പൂരം കലക്കിയത് പൊലീസ്; അജിത് കുമാറിന്റെ റിപ്പോര്‍ട്ട് അംഗീകരിക്കില്ല: കെ മുരളീധരന്‍



തൃശ്ശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എം ആര്‍ അജിത്കുമാര്‍ ഡിജിപിക്ക് കൈമാറിയ റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവും തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന കെ മുരളീധരന്‍. പൂരത്തിനിടെ കുഴപ്പം ഉണ്ടാക്കാന്‍ നേതൃത്വം കൊടുത്തയാള്‍ തന്നെയാണ് റിപ്പോര്‍ട്ട് ഉണ്ടാക്കിയത്. സിപിഐ മുഖപത്രം ജനയുഗം പോലും അതിനെതിരെ രംഗത്തെത്തി. ഭരണകക്ഷികള്‍ക്ക് പോലും റിപ്പോര്‍ട്ടില്‍ എതിര്‍പ്പുണ്ടെന്നാണ് മനസ്സിലാവുന്നതെന്നും കെ മുരളീധരന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. ജുഡീഷ്യല്‍ അന്വേഷണത്തില്‍ കുറഞ്ഞ യാതൊന്നും അംഗീകരിക്കുന്നില്ല. അതിന് തയ്യാറല്ലെന്നും മുരളീധരന്‍ പറഞ്ഞു.

'ഇക്കാര്യത്തില്‍ ദേവസ്വങ്ങള്‍ക്കെതിരെ കേസെടുത്താണ് മുന്നോട്ട് പോകുന്നതെങ്കില്‍ അതിശക്തമായ സമരം ഈ സര്‍ക്കാര്‍ നേരിടേണ്ടി വരും. ആചാരങ്ങള്‍ അനുസരിച്ച് പൂരം നടത്താനാണ് ദേവസ്വങ്ങള്‍ ശ്രമിച്ചത്. ആചാരങ്ങള്‍ അവസാനിച്ചപ്പോള്‍ ഞങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന് തിരുവമ്പാടി ദേവസ്വം അറിയിക്കുകയായിരുന്നു. ആചാരലംഘനം നടത്താന്‍ ദേവസ്വത്തെ പ്രേരിപ്പിച്ചത് പൊലീസ് ഉദ്യോഗസ്ഥന്മാരാണ്. ആ പൊലീസ് ഉദ്യോഗസ്ഥരെ വെള്ളപൂശാന്‍ ദേവസ്വങ്ങളെ പ്രതിയാക്കിയാല്‍ അത് വിശ്വാസികള്‍ ക്ഷമിക്കില്ല. വിശ്വാസികള്‍ക്കൊപ്പം കേരളത്തിലെ യുഡിഎഫ് ഉണ്ടാവും', കെ മുരളീധരന്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ കവചകുണ്ഡലങ്ങളാണ് എഡിജിപി എം ആര്‍ അജിത് കുമാറും പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയും. അവരെ കൈവിട്ടാല്‍ പല രഹസ്യങ്ങളും പുറത്താകും. പിന്നെ മുഖ്യമന്ത്രിക്ക് ഇരിക്കാന്‍ കഴിയില്ല. അതിനാല്‍ രണ്ട് പേരെയും സംരക്ഷിക്കുന്ന നിലപാടില്‍ മുഖ്യമന്ത്രി ഉറച്ച് നില്‍ക്കുമ്പോള്‍ ദൗര്‍ഭാഗ്യവശാല്‍ എല്‍ഡിഎഫിലെ മറ്റുള്ളവര്‍ക്ക് പിന്തുണക്കേണ്ടി വരികയാണെന്നും മുരളീധരന്‍ പറഞ്ഞു. സിപിഐ നാളെ അഭിപ്രായം മാറ്റിയാലും തങ്ങളുടെ നിലപാടില്‍ മാറ്റം വരില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ് പൂരം കലക്കിയതെന്നും കെ മുരളീധരന്‍ ആരോപിച്ചു.

Post a Comment

0 Comments