തൃശൂർ: വലിയ നാശനഷ്ടങ്ങൾക്ക് ഇടയാക്കുന്ന വിധത്തിൽ ജൂലൈ അവസാനവാരം പീച്ചി ഡാം ഷട്ടറുകൾ അശാസ്ത്രീയമായും കലക്ടറുടെ അനുമതിയില്ലാതെയും തുറന്നത് സംബന്ധിച്ച പരാതിയിൽ സർക്കാറിനോടും ഉദ്യോഗസ്ഥരോടും ഹൈകോടതി വിശദീകരണം തേടി. കെ.പി.സി.സി സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്ത്, എൽവിൻ തോമസ്, ടി.കെ. ഗീത എന്നിവർ ഫയൽ ചെയ്ത ഹരജി ഫയലിൽ സ്വീകരിച്ച് ജസ്റ്റിസ് അരുൺ ആണ് വിശദീകരണം ബോധിപ്പിക്കാൻ ആവശ്യപ്പെട്ടത്.
ഡാം ഷട്ടറുകൾ ചരിത്രത്തിൽ ഇന്നോളം ഇല്ലാത്ത വിധത്തിൽ തുറന്നതിലൂടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടായ നാശനഷ്ടങ്ങൾക്ക് ഉത്തരവാദികളായ ഡാം മാനേജ്മെന്റ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ഹരജി. സംസ്ഥാന സർക്കാർ, ഹോം ആൻഡ് വാട്ടർ റിസോഴ്സസ് ഡിപ്പാർട്ട്മെന്റ്, ഇറിഗേഷൻ ചീഫ് എൻജിനീയർ, ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ, പീച്ചി അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ, പീച്ചി ഹെഡ് വർക്സ് സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ, റവന്യൂ വകുപ്പ്, ദുരന്ത നിവാരണ അതോറിറ്റി, തൃശൂർ കലക്ടർ എന്നിവരാണ് കേസിൽ യഥാക്രമം ഒന്നുമുതൽ വരെ എതിർകക്ഷികൾ.
വിഷയത്തിൽ ഡി.ജി.പിക്കും പീച്ചി സബ് ഇൻസ്പെക്ടർക്കും നൽകിയ പരാതിയിൽ ഒല്ലൂർ എ.സി.പിയും പീച്ചി സി.ഐയും ഷാജി കോടങ്കണ്ടത്തിന്റെ മൊഴിയെടുത്തിരുന്നു. കലക്ടറുടെ യോഗ തീരുമാനപ്രകാരമുള്ള റൂൾ കർവ് പാലിക്കാതെയും ഡാമിലെ ജല നിരപ്പിനെക്കുറിച്ച് കലക്ടറെ കൃത്യമായി അറിയിക്കാതെയും കലക്ടറുടെ അനുമതിയില്ലാതെയും ഡാം ഷട്ടറുകൾ 72 ഇഞ്ച് തുറന്ന ഉദ്യോഗസ്ഥർക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടി ആവശ്യപ്പെട്ട് കലക്ടർക്കും പരാതി നൽകിയിട്ടുണ്ട്.
0 Comments