്ലെന്ന് എംവി ഗോവിന്ദന്‍. സിപിഎം കോവളം ഏരിയാ കമ്മിറ്റിയുടെ ഓഫീസ് ഉദ്ഘാടനവും സിപിഎം നിര്‍മ്മിച്ച് നല്‍കുന്ന 11 വീടുകളുടെ താക്കോല്‍ദാനവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എംവി ഗോവിന്ദന്‍.
◾ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇത്രയും കൊല്ലം പൂഴ്ത്തിവെച്ചതിന് സംസ്ഥാന സര്‍ക്കാര്‍ സ്ത്രീകളോട് മാപ്പു പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഹൈക്കോടതി സര്‍ക്കാരിനെ നിര്‍ത്തി പൊരിച്ചുവെന്നും ഹൈക്കോടതി നിര്‍ദ്ദേശം പിണറായി സര്‍ക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
◾ കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്റേതെന്ന് രമേശ് ചെന്നിത്തല. സംസ്ഥാന സര്‍ക്കാര്‍ കേരളം കണ്ട ഏറ്റവും വലിയ സ്ത്രീവിരുദ്ധ സര്‍ക്കാരെന്നും അദ്ദേഹം വിമര്‍ശിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചതിന് സര്‍ക്കാരിനെ ഹൈക്കോടതി വിമര്‍ശിച്ച സാഹചര്യത്തില്‍, മൊഴികളുടെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
◾ എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാവുമായി നടത്തിയ കൂടിക്കാഴ്ചയെ ന്യായീകരിച്ച സ്പീക്കര്‍ എ. എന്‍ ഷംസീറിനെതിരെ വിമര്‍ശനവുമായി മേപ്പയൂരിലെ സിപിഎം രക്ത സാക്ഷി ഇബ്രാഹിമിന്റെ മകന്‍ ഷെബിന്‍. ആര്‍എസ്എസിന്റെ വര്‍ഗീയത മറന്നുള്ള ഷംസീറിന്റെ പ്രസ്താവന കേട്ട് രക്തസാക്ഷികളുടെ കുടുംബങ്ങള്‍ തരിച്ചിരിക്കുകയാണെന്ന് ഷെബിന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചു.
◾ കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശിയായ അര്‍ജുന്റെ തെരച്ചിലിനായുള്ള ഡ്രഡ്ജര്‍ എത്തിക്കുന്നതില്‍ വീണ്ടും അനിശ്ചിതത്വം. കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ രണ്ട് ദിവസം കൂടി കാത്തിരിക്കാനാണ് തീരുമാനം. ഗോവന്‍ തീരത്ത് രണ്ട് ദിവസം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കാറ്റ് അനുകൂലമല്ലെന്നാണ് വിലയിരുത്തല്‍. ശക്തിയില്‍ കാറ്റ് വീശുന്നത് ടഗ് ബോട്ടിന്റെ യാത്ര ദുഷ്‌കരമാക്കാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് ഡ്രഡ്ജര്‍ എത്തിക്കുന്ന കാര്യത്തില്‍ അിശ്ചിതത്വമുണ്ടായത്. കാലാവസ്ഥ അനുകൂലമെങ്കില്‍ ഇന്ന് ഡ്രഡ്ജര്‍ പുറപ്പെടുമെന്നാണ് നേരത്തെ അറിയിച്ചത്.
◾ തൊണ്ടിമുതല്‍ കേസുമായി ബന്ധപ്പെട്ടുള്ള പുനരന്വേഷണത്തിനെതിരെ മുന്‍ മന്ത്രി ആന്റണി രാജു നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി. തെറ്റ് ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് സുപ്രീംകോടതി പറഞ്ഞു. വ്യവസ്ഥിതിയില്‍ പരിശുദ്ധി ഉറപ്പാക്കിയേ മതിയാകൂ എന്നും സുപ്രീംകോടതി നിരീക്ഷിച്ചു. കേസില്‍ ഹര്‍ജികള്‍ വിധി പറയാനായി മാറ്റി.
◾ കോഴിക്കോട് കൊമ്മേരിയില്‍ ആറ് പേര്‍ക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 53 ആയി ഉയര്‍ന്നു. ഇന്നലെ അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതില്‍ രോഗം ബാധിച്ച 27 വയസുള്ള യുവതിയുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.
◾ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തെ തുടര്‍ന്ന് താത്ക്കാലിക വീടുകളില്‍ കഴിയുന്ന കുടുംബങ്ങള്‍ക്കുള്ള വാടക ഓണത്തിന് മുമ്പ് നല്‍കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ അറിയിച്ചു.ഈ ലിസ്റ്റ് ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറി, തഹല്‍സിദാര്‍, താലൂക്ക് ഓഫീസ് ഡെപ്യൂട്ടി തഹസില്‍ദാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന മൂന്ന് അംഗ സംഘം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
◾ വയനാടിലെ സിക്കിള്‍സെല്‍ രോഗികള്‍ക്ക് ആരോഗ്യ വകുപ്പ് പ്രത്യേക ഓണക്കിറ്റ് നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സിക്കിള്‍സെല്‍ രോഗികള്‍ക്ക് കഴിഞ്ഞ വര്‍ഷം മുതലാണ് ആദ്യമായി പ്രത്യേക ഓണക്കിറ്റ് ലഭ്യമാക്കിയത്. നിലവില്‍ അവര്‍ക്ക് നല്‍കുന്ന ന്യൂട്രീഷന്‍ കിറ്റ് കൂടാതെയാണ് ഓണക്കിറ്റ് നല്‍കുന്നത്.
◾ ഗതാഗത കമ്മീഷണറുടെ പൂര്‍ണ ചുമതല അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പ്രമോജ് ശങ്കറിന് നല്‍കി സംസ്ഥാന സര്‍ക്കാര്‍ . ഗതാഗത കമ്മീഷണറായി നിയമിച്ച ഐജി എ അക്ബര്‍ സ്ഥാനം ഏറ്റെടുക്കാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം.വ്യക്തിപരമായ കാരണങ്ങളാല്‍ കൊച്ചിയില്‍ നിന്നും മാറാന്‍ കഴിയില്ലെന്നാണ് അക്ബര്‍ ഡിജിപിയെ അറിയിച്ചത്.
◾ സസ്പെന്‍ഷനിലായ മുന്‍ എംഎല്‍എ ജോര്‍ജ് എം തോമസിനെ സിപിഎം തിരിച്ചെടുത്തു. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും തിരുവമ്പാടി മുന്‍ എംഎല്‍എയുമായ അദ്ദേഹത്തെ കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് സസ്പെന്റ് ചെയ്തത്. 14 മാസത്തിന് ശേഷം പാര്‍ട്ടി സമ്മേളന കാലത്താണ് ജോര്‍ജ് എം തോമസിനെ തിരിച്ചെടുക്കുന്നത്.
◾ ആലപ്പുഴ കലവൂരിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കാണാതായ സുഭദ്രയുടേത് തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. കടവന്ത്ര സ്വദേശി സുഭദ്രയുടെ തിരോധാനവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ അവരുടെ മക്കളെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.
◾ നാല് വര്‍ഷം മുമ്പ് കൊച്ചിയിലെത്തിയ ഉഡുപ്പിക്കാരി ഷര്‍മിളയാണ്, സുഭദ്രയുടെ കൊലപാതകത്തിന്റെ ആസൂത്രകയെന്ന് പൊലീസ് നിഗമനം. ഷര്‍മിളയുടെ പങ്കാളിയായ ആലപ്പുഴക്കാരന്‍ മാത്യൂസ് എന്ന നിധിനുമായി ഏറെ നാളത്തെ ആലോചനയ്ക്കൊടുവിലാണ് കൊലപാതകം നടത്തിയതെന്നും പൊലീസ് കരുതുന്നു. കൊലപാതക വിവരം പൊലീസ് മനസിലാക്കിയെന്ന് തിരിച്ചറിഞ്ഞതോടെ മുങ്ങിയ ഇരുവരെയും കണ്ടെത്തിയാലേ സംഭവത്തില്‍ വ്യക്തതയുണ്ടാകൂ എന്നും പൊലീസ് പറഞ്ഞു.
◾ കൃഷി ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാകേണ്ടത് കൃഷിഭവനുകളിലല്ലെന്നും കൃഷിയിടങ്ങളിലാണെന്നും മന്ത്രി പി. പ്രസാദ്. സംസ്ഥാന സര്‍ക്കാരിന്റെ നാലാം 100 ദിന പരിപാടിയുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് അനുവദിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
◾ നടി പീഢന പരാതി നല്‍കിയ അഡ്വക്കേറ്റ് വി എസ് ചന്ദ്രശേഖരന് മുന്‍കൂര്‍ ജാമ്യം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വി എസ് ചന്ദ്രശേഖരന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അഭിഭാഷക അസോസിയേഷന്‍ ഭാരവാഹിയാണ് വി എസ് ചന്ദ്രശേഖരന്‍.
◾ സംസ്ഥാനത്ത് എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഓണാഘോഷം ഉറപ്പാക്കി ഡി.ജി.പി. ഇതുസംബന്ധിച്ച് ഡി.ജി.പിയുടെ പ്രത്യേക ഉത്തരവ് പുറത്തിറങ്ങി. ഇതിനായി യൂണിറ്റ് ചീഫുമാര്‍ ഡ്യൂട്ടി ക്രമീകരിക്കണമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കുടുംബത്തോടൊപ്പം ആഘോഷിക്കാന്‍ പരമാവധി അവസരം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
◾ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് സിനിമാ മേഖലയിലെ പരാതികള്‍ അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ അന്വേഷണസംഘത്തിനെതിരെ പരാതിക്കാരിയായ നടി. പോലീസ് സംഘം തന്റെ സ്വകാര്യത നശിപ്പിക്കുന്നതായാണ് ആലുവ സ്വദേശിനിയായ നടിയുടെ പരാതി. തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് ലോക്ക് ചെയ്തെന്നും പാസ് വേഡ് നശിപ്പിച്ചെന്നും അവര്‍ പറഞ്ഞു.
◾ സംഘര്‍ഷ സാഹചര്യം തുടരുന്ന മണിപ്പൂരില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തി. സംഘര്‍ഷ സാധ്യത കൂടിയ സ്ഥലങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധി രണ്ട് ദിവസം കൂടി നീട്ടി. ഒരാഴ്ചയ്ക്കിടെ മണിപ്പൂരില്‍ വിവിധയിടങ്ങള്‍ ഉണ്ടായ അക്രമങ്ങളില്‍ 15 പേരോളം കൊല്ലപ്പെട്ടിട്ടുണ്ട്. അക്രമ സംഭവങ്ങളില്‍ മണിപ്പൂര്‍ ഗവര്‍ണര്‍ ആശങ്ക രേഖപ്പെടുത്തി.
◾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ തേള്‍ പരാമര്‍ശക്കേസില്‍ ശശി തരൂരിന് താല്‍ക്കാലിക ആശ്വാസം. കേസിലെ വിചാരണ നടപടികള്‍ സുപ്രീംകോടതി നാലാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശിവലിംഗത്തിലെ തേള്‍ എന്ന് ആര്‍ എസ് എസ് നേതാവ് വിശേഷിപ്പിച്ചെന്നാണ് ശശി തരൂര്‍ പറഞ്ഞത്. ഇതിനെതിരെ ബിജെപി നേതാവ് രാജീവ് ബബ്ബറാണ് കോടതിയില്‍ അപകീര്‍ത്തിക്കേസ് നല്‍കിയത്.
◾ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു. 39കാരനായ ജവാന്‍ ബി അരുണ്‍ ധുലീപിനാണ് വെടിയേറ്റ് ജീവന്‍ നഷ്ടമായത്. ത്രിപുരയിലെ ധലായ് ജില്ലയിലാണ് സംഭവം.എന്നാല്‍ എങ്ങനെയാണ് ജവാന് വെടിയേറ്റതെന്ന കാര്യത്തില്‍ വ്യക്തതിയില്ല. ഇക്കാര്യത്തില്‍ ബിഎസ്എഫ് ഔദ്യോഗിക പ്രതികരണം നല്‍കിട്ടിയില്ല.
◾ ദില്ലിയില്‍ ജനുവരി 1 വരെ പടക്കങ്ങള്‍ നിര്‍മ്മിക്കാനും സൂക്ഷിക്കാനും വില്‍ക്കാനും അനുമതിയില്ല. ശൈത്യകാലത്തെ വായു മലിനീകരണ സാധ്യതയ്ക്ക് തടയിടാനാണ് ശ്രമം. സംസ്ഥാന പരിസ്ഥിതി മന്ത്രി ഗോപാല്‍ റായിയാണ് ഇക്കാര്യം അറിയിച്ചത്.
◾ ഉത്തര്‍പ്രദേശിലെ കസ്ഗഞ്ചില്‍ അഭിഭാഷകയെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് അഭിഭാഷകരടക്കം ആറുപേര്‍ അറസ്റ്റില്‍. സെപ്റ്റംബര്‍ മൂന്നാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. മോഹിനിയെ കോടതിക്ക് പുറത്തുനിന്ന് തട്ടിക്കൊണ്ടുപോയെന്നും പിന്നീട് കൊലപ്പെടുത്തി മൃതദേഹം കനാലില്‍ തള്ളിയെന്നുമാണ് കേസ്.
◾ ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാം സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബി.ജെ.പി. 21 സ്ഥാനാര്‍ഥികളടങ്ങുന്ന പട്ടികയാണ് പുറത്തുവിട്ടത്. ഗുസ്തി താരം വിനേഷ് ഫോഗട്ടിനെതിരേ ബി.ജെ.പി. യുവനേതാവ് ക്യാപ്റ്റന്‍ യോഗേഷ് ബൈരാഗി ജുലാനയില്‍ മത്സരിക്കും.
◾ രാജ്യത്ത് ദിനംപ്രതി റോഡപകടങ്ങളും മരണങ്ങളും ഉയരുന്നുവെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ഡല്‍ഹിയില്‍ നടന്ന സൊസൈറ്റി ഫോര്‍ ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ചേഴ്‌സിന്റെ 64-ാമത് വാര്‍ഷിക കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾ സ്വകാര്യവ്യക്തികളും വ്യാപാരസ്ഥാപനങ്ങളും പൊതുസ്ഥലങ്ങളില്‍ 'നോ പാര്‍ക്കിംഗ്' ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതും, റോഡിന്റെ വശങ്ങള്‍ ബാരിക്കേഡ് വച്ച് കൈയേറുന്നതും നിയമവിരുദ്ധമെന്ന് മദ്രാസ് ഹൈക്കോടതി. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ശിക്ഷ എന്തെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും സര്‍ക്കാരിനും പൊലീസിനും കോടതി നിര്‍ദേശം നല്‍കി.
◾ ഇസ്രയേല്‍ സുരക്ഷിതമേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന ഗാസയിലെ തീരപ്രദേശമായ മവാസിയിലെ അഭയാര്‍ഥിക്കൂടാരങ്ങളില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 19 പേര്‍ മരിച്ചു. മവാസിയില്‍ ലക്ഷക്കണക്കിനുപേരാണ് അഭയാര്‍ഥികളായി കഴിയുന്നത്. ഗാസയുടെ തെക്കുള്ള പ്രധാനനഗരമായ ഖാന്‍ യൂനിസിനടുത്താണ് മവാസി.
0 Comments