പ്രഭാത വാർത്തകൾ
2024 | സെപ്റ്റംബർ 3 | ചൊവ്വ
1200 | ചിങ്ങം 18 | പൂരം
1446 | സഫർ | 28.
➖➖➖➖➖➖➖➖
◾ നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വര്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച എഡിജിപി എം.ആര്‍. അജിത്കുമാറിനേയും പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയേയും തല്‍സ്ഥാനത്ത് നിന്ന് മാറ്റാതെ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. മലപ്പുറത്ത് പൊലീസ് ക്വാര്‍ട്ടേഴ്സിലെ മരം മുറി കേസൊതുക്കാന്‍ പി.വി അന്‍വര്‍ എംഎല്‍എയെ ഫോണില്‍ വിളിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ച പത്തനംതിട്ട എസ്പി സുജിത് ദാസിനേയും സസ്പെന്‍ഡ് ചെയ്യാതെ നടപടി സ്ഥലംമാറ്റത്തിലൊതുക്കി. എഡിജിപി അജിത് കുമാറിനെ സ്ഥാനത്ത് നിലനിര്‍ത്തിക്കൊണ്ടുള്ള അദ്ദേഹത്തിനെതിരായ ആരോപണങ്ങളില്‍ ഡിജിപി ഷെയ്ക് ദര്‍വേസ് സാഹിബ് നേരിട്ടാണ് അന്വേഷണം നടത്തുക. പത്തനംതിട്ട എസ്പിയായിരുന്ന സുജിത് ദാസിനോട് ഡിജിപി ഷെയ്ഖ് ദര്‍വേസ് സാഹിബിന് മുന്നില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പത്തനംതിട്ട എസ്പി സ്ഥാനത്ത് വിജി വിനോദ് കുമാറിനെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. പത്തനംതിട്ട എസ്പിക്കെതിരെ കടുത്ത നടപടി സ്വീകരിച്ചാല്‍ അത് മറ്റ് രണ്ട് പേര്‍ക്കെതിരെയും ശക്തമായ നടപടിയെടുക്കാന്‍ സമ്മര്‍ദ്ദമേറ്റുമെന്ന കാരണത്താലാണ് എസ്പിക്കെതിരായ നടപടി സ്ഥലംമാറ്റത്തില്‍ ഒതുക്കിയതെന്നും ആരോപണം ഉയരുന്നുണ്ട്.
◾ എ.കെ.ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാന്‍ എന്‍സിപിയില്‍ സമ്മര്‍ദ്ദം. തോമസ് കെ തോമസ് എംഎല്‍എയാണ് മന്ത്രിസ്ഥാനത്തിനായി പടയൊരുക്കം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അദ്ദേഹത്തിന് പിസി ചാക്കോയുടെ പിന്തുണയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മന്ത്രിസ്ഥാനത്ത് നിന്ന് മാറേണ്ടി വന്നാല്‍ താന്‍ എംഎല്‍എ സ്ഥാനവും രാജിവെക്കും എന്നാണ് ശശീന്ദ്രന്റെ ഭീഷണി. ഇതോടെ വിഷയത്തില്‍ അന്തിമ തീരുമാനം ശരദ് പവാറിന് വിട്ടതായാണ് സൂചന.
◾ എ കെ ശശീന്ദ്രനെ മാറ്റണമെന്ന ആവശ്യം എന്‍സിപി സംസ്ഥാന നേതൃത്വം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോ. അത്തരം ആവശ്യങ്ങളില്‍ തീരുമാനം എടുക്കേണ്ടത് ശരത് പവാറാണെന്നും കൊച്ചിയില്‍ നടന്ന ജില്ലാ പ്രസിഡന്റുമാരുടെ യോഗത്തില്‍ മന്ത്രിയെ മാറ്റാന്‍ ഒരു ചര്‍ച്ചയും നടന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
◾ നിലമ്പൂര്‍ എം എല്‍ എ പി.വി.അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം ആരോപണവിധേയരെ രക്ഷിക്കാനെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി. മുഖ്യമന്ത്രിയുടെയും ഓഫീസിന്റെയും പങ്ക് അന്വേഷിക്കണമെന്നും സര്‍ക്കാരിന് കീഴിലുള്ള ഉദ്യോഗസ്ഥരെ വെച്ചുള്ള അന്വേഷണം സ്വീകാര്യമല്ലെന്നും കേസ് സി ബി ഐക്ക് വിടണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
◾ സോളാര്‍ കേസുമായി ബന്ധപ്പെട്ട് തനിക്കെതിരായ പി വി അന്‍വറിന്റെ ആരോപണത്തെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് പൊട്ടിച്ചിരിച്ച് കെ സി വേണുഗോപാല്‍. കേസ് കോടതി മുന്‍പാകെ വന്നല്ലോയെന്നും താനാരെയും ഭയപ്പെടുന്നില്ലെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ആരോപണവിധേയരെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവും അദ്ദേഹം ഉന്നയിച്ചു .
◾ എം എല്‍ എ പി വി അന്‍വറിന് പിന്നാലെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ വിമര്‍ശനവുമായി മുന്‍ ഇടത് സ്വതന്ത്ര എംഎല്‍എ കാരാട്ട് റസാഖ്. പി ശശി ധിക്കാരിയും അഹങ്കാരിയുമാണെന്നും പദവിയുപയോഗിച്ച് ഉദ്യോഗസ്ഥരുടെ കൊള്ളയ്ക്കും കൊലയ്ക്കും പി ശശി സംരക്ഷണം നല്‍കുകയാണെന്നും, പാര്‍ട്ടിക്കാര്‍ക്കല്ല കള്ളന്മാര്‍ക്കും കൊള്ളക്കാര്‍ക്കുമാണ് ശശി പരിഗണന നല്‍കുന്നതെന്നും റസാഖ് പ്രതികരിച്ചു.
◾ ഭരണപക്ഷ എം.എല്‍എ പി.വി അന്‍വറിന്റെ വെളിപ്പെടുത്തലുകള്‍ അതീവ ഗുരുതരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് നേരെയാണ് ഈ ആരോപണങ്ങളുടെ കുന്തമുനയെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം. അന്‍വറിന്റെ ആരോപണങ്ങള്‍ നിസ്സാരമായി തള്ളിക്കളയാന്‍ കഴിയുന്നതല്ലെന്നും മുഖ്യമന്ത്രിയുടെ ഇഷ്ടതോഴന്മാരായ പി. ശശിക്കും അജിത് കുമാറിനും എതിരെയാണ് അന്‍വര്‍ രംഗത്ത് വന്നിരിക്കുന്നതെന്നും പി.എം.എ സലാം പറഞ്ഞു. മുഖ്യമന്ത്രിയുടെ സംഘത്തിലെ തലവന്മാരെക്കുറിച്ചാണ് അന്‍വര്‍ വെളിപ്പെടുത്തലുകള്‍ നടത്തിയതെന്നും അതുകൊണ്ട് തന്നെ ഈ ആരോപണങ്ങളുടെ പ്രതിസ്ഥാനത്തുള്ളത് മുഖ്യമന്ത്രിയാണെന്നും പി.എം.എ സലാം പറഞ്ഞു.
◾ നിസാരമായി തള്ളിക്കളയാവുന്ന കാര്യങ്ങളല്ല എംഎല്‍എ എന്ന നിലയ്ക്ക് അന്‍വര്‍ നടത്തിയ വെളിപ്പെടുത്തലെന്ന് കെഎം ഷാജി എംഎല്‍എ. അന്‍വറിന്റെ ആരോപണങ്ങള്‍ മുഖവിലക്കെടുക്കേണ്ടതാണെന്നും ഇത് എഡിജിപി അജിത്ത് കുമാറിലോ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയിലോ നില്‍ക്കില്ലെന്നും ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അദ്ദേഹം ആരോപിച്ചു.
◾ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വിശദമായ സുരക്ഷാപരിശോധന നടത്തും. 12 മാസത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാക്കാന്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് മേല്‍നോട്ട സമിതിയുടെ ഇന്നലെ ചേര്‍ന്ന യോഗം തീരുമാനം എടുത്തു. കേരളത്തിന്റെ നിരന്തര ആവശ്യമായിരുന്നു വിശദമായ അണക്കെട്ട് സുരക്ഷാപരിശോധന. ഇതിനാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ചിരിക്കുന്നത്.
◾ നെഹ്റു ട്രോഫി വള്ളംകളി ഈ മാസം 28ന് നടത്തണമെന്നാവശ്യപ്പെട്ട് വള്ളംകളി സംരക്ഷണ സമിതി കലക്ടര്‍ക്ക് നിവേദനം നല്‍കി. എന്‍ടിബിആര്‍ സൊസൈറ്റി യോഗം വിളിച്ച് എത്രയും വേഗം തീരുമാനം എടുക്കും എന്ന് കളക്ടര്‍ വള്ളംകളി സംരക്ഷണസമിതിയ്ക്ക് ഉറപ്പ് നല്‍കി.
◾ സിനിമയില്‍ അവസരം തരാമെന്ന് പറഞ്ഞ് ആലുവയിലെ വീട്ടില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ ആരോപണത്തില്‍ നടന്‍ ബാബുരാജിനെതിരേ കേസെടുത്തു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം അടിമാലി പോലീസാണ് കേസെടുത്തത്. ഉപദ്രവിക്കപ്പെട്ടതിന്റെ പിറ്റേദിവസം മാത്രമാണ് തനിക്ക് അവിടെ നിന്ന് രക്ഷപ്പെടാനായതെന്നും തനിക്ക് അറിയാവുന്ന മറ്റു പെണ്‍കുട്ടികള്‍ക്കും ബാബുരാജില്‍ നിന്ന് സമാന അനുഭവം ഉണ്ടായിട്ടുണ്ടെന്നും ഇവര്‍ ആരോപിച്ചു.
◾ നടന്‍ ജയസൂര്യ ലൈംഗികാതിക്രമം കാട്ടിയെന്ന നടിയുടെ പരാതിയില്‍ പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങി. തൊടുപുഴ പൊലീസ് ആണ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. അന്വേഷണത്തിന്റെ ഭാഗമായി നടിയില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു.
◾ തനിക്കെതിരെ ഉയരുന്ന ലൈംഗിക അതിക്രമ കേസില്‍ പ്രതികരണവുമായി നടന്‍ സുധീഷ്. ജൂനിയര്‍ ആര്‍ടിസ്റ്റായ നടിയുടെ ആരോപണത്തില്‍ വിശദമായി മറുപടി പറയുമെന്നും ചില കാര്യങ്ങള്‍ തുറന്ന് പറയാനുണ്ടെന്നും വൈകാതെ മാധ്യമങ്ങളെ കണ്ട് കാര്യങ്ങള്‍ അറിയിക്കുമെന്നും സുധീഷ് വിശദീകരിച്ചു.
◾ മലപ്പുറം എസ് പി ശശിധരനെതിരെ പരാതിയുമായി ബാബുരാജിനെതിരെ ലൈംഗിക പീഡനം ആരോപിച്ച യുവതി രംഗത്ത്. മലപ്പുറം എസ് പി ശശിധരനെതിരെ നടപടി ആവശ്യപ്പെട്ട് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ യുവതി പരാതി നല്‍കി. വിവരം നേരത്തെ അറിഞ്ഞിട്ടും ശശിധരന്‍ കുറ്റം മറച്ചുവെച്ചെന്നാണ് പരാതിയില്‍ പറയുന്നത്.
◾ എംഎല്‍എ മുകേഷിന് ജാമ്യം നല്‍കരുതെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചു . ബലാത്സംഗ ആരോപണമാണ് എംഎല്‍എക്കെതിരെ ഉയര്‍ന്നിരിക്കുന്നതെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെട്ടു. ഹര്‍ജിയില്‍ ഇന്നും വാദം തുടരും.
◾ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. അഭിഭാഷകരായ എ ജന്നത്ത്, അമ്യത പ്രേംജിത്ത് എന്നിവരാണ് കോടതിയെ സമീപിച്ചത് . ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട് നിലവില്‍ നടക്കുന്ന അന്വേഷണവും സി ബി ഐക്ക് കൈമാറണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
◾ പ്രശസ്ത സംഗീത സംവിധായകന്‍ മോഹന്‍ സിതാര ബിജെപിയില്‍ ചേര്‍ന്നു. തൃശ്ശൂര്‍ സ്വദേശിയായ ഇദ്ദേഹം ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ അനീഷ് കുമാറില്‍ നിന്ന് അംഗത്വം സ്വീകരിച്ചു.
◾ ഓണത്തിനോടനുബന്ധിച്ച് സപ്ലൈകോ സംസ്ഥാന വ്യാപകമായി സെപ്റ്റംബര്‍ അഞ്ച് മുതല്‍ 14 വരെ ഓണം ഫെയറുകള്‍ സംഘടിപ്പിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഓണം ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബര്‍ 5 ന് വൈകിട്ട് 5 മണിക്ക് കിഴക്കേകോട്ട ഇ.കെ നായനാര്‍ പാര്‍ക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
◾ സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ ജയില്‍മോചനം ഉടനെയുണ്ടാകും. നടപടിക്രമങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. നാട്ടിലേക്കു പോകുന്നതിനുള്ള ഔട്ട് പാസുമായി ജയിലില്‍നിന്നും നേരിട്ടായിരിക്കും നാട്ടിലേക്കു പോവുക.
◾ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ ആറ് മാസത്തോളമായി കോമയില്‍ കഴിയുന്ന ഒമ്പതുവയസുകാരിക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. കുട്ടിയുടെ ചികിത്സക്ക് അധിക സാമ്പത്തിക ബാധ്യത വരുന്നുണ്ടോ എന്ന് പരിശോധിച്ച് നടപടികള്‍ സ്വീകരിക്കുമെന്നും വീണ ജോര്‍ജ് പ്രതികരിച്ചു.
◾ ചേര്‍ത്തലയില്‍ കാണാതായ നവജാതശിശുവിന്റെ മൃതദേഹം അമ്മയുടെ ആണ്‍സുഹൃത്തിന്റെ വീട്ടിലെ ശൗചാലയത്തില്‍ കുഴിച്ചിട്ടനിലയില്‍ കണ്ടെത്തി. കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് ഇവര്‍ മൊഴി നല്‍കിയിരിക്കുന്നത്. കുഞ്ഞിന്റെ അമ്മ ചേര്‍ത്തല ചേന്നം പള്ളിപ്പുറം 17-ാം വാര്‍ഡ് സ്വദേശിനി ആശ(35), സുഹൃത്ത് രതീഷ്(38) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
◾ സംസ്ഥാനത്ത് അടുത്ത 7 ദിവസം വ്യാപകമായ നേരിയ / ഇടത്തരം മഴക്കും ഒറ്റപെട്ട സ്ഥലങ്ങളില്‍ സെപ്റ്റംബര്‍ 4 -ാം തീയതിവരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. കിഴക്കന്‍ വിദര്‍ഭക്കും തെലുങ്കാനക്കും മുകളിലായി സ്ഥിതി ചെയ്യുന്ന തീവ്ര ന്യുനമര്‍ദ്ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ ശക്തി കൂടിയ ന്യുനമര്‍ദ്ദമായി മാറാന്‍ സാധ്യതയുള്ളതിനാലാണ് കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴ പ്രവചിക്കുന്നത്.
◾ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ചെയര്‍ പേഴ്‌സണ്‍ മാധബി പുരി ബുച്ചിനെതിരേ ആരോപണവുമായി കോണ്‍ഗ്രസ്. 2017-2024 കാലത്ത് ഐ.സി.ഐ.സി.ഐ. ബാങ്കില്‍നിന്ന് ശമ്പളമായി 12 കോടിയിലധികം രൂപ മാധബി കൈപ്പറ്റിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ആരോപിച്ചു.
◾ കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധം കനക്കുന്നതിനിടെ ബലാല്‍സംഗ കേസ് പ്രതികള്‍ക്ക് വേഗത്തില്‍ ശിക്ഷ ഉറപ്പാക്കുന്ന നിയമ ഭേദഗതിക്ക് ബംഗാള്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. 'അപരാജിത വുമണ്‍ ആന്‍ഡ് ചൈല്‍ഡ് ബില്‍ 2024' ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. ഇതിനായി പ്രത്യേക നിയമസഭാ സമ്മേളനം ഇന്നലെ തുടങ്ങി. മുഖ്യമന്ത്രി മമത ബാനര്‍ജി ബില്‍ സഭയില്‍ അവതരിപ്പിക്കുമെന്നാണ് സൂചന.
◾ കൊല്‍ക്കത്ത ആര്‍ജി കര്‍ ആശുപത്രിയിലെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ് സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായി. വനിത ഡോക്ടര്‍ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആര്‍ജി കര്‍ ആശുപത്രിയിലെ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് സിബിഐ അന്വേഷണം നടത്തുന്നുണ്ട്. ആശുപത്രിയിലേക്ക് രോഗികള്‍ക്കാവശ്യമായ ഉപകരണങ്ങള്‍ വാങ്ങിയതിലെ ക്രമക്കേട് ഉള്‍പ്പെടെയാണ് അന്വേഷിക്കുന്നത്.
◾ രൂക്ഷമായ മഴക്കെടുതിയില്‍ വലഞ്ഞ് ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങള്‍. മഴക്കെടുതിയില്‍ പെട്ട് ആന്ധ്രാപ്രദേശില്‍ 17 പേരും തെലങ്കാനയില്‍ 10 പേരും മരിച്ചു. ഇരു സംസ്ഥാനങ്ങളിലെയും മിന്നല്‍പ്രളയം ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ആവശ്യപ്പെട്ടു. ആന്ധ്രയില്‍ വെള്ളം കയറിയ താഴ്ന്ന മേഖലകളില്‍ നിന്ന് ഏതാണ്ട് 13,000 ത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചെന്നാണ് കണക്ക്. റെയില്‍വേ ട്രാക്കുകളിലും റോഡുകളിലും വെള്ളം കയറിയതോടെ കേരളത്തിലേക്ക് ഉള്‍പ്പടെയുള്ള 140 തീവണ്ടികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ റദ്ദാക്കുകയോ വഴി തിരിച്ച് വിടുകയോ ചെയ്തു.
◾ കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനായി 13,966 കോടി രൂപയുടെ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് കര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ ലക്ഷ്യംവച്ചുള്ള പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയത്.
◾ ജമ്മു കശ്മീരിലെ സുന്‍ജ്വാനില്‍ സൈനിക കേന്ദ്രത്തിന് നേരെ ഭീകരരുടെ വെടിവെപ്പ്. ഒരു സൈനികന് പരിക്കേറ്റു. ഭീകരരെ കണ്ടെത്താനായി സൈന്യം പ്രദേശത്ത് വ്യാപക തെരച്ചില്‍ തുടങ്ങി.
◾ പാരാലിംപിക്സില്‍ ഇന്ത്യയ്ക്കു മൂന്നാം സ്വര്‍ണം. പുരുഷ ജാവലിന്‍ ത്രോ എഫ് 64 വിഭാഗത്തില്‍ സുമിത് ആന്റില്‍ സ്വര്‍ണം നേടി. പാരാലിംപിക് റെക്കോര്‍ഡായ 70.59 മീറ്റര്‍ ദൂരം എറിഞ്ഞാണ് സുമിത് ഒന്നാം സ്ഥാനത്തെത്തിയത്. പുരുഷ സിംഗിള്‍സ് ബാഡ്മിന്റന്‍ എസ്എല്‍ 3 ഇനത്തില്‍ നിതേഷ് കുമാറും ഇന്നലെ സ്വര്‍ണം നേടിയിരുന്നു. ഇതോടെ പാരാലിംപിക്സില്‍ ഇന്ത്യയ്ക്ക് 14 മെഡലുകളായി. മൂന്ന് സ്വര്‍ണവും അഞ്ച് വെള്ളിയും ആറ് വെങ്കലവുമാണ് ഇന്ത്യ ഇതുവരെ നേടിയത്.
◾ ഏഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യന്‍ രൂപയുടെ സ്ഥാനം താഴേക്ക്. ഓഗസ്റ്റില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച ഏഷ്യന്‍ കറന്‍സികളില്‍ രണ്ടാമത്തേതാണ് ഇന്ത്യന്‍ രൂപ. ബംഗ്ലാദേശ് ടാക്ക മാത്രമാണ് ഇക്കാര്യത്തില്‍ രൂപയുടെ മുന്നിലുള്ളത്. കഴിഞ്ഞ മാസം 0.2 ശതമാനത്തിന്റെ വിലയിടിവാണ് ഇന്ത്യന്‍ കറന്‍സിക്കുണ്ടായത്. അമേരിക്കന്‍ ഡോളറിന് വിലയിടിവുണ്ടായിട്ടും ഏഷ്യന്‍ കറന്‍സികളില്‍ മോശം പ്രകടനമാണ് രൂപക്കുണ്ടായത്. ഈ വര്‍ഷം രൂപയുടെ മൂല്യത്തില്‍ 0.6 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഹോങ്കോംഗ് ഡോളറിനും സിംഗപ്പൂര്‍ ഡോളറിനും ശേഷം ഏറ്റവും സ്ഥിരതയുള്ള ഏഷ്യയിലെ മൂന്നാമത്തെ കറന്‍സിയായിരുന്നു ഇന്ത്യന്‍ രൂപ. അമേരിക്കന്‍ ഡോളറിനുള്ള ഡിമാന്റ് വര്‍ധിച്ചതും ആഭ്യന്തര ഓഹരികളില്‍ നിന്നുള്ള പണമൊഴുക്കുമാണ് വിലിയിടിവിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
◾ ബോളിവുഡില്‍ നിന്നും എത്തുന്ന പുതിയ ആക്ഷന്‍ ചിത്രമാണ് 'യുദ്ര'. സിദ്ധാന്ത് ചതുര്‍വേദി നായകനാകുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. സാത്തിയ എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. മാളവിക മോഹനനാണ് ചിത്രത്തില്‍ അതീവ ഗ്ലാമറസായ നായികയായി എത്തുന്നത്. ബോളിവുഡിലെ ഈ വര്‍ഷത്തെ സര്‍പ്രൈസ് ഹിറ്റ്'കില്‍' സിനിമയിലൂടെ ശ്രദ്ധേയനായ രാഘവ് ജുയല്‍ ആണ് പ്രധാന വില്ലന്‍ വേഷത്തില്‍ എത്തുന്നത്. മോം എന്ന ചിത്രം സംവിധാനം ചെയ്ത രവി ഉദ്യവാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷനും വയലന്‍സും നിറഞ്ഞതാണ്. ഒരു അന്താരാഷ്ട്ര മയക്കുമരുന്ന് ഗ്യാങ്ങിനോട് ഏറ്റുമുട്ടാന്‍ ഇറങ്ങുന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. ഗജരാജ് റാവു, രാം കപൂര്‍, രാജ് അര്‍ജുന്‍, ശില്‍പ ശുക്ല എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സെപ്റ്റംബര്‍ 20ന് ആഗോള വ്യാപകമായി ഈ ആക്ഷന്‍ ചിത്രം റിലീസ് ചെയ്യും.
◾ മലയാളത്തില്‍ നിന്ന് 2024ല്‍ വമ്പന്‍ ഹിറ്റായി മാറിയ 'പ്രേമലു' ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുന്നു. അടുത്ത വര്‍ഷം ഓണക്കാലത്ത് 'പ്രേമലു 2' തിയേറ്ററുകളില്‍ റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം. 2025 ജനുവരിയില്‍ യുകെയിലെ വിവിധയിടങ്ങളില്‍ ചിത്രീകരണം ആരംഭിച്ചേക്കും. ഗിരീഷ് എഡി തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. പ്രേമലു 2 കൂടുതല്‍ നര്‍മ്മവും ഊര്‍ജവും നിറഞ്ഞ ചിത്രമായിരിക്കും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്കു ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. സച്ചിന്‍ (നസ്ലെന്‍), റീനു (മമിത), അമല്‍ ഡേവിസ് (സംഗീത് പ്രതാപ്), ആദി (ശ്യാം മോഹന്‍), തോമസ് (മാത്യു), കാര്‍ത്തിക (അഖില ഭാര്‍ഗവന്‍) എന്നീ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് പ്രേമലു 2 ഒരുങ്ങുന്നത്.
◾ കഴിഞ്ഞ മാസം കര്‍വ് ഇവി അവതരിപ്പിച്ചതിന് ശേഷം ടാറ്റ മോട്ടോഴ്‌സ് കര്‍വ് ഐസിഇ പതിപ്പുകളും പുറത്തിറക്കി. കോംപാക്റ്റ് എസ്യുവി വിഭാഗത്തിലേക്കെത്തിയ ടാറ്റ കര്‍വിന്റെ എക്സ്ഷോറൂം വില 9.99 ലക്ഷം രൂപയില്‍ തുടങ്ങി 17.69 ലക്ഷം രൂപ വരെയാണ്. ടാറ്റ മോട്ടോഴ്‌സിന് പുതിയ 1.2 ലിറ്റര്‍ ജിഡിഐ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ ഉണ്ട്, അതിന് ഹൈപ്പീരിയന്‍ എന്ന് പേരിട്ടു. ഈ എഞ്ചിന് 124 ബിഎച്പി കരുത്തും 225 എന്‍എം ടോര്‍ക്കും സൃഷ്ടിക്കാന്‍ കഴിയും. ടാറ്റ കര്‍വ് ക്യുവി വേരിയന്റിന് ടര്‍ബോചാര്‍ജ്ഡ് 1.2 ലിറ്റര്‍ എഞ്ചിന്‍ ലഭിക്കുന്നു. ഈ എഞ്ചിന് പരമാവധി 119 ബിഎച്പി കരുത്തും 170 എന്‍എം ടോര്‍ക്കും സൃഷ്ടിക്കാന്‍ കഴിയും. ഈ രണ്ട് എഞ്ചിനുകളും 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 7-സ്പീഡ് ഡിസിഎ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് വരുന്നത്. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുള്ള രണ്ട് എഞ്ചിന്‍ ഓപ്ഷനുകളും പാഡില്‍ ഷിഫ്റ്ററുകള്‍ സ്വീകരിക്കുന്നു, ഇത് ഗിയര്‍ബോക്‌സിന്റെ മാനുവല്‍ നിയന്ത്രണം അനുവദിക്കുന്നു.
0 Comments