2024 | ഒക്ടോബർ 3 | വ്യാഴം |
1200 | കന്നി 17 | അത്തം.
1446 | റ. അവ്വൽ | 29.
➖➖➖➖➖➖➖➖
◾ ശുചിത്വ കേരളം സുസ്ഥിര കേരളം ലക്ഷ്യമിട്ട് സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന മാലിന്യമുക്തം നവകേരളം ക്യാമ്പയിന് തുടക്കിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗാന്ധി ജയന്തി ദിനത്തില്‍ തുടങ്ങി സീറോ വേസ്റ്റ് ദിനമായ 2025 മാര്‍ച്ച് 30 ന് അവസാനിക്കുന്ന വിപുലമായ ജനകീയ ക്യാമ്പയിനാണ് ഇന്നലെ തുടക്കമായതെന്നും കേരളത്തെ സമ്പൂര്‍ണ്ണ മാലിന്യമുക്തമാക്കുന്നതിനായി മാലിന്യനിര്‍മ്മാര്‍ജ്ജനവും സംസ്‌കരണവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളെയും ഉള്‍ക്കൊള്ളുന്ന പദ്ധതി 2024 മാര്‍ച്ച് മുതല്‍ നടപ്പാക്കി വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
◾ പി വി അന്‍വറിനൊപ്പമില്ലെന്ന നിലപാടുമായി കെ ടി ജലീല്‍ എംഎല്‍എ. പി വി അന്‍വറിനെ രാഷ്ട്രീയപരമായ വിയോജിപ്പ് അറിയിക്കും എന്ന് അദ്ദേഹം പ്രതികരിച്ചു. സിപിഎമ്മിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും, വെടിവെച്ച് കൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും തള്ളിപ്പറയില്ലെന്നും ജലീല്‍ പറഞ്ഞു. സിപിഎമ്മിനോടും ഇടത് മുന്നണിയോടും നന്ദികേട് കാണിക്കില്ലെന്നും അന്‍വറിനെതിരെ പാര്‍ട്ടി പറഞ്ഞാല്‍ പ്രചരണത്തിനിറങ്ങുമെന്നും ജലീല്‍ വ്യക്തമാക്കി.
◾ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ സിപിഎം നടപടി എടുത്തിട്ടുണ്ടെന്നും രണ്ട് വീടുകളില്‍ കയറി പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പരാതിയിലാണ് നടപടി എടുത്തതെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പി ശശിയുടെ ചരിത്രം പരിശോധിക്കുമ്പോള്‍ പിവി അന്‍വര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിയാവാനാണ് സാധ്യതയെന്നും കെ സുധാകരന്‍ ആരോപിച്ചു.
◾ ബിജെപിയുടെ തണലില്‍ വളരുന്ന കാട്ടുകുരങ്ങാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ എന്ന വിമര്‍ശനവുമായി കെ സുധാകരന്‍ . അതിനെ തൊടാനും പേടിയാണ് തൊട്ടില്ലെങ്കിലും പേടിയാണ്. സിപിഎം തകര്‍ന്ന് തരിപ്പണമാവുകയാണെന്നും, ഇത് അറിയാന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ ഫലം നോക്കിയാല്‍ മതി എന്നും കെ സുധാകരന്‍ പറഞ്ഞു.
◾ മുഖ്യമന്ത്രിയുടെ അഭിമുഖം വിവാദമാക്കി മുസ്ലിം ലീഗ് തെറ്റിദ്ധാരണ പരത്തുകയാണെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എ വിജയരാഘവന്‍. പി ആര്‍ ഏജന്‍സികള്‍ അന്യ രാജ്യങ്ങളില്‍ നിന്നും വന്ന രാജ്യ വിരുദ്ധ ശക്തികള്‍ ആണോയെന്നും അതിലെന്താണിത്ര തെറ്റെന്നും എ വിജയരാഘവന്‍ ചോദിച്ചു. മലപ്പുറമെന്നാല്‍ മുസ്ലിം ലീഗ് മാത്രമല്ലെന്നും മലപ്പുറത്തെ വര്‍ഗീയമാക്കുന്നത് സമൂഹത്തിന് ഗുണം ചെയ്യില്ലെന്നും തദ്ദേശ - നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ലീഗ് ഇതു ചെയുന്നതെന്നും എ വിജയരാഘവന്‍ കൂട്ടിചേര്ത്തു.
◾ പി.ആര്‍. ഏജന്‍സി കൈസണെതിരേ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല. വരാനിരിക്കുന്ന മഹാരാഷ്ട്രാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കും സഖ്യകക്ഷികള്‍ക്കും വേണ്ടി കര്‍ട്ടനു പിന്നില്‍നിന്ന് പ്രവര്‍ത്തിക്കുന്ന പി.ആര്‍. ഏജന്‍സിയാണ് കൈസണ്‍ എന്ന് വിവരം ലഭിച്ചതായി അദ്ദേഹം ആരോപിച്ചു. ഉടഞ്ഞ വിഗ്രഹമാണ് പിണറായി വിജയനെന്നും ആ മുഖം മിനുക്കാന്‍ ഇനി ഒരു പി.ആര്‍. ഏജന്‍സിക്കും ആവില്ലെന്നും ചെന്നിത്തല വിമര്‍ശിച്ചു.
◾ ദി ഹിന്ദു ദിനപത്രത്തിലെ മലപ്പുറം പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്കി യൂത്ത് ലീഗ്. ദി ഹിന്ദു എഡിറ്റര്‍, കെയ്സണ്‍ എംഡി, മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശമുള്ള അഭിമുഖം തയ്യാറാക്കിയ ഹിന്ദുവിലെ മാധ്യമ പ്രവര്‍ത്തക, മുഖ്യമന്ത്രി എന്നിവരടക്കം നാലുപേര്‍ക്കെതിരെയാണ് പരാതി. അഭിമുഖത്തിലെ പരാമര്‍ശം വിവിധ മതങ്ങള്‍ക്കിടയില്‍ സ്പര്‍ധ ഉണ്ടാക്കുന്നതാണെന്നും ഒരു നാടിനെ അപകീര്‍ത്തിപ്പെുത്തുന്നതാണെന്നും പരാതിയില്‍ പികെ ഫിറോസ് പറയുന്നു.വിവാദ പരാമര്‍ശത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കിയും പരാതി നല്‍കിയിരുന്നു.
◾ എഡിജിപി അജിത് കുമാറിനെ മാറ്റണമെന്ന നിലപാടിലുറച്ച് സിപിഐ. മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ കൂടിക്കാഴ്ചയിലാണ് സിപിഐ നിലപാട് ആവര്‍ത്തിച്ചത്. അന്വേഷണ റിപ്പോര്‍ട്ട് വരട്ടെയെന്നും അതിനുശേഷം തീരുമാനിക്കാമെന്നുമാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. എഡിജിപിക്കെതിരായ ആരോപണങ്ങളിലെ അന്വേഷണത്തില്‍ ഡിജിപി ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇരിക്കെയാണ് കൂടിക്കാഴ്ച നടന്നത്.
◾ മലപ്പുറം ജില്ലയില്‍ ക്രൈം റേറ്റ് കൃത്രിമമായി ഉണ്ടാക്കിയതാണെന്നും പിആര്‍ ഗ്രൂപ്പാണ് കേരളത്തെ നിയന്ത്രിക്കുന്നതെന്നും, അതിന്റെ തലപ്പത്ത് ഇരിക്കുന്നത് കേന്ദ്ര മന്ത്രി അമിത് ഷായാണെന്നും മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. ഷഹീന്‍ ബാഗിനെ എലത്തൂര്‍ കേസില്‍ തീവ്ര വാദ കേന്ദ്രമാക്കി സംസാരിച്ച ആളാണ് എഡിജിപി അജിത് കുമാറെന്നും എലത്തൂര്‍ കേസില്‍ ഒരു പ്രതിയെ ഉണ്ടാക്കി അയാളെ മാത്രം വെച്ച് കേസ് അവസാനിപ്പിക്കുകയാണ് ഉണ്ടായതെന്നും കെഎം ഷാജി പറഞ്ഞു.
◾ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്. പിവി അന്‍വറിന്റെ ആരോപണങ്ങളും അതിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഹിന്ദു പത്രത്തിന് നല്‍കിയ അഭിമുഖവും അതിന് പിന്നിലെ പിആര്‍ ഏജന്‍സിയുടെ പങ്കും തിരിച്ചടിയായ സാഹചര്യത്തിലാണ് യോഗം. പി ആര്‍ ഏജന്‍സി പറഞ്ഞ പ്രകാരമാണ് മലപ്പുറവുമായി ബന്ധപ്പെട്ട വിവാദ വാചകങ്ങള്‍ ഉള്‍പ്പെടുത്തിയത് എന്ന് ദ ഹിന്ദുവിന്റെ വിശദീകരണത്തോട് മുഖ്യമന്ത്രിയും പാര്‍ട്ടി നേതൃത്വവും ഇതുവരെ പ്രതികരിച്ചിട്ടില്ല. ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തുനിന്ന് എം ആര്‍ അജിത് കുമാറിനെ മാറ്റണമെന്ന സിപിഐ നിലപാടും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയ്ക്ക് വന്നേക്കും.
◾ എസ്ബിഐയുടെ സെര്‍വര്‍ തകരാറിലായതിനെ തുടര്‍ന്ന് ഒരുവിഭാഗം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങി. അധ്യാപകരുടെയും കെ.എസ്.ഇ.ബി. ജീവനക്കാരുടെയും ശമ്പളമാണ് മുടങ്ങിയത്. ട്രഷറിയില്‍ നിന്നും ശമ്പളം ബാങ്കിലേക്ക് വന്നുവെങ്കിലും വിതരണം തടസ്സപ്പെടുകയായിരുന്നു.
◾ നിയമസഭ സ്പീക്കര്‍ക്ക് പരാതി നല്‍കി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പ്രതിപക്ഷാംഗങ്ങള്‍ നല്‍കിയ നക്ഷത്ര ചിഹ്നമിട്ട ചോദ്യ നോട്ടീസുകള്‍ ചട്ട വിരുദ്ധമായി നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളാക്കി നിയമസഭ സെക്രട്ടേറിയറ്റ് മാറ്റിയെന്നാണ് പ്രധാന പരാതി. ഇത് സ്പീക്കറുടെ നിര്‍ദ്ദേശങ്ങള്‍ക്കും മുന്‍കാല റൂളിംഗുകള്‍ക്കും വിരുദ്ധമാണെന്നാണ് പ്രതിപക്ഷ നേതാവ് കത്തില്‍ പറയുന്നത്.
◾ കര്‍ണ്ണാടകയിലെ ദേശീയപാതയിലെ മണ്ണിടിച്ചിലില്‍ അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചിലിന് ഒപ്പം നിന്ന ലോറി ഉടമ മനാഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി അര്‍ജുന്റെ കുടുംബം. മനാഫ് മാധ്യമങ്ങളില്‍ പറഞ്ഞ ചില കാര്യങ്ങള്‍ മൂലം കടുത്ത സൈബര്‍ ആക്രമണമാണ് കുടുംബം നേരിടുന്നതെന്നും ഭാര്യയടക്കമുള്ള കുടുംബത്തോടൊപ്പം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിന്‍ മാധ്യമങ്ങളോട് പറഞ്ഞു.
◾ പണപ്പിരിവ് നടത്തിയെന്ന അര്‍ജുന്റെ കുടുംബത്തിന്റെ ആരോപണം നിഷേധിച്ച് ലോറിയുടമ മനാഫ്. തന്നെ ക്രൂശിക്കുന്നത് എന്തിനാണെന്ന് അറിയില്ല, ഫണ്ട് പിരിവ് നടത്തിയിട്ടില്ല. അങ്ങനെ തെളിയിച്ചാല്‍ പരസ്യമായി കല്ലെറിഞ്ഞു കൊന്നോട്ടെയെന്നും അര്‍ജുനെകണ്ടെത്തുന്നത് വരെ ഉപയോഗിക്കാനാണ് യൂട്യൂബ് ചാനല്‍ തുടങ്ങിയതെന്നും മനാഫ് പറഞ്ഞു. എന്നാല്‍ ഇനി അത് സജീവമാക്കുമെന്നും ഉള്ളടക്കം ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്നും പുതിയ ലോറിക്ക് അര്‍ജുന്റെ പേര് ഇടുമെന്നും മനാഫ് പ്രതികരിച്ചു.
◾ ട്രെയിന്‍ അപകടങ്ങള്‍ തടയുന്നതിനായി റെയില്‍വേ നടത്തുന്ന ബോധവല്‍ക്കരണ ക്യാമ്പയിന് ഇന്ന് തുടക്കമാകും. ട്രെയിനുകള്‍ക്കുനേരെ ഉണ്ടാകുന്ന കല്ലേറ്, റെയില്‍പ്പാളങ്ങളില്‍ കല്ലുകളും മറ്റും വെച്ച് സൃഷ്ടിക്കുന്ന അപകടങ്ങള്‍, റെയില്‍വേ ലൈന്‍ മുറിച്ചുകടക്കുമ്പോള്‍ ട്രെയിന്‍ തട്ടിയുണ്ടാകുന്ന അപകടങ്ങള്‍ എന്നിവയ്ക്കെതിരെയുള്ള ബോധവല്‍ക്കരണമാണ് ഈ ക്യാമ്പയിന്റെ ഉദ്ദേശ്യം.
◾ വേണാടിലെ ദുരിതയാത്ര വലിയ വാര്‍ത്തയായതിന് പിന്നാലെ കോട്ടയം - എറണാകുളം പാതയിലെ കടുത്ത യാത്രാക്ലേശത്തിന് പരിഹാരമായി പാലരുവിയ്ക്കും വേണാടിനും ഇടയില്‍ ഒരു മെമു ട്രെയിന്‍ അനുവദിച്ചു. രാവിലെ 06.15 ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് എറണാകുളം ജംഗ്ഷനില്‍ 09.35 ന് എത്തുന്ന വിധമാണ് സമയക്രമം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇതോടെ കോട്ടയം - എറണാകുളം പാതയിലെ കടുത്ത യാത്രാക്ലേശത്തിന് വലിയ പരിഹാരമാകുമെന്നാണ് യാത്രക്കാര്‍ പറയുന്നത്.
◾ പുതിയ മിനിമം വേതനം പ്രഖ്യാപിക്കുന്നത് വൈകുന്നതില്‍ പ്രതിഷേധിച്ച് ജനുവരി ഒന്ന് മുതല്‍ കേരളത്തിലെ മുഴുവന്‍ നഴ്സുമാരും ആശുപത്രി ജീവനക്കാരും സമ്പൂര്‍ണ്ണ സമരത്തിലേക്ക് കടക്കുമെന്ന് തൃശ്ശൂരില്‍ ഇന്നലെ ചേര്‍ന്ന യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ ജനറല്‍ കൗണ്‍സില്‍ യോഗം പ്രഖ്യാപിച്ചു. 2023 ജനുവരി 23 ന് ഹൈക്കോടതി മൂന്ന് മാസത്തിനുള്ളില്‍ ശമ്പള പരിഷ്‌കരണം നടത്തണമെന്ന് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി നിര്‍ദ്ദേശം നടപ്പിലാക്കാതെ 20 മാസത്തോളമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്നും ശമ്പളം പരിഷ്‌കരണം വരുന്ന മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ണ്ണമായി നടപ്പിലാക്കണമെന്നും അതിനുള്ളില്‍ പുതിയ മിനിമം വേതനം പ്രഖ്യാപിച്ചില്ലായെങ്കില്‍ ജനുവരി ഒന്ന് മുതല്‍ സമ്പൂര്‍ണ്ണ പണിമുടക്കും സെക്രട്ടേറിയറ്റിലേക്ക് ലോങ്ങ് മാര്‍ച്ചും നടത്താന്‍ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ തീരുമാനിച്ചു.
◾ കോഴിക്കോട് കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രിയില്‍ വ്യാജ ഡോക്ടര്‍ ചികിത്സിച്ച രോഗി മരിച്ച സംഭവത്തില്‍ ആശുപത്രി മാനേജര്‍ മനോജിനെ കേസില്‍ പ്രതി ചേര്‍ത്ത് പൊലീസ്. മരിച്ച വിനോദ് കുമാറിന്റെ ബന്ധുക്കളുടെ പരാതിയില്‍ ആശുപത്രിയില്‍ ആര്‍ എം ഓ ആയി ജോലി ചെയ്തിരുന്ന അബു അബ്രഹാം ലൂക്കിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എം ബി ബി എസ് പാസ്സാകാത്ത ഇയാളെ നിയമിച്ചതില്‍ വീഴ്ചയുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ആശുപത്രി മാനേജരെയും പ്രതി ചേര്‍ത്തത്.
◾ വ്യാജ ചികിത്സകര്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടാകണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. മെഡിക്കല്‍ കൗണ്‍സില്‍ നൈതിക ചട്ടങ്ങള്‍ പ്രകാരം ഡോക്ടര്‍മാര്‍ അവരുടെ ബോര്‍ഡുകള്‍, കുറിപ്പടികള്‍, സീലുകള്‍ മുതലായവയില്‍ അംഗീകൃത ബിരുദങ്ങളും മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നമ്പറും ഉള്‍പ്പെടുത്താന്‍ ബാധ്യസ്ഥരാണെന്നു അസോസിയേഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മലപ്പുറം കോട്ടക്കടവ് നടന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സംഘടനയുടെ ഓര്‍മ്മപ്പെടുത്തല്‍.
◾ കേരളത്തില്‍ ഒക്ടോബര്‍ ആറ് വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിലാണ് മഴ സാധ്യത പ്രവചിച്ചിരിക്കുന്നത്.
◾ കോഴിക്കോട് സ്വദേശിയുടെ സഹതാപം മുതലെടുത്ത് നാലുകോടി തട്ടിയെടുത്ത കേസിലെ പ്രതികള്‍ പിടിയില്‍. രാജസ്ഥാനിലെ സാദരയില്‍ വച്ച് കോഴിക്കോട് സൈബര്‍ പൊലീസാണ് തട്ടിപ്പു സംഘത്തെ അറസ്റ്റു ചെയ്തത്. മുഖ്യപ്രതി സുനില്‍ ദംഗി, കൂട്ടുപ്രതി ശീതല്‍ മേഹ്ത്ത എന്നിവരാണ് അറസ്റ്റിലായത്.
◾ കേന്ദ്ര സര്‍ക്കാര്‍ ഓരോ പൗരന്മാര്‍ക്കും 32849 രൂപ സൌജന്യമായി നല്‍കുന്നതായി വ്യാജ പ്രചാരണം. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പണം നല്‍കുന്നുവെന്ന്, കേന്ദ്ര ധനമന്ത്രാലയത്തിന്റെ പേരിലാണ് സന്ദേശം പ്രചരിക്കുന്നത്. ഇത്തരത്തില്‍ ആര്‍ക്കും പണം നല്‍കുന്നില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിശദമാക്കിയിട്ടുള്ളത്. കേന്ദ്ര സര്‍ക്കാര്‍ വസ്തുതാ പരിശോധക വിഭാഗമാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
◾ സൗദി അറേബ്യ പലസ്തീന്‍ ജനതക്ക് പ്രതിമാസ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. പലസ്തീന്‍ ജനതക്ക് അവരുടെ എല്ലാ നിയമാനുസൃതമായ അവകാശങ്ങളും നേടാനും കിഴക്കന്‍ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര രാജ്യം സ്ഥാപിക്കാന്‍ പ്രാപ്തരാക്കുന്നതിനുമുള്ള പിന്തുണയാണിതെന്നും സൗദി പറഞ്ഞു.
◾ ഡല്‍ഹിയില്‍യില്‍ ഇന്നലെ നടന്ന വന്‍ മയക്കുമരുന്ന് വേട്ടയില്‍ 2,000 കോടിയിലധികം വിലമതിക്കുന്ന 500 കിലോ കൊക്കെയ്ന്‍ ഡല്‍ഹി പൊലീസ് കണ്ടെടുത്തു. തെക്കന്‍ ഡല്‍ഹിയില്‍ പൊലീസിന്റെ പ്രത്യേക സംഘം നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേര്‍ അറസ്റ്റിലായി. കൂടുതല്‍ വിവരങ്ങള്‍ക്കായി കസ്റ്റഡിയിലെടുത്ത നാല് പ്രതികളെയും പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.
◾ നൂറ് ശതമാനം ശര്‍ക്കരയില്‍ നിന്നും നിര്‍മ്മിച്ച റമ്മുമായി ഇന്ത്യന്‍ കമ്പനി. അമൃത് ഡിസ്റ്റിലറീസാണ് ഇന്ത്യയിലെ ആദ്യത്തെ 100 ശതമാനം ശര്‍ക്കരയില്‍ നിന്നുള്ള റം ബെല്ല പുറത്തിറക്കിയിരിക്കുന്നത്. ആഗോള സ്പിരിറ്റ് വ്യവസായത്തില്‍ വ്യക്തമായ സ്ഥാനം ഉറപ്പിച്ചാണ് അമൃത് പുതിയ പരീക്ഷണവുമായി എത്തിയിട്ടുളളത്.
◾ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക്. 'ജന്‍ സൂരജ് പാര്‍ട്ടി'യെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി അംഗീകരിച്ചു. തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ സംസ്ഥാനത്തെ മദ്യനിരോധനം അവസാനിപ്പിക്കുമെന്നും വരുമാനം വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്താന്‍ ഉപയോഗിക്കുമെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു .
◾ രാജ്യത്തിന് പിതാക്കന്മാരില്ലെന്നും എന്നാല്‍ പുത്രന്മാരുണ്ടെന്നും ഭാരതമാതാവിന്റെ ഈ പുത്രന്മാര്‍ അനുഗൃഹീതരാണെന്നുമുള്ള ഗാന്ധിജയന്തിദിനത്തിലെ ബി.ജെ.പി. എം.പി.യും നടിയുമായ കങ്കണ റണൗട്ടിന്റെ സാമൂഹികമാധ്യമ പോസ്റ്റ് വിവാദത്തില്‍. ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ 120-ാം ജന്മവാര്‍ഷിക ആശംസ നേരുന്ന 'സ്റ്റോറി'യില്‍ ശാസ്ത്രിയുടെ ചിത്രത്തിനൊപ്പം ചേര്‍ത്ത വരികളാണ് വിവാദമായത്.
◾ ഹരിയാണയില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് നേരെ കര്‍ഷകരോഷം. റാതിയ നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന സുനിത ദുഗ്ഗലിനെ പ്രചരണത്തിനിടയില്‍ കര്‍ഷകര്‍ ഓടിച്ചുവിട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
◾ മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം. ഉഖരുള്‍ നഗരത്തില്‍ ബുധനാഴ്ച ഒരു പോലീസുകാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടു. സ്വച്ഛതാ അഭിയാന്റെ ഭാഗമായി നടത്തിയ ശുചീകരണപരിപാടിക്കിടെയാണ് വെടിവെപ്പുണ്ടായത്.
◾ ഇറാന്‍ -ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യക്കാര്‍ ഇറാനിലേക്ക് യാത്ര ചെയ്യരുതെന്ന് വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി. അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണം എന്ന് നിര്‍ദ്ദേശിച്ചു. നിലവില്‍ ഇറാനിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ഇന്ത്യന്‍ എംബസിയുമായി സമ്പര്‍ക്കം പുലര്‍ത്തണണമെന്നും നിര്‍ദ്ദേശമുണ്ട്.സംഘര്‍ഷം വ്യാപിക്കുന്നതില്‍ അതിയായ ആശങ്കയുണ്ടെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
◾ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസിന് ഇസ്രയേലില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ഇസ്രയേല്‍ സര്‍ക്കാര്‍. ഇറാന്റെ മിസൈല്‍ ആക്രമണത്തെ അന്റോണിയോ ഗുട്ടറസ് അസന്ദിഗ്ധമായി അപലപിച്ചില്ലെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് ചൂണ്ടിക്കാട്ടി. അന്റോണിയോ ഗുട്ടറസ് ഭീകരവാദികളെ പിന്തുണയ്ക്കുന്നു എന്നും ഇസ്രായേലിനെതിരായ ഇറാന്‍ ആക്രമണത്തെ അപലപിക്കാന്‍ കഴിയാത്ത ആര്‍ക്കും ഇസ്രായേലിന്റെ മണ്ണില്‍ കാലുകുത്താന്‍ അര്‍ഹതയില്ലെന്ന് കാറ്റ്‌സ് വ്യക്തമാക്കി.
◾ ഇസ്രയേലിനെതിരെ ചൊവ്വാഴ്ച ഇറാന്‍ നടത്തിയ മിസൈലാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിയുടെ സുരക്ഷ വര്‍ധിപ്പിച്ചു. എംബസിയ്ക്കുള്ളിലും സമീപത്തും പട്രോളിങ് വര്‍ധിപ്പിച്ചതായും പോലീസ് സേനയുടെ ഒരു സംഘത്തെ എംബസി സുരരക്ഷയ്ക്കായി വിന്യസിച്ചതായും ഡല്‍ഹി പോലീസ് അധികൃതര്‍ അറിയിച്ചു.
◾ ലെബനന്‍ അതിര്‍ത്തിയില്‍ ഇസ്രയേല്‍- ഹിസ്ബുള്ള പോരാട്ടം ശക്തമാകുന്നതായി റിപ്പോര്‍ട്ടുകള്‍. ഇസ്രയേലിനെ ലക്ഷ്യമിട്ട് ഹിസ്ബുള്ള ഇന്നലെ നൂറിലധികം മിസൈലുകള്‍ വര്‍ഷിച്ചതായാണ് വിവരം. ലെബനനില്‍ ഏകദേശം 400 മീറ്ററോളം ഇസ്രയേല്‍ സൈന്യം മുന്നേറ്റം നടത്തിയതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.
◾ ലെബനോനില്‍ ഹിസ്ബുല്ലയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇസ്രായേലിന്റെ എട്ട് സൈനികര്‍ കൊല്ലപ്പെട്ടു. സൈനികര്‍ കൊല്ലപ്പെട്ട വിവരം ഇസ്രായേലും സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, വ്യോമാക്രമണത്തില്‍ ഹിസ്ബുല്ലയുടെ ആസ്ഥാനം, ആയുധ സംഭരണ കേന്ദ്രങ്ങള്‍, റോക്കറ്റ് ലോഞ്ചറുകള്‍ എന്നിവ തകര്‍ത്തെന്ന് ഇസ്രായേലും അവകാശപ്പെട്ടു. വ്യോമസേനയ്ക്ക് ഒപ്പം കരയുദ്ധത്തില്‍ നിരവധി ഹിസ്ബുല്ല പോരാളികളെ കൊലപ്പെടുത്തിയെന്നും ഇസ്രായേല്‍ അറിയിച്ചു.
◾ ഇറാനെതിരേ പ്രത്യാക്രമണം നടത്താന്‍ ഇസ്രയേലിന് എല്ലാവിധ പിന്തുണയും നല്‍കുമെങ്കിലും ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ഇസ്രയേലിനെ പിന്തുണയ്ക്കില്ലെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍. ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കണമെന്നുപറഞ്ഞ് ഇസ്രയേല്‍ മുന്‍പ്രധാനമന്ത്രി നഫ്താലി ബെന്നെറ്റടക്കം രംഗത്തെത്തിയ പശ്ചാത്തലത്തിലാണിത്. അതേസമയം ഇസ്രയേലുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍, ആക്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും പറഞ്ഞു.
◾ ഉസ്‌ബെക്കിസ്താനിലെ താഷ്‌കെന്റില്‍ നടന്ന ഉസ്‌ബെക്കിസ്താന്‍ ലോകകപ്പ് കിക്‌ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് മലയാളികളും. സഞ്ജു എം.എസ്., അരുണ്‍ എസ്. നായര്‍, അഭിജിത്ത് കൃഷ്ണന്‍ എന്നിവരാണ് ടീമില്‍ ഉള്‍പ്പെട്ട മലയാളികള്‍.സെപ്റ്റംബര്‍ 24 മുതല്‍ 29 വരെ താഷ്‌കെന്റിലാണ് ചാമ്പ്യന്‍ഷിപ്പ് നടന്നിരുന്നത്.
◾ ഇന്ത്യ ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് ജയിച്ചത് ഇംഗ്ലണ്ടിന്റെ ബാസ്‌ബോള്‍ ശൈലി കോപ്പിയടിച്ചാണെന്ന അവകാശവാദവുമായി മുന്‍ ഇംഗ്ലണ്ട് താരം മൈക്കിള്‍ വോണ്‍. രണ്ടര ദിവസത്തിലേറെ മഴയില്‍ തടസ്സപ്പെട്ട ടെസ്റ്റില്‍ ഇന്ത്യ അതിവേഗ നീക്കം നടത്തി ഏഴ് വിക്കറ്റിന് ജയിച്ചിരുന്നു. ഈ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ മൈക്കിള്‍ വോണിനെതിരെ വലിയ ട്രോളുകളാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്നത്.
◾ കേരളത്തില്‍ നിന്ന് ഓസ്‌ട്രേലിയയിലെത്തുന്ന ഭക്ഷ്യവസ്തുക്കള്‍ക്ക് വന്‍ വിലവര്‍ധന. സിഡ്‌നി, മെല്‍ബണ്‍, ബ്രിസ്‌ബേന്‍ എന്നിവിടങ്ങളിലെല്ലാം കേരള ഉത്പന്നങ്ങള്‍ക്ക് വില കുതിച്ചുയര്‍ന്നിട്ടുണ്ട്. അരി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്ക് 32-40 വില വര്‍ധിച്ചു. ഓസ്‌ട്രേലിയയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ വാടക അടക്കം ചെലവ് വലിയ തോതില്‍ ഉയര്‍ന്നിരുന്നു. അടുത്തിടെയാണ് വിദ്യാര്‍ത്ഥി വീസ ഫീസ് 125 ശതമാനത്തിലേറെ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. മുമ്പ് 59,245 രൂപ (710 ഡോളര്‍) ആയിരുന്ന വീസ ഫീ 1,33,510 രൂപയിലേക്ക് (1,600 ഡോളര്‍) ആണ് ഉയര്‍ത്തിയത്. ഒറ്റയടിക്ക് 74,265 രൂപയാണ് കൂട്ടിയത്. പുതിയ വര്‍ധനയോടെ യു.എസ്, കാനഡ തുടങ്ങിയ രാജ്യങ്ങളേക്കാള്‍ ചെലവേറിയതായി ഓസ്ട്രേലിയയിലേക്കുള്ള യാത്ര. സെപ്റ്റംബര്‍ 30 വരെയുള്ള ഒരു വര്‍ഷം ഓസ്ട്രേലിയയിലേക്ക് 5.5 ലക്ഷം കുടിയേറ്റക്കാര്‍ എത്തിയതായാണ് കണക്ക്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 60 ശതമാനം വര്‍ധന.
◾ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ നായകനാക്കി ടി.ജെ. ജ്ഞാനവേല്‍ ഒരുക്കുന്ന 'വേട്ടയ്യന്‍' ട്രെയിലര്‍ പുറത്ത്. മാസ് ആക്ഷന്‍ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രണ്ട് ദിവസം മുന്‍പ് സെന്‍സറിങ് പൂര്‍ത്തിയാക്കിയ ചിത്രത്തിന് യു എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. ഒക്ടോബര്‍ 10ന് ആഗോള റിലീസായി ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തും. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ അല്ലിരാജ നിര്‍മ്മിച്ച വേട്ടയ്യന്‍ കേരളത്തില്‍ വമ്പന്‍ റിലീസായി വിതരണത്തിനെത്തിക്കുന്നത് ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസാണ്. ഫഹദ് ഫാസില്‍, മഞ്ജു വാരിയര്‍, സാബുമോന്‍ അബ്ദുസമദ്, ഷബീര്‍ കല്ലറക്കല്‍ എന്നീ മലയാള താരങ്ങളും, അമിതാഭ് ബച്ചന്‍, റാണ ദഗ്ഗുബാട്ടി, ശര്‍വാനന്ദ്, ജിഷു സെന്‍ഗുപ്ത, അഭിരാമി, രീതിക സിങ്, ദുഷാര വിജയന്‍, രാമയ്യ സുബ്രമണ്യന്‍, കിഷോര്‍, റെഡ്ഡിന്‍ കിങ്സ്ലി, രോഹിണി, രവി മരിയ, റാവു രമേശ്, രാഘവ് ജൂയാല്‍, രമേശ് തിലക്, ഷാജി ചെന്‍, രക്ഷന്‍, സിങ്കമ്പുലി, ജി എം സുന്ദര്‍ എന്നിവരുമാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.
◾ ബ്ലോക്ബസ്റ്റര്‍ ചിത്രം 'തല്ലുമാല'ക്ക് ശേഷം ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവന്നു. ബോക്സിംഗ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രത്തിന് 'ആലപ്പുഴ ജിംഖാന' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഒരു കോമഡി സ്പോര്‍ട്സ് ഡ്രാമയാണ് ചിത്രം എന്നാണ് വിവരം. നസ്ലെന്‍, ഗണപതി, ലുക്ക്മാന്‍ അവറാന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അതേ സമയം പടത്തിന്റെ ടൈറ്റിലില്‍ പോരാട്ടത്തിന് ഇറങ്ങി നില്‍ക്കുന്ന ബോക്സറാണ് ഉള്ളത്. പ്ലാന്‍ ബി മോഷന്‍ പിക്ചേര്‍സിന്റെ ബാനറില്‍ ഖാലിദ് റഹ്‌മാന്‍, ജോബിന്‍ ജോര്‍ജ്, സമീര്‍ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവര്‍ ചേര്‍ന്നാണ് 'ആലപ്പുഴ ജിംഖാന' നിര്‍മ്മിക്കുന്നത്. ഖാലിദ് റഹ്‌മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിനായ് സംഭാഷണങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്. ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്.
0 Comments