പ്രഭാത വാർത്തകൾ2024 | സെപ്റ്റംബർ 4 | ബുധൻ | MORNING NEWS TODAY

പ്രഭാത വാർത്തകൾ
2024 | സെപ്റ്റംബർ 4 | ബുധൻ | 
1200 | ചിങ്ങം 19 | ഉത്രം 
1446 | സഫർ | 29.
➖➖➖➖➖➖➖➖

◾ വയനാട് ദുരന്ത ബാധിത മേഖലകളിലെ ദുരന്ത ബാധിതരുടെ ഉള്‍പ്പെടെ വൈത്തിരി താലൂക്കിലെ വായ്പകളിന്മേലുള്ള റവന്യു റിക്കവറി നടപടികള്‍ക്ക് സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ജപ്തി നടപടികള്‍ നിര്‍ത്തിവെക്കുമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. റവന്യു മന്ത്രി കെ രാജനാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത് സംബന്ധിച്ച് ഫേയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.

◾ വയനാട് ദുരന്തബാധിതര്‍ക്ക് നല്‍കുന്ന അടിയന്തിര സഹായവും വാടകയും വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിക്ക് കത്തെഴുതി. മേപ്പാടിയില്‍ നിലവിലുള്ള വാടക അപര്യാപ്തമാണെന്നും തുക വര്‍ധിപ്പിക്കുകയും അടിയന്തിര സഹായധനം വര്‍ദ്ധിപ്പിക്കുകയും വേണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.നിലവില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന രണ്ടു മുതിര്‍ന്നവര്‍ക്ക് മുന്നൂറ് രൂപ എന്ന തുക വര്‍ദ്ധിപ്പിക്കുകയും ഒരു മാസം എന്നത് ഒരു വര്‍ഷത്തേക്ക് നീട്ടുകയും വേണമെന്നും കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

◾ അതിഥി തൊഴിലാളി രജിസ്ട്രേഷന് വേണ്ടി ഏകീകൃത പോര്‍ട്ടലും മൊബൈല്‍ ആപ്ലിക്കേഷനും വരുന്നു . മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം. പേര് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ആധാര്‍ അധിഷ്ഠിതമായ യുണീക്ക് നമ്പര്‍ നല്‍കും. ഈ നമ്പര്‍ വിവിധ ഏജന്‍സികള്‍ക്ക് നല്‍കി വിവരങ്ങള്‍ ലഭ്യമാക്കും.

◾ വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ജനങ്ങളെ സര്‍ക്കാരിനെതിരെ തിരിക്കാന്‍ എഡിജിപി എം ആര്‍ അജിത് കുമാര്‍ ശ്രമിച്ചുവെന്ന് സിപിഐ വയനാട് ഘടകം ജില്ലാ സെക്രട്ടറി ഇ ജെ ബാബു ആരോപിച്ചു. സന്നദ്ധ സംഘടനകള്‍ ഭക്ഷണം കൊടുക്കരുതെന്ന് പറഞ്ഞ് അനാവശ്യ വിവാദം ഉണ്ടാക്കിയെന്നും അജിത് കുമാറിന്റെ പല ഇടപെടലുകളിലും തങ്ങള്‍ക്ക് സംശയം ഉണ്ടായിരുന്നുവെന്നും ജില്ലാ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

◾ നിലമ്പൂര്‍ എം എല്‍ എ പി.വി.അന്‍വറിന്റെ ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ശന തീരുമാനമെടുത്തുവെന്ന് സി.പി.എം നേതാവ് എ.കെ. ബാലന്‍. ഈ പറഞ്ഞ കാര്യങ്ങളെല്ലാം ഗൗരവമായ പരിശോധനയ്ക്ക് വിധേയമാക്കും. ഇക്കാര്യങ്ങള്‍ അന്വേഷിച്ച് ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിക്കാനുള്ള നിര്‍ദേശം ഡി.ജി.പിക്ക് നല്‍കിയെന്നും ബാലന്‍ പറഞ്ഞു.

◾ പി വി അന്‍വറിന് പിന്തുണയുമായി എംഎല്‍എ യു പ്രതിഭ . അന്‍വര്‍ പറഞ്ഞത് സത്യസന്ധമായ കാര്യമാണ്. അത് ഒരിക്കലും ആഭ്യന്തര വകുപ്പിന് എതിരല്ലെന്നും യു പ്രതിഭ പറഞ്ഞു. ഐപിഎസ് രംഗത്തുള്ള ഉദ്യോഗസ്ഥന്റെ തെറ്റായ പ്രവണതയാണ് പി വി അന്‍വര്‍ എംഎല്‍എ തുറന്നുകാണിച്ചത്. അദ്ദേഹം പറഞ്ഞ കാര്യത്തില്‍ കഴമ്പ് ഉണ്ടോ എന്നാണ് നോക്കേണ്ടതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

◾ മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ അഴിമതിയാരോപണം ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. കൊച്ചിയിലെ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ഫുട്ബാള്‍ ഗ്രൗണ്ട് നവീകരണത്തിലാണ് ക്രമക്കേട് നടന്നതെന്നും രാഹുല്‍ ആരോപിച്ചു.

◾ പത്തനംതിട്ട എസ്.പി ആയിരുന്ന സുജിത് ദാസിനെതിരെ സ്വര്‍ണക്കടത്ത് ആരോപണം ഉയര്‍ന്നതോടെ അന്വേഷണവുമായി കസ്റ്റംസും. കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് പ്രാഥമിക അന്വേഷണം നടത്തുന്നത്. എംഎല്‍എ പി.വി.അന്‍വര്‍ ഒട്ടേറെ ആരോപണങ്ങള്‍ ഉണയിച്ചതോടൊപ്പം സുജിത് ദാസിനെതിരെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടും ആരോപണം ഉന്നയിച്ചിരുന്നു . ഇതേ തുടര്ന്ന് സുജിത്ത് ദാസിന്റെ നേതൃത്വത്തില്‍ പിടികൂടിയ സ്വര്‍ണക്കടത്ത് കേസുകള്‍ വിശദമായി പരിശോധിക്കാനാണ് കസ്റ്റംസിന്റെ തീരുമാനം.

◾ സംസ്ഥാനത്ത് ആണവ നിലയം സ്ഥാപിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ചെറുകിട വൈദ്യുതി പദ്ധതികള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മന്ത്രി ഇടുക്കിയില്‍ പറഞ്ഞു.

◾ കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ തിരയുകയും ശേഖരിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്യുന്നവര്‍ക്കെതിരെ പോലീസ് നടത്തുന്ന പി-ഹണ്ട് ഓപ്പറേഷന്റെ ഭാഗമായി 455 സ്ഥലങ്ങളില്‍ പരിശോധന. സംസ്ഥാനത്താകെ 37 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ആറ് പേര്‍ അറസ്റ്റിലായിട്ടുണ്ട്.

◾ നെഹ്റു ട്രോഫി വള്ളം കളി ഈ മാസം 28ന് നടക്കും. നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. ഈ മാസം 28ന് ജലമേള നടത്താന്‍ മുഖ്യമന്ത്രി അനുമതി നല്‍കിയതായി മന്ത്രി പി പ്രസാദ് യോഗത്തില്‍ അറിയിക്കുകയായിരുന്നു.

◾ അച്ചടക്ക നടപടി നേരിട്ട പി.കെ.ശശിയെ കെ.ടി.ഡി.സി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നീക്കണമെന്ന് സി.പി.എം പാലക്കാട് ജില്ലാ നേതൃത്വം. ശശിയെ സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് പദവിയില്‍ നിന്നും ഒഴിവാക്കണമെന്ന് അഭിപ്രായപ്പെട്ട സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശം സംസ്ഥാന നേതൃത്വത്തെ അറിയിക്കും.

◾ തൃശൂര്‍ പൂരം വിവാദത്തില്‍ എല്‍ഡിഎഫിനെതിരെ ബിജെപി തൃശൂര്‍ ജില്ലാ കമ്മിറ്റി. തൃശൂര്‍ പൂരം അലങ്കോലമാക്കിയതിന്റെ ഉത്തരവാദി എല്‍ഡിഎഫ് ആണെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ കെകെ അനീഷ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

◾ നടന്‍ പ്രേംകുമാറിന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്റെ താത്ക്കാലിക ചുമതല. രഞ്ജിത്ത് രാജിവെച്ച ഒഴിവിലാണ് നിലവിലെ അക്കാദമി വൈസ് ചെയര്‍മാന്‍കൂടിയായ പ്രേംകുമാറിന് ചെയര്‍മാന്റെ താത്ക്കാലിക ചുമതല നല്‍കിയത്.

◾ തിരുവോണ നാളില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന നഴ്‌സിങ് ഓഫിസര്‍ പ്രിലിമിനറി പരീക്ഷ മാറ്റി വയ്ക്കണമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയോട് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്കും എയിംസ് ഡയറക്ടര്‍ക്കും കത്ത് നല്‍കിയതായും കെ സി വേണുഗോപാല്‍ അറിയിച്ചു.

◾ വിദേശത്ത് വെച്ച് പീഡിപ്പിച്ചെന്നാരോപിച്ച് യുവതി നല്‍കിയ പരാതിയില്‍ നടന്‍ നിവിന്‍ പോളിക്കെതിരെ കേസെടുത്ത് കോതമംഗലം ഊന്നുകല്‍ പോലീസ്. നേര്യമംഗലം ഊന്നുകല്‍ സ്വദേശിയാണ് യുവതി. 2023ല്‍ വിദേശത്തുവെച്ചാണ് പീഡനം നടന്നത്. നിവിന്‍ പോളി, പരാതിക്കാരിയുടെ വനിതാ സുഹൃത്ത്, മറ്റ് നാലുപേര്‍ എന്നിവരാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. മറ്റൊരു ജോലിയുമായി ബന്ധപ്പെട്ട് ദൂബായിലെത്തിയ യുവതിയെ ഒരു വനിതാ സുഹൃത്താണ് നടന്റെ മുന്നിലേക്കെത്തിച്ചതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. കേസിന്റെ അന്വേഷണം എസ്ഐറ്റി ഏറ്റെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

◾ പീഢന പരാതി ഉന്നയിച്ച പെണ്‍കുട്ടിയെ കണ്ടിട്ടില്ലെന്നും അവരുമായി സംസാരിച്ചിട്ടില്ലെന്നും പരിചയമില്ലെന്നും നടന്‍ നിവിന്‍ പോളി. അടിസ്ഥാന രഹിതമായുള്ള ആരോപണമാണെന്നും ആദ്യമായിട്ടാണ് ഇങ്ങനെയൊരു ആരോപണം നേരിടുന്നതെന്നും തന്റെ ഭാഗത്ത് ന്യായം ഉണ്ടെന്ന് 100ശതമാനം ഉറപ്പുള്ളതുകൊണ്ടാണ് ഇന്ന് തന്നെ വാര്‍ത്താസമ്മേളനം വിളിച്ചതെന്നും നിവിന്‍ പോളി ഇന്നലെ വ്യക്തമാക്കി.

◾ തന്നെ അറിയില്ലെന്ന നിവിന്‍ പോളിയുടെ വാദം കള്ളമെന്നും പീഡന പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും പരാതിക്കാരിയായ യുവതി. നിര്‍മാതാവ് എ കെ സുനിലാണ് നിവിനെ തന്നെ പരിചയപ്പെടുത്തിയതെന്നും മൂന്ന് ദിവസം ദുബായില്‍ മുറിക്കുള്ളില്‍ പൂട്ടിയിട്ട് ശാരീരികമായും മാനസികമായും ക്രൂരമായി പീഡിപ്പിച്ചെന്നും യുവതി പറഞ്ഞു. കുടുംബത്തെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ലഹരി ഉപയോഗിച്ച ശേഷമാണ് നിവിന്‍ പോളി മര്‍ദിച്ചതെന്നും യുവതി വ്യക്തമാക്കി.

◾ യുവനടിയുടെ പരാതിയില്‍ നടന്‍ അലന്‍സിയറിനെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്ത് പൊലീസ്. എറണാകുളം ചെങ്ങമനാട് പൊലീസാണ് കേസെടുത്തത്. 2017ല്‍ ബംഗളൂരുവില്‍ വെച്ച് ലൈംഗിക അതിക്രമം കാട്ടിയെന്നാണ് യുവനടിയുടെ പരാതി.

◾ ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി. ഹര്‍ജി ഈ മാസം 13 ന് പരിഗണിക്കും. അന്നേ ദിവസം മറുപടി നല്‍കാന്‍ ആണ് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

◾ നടന്‍ മുകേഷിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് നാളത്തേക്ക് മാറ്റി. ബലാത്സംഗ കേസില്‍ പ്രതിയായ മുകേഷിന്റെ ജാമ്യപേക്ഷ എറണാകുളം മുനിസിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വാദം പൂര്‍ത്തിയായത്. മുകേഷിന് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവര്‍ത്തിച്ചു.

◾ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വിശ്വാസമില്ലെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. 18 പേരുടെ വിവരം ഹേമ കമ്മിറ്റിക്ക് കൈമാറി. എന്നാല്‍ അവര്‍ ആരെയും വിളിച്ചില്ല. ലൈംഗിക ചൂഷണം ഉണ്ടായോ എന്നു മാത്രമാണ് ഹേമ കമ്മിറ്റി ചോദിച്ചത്. മറ്റു പ്രശ്നങ്ങളറിയാന്‍ അവര്‍ക്ക് താത്പര്യമുണ്ടായിരുന്നില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

◾ ആമയിഴഞ്ചാന്‍ തോട്ടില്‍ മരണപ്പെട്ട റെയില്‍വേ കരാര്‍ തൊഴിലാളി ജോയിയുടെ കുടുംബത്തിന് നേരെ കേന്ദ്ര റെയില്‍വേ മന്ത്രാലയം മുഖം തിരിക്കുന്നുവെന്ന് എഎ റഹീം. തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് അക്കൗണ്ടിലാണ് റഹീം ഇക്കാര്യം വ്യക്തമാക്കിയത്.

◾ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മകന് കൊടുക്കാന്‍ കഞ്ചാവുമായി എത്തിയ അമ്മയെ എക്സൈസ് അറസ്റ്റു ചെയ്തു. കാട്ടാക്കട വീരണകാവ് പന്നിയോട് കുന്നില്‍ വീട്ടില്‍ ലതയെ (47) ആണ് 80 ഗ്രാം കഞ്ചാവുമായി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിന്റെ പ്രവേശന കവാടത്തില്‍ വച്ച് അറസ്റ്റു ചെയ്തത്.

◾ കോഴിക്കോട് വ്യാപാരിയായ മുഹമ്മദ് ആട്ടൂരിന്റെ തിരോധാനക്കേസുമായി ബന്ധപ്പെട്ട് പിവി അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ആരോപണം ഞെട്ടിപ്പിക്കുന്നതെന്ന് കുടുംബം. മലപ്പുറം എസ്പിയുടെ മേല്‍നോട്ടത്തില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്നും ഇനി കേസ് സിബിഐ അന്വേഷിച്ചാല്‍ മാത്രമേ സത്യം പുറത്തുവരൂ എന്നും കുടുംബം പ്രതികരിച്ചു.

◾ പാപ്പനംകോട് പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുടെ ഓഫീസിലെ തീപിടിത്തത്തില്‍ രണ്ട് മരണം. സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്ണയും ഇവരുടെ ആണ്‍സുഹൃത്ത് ബിനുവുമാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ബിനു മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയെന്നാണ് പൊലീസ് നിഗമനം. വൈഷ്ണയുടെ ആദ്യ ഭര്‍ത്താവും ബിനുവും സുഹൃത്തുക്കളായിരുന്നു. ആദ്യ ഭര്‍ത്താവുമായി പിരിഞ്ഞ ശേഷം ബിനുവുമായി ഒരുമിച്ച് താമസിക്കുകയായിരുന്നു. 7 മാസമായി ബിനുവും വൈഷ്ണയും അകന് താമസിക്കുകയായിരുന്നു.

◾ ഗുജറാത്തിലെ പോര്‍ബന്തറില്‍ രക്ഷാ പ്രവര്‍ത്തനത്തിന് എത്തിയ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്ടര്‍ അടിയന്തര ലാന്‍ഡിങ് നടത്തവേ കടലില്‍ പതിച്ച് ഹെലികോപ്ടറിന്റെ പൈലറ്റും കോസ്റ്റ് ഗാര്‍ഡ് സീനിയര്‍ ഡപ്യൂട്ടി കമാന്‍ഡന്റുമായ മലയാളിയടക്കം മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. മാവേലിക്കര കണ്ടിയൂര്‍ പറക്കടവ് നന്ദനം വീട്ടില്‍ വിപിന്‍ ബാബു (39) വാണ് മരിച്ച മലയാളി. നാല് പേരാണ് കോപ്റ്ററില്‍ ഉണ്ടായിരുന്നത്. കോപൈലറ്റിനടക്കം ജീവന്‍ നഷ്ടമായപ്പോള്‍ ഒരാള്‍ മാത്രമാണ് അപകടത്തില്‍ രക്ഷപ്പെട്ടത്.

◾ ഹരിയാനയിലെ ഫരിദാബാദില്‍ പശുക്കടത്തെന്ന് സംശയിച്ച് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ 5 പേര്‍ പിടിയില്‍. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി ആര്യന്‍ മിശ്രയെ ആണ് അക്രമികള്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

◾ കാണ്ഡഹാര്‍ വിമാനറാഞ്ചലിനെ പറ്റിയുള്ള വെബ് സീരീസീനെതിരായ പരാതിയില്‍ നെറ്റ്ഫ്ലിക്സിന്റെ ഇന്ത്യയിലെ കണ്ടന്റ് മേധാവി വാര്‍ത്താ വിതരണ മന്ത്രാലയത്തില്‍ ഹാജരായി. സീരീസിന്റെ ഉള്ളടക്കം പരിശോധിക്കുമെന്നും, ഭാവിയില്‍ പ്രസിദ്ധീകരിക്കുന്ന കണ്ടന്റുകള്‍ രാജ്യത്തെ വികാരം പരിഗണിക്കുന്നതാകുമെന്നും നെറ്റ്ഫ്ലിക്സ് അധികൃതര്‍ ഉറപ്പ് നല്‍കിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

◾ ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന അപരാജിത വുമണ്‍ ആന്‍ഡ് ചൈല്‍ഡ് ബില്‍ പശ്ചിമ ബംഗാള്‍ നിയമസഭയില്‍ അവതരിപ്പിച്ചു. അനുമതിയമില്ലാതെ കോടതി നടപടികളടക്കം റിപ്പോര്‍ട്ട് ചെയ്താല്‍ അഞ്ച് വര്‍ഷം വരെ തടവും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. അതിക്രമത്തിനിരയാകുന്നവര്‍ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്താല്‍ വധശിക്ഷ ഉറപ്പാക്കുന്നതാണ് നിയമ ഭേദഗതി. കുറഞ്ഞത് 20 വര്‍ഷം തടവും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.

◾ ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ 28 സിറ്റിങ് എം.എല്‍.എമാരില്‍ ഭൂരിഭാഗംപേരും വീണ്ടും മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. സീറ്റ് വിഭജനം ചര്‍ച്ച ചെയ്യുന്നതിന് തിങ്കളാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്.

◾ ഛത്തീസ്ഗഡില്‍ സുരക്ഷാ സേന 9 മാവോയിസ്റ്റുകളെ വധിച്ചു. ബസ്തര്‍ ഡിവിഷനിലെ ബിജാപൂര്‍ ദന്തേവാഡ അതിര്‍ത്തിയിലാണ് സംഭവം. കഴിഞ്ഞമാസം നാരായണ്‍പൂര്‍ ജില്ലയില്‍ 3 വനിതാ മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചിരുന്നു. 2026 മാര്‍ച്ചില്‍ രാജ്യത്തെ മാവോയിസ്റ്റ് മുകത്മാക്കുമെന്നാണ് അമിത്ഷായുടെ പ്രഖ്യാപനം.

◾ യുക്രെയ്നിലെ പോള്‍ട്ടാവയില്‍ റഷ്യയുടെ മിസൈലാക്രമണത്തില്‍ 41 പേര്‍ കൊല്ലപ്പെട്ടു. 180 ലേറെപ്പേര്‍ക്ക് പരിക്കേറ്റു. പോള്‍ട്ടാവയിലെ വിദ്യാഭ്യാസ സ്ഥാപനവും സമീപത്തെ ആശുപത്രിയുമാണ് ആക്രമിക്കപ്പെട്ടതെന്ന് യുക്രെയിന്‍ പ്രസിഡണ്ട് വ്ലാഡിമര്‍ സെലന്‍സ്‌കി പറഞ്ഞു. 500 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ കെല്‍പ്പുള്ള ഇസ്‌കന്ദര്‍ ബാലിസ്റ്റിക് മിസൈലാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് അനുമാനം.

◾ 2024ലെ റാങ്കിംഗ് പ്രകാരം, ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ ആകെ സമ്പത്ത് 50 ശതമാനം വര്‍ദ്ധിച്ചതായി ഫോര്‍ച്യൂണ്‍ ഇന്ത്യ-വാട്ടര്‍ഫീല്‍ഡ് അഡൈ്വസേഴ്സ് റിപ്പോര്‍ട്ട്. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) 33.81 ശതമാനത്തിന് തുല്യമാണ് ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ ആകെ സമ്പത്ത്. ശതകോടീശ്വരന്മാരുടെ ശരാശരി സമ്പത്ത് 2022ല്‍ 46,729 കോടി രൂപയില്‍ നിന്ന് 2024ല്‍ 53,978 കോടി രൂപയായി ഉയര്‍ന്നു. 100 കോടി ഡോളര്‍ ആസ്തിയെങ്കിലുമുള്ള 185 പേരുടെ പട്ടികയാണ് ഫോര്‍ച്യൂണ്‍ ഇന്ത്യയുടെ റിപ്പോര്‍ട്ടിലൂടെ പുറത്തു വിട്ടിരിക്കുന്നത്. 10.5 ലക്ഷം കോടി രൂപയുടെ ആസ്തിയുള്ള റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് പട്ടികയിലെ ഒന്നാം സ്ഥാനത്തുള്ളത്. തൊട്ടുപിന്നില്‍ അദാനി ഗ്രൂപ്പിന്റെ ഗൗതം അദാനിയുമുണ്ട്. മിസ്ത്രി കുടുംബം, ശിവ് നാടാര്‍, രാധാകിഷന്‍ ദമാനി, സുനില്‍ മിത്തലും കുടുംബവും, അസിം പ്രേംജി എന്നിവരും പട്ടികയിലെ ആദ്യ പത്തില്‍ ഇടം നേടിയിട്ടുണ്ട്. ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ സ്ഥാപകന്‍ ഓം പ്രകാശ് ജിന്‍ഡാലിന്റെ ഭാര്യ സാവിത്രി ജിന്‍ഡാലാണ് പട്ടികയിലെ ആദ്യ പത്തിലെ വനിത. 33.06 ബില്യണ്‍ ഡോളറാണ് ആസ്തി.

◾ മാത്യു തോമസ് പ്രധാന കഥാപാത്രമാകുന്ന ചിത്രമാണ് 'കപ്പ്' പ്രദര്‍ശനത്തിനെത്തുക ഈ മാസം 27ന്. ബേസില്‍ ജോസഫും മാത്യുവിനൊപ്പം ചിത്രത്തിലുണ്ട്. സംവിധാനം സഞ്ജു വി സാമുവേലാണ്. തിരക്കഥ എഴുതിയിരിക്കുന്നത് അഖിലേഷ് ലതാരാജും ഡെന്‍സണുമാണ്. ഷാന്‍ റഹ്‌മാനാണ് മാത്യു ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്. സ്പോര്‍ട്സിന് പ്രാധാന്യമുള്ളതാണ് ചിത്രം. ബാഡ്മിന്റണാണ് കേന്ദ്ര പ്രമേയമാകുന്നത്. നിധിന്‍ എന്ന നായകനായി മാത്യു ചിത്രത്തില്‍ വേഷമിടുമ്പോള്‍, ബാബു എന്ന അച്ഛന്‍ കഥാപാത്രത്തെ ഗുരു സോമസുന്ദരവും അമ്മയായി തുഷാര പിള്ളയും, ചേച്ചി ആയി മൃണാളിനി സൂസ്സന്‍ ജോര്‍ജ്ജും എത്തുന്നു. കഥയില്‍ നിധിന് വേണ്ടപ്പെട്ടയാള്‍ റനീഷാണ്. ബേസിലാണ് റനീഷിന്റെ അവതരിപ്പിക്കുന്നത്. പ്രധാപ്പെട്ട വ്യത്യസ്തമായ ഒരു റോളില്‍ ചിത്രത്തില്‍ നമിത പ്രമോദും ഉണ്ട്. അനിഖ സുരേന്ദ്രനും റിയാ ഷിബുവുമാണ് ചിത്രത്തിലെ നായികമാര്‍.

◾ ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന ചിത്രം പ്രഖ്യാപിച്ച് സോഫിയ പോള്‍ നേതൃത്വം നല്‍കുന്ന വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ്. വീക്കെന്‍ഡ് സിനിമാറ്റിക് യൂണിവേഴ്‌സ് എന്ന പുതിയ ബാനറിലാണ് ഈ ധ്യാന്‍ ശ്രീനിവാസന്‍ ചിത്രമായ 'ഡീറ്റക്റ്റീവ് ഉജ്ജ്വലന്‍' പുറത്തിറങ്ങുക. ഇന്ദ്രനീല്‍ ഗോപീകൃഷ്ണന്‍, രാഹുല്‍ ജി എന്നിവര്‍ ചേര്‍ന്ന് രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്ത് വിട്ടു. ഡീറ്റക്റ്റീവ് ഉജ്ജ്വലന്‍ പുതിയ കേസ് ഏറ്റെടുക്കുന്നതാണ് ഇതിവൃത്തം. ടൈറ്റില്‍ കഥാപാത്രമായി തന്നെയാണ് ധ്യാന്‍ എത്തുന്നത്. സംഗീതമൊരുക്കുന്നത് റമീസ് ആര്‍സീ ആണ്.

◾ ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്വാഗണിന്റെ മിഡ് സൈസ് എസ് യു വി ടൈഗൂണ്‍ സ്വന്തമാക്കി പ്രേമലുവിലെ അമല്‍ ഡേവിസ്. അഭിനയത്തില്‍ മാത്രമല്ലാതെ സിനിമയുടെ പിന്നണിയിലും സജീവമായ സംഗീത് പ്രതാപ്, മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന പുരസ്‌കാരത്തിന്റെ തിളക്കത്തിലാണ്. പൂര്‍ണമായും കറുപ്പ് നിറത്തിലുള്ള, 1.0 ലീറ്റര്‍ മോഡലാണിത്. 113 ബി എച്ച് പി കരുത്തും 178 എന്‍ എം ടോര്‍ക്കും ലഭിക്കും. 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്കിലും വാഹനം വിപണിയിലെത്തുന്നുണ്ട്. ഏകദേശം 19 ലക്ഷം രൂപയാണ് ടൈഗൂണിന്റെ ഈ പ്രത്യേക മോഡലിന്റെ എക്‌സ്‌ഷോറൂം വിലയെന്നാണ് റിപ്പോര്‍ട്ട്. ഇതു കൂടാതെ 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ മോഡലും വാഹനത്തിലുണ്ട്. 150 പിഎസ് പവറും 250 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് ഡി.എസ്.ജി. ഓട്ടോമാറ്റിക് എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.


Post a Comment

0 Comments