പ്രഭാത വാർത്തകൾ2024 | സെപ്റ്റംബർ 25 | ബുധൻ | Morning news today

പ്രഭാത വാർത്തകൾ
2024 | സെപ്റ്റംബർ 25 | ബുധൻ | 
1200 | കന്നി 9 | തിരുവാതിര 
1446 | റ. അവ്വൽ | 21.
➖➖➖➖➖➖➖➖

◾ എഡിജിപി എം.ആര്‍.അജിത്കുമാര്‍ ഉണ്ടാക്കിയ പ്ലാന്‍ പ്രകാരമാണ് തൃശൂര്‍ പൂരം കലക്കിയതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എംആര്‍ അജിത് കുമാര്‍ പൂരം കലക്കാന്‍ ബ്ലു പ്രിന്റ് ഉണ്ടാക്കിയ ആളാണെന്നും ഇക്കാര്യം അന്വേഷിക്കുന്നതാകട്ടെ അജിത് കുമാര്‍ തന്നെയാണെന്നും ഇതിലും വലിയ തമാശ ഉണ്ടോയെന്നും വിഡി സതീശന്‍ ചോദിച്ചു. കൊച്ചിയില്‍ കോണ്‍ഗ്രസ് ബ്ലോക്ക് തല പ്രതിഷേധം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

◾ എല്ലാ കള്ളക്കടത്തുകാരുടെയും താവളമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സി.പി.ഐക്ക് മുഖ്യമന്ത്രിയെ കാണുമ്പോള്‍ അഭിപ്രായം ഇല്ലാതാകുന്നു. എല്ലാത്തിന്റെയും ഒന്നാംപ്രതി മുഖ്യമന്ത്രി തന്നെയാണ്. തൃശ്ശൂര്‍ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിലെ എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് എന്തുകൊണ്ടാണ് ഡിജിപി മടക്കാത്തതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

◾ എഡിജിപി എം.ആര്‍. അജിത്കുമാര്‍ വിഷയത്തിലെ സംഭവവികാസങ്ങള്‍ പൊതുസമൂഹത്തില്‍ സിപിഐയുടെ സല്‍പേരിന് കളങ്കമുണ്ടാക്കിയെന്നും ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടി നേതൃത്വമാണെന്നും മുതിര്‍ന്ന സിപിഐ നേതാവ് കെ.ഇ.ഇസ്മയില്‍. പാര്‍ട്ടി എടുക്കുന്ന ഉറച്ച തീരുമാനം എല്‍ഡിഎഫില്‍ അംഗീകരിപ്പിക്കുന്ന കീഴ് വഴക്കമാണ് മുന്‍പുണ്ടായിരുന്നതെന്നും വെറും വാക്കായി വര്‍ത്തമാനം പറഞ്ഞ് ഇറങ്ങിപ്പോകുന്ന സ്ഥിതി ഉണ്ടായിട്ടില്ലെന്നും ഇസ്മയില്‍ പറഞ്ഞു.  

◾ മുഖ്യമന്ത്രി പിണറായി വിജയന്‍ ആര്‍എസ്എസ് ഏജന്റ് ആണെന്ന്  കെ മുരളീധരന്‍. തിരുവനന്തപുരത്ത് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി, മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശ്ശൂര്‍ പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും അതിന്റെ ലാഭം മുഖ്യമന്ത്രിക്ക് ലഭിച്ചെന്നും മുരളീധരന്‍ പറഞ്ഞു.

◾ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സംഭവത്തില്‍ പ്രതികരിച്ച്  അതിജീവിത. ജീവിതം ഒരു ബൂമറാംഗ് ആണെന്നും നിങ്ങള്‍ എന്താണോ നല്‍കുന്നത് അത് നിങ്ങള്‍ക്ക് തിരിച്ചു കിട്ടുമെന്നും ഫേസ്ബുക്കില്‍ അതിജീവിത കുറിച്ചു. കേസ് നടക്കുന്നതുകൊണ്ട് കൂടുതല്‍ പറയുന്നില്ല എന്നും അതിജീവിത  പ്രതികരിച്ചു.

◾ ഹൈക്കോടതിയുടെ അറസ്റ്റ് ഉത്തരവിന് പിന്നാലെ ഒളിവില്‍ പോയ നടന്‍ സിദ്ദിഖ് ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയിലേക്ക്. സിദ്ദിഖ് മുന്‍കൂര്‍ ജാമ്യാപേക്ഷ ഫയല്‍ ചെയ്യുന്നതിന് മുന്നോടിയായി സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകനുമായി കൂടിയാലോചന നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പീഡനം നടന്ന് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് സിദ്ദിഖിന് അവകാശമുണ്ടെന്നാണ് സീനിയര്‍ അഭിഭാഷകന്‍ നല്‍കിയ നിയമോപദേശം എന്നാണ് സൂചന.

◾ നടന്‍ സിദ്ദിഖ് സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഫയല്‍ ചെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ തടസ ഹര്‍ജി നല്‍കാനൊരുങ്ങി അതിജീവിത. തന്റെ ഭാഗം കൂടി കേള്‍ക്കാതെ ഇടക്കാല ജാമ്യപേക്ഷയില്‍ തീരുമാനമെടുക്കരുതെന്നാണ് പരാതിക്കാരിയുടെ ആവശ്യം.

◾ ലൈംഗിക അതിക്രമ കേസില്‍ നടനും എം.എല്‍.എയുമായ എം. മുകേഷിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചത് മൂന്ന് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷം. ഇന്നലെ രാവിലെ പത്തേകാലോടെ അഭിഭാഷകനൊപ്പമാണ് മുകേഷ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത്. വടക്കാഞ്ചേരി പോലീസും മരട് പോലീസും രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലാണ് ചോദ്യം ചെയ്യല്‍ നടന്നത്.

◾ മുകേഷ് എം എല്‍ എ സ്ഥാനമൊഴിയേണ്ടെന്ന നിലപാട് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍. ആരോപണത്തിന്റെ പേരില്‍ മാറിനിന്നാല്‍, മൂന്നുമാസം കഴിഞ്ഞ് കേസില്ലെന്ന് പോലീസ് പറഞ്ഞാല്‍ അദ്ദേഹത്തിന്റെ സ്ഥാനത്തിന് എന്തുസംഭവിക്കുമെന്നും തരൂര്‍ ചോദിച്ചു. ഇത് പാര്‍ട്ടിയുടെ നയമല്ല, തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു.

◾ എം.എല്‍.എ പി.വി അന്‍വറിനെതിരെ  പ്രതിഷേധവുമായി വനം വകുപ്പ് ജീവനക്കാര്‍. പി വി അന്‍വര്‍ വാഹന പാര്‍ക്കിങിന്റെ പേരില്‍ ഉദ്യോഗസ്ഥരെ  ഭീഷണിപെടുത്തിയത് പ്രതിഷേധാര്‍ഹമാണെന്ന് കേരള ഫോറസ്റ്റ് പ്രോട്ടക്റ്റിവ് സ്റ്റാഫ് അസോസിയേഷന്‍ വാര്‍ത്താക്കുറിപ്പില്‍ വിമര്‍ശിച്ചു. ജീവനക്കാരുടെ ആത്മാഭിമാനം സംരക്ഷിക്കുന്നതിന് ഏതറ്റം വരെ പോകുന്നതിനും ഒരുക്കമാണെന്ന് ഓരോ അംഗങ്ങള്‍ക്കും ഉറപ്പും നല്‍കുന്നുവെന്നും സംഘടന വ്യക്തമാക്കി.

◾ പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സസ്പെന്‍ഷന്‍ നേരിട്ട ഡീന്‍ എം.കെ നാരായണന്‍, അസി. വാര്‍ഡന്‍ ഡോ.കാന്തനാഥന്‍ എന്നിവരെ സര്‍വീസില്‍ തിരിച്ചെടുത്തു. ജുഡീഷ്യന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിന്മേല്‍ മാതൃകാപരമായി ശിക്ഷിക്കണമെന്ന് വിസി ഉള്‍പ്പെടെ നാലുപേര്‍ ആവശ്യപ്പെട്ടെങ്കിലും മാനേജ്മെന്റ് കൌണ്‍സിലിലെ ഭൂരിപക്ഷം അംഗങ്ങളും ഇത് എതിര്‍ത്തു. കൂടുതല്‍ നടപടി വേണമെന്ന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ആവശ്യപ്പെട്ടിരുന്നു.

◾ ചെറായി, മുനമ്പം വില്ലേജുകളിലെ ക്രൈസ്തവ കുടുംബങ്ങളുടെ ഭൂമി വഖഫ് ബോര്‍ഡ് കൈയേറുന്നുവെന്ന്  ലോക്സഭ സെക്രട്ടറിയേറ്റിന് പരാതി നല്‍കി സിറോ മലബാര്‍ സഭ. 600 ലധികം കുടുംബങ്ങള്‍ പ്രതിസന്ധിയിലാണെന്നും വഖഫ് നിയമ ഭേദഗതിയില്‍ ഈ വിഷയം പരിഹരിക്കാനുള്ള നിര്‍ദ്ദേശമുണ്ടാകണമെന്നും ലോക്സഭാ സെക്രട്ടറിയേറ്റിന് കഴിഞ്ഞമാസം 10 ന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു.

◾ ഏകീകൃത ആംബുലന്‍സ് നിരക്കുകള്‍ നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുകയാണെന്ന് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. തിരുവനന്തപുരത്ത് ആംബുലന്‍സ് ഉടമകളുമായും തൊഴിലാളി പ്രതിനിധികളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം  സംസാരിക്കുകയായിരുന്നു മന്ത്രി. 10 കിലോമീറ്ററിനാണ് മിനിമം നിരക്കെന്നും ആദ്യ ഒരു മണിക്കൂറിന് വെയിറ്റിംഗ് ചാര്‍ജ്ജ് ഉണ്ടായിരിക്കുന്നതല്ല എന്നും മന്ത്രി അറിയിച്ചു.

◾ എംപോക്സ് ക്ലേയ്ഡ് 1ബിയില്‍ ആശങ്ക വേണ്ടന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. അനാവശ്യ പ്രചരണം ഒഴിവാക്കണമെന്നും എന്നാല്‍ പ്രഹരശേഷി കൂടുതലുള്ള വകഭേദമാണ് ഇതെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ എല്ലാവിവിധ മുന്‍കരുതലുകളും സ്വീകരിച്ചു കഴിഞ്ഞുവെന്നും മന്ത്രി പ്രതികരിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ലിഫ്റ്റ് വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

◾ തൊഴില്‍ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പൂനെയിലെ ഇ വൈ ഓഫീസില്‍ നേരിട്ടെത്തി അന്നാ സെബ്യാസ്റ്റന്റെ മരണത്തെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു . അടുത്ത ആഴ്ച്ച മഹാരാഷ്ട്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് കേന്ദ്രത്തിന് കൈമാറും. അതേസമയം, സംഭവത്തില്‍ തന്റെ പ്രസ്താവന വളച്ചൊടിച്ച് പ്രതിപക്ഷമാണ് അന്നയെ അപമാനിക്കുന്നതെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ആരോപിച്ചു

◾  അന്നാ സെബ്യാസ്റ്റ്യന്‍ ജോലി ചെയ്തിരുന്ന ഏണസ്റ്റ് ആന്റ് യങ് കമ്പനിയുടെ പൂനെ ഓഫീസിന് മഹാരാഷ്ട്ര ഷോപ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരമുള്ള രജിസ്‌ട്രേഷനുണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ട്. 2007ല്‍ തുടങ്ങിയ കമ്പനി രജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷ നല്‍കിയത് 2024ല്‍ മാത്രമാണ്. ഇക്കാര്യത്തില്‍ കമ്പനിയോട് വിശദീകരണം തേടിയിട്ടുണ്ട്.

◾ പാലക്കാട്  ആലത്തൂരിലെ തോണിപ്പാടത്ത് നടത്തിയ  കാളപൂട്ട് മത്സരത്തിനെതിരെ കേസെടുത്ത് പൊലിസ്. മാധ്യമ വാര്‍ത്തകളെ തുട4ന്ന് പീപ്പിള്‍ ഫോര്‍ ദ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സ് ഇന്ത്യ എന്ന സംഘടനയുടെ പരാതിയിലാണ് നടപടി. നിയമവിരുദ്ധമായി കാളയോട്ടത്തിനായി മൃഗങ്ങളെ ഉപദ്രവിച്ചു, കാണികളെ അപകടത്തിലാക്കുന്ന രീതിയില്‍ പരിപാടി സംഘടിപ്പിച്ചു എന്നാണ് കേസ്.

◾ വയനാട് ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.കെ വിശ്വനാഥന്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം രാജിവെച്ചു. ജില്ലയിലെ ഡിസിസി  പ്രസിഡന്റ് എന്‍.ഡി അപ്പച്ചനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചാണ് രാജി. ഡിസിസി പ്രസിഡന്റിന് ഗ്രൂപ്പ് കളിക്കാനാണ് താല്‍പ്പര്യമെന്നും ജില്ലയില്‍ കോണ്‍ഗ്രസ് ഇല്ലാതായി കൊണ്ടിരിക്കുയാണെന്നും കെ കെ വിശ്വനാഥന്‍ പറഞ്ഞു.

◾ മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ വിചാരണ ഡിസംബര്‍ 2 മുതല്‍ 18 വരെ. രണ്ടു ഘട്ടങ്ങളിലായിട്ടായിരിക്കും വിചാരണ. വിചാരണയുടെ രണ്ടാം ഘട്ടം ജനുവരിയില്‍ നടക്കും. തിരുവനന്തപുരം ഒന്നാം ക്ലാസ് സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കോടതിയില്‍ നേരിട്ട് ഹാജരായ ശ്രീറാം വെങ്കിട്ടരാമന്‍ കുറ്റം നിഷേധിച്ച സാഹചര്യത്തിലാണ് വിചാരണ ആരംഭിക്കാന്‍  കോടതി തീരുമാനിച്ചത്.

◾ മുതലപ്പൊഴി അഴിമുഖത്ത് ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളികള്‍ മരിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി, തുറമുഖ വകുപ്പ് സ്വീകരിച്ച നടപടികളെ കുറിച്ച് തുറമുഖ വകുപ്പ് സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ്. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുലിമുട്ട് നിര്‍മ്മാണത്തിലെ  അപാകതകള്‍ പരിഹരിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

◾ സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരായ കള്ളപ്രചാരണങ്ങളില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്ത് സിപിഎം നേതാവ് ഇ.പി.ജയരാജന്‍. ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞ ശേഷം ആദ്യമായാണ് ജയരാജന്‍ പാര്‍ട്ടിയുടെ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നത്. എംവി ജയരാജന്‍, ടിവി സുമേഷ് എംഎല്‍എ തുടങ്ങിയ നേതാക്കളും മാര്‍ച്ചില്‍ പങ്കെടുത്തു.

◾ മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളി സുപ്രീംകോടതി . എന്നാല്‍, കേസിന്റെ വിചാരണ വേളയില്‍ മറ്റ് ആരുടെയെങ്കിലും പങ്ക് തെളിഞ്ഞാല്‍ നിയമപരമായ മാര്‍ഗം തേടാന്‍ മാതാപിതാക്കള്‍ക്ക് അവകാശം ഉണ്ടെന്ന് കോടതി പറഞ്ഞു. 2018 ഫെബ്രുവരി 12ന് എടയന്നൂരില്‍ വെച്ചാണ് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്.

◾ ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സെപ്റ്റംബര്‍ 28 ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍. വെട്ടിക്കോട്ട് നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവ ദിനമായതിനാലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

◾ പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ ഗതാഗത വകുപ്പിന്  രണ്ട് കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍. എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന് 20 വാഹനങ്ങള്‍ വാങ്ങാനാണ് തുക അനുവദിച്ചത്.

◾ പുതുപ്പള്ളിയില്‍  പണികഴിപ്പിക്കുന്ന മിനി സിവില്‍ സ്റ്റേഷന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കുമെന്ന് മന്ത്രി എം.ബി രാജേഷ്. ഇ.എം.എസ്സിനെ മാത്രമേ ആദരിക്കാവൂ എന്ന നിലപാട് ഇടതുപക്ഷത്തിനില്ലെന്നും കേരളത്തിലെ രാഷ്ട്രീയമായ സഹിഷ്ണുതയുടെയും ഉന്നതമായ ജനാധിപത്യബോധ്യത്തിന്റെയും പ്രതീകങ്ങളായി അവ ഉയര്‍ന്നുനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

◾ കേരളത്തെ മാലിന്യമുക്തമാക്കാന്‍ ഒറ്റക്കെട്ടായ ഒരു പൊതുജന മുന്നേറ്റം ഉണ്ടാവണമെന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുമിച്ചുള്ള യോഗത്തില്‍ തീരുമാനിച്ചതായി മന്ത്രി എം.ബി. രാജേഷ്. ആരെങ്കിലും മാലിന്യം നിക്ഷേപിക്കുന്നത് ഫോട്ടോയെടുത്ത് 9446700800 എന്ന നമ്പറില്‍ വാട്ട്സാപ്പ് ചെയ്തു കൊടുത്താല്‍ മാലിന്യം നിക്ഷേപിച്ച ആളില്‍ നിന്ന് 10,000 രൂപ പിഴ ഈടാക്കും. പടം അയച്ചുകൊടുത്ത ആള്‍ക്ക് 2500 രൂപ പാരിതോഷികമായി നല്‍കുകയും ചെയ്യും എന്ന് മന്ത്രി പറഞ്ഞു.

◾ ഷിരൂരിലെ  മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശിയായ അര്‍ജുന്‍ അടക്കമുള്ളവര്‍ക്കായുള്ള തെരച്ചില്‍ അവസാനിപ്പിച്ച് മടങ്ങിപ്പോകുകയാണെന്ന് നാവിക സേന. നിലവില്‍ നാവികസേനയുടെ കോര്‍ഡിനേറ്റുകള്‍ എല്ലാം ഡ്രഡ്ജിങ് കമ്പനിക്ക് നല്‍കി. ഇനി നാവികസേനയെ ആവശ്യം വരുന്നതിന് അനുസരിച്ച് മാത്രം വിളിക്കാനും തീരുമാനമായി.

◾ മലപ്പുറം തിരുവാലി പഞ്ചായത്തില്‍ നിപ മൂലമുള്ള മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്  ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ചു. തിരുവാലി പഞ്ചായത്തിലെ 4,5,6,7 മമ്പാട് പഞ്ചായത്തിലെ ഏഴാം വാര്‍ഡ് എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന കണ്ടെയിന്‍മെന്റ് സോണ്‍ നിയന്ത്രണവും, മാസ്‌ക് നിര്‍ബന്ധമാക്കിയതടക്കം ജില്ലയില്‍ പൊതുവായി ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളും പിന്‍വലിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

◾ സിനിമ പ്രൊമോഷന്‍ പരിപാടികളും അഭിമുഖങ്ങളും കവര്‍ ചെയ്യുന്നതിന് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. ജി എസ് ടി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് അടക്കം ആറ് മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് മാത്രമേ ഇനി അനുമതിയുണ്ടാകു.

◾ അന്തരിച്ച സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടു നല്‍കുന്ന വിഷയത്തില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ കമ്മിറ്റിക്കു മുമ്പാകെ ഹാജരാകാന്‍ എംഎം ലോറന്‍സിന്റെ മൂന്നു മക്കള്‍ക്കും അറിയിപ്പ്. മെഡിക്കല്‍ കോളേജിന് മൃതദേഹം വിട്ടുനല്‍കരുതെന്നാണ് മകള്‍ ആശ ആവശ്യപ്പെടുന്നത്.  തീരുമാനം വരും വരെ ലോറന്‍സിന്റെ മൃതദേഹം പഠന ആവശ്യങ്ങള്‍ക്ക് കൈമാറരുതെന്നും തത്ക്കാലം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കാനുമാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

◾ സംസ്ഥാനത്ത്  വിവിധയിടങ്ങളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി. വെടിമരുന്ന് കൈകാര്യം ചെയ്യുന്നതിനുള്ള ലൈസന്‍സ് അനുവദിക്കുന്നതില്‍ ക്രമക്കേട് നടക്കുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ആണ് വിജിലന്‍സ് പരിശോധന നടത്തിയത്.  ഇത് സംബന്ധിച്ച് തങ്ങള്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് 'ഓപ്പറേഷന്‍ വിസ്ഫോടന്‍' എന്ന് പേരിട്ട പരിശോധന സംഘടിപ്പിച്ചതെന്ന് വിജിലന്‍സ് അധികൃതര്‍ അറിയിച്ചു.

◾ കേരളത്തില്‍ വര്‍ധിച്ചുവരുന്ന വര്‍ഗീയ ശക്തികളുടെ സ്വാധീനം തടയാന്‍ ജനാധിപത്യ മതനിരപേക്ഷ ശക്തികളുടെ ഐക്യം പ്രബലമാക്കണമെന്ന് ആര്‍.ജെ.ഡി. ഇന്നലെ കോഴിക്കോട് ചേര്‍ന്ന നേതൃയോഗമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

◾ അടുത്ത 7 ദിവസങ്ങളില്‍  കേരളത്തില്‍ വ്യാപകമായി നേരിയതോ ഇടത്തരമോ ആയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്.കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു.

◾ മദ്ധ്യപ്രദേശിലെ ദാമോ - കട്നി സംസ്ഥാന പാതയില്‍  ട്രക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഇന്നലെ വൈകുന്നേരമുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. ട്രക്ക് ഡ്രൈവര്‍ മദ്യ ലഹരിയിലായിരുന്നു വാഹനം ഓടിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

◾ ഇന്ത്യയില്‍ ആദ്യമായി 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയ്ക്ക് കീഴില്‍ ഒരുങ്ങുന്ന ഡ്രൈവറില്ലാ മെട്രോ ട്രെയിനുകള്‍ ദില്ലിയില്‍ സര്‍വീസ് നടത്തും. ആന്ധ്രാപ്രദേശിലെ ശ്രീ സിറ്റിയില്‍ നിന്നാണ് ആദ്യ സെറ്റ് ട്രെയിനുകള്‍ എത്തുക. ഡല്‍ഹി മെട്രോ കുടുംബത്തിന് ചരിത്രപരമായ ദിനമാണിതെന്ന് ദില്ലി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ വികാസ് കുമാര്‍ പറഞ്ഞു.

◾ തമിഴ് ചലച്ചിത്ര സംവിധായകന്‍ മോഹന്‍ ജി.യെ തിരുച്ചിറപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. പഴനി ക്ഷേത്രത്തില്‍നിന്ന് ഭക്തര്‍ക്ക് വിതരണംചെയ്യുന്ന പഞ്ചാമൃതത്തില്‍ പുരുഷ ലൈംഗികശേഷി ഇല്ലാതാക്കുന്ന മരുന്ന് ചേര്‍ക്കുന്നുണ്ടെന്ന പരാമര്‍ശത്തെത്തുടര്‍ന്നാണ് അറസ്റ്റ്.

◾ മതേതരത്വം യൂറോപ്യന്‍ ആശയമാണെന്നും അത് ഇന്ത്യയില്‍ ആവശ്യമില്ലെന്നുമുള്ള തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ പ്രസ്താവനയ്‌ക്കെതിരേ കോണ്‍ഗ്രസ്. ഗവര്‍ണറുടെ പ്രസ്താവന അന്യായമാണെന്നും അംഗീകരിക്കാനാവില്ലെന്നും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് പറഞ്ഞു. രവിയെ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് നീക്കണമെന്നും അദ്ദേഹം അപമാനമാണെന്നും ജയ്‌റാം രമേശ് കൂട്ടിച്ചേര്‍ത്തു.

◾ മൈസൂരു നഗരവികസന അതോറിറ്റി (മുഡ) ഭൂമിയിടപാട് കേസില്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ ബി.ജെ.പി. ക്കെതിരേ വിമര്‍ശനവുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബി.ജെ.പിയുടേത് പ്രതികാര രാഷ്ട്രീയമാണെന്നും സാമൂഹ്യനീതിക്കായി പോരാടുന്നതിനാലാണ് ബി.ജെ.പിയും ജെ.ഡി.എസ്സും പ്രതികാര നടപടി സ്വീകരിക്കുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു.

◾ ലെബനനില്‍ ഇസ്രയേല്‍ നടത്തിവരുന്ന വ്യാപക വ്യോമാക്രമണത്തില്‍ മരണം 558 ആയി. ബയ്‌റുത്തിലുണ്ടായ വ്യോമാക്രമണത്തില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹിസ്ബുള്ളയുടെ ആയുധപ്പുരകളും ഒരു കമാന്‍ഡറെയും ലക്ഷ്യംവെച്ചാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ വിശദീകരണം.

◾ ലെബനനെ മറ്റൊരു ഗാസയാക്കി മാറ്റാന്‍ അനുവദിക്കരുതെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയന്‍. ഇസ്രായേലിനെതിരെ ഒറ്റയ്ക്ക് പോരാടാന്‍ ഹിസ്ബുല്ലയ്ക്ക് കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. പാശ്ചാത്ത്യ രാജ്യങ്ങളില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും അമേരിക്കയില്‍ നിന്നും എല്ലാവിധത്തിലുള്ള പിന്തുണയും ലഭിക്കുന്ന രാജ്യമാണ് ഇസ്രായേലെന്നും മസൂദ് പെസഷ്‌കിയന്‍ പറഞ്ഞു.

◾ യുഎസ് പ്രസിഡന്റ്  തിരഞ്ഞെടുപ്പില്‍ കമല ഹാരിസിന് വന്‍ ഭൂരിപക്ഷം പ്രവചിച്ച് റോയിട്ടേഴ്സ് - ഇപ്സോസ് സര്‍വേ. യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെക്കാള്‍ 7 പോയിന്റ് ലീഡാണ് കമല സര്‍വേകളില്‍ നേടിയിരിക്കുന്നത്. അതേസമയം യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയായ കമല ഹാരിസിനോടു തോറ്റാല്‍ ഇനിയൊരു തവണ കൂടി മത്സരിക്കില്ലെന്ന് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപിച്ചു.

◾ ഭക്ഷ്യയെണ്ണയുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതിന് പിന്നാലെ ഒരുലക്ഷം മെട്രിക് ടണ്‍ പാമോയില്‍ വാങ്ങാനുള്ള ഓര്‍ഡര്‍ റദ്ദാക്കി ഇന്ത്യന്‍ കമ്പനികള്‍. പാമോയില്‍ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. മലേഷ്യ, ഇന്തോനേഷ്യ, തായ്‌ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും വാങ്ങുന്ന പാമോയില്‍ ചെറിയ തീരുവ നല്‍കിയാണ് ഇന്ത്യയിലെത്തിയിരുന്നത്. എന്നാല്‍ ഈ മാസത്തിന്റെ തുടക്കത്തില്‍ ഇറക്കുമതി തീരുവയില്‍ 20 പോയിന്റ് വര്‍ധന ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ ഇവയുടെ ഇറക്കുമതി തീരുവ 5.5 ശതമാനത്തില്‍ നിന്നും 27.5 ശതമാനമായി വര്‍ധിച്ചു. ഇതിന് പിന്നാലെ മലേഷ്യയിലെ പാം ഓയില്‍ വില വര്‍ധിച്ചതും ഇന്ത്യന്‍ ഓയില്‍ കമ്പനികള്‍ക്ക് തിരിച്ചടിയായി. ഓരോ മാസവും 7.5 ലക്ഷം ടണ്‍ പാം ഓയില്‍ ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ ഒരുലക്ഷം ടണ്‍ വെട്ടിയപ്പോള്‍ 13.3 ശതമാനം കുറവുണ്ടായി.

◾ സിജു വില്‍സന്‍, നമൃത (വേല ഫെയിം), ബാലു വര്‍ഗീസ്, ധീരജ് ഡെന്നി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പുഷ്പക വിമാനം'. ഒരു നിമിഷത്തിന് നിങ്ങളുടെ ജീവിതം മാറ്റാവാനും എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. പ്രണയം, സൗഹൃദം, അതിജീവനം എന്നിവയ്ക്ക് പ്രാധാന്യം നല്‍കി ആക്ഷന്‍ മൂഡില്‍ ഒരുക്കിയിട്ടുള്ള ചിത്രമാണിത്. ചിത്രത്തിന്റെ റിലീസ് ഒക്ടോബര്‍ 4 ന് ആണ്. സന്ദീപ് സദാനന്ദനും ദീപു എസ് നായരും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. നഗര ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ സൗഹൃദത്തിന്റെയും അതിജീവനത്തിന്റെയും കഥ രസാവഹമായ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണിത്. സിദ്ദിഖ്, മനോജ് കെ യു, ലെന എന്നിവര്‍ സുപ്രധാന വേഷങ്ങളിലെത്തുന്നു.

◾ ആന്റണി വര്‍ഗീസിനെ നായകനാക്കി നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്ത് ഓണം റിലീസ് ആയി തിയറ്ററുകളിലെത്തിയ ചിത്രമായിരുന്നു 'കൊണ്ടല്‍'. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. 'ആരെടീ നീ ഇത്തിരിപ്പൂവേ' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. സംഗീതം പകര്‍ന്നതും ആലപിച്ചിരിക്കുന്നതും സാം സി എസ് ആണ്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മ്മിച്ച ഈ ചിത്രത്തില്‍ കന്നഡ സൂപ്പര്‍ താരം രാജ് ബി ഷെട്ടിയും അഭിനയിച്ചിട്ടുണ്ട്. ഷബീര്‍ കല്ലറയ്ക്കല്‍, നന്ദു, മണികണ്ഠന്‍ ആചാരി, പ്രമോദ് വലിയനാട്, ശരത് സഭ, അഭിറാം രാധാകൃഷ്ണന്‍, പി എന്‍ സണ്ണി, സിറാജുദ്ദീന്‍ നാസര്‍, നെബിഷ് ബെന്‍സണ്‍, ആഷ്ലി, രാഹുല്‍ രാജഗോപാല്‍, അഫ്‌സല്‍ പി എച്ച്, റാം കുമാര്‍, രാഹുല്‍ നായര്‍, ഉഷ, കനക കൊനശനദ്, ജയ കുറുപ്പ്, പുഷ്പ കുമാരി എന്നിവരും വേഷമിട്ടിരിക്കുന്നു.

◾ ടാറ്റ മോട്ടോഴ്‌സിന്റെ സബ്‌കോംപാക്ട് എസ്യുവി സെഗ്മന്റിലെ ജനകീയ മോഡലായ നെക്‌സോണിന്റെ സിഎന്‍ജി പതിപ്പ് പുറത്തിറക്കി. ടാറ്റ നെക്‌സോണ്‍ ഐസിഎന്‍ജി എന്ന് പേര് നല്‍കിയിരിക്കുന്ന മോഡലിന്റെ വില ആരംഭിക്കുന്നത് 8.99 ലക്ഷം രൂപ മുതലാണ്. നെക്സോണ്‍ ഐസിഎന്‍ജി യ്ക്കും നിലവിലുള്ള 1.2ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിന്‍ തന്നെയാണ്. 170 എന്‍എം പരമാവധി ടോര്‍ക്കിനെതിരെ 100 എച്പി പരമാവധി പവര്‍ ഔട്ട്പുട്ടും പുറപ്പെടുവിക്കും. ഇതോടൊപ്പം 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ആണ് ക്രമീകരിച്ചിരിക്കുന്നത്. 321 ലിറ്റര്‍ ബൂട്ട് സ്‌പേസിനായി കോംപാക്റ്റ് എസ്യുവിയില്‍ ഡ്യുവല്‍ സിലിണ്ടര്‍ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. എസ്യുവിക്ക് 6 എയര്‍ബാഗുകള്‍, ഇഎസ്പി എന്നിവ അടക്കം ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ട്. പനോരമിക് സണ്‍റൂഫ്, നാവിഗേഷന്‍ ഡിസ്‌പ്ലേയുള്ള 10.25 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയാണ് മറ്റു പ്രത്യേകതകള്‍. 8 വേരിയന്റുകളുമായാണ് വാഹനം വിപണിയില്‍ ഇറങ്ങുക.


Post a Comment

0 Comments