കോടാലി: വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള താളൂപ്പാടം-മുപ്ലി ഫോറസ്റ്റ് റോഡില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കണമെന്ന ആവശ്യം എങ്ങുമെത്തിയില്ല. മറ്റത്തൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍പെടുന്ന ഈ റോഡില്‍ രാത്രിയും പകലും വന്യജീവികളെ കാണാറുണ്ട്. ഹാരിസന് പ്ലാന്റേഷനിലേക്കുള്ള തോട്ടം തൊഴിലാളികളുൾപ്പെടെ ഒട്ടേറെ പേര് സഞ്ചരിക്കുന്ന റോഡാണിത്.
മുപ്ലി ഗ്രാമത്തിലുള്ളവര്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏക മാര്‍ഗവും ഈ റോഡുതന്നെയാണ്. പുലി, കാട്ടാന തുടങ്ങിയ മൃഗങ്ങളുടെ എന്നിവയുടെ സാന്നിധ്യമുള്ളതിനാല്‍ രാത്രിയില്‍ ഭീതിയോടെയാണ് ജനങ്ങൾ ഇതുവഴി കടന്നുപോകുന്നത്. വഴിവിളക്കുകള്‍ ഇല്ലാത്തതിനാല്‍ റോഡരികില്‍ നില്ക്കുന്ന മൃഗങ്ങളെ ദൂരെ നിന്ന് കാണാനാകാത്തതില്‍ പുലര്‍ച്ച ടാപ്പിങ്ങിനായി പോകുന്ന തൊഴിലാളികള്‍ പലപ്പോഴും പുലിയുടേയും കാട്ടാനയുടേയും മുന്നില്‍ അകപ്പെടാറുള്ളതായി പറയുന്നു. മുപ്ലി തേക്കുതോട്ടത്തിലെ ഫോറസ്റ്റ് സ്റ്റേഷന് മുതല്‍ മുപ്ലി ഗ്രാമത്തിലെ ജനവാസപ്രദേശം വരെയുള്ള 500 മീറ്ററോളമാണ് ഇവിടെ വഴിവിളക്കുകളില്ലാത്തത്.
ഇവിടെ സൗരോര്‍ജ വഴിവിളക്കുകള്‍ സ്ഥാപിക്കാനായി ഒരു വര്‍ഷം മുമ്പ് വനംവകുപ്പ് അധികൃതര്‍ എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും തുടര്‍ നടപടികളുണ്ടായില്ലെന്ന് പഞ്ചായത്ത് അംഗം ലിന്റോ പള്ളിപറമ്പന്‍ പറഞ്ഞു.
0 Comments