പ്രഭാത വാർത്തകൾ2024 | സെപ്റ്റംബർ 5 | വ്യാഴം | Morning news today

പ്രഭാത വാർത്തകൾ
2024 | സെപ്റ്റംബർ 5 | വ്യാഴം | 
1200 | ചിങ്ങം 20 | അത്തം 
1446 | റ. അവ്വൽ | 01.
➖➖➖➖➖➖➖➖

◾ സപ്ലൈകോ ഓണം ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് കിഴക്കേകോട്ട  ഇ.കെ.നായനാര്‍ പാര്‍ക്കില്‍ ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന ചടങ്ങില്‍ നിര്‍വഹിക്കും. സെപ്റ്റംബര്‍ 14 വരെ നീണ്ടു നില്‍ക്കുന്ന മേളയില്‍ 13 ഇനം സബ്സിഡി സാധനങ്ങള്‍ക്കു പുറമെ ശബരി ഉല്പന്നങ്ങള്‍, മറ്റ് എഫ് എം സി ജി ഉല്പന്നങ്ങള്‍, മില്‍മ ഉല്പന്നങ്ങള്‍, കൈത്തറി ഉല്പന്നങ്ങള്‍, പഴം, ജൈവപച്ചക്കറികള്‍ എന്നിവ 10 മുതല്‍ 50% വരെ വിലക്കുറവില്‍ വില്പന നടത്തും.

◾ എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍ ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബോളയെ കണ്ടുവെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രിയാണ് എ.ഡി.ജി.പിയെ കൂടിക്കാഴ്ചയ്ക്കായി പറഞ്ഞയച്ചതെന്നും ഒരു മണിക്കൂര്‍ ഇരുവരും കൂടിക്കാഴ്ച നടത്തിയെന്നും ഇതിന് തെളിവായി സിസിടിവി ദൃശ്യങ്ങളുണ്ടെന്നും സതീശന്‍ ആരോപിച്ചു. 

◾ തിരഞ്ഞെടുപ്പ് ധാരണയുണ്ടാക്കാന്‍ ആര്‍.എസ്.എസ്. ജനറല്‍ സെക്രട്ടറിയെ എ.ഡി.ജി.പി. അജിത്കുമാര്‍ കണ്ടുവെന്ന വിഷയം പ്രതിപക്ഷ നേതാവിനോടു തന്നെ ചോദിക്കണമെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍. അതേസമയം എ.ഡി.ജി.പിയുടെ ചുമതലമാറ്റത്തില്‍ വ്യക്തത വരുത്തേണ്ടത് സര്‍ക്കാരാണെന്ന്  ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. 

◾ വിവാദമായ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സെപ്റ്റംബര്‍ ഒന്‍പതിന് മുമ്പ് സര്‍ക്കാര്‍ ഹൈക്കോടതിക്ക് കൈമാറും. റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപത്തിന് പുറമെ മൊഴിപ്പകര്‍പ്പുകള്‍, റിപ്പോര്‍ട്ടിന് പിന്നാലെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍, ആരോപണങ്ങള്‍ അന്വേഷിക്കാന്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തെപ്പറ്റിയുള്ള വിവരങ്ങള്‍, ഇതിലെ കേസുകള്‍ എന്നിവയാണ് കോടതിക്ക് കൈമാറുക.

◾ വയനാട് മുന്‍ എം.പിയും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി തന്റെ ഒരു മാസത്തെ ശമ്പളം വയനാടിന്റെ ദുരിതാശ്വാസ പുനരധിവാസ ഫണ്ടിലേക്ക് സംഭാവന ചെയ്തു. 2.30 ലക്ഷം രൂപയാണ് കോണ്‍ഗ്രസിന്റെ വയനാട് പുനരധിവാസ ഫണ്ടിലേക്ക് രാഹുല്‍ സംഭാവന ചെയ്തത്. ഏറെ നഷ്ടങ്ങള്‍ നേരിടേണ്ടിവന്ന അവിടുത്തെ ആളുകളുടെ ജീവിതം പുനര്‍നിര്‍മിക്കാന്‍ നമുക്ക് ഒരുമിച്ച് സഹായിക്കാമെന്നും രാഹുല്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

◾ ഗുജറാത്തിലെ പോര്‍ബന്തറില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഹെലികോപ്റ്റര്‍ അപകടത്തില്‍ വീരമ്യത്യു വരിച്ച മലയാളി പൈലറ്റ് വിപിന്‍ ബാബുവിന് അന്ത്യാഞ്ജലി. മൃതദേഹം മാവേലിക്കര കണ്ടിയൂരിലെ ശ്മശാനത്തില്‍ സംസ്‌കരിച്ചു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു സംസ്‌കാരം നടന്നത്.

◾ കള്ളന്മാര്‍ക്ക് കഞ്ഞിവെച്ച മുഖ്യമന്ത്രിയാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് ആര്‍.എസ്.പി. സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോണ്‍. കേരള രാഷ്ട്രീയത്തില്‍ വിചിത്രമായ കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ഷിബു ബേബിജോണ്‍ പറഞ്ഞു.



◾ ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ലെന്ന് പറഞ്ഞ പിണറായിക്ക് അജിത്തിനെയും സുജിത്തിനെയും ഭയമാണെന്ന് ഷാഫി പറമ്പില്‍ എംപി. അജിത് കുമാറിനെയും സുജിത് ദാസിനെയും മുഖ്യമന്ത്രി സംരക്ഷിക്കുന്നു. അരമന രഹസ്യങ്ങള്‍ പുറത്ത് പറയും എന്ന ഭീഷണിയിലാകും സംരക്ഷിക്കുന്നതെന്നും ഷാഫി പറമ്പില്‍ വിമര്‍ശിച്ചു.

◾ താഴേ തട്ടില്‍ പാര്‍ട്ടി ദുര്‍ബലമാണെന്ന് സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. നേതൃശേഷിയുള്ളവരെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കണമെന്നും വ്യക്തിവിരോധം തീര്‍ക്കാന്‍ സമ്മേളനങ്ങളെ ഉപയോഗിക്കരുതെന്നും അടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന നേതൃത്വം മുന്നോട്ട് വെച്ചു. നിലവില്‍ ഭൂരിഭാഗവും ശരാശരി നിലവാരം മാത്രം ഉള്ളവരാണെന്നും രാഷ്ട്രീയ ധാരണയുള്ള മുഴുവന്‍ സമയ നേതൃത്വമാണ് ബ്രാഞ്ച് തലത്തില്‍ വേണ്ടതെന്നുമാണ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശം.

◾ പി വി അന്‍വര്‍ എംഎല്‍എ പരാതി ഉന്നയിച്ച എല്ലാ ആരോപണങ്ങളും അന്വേഷിക്കുമെന്നും വസ്തുനിഷ്ഠമായി തെളിവുകള്‍ ശേഖരിച്ച് അന്വേഷണം നടത്തുമെന്നും ഡിജിപിഷെയ്ക് ദര്‍വേഷ് സാഹിബ്. ഏതൊക്കെ ആരോപണങ്ങള്‍ ഏത് ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തണമെന്ന കാര്യവും ഡിജിപി തീരുമാനിക്കും.

◾ റിട്ട. ഹൈക്കോടതി ജസ്റ്റിസ് പി ഉബൈദിന് വീണ്ടും നിയമനം. കാപ്പ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ആക്കിയാണ് പുതിയ നിയമനം. നേരത്തെ റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി അപ്ലേറ്റ് ട്രിബ്യൂണല്‍ ചെയര്‍മാനായിരുന്നു.

◾ മലപ്പുറം എസ്പിയുടെ ഔദ്യോഗിക വസതിയില്‍ നിന്ന്  മരം മുറിച്ചുവെന്ന ആരോപണത്തില്‍ വെളിപ്പെടുത്തലുമായി ക്യാമ്പ് ഓഫീസിന് സമീപത്ത് താമസിക്കുന്ന അയല്‍വാസി. മരം മുറിച്ചു കഴിഞ്ഞശേഷമാണ് വീടിന് അപകട ഭീഷണിയുണ്ടെന്ന് കാണിച്ചുള്ള പരാതി പൊലീസ് എഴുതി വാങ്ങിയതെന്ന് അയല്‍വാസിയായ ഫരീദ മാധ്യമങ്ങളോട് പറഞ്ഞു.

◾ ആലത്തൂരില്‍ അഭിഭാഷകനോട് എസ് ഐ മോശമായി പെരുമാറി എന്ന പരാതിയില്‍ ആരോപണ വിധേയനായ എസ് ഐ വി ആര്‍ റിനീഷിനെ ശിക്ഷിച്ച് ഹൈക്കോടതി. രണ്ട് മാസത്തെ തടവിനാണ് എസ് ഐ റിനീഷിനെതിരെ ജസ്റ്റിസ് ദേവരാമചന്ദ്രന്‍ ശിക്ഷ വിധിച്ചത്. പിന്നാലെ ഒരു വര്‍ഷത്തേക്ക് സമാന കുറ്റകൃത്യത്തില്‍ ഏര്‍പ്പെടരുത് എന്ന വ്യവസ്ഥയില്‍ ശിക്ഷ കോടതി മരവിപ്പിച്ചു.

◾ സാമ്പത്തികച്ചെലവ് കുറഞ്ഞതും പരിസ്ഥിതി ആഘാതമില്ലാത്തതും വലിയ തോതില്‍ ഭൂമി ആവശ്യമില്ലാത്തതുമായ എംഎസ്എംഇ പദ്ധതികള്‍ക്ക് കേരളത്തില്‍ വലിയ സാധ്യതയാണുള്ളതെന്ന് മന്ത്രി പി രാജീവ്. ലോക ബാങ്ക് പിന്തുണയോടെ കേന്ദ്ര എംഎസ്എംഇ മന്ത്രാലയം നടപ്പിലാക്കുന്ന റൈസിംഗ് ആന്‍ഡ് ആക്സിലറേറ്റിംഗ് എംഎസ്എംഇ പെര്‍ഫോര്‍മന്‍സ് പദ്ധതിയുടെ ഭാഗമായുള്ള സംസ്ഥാനതല റോള്‍ ഔട്ട് ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

◾ സംവിധായകന്‍ രഞ്ജിത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി. ബംഗാളി നടിയുടെ പരാതിയെ തുടര്‍ന്നുള്ള കേസിലെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തീര്‍പ്പാക്കിയത്. രഞ്ജിത്തിനെതിരെ ചുമത്തിയ കുറ്റങ്ങള്‍ ജാമ്യം ലഭിക്കുന്നതായതിനാലാണ് നടപടി.

◾ ലഹരി പാര്‍ട്ടി നടത്തുന്നുവെന്ന തമിഴ് ഗായിക സുചിത്രയുടെ ആരോപണത്തില്‍ നടി റിമ കല്ലിങ്കല്‍, സംവിധായകന്‍ ആഷിഖ് അബു എന്നിവര്‍ക്കെതിരെ പ്രാഥമിക അന്വേഷണത്തിന് നിര്‍ദേശം. കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് യുവമോര്‍ച്ച നല്‍കിയ പരാതിയിലാണ് നടപടി.

◾ മലയാള സിനിമ സങ്കടഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് നടി മഞ്ജു വാര്യര്‍. കാര്‍മേഘങ്ങളെല്ലാം വേഗം കലങ്ങിത്തെളിയട്ടെയെന്നും നിങ്ങളുടെയൊക്കെ സ്നേഹവും പ്രേത്സാഹനവും ഒക്കെ ഉള്ളിടത്തോളം കാലം എനിക്കോ മറ്റുള്ളവര്‍ക്കോ മലയാള സിനിമയ്ക്കോ ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടമെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.

◾ ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലെടുത്ത ബലാത്സംഗക്കേസില്‍ മുകേഷ്, ഇടവേള ബാബു, അഡ്വ. വി എസ് ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് തീരുമാനം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാകും നിര്‍ണായക ഉത്തരവ് പുറപ്പെടുവിക്കുക.

◾ യുവതിയുടെ പരാതിയില്‍ ബലാത്സംഗക്കേസില്‍ പ്രതിയാക്കിയതിനെതിരെ നടന്‍ നിവിന്‍ പോളി ഇന്ന് ഡിജിപിക്ക് പരാതി നല്‍കും. തനിക്കെതിരായ പരാതിക്ക് പിന്നില്‍ ഗൂഡാലോചന ഉണ്ടെന്നും പരാതിക്കാരിയെ കണ്ടിട്ടുപോലുമില്ലെന്നാണ് നിവിന്റെ നിലപാട്.  

◾ കെഎസ്ആര്‍ടിസി ജീവനക്കാരുടെ സെപ്തംബര്‍ മാസത്തെ പെന്‍ഷന്‍ ഓണത്തിന് മുമ്പ് നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. പെന്‍ഷന്‍  നല്‍കുമെന്ന്  കെ എസ് ആര്‍ ടിസി കോടതിയില്‍ ഉറപ്പ് നല്‍കി. ഓഗസ്റ്റ്  മാസത്തെ പെന്‍ഷന്‍ വിതരണം തുടങ്ങിയതായി സ്റ്റാന്റിംഗ് കൗണ്‍സില്‍ സിംഗിള്‍ ബെഞ്ചിനെ അറിയിച്ചു.

◾ തിരുവനന്തപുരം പാപ്പനംകോട് സ്വകാര്യ ഇന്‍ഷുറന്‍സ് സ്ഥാപനത്തിലെ ഓഫീസ് ജീവനക്കാരി വൈഷ്ണയെ തീവെച്ചത് രണ്ടാം ഭര്‍ത്താവായ ബിനുവാണെന്നതിന് കൂടുതല്‍ തെളിവുകള്‍ പൊലീസിന് ലഭിച്ചു. ബിനുവിന്റെ നരുവാമൂടുള്ള വീട്ടിന് സമീപത്ത് നിന്നും ഓട്ടോയില്‍ കയറി ഇന്‍ഷുറന്‍സ് ഓഫീസിന് സമീപം ഇറങ്ങിയതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്.

◾ സംസ്ഥാനത്ത് ആദ്യമായി മജ്ജ മാറ്റിവക്കല്‍ ചികിത്സയ്ക്ക് സഹായകരമാകുന്ന കേരള ബോണ്‍മാരോ രജിസ്ട്രി സജ്ജമാക്കുന്നതിനായി ആരോഗ്യ വകുപ്പ് അനുമതി നല്‍കി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആണ് ഇക്കാര്യം അറിയിച്ചത്. തലശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ കെ ഡിസ്‌കിന്റെ സഹകരണത്തോടെയാണ് പൈലറ്റ് പ്രോജക്ടായി ബോണ്‍മാരോ രജിസ്ട്രി തയ്യാറാക്കുന്നത്.

◾ കെടിഎമ്മിലെ ബയര്‍ രജിസ്ട്രേഷന്‍ സര്‍വകാല റെക്കോര്‍ഡുമായി 2800 കടന്നെന്ന്  മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരള ട്രാവല്‍ മാര്‍ട്ടുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തില്‍ സംസാരിക്കുകയിരുന്നു അദ്ദേഹം. ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും പ്രാധാന്യമുള്ളതും അന്താരാഷ്ട്ര പ്രതിനിധികളുടെ പ്രാതിനിധ്യം ഏറ്റവും കൂടുതലുള്ളതുമായ ടൂറിസം സമ്മേളനമാണിത്.

◾ കേരളത്തില്‍ അടുത്ത ഏഴ് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തീരദേശ വടക്കന്‍ ആന്ധ്രാപ്രദേശിന് മുകളില്‍ ഒരു ചക്രവാതചുഴി സ്ഥിതിചെയ്യുന്നുണ്ട്.ഇതിന്റെ ഫലമായി  7 ദിവസം വ്യാപകമായി ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.

◾ സാഹിത്യകാരന്‍ കെ.എല്‍.മോഹനവര്‍മ ഇന്ന് ബിജെപിയില്‍ ചേരും. മോഹനവര്‍മ കോണ്‍ഗ്രസ് അനുഭാവിയും കോണ്‍ഗ്രസിന്റെ മുഖപത്രമായ വീക്ഷണത്തിന്റെ മുഖ്യ പത്രാധിപരുമായിരുന്നു. ഇന്ന് രാവിലെ സ്വവസതിയില്‍ വച്ചാകും ബിജെപി അംഗത്വം സ്വീകരിക്കുക.

◾ 14 ഇലക്ട്രിക് ബസ് സര്‍വീസ് നടത്തി കെഎസ്ആര്‍ടിസി വികാസ് ഭവന്‍ യൂണിറ്റ് നേടിയത് മാസം അരക്കോടി വരുമാനം എന്ന റെക്കോര്‍ഡ്. വെറും 14 സര്‍വീസ് നടത്തിയാണ് ഈ റെക്കോര്‍ഡ് നേട്ടം കെഎസ്ആര്‍ടിസി വികാസ് ഭവന്‍ യൂണിറ്റ് സ്വന്തമാക്കിയത്.

◾ ബിജെപി നേതാക്കളെ ക്രിമിനല്‍ കേസുകളില്‍ കുടുക്കാന്‍ ഗുഢാലോചന നടത്തിയെന്നാരോപിച്ച് മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനെതിരെ സിബിഐ കേസെടുത്തു. എന്‍സിപി ശരത് പവാര്‍ വിഭാഗത്തിന്റെ മുതിര്‍ന്ന നേതാവാണ് അനില്‍ദേശ്മുഖ്. അദ്ദേഹത്തെ കൂടാതെ മഹാരാഷ്ട്രയിലെ മുന്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രവീണ്‍ പണ്ഡിറ്റ് ചവാനും രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

◾ സിംഗപ്പൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് പാര്‍ലമെന്റ് ഹൗസില്‍ ഔദ്യോഗിക സ്വീകരണം നല്‍കും. സ്വീകരണ പരിപാടിക്ക് ശേഷം മോദി സിംഗപ്പൂര്‍ പ്രസിഡന്റ് താമന്‍ ഷണ്‍മുഖരത്നവുമായി കൂടിക്കാഴ്ച നടത്തും. രാജ്യത്തെ മൂന്ന് തലമുറ നേതാക്കള്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുകള്‍.

◾ ലൈംഗികാതിക്രമ പരാതികളില്‍ ശക്തമായ നടപടിയെടുക്കാന്‍ തമിഴ് താരസംഘടനയായ നടികര്‍ സംഘം. ലൈംഗികാതിക്രമ പരാതികള്‍ അന്വേഷിക്കാന്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപവത്കരിക്കും. ലൈംഗികാതിക്രമം തെളിയിക്കപ്പെട്ടാല്‍ കുറ്റക്കാര്‍ക്ക് അഞ്ചുവര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തും. മലയാള സിനിമയുമായി ബന്ധപ്പെട്ട ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ സിനിമയില്‍ സ്ത്രീസുരക്ഷ ഉറപ്പാക്കുന്നത് ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. അതേസമയം ലൈംഗിക അതിക്രമ പരാതികള്‍ വനിത സിനിമാ പ്രവര്‍ത്തകര്‍ മാധ്യമങ്ങളെ അറിയിക്കരുതെന്നും പരാതി ആദ്യം ഐസിസിയെ അറിയിക്കണമെന്നുമുള്ള വിചിത്രമായ നിര്‍ദ്ദേശവും സംഘടന നല്‍കിയിട്ടുണ്ട്.

◾ സ്വയം പ്രഖ്യാപിത ആള്‍ ദൈവമായ നിത്യാനന്ദയെ നാഗപ്പട്ടണത്തും തിരുവാരൂരും ഉള്ള 4 മഠങ്ങളിലെ  മഠാധിപതിയായി അംഗീകരിക്കണമെന്ന ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. നിത്യാനന്ദ ഹാജരാകാതിരുന്നതോടെയാണ് ഹര്‍ജി തള്ളിയത്. ബലാത്സംഗ കേസില്‍ പ്രതി ആയതോടെ  2019ല്‍ നിത്യാനന്ദ ഇന്ത്യ വിട്ടിരുന്നു.

◾ ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിലെ 67 പേരുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബി.ജെ.പി.  മുഖ്യമന്ത്രി നയാബ് സിങ് സൈനി ലാഡ്വ മണ്ഡലത്തില്‍നിന്ന് ജനവിധി തേടും.

◾ എല്‍.എമാരുടെ കൂറുമാറ്റം തടയാന്‍ പുതിയ നിയമനിര്‍മാണവുമായി ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. ഇതിന്‍ പ്രകാരം, കൂറുമാറ്റ നിരോധന നിയമം അനുസരിച്ച് അയോഗ്യരാക്കപ്പെടുന്നവര്‍ക്ക് പെന്‍ഷന് അര്‍ഹതയുണ്ടായിരിക്കില്ല. വിഷയവുമായി ബന്ധപ്പെട്ട് സഭയില്‍ അവതരിപ്പിച്ച ബില്‍ പാസായി.

◾ അമേരിക്കയിലെ ജോര്‍ജിയയിലെ അപ്പലാച്ചി ഹൈസ്‌കൂളിലുണ്ടായ വെടിവെയ്പ്പില്‍ നാലുപേര്‍ മരിച്ചു. മുപ്പതുപേര്‍ക്ക് പരിക്കേറ്റു. അക്രമിയെന്ന് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

◾ യുക്രെയിനലെ റഷ്യന്‍ ആക്രമണം തുടരുന്നു. യുക്രൈന്റെ പടിഞ്ഞാറന്‍ നഗരമായ ലിവിവില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ കൊലപ്പെട്ടു. 40 ലേറെ പേര്‍ക്ക് പരുക്കേറ്റെന്നും റിപ്പോര്‍ട്ട്.

◾ ഐപിഎല്‍ അടുത്ത സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകനായി രാഹുല്‍ ദ്രാവിഡ് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. അതേസമയം രാജസ്ഥാന്‍ റോയല്‍സ് ഔദ്യോഗികമായി ദ്രാവിഡിന്റെ നിയമനം സംബന്ധിച്ച് പ്രഖ്യാപനം നടത്തിയിട്ടില്ല. എന്നാല്‍ ഫ്രഞ്ചൈസിയുമായി ദ്രാവിഡ് ഇതിനോടകം കരാറിലേര്‍പ്പെട്ടതയാണ് വിവരം.

◾ ആഗോള തലത്തില്‍ ഇന്ത്യന്‍ മദ്യത്തിന് ആവശ്യകത വര്‍ധിച്ച പശ്ചാത്തലത്തില്‍ മദ്യ കയറ്റുമതിയെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നു. വരുംവര്‍ഷങ്ങളില്‍ രാജ്യാന്തര വിപണിയില്‍ മദ്യത്തിന്റെ കയറ്റുമതിയിലൂടെ 8000 കോടി രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. മദ്യത്തിന്റെയും മറ്റു ശീതള പാനീയങ്ങളുടെയും കയറ്റുമതി പ്രോത്സാഹിപ്പിക്കാനാണ് പദ്ധതി. നിലവില്‍ ആഗോള മദ്യ കയറ്റുമതിയില്‍ ഇന്ത്യ 40-ാം സ്ഥാനത്താണ്. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി, വിദേശരാജ്യങ്ങളിലേക്കുള്ള ഇന്ത്യന്‍ മദ്യത്തിന്റെ കയറ്റുമതി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. 2023-24ല്‍ മദ്യത്തിന്റെ കയറ്റുമതിയിലൂടെ രാജ്യം 2200 കോടി രൂപയിലധികമാണ് നേടിയത്. യുഎഇ, സിംഗപ്പൂര്‍, നെതര്‍ലാന്‍ഡ്സ്, ടാന്‍സാനിയ, അംഗോള, കെനിയ, റുവാണ്ട എന്നി രാജ്യങ്ങളിലേക്കാണ് പ്രധാനമായി മദ്യം കയറ്റി അയക്കുന്നത്. ഡിയാജിയോ ഇന്ത്യ യുകെയില്‍ മദ്യം വില്‍ക്കാന്‍ ഒരുങ്ങുകയാണ്. രാജസ്ഥാനില്‍ ഉല്‍പ്പാദിപ്പിക്കുന്ന മാള്‍ട്ട് വിസ്‌കി കയറ്റുമതി ചെയ്യാനാണ് ലക്ഷ്യമിടുന്നത്.

◾ റഹ്‌മാന്‍, ധ്യാന്‍ ശ്രീനിവാസന്‍, ഷീലു ഏബ്രഹാം എന്നിവരെ പ്രധാന വേഷങ്ങളാക്കി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ബാഡ് ബോയ്സി'ന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ ഇറങ്ങി. ഓണത്തിന് ഒരു കളര്‍ഫുള്‍ മാസ് ചിത്രമാണ് ഒമര്‍ ലുലു ഒരുക്കുന്നത് എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. തീര്‍ത്തും കോമഡി ഫണ്‍ എന്റര്‍ടെയ്നറായ ഈ ചിത്രം അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ സൈജു കുറുപ്പ്, ബാബു ആന്റണി, ധ്യാന്‍ ശ്രീനിവാസന്‍, ബിബിന്‍ ജോര്‍ജ്, അജു വര്‍ഗീസ്, ബാല, ആന്‍സണ്‍ പോള്‍, സെന്തില്‍ കൃഷ്ണ, ടിനി ടോം, ഹരിശ്രീ അശോകന്‍, രമേഷ് പിഷാരടി, ഡ്രാക്കുള സുധീര്‍, സോഹന്‍ സീനുലാല്‍, മൊട്ട രാജേന്ദ്രന്‍, സജിന്‍ ചെറുകയില്‍, അജയ് വാസുദേവ്, ആരാധ്യ ആന്‍, മല്ലിക സുകുമാരന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

◾ 2022ല്‍ തീയറ്ററില്‍ എത്തിയ 'കാന്താര' വെറും 16 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച് ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസില്‍ 400 കോടിയിലധികം നേടിയിരുന്നു. 2022 വര്‍ഷത്തെ രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും ചിത്രം നേടിയിരുന്നു. എന്റര്‍ടെയ്മെന്റ് ട്രാക്കിംഗ് പോര്‍ട്ടലായ സാക്നില്‍ക് പറയുന്നതനുസരിച്ച് ചിത്രം ഇന്ത്യയില്‍ 310 കോടി രൂപ നേടുകയും ലോകമെമ്പാടുമായി 408 കോടി രൂപ നേടുകയും ചെയ്തു. അതേ സമയം ചിത്രത്തിന്റെ പ്രീക്വലിന്റെ നിര്‍മ്മാണത്തിലാണ് ഋഷഭ് ഷെട്ടി. അടുത്ത വര്‍ഷം ചിത്രം തീയറ്ററില്‍ എത്തിയേക്കും. മുന്‍ ചിത്രത്തെ അപേക്ഷിച്ച് വന്‍ ബജറ്റിലാണ് ചിത്രം എത്തുന്നത് എന്നാണ് വിവരം. സ്ട്രീമിംഗ് അവകാശം ഇപ്പോള്‍ തന്നെ പ്രൈം വീഡിയോ വാങ്ങിയിട്ടുണ്ട്. കാന്താര പാര്‍ട്ട് 1 എന്നാണ് ചിത്രത്തിന്റെ പേര്. ആദ്യത്തെ കാന്തര സിനിമയ്ക്ക് മുന്‍പ് നടക്കുന്ന കഥയാണ് ചിത്രത്തിന്റെ അടിസ്ഥാനം.

◾ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് അതിന്റെ ജനപ്രിയ 42 മോഡലിന്റെ പുതിയ വേരിയന്റ് അവതരിപ്പിച്ചു. ജാവ 42 എഫ്‌ജെ 350 എന്ന പേരിലാണ് പുതിയ ബൈക്ക് അവതരിപ്പിച്ചത്. സ്റ്റാന്‍ഡേര്‍ഡ് 42 നെ അപേക്ഷിച്ച് അഗ്രസ്സീവ് ഡിസൈന്‍ ആണ് ഇതിന് നല്‍കിയിരിക്കുന്നത്. ടിയര്‍ ഡ്രോപ്പ് ഇന്ധന ടാങ്കില്‍ ജാവ ബ്രാന്‍ഡ് എടുത്തുകാണിച്ചിട്ടുണ്ട്. കൂടുതല്‍ മെച്ചപ്പെട്ട എന്‍ജിനുമായാണ് എഫ്‌ജെ 350 വരുന്നത്. വില 1.99 ലക്ഷം രൂപ (എക്‌സ്-ഷോറൂം) മുതല്‍ ആരംഭിക്കും. കാഴ്ചയിലും സാങ്കേതിക സവിശേഷതകളിലും പരിഷ്‌കരിച്ച ജാവ 42ല്‍ നിന്ന് ഏറെ വ്യത്യസ്തമാണ് പുതിയ മോഡല്‍. കൂടുതല്‍ ശക്തിയേറിയ 334 സിസി എന്‍ജിനാണ് ഇതിന് കരുത്തുപകരുക. 334 സിസി സിംഗിള്‍-സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് എന്‍ജിനാണ് ഇതിന് കരുത്തുപകരുന്നത്. ഈ എന്‍ജിന്‍ 22 ബിഎച്പി കരുത്തും 28 എന്‍എം ടോര്‍ക്കും നല്‍കുന്നു.



◾ റീഡിങ് ഗ്ലാസില്ലാതെയും വായിക്കാന്‍ സഹായിക്കുന്ന, രാജ്യത്തെ ആദ്യത്തെ കണ്ണില്‍ ഒഴിക്കുന്ന മരുന്നിന് (ഐ ഡ്രോപ്പ്‌സ്) ഡ്രഗ്‌സ് കണ്‍ട്രോളറിന്റെ അനുമതി. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്റോഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് പൈലോകാര്‍പൈന്‍ ഉപയോഗിച്ച് നിര്‍മ്മിച്ച 'പ്രെസ്വു' എന്ന ഐ ഡ്രോപ്പിനാണ് അനുമതി നല്‍കിയത്. വസ്തുക്കളെ അടുത്ത് കാണാന്‍ സഹായിക്കുന്ന കൃഷ്ണമണിയുടെ വലിപ്പം കുറച്ച് 'പ്രെസ്ബയോപിയ' എന്ന രോഗത്തെ ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന മരുന്നാണിത്. പ്രായവുമായി ബന്ധപ്പെട്ട ഈ അസുഖം സാധാരണയായി 40കളുടെ മധ്യത്തിലാണ് കണ്ടുവരുന്നത്. 60കളുടെ അവസാനമാകുമ്പോള്‍ കൂടുതല്‍ വഷളാവുന്നതായാണ് കണ്ടുവരുന്നത്. മരുന്നിന്റെ ഒരു തുള്ളി 15 മിനിറ്റിനുള്ളില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങും. ഇതിന്റെ ഫലം അടുത്ത ആറ് മണിക്കൂര്‍ വരെ തുടരും. ആദ്യത്തെ തുള്ളി ഒഴിച്ച് മൂന്ന് മുതല്‍ ആറ് മണിക്കൂറിനുള്ളില്‍ രണ്ടാമത്തെ തുള്ളിയും ഒഴിച്ചാല്‍, ഇതിന്റെ ഗുണം കൂടുതല്‍ നേരത്തേയ്ക്ക് നീണ്ടുനില്‍ക്കും. ഒക്ടോബര്‍ ആദ്യവാരം മുതല്‍ ഫാര്‍മസികളില്‍ മരുന്ന് ലഭ്യമാകും. 350 രൂപയാണ് വില. 40 മുതല്‍ 55 വയസ്സുവരെയുള്ള ആളുകള്‍ക്ക് മിതമായതും ഇടത്തരവുമായ പ്രെസ്ബയോപിയയുടെ ചികിത്സ ലക്ഷ്യമിട്ടാണ് മരുന്ന് വിപണിയില്‍ എത്തിക്കുന്നത്. രാജ്യത്ത് 250ലധികം രോഗികളിലാണ് മരുന്ന് പരീക്ഷണം നടത്തിയത്. പരീക്ഷണത്തിന് വിധേയമായ രോഗികളില്‍ 82 ശതമാനം പേര്‍ക്കും പാര്‍ശ്വഫലങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും കമ്പനി അവകാശപ്പെട്ടു..
➖➖➖➖➖➖➖➖

Post a Comment

0 Comments