പ്രഭാത വാർത്തകൾ2024 | സെപ്റ്റംബർ 28 | ശനി | Morning news today

പ്രഭാത വാർത്തകൾ
2024 | സെപ്റ്റംബർ 28 | ശനി | 
1200 | കന്നി 12 | ആയില്യം 
1446 | റ. അവ്വൽ
➖➖➖➖➖➖➖➖

◾ കര്‍ണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലില്‍ മരിച്ച കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ മൃതദേഹം നാട്ടിലേക്കെത്തുന്നു. ഇന്ന് രാവിലെ ആറുമണിയോടെ കോഴിക്കോട്ടെ വീട്ടിലെത്തുമെന്നാണ് കരുതുന്നത്. ആംബുലന്‍സിനെ കോഴിക്കോട് വരെ കാര്‍വാര്‍ പൊലീസും കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലും അനുഗമിക്കുന്നുണ്ട്. സഹോദരന്‍ അഭിജിത്തും സഹോദരീഭര്‍ത്താവ് ജിതിനും ഒപ്പമുണ്ട് .അര്‍ജുന്റെ ഫോണും വസ്ത്രങ്ങളുമടക്കമുള്ള അവശേഷിപ്പുകള്‍ ആംബുലന്‍സിനു പിന്നാലെയുള്ള കാറിലാണ് കൊണ്ടുവരുന്നത്.

◾ കര്‍ണാടകയിലെ ഷിരൂരില്‍ ഗംഗാവലി പുഴയില്‍നിന്ന് കണ്ടെടുത്ത അര്‍ജുന്റെ മൃതദേഹം ഡി.എന്‍.എ. പരിശോധനാ നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് ഇന്നലെ വൈകീട്ടാണ് കൈമാറിയത്. വൈകീട്ട് ആറ് മണിക്കാണ് മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് നാട്ടിലേക്ക് പുറപ്പെട്ടത്. അതേസമയം അര്‍ജുന്റെ കുടുംബത്തിനു 5 ലക്ഷം രൂപ കര്‍ണാടക സര്‍ക്കാര്‍ ആശ്വാസധനം നല്‍കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

◾ തൃശൂരില്‍ നടന്ന കേരളം കണ്ട ഏറ്റവും വലിയ ആസൂത്രിത എടിഎം കൊള്ളയുമായി ബന്ധപ്പെട്ടുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് ട്രക്ക് ഉടമ സുമാനുദ്ദീന്‍ ആണെന്നും എ.ടി.എം. കവര്‍ച്ചയുടെ മുഖ്യ സൂത്രധാരന്‍ പിടിയിലായ മുഹമ്മദ് ഇക്രമാണെന്നും തമിഴ്‌നാട് പൊലീസ്. ഹരിയാനയിലെ പല്‍വാല്‍ ജില്ലക്കാരായ ഇര്‍ഫാന്‍, സഫീര്‍ഖാന്‍, സഖ്വീന്‍, മുബാറക് എന്നിവരും നൂഹ് ജില്ലയില്‍ നിന്നുള്ള മുഹമ്മദ് അക്രം, അസീര്‍ അലി, സുമാനുദ്ദീന്‍ എന്നിവരാണ് സംഘാംഗങ്ങള്‍. ഇതില്‍ സുമാനുദ്ദീനാണ് കൊല്ലപ്പെട്ടത്.

◾ എടിഎം കവര്‍ച്ച ചെയ്യാനെത്തിയ പ്രതികളില്‍ രണ്ട് പേര്‍ കവര്‍ച്ചയ്ക്കായി കേരളത്തിലെത്തിയത് വിമാന മാര്‍ഗ്ഗം. മൂന്ന് പേര്‍ കാറിലും മറ്റുള്ളവര്‍ ട്രക്കിലുമാണ് കേരളത്തിലെത്തിയത്. 20 കിലോമീറ്റര്‍ പരിധിയില്‍ മൂന്ന് എടിഎം കൗണ്ടറുകളിലാണ് വെള്ളിയാഴ്ച രാത്രി മോഷണം നടന്നത്. ഇരിങ്ങാലക്കുടയ്ക്കടുത്ത് മാപ്രാണത്തെ എസ്ബിഐ എടിഎമ്മില്‍ പുലര്‍ച്ചെ 2.10 നാണ് ആദ്യ മോഷണം. എടിഎം തകര്‍ന്ന സന്ദേശം ബാങ്ക് സര്‍വ്വറില്‍ നിന്ന് കിട്ടി 2.45 ഓടെ പൊലീസ് മാപ്രാണത്ത് എത്തുമ്പോഴേക്കും സംഘം തൃശൂരെത്തി. പുലര്‍ച്ചെ 3.02  ന് തൃശൂര്‍ നഗരത്തിലെ നായ്ക്കനാല്‍ ഷൊര്‍ണൂര്‍ റോഡിലുള്ള രണ്ടാമത്തെ എസ്ബിഐ എടിഎം തകര്‍ത്തു. ഇവിടെ നിന്ന്  നേരെ പോയത് കോലഴിയിലെ എടിഎം കൗണ്ടറിലേക്ക്. അലര്‍ട്ട് കിട്ടിയതനുസരിച്ച് പൊലീസ് രണ്ടാമത്തെ പോയിന്റില്‍ പരിശോധന നടത്തുമ്പോഴായിരുന്നു ഇത്. വെള്ള കാറിനെ തേടി തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പൊലീസുകാര്‍ കൂട്ടത്തോടെ പരിശോധന നടത്തിയെങ്കിലും പാലക്കാട് അതിര്‍ത്തിയില്‍ കാത്തുനിന്ന കണ്ടെയ്നര്‍ ലോറിക്കുള്ളിലേക്ക് വെള്ളക്കാര്‍ കയറ്റി, മോഷണ സംഘം കേരളം വിട്ടിരുന്നു.

◾ പിവി അന്‍വര്‍ എംഎല്‍എയുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും സിപിഎമ്മിനെ ഇല്ലായ്മ ചെയ്യാന്‍ ആര് ശ്രമിച്ചാലും നടക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അന്‍വറിന്റെ നിലപാടിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്നും അന്‍വര്‍ വലതുപക്ഷത്തിന്റെ കൈയിലെ കോടാലിയാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

◾ പി വി അന്‍വറിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. അന്‍വര്‍ ചെയ്യുന്നത് അല്‍പ്പത്തരമാണെന്നും പാര്‍ലമന്ററി പാര്‍ട്ടി അംഗത്വം പാര്‍ട്ടിയെ തിരുത്താനുള്ള പദവിയല്ലെന്നും സിപിഎം പ്രസ്താവന പുറത്തിറക്കി. നേതൃത്വത്തെ ദുര്‍ബലപ്പെടുത്തി പാര്‍ട്ടിയെ തകര്‍ക്കുകയെന്ന വലതുപക്ഷ രാഷ്ട്രീയക്കാരുടെ പ്രചരണങ്ങളാണ് അന്‍വര്‍ ഏറ്റെടുത്ത് നടപ്പാക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പത്രക്കുറിപ്പില്‍ കുറ്റപ്പെടുത്തി.

◾ താന്‍ തീപ്പന്തം പോലെ കത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പത്രസമ്മേളനത്തിന് പിന്നാലെ സിപിഎമ്മിന് അന്‍വറിന്റെ മുന്നറിയിപ്പ്. പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്ന് പറഞ്ഞ അന്‍വര്‍ ഒപ്പം നില്‍ക്കാന്‍ ആളുണ്ടെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും പ്രഖ്യാപിച്ചു. മലപ്പുറത്തെ 16 മണ്ഡലങ്ങളിലും പര്യടനം നടത്തുമെന്നും ജനങ്ങളെ ഉപയോഗിച്ച് പ്രതിരോധിക്കുമെന്നും അന്‍വര്‍ പ്രഖ്യാപിച്ചു. പാര്‍ട്ടിയോടിടഞ്ഞ അന്‍വറിനെ ഭാഗീക പിന്തുണ നല്‍കി കെ ടി ജലീലും രംഗത്ത് വന്നു .

◾ നിലമ്പൂരില്‍ പിവി അന്‍വര്‍ എംഎല്‍എയെ അനുകൂലിച്ച് ഐഎന്‍ടിയുസിയുടെ ഫ്ലക്സ് ബോര്‍ഡ്. മുഖ്യമന്ത്രിക്കെതിരെ അന്‍വര്‍ നടത്തുന്ന പോരാട്ടത്തില്‍ പങ്കുചേരുമെന്നാണ് ഐഎന്‍ടിയുസി ഫ്ലെക്സിലൂടെ പറയുന്നത്. എഡിജിപി -ആര്‍എസ്എസ് ബന്ധത്തിന്റെ സത്യാവസ്ഥ ജനങ്ങള്‍ക്ക് അറിയണം, സ്വര്‍ണ്ണ കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് പുറത്തുവരണം എന്നീ ആവശ്യങ്ങളുമായാണ് ഐഎന്‍ടിയുസി നിലമ്പൂര്‍ മണ്ഡലം കമ്മിറ്റി ബോര്‍ഡ് സ്ഥാപിച്ചത്.
 
◾ പി.വി.അന്‍വറിന്റെ നിലപാടിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ആഹ്വാനത്തിന് പിന്നാലെ മലപ്പുറത്തുടനീളം സിപിഎമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം. പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി തൊട്ട് കളിക്കേണ്ട എന്ന  ബാനര്‍ ഉയര്‍ത്തി പിടിച്ചാണ് പ്രതിഷേധം.

◾ സി.പി.എം. മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം നിലമ്പൂര്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ പി.വി. അന്‍വറിനെതിരെ ഭീഷണിമുദ്രാവാക്യം. പി.വി. അന്‍വര്‍ എമ്പോക്കി, മര്യാദയ്ക്ക് നടന്നോളൂ. സി.പി.ഐ.എം. ഒന്നുപറഞ്ഞാല്‍, ഗോവിന്ദന്‍ മാസ്റ്റര്‍ ഒന്ന് ഞൊടിച്ചാല്‍, കയ്യുംകാലും വെട്ടിയരിഞ്ഞ് ചാലിയാര്‍ പുഴയില്‍ കൊണ്ടാക്കും', എന്നാണ് മുദ്രാവാക്യം.

◾ പി.വി അന്‍വറിന്റെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന പാര്‍ട്ടിയല്ല കേരളത്തിലെ സിപിഎമ്മെന്നും അന്‍വറിനെ ഉപയോഗിച്ച് പാര്‍ട്ടിയെ തകര്‍ക്കാമെന്നാണ് യുഡിഎഫും ബിജെപിയും ഉദ്ദേശിക്കുന്നതെങ്കില്‍ നടക്കില്ലെന്നും പാര്‍ട്ടിക്കെതിരായി നീക്കം ഉണ്ടാകുമ്പോള്‍  പ്രവര്‍ത്തകര്‍ പാര്‍ട്ടിയുടെ സംരക്ഷണത്തിനായി അണിനിരന്ന ചരിത്രമാണുള്ളതെന്നും ആ ചരിത്രം ആവര്‍ത്തിക്കുക തന്നെയാണ് ചെയ്യുന്നതെന്നും ഇടതുമുന്നണി കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍.  പിണറായി വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാമെന്ന് ആരും കരുതേണ്ടെന്നും നേതൃത്വത്തിന്റെ തലയ്ക്ക് അടിച്ചു പൊളിച്ചു കഴിഞ്ഞാല്‍ രക്ഷപ്പെടാമെന്നാണോ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

◾ പിവി അന്‍വറിന് രാഷ്ട്രീയ അഭയം നല്‍കുന്നതില്‍ കരുതലോടെ തീരുമാനമെടുക്കാന്‍ യുഡിഎഫ്. അന്‍വറിനെ ഉടന്‍ സ്വീകരിക്കുന്നതിന് പകരം തുടര്‍ നടപടി നോക്കി തീരുമാനമെടുക്കാനാണ് മുന്നണിയുടെ തീരുമാനം.

◾ ഭരണകക്ഷി എംഎല്‍എ പി.വി.അന്‍വര്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് മറുപടി പറയാതെ മുഖ്യമന്ത്രി ഒളിച്ചോടിയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. മുഖ്യമന്ത്രിക്ക് സത്യസന്ധതയും ആത്മാര്‍ത്ഥതയും ഉണ്ടെങ്കില്‍ ഇപ്പോള്‍ ഉയര്‍ന്ന ആക്ഷേപങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും മറുപടി പറയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◾ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് സമരം ആരംഭിക്കുകയാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍.ഒക്ടോബര്‍ 8ന് സെക്രട്ടറിയേറ്റിനു മുന്നിലും പതിമൂന്ന് ജില്ലാ ആസ്ഥാനങ്ങളിലും യുഡിഎഫിന്റെ നേതൃത്വത്തില്‍ സായാഹ്ന പ്രതിഷേധ സംഗമങ്ങള്‍ നടത്തുമെന്നും എംഎം ഹസ്സന്‍ അറിയിച്ചു.

◾ പിവി അന്‍വര്‍ എംഎല്‍എയ്ക്ക് സംരക്ഷണ കവചമൊരുക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി. അന്‍വര്‍ നാളെ തള്ളി പറഞ്ഞാലും അഭിപ്രായ സ്വാതന്ത്ര്യത്തിനുവേണ്ടി യൂത്ത് കോണ്‍ഗ്രസ് പോരാടുമെന്നും മലപ്പുറം ജില്ലാ പ്രസിഡന്റ് പ്രസ്താവനയില്‍ അറിയിച്ചു.

◾ പി വി അന്‍വറിനെതിരെ മാത്രം അന്വേഷണം നടത്താന്‍ കത്ത് നല്‍കിയിട്ടില്ലെന്ന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്വകാര്യ വ്യക്തികള്‍ ഫോണ്‍ ചോര്‍ത്തുന്നുണ്ടോ എന്ന് അന്വേഷിക്കാനാണ് പറഞ്ഞത്. 2 ദിവസം കൂടി കാത്തിരുന്ന ശേഷം ഇക്കാര്യത്തില്‍ അടുത്ത നടപടി സ്വീകരിക്കും. സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിക്ക് എതിരായ പരാതി അന്‍വര്‍ നല്‍കിയാല്‍ അന്വേഷിക്കുമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി.

◾ പി.വി അന്‍വറിനെതിരെ വിമര്‍ശനവുമായി നടന്‍ വിനായകന്‍. യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്പരുതെന്ന് പറഞ്ഞ് തുടങ്ങുന്ന ഫെയ്സ്ബുക് പോസ്റ്റില്‍ അന്‍വറിനോട് മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം നിര്‍ത്തി പോകാന്‍ ആവശ്യപ്പെടുന്നുണ്ട്.പോസ്റ്റിന്റെ അവസാനത്തില്‍ യുവതി യുവാക്കളെ, 'ഇദ്ദേഹത്തെ നമ്പരുത്' നിങ്ങള്‍ നിങ്ങളുടെ സ്വന്തം രാഷ്ട്രീയത്തിലേക്ക് പറന്നു പോകൂവെന്നാണ് പറയുന്നത്.

◾ ഡോ വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന്റെ മാനസിക നില പരിശോധിക്കണമെന്ന് സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

◾ സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം പഠനാവശ്യത്തിന് ഏറ്റെടുക്കുമെന്ന കളമശ്ശേരി മെഡിക്കല്‍ കോളേജ് സമിതിയുടെ തീരുമാനം ചോദ്യം ചെയ്ത് അദ്ദേഹത്തിന്റെ മകള്‍ ആശ ഹൈക്കോടതിയില്‍ വീണ്ടും ഹര്‍ജി നല്‍കി. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ നടത്തിയ ഹിയറിംഗ് നിയമപ്രകാരമായിരുന്നില്ലെന്നും ആശാ ലോറന്‍സ് ഹര്‍ജിയില്‍ വാദം ഉന്നയിച്ചേക്കും.

◾ കേരളത്തിന്റെ ആരോഗ്യ രംഗത്തെ അഭിനന്ദിച്ച് നീതി ആയോഗ് മെമ്പര്‍ ഡോ. വിനോദ് കെ. പോള്‍. കുട്ടികളുടെ ആരോഗ്യത്തില്‍ കേരളം മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും രാജ്യത്ത് ഏറ്റവും കുറവ് മാതൃമരണ നിരക്കും ശിശുമരണ നിരക്കുമുള്ള സംസ്ഥാനമാണ് കേരളം എന്നും അദ്ദേഹം പറഞ്ഞു .

◾ സംസ്ഥാനത്ത് വീണ്ടും എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ ചികിത്സ തേടുകയും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കുകയും വേണം. എല്ലാ ജില്ലകളിലും ഐസൊലേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

◾ തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ത്ഥിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. വിദ്യാര്‍ത്ഥിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു.

◾ ഗവേണന്‍സ് നൗ സംഘടിപ്പിച്ച ഒന്‍പതാമത് ഇന്ത്യാ പൊതുമേഖലാ ഐടി ഫോറത്തില്‍ കെഎസ്ആര്‍ടിസിക്ക് അഭിമാനകരമായ പുരസ്‌കാരം. പൊതുമേഖലയിലെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് നല്‍കിയ മികച്ച സംഭാവനകള്‍ക്കാണ് അംഗീകാരമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

◾ സംസ്ഥാനത്ത് ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട് എന്നീ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ടുള്ളത്.  

◾ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് നടപടി നേരിട്ട ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ച് ഗവര്‍ണര്‍. ഇരുവര്‍ക്കും വീഴ്ച പറ്റിയെന്നായിരുന്നു ചാന്‍സിലര്‍ നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തിയത്. ഭരണസമിതി യോഗത്തിന്റെ മിനിറ്റ്സും ഗവര്‍ണര്‍ മരവിപ്പിച്ചു.

◾ ആറ്റിങ്ങലില്‍ ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന നവ വധുവിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറിന് പിന്നില്‍ കണ്ടെയ്നര്‍ ലോറി ഇടിച്ചു കയറുകയായിരുന്നു. കൊല്ലം കൊട്ടറ സ്വദേശി കൃപ മുകുന്ദന്‍ ആണ് മരിച്ചത്. ഭര്‍ത്താവ് അഖില്‍ ജിത്തിനും അപകടത്തില്‍ പരിക്കേറ്റു.

◾ കേരളത്തിലെ ഐ റ്റി ഐ സ്ഥാപനങ്ങളില്‍ ശനിയാഴ്ച്ച പ്രവര്‍ത്തി ദിവസമായി തുടരുന്നതില്‍ പ്രതിഷേധം ശക്തമാക്കി കെ എസ് യു. സംസ്ഥാന വ്യാപകമായി ഐ റ്റി ഐകളില്‍ ഇന്ന്  കെ എസ് യു പഠിപ്പുമുടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ അറിയിച്ചു.

◾ മലപ്പുറം പൊന്നാനിയില്‍ ഡോക്ടര്‍ക്കുനേരെ കത്തി വീശിയ യുവാവ് അറസ്റ്റില്‍. താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് നേരെ കത്തി വീശി ഭീഷണിപ്പെടുത്തിയ കേസില്‍ പൊന്നാനി സ്വദേശി സക്കീര്‍ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

◾ ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കൊല്ലം റൂറല്‍ ക്രൈംബ്രാഞ്ച് തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് റിപ്പോര്‍ട്ട് നല്‍കിയത്. കുറ്റപത്രത്തിലെ വസ്തുതകളില്‍ കൂടുതലായി ഒന്നും വെളിവായിട്ടില്ലെന്നാണ് തുടരന്വേഷണ റിപ്പോര്‍ട്ട്.

◾ ലെബനനിലെ പേജര്‍ സ്ഫോടനത്തില്‍ പങ്കുണ്ടെന്ന ആരോപണങ്ങള്‍ ഉയര്‍ന്ന മലയാളിയായ റിന്‍സണ്‍ ജോസിനെതിരെ സെര്‍ച്ച് വാറണ്ട് പുറപ്പെടുവിച്ച് നോര്‍വേ പോലീസ്. അന്താരാഷ്ട്ര തലത്തിലാണ് സെര്‍ച്ച് വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളത്. യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചതായും അന്വേഷണം ആരംഭിച്ചതായും ക്രിമിനല്‍ അന്വേഷണവിഭാഗമായ ക്രിപ്പോസ് സ്ഥിരീകരിച്ചു. റിന്‍സണ്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ കാണാനില്ലെന്ന വെളിപ്പെടുത്തലിലാണ് സെര്‍ച്ച് വാറണ്ടെന്നാണ് വിവരം.

◾ അന്തരിച്ച നേതാവ് സീതാറാം യെച്ചൂരിക്ക് പകരം സ്ഥിരം ജനറല്‍ സെക്രട്ടറി ഇപ്പോള്‍ വേണ്ടെന്ന് സിപിഎം പിബിയില്‍ ധാരണ. സ്ഥിരം ജനറല്‍ സെക്രട്ടറിയെ പാര്‍ട്ടി കോണ്‍ഗ്രസില്‍ തെരഞ്ഞെടുക്കാം എന്ന നിലപാട് പല അംഗങ്ങളും യോഗത്തെ അറിയിച്ചു. പിബി തീരുമാനം കേന്ദ്ര കമ്മിറ്റിയില്‍ അവതരിപ്പിക്കും. ഇതിലാവും അന്തിമ തീരുമാനം കൈക്കൊള്ളുക. സീതാറാം യെച്ചൂരിയെ അനുസ്മരിക്കാന്‍ സിപിഎം സിസി സംഘടിപ്പിക്കുന്ന സമ്മേളനം ഇന്ന് ഡല്‍ഹിയില്‍ നടക്കും. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പടെ ഇന്ത്യ സഖ്യത്തിലെ  നേതാക്കളും അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കും.

◾ ഇന്നത്തെ തന്റെ ക്ഷേത്ര ദര്‍ശനം ഉപേക്ഷിച്ചതായി വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷനും മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ജഗന്‍മോഹന്‍ റെഡ്ഡി. തന്റെ ക്ഷേത്ര സന്ദര്‍ശനം രാഷ്ട്രീയവത്കരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെന്നാണ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ആരോപണം. പല വൈഎസ്ആര്‍സിപി നേതാക്കളെയും വീട്ടുതടങ്കലില്‍ ആക്കിയെന്നും അദ്ദേഹം വിമര്‍ശിച്ചു.

◾ വ്യാജ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ഇന്ത്യയില്‍ ജീവിക്കാന്‍ ശ്രമിച്ചതിന് ബംഗ്ലാദേശി പോണ്‍ താരം അറസ്റ്റില്‍. മുംബൈയിലെ ഉല്ലാസ് നഗറില്‍ നിന്നാണ് അരോഹി ബര്‍ദെ എന്നറിയപ്പെടുന്ന റിയ ബര്‍ദെയെ അറസ്റ്റ് ചെയ്തത്.

◾ മൈസൂരു നഗരവികസന അതോറിറ്റി ഭൂമിയിടപാട് കേസില്‍ ഹൈക്കോടതിയില്‍നിന്ന് തിരിച്ചടി നേരിട്ടതിനുപിന്നാലെ കര്‍ണാടക മുഖ്യമന്ത്രി ജി. സിദ്ധരാമയ്യയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ലോകായുക്ത.മുഡ കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രിയെ വിചാരണ ചെയ്യാന്‍ ഗവര്‍ണര്‍ തവാര്‍ ചന്ദ് ഗെഹ്ലോത് നേരത്തെ അനുമതി നല്‍കിയിരുന്നു.

◾ മുഡ കുംഭകോണത്തില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ലോകായുക്ത കേസെടുത്തിരിക്കെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും കുടുംബാംഗങ്ങള്‍ക്കും എതിരെ ലോകായുക്തയില്‍ പരാതി. സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈവശപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് ബിജെപി നേതാവിന്റെ പരാതി. ഖാര്‍ഗെയുടെ കുടുംബവുമായി ബന്ധമുള്ള സിദ്ധാര്‍ത്ഥ് വിഹാര്‍ ട്രസ്റ്റിന് അഞ്ച് ഏക്കര്‍ ഭൂമി അനുവദിച്ചതില്‍ ക്രമക്കേട് ഉണ്ടെന്നാണ് പ്രധാന ആരോപണം.

◾ ചരിത്രപരമായ പ്രതിരോധ കരാറൊപ്പിടാന്‍ ഇന്ത്യ. യൂറോപ്പിലേക്ക് 2,000 യന്ത്രത്തോക്കുകള്‍ കയറ്റുമതി ചെയ്യാന്‍ ഇന്ത്യയുടെ ചെറുകിട ആയുധ ഫാക്ടറി കരാറൊപ്പിടും. സുരക്ഷാ കാരണങ്ങളാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

◾ ഹമാസ് കീഴടങ്ങണമെന്നും ഹിസ്ബുള്ളയെ ഇല്ലാതാക്കുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസ് അധികാരത്തില്‍ തുടര്‍ന്നാല്‍ അവര്‍ വീണ്ടും പുനഃസംഘടിപ്പിക്കപ്പെടുമെന്നും ഇസ്രയേലിനെ വീണ്ടും വീണ്ടും ആക്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹമാസ് ആയുധംവെച്ച് കീഴടങ്ങി ബന്ദികളെ മോചിപ്പിച്ചാല്‍ ഇപ്പോഴുള്ള യുദ്ധം അവസാനിക്കുമെന്നും നെതന്യാഹു യു.എന്‍. പൊതുസഭയില്‍ അഭിപ്രായപ്പെട്ടു.

◾ ഒരു സംസ്ഥാനത്തിന്റെ പ്രതിശീര്‍ഷ വരുമാനം അതിന്റെ സമ്പദ്വ്യവസ്ഥയെയും മൊത്തത്തിലുള്ള വളര്‍ച്ചയെയും കാണിക്കുന്നതില്‍ ഒരു പ്രധാന ഘടകം വഹിക്കുന്നു. സംസ്ഥാനത്തെ പൗരന്മാരുടെ ശരാശരി വരുമാനം അനുസരിച്ചാണ് പ്രതിശീര്‍ഷ വരുമാനവും ഉയരുന്നത്. ഭരണ നിര്‍വഹണം, വിഭവ സമാഹരണം, പ്രാദേശിക വ്യവസായങ്ങള്‍ എന്നിവയുടെ കാര്യക്ഷമതയും ഫലപ്രാപ്തിയും എടുത്തു കാണിക്കുന്നതാണ് ഈ സൂചിക. ഏറ്റവും ഉയര്‍ന്ന പ്രതിശീര്‍ഷ വരുമാനമുളള ആദ്യ 5 സംസ്ഥാനങ്ങളില്‍ കേരളമില്ല എന്നത് ശ്രദ്ധേയമാണ്. 100.32 ശതമാനമാണ് കേരളത്തിന്റെ പ്രതിശീര്‍ഷ വരുമാനം. 176.8 ശതമാനം പ്രതിശീര്‍ഷ വരുമാനവുമായി തെലങ്കാനയാണ് ഒന്നാം സ്ഥാനത്തുളളത്. ഹരിയാനയുടെയും പ്രതീശീര്‍ഷ വരുമാനം 176.8 ശതമാനമാണ്. 167.5 ശതമാനം ആളോഹരി വരുമാനവുമായി ദേശീയ തലസ്ഥാനമായ ഡല്‍ഹി മൂന്നാം സ്ഥാനത്താണ്. വിനോദം, നിര്‍മ്മാണം, ധനകാര്യം തുടങ്ങിയ പ്രധാന മേഖലകളില്‍ വേരുകളുള്ള മഹാരാഷ്ട്ര 150.7 ശതമാനം പ്രതിശീര്‍ഷ വരുമാനവുമായി നാലാം സ്ഥാനത്താണ്. 145.5 ശതമാനമാണ് ഉത്തരാഖണ്ഡിന്റെ പ്രതിശീര്‍ഷ വരുമാനം.

◾ വിഷ്ണു ഉണ്ണികൃഷ്ണന്‍, ദീപക് പറമ്പോല്‍, ഷൈന്‍ ടോം ചാക്കോ, മാളവിക മേനോന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'പതിമൂന്നാം രാത്രി'യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ന്യൂ ഇയര്‍ ദിവസം രാത്രിയില്‍ മൂന്ന് വ്യക്തികള്‍ക്കിടയിസ് നടക്കുന്ന അപ്രതീക്ഷിതമായ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ചിത്രം ഒക്ടോബറില്‍ തിയറ്ററുകളില്‍ എത്തും. നവാഗതനായ മനേഷ് ബാബു ആണ് പതിമൂന്നാം രാത്രി സംവിധാനം ചെയ്യുന്നത്. ഡി2കെ ഫിലിംസിന്റെ ബാനറില്‍ മേരി മൈഷയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. ഇവരെ കൂടാതെ വിജയ് ബാബു, സോഹന്‍ സീനുലാല്‍, ഡെയ്ന്‍ ഡേവിസ്, രജിത് കുമാര്‍, അസിം ജമാല്‍, കോട്ടയം രമേശ്, സാജന്‍ പള്ളുരുത്തി, ഹരി പ്രശാന്ത്, ഡിസ്നി ജെയിംസ്, അര്‍ച്ചന കവി, മീനാക്ഷി രവീന്ദ്രന്‍, സ്മിനു സിജോ, സോന നായര്‍, ആര്യ ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

◾ നൈന്റീസ് കിഡ്‌സിനെ എല്ലാ പ്രശ്‌നങ്ങളില്‍ നിന്നും രക്ഷിക്കാന്‍ 'ശക്തിമാന്‍' വീണ്ടുമെത്തി. യൂട്യൂബിലൂടെയാണ് ശക്തിമാന്‍ വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. 19 വര്‍ഷത്തിന് ശേഷം തിരികെ എത്തിയ ശക്തിമാന് വന്‍ സ്വീകാര്യതയാണ് യൂട്യൂബില്‍ ലഭിക്കുന്നത്. ശക്തിമാനായി എത്തിയ മുകേഷ് ഖന്ന ആയിരുന്നു തൊണ്ണൂറുകളിലെ കുട്ടികളുടെ പ്രിയപ്പെട്ട സൂപ്പര്‍ ഹീറോ. യൂട്യൂബിലൂടെ തിരികെ എത്തിയ ശക്തിമാന്റെ ആദ്യ എപ്പിസോഡ് മൂന്ന് ലക്ഷത്തോളം ആളുകളാണ് ഇതുവരെ കണ്ടിരിക്കുന്നത്. അള്‍ട്രാ മലയാളം എന്ന യൂട്യൂബിലൂടെയാണ് ശക്തിമാന്‍ വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. നേരത്തെ ഇവര്‍ പുറത്തിറക്കിയ ഹിന്ദി പതിപ്പിനും വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് മലയാളത്തിലും ശക്തിമാനെത്തിയത്. അഞ്ച് ദിവസം കൂടുമ്പോള്‍ ഓരോ എപ്പിസോഡ് വീതമാണ് നിലവില്‍ പുറത്തിറക്കുന്നത്.

◾ ടിവിഎസ് മോട്ടോര്‍ കമ്പനി റൈഡര്‍ 125 കമ്മ്യൂട്ടര്‍ ബൈക്കിന്റെ പുതിയ എന്‍ട്രി ലെവല്‍ വേരിയന്റ് പുറത്തിറക്കി. ഈ മോഡലിന്റെ മുന്നിലും പിന്നിലും ഡ്രം ബ്രേക്കുകള്‍ ഉള്‍ക്കൊള്ളുന്നു. സിംഗിള്‍-ഡിസ്‌ക് വേരിയന്റിന് താഴെ സ്ഥിതി ചെയ്യുന്ന പുതിയ ഡ്രം പതിപ്പിന് 84,469 രൂപയാണ് എക്സ്-ഷോറൂം വില. ഇത്  വിക്കഡ് ബ്ലാക്ക്, സ്ട്രൈക്കിംഗ് റെഡ് എന്നിങ്ങനെ രണ്ട് വര്‍ണ്ണ സ്‌കീമുകളില്‍ ലഭ്യമാണ്. മറ്റ് വേരിയന്റുകളില്‍ വാഗ്ദാനം ചെയ്യുന്ന 240 എംഎം ഡിസ്‌ക് ബ്രേക്കിന് പകരം 130 എംഎം ഡ്രം ബ്രേക്കാണ് പുതിയതും താങ്ങാനാവുന്നതുമായ വേരിയന്റില്‍ സജ്ജീകരിച്ചിരിക്കുന്നത്. സിബിഎസ് സഹിതമാണ് ഈ പുതിയ ബൈക്ക് എത്തുന്നത്. പുതിയ ടിവിഎസ് റൈഡര്‍ 125 ഡ്രം വേരിയന്റിന് കരുത്തേകുന്നത് 11.4 ബിഎച്ച്പിയും 11.2 എന്‍എം ടോര്‍ക്കും നല്‍കുന്ന അതേ 124.8 സിസി, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ്.


Post a Comment

0 Comments