പ്രഭാത വാർത്തകൾ2024 | ഒക്ടോബർ 12 | ശനി | Morning news today

പ്രഭാത വാർത്തകൾ
2024 | ഒക്ടോബർ 12 | ശനി | 
1200 | കന്നി 26 | തിരുവോണം 
1446 | റ. ആഖിർ | 08.
➖➖➖➖➖➖➖➖

◾ ഇന്ന് മഹാനവമി.

◾ ശക്തമായ തുലാമഴ തുടരുന്ന സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളില്‍ മഞ്ഞ അലെര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് മഞ്ഞ അലെര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.

◾ കേരള -ലക്ഷദ്വീപ് തീരങ്ങളില്‍  14 -ാം തിയതി വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്.

◾ സാങ്കേതിക തകരാറിനെത്തുടര്‍ന്ന് നിലത്തിറക്കാനാകാതെ രണ്ടര മണിക്കൂറുകളോളം ട്രിച്ചി വിമാനത്താവളത്തിന് മുകളില്‍ വട്ടമിട്ടുപറന്ന എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം ഒടുവില്‍ സുരക്ഷിതമായി ഇറക്കി. ട്രിച്ചിയില്‍നിന്ന് ഷാര്‍ജയിലേക്ക് പോയ വിമാനമാണ് സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ട്രിച്ചിയിലേക്കുതന്നെ തിരിച്ചു പറന്നത്. വിമാനം അടിയന്തര ലാന്‍ഡിങ് നടത്തുന്നതിന്റെ ഭാഗമായി ആംബുലന്‍സുകളും ഫയര്‍ എന്‍ജിനുകളുമടക്കം ട്രിച്ചി വിമാനത്താവളത്തില്‍ സജ്ജമാക്കിയിരുന്നു. എന്നാല്‍ ആശങ്കകള്‍ക്ക് വിരമാമിട്ട് 141 യാത്രക്കാരുമായി വിമാനം സുരക്ഷിതമായി തന്നെ ലാന്‍ഡ് ചെയ്തു. രണ്ടര മണിക്കൂറോളം ട്രിച്ചിയുടെ ആകാശത്ത് വട്ടമിട്ട് പറന്ന് ഇന്ധനം കളഞ്ഞ ശേഷമാണ് വിമാനം താഴെയിറക്കിയത്. ധൈര്യം കൈവിടാതെ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്ത വനിതാ പൈലറ്റ് ക്യാപ്റ്റന്‍ ഡാനിയല്‍ പെലിസയെയും ക്യാബിന്‍ ക്രൂവിനെയും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അഭിനന്ദിച്ചു.

◾ തന്റെ കത്തിന് മുഖ്യമന്ത്രി നല്‍കിയ വിശദീകരണം വ്യക്തമാകുന്നില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മാധ്യമങ്ങളുടെ മുമ്പില്‍ മുഖ്യമന്ത്രിയുടെ കത്ത് പരസ്യമായി വായിച്ചായിരുന്നു ഗവര്‍ണറുടെ വിമര്‍ശനം. മുഖ്യമന്ത്രി രാജ്ഭവനിലേക്ക് വരാന്‍ കൂട്ടാക്കുന്നില്ലെന്ന് മാത്രമല്ല മറ്റുള്ളവരെ വരാന്‍ അനുവദിക്കുന്നുമില്ലെന്നും കാരണം അദ്ദേഹത്തിന് എന്തോ ഒളിക്കാനുണ്ടെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി. ഗവര്‍ണര്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കുക എന്നത്   മുഖ്യമന്ത്രിയുടെ ചുമതലയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

◾ ഭയപ്പെടുത്താന്‍ നോക്കേണ്ടെന്നും താങ്കള്‍ വെറും കെയര്‍ ടേക്കര്‍ മാത്രമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഗവര്‍ണറെ ഉപയോഗിച്ച് കേന്ദ്രം കേരളത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. പ്രധാനമന്ത്രി കേരളം സന്ദര്‍ശിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും ദുരിതം ബാധിച്ച വയനാടിന് വേണ്ടി ഒരു സഹായവും നല്‍കിയില്ല. കേരളം കേന്ദ്രത്തെ പൂര്‍ണമായും അവഗണിക്കുകയാണെന്നും കേന്ദ്ര നിലപാട് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും കേരളത്തോടുളള അവഗണനക്കെതിരെ ജനകീയ മുന്നേറ്റം ഉയര്‍ത്തിക്കൊണ്ടു വരുമെന്നും അദ്ദേഹം പറഞ്ഞു.

◾ കേരള ഗവര്‍ണര്‍ക്ക് ഭരണഘടനയുടെ കാഴ്ചപ്പാടുകളോ കീഴ്‌വഴക്കങ്ങളോ അറിയില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍. ഭരണഘടനാപരമായ സംശയങ്ങളുണ്ടെങ്കില്‍ പ്രസിഡന്റിന് അയച്ച് സംശയനിവാരണം നടത്തുകയാണ് ചെയ്യേണ്ടതെന്നും ടി.പി.രാമകൃഷ്ണന്‍ വിമര്‍ശിച്ചു.

◾ മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖത്തില്‍ പി.ആര്‍.ഏജന്‍സിയുടെ ഇടപെടല്‍ ഉണ്ടായെന്ന പത്രത്തിന്റെ വാദം അംഗീകരിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. എന്നാല്‍ മുഖ്യമന്ത്രിയുടെ പേരില്‍ തെറ്റായ പരാമര്‍ശം ചേര്‍ത്തതില്‍ ഖേദം പ്രകടിപ്പിച്ച ഹിന്ദുവിന്റെ നടപടിയെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

◾ പ്രകാശ് ബാബുവിനും വി എസ് സുനില്‍ കുമാറിനുമെതിരെ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പാര്‍ട്ടിയില്‍ പല സെക്രട്ടറിമാര്‍ വേണ്ടെന്ന് ഓര്‍മ്മിപ്പിച്ചാണ്  വിമര്‍ശനം. പാര്‍ട്ടിയില്‍ ഒരു സെക്രട്ടറിയും ഒരു വക്താവും മതി. അത് ഞാനാണെങ്കില്‍ അങ്ങനെ, മറ്റാരെങ്കിലുമാണെങ്കില്‍ അയാള്‍ മതിയെന്ന് ബിനോയ് വിശ്വം പറഞ്ഞു.

◾കോഴിക്കോട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ കൊലവിളി മുദ്രാവാക്യം. കൊയിലാണ്ടി മുചുകുന്ന് സയ്യിദ് അബ്ദുറഹ്‌മാന്‍ ബാഫഖി തങ്ങള്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളജിലെ യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎസ്എഫ്  പ്രവര്‍ത്തകര്‍ക്ക് നേരെയായിരുന്നു കൊലവിളി മുദ്രാവാക്യം. യുഡിഎസ്എഫ് വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകര്‍ക്ക് അരിയില്‍ ഷുക്കൂറിന്റെ ഗതി വരും എന്നായിരുന്നു മുദ്രാവാക്യം. സംഘര്‍ഷത്തില്‍ ഇന്നലെ യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് എതിരെ പൊലീസ് കേസെടുത്തിരുന്നു. യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ചരിത്രത്തില്‍ ആദ്യമായി അഞ്ചു സീറ്റുകള്‍ യുഡിഎസ്എഫ് വിജയിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

◾ മാത്യു കുഴല്‍നാടന്‍ ഒരുപാട് ചരിത്രം വസ്തുതാപരമായി പഠിക്കാനുണ്ടെന്നതിലേക്കാണ് അദ്ദേഹത്തിന്റെ നിയമസഭാ പ്രസംഗം വിരല്‍ചൂണ്ടുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. സാമൂഹ്യജീവിതത്തിന്റെ വിപ്ലവകരമായ ഉള്ളടക്കത്തെ ഉള്‍ക്കൊള്ളാനാവാത്ത അദ്ദേഹം, എല്ലാ ചരിത്ര അവബോധത്തെയും നിഷേധിക്കുന്ന കോമാളി വേഷക്കാരനായി മാറിയിരിക്കുകയാണെന്നും ഗോവിന്ദന്‍ പറഞ്ഞു. കൂത്തുപറമ്പ് രക്തസാക്ഷികളെ സി.പി.എം വഞ്ചിച്ചെന്ന് കഴിഞ്ഞ ദിവസം മാത്യു കുഴല്‍നാടന്‍ എം.എല്‍.എ നിയമസഭയില്‍ ആരോപിച്ചതിനെ വിമര്‍ശിക്കുകയായിരുന്നു ഗോവിന്ദന്‍.

◾ നിയമസഭയില്‍ മാത്യു കുഴല്‍നാടന്‍ എം എല്‍ എ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഡി വൈ എഫ് ഐ. കൂത്തുപറമ്പ് രക്തസാക്ഷികളെയും സമരപോരാളി പുഷ്പനെയും നിയമസഭയില്‍ അധിക്ഷേപിച്ച മാത്യു കുഴല്‍നാടന്‍ ചരിത്രമറിയാത്ത വിഡ്ഢിയാണെന്നും മാപ്പര്‍ഹിക്കാത്ത തെറ്റാണ് ചെയ്തിരിക്കുന്നതെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് വാര്‍ത്താക്കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു.

◾ ശബരിമലയില്‍ ഇത്തവണ വെര്‍ച്വല്‍ ക്യൂ മാത്രമേ ഉണ്ടാകൂവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഭക്തരുടെ സുരക്ഷ പ്രധാനമാണെന്നും വെര്‍ച്വല്‍ ക്യൂ സദുദ്ദേശത്തോടെ എടുത്ത തീരുമാനമാണെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു. മാലയിട്ട് എത്തുന്ന ആര്‍ക്കും ദര്‍ശനം കിട്ടാതെ മടങ്ങേണ്ട സാഹചര്യം ഉണ്ടാകില്ലെന്നും അക്കാര്യം സര്‍ക്കാരുമായി ആലോചിച്ചു ഉറപ്പാക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

◾ ശബരിമലയില്‍ ദര്‍ശന സമയം പുനഃക്രമീകരിച്ചു. പുലര്‍ച്ചെ മൂന്നുമണി മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയും പിന്നീട് ഉച്ചയ്ക്ക് മൂന്നുമുതല്‍ രാത്രി 11 മണി വരെയുമാണ് ദര്‍ശനസമയം. ആകെ 17 മണിക്കൂറാണ് ദര്‍ശനത്തിന് അനുവദിച്ചിരിക്കുന്നത്. വെര്‍ച്വല്‍ ക്യൂവിന് 48 മണിക്കൂര്‍ ഗ്രേസ് പിരീഡ് നല്‍കും.

◾ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനത്തിനെതിരെ ആചാര സംരക്ഷണ സമിതി. ശബരിമലയില്‍ ദര്‍ശനത്തിന് ഇത്തവണ വെര്‍ച്വല്‍ ക്യൂ ബുക്കിങ് വഴി മാത്രം പ്രവേശനം അനുവദിക്കാനുള്ള ദേവസ്വം ബോര്‍ഡ് തീരുമാനം അംഗീകരിക്കില്ലെന്നും ശക്തമായ പ്രതിഷേധത്തിലേക്ക് പോകുമെന്നും ആചാര സംരക്ഷണ സമിതി സെക്രട്ടറി പറഞ്ഞു. പുതിയ തീരുമാനത്തിനെതിരെ എല്ലാ അയ്യപ്പ ഭക്ത സംഘടനകളെയും അണിനിരത്തി പ്രതിഷേധം ഉയര്‍ത്തുമെന്നും അവര്‍ വ്യക്തമാക്കി.

◾ ശബരിമലയിലെ മുഴുവന്‍ അശാസ്ത്രീയ പരിഷ്‌കാരങ്ങളും പിന്‍വലിക്കണമെന്നും ശബരിമല തീര്‍ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ വാശി ഉപേക്ഷിക്കണമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം രമേശ് ചെന്നിത്തല. അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിചയസമ്പന്നരായ പൊലീസ് ഉദ്യോഗസ്ഥരെ സന്നിധാനത്തു നിയോഗിക്കേണ്ടതിന്റെ ആവശ്യകതയെന്നും അദ്ദേഹം പറഞ്ഞു.

◾ ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേല്‍ശാന്തിമാരുടെ നറുക്കെടുപ്പുമായി ദേവസ്വം ബോര്‍ഡിന് മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി. മേല്‍ശാന്തിയാകാനുള്ള പ്രവൃത്തിപരിചയം സംബന്ധിച്ച തര്‍ക്കമുള്ള രണ്ട് അപേക്ഷകരുടെ പേര് ഉള്‍പ്പെടുത്തി അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കാമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഹൈക്കോടതി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ നറുക്കെടുപ്പില്‍ ഇവരുടെ പേരുകള്‍ ഉള്‍പ്പെടുത്താവു എന്നും ദേവസ്വം ബെഞ്ച് വ്യക്തമാക്കി.

◾ കുണ്ടന്നൂര്‍ തേവര പാലം അറ്റകുറ്റപ്പണികള്‍ക്കായി ഈ മാസം 15 മുതല്‍ അടുത്ത മാസം 15 വരെ ഒരുമാസത്തേക്ക് അടച്ചിടുമെന്ന് അറിയിപ്പ്. പാലം ജര്‍മ്മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് പണി പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉറപ്പ് നല്‍കിയിരുന്നു.പാലത്തിന്റെ പണി പുരോഗമിക്കുന്നതിനാലാണ് ഒരു മാസത്തേക്ക് അടച്ചിടുന്നത്.

◾ സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത് കെ.ഇ.ആര്‍. ചട്ടപ്രകാരവും കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരവുമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഈ നിബന്ധനകള്‍ പാലിക്കാതെ ചില വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും, അത്തരത്തിലുള്ള ഒരു സ്‌കൂളാണ്  മട്ടാഞ്ചേരി സ്മാര്‍ട്ട് കിഡ്‌സ് പ്ലേ സ്‌കൂളെന്നും മന്ത്രി പറഞ്ഞു.മട്ടാഞ്ചേരി സ്മാര്‍ട്ട് കിസ്ഡ് പ്ലേ സ്‌കൂളില്‍ മൂന്നര വയസ്സുകാരന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു വിദ്യാഭ്യാസ മന്ത്രി.

◾ വി.എസ്. അച്യുതാനന്ദന്റെ മകന്‍ ഡോ. വി .എ. അരുണ്‍കുമാറിന് ഐ.എച്ച്.ആര്‍.ഡി ഡയറക്ടറുടെ ചുമതല വഹിക്കാനുള്ള യോഗ്യതകള്‍ ഇല്ലെന്ന് ആള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എഡ്യൂക്കേഷന്‍. അരുണ്‍കുമാറിന്റെ നിയമനം ചോദ്യം ചെയ്തുളള ഹര്‍ജിയിലാണ് എഐസിടിഇ ഹൈക്കോടതിയില്‍ മറുപടി നല്‍കിയിരിക്കുന്നത്.ഹര്‍ജി ഈ മാസം 23 ന് ഹൈക്കോടതി പരിഗണിക്കും.

◾ മലപ്പുറം കൊളത്തൂരില്‍ ബലാത്സംഗ കേസില്‍ യൂട്യൂബര്‍ അറസ്റ്റിലായി. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ആഷിഖാണ് അറസ്റ്റിലായത്. വീട് നിര്‍മിക്കാന്‍ സഹായം വാഗ്ദാനം ചെയ്ത് കാറില്‍ കയറ്റി കൊണ്ടുപോയി യുവതിയെ ബലാത്സംഗം ചെയ്തെന്നാണ് പരാതി.

◾ പാറശാല ഷാരോണ്‍ രാജ് വധക്കേസിന്റെ വിചാരണ ചൊവ്വാഴ്ച ആരംഭിക്കും. ഷാരോണ്‍ കൊല്ലപ്പെട്ട് രണ്ടു വര്‍ഷമാകുമ്പോഴാണ് വിചാരണ ആരംഭിക്കുന്നത്. സുഹൃത്തായ ഷാരോണിനെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാന്‍ ഒന്നാം പ്രതി ഗ്രീഷ്മ കഷായത്തില്‍ വിഷം കൊടുത്ത് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

◾ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് മൂന്നു പേരെ ഇടുക്കി അടിമാലി പോലീസ് അറസ്റ്റു ചെയ്തു. വിയറ്റ്നാമില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി കമ്പോഡിയയിലെത്തിച്ച് ചൈനക്കാര്‍ക്ക് കൈമാറാന്‍ ശ്രമിച്ചു എന്നാണ് കേസ്.കൂടുതല്‍ പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടോയെന്നും പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

◾ ഹോട്ടല്‍ മുറിയിലെ മദ്യപാന ദൃശ്യം പുറത്തായതിന് പിന്നാലെ തിരുവനന്തപുരത്തെ എസ്എഫ്ഐ നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി. ജില്ലാ പ്രസിഡന്റ് നന്ദന്‍ മധുസൂദനന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സഞ്ജയ് സുരേഷ് എന്നിവരെ ചുമതലയില്‍ നിന്ന് മാറ്റി. സിപിഎം ജില്ലാ സെക്രട്ടറി വി ജോയ് പങ്കെടുത്ത യോഗത്തിലായിരുന്നു തീരുമാനം.

◾ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഈ മാസം 19 ന് വീണ്ടും ചേരും. പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ തുടരാനാണ് തീരുമാനം. തെരഞ്ഞെടുപ്പ് പ്രഖ്യാപനം നേരത്തെ ഉണ്ടായാല്‍ അവൈലബിള്‍ സെക്രട്ടറിയേറ്റ് ചേര്‍ന്ന് തീരുമാനമെടുക്കും. രണ്ടുദിവസത്തിനകം തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സിപിഎം കണക്കാക്കുന്നത്.

◾ നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതിലെ അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. അതിജീവിത നല്‍കിയ ഉപഹര്‍ജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി പറയുക. നിലവിലെ റിപ്പോര്‍ട്ട് റദ്ദാക്കി ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ വിഷയം അന്വേഷിക്കണമെന്നാണ് ആവശ്യം.

◾ എആര്‍എം സിനിമയുടെ വ്യാജ പതിപ്പ് നിര്‍മ്മിച്ച പ്രതികളെ തമിഴ് സിനിമയായ വേട്ടയ്യന്‍ ഷൂട്ട് ചെയ്ത് മടങ്ങവെ കൊച്ചി സൈബര്‍ പോലീസ് പിടികൂടി. തമിള്‍ റോക്കേഴ്സ് സംഘാംഗങ്ങളായ സത്യമംഗലം സ്വദേശികളായ കുമരേശ്, പ്രവീണ്‍ കുമാര്‍ എന്നിവരാണ് ബാംഗ്ലൂരില്‍ നിന്ന് പിടിയിലായത്.

◾ ഇടുക്കി തൊമ്മന്‍കുത്ത് ആനചാടി കുത്തിലെ മലവെള്ളപാച്ചിലില്‍ കുടുങ്ങിയ വിനോദ സഞ്ചാരികളെ അഗ്നി രക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി. വെള്ളച്ചാട്ടം കണ്ട് പുഴയില്‍ നില്‍ക്കുമ്പോഴാണ് മല മുകളിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് അപ്രതീക്ഷിതമായി വെള്ളം കുത്തിയൊലിച്ച് എത്തിയത്. ഇതോടെ പരിഭ്രാന്തരായ സ്ത്രീകളും കുട്ടികളുമടങ്ങിയ വിനോദ സഞ്ചാരികള്‍ സമീപത്തെ പാറയുടെ മുകളിലേക്ക് കയറി ഇവിടെ ഇരിപ്പുറപ്പിക്കുകയായിരുന്നു. പാറക്കെട്ടില്‍ കുടുങ്ങിയവരുടെ  കരച്ചില്‍ കേട്ട് ഓടിയെത്തിയ സമീപവാസികളാണ് അഗ്നി രക്ഷാസേനയെ വിവരമറിയിച്ചത്. കുട്ടികള്‍ ഉള്‍പ്പെടെയുള്ള എറണാകുളം സ്വദേശികളായ 15 സഞ്ചാരികളെയാണ് അഗ്നി രക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തിയത്.  

◾ കുന്നംകുളം ചൊവ്വന്നൂര്‍  പന്തല്ലൂരില്‍ സ്‌കൂട്ടര്‍ ഇടിച്ച് റോഡില്‍ വീണ വയോധികന്‍ ബസ് കയറി മരിച്ചു. ചൊവ്വന്നൂര്‍ പന്തല്ലൂര്‍ സ്വദേശി ശശി (62)യാണ് മരിച്ചത്. ഇന്നലെ രാത്രി 8:30 യോടെയാണ് അപകടം ഉണ്ടായത്.

◾ ചെന്നൈ കവരൈപേട്ടയില്‍ നിര്‍ത്തിയിട്ട ചരക്ക് ട്രെയിനിലേക്ക് മൈസൂര്‍-ദര്‍ബാംഗ എക്സ്പ്രസ് ഇടിച്ച് കയറി. കൂട്ടിയിടിയുടെ ആഘാതത്തില്‍ 13 കോച്ചുകള്‍ പാളം തെറ്റി. മൂന്ന് കോച്ചുകള്‍ക്ക് തീപിടിക്കുകയും ചെയ്തു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും നില ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു.

◾ ഹരിയാനയിലെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം വോട്ടിംഗ് യന്ത്രങ്ങളില്‍ നടത്തിയ ക്രമക്കേടാണെന്ന ആരോപണത്തില്‍ ഉറച്ച് കോണ്‍ഗ്രസ്. ആദ്യം ഏഴ് മണ്ഡലങ്ങളുമായി ബന്ധപ്പെട്ട പരാതി നല്‍കിയ കോണ്‍ഗ്രസ് ഇന്നലെ 13 മണ്ഡലങ്ങളില്‍ കൂടി വോട്ടെണ്ണത്തില്‍ ക്രമക്കേട് നടന്നെന്ന് കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാമത്തെ നിവേദനം നല്‍കി. 20 മണ്ഡലങ്ങളിലെയും വോട്ടിംഗ് യന്ത്രങ്ങള്‍ അടിയന്തിരമായി സീല്‍ ചെയ്ത് വിശദമായ അന്വേഷണം വേണമെന്നതാണ് കോണ്‍ഗ്രസിന്റെ ആവശ്യം.

◾ മഹാരാഷ്ട്ര നാസിക്കില്‍ പരിശീലനത്തിനിടെ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. വിശ്വരാജ് സിംഗ്, സൈഫത്ത് ഷിത്ത് എന്നിവരാണ് മരിച്ചത്. ദേവലാലി ക്യാമ്പിലെ ആര്‍ട്ടിലറി ഫയറിംഗ് റേഞ്ചില്‍ ഐ എഫ് ജി ഇന്ത്യന്‍ ഫീല്‍ഡ് ഗണ്‍ ഉപയോഗിച്ച് ഫയറിംഗ് പരിശീലനം നടത്തുന്നതിനിടെയായിരുന്നു അപകടം. പരിശിലനത്തിനിടെ ഷെല്ലുകള്‍ പൊട്ടിതെറിച്ചും ചില്ലുകള്‍ ശരീരത്തില്‍ കുത്തികയറിയുമാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്.

◾ സമാധാനത്തിനുള്ള നൊബേല്‍ ജപ്പാനിലെ നിഹോന്‍ ഹിഡാന്‍ക്യോ എന്ന സന്നദ്ധ സംഘടനയ്ക്ക്. ഹിരോഷിമ നാഗസാക്കി ഇരകളുടെ കൂട്ടായ്മയായ നിഹോന്‍ ഹിഡോന്‍ക്യോ ആണവായുധങ്ങള്‍ക്ക് എതിരെ ബോധവത്ക്കരണം നടത്തുന്ന സംഘടനയാണ്. ആണവായുധ വിമുക്ത ലോകത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് അംഗീകാരം ലഭിച്ചത്.

◾ കരസേനാ കമാന്‍ഡര്‍മാരുടെ യോഗത്തിന്റെ ആദ്യഘട്ടം സിക്കിമിന്റെ തലസ്ഥാനമായ ഗാങ്ടോക്കില്‍ സമാപിച്ചു. യോഗത്തെ പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങ് അഭിസംബോധന ചെയ്തു. ഇതാദ്യമായാണ് ദില്ലിക്ക് പുറത്ത് ആര്‍മി കമാന്‍ഡേഴ്സ് കോണ്‍ഫറന്‍സ് ചേരുന്നത് .

◾ ജമ്മു കശ്മീരില്‍ മന്ത്രിസഭ രൂപീകരണ ചര്‍ച്ചയിലേക്ക് കടന്ന് നാഷണല്‍ കോണ്‍ഫറന്‍സ്. ഇന്നലെ കൂടിയ കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗത്തില്‍ നാഷണല്‍ കോണ്‍ഫറസിന് പിന്തുണ നല്‍കാന്‍ തീരുമാനമായി. പാര്‍ട്ടിയുടെ നിയമസഭാ നേതാവിനെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് പിസിസി അധ്യക്ഷന്‍ വ്യക്തമാക്കി. അതേസമയം, സര്‍ക്കാര്‍ രൂപീകരണത്തിന് നാളെ ലെഫ്. ഗവര്‍ണറെ കണ്ട് അവകാശവാദം ഉന്നയിക്കുമെന്ന് ഫാറൂഖ് അബ്ദുള്ള പറഞ്ഞു.

◾ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനിലെ ആഭ്യന്തര തര്‍ക്കത്തെ തുടര്‍ന്ന് കായിക വികസന പദ്ധതികള്‍ക്കായുള്ള ഒളിമ്പിക് സോളിഡാരിറ്റി ഗ്രാന്റുകളില്‍ ഇന്ത്യക്കുള്ള വിഹിതം തടഞ്ഞുവയ്ക്കാന്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി തീരുമാനിച്ചു. ഒക്ടോബര്‍ എട്ടിന് ചേര്‍ന്ന അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ എക്‌സിക്യുട്ടീവ് ബോര്‍ഡ് യോഗത്തിന്റെ തീരുമാനം ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി.ഉഷയെ കത്തിലൂടെ അറിയിച്ചു.

◾ രാഹുല്‍ഗാന്ധിയുടെ മോശം പ്രകടനത്തെ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് സ്ഥാനം കൂടുതല്‍ പേര്‍ പങ്കിടുന്നത് സംബന്ധിച്ച് ഇന്ത്യ സഖ്യത്തില്‍ ചര്‍ച്ച നടക്കുന്നുവെന്ന ആരോപണവുമായി ബിജെപി. പ്രതിപക്ഷ നേതാവിന്റെ ഉത്തരവാദിത്തം നിറവേറ്റാന്‍ രാഹുലിനാകുന്നില്ലെന്ന് തോന്നുന്നുണ്ടെങ്കില്‍ അത്തരത്തിലൊരു തീരുമാനവുമായി ഇന്ത്യ സഖ്യം മുന്നോട്ട് പോകണമെന്ന് ബിജെപി എംപി ബാംസുരി സ്വരാജ് പറഞ്ഞു.

◾ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജ് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് ആയി ഔദ്യോഗികമായി ചുമതലയേറ്റു. തെലങ്കാന ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയതിന് ശേഷമാണ് ഹൈദരാബാദിലുള്ള ഡിജിപി ഓഫീസിലെത്തി അദ്ദേഹം ചാര്‍ജെടുത്തത്. 

◾ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ ജസ്പ്രിത് ബുമ്രയാണ് വൈസ് ക്യാപ്റ്റന്‍. ഇവരെ കൂടാതെ യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, സര്‍ഫറാസ് ഖാന്‍, റിഷഭ് പന്ത്, ധ്രുവ് ജുറല്‍, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, അകാശ് ദീപ് എന്നിവരാണ് ടീമിലുള്ളത്.

◾ ഫോബ്‌സിന്റെ അതിസമ്പന്നരുടെ പട്ടികയില്‍ ആദ്യ നൂറില്‍ 7 മലയാളികളും ഉള്‍പ്പെട്ടു. 7.8 ബില്യന്‍ ഡോളറിന്റെ (ഏകദേശം 65,499 കോടി രൂപ) ആസ്തിയുള്ള മുത്തൂറ്റ് കുടുംബമാണ് ഇത്തവണ സമ്പന്ന മലയാളികളില്‍ ഒന്നാമതെത്തിയത്. കഴിഞ്ഞ തവണ മലയാളി സമ്പന്നരില്‍ ഒന്നാമതെത്തിയ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി ഇത്തവണ രണ്ടാമതാണ്. 7.4 ബില്യന്‍ ഡോളര്‍ (ഏകദേശം 62,142 കോടി രൂപ)യാണ് യൂസഫലിയുടെ ആസ്തി. കല്യാണ്‍ ജുവലേഴ്‌സ് മാനേജിംഗ് ഡയറക്ടറായ ടി.എസ് കല്യാണ രാമനാണ് 5.5 ബില്യന്‍ ഡോളറിന്റെ (ഏകദേശം 46,186 കോടി രൂപ) ആസ്തിയോടെ തൊട്ടുപിന്നിലുള്ളത്. ക്രിസ് ഗോപാലകൃഷ്ണനാണ് മലയാളി സമ്പന്നരില്‍ നാലാമന്‍. 4.3 ബില്യന്‍ ഡോളറിന്റെ (ഏകദേശം 36, 325 കോടി രൂപ) ആസ്തിയാണ് ഇദ്ദേഹത്തിനുള്ളത്. പ്രമുഖ വിദ്യാഭ്യാസ ശൃംഖലയായ ജെം എഡ്യൂക്കേഷന്റെ തലവന്‍ സണ്ണി വര്‍ക്കി 3.5 ബില്യന്‍ ഡോളറിന്റെ (ഏകദേശം 29,200 കോടി രൂപ) ആസ്തിയുമായി അഞ്ചാം സ്ഥാനത്തുണ്ട്. ആര്‍.പി ഗ്രൂപ്പ് മേധാവി രവി പിള്ളയാണ് തൊട്ടുപിന്നില്‍. 3.4 ബില്യന്‍ ഡോളറിന്റെ (ഏകദേശം 28,390 കോടി രൂപ) ആസ്തിയാണ് രവി പിള്ളയ്ക്കുള്ളത്. ആദ്യ നൂറിലുള്ള ഏഴാമത്തെ മലയാളി ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസാണ്. അദ്ദേഹത്തിന്റെ ആസ്തി 3.37 ബില്യന്‍ ഡോളറാണ് (ഏകദേശം 28,140 കോടി രൂപ).

◾ ആന്റണി പെപ്പെയുടെ ജന്മദിനത്തില്‍ പുതിയ ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവച്ച് അണിയറപ്രവര്‍ത്തകര്‍. ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്യുന്ന 'ദാവീദ്' എന്ന ചിത്രത്തിലെ ആന്റണി പെപ്പെയുടെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തു വിട്ടത്. ആഷിക്ക് അബു എന്ന ബോക്സര്‍ ആയാണ് താരം പുതിയ ചിത്രത്തിലെത്തുന്നത്. ബോക്സിങ് ഗ്ലൗ ധരിച്ച് റിങ്ങില്‍ നില്‍ക്കുന്ന ആന്റണി പെപ്പെയാണ് പോസ്റ്ററിലുള്ളത്. ദാവീദ് എന്ന സിനിമയ്ക്കായി താരം ശരീരഭാരം കുറച്ചിരുന്നു. ബോക്സര്‍ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പ്രത്യേക പരിശീലനവും നേടിയിരുന്നു. മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബനു ശേഷം ജോണ്‍ ആന്‍ഡ് മേരി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അച്ചു ബേബി ജോണ്‍ നിര്‍മിക്കുന്ന ചിത്രമാണ് ദാവീദ്. ഗോവിന്ദ് വിഷ്ണുവും ദീപുരാജീവുമാണ് ചിത്രത്തിന്റെ തിരക്കഥ.

◾ റഹ്‌മാന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'തൗസന്റ് ബേബീസ്' ഒക്ടോബര്‍ 18 മുതല്‍ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിക്കും. റഹ്‌മാന്‍ അഭിനയിക്കുന്ന ആദ്യത്തെ വെബ് സീരീസാണിത്.  സൈക്കോളജിക്കല്‍ സസ്പെന്‍സ് ക്രൈം ത്രില്ലര്‍ ജോണറിലുള്ള വ്യത്യസ്തമായ പ്രമേയമാണ് ഇതിന്റേത്. ബോളിവുഡ് അഭിനേത്രിയും സംവിധായികയുമായ നീനാ ഗുപ്ത ഇതില്‍ മര്‍മ പ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആദ്യന്തം സസ്പെന്‍സു നിറഞ്ഞ വ്യത്യസ്തമായ കഥാപശ്ചാത്തലത്തിലുള്ള ഈ സൈക്കോളജിക്കല്‍ ത്രില്ലര്‍ സീരീസിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് നജീം കോയയാണ്. നീന ഗുപ്തയും റഹ്‌മാനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന തൗസന്റ് ബേബീസില്‍ രാധിക രാധാകൃഷ്ണന്‍, സഞ്ജു ശിവരാമന്‍, ജോയ് മാത്യു, അശ്വിന്‍ കുമാര്‍, ഷാജു ശ്രീധര്‍,  ഇര്‍ഷാദ് അലി, കലേഷ് രാമാനന്ദ്, ശ്രീകാന്ത് മുരളി എന്നിങ്ങനെ വലിയൊരു താരനിര തന്നെ മറ്റു കഥാപാത്രങ്ങള്‍ക്കായി അണിനിരന്നിരിക്കുന്നു.


Post a Comment

0 Comments