തൃശൂര്‍: ഓണാഘോഷത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കവേ വിപണിയും സജീവമായി. നഗരത്തിലെ തേക്കിന്‍കാട് മൈതാനമാണ് ഓണ വിപണിയുടെ പ്രധാന കേന്ദ്രം. ഇവിടെ അത്തപൂക്കളം ഒരുക്കാനുള്ള പൂക്കളും മറ്റു അവശ്യസാധനങ്ങളുമായി കച്ചവടക്കാര്‍ നിരന്നുകഴിഞ്ഞു.
പൂക്കള്‍ തന്നെയാണ് ഓണ വിപണിയുടെ മുഖ്യആകര്‍ഷണം. കൂറ്റന്‍ സ്റ്റാളുകള്‍ സജ്ജമാക്കിയാണ് വിവിധ സംഘങ്ങളുടെ പൂ വില്പന. മഞ്ഞ ജമന്തി, വയലറ്റ് ആസ്ട്ര, റെഡ് റോസ്, അരളി, പനിനീര് റോസ്, വെള്ള ജമന്തി, ചെണ്ടുമല്ലി, വാടാര്‍മല്ലി തുടങ്ങി 12ഓളം ഇനം പൂക്കള്‍ ലഭ്യമാണ്. കിലോഗ്രാം നിരക്കിലാണ് വില്പന. 80 രൂപ മുതല്‍ 100 രൂപ വരെയാണ് മഞ്ഞ ജമന്തിയുടെ വില. 380 രൂപയാണ് റെഡ് റോസിന്റെ നിരക്ക്. റെഡ് റോസിനെ അപേക്ഷിച്ച് താരതമ്യേനെ വിലക്കുറവാണ് പനിനീര് റോസിന്. 200 രൂപയാണ് ഇതിന്റെ വില.
200 രൂപ മുതല്‍ 250 രൂപ വരെ നിരക്കിലാണ് അരളിയുടെ വില്പന നടക്കുന്നത്. ചെണ്ടുമല്ലിക്ക് 120 രൂപയും വാടാര്‍മല്ലിക്ക് 100 രൂപ മുതല്‍ 120 രൂപ വരെയുമാണ് വില. അതേസമയം, വെള്ള ജമന്തിക്ക് 400 രൂപയാണ് നിരക്ക്. ആവശ്യക്കാർ കൂടുതലുള്ളതിനാലാണ് വെള്ള ജമന്തിക്ക് വില കൂടുതലെന്ന് കച്ചവടക്കാര്‍ പറയുന്നു. ഓരോ ദിവസവും വിലയില്‍ വ്യത്യാസം വരും.കോയമ്പത്തൂര്‍, ഹൊസൂര്‍, ബംഗളൂരു, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍നിന്നാണ് പൂക്കള്‍ വരുന്നത്. ഒന്നിടവിട്ട ദിവസങ്ങളില്‍ പൂക്കൾ എത്തുന്നുണ്ട്. അതേസമയം, വിവിധ ഇനം പൂക്കള്‍ അടങ്ങിയ കിറ്റുകളും വില്പനക്ക് ലഭ്യമാണ്. എട്ടോളം ഇനം പൂക്കള്‍ അടങ്ങിയ കിറ്റിന് 100 രൂപയാണ് വില. പകലിന് പുറമെ രാത്രിയും പൂകച്ചവടം സജീവമാണ്. കുടുംബങ്ങള്‍ക്കുപുറമെ സ്കൂള്‍-കോളജ് വിദ്യാര്‍ഥി സംഘങ്ങളും പൂക്കള്‍ വാങ്ങാനെത്തുന്നുണ്ട്. വരുംദിവസങ്ങളില്‍ തിരക്കേറുമെന്ന് പൂകച്ചവടക്കാര്‍ പറഞ്ഞു.
പൂക്കൾക്ക് പുറമെ തൃക്കാക്കരയപ്പന് പ്രതിമകള്‍, കളിമണ്‍ ചട്ടികള്‍, സെറ്റ് മുണ്ടുകള്‍, സാരികൾ തുടങ്ങിയ അനുബന്ധ സാധനങ്ങളും ഓണ വിപണിയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഒരു വലുതും രണ്ട് ചെറുതുമായി മൂന്നെണ്ണം അടങ്ങിയ തൃക്കാക്കരയപ്പൻ പ്രതിമയുടെ ഒരു സെറ്റിന് 150 രൂപ മുതല്‍ 350 രൂപ വരെയാണ് വില. ഓണത്തിനോട് അടുപ്പിച്ച അവസാനത്തെ മൂന്നുദിവസങ്ങളില്‍ പ്രതിമകള്‍ വന്‍തോതില്‍ വിറ്റുപോകുമെന്ന് കൊടകര സ്വദേശിയായ കച്ചവടക്കാരന് പ്രസാദ് പറയുന്നു. ചോറിന് പുറമെ സാമ്പാര്‍, മീന്‍ കറി, പരിപ്പ് കറി, പുളിയിഞ്ചി തുടങ്ങി വിവിധ ഇനം കറികൾ വെക്കാനുള്ള പാത്രങ്ങളും ലഭ്യമാണ്. കളിമണ്ണ് കൊണ്ട് നിര്‍മിച്ചവയാണ് പാത്രങ്ങള്‍. വലിപ്പം അനുസരിച്ചാണ് പാത്രങ്ങളുടെ വില. 100 രൂപ മുതല്‍ വില ആരംഭിക്കും. കൊടകര, കുന്നംകുളം തുടങ്ങിയ സ്ഥലങ്ങളില്‍നിന്നാണ് പാത്ര കച്ചവടക്കാര്‍ എത്തിയിരിക്കുന്നത്.
0 Comments