2024 | സെപ്റ്റംബർ 18 | ബുധൻ
1200 | കന്നി 2 | പൂരുരുട്ടാതി
1446 | റ. അവ്വൽ | 14.
➖➖➖➖➖➖➖➖
◾ സന്ദേശങ്ങള്‍ കൈമാറാനായി കൊണ്ടുനടക്കുന്ന ആയിരകണക്കിന് ഇലക്ട്രോണിക് പേജറുകള്‍ ഒരേസമയം പൊട്ടിത്തെറിച്ച് കിഴക്കന്‍ ലബനനില്‍ ഒരു പെണ്‍കുട്ടിയടക്കം 9 പേര്‍ കൊല്ലപ്പെടുകയും 2,750 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. സായുധസംഘമായ ഹിസ്ബുള്ളയിലെ അംഗങ്ങള്‍ ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന പേജറുകളാണ് പൊട്ടിത്തെറിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30നാണ് സംഭവം. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണു റിപ്പോര്‍ട്ടുകള്‍. അതേസമയം ആക്രമണത്തിനു പിന്നില്‍ ഇസ്രയേലാണെന്നും ഇസ്രയേല്‍ നടത്തിയ ആസൂത്രിത ഇലക്ട്രോണിക് ആക്രമണമാണ് നടന്നതെന്നും തിരിച്ചടിക്കുമെന്നും ഹിസ്ബുള്ള പ്രതികരിച്ചു. ഹിസ്ബുള്ളയുടെ റേഡിയോ കമ്യൂണിക്കേഷന്‍ ശൃംഖലയിലേക്ക് കടന്നുകയറിയാണ് ഇസ്രയേല്‍ സ്‌ഫോടനം സാധ്യമാക്കിയതെന്ന് ലെബനീസ് സുരക്ഷാ ഏജന്‍സിയിലെ വൃത്തങ്ങള്‍ വ്യക്തമാക്കി.
◾ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ലഫ്റ്റനന്റ് ഗവര്‍ണറെ നേരില്‍ കണ്ട് അദ്ദേഹം രാജിക്കത്ത് നല്‍കി. ഒപ്പമുണ്ടായിരുന്ന അതിഷി മര്‍ലേന പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശ വാദം ഉന്നയിച്ചു. രണ്ട് ദിവസത്തിന് ശേഷം ദില്ലിയില്‍ എഎപി ബഹുജന റാലി നടത്താനും തീരുമാനിച്ചിട്ടുണ്ട്.
◾ ദില്ലിയില്‍ ഇന്നലെ രാവിലെ ചേര്‍ന്ന എംഎല്‍എമാരുടെ നിര്‍ണായക യോഗത്തിലാണ് അതിഷി മര്‍ലേനയെ മുഖ്യമന്ത്രിയായി തീരുമാനിച്ചത്. അടുത്ത മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കുമെന്ന പ്രമേയം കെജ്രിവാളാണ് യോഗത്തില്‍ അവതരിപ്പിച്ചത്. എംഎല്‍എമാരുടെ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അതിഷി മര്‍ലേനയെ മുഖ്യമന്ത്രിയായി ആം ആദ്മി നേതാവ് ഗോപാല്‍ റായ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
◾ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട ചെലവ് കണക്കുകളുമായി ബന്ധപ്പെട്ട വിവാദത്തില്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍. കണക്കുകള്‍ തയ്യാറാക്കിയതില്‍ വീഴ്ച പറ്റിയെന്നും യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുവിടണമെന്നും കോണ്‍ഗ്രസും ,ദുരന്തത്തെ അഴിമതിക്കുള്ള അവസരമാക്കി മാറ്റിയതിന്റെ തെളിവാണ് പുറത്തുവന്നതെന്ന് ബി.ജെ.പി യും വിമര്‍ശിച്ചു.
◾ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപിയുടെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്തു. ഹാക്ക് ചെയ്യപ്പെട്ട പേജിന്റെ പാസ്വേഡ് ഉള്‍പ്പെടെ അജ്ഞാതര്‍ മാറ്റിയതിനാല്‍ പേജ് നിയന്ത്രണം തിരിച്ചുപിടിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
◾ കേരള ഹൈക്കോടതി ദേവസ്വം ബെഞ്ചിനെതിരേ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍. ഹൈക്കോടതി ദേവസ്വം ബെഞ്ച് തങ്ങളുടെ അധികാരം കവര്‍ന്നെടുക്കുന്നുവെന്ന് ആരോപിച്ചാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയെ സമീപിച്ചത്. ദേവസ്വം ബോര്‍ഡിന്റെ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് സുപ്രീം കോടതി തേടി.
◾ ലൈംഗികാതിക്രമ കേസില്‍ സംവിധായകന്‍ വി.കെ പ്രകാശിന്റെ മൊഴിയെടുത്തു. യുവ കഥാകൃത്തിന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വി.കെ പ്രകാശിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. രണ്ട് ദിവസം കൂടി മൊഴിയെടുപ്പ് തുടരും.
◾ ഓണാഘോഷത്തിന് സമാപനമായി ഇന്ന് തൃശൂരില്‍ പുലികളി. ഏഴ് ദേശങ്ങളില്‍ നിന്നുള്ള പുലികളി സംഘങ്ങളിലെ മുന്നൂറിലേറെ പുലികള്‍ പട്ടണം കൈയടക്കും. വൈകിട്ട് അഞ്ചിന് സ്വരാജ് റൗണ്ടിലെ നായ്ക്കനാല്‍ ജങ്ഷനിലിലെത്തുന്ന പാട്ടുരായ്ക്കല്‍ ദേശത്തിന്റെ വരവോടെ പുലികളിക്ക് തുടക്കമാകും. യുവജനസംഘം വിയ്യൂര്‍, വിയ്യൂര്‍ ദേശം, സീതാറാം മില്‍ ദേശം, ശങ്കരംകുളങ്ങര ദേശം, ചക്കാമുക്ക് ദേശം, കാനാട്ടുകര ദേശം എന്നീ സംഘങ്ങള്‍ പിന്നാലെയെത്തും. ഒരു പുലികളി സംഘത്തില്‍ 35 മുതല്‍ 51 വരെ പുലികളുണ്ടാകും. ഒരു നിശ്ചല ദൃശ്യവും ഒരു പുലിവണ്ടിയും ഉണ്ടാകും. പുലികളി രാത്രി പത്തുവരെ നീളും.
◾ ചെങ്ങന്നൂര്‍-ഇറപ്പുഴ ചതയം ജലോത്സവത്തിനിടെ പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മുതവഴി, കോടിയാട്ടുകര പള്ളിയോടങ്ങള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്. ഇതോടെ ജലോത്സവത്തിന്റെ ഫൈനല്‍ മത്സരം ഉപേക്ഷിച്ചു.
◾ തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ മണ്ണിടിഞ്ഞ് വീണ് അപകടം. മണ്ണിനടിയില്‍ കുടുങ്ങിയ ആളെ ഒരു മണിക്കൂറിലധകം നീണ്ട രക്ഷാപ്രവര്‍ത്തനത്തൊടുവില്‍ രക്ഷപ്പെടുത്തി പുറത്തെത്തിച്ചു. നെയ്യാറ്റിനകര ആലത്തൂര്‍ സ്വദേശി ഷൈലനാണ് മണ്ണിനടിയില്‍ കുടുങ്ങിയത്. ഉച്ചയ്ക്ക് രണ്ടോടെയാണ് തൊഴിലാളിയെ മണ്ണില്‍ നിന്ന് പുറത്തെടുത്തത്.
◾ മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ നിപ ബാധിച്ച് യുവാവ് മരിച്ചതിനെ തുടര്‍ന്ന് ഇന്നലെ നടത്തിയ പരിശോധനയില്‍ ഹൈ റിസ്‌ക് ഗണത്തില്‍ ഉള്‍പ്പെട്ട 3 പേരുടെയും സ്രവ പരിശോധന ഫലങ്ങള്‍ നെഗറ്റീവായി. പക്ഷെ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി. ഇന്നലത്തെ കണക്ക് പ്രകാരം 255 പേരെ പട്ടികയിലുള്‍പ്പെടുത്തി. രോഗ ബാധയെ തുടര്‍ന്ന് മേഖലയില്‍ ശക്തമായ നിരീക്ഷണം നടക്കുന്നത് കൊണ്ടാണ് ഈ വര്‍ധനവെന്നും ആശങ്കപ്പെടാനില്ലെന്നും ആരോഗ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
◾ കാസര്‍കോട് ജില്ലയിലെ സംസ്ഥാന പാതയില്‍ 10 ദിവസം ഗതാഗതം നിരോധിച്ചു . കാസര്‍കോട് - കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ ചന്ദ്രഗിരി പാലം മുതല്‍ പ്രസ്‌ക്ലബ്ബ് ജംഗ്ഷന്‍ വരെയാണ് ഗതാഗതം നിരോധിച്ചത്. റോഡില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കായാണ് ഗതാഗതം നിരോധിച്ചതെന്ന് പൊതുമരാമത്ത് വിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
◾ കേരളത്തിലെ ജനശതാബ്ദി എക്സ്പ്രസില്‍ യാത്ര കൂടുതല്‍ സുഖപ്രദമാക്കുന്ന എല്‍എച്ച്ബി കോച്ചുകള്‍ വരുന്നു. കേരളത്തിലോടുന്ന രണ്ട് ജനശതാബ്ദികളും ഈ മാസം തന്നെ എല്‍എച്ച്ബി കോച്ചുകളിലേക്ക് മാറുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.
◾ തലച്ചോറിലുണ്ടായ അണുബാധയെ തുടര്‍ന്ന് 17 കാരി മരിച്ചു. കാസര്‍കോട് മേല്‍പ്പറമ്പ് ചന്ദ്രഗിരി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥി എന്‍.എം വൈഷ്ണവിയാണ് മരിച്ചത്.
◾ കര്‍ണ്ണാടകയിലെ ഗുണ്ടല്‍പേട്ടിലുണ്ടായ വാഹനാപകടത്തില്‍ മലയാളികളായ ദമ്പതികളും മകളും മരിച്ചു. വയനാട് പൂതാടി സ്വദേശി ധനേഷ് , ഭാര്യ അഞ്ജു , ആറ് വയസ്സുകാരന്‍ മകന്‍ ഇഷാന്‍ കൃഷണ എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ലോറിയിടിച്ചാണ് അപകടമുണ്ടായത്.
◾ കണ്ണൂര്‍ നഗരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചെങ്കിലും ആളപായമില്ല. ഡ്രൈവറും കാഴ്ചപരിമിതിയുള്ള യാത്രക്കാരനും രക്ഷപ്പെട്ടു. താണ ട്രാഫിക് സിഗ്നലിനു സമീപമാണ് കാര്‍ കത്തിയത്. ഫയര്‍ ഫോഴ്സ് എത്തി തീയണച്ചു.
◾ സഹോദരിയുടെ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിനെത്തിയ 55കാരന് തിളച്ച പായസത്തില്‍ വീണ് പൊള്ളലേറ്റു. മൂലമറ്റം ലക്ഷംവീട് കോളനി പോട്ടേപറമ്പില്‍ അജിക്കാണ് (55) 60 ശതമാനത്തിലേറെ പൊള്ളലേറ്റത്. തിരുവോണ നാളില്‍ പകല്‍ 12ഓടെ വണ്ണപ്പുറം കമ്പകക്കാനത്താണ് സംഭവം.
◾ വിവാഹ ചടങ്ങ് ചിത്രീകരിക്കാനെത്തിയ ഫോട്ടോഗ്രാഫര്‍ക്ക് ഇടുക്കി മാങ്കുളത്ത് ക്രൂരമര്‍ദനം. താമസസൗകര്യത്തില്‍ അസൗകര്യം അറിയിച്ചതിന് പിന്നാലെയാണ് വധുവിന്റെ ബന്ധുക്കളുടെ മര്‍ദനമെന്നാണ് പറയുന്നത്. മൂവാറ്റുപുഴ സ്വദേശി ജെറിനാണ് മര്‍ദമനമേറ്റത്. പരാതിയില്‍ വധുവിന്റെ ബന്ധുവായ യദുവിനെതിരേയും കണ്ടാലറിയാവുന്ന മറ്റൊരാള്‍ക്കെതിരേയും മൂന്നാര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
◾ ജനസംഖ്യാ കണക്കെടുപ്പിനുള്ള സെന്‍സസ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത ഷാ വ്യക്തമാക്കി. കോവിഡ് 19 വ്യാപനം മൂലം അവതാളത്തിലായ സെന്‍സസിനെ സംബന്ധിച്ചുയര്‍ന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
◾ പുതിയ കൊല്‍ക്കത്ത പോലീസ് കമ്മിഷണറായി മനോജ് കുമാര്‍ വര്‍മയെ നിയമിച്ച് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. വിനീത് ഗോയലിന് പകരക്കാരനായിട്ടാണ് മനോജ് കുമാറിന്റെ നിയമനം. 1998 ഐ.പി.എസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ് മനോജ് കുമാര്‍.
◾ വിവിധ സംസ്ഥാനങ്ങളിലെ ബുള്‍ഡോസര്‍ രാജിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. ഇത്തരം പൊളിക്കലുകള്‍ നിര്‍ത്തിവെച്ചാല്‍ ആകാശം ഒന്നും ഇടിഞ്ഞുവീഴില്ലെന്ന് തുറന്നടിച്ച സുപ്രീം കോടതി ഒക്ടോബര്‍ ഒന്നുവരെ ഇത്തരം നടപടികള്‍ നിര്‍ത്തിവെക്കാനും ഉത്തരവിട്ടു. പൊതു റോഡുകള്‍, നടപ്പാതകള്‍, റെയില്‍വേ ലൈനുകള്‍, ജലാശയങ്ങള്‍ എന്നിവയിലെ കൈയേറ്റങ്ങള്‍ക്ക് ഈ ഉത്തരവ് ബാധകമല്ലെന്നും സുപ്രീം കോടതി ചൂണ്ടികാട്ടി.
◾ ഒരു പതിറ്റാണ്ടിന് ശേഷം ജമ്മു കശ്മീര്‍ വീണ്ടും നിയമസഭ തെരഞ്ഞെടുപ്പിനായ് ഇന്ന് പോളിംഗ് ബൂത്തിലെത്തും.. ആദ്യഘട്ടത്തിലെ 24 മണ്ഡലത്തിലേക്കുള്ള പോളിങ് ഇന്ന് രാവിലെ ഏഴിന് തുടങ്ങും. ഒമ്പത് വനിത സ്ഥാനാര്‍ഥികളടക്കം 219 പേരാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്.
◾ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ വസതിയിലെ ഗണപതി പൂജയില്‍ പങ്കെടുത്തതിനെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ജനങ്ങളുടെ വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങളും ചിലരെ അസ്വസ്ഥരാക്കുകയാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. സമൂഹത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നവരാണ് തന്റെ പൂജയെ എതിര്‍ക്കുന്നതെന്നും പ്രധാനമന്ത്രി ഒഡീഷയില്‍ നടന്ന യോഗത്തില്‍ കുറ്റപ്പെടുത്തി.
◾ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ മുത്തമിട്ട് ഇന്ത്യ. ഫൈനലില്‍ ചൈനയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യയുടെ ജയം.
◾ ആഗസ്റ്റിലെ കയറ്റിറക്കുമതി കണക്കുകള്‍ പുറത്തു വന്നപ്പോള്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് മങ്ങല്‍. ആഗോള ഡിമാന്റ് കുറഞ്ഞതിനാല്‍ കയറ്റുമതി 9.3 ശതമാനം ഇടിഞ്ഞ് 3,470 കോടി ഡോളറായി (2.90 ലക്ഷം കോടി രൂപ). അതേസമയം, ഇറക്കുമതി 3.3 ശതമാനം വര്‍ധിച്ച് 6,440 കോടി ഡോളറായി (5.39 ലക്ഷം കോടി രൂപ). ഇതുമൂലം വ്യാപാരക്കമ്മി ഇപ്പോള്‍ 2,965 കോടി ഡോളര്‍ (2.48 ലക്ഷം കോടി രൂപ). നടപ്പു സാമ്പത്തിക വര്‍ഷം ജൂണ്‍ വരെയുള്ള ആദ്യ മൂന്നു മാസങ്ങളില്‍ കയറ്റുമതിയില്‍ 5.8 ശതമാനത്തിന്റെ വളര്‍ച്ച കണ്ടതാണ്. ആഗോള വാണിജ്യ രംഗം 2024,2025 വര്‍ഷങ്ങളില്‍ സാവധാനം സ്ഥിതി മെച്ചപ്പെടുത്തുമെന്നാണ് ലോക വ്യാപാര സംഘടനയുടെ ആഗോള വ്യാപാര വീക്ഷണത്തില്‍ പറഞ്ഞത്. 2024ല്‍ 2.6 ശതമാനം വ്യാപാര വളര്‍ച്ച ഉണ്ടാവും. 2025ല്‍ ഇത് 3.3 ശതമാനമാകും. 2023ല്‍ 1.2 ശതമാനം ഇടിഞ്ഞ ശേഷമായിരിക്കും ഇതെന്നും നിരീക്ഷിക്കപ്പെട്ടു. മേഖലാ സംഘര്‍ഷങ്ങള്‍ വ്യാപാരത്തെ ബാധിക്കുമെന്നും ഭക്ഷ്യ, ഊര്‍ജ വിലകള്‍ ഉയരുമെന്നും ലോക വ്യാപാര സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു.
◾ 'കുട്ടന്റെ ഷിനിഗാമി' എന്ന ചിത്രം സെപ്റ്റംബര്‍ 20 ന് പ്രദര്‍ശനത്തിനെത്തും. ഹ്യൂമര്‍, ഫാന്റസി, ഇന്‍വെസ്റ്റിഗേഷന്‍ ഗണത്തില്‍ പെടുന്ന ചിത്രമാണിത്. തികച്ചും വ്യത്യസ്തമായ പ്രമേയവുമായാണ് സംവിധായകന്‍ റഷീദ് പാറയ്ക്കല്‍ ഇത്തവണ എത്തുന്നത്. മഞ്ചാടി ക്രിയേഷന്‍സിന്റെ അഞ്ചാമത് ചിത്രം കൂടിയാണിത്. ഷിനിഗാമി ഒരു ജാപ്പനീസ് വാക്കാണ്. ഷിനിഗാമി എന്നാല്‍ കാലന്‍ എന്നാണ് ജാപ്പനീസ് ഭാഷയിലെ അര്‍ഥം. കൈയ്യില്‍ ഒരു ജോഡി ചെരുപ്പുമായിട്ടാണ് ഷിനിഗാമിയുടെ നടപ്പ്. ഈ ചെരുപ്പ് ധരിക്കുന്നതോടെ അത്മാവ് കൂടെപ്പോരണമെന്നതാണ് ഇവരുടെ വിശ്വാസം. ഇവിടെ കുട്ടന്റെ ആത്മാവിനെ ചെരുപ്പു ധരിപ്പിക്കാന്‍ ഷിന്‍ഗാമിയുടെ ശ്രമം നടക്കുന്നില്ല. ഈ സംഭവങ്ങളാണ് നര്‍മ്മത്തിന്റെയും ഫാന്റസിയുടെയും ഒപ്പം തികഞ്ഞ ത്രില്ലര്‍ മൂഡിലും അവതരിപ്പിക്കുന്നത്. കുട്ടന്‍ എന്ന ആത്മാവായി ജാഫര്‍ ഇടുക്കിയും ഷിനിഗാമിയായി ഇന്ദ്രന്‍സും അഭിനയിക്കുന്നു. അനീഷ് ജി മേനോന്‍, ശ്രീജിത്ത് രവി, സുനില്‍ സുഖദ, അഷറഫ് പിലായ്ക്കല്‍, ഉണ്ണിരാജാ, മുന്‍ഷി രഞ്ജിത്ത്, പ്രിയങ്ക, അഖില, സന എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
◾ രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, വിക്കി കൗശല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഞ്ജയ് ലീല ബന്‍സാലി നിര്‍മ്മിക്കുന്ന ഇതിഹാസ കഥയായ 'ലവ് ആന്റ് വാര്‍' റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം 2026 മാര്‍ച്ച് 20 ന് തിയേറ്ററുകളില്‍ എത്തും. ലവ് ആന്‍ഡ് വാര്‍ ഒരു സ്റ്റുഡിയോ പങ്കാളിയില്ലാതെ സഞ്ജയ് ലീല ബന്‍സാലി തന്നെ നിര്‍മ്മിക്കും. വൈആര്‍എഫ്, റെഡ് ചില്ലീസ് തുടങ്ങിയ സ്റ്റുഡിയോകള്‍ പിന്തുടരുന്ന മോഡല്‍ പിന്തുടര്‍ന്നാണ് ഇത്. ചിത്രം തിയറ്ററുകളിലേക്ക് പോകുന്നതിന് മുമ്പുതന്നെ, അദ്ദേഹം നെറ്റ്ഫ്ലിക്സുമായി ഒരു വലിയ പോസ്റ്റ്-തിയറ്റര്‍ കരാറും സരേഗമയുമായി ഒരു റെക്കോര്‍ഡ് മ്യൂസിക് ഡീലും ഒപ്പുവച്ചുവെന്നാണ് വിവരം. ഒപ്പം താരങ്ങളുമായി പ്രതിഫലത്തിന് പകരം ലാഭം പങ്കിടല്‍ കരാറിലാണ് എസ്എല്‍ബി ഏര്‍പ്പെട്ടിരിക്കുന്നത്.
◾ ബ്രിട്ടീഷ് മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ ട്രയംഫുമായി സഹകരിച്ച് പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ രണ്ട് പുതിയ മോഡലുകള്‍ അവതരിപ്പിച്ചു. ട്രയംഫ് സ്പീഡ് ടി4, എംവൈ 25 സ്പീഡ് 400 എന്നി രണ്ടു മോഡലുകളുടെ ഡെലിവറി ഈ മാസം അവസാനം ആരംഭിക്കും. ട്രയംഫ് സ്പീഡ് ടി4ന് 2.17 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില വരിക. മണിക്കൂറില്‍ പരമാവധി 135 കിലോമീറ്റര്‍ വേഗമാണ് അവകാശപ്പെടുന്നത്. 399 സിസി എന്‍ജിനാണ് വാഹനത്തില്‍ ക്രമീകരിച്ചിരിക്കുന്നത്. ലിക്വിഡ്-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ യൂണിറ്റാണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇത് 7,000 ആര്‍പിഎമ്മില്‍ 30.6 ബ്എച്പി യും 5,000 ആര്‍പിഎമ്മില്‍ 36 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 2,500 ആര്‍പിഎമ്മില്‍ തന്നെ 85% ടോര്‍ക്കും ലഭ്യമാണ്. 6-സ്പീഡ് ഗിയര്‍ബോക്സുമായി വരുന്ന ബൈക്കില്‍ സ്ലിപ്പ് ആന്‍ഡ് അസിസ്റ്റ് ക്ലച്ചാണ് മറ്റൊരു പ്രത്യേകത. ഇത് മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാകും: വെള്ള, ചുവപ്പ്, കറുപ്പ്. എംവൈ 25 സ്പീഡ് 400ന് 2.40 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. റേസിങ് യെല്ലോ, പേള്‍ മെറ്റാലിക് വൈറ്റ്, റേസിങ് റെഡ്, ഫാന്റം ബ്ലാക്ക് എന്നിങ്ങനെ നാല് പുതിയ കളര്‍ ഓപ്ഷനുകളില്‍ എംവൈ 25 സ്പീഡ് 400 ലഭ്യമാകും.
◾ പെരുമാറ്റത്തിന്റെ കാര്യത്തിലും തലച്ചോറിലെ നാഡീവ്യൂഹങ്ങളുടെ പ്രതികരണത്തിന്റെ കാര്യത്തിലും കൂടുതല്‍ പൊരുത്തമുള്ളത് സുഹൃത്തുക്കളേക്കാള്‍ പ്രണയിക്കുന്നവര്‍ തമ്മിലാണെന്ന് ന്യൂറോ ഇമേജില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു. ഈ പൊരുത്തം കൂടുതല്‍ പ്രകടമാകുന്നത് തലച്ചോറിലെ വികാരങ്ങളെയും ധാരണശേഷി പ്രക്രിയകളെയും നിയന്ത്രിക്കുന്ന പ്രീ ഫ്രോണ്ടല്‍ കോര്‍ട്ടെക്‌സിലാണെന്നും പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളായ 25 പ്രണയജോടികളെയും 25 ജോടി അടുത്ത സുഹൃത്തുക്കളെയും പങ്കെടുപ്പിച്ചാണ് പഠനം നടത്തിയത്. വൈകാരികമായ വീഡിയോ ക്ലിപ്പുകള്‍ കാണുമ്പോള്‍ ഇവരുടെ തലച്ചോറിലുണ്ടാകുന്ന പ്രതികരണം ഇഇജി ഹൈപ്പര്‍സ്‌കാനിങ് ഉപയോഗിച്ച് രേഖപ്പെടുത്തി. രണ്ട് പേരുടെ തലച്ചോറില്‍ നിന്നുള്ള സിഗ്നലുകള്‍ ഒരേ സമയം റെക്കോര്‍ഡ് ചെയ്യുന്ന സംവിധാനമാണ് ഇഇജി ഹൈപ്പര്‍സ്‌കാനിങ്. ഇതില്‍ നിന്ന് തലച്ചോറിലെ നാഡീവ്യൂഹപരമായ പൊരുത്തം കൂടുതല്‍ പ്രണയിനികളിലാണ് ദൃശ്യമാകുന്നതെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു. സങ്കടം, ദേഷ്യം പോലുള്ള നെഗറ്റീവ് വികാരങ്ങളാണ് പ്രണയജോടികള്‍ക്കിടയില്‍ കൂടുതല്‍ ശക്തമായ പൊരുത്തമുണ്ടാക്കുന്നതെന്നും പഠനത്തില്‍ കണ്ടെത്തി. പ്രണയബന്ധങ്ങള്‍ക്കിടയില്‍ ശക്തമായ വൈകാരിക ബന്ധം സ്ഥാപിക്കുന്നതില്‍ നെഗറ്റീവ് വികാരങ്ങള്‍ മുഖ്യ സ്ഥാനം വഹിക്കുന്നതായുള്ള മുന്‍ പഠനങ്ങളെ ശരിവയ്ക്കുന്നതാണ് ഈ കണ്ടെത്തല്‍. സൗഹൃദങ്ങളില്‍ നിന്ന് വ്യത്യസ്തമായി തനതായ ഒരു നാഡീവ്യൂഹ അടയാളം തലച്ചോറില്‍ അവശേഷിപ്പിക്കാന്‍ പ്രണയത്തിന് സാധിക്കുന്നതായും പഠനറിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.
➖➖➖➖➖➖➖➖
0 Comments