പ്രഭാത വാർത്തകൾ
2024 | സെപ്റ്റംബർ 2 | തിങ്കൾ |
1200 | ചിങ്ങം 17 | മകം
1446 | സഫർ | 27.
➖➖➖➖➖➖➖➖
◾ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ അതി രൂക്ഷ വിമര്‍ശനവുമായി രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു. സ്ത്രീകളെ അപമാനിച്ചവര്‍ മാന്യന്മാരായി സമൂഹത്തില്‍ വിലസുന്നുവെന്നും ഇത് ഏറ്റവും ദുഖകരമായ കാര്യമാണെന്നും രാഷ്ട്രപതി പറഞ്ഞു. മറുവശത്ത് ഇരകള്‍ കുറ്റവാളികളെ പോലെ ഭയന്ന് ജീവിക്കുന്നു. ഈ സാഹചര്യം മാറണമെന്നും അതിനായി സര്‍ക്കാരും നിയമ സംവിധാനവും പൊലീസും ഒന്നിച്ച് നീങ്ങണമെന്നും ദ്രൗപദി മുര്‍മ്മു ആവശ്യപ്പെട്ടു. പല കേസുകളിലും ഈ സാഹചര്യം കാണുന്നുണ്ടെന്നും ഒരു കേസിലും നീതി വൈകരുതെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.
◾ വിദ്വേഷം രാഷ്ട്രീയ ആയുധമാക്കി അധികാരത്തിന്റെ പടവുകള്‍ കയറിയവര്‍ തുടര്‍ച്ചയായി രാജ്യത്തുടനീളം ഭീതിയുടെ വാഴ്ചയാണ് സ്ഥാപിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബി.ജെ.പി സര്‍ക്കാരില്‍ നിന്ന് ഈ കുബുദ്ധികള്‍ക്ക് സ്വതന്ത്രമായ കൈത്താങ്ങ് കിട്ടിയത് കൊണ്ടാണ്, അതിനുള്ള ധൈര്യം അവര്‍ വളര്‍ത്തിയെടുത്തത്. ന്യൂനപക്ഷങ്ങള്‍ക്ക്, പ്രത്യേകിച്ച് മുസ്ലീങ്ങള്‍ക്ക് നേരെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ തുടരുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിശബ്ദ കാഴ്ചക്കാരായി നോക്കിനില്‍ക്കുകയാണ്. ഇന്ത്യയുടെ സാമുദായിക ഐക്യത്തിനും ഇന്ത്യയിലെ ജനങ്ങളുടെ അവകാശങ്ങള്‍ക്കും നേരെയുള്ള ഏതൊരു ആക്രമണവും ഭരണഘടനയ്‌ക്കെതിരായ ആക്രമണമാണെന്നും ബിജെപി എത്ര ശ്രമിച്ചാലും, എന്ത് വില കൊടുത്തും വിദ്വേഷത്തിനെതിരെ ഇന്ത്യയെ ഒന്നിപ്പിക്കുന്ന ഈ ചരിത്രപരമായ പോരാട്ടത്തില്‍ നമ്മള്‍ വിജയിക്കുമെന്നും രാഹുല്‍ എക്സില്‍ കുറിച്ചു. ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ താനെയില്‍ 72-കാരനെയും ഹരിയാണയിലെ ന്യൂനപക്ഷസമുദായത്തില്‍പ്പെട്ട യുവാവിനെതിരെയുമുണ്ടായ ആള്‍ക്കൂട്ട ആക്രമണങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് രാഹുലിന്റെ കുറിപ്പ്.
◾ സംസ്ഥാന പൊലീസിലെ എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ ഗുരുതര ആരോപണവുമായി പിവഅന്‍വര്‍ എംഎല്‍എ. എം ആര്‍ അജിത് കുമാര്‍ ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും നൊട്ടോറിയസ് ക്രിമിനലാണെന്നും അധോലോക ഭീകരന്‍ ദാവൂദ് ഇബ്രാഹിമിനെ അദ്ദേഹം മാതൃകയാക്കുന്നുവെന്നും പിവി അന്‍വര്‍ പറഞ്ഞു. കൂടാതെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി പരാജയമാണെന്നും മുഖ്യമന്ത്രി ഇവരെ ഏല്‍പ്പിച്ച ചുമതലകള്‍ അവര്‍ കൃത്യമായി ചെയ്തില്ലെന്നും പിവി അന്‍വര്‍ കുറ്റപ്പെടുത്തി.
◾ എ.ഡി.ജി.പി. എം.ആര്‍ അജിത് കുമാറിനെതിരായ ആരോപണങ്ങളില്‍ ഡി.ജി.പി.യോട് റിപ്പോര്‍ട്ട് തേടി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന് പിന്നാലെ ഐ.പി.എസ് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു. യോഗത്തില്‍ മുഖ്യമന്ത്രിക്ക് നല്‍കേണ്ട റിപ്പോര്‍ട്ടിനെക്കുറിച്ച് ചര്‍ച്ച നടന്നതായാണ് സൂചന.
◾ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കും എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ പി വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയെന്നാണ് വിശ്വസിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രതിപക്ഷം മുമ്പ് ഉന്നയിച്ച ആരോപണങ്ങളാണിതെന്നും മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍ പിണറായി വിജയന് യോഗ്യതയില്ലെന്നും മുഖ്യമന്ത്രി സ്വയം രാജി വെക്കണമെന്നും ആരോപണവിധേയരായ മുഴുവന്‍ ഉദ്യോഗസ്ഥരെയും സസ്പെന്‍ഡ് ചെയ്യണമെന്നും വി ഡി സതീശന്‍ പറഞ്ഞു.
◾ പി വി അന്‍വര്‍ എം.എല്‍എ ഉന്നയിച്ച ആരോപണത്തില്‍ നിഷ്പക്ഷവും സത്യസന്ധവുമായ അന്വേഷണം നടത്തണമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി ആവശ്യപ്പെട്ടു. ഫോണ്‍ചോര്‍ത്തല്‍, കൊലപാതകം, സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുമായുള്ള ബന്ധം ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് എ ഡി ജി പിക്കെതിരെ എം എല്‍ എ ഉന്നയിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.
◾ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ എംഎല്‍എ പിവി അന്‍വര്‍ ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രി തന്നെ ഇതിന് മറുപടി പറയണം. എഡിജിപി എംആര്‍ അജിത് കുമാര്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തനാണ്. എഡിജിപി മന്ത്രിമാരുടെ ഫോണ്‍ ചോര്‍ത്തുന്നുവെന്നാണ് പിവി അന്‍വര്‍ പറഞ്ഞിരിക്കുന്നത്. മുഖ്യമന്ത്രിക്ക് വേണ്ടിയാണോ ഫോണ്‍ ചോര്‍ത്തുന്നതെന്നു മുഖ്യമന്ത്രി തന്നെ വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
◾ പി വി അന്‍വര്‍ എസ് പി ഓഫീസിന് മുന്നില്‍ നടത്തിയ സമരത്തിലും പുറത്തുവന്ന വിവാദ ഓഡിയോയിലും കടുത്ത അതൃപ്തിയില്‍ സിപിഎം. സിപിഎം മുന്നറിയിപ്പുകള്‍ പരസ്യമായി തള്ളിക്കൊണ്ടുള്ള പിവി അന്‍വറിന്റെ ഗുരുതര ആരോപണങ്ങളില്‍ ആഭ്യന്തരവകുപ്പും പാര്‍ട്ടിയും കടുത്ത സമ്മര്‍ദ്ദത്തിലായി. ആഭ്യന്തരവകുപ്പ് പൂര്‍ണ്ണ പരാജയമാണെന്നാണ് അജിത് കുമാറിനും പി ശശിക്കുമെതിരായ ആരോപണങ്ങളിലൂടെ എംഎല്‍എ വിമര്‍ശിക്കുന്നത്.
◾ എം എല്‍ എ പി വി അന്‍വറിന്റെ ആരോപണങ്ങളുടെ ഗൗരവം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പാര്‍ട്ടിയാണ് സിപിഎമ്മെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എഡിജിപി മന്ത്രിമാരുടെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന ആരോപണം ഗൗരവതരമാണെന്നും, ആരോപണങ്ങളുടെ ഗൗരവം ഉള്‍ക്കൊള്ളാനുള്ള കെല്‍പ്പ് സിപിഎമ്മിനുണ്ടെന്നെന്നും പറഞ്ഞ ബിനോയ് വിശ്വം, എല്‍ഡിഎഫില്‍ പറയേണ്ടത് അവിടെ പറയുമെന്നും കൂട്ടിച്ചേര്‍ത്തു.
◾ അന്‍വറിന്റേത് ഭീതിപ്പെടുത്തുന്ന വെളിപ്പെടുത്തലാണെന്നും ഗൗരവതരമായ ആരോപണങ്ങളാണെന്നും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പറഞ്ഞു. എഡിജിപി അജിത് കുമാറിനെ സര്‍വീസില്‍ നിന്നും നീക്കണം. എഡിജിപി പൂരം കലക്കിയെന്ന് ഭരണപക്ഷ എംഎല്‍എ തന്നെ സമ്മതിച്ചുവെന്നും മുരളീധരന്‍ പറഞ്ഞു.
◾ എല്‍ ഡി എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും ഇ പി ജയരാജനെ മാറ്റിയ സി പി എം നടപടിയില്‍ പ്രതികരിച്ച് കേരളത്തിലെ ബി ജെ പിയുടെ ചുമതലയുള്ള പ്രകാശ് ജാവദേക്കര്‍. തന്നെ കണ്ടതാണ് ഇ പിയെ സ്ഥാനത്ത് നിന്ന് നീക്കാന്‍ കാരണമെന്നത് അത്ഭുതപ്പെടുത്തിയെന്നാണ് എക്സിലൂടെ ജാവദേക്കര്‍ പ്രതികരിച്ചത്. സി പി എം നടപടി ഏകാധിപത്യ മനോഭാവത്തിന്റെയും തൊട്ടുകൂടായ്മയുടെയും അസഹിഷ്ണുതയുടെയും തെളിവെന്നും ജാവദേക്കര്‍ അഭിപ്രായപ്പെട്ടു.
◾ ഹര്‍ജിയില്‍ തീര്‍പ്പാകും വരെ അറസ്റ്റ് തടയണമെന്ന ആവശ്യവുമായി നടന്‍ സിദ്ദിഖ് മുന്‍കൂര്‍ ജാമ്യം തേടി ഇന്ന് കോടതിയെ സമീപിക്കും. അതേസമയം, ആലുവ സ്വദേശിനിയായ നടിയുടെ പരാതിയില്‍ പ്രതികളായ നടന്‍ മുകേഷിന്റെയും അഭിഭാഷകന്‍ വി എസ് ചന്ദ്രശേഖരന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. ഇരുവര്‍ക്കും ജാമ്യം നല്‍കരുതെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്.
◾ സിദ്ദിഖിനെതിരായ ലൈംഗികാതിക്രമ കേസില്‍ പരാതിക്കാരിയുമൊത്ത് തെളിവെടുപ്പ് നടത്തി പോലീസ്. തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലിലെത്തിയായിരുന്നു തെളിവെടുപ്പ്. സിദ്ദിഖ് താമസിച്ച മുറി പരാതിക്കാരി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കാണിച്ചുകൊടുത്തു.
◾ സംവിധായകന്‍ രഞ്ജിത്തിനെതിരെ ബംഗാളി നടി നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ തെളിവെടുപ്പ്. സംഭവദിവസം നടി താമസിച്ച എറണാകുളം കതൃക്കടവിലെ ഹോട്ടലിലാണ് തെളിവെടുപ്പ്. നടിയുടെ സുഹൃത്തും ഡോക്യുമെന്ററി സംവിധായകനുമായ കേസിലെ പ്രധാന സാക്ഷി ജോഷി ജോസഫിനെയും എത്തിച്ചാണ് തെളിവെടുപ്പ് നടന്നത്.
◾ ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ നടപടികളൊന്നും കൈക്കൊള്ളാത്തതില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ. റിപ്പോര്‍ട്ടില്‍ സി.പി.എം. നേതാക്കള്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തൊക്കയോ മറച്ചുവെക്കുന്നുണ്ടെന്നും അദ്ദേഹം പാലക്കാട്ട് ആരോപിച്ചു.
◾ ലൈംഗികാതിക്രമം പോലെ തന്നെ ഗൗരവുള്ളതാണ് തൊഴിലിടത്തെ ലിംഗ വിവേചനമെന്നും സിനിമയിലെ വനിതകളുടെ സംഘടനയായ ഡബ്ല്യുസിസി. മലയാള സിനിമാ മേഖലയില്‍ മാറ്റങ്ങള്‍ അനിവാര്യമാണെന്നും സിനിമ വ്യവസായത്തെ ഒരുമിച്ച് പുനര്‍നിര്‍മിക്കാമെന്നും ഡബ്ലൂസിസി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
◾ ചൂഷണങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവരെ മാറ്റി നിര്‍ത്തുന്ന പുരുഷാധിപത്യ സമീപനമാണ് മലയാള സിനിമാമേഖലയിലുളളതെന്ന് നടി വിന്‍സി അലോഷ്യസ് ആരോപിച്ചു. തെറ്റായ കാര്യങ്ങള്‍ ചോദ്യം ചെയ്യുന്നവര്‍ക്കെതിരെ ഗോസിപ്പുകള്‍ പറഞ്ഞു പരത്തും. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരുടെ നേതൃത്വത്തിലാണ് ഇതുണ്ടാകുന്നതെന്നും വിന്‍സി വ്യക്തമാക്കി.
◾ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സിനിമാ മേഖലയിലുണ്ടായ വെളിപ്പെടുത്തലുകളില്‍ പരാതി ഉന്നയിക്കുന്നവരുടെ കൂടെ നില്‍ക്കുകയാണ് വേണ്ടതെന്ന് സംവിധായകന്‍ ജിയോ ബേബി. മലയാള സിനിമാ മേഖലയില്‍ ഇത് വലിയ മാറ്റത്തിന് കാരണമാവും. മാറ്റം കൊണ്ടുവരുന്നത് ഡബ്ല്യുസിസിയാണ്. പെണ്ണുങ്ങളാണ് എന്നുള്ളത് ചരിത്രത്തില്‍ ഓര്‍മ്മിക്കപ്പെടുമെന്നും ജിയോ ബേബി കൂട്ടിച്ചേര്‍ത്തു.
◾ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന നിര്‍ദേശങ്ങളെയും പരിഹാരങ്ങളെയും സര്‍വ്വാത്മനാ സ്വാഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്ന കുറിപ്പുമായി നടന്‍ മമ്മൂട്ടി. സിനിമയില്‍ ഒരു ശക്തികേന്ദ്രവുമില്ലെന്നും അങ്ങനെയൊന്നിന് നിലനില്ക്കാന്‍ പറ്റുന്ന രംഗവുമല്ല സിനിമയെന്നും അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ പ്രായോഗികമായ ശുപാര്‍ശകള്‍ നടപ്പാക്കണമെന്നും അതിന് നിയമതടസ്സങ്ങളുണ്ടെങ്കില്‍ ആവശ്യമായ നിയമനിര്‍മാണം നടത്തണമെന്നും അഭ്യര്‍ഥിക്കുന്നുവന്നും ആത്യന്തികമായി സിനിമ നിലനില്‍ക്കണമെന്നും അദ്ദേഹത്തിന്റെ കുറിപ്പിലുണ്ട്.
◾ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മുഴുവന്‍ കാര്യങ്ങളും വസ്തുതാപരമായി ശരിയല്ലെന്ന് സംവിധായന്‍ ബി ഉണ്ണികൃഷ്ണന്‍. എന്നാല്‍ സിനിമ മേഖല പവിത്രമായതാണെന്ന മിഥ്യാബോധം ഫെഫ്കയ്ക്കില്ലെന്നും, ഹേമ റിപ്പോര്‍ട്ടിലെ പേരുകള്‍ പുറത്തുവരണം എന്നാണ് ഫെഫ്കയുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
◾ താരസംഘടന അമ്മയുടെ ഓഫീസില്‍ വീണ്ടും പൊലീസ് പരിശോധന. പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരാണ് ഓഫീസിലെത്തി പരിശോധന നടത്തിയത്. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ശേഖരിക്കാനായിരുന്നു പരിശോധനയെന്ന് പൊലീസ് പറയുന്നു. ഇടവേള ബാബുവിനെതിരായ കേസ് അന്വേഷിക്കുന്ന സംഘമാണ് അമ്മയുടെ ഓഫീസില്‍ എത്തിയത്. സംഘടനയിലെ അംഗത്വവുമായി ബന്ധപ്പെട്ടും ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുമുള്ള രേഖകളില്‍ വ്യക്തത വരുത്താനായിരുന്നു പരിശോധന.
◾ കൊച്ചി - ബംഗളൂരു വ്യവസായ ഇടനാഴി പദ്ധതിയുടെ ഭാഗമായ പാലക്കാട് ഇന്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിന് അനുമതി ലഭിച്ചതോടെ അതിവേഗം തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി പി രാജീവ് . പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചു.
◾ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ (കാസ്പ്) വ്യാജമായി പേര് ചേര്‍ക്കുന്നവര്‍ക്കെതിരെയും വ്യാജ കാര്‍ഡുണ്ടാക്കി വിതരണം നടത്തുന്നവര്‍ക്കെതിരേയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇത്തരം കാര്‍ഡുകള്‍ ഉപയോഗിച്ചാല്‍ ചികിത്സാ ആനുകൂല്യം ലഭിക്കില്ല. സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയിലൂടെ സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതിയാണ് കാസ്‌പെന്നും മന്ത്രി പറഞ്ഞു.
◾ പാലക്കാട്ടെ ബിജെപി പരിപാടിയില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് വിട്ട മുന്‍ എംഎല്‍എ എവി ഗോപിനാഥും. ബിജെപി അധ്യക്ഷന്‍ ജെ.പി നദ്ദ പൗരപ്രമുഖരുമായി നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് എ വി ഗോപിനാഥ് എത്തിയത്. വികസനത്തില്‍ രാഷ്ട്രീയമില്ലെന്നും കര്‍ഷകരുടെ പ്രശ്നം ഉന്നയിക്കാനാണ് എത്തിയതെന്നും എവി ഗോപിനാഥ് പ്രതികരിച്ചു.
◾ മുന്‍ എ ഐ സി സി അംഗം സിമി റോസ് ബെല്‍ ജോണിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. മറ്റു നേതാക്കളുടെ പിന്തുണ ഉണ്ടായിട്ടും പാര്‍ട്ടി ഭാരവാഹിത്വത്തിലേക്ക് വരാന്‍ വി.ഡി.സതീശന്‍ അനുവദിക്കുന്നില്ല എന്ന ആരോപണമാണ് കഴിഞ്ഞ ദിവസം സിമി സ്വകാര്യ ടി വി ചാനലിലൂടെ ഉന്നയിച്ചത്. കോണ്‍ഗ്രസിലെ വനിതാ നേതാക്കളെയടക്കം അധിക്ഷേപിച്ച സിമി റോസ് ബെല്‍ ജോണിനെ, പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി പുറത്താക്കിയതായി കെ പി സി സി ജനറല്‍ സെക്രട്ടറി എം ലിജുവാണ് അറിയിച്ചത്.
◾ പാര്‍ട്ടിയില്‍ നിന്ന് തന്നെ പുറത്താക്കിയതിനു പിന്നിലെ കാരണം വിശദീകരിക്കണമെന്ന് സിമി റോസ് ബെല്‍ ജോണ്‍. അന്തസ്സും ആഭിജാത്യവുമുള്ള സ്ത്രീകള്‍ക്ക് കേരളത്തിലെ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ പറ്റില്ലെന്നും ലതിക സുഭാഷ്, പദ്മജ എന്നിവരെ അപമാനിച്ചു വിട്ടതാണെന്നും സിമി റോസ് ബെല്‍ ജോണ്‍ പറഞ്ഞു.
◾ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ സിമിയുടെ ആരോപണം പാര്‍ട്ടിയിലെ വിവിധ സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് അപമാനകരമാണെന്നും അത് അവര്‍ ചെയ്യരുതായിരുന്നുവെന്നും മുഴുവന്‍ സ്ത്രീകളെയും അപമാനിക്കുന്നതിനു തുല്യമാണതെന്നും വിഡി.സതീശന്‍. ഒരാള്‍ക്കു കിട്ടിയില്ലെന്നു കരുതി സ്ഥാനം കിട്ടിയവരെല്ലാം മോശമായ വഴിയിലൂടെയാണ് വന്നതെന്നു പറയുന്നത് ശരിയല്ലെന്നും സതീശന്‍ വ്യക്തമാക്കി.
◾ കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമങ്ങള്‍ ലംഘിച്ച് ചെറുമത്സ്യങ്ങള്‍ പിടിച്ച മത്സ്യബന്ധന ബോട്ട് ഫിഷറീസ് മറൈന്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ പിടികൂടി. അധികൃതരുടെ മുന്നറിയിപ്പ് വകവെക്കാതെ അനധികൃത മത്സ്യബന്ധനം നടത്തിയ എറണാകുളം സ്വദേശി അഷ്‌കറിന്റെ ഉടമസ്ഥതയിലുള്ള സിത്താര ബോട്ടാണ് പിടിച്ചെടുത്തത്.
◾ വാണിജ്യ പാചക വാതക സിലിണ്ടറുകള്‍ക്ക് വില വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടറുകള്‍ക്ക് 39 രൂപയാണ് വര്‍ധിപ്പിച്ചത്. പുതിയ വില ഇന്നുമുതല്‍ നിലവില്‍ വരും. ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.
◾ പോത്തുകല്ല് മേഖലയില്‍ ചാലിയാറില്‍നിന്ന് ശരീരഭാഗം കണ്ടെത്തി. മലിനജലം കയറിയ കിണറുകള്‍ വൃത്തിയാക്കുന്നതിനിടെ ട്രോമാ കെയര്‍ പ്രവര്‍ത്തകരാണ് പുഴയോരത്ത് ശരീരഭാഗം കണ്ടെത്തിയത്. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായ വ്യക്തിയുടേതാണ് ശരീരഭാഗമെന്നാണ് കരുതുന്നത്. പോലീസെത്തി ശരീരഭാഗം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
◾ അട്ടപ്പാടി വനമേഖലയില്‍ എക്സൈസ് നടത്തിയ റെയ്ഡില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി നശിപ്പിച്ചു. വനം വകുപ്പിന്റെ സഹായത്തോടെ അഗളി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ഷൌക്കത്തലിയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ 395 കഞ്ചാവ് ചെടികളാണ് കണ്ടെടുത്തത്. സംഭവത്തില്‍ എക്സൈസും വനംവകുപ്പും അന്വേഷണം ആരംഭിച്ചു.
◾ വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന്റെ സൃഷ്ടാക്കളും പ്രചാരകരുമായ കുറ്റവാളികളെയും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വേട്ടക്കാരെയും സംരക്ഷിക്കുന്നെന്ന് ആരോപിച്ച് ഇന്ന് യുഡിഎഫ് പ്രതിഷേധം. പിണറായി സര്‍ക്കാരിന്റെ നടപടികളില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലാണ് പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നതെന്ന് യുഡിഎഫ് അറിയിച്ചു.
◾ ജഡ്ജി നിയമന പട്ടികയില്‍ തങ്ങളെ പരിഗണിക്കാന്‍ കേരള ഹൈക്കോടതി കൊളീജിയത്തോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ മുതിര്‍ന്ന രണ്ട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജിമാര്‍ സുപ്രീം കോടതിയെ സമീപിച്ചു. തൃശൂര്‍ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി സൈദലവി പി.പി., തലശ്ശേരി പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദ് എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇരുവരും ഫയല്‍ചെയ്ത റിട്ട് ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി ലിസ്റ്റ് ചെയ്തു.
◾ സംസ്ഥാനത്ത് ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഇന്ന് മഞ്ഞ അലര്‍ട്ട്. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ മത്സ്യ ബന്ധനത്തിന് പോകുവാന്‍ പാടുള്ളതല്ല എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
◾ മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. വെടിവെയ്പ്പിലും സ്‌ഫോടനത്തിലുമായി സ്ത്രീ ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കുണ്ട്. മെയ്തേയ്ക്ക് ആധിപത്യമുള്ള ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ കുട്രുക്, കടങ്ബന്ദ് ഗ്രാമങ്ങളിലാണ് സംഘര്‍ഷമുണ്ടായത്. സായുധരായ കുക്കി വിഭാഗമാണ് ആക്രമണം നടത്തിയതെന്നും ഡ്രോണുകളില്‍ നിന്ന് ബോംബുകളിട്ടെന്നും പൊലീസ് പറയുന്നു.
◾ ആന്ധ്രാപ്രദേശില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സുരക്ഷ മുന്‍നിര്‍ത്തി നിരവധി ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വെ അറിയിച്ചു. കേരളത്തിലൂടെ ഓടുന്നവയില്‍ ശബരി എക്സ്പ്രസാണ് പൂര്‍ണമായി റദ്ദാക്കിയത്. കേരള എക്സ്പ്രസ് ഉള്‍പ്പെടെ ഏതാനും ട്രെയിനുകള്‍ വഴിതിരിച്ചു വിടുകയും ചെയ്തിട്ടുണ്ട്.
◾ മലയാള സിനിമയിലെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് അറിയില്ലെന്ന് തെന്നിന്ത്യന്‍ സൂപ്പര്‍താരം രജനികാന്ത്. തമിഴ് സിനിമയിലും ഹേമ കമ്മിറ്റി മാതൃകയില്‍ സമിതി വേണോ എന്ന ചോദ്യത്തിന് തനിക്ക് അറിയില്ലെന്നായിരുന്നു രജനി കാന്തിന്റെ പ്രതികരണം.
◾ മാധ്യമപ്രവര്‍ത്തകരും തമിഴ് നടന്‍ ജീവയും തമ്മില്‍ വാക്കേറ്റം. തെന്നിന്ത്യന്‍ താരം രാധികയുടെ വെളിപ്പെടുത്തലിനെ കുറിച്ചുള്ള ചോദ്യങ്ങളിലാണ് താരം ക്ഷുഭിതനായത്. തമിഴ് സിനിമയില്‍ ഒരു പ്രശ്നവും ഇല്ലെന്നും പ്രശ്നങ്ങള്‍ മലയാള സിനിമയില്‍ മാത്രമാണെന്നും ജീവ മാധ്യമങ്ങളോട് പ്രതികരിച്ചു.
◾ 2025 മുതല്‍ രാജ്യത്തെ നിരത്തുകളില്‍ അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ബസുകള്‍ മാത്രമേ അനുവദിക്കൂ എന്ന് വ്യക്തമാക്കി റോഡ് ഗതഗാതമന്ത്രി നിതിന്‍ ഗഡ്കരി. ബസുകളുടെ നിര്‍മാണത്തില്‍ പഴയ രീതി മാറ്റാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
◾ മൂന്ന് പുതിയ വന്ദേഭാരത് ട്രെയിനുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. മീററ്റ് - ലക്നൗ, മധുര - ബെംഗളൂരു, ചെന്നൈ - നാഗര്‍കോവില്‍ എന്നീ റൂട്ടുകളിലാണ് പുതിയ വന്ദേഭാരത് ട്രെയിനുകള്‍ ഓടുക. പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍ ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, കര്‍ണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ യാത്രക്കാര്‍ക്ക് ഏറെ പ്രയോജനകരമായിരിക്കുമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു.
◾ കൊല്‍കത്തയിലെ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കാനുള്ള നീക്കവുമായി ബംഗാള്‍ സര്‍ക്കാര്‍. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നീക്കത്തില്‍ കടുത്ത അതൃപ്തി അറിയിച്ച് വനിത ശിശുക്ഷേമ മന്ത്രി അന്നപൂര്‍ണാ ദേവി ബംഗാള്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. പ്രക്ഷോഭം ശക്തമായപ്പോള്‍ ശ്രദ്ധ തിരിക്കാനുള്ള മമതയുടെ അടവാണിതെന്നാണ് ബിജെപിയുടെ വിമര്‍ശനം. ഫാസ്റ്റ് ട്രാക്ക് കോടതികളെ നോക്കുകുത്തികളാക്കിയെന്നും മന്ത്രി അന്നപൂര്‍ണ്ണ ദേവി ബംഗാള്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ കുറ്റപ്പെടുത്തി.
◾ പശ്ചിമ ബംഗാളില്‍ ബലാത്സംഗ കേസ് പ്രതികള്‍ക്ക് വേഗത്തില്‍ വധശിക്ഷ ഉറപ്പാക്കുന്ന നിയമ നിര്‍മ്മാണത്തിനായി പ്രത്യേക നിയമസഭാ സമ്മേളനം ഇന്നും നാളെയും ചേരും. ബില്ലിന്റെ കരട് തയാറാക്കുന്നതിനായി മന്ത്രിമാരുള്‍പ്പെട്ട പ്രത്യേക സമിതിയെ നേരത്തെ രൂപീകരിച്ചിരുന്നു. ബില്‍ പാസാക്കി ഗവര്‍ണര്‍ക്ക് അയക്കുമെന്നും, ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ രാജ്ഭവന് മുന്നില്‍ സമരമിരിക്കുമെന്നുമാണ് മമത അറിയിച്ചത്.
◾ സൗദി അറേബ്യയില്‍ ചൈനീസ് ഭാഷാപഠനം പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി. രാജ്യത്തെ പൊതുവിദ്യാലയങ്ങളില്‍ ചൈനീസ് ഭാഷ പഠിപ്പിക്കാന്‍ പുതിയ അധ്യയനവാര്‍ഷാരംഭത്തില്‍ ഒരു കൂട്ടം അധ്യാപകര്‍ ചൈനയില്‍നിന്ന് സൗദിയിലെത്തി. വനിതകളും പുരുഷന്മാരും ഉള്‍പ്പെട്ട അധ്യാപകര്‍ക്ക് തബൂക്ക് വിദ്യാഭ്യാസ കാര്യാലയമാണ് സ്വീകരണം ഒരുക്കിയത്.
◾ ഗാസയില്‍ പോളിയോ വാക്സിനേഷന്‍ യജ്ഞത്തിന് തുടക്കം. ആറ് ലക്ഷത്തി നാല്‍പതിനായിരം കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കും. 12 ലക്ഷത്തിലേറെ ഡോസ് വാക്സിന്‍ ഇതിനകം എത്തിച്ചെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. വാക്സിനേഷനായി ദിവസവും 8 മണിക്കൂര്‍ നേരത്തേക്ക് വെടിനിര്‍ത്താന്‍ ധാരണയായി. 25 വര്‍ഷത്തിന് ശേഷം ഗാസയില്‍ പോളിയോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് വലിയ ആശങ്കക്കിടയാക്കിയിരുന്നു.
◾ ക്രിക്കറ്റ് ക്ലബ്ബ് കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ നിയമനടപടിക്ക് ഒരുങ്ങി ആടുജീവിതം നിര്‍മ്മാതാക്കള്‍. സിനിമയ്ക്ക് വേണ്ടി എ ആര്‍ റഹ്‌മാന്‍ ഒരുക്കിയ പാട്ട് എഡിറ്റ് ചെയ്ത് ക്ലബ്ബ് ഉപയോഗിച്ചുവെന്നതാണ് പരാതി.
◾ ഓഹരി വിപണിയിലെ പത്തു മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ 1.53 ലക്ഷം കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. എയര്‍ടെല്‍, ഇന്‍ഫോസിസ്, ടിസിഎസ് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. വെള്ളിയാഴ്ച 82,365 എന്ന സര്‍വകാല റെക്കോര്‍ഡിലാണ് സെന്‍സെക്‌സ് ക്ലോസ് ചെയ്തത്. കഴിഞ്ഞയാഴ്ച ഭാരതി എയര്‍ടെലിന്റെ മാത്രം വിപണി മൂല്യത്തില്‍ 47,194 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ മൊത്തം വിപണി മൂല്യം 9,04,587 കോടിയായി ഉയര്‍ന്നു. ഇന്‍ഫോസിസിന്റെ വിപണി മൂല്യം 8,06,880 കോടിയായാണ് ഉയര്‍ന്നത്. കഴിഞ്ഞയാഴ്ച വിപണി മൂല്യത്തില്‍ 33,611 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ടിസിഎസ് 31,784 കോടി, ഐസിഐസിഐ ബാങ്ക് 18,734 കോടി, റിലയന്‍സ് 13,396 കോടി, എച്ച്ഡിഎഫ്‌സി ബാങ്ക് 5600 എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന. അതേസമയം ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ വിപണി മൂല്യത്തില്‍ ഇടിവ് നേരിട്ടു. 8411 കോടിയുടെ ഇടിവോടെ വിപണി മൂല്യം 6,52,739 കോടിയായി താഴ്ന്നു.
◾ പ്രശസ്ത തമിഴ് നായികാ താരം പ്രീതി മുകുന്ദന്‍ മലയാളത്തിലേക്ക്. സ്പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താന്‍ നിര്‍മ്മിച്ച് നവാഗതനായ ഫൈസല്‍ ഫസിലുദ്ദീന്‍ സംവിധാനം ചെയ്യുന്ന 'മേനേ പ്യാര്‍ കിയ' എന്ന ചിത്രത്തില്‍ നായികയായി പ്രീതി മുകുന്ദന്‍ അരങ്ങേറ്റം കുറിക്കുന്നു. ചിത്രത്തിന്റെ എഐ ഫസ്റ്റ് ലുക്ക് പോസ്റ്റും ഇറങ്ങി. സ്റ്റാര്‍ എന്ന തമിഴ് ചിത്രത്തിലെ നായികാ വേഷത്തിലൂടെയും 'ആസൈ കൂടൈ' എന്ന സൂപ്പര്‍ ഹിറ്റ് മ്യൂസിക് വീഡിയോയിലെ പ്രകടനത്തിലൂടെയും ശ്രദ്ധ നേടിയ താരമാണ് പ്രീതി മുകുന്ദന്‍. മികച്ച വിജയം നേടിയ 'മന്ദാകിനി' എന്ന റൊമാന്റിക് കോമഡി ചിത്രത്തിന് ശേഷം' സ്പൈര്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന 'മേനേ പ്യാര്‍ കിയ' ഒരു റൊമാന്റിക് കോമഡി ത്രില്ലറാണ്.
◾ ജൂനിയര്‍ എന്‍ടിആര്‍ നായകനായി വരാനിരിക്കുന്ന ചിത്രം 'ദേവര'യുടെ അമേരിക്കയിലെ പ്രീ സെയില്‍ ബുക്കിംഗ് കളക്ഷന്‍ അമ്പരപ്പിക്കുന്നതാണെന്നാണ് റിപ്പോര്‍ട്ട്. കുറച്ച് ഷോകളിലേക്കാണ് ബുക്കിംഗ് തുടങ്ങിയിരിക്കുന്നത്. എന്നിട്ടും ഏകദേശം 83 ലക്ഷം ചിത്രത്തിന് മുന്‍കൂറായി നേടാനായി എന്നാണ് റിപ്പോര്‍ട്ട്. ദേവരയുടെ റിലീസ് സെപ്തംബര്‍ 27നാണ്. കൊരടാല ശിവ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിലെ 'ദാവുഡി' എന്ന ഒരു ഗാനമാണ് ഇനി പുറത്തുവിടുക എന്ന അപ്ഡേറ്റും എത്തി. ശേഖര്‍ മാസ്റ്ററാണ് കൊറിയോഗ്രാഫി നിര്‍വഹിക്കുന്നത്. ജൂനിയര്‍ എന്‍ടിആറിന്റെ ദേവര എന്ന ചിത്രത്തില്‍ ജാന്‍വി കപൂര്‍ നായികയാകുമ്പോള്‍ മറ്റ് കഥാപാത്രങ്ങളായി സെയ്ഫ് അലി ഖാന്‍, പ്രകാശ് രാജ്, ശ്രീകാന്ത്, ഷൈന്‍ ടോം ചാക്കോ, നരേന്‍, കലൈയരശന്‍, അജയ്, അഭിമന്യു സിംഗ് എന്നിവരുമുണ്ടാകും.
◾ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350ന്റെ പുതുക്കിയ 2024 പതിപ്പ് പുറത്തിറക്കി. ഹെറിറ്റേജ്, ഹെറിറ്റേജ് പ്രീമിയം, സിഗ്‌നലുകള്‍, ഡാര്‍ക്ക്, ക്രോം എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. ജോധ്പൂര്‍ ബ്ലൂ, മദ്രാസ് റെഡ്, എമറാള്‍ഡ്, കമാന്‍ഡോ സാന്‍ഡ്, ബ്രൗണ്‍, സ്റ്റെല്‍ത്ത് എന്നിവ ഉള്‍പ്പെടുന്ന പുതിയ കളര്‍ സ്‌കീമുകളില്‍ മോഡല്‍ ലഭ്യമാണ്. ബേസ് വേരിയന്റിന് (ഹെറിറ്റേജ്) 1.99 ലക്ഷം രൂപയാണ് വില. മുന്‍നിര മോഡലിന് (ക്രോം) 2.25 ലക്ഷം രൂപ വരെ (എക്സ്ഷോറൂം) നല്‍കണം. അംഗീകൃത ഷോറൂമുകള്‍ വഴി ബുക്ക് ചെയ്യാവുന്നതാണ്. 2024 ക്ലാസിക് 350 ന് 349 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് കരുത്തുപകരുന്നത്. ഇത് 6,100 ആര്‍പിഎമ്മില്‍ പരമാവധി 20.2 ബിഎച്ച്പി കരുത്തും 4,000 ആര്‍പിഎമ്മില്‍ 27 എന്‍എം പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്നു. 5 സ്പീഡ് ഗിയര്‍ബോക്‌സും ഇതോടൊപ്പം ഉണ്ട്.
0 Comments