മാള സബ് രജിസ്ട്രാര്‍ ഓഫീസ് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു




രജിസ്ട്രേഷന്‍ വകുപ്പിലെ സേവനങ്ങള്‍ ഡിജിറ്റലാക്കിയതോടെ ഓഫീസുകള്‍ കയറിയിറങ്ങേണ്ട സാഹചര്യങ്ങള്‍ കുറഞ്ഞതായി രജിസ്‌ട്രേഷന്‍- മ്യൂസിയം- പുരാവസ്തു- പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. മാള സബ് രജിസ്ട്രാര്‍ ഓഫീസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുള്ള പരിഷ്‌കാരങ്ങള്‍ നടത്തേണ്ടത് അനിവാര്യമാണ്. സര്‍ക്കാര്‍ വകുപ്പുകള്‍ കൂടുതല്‍ ആധുനികവത്കരിക്കുമ്പോള്‍ സേവനങ്ങള്‍ സമയബന്ധിതമായും കാര്യക്ഷമമായും ലഭ്യമാക്കാനാവും. ഇത് വകുപ്പുകളെ ജനകീയമാക്കിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

മാള സിവില്‍ സ്റ്റേഷന്‍ കോംപ്ലെക്‌സില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ. അധ്യക്ഷനായി. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ ഷാന്റി ജോസഫ്, മാള പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാബു, പുത്തന്‍ചിറ പഞ്ചായത്ത് പ്രസിഡന്റ് റോമി ബേബി, മാള പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി. രവീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അംഗം ശോഭന ഗോകുല്‍നാഥ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എ. ഗീത, രജിസ്ട്രേഷന്‍ ജോ. ഇന്‍സ്പെക്ടര്‍ ജനറല്‍ പി.കെ. സാജന്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. 

3558 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ രണ്ടുനിലകളിലായി 110.80 ലക്ഷം രൂപ ചെലവിലാണ് പൊതുമരാമത്ത് വകുപ്പ് കെട്ടിടം നിര്‍മിച്ചത്. 1915 ഓഗസ്റ്റ് 17 ന് പ്രവര്‍ത്തനം ആരംഭിച്ച മാള സബ് രജിസ്റ്റര്‍ ഓഫീസ് പരിധിയില്‍ മാള, പുത്തന്‍ചിറ, പൊയ്യ പഞ്ചായത്തുകളിലെ ഏഴു വില്ലേജുകളാണുള്ളത്. വര്‍ഷത്തില്‍ ശരാശരി രണ്ടായിരം ആധാരങ്ങള്‍ ഇവിടെ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. ഓരോ വര്‍ഷവും ഒമ്പത് കോടി രൂപയുടെ വരുമാനമാണ് ലഭിക്കുന്നത്

Post a Comment

0 Comments