പ്രഭാത വാർത്തകൾ2024 | ഒക്ടോബർ 4 | വെള്ളി Morning news today

പ്രഭാത വാർത്തകൾ
2024 | ഒക്ടോബർ 4 | വെള്ളി 
1200 | കന്നി 18 | ചിത്തിര 
1446 | റ. അവ്വൽ| 30.
➖➖➖➖➖➖➖➖

◾ ഇന്ത്യയില്‍ മതസ്വാതന്ത്ര്യം കുറയുകയാണെന്ന് യു.എസ്. സര്‍ക്കാരിന്റെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മിഷന്‍. സര്‍ക്കാരുദ്യോഗസ്ഥരുടെ വിദ്വേഷപ്രസംഗമുള്‍പ്പെടെയുള്ള തെറ്റായ വിവരപ്രചാരണങ്ങള്‍ മതന്യൂനപക്ഷങ്ങള്‍ക്കുനേരേയുള്ള ആക്രമണത്തിനിടയാക്കുന്നുവെന്നും ഇക്കാരണത്താല്‍ ഇന്ത്യയെ 'പ്രത്യേക ആശങ്കയുളവാക്കുന്ന രാജ്യ'മായി പ്രഖ്യാപിക്കണമെന്നും യു.എസ്. വിദേശകാര്യവകുപ്പിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. അതേസമയം യു.എസ്. സര്‍ക്കാരിന്റെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മിഷന്‍ പക്ഷപാതിത്വമുള്ളതും രാഷ്ട്രീയ അജന്‍ഡയോടെ പ്രവര്‍ത്തിക്കുന്നതുമായ സംഘടനയാണെന്നു പറഞ്ഞ് റിപ്പോര്‍ട്ട് ഇന്ത്യ തള്ളിക്കളഞ്ഞു.

◾ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ദേശവിരുദ്ധര്‍ ആരെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സര്‍ക്കാര്‍ ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു. ശ്രദ്ധയില്‍പെട്ട ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ ഉടന്‍ അറിയിക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തിലും ഗവര്‍ണര്‍ വിശദീകരണം തേടി.

◾ പി ശശിക്കെതിരായ പിവി അന്‍വറിന്റെ ആരോപണങ്ങളെ അര്‍ഹിച്ച അവജ്ഞയോടെ തള്ളികളയുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പി വി അന്‍വറിന്റെ ലക്ഷ്യം സിപിഎമ്മും എല്‍ഡിഎഫ് സര്‍ക്കാരുമാണെന്നും ഇനിയിപ്പോള്‍ അന്‍വര്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചാല്‍ അതിനെയും നേരിട്ട് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

◾ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി പിവി അന്‍വറിന് വക്കീല്‍ നോട്ടീസ് അയച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിക്ക് അന്‍വര്‍ നല്‍കിയ പരാതിക്കത്തിലെ ആരോപണങ്ങളിലാണ് വക്കീല്‍ നോട്ടീസ് അയച്ചത്. ഈ ആരോപണങ്ങള്‍ പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നാണ് ശശി അയച്ചിരിക്കുന്ന വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെടുന്നത്. ഇല്ലെങ്കില്‍ ക്രിമിനല്‍ നടപടികളുമായി മുന്നോട്ട് പോകുമെന്ന് നോട്ടീസ് പറയുന്നു.

◾ തൃശ്ശൂര്‍ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍, എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് മൂന്നാഴ്ച സമയം നീട്ടി നല്‍കി കോടതി. അവസാന അവസരമെന്ന പരാമര്‍ശത്തോടെയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സമയം നീട്ടി നല്‍കിയത്. എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിനൊപ്പം ദേവസ്വങ്ങള്‍ക്കും കോടതി സമയം അനുവദിച്ചു

◾ തൃശൂര്‍ പൂരം കലങ്ങിയ സംഭവത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച ത്രിതല അന്വേഷണത്തിനു പ്രതികരണവുമായി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍. ആരാണ് തെറ്റ് ചെയ്തത് എന്നുള്ള ഗൂഢാലോചന കണ്ടെത്തി ജനങ്ങളെ അറിയിക്കണമെന്ന് പറഞ്ഞ തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാര്‍, നാളെ പൂരം കാണാന്‍ എത്തുന്നവരുടെ പേരിലും കേസെടുക്കുമോയെന്നും ചോദിച്ചു. പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ്, അന്വേഷണം കൊണ്ട് ഒരു ഫലവും ഉണ്ടാവില്ലെന്നാണ് കരുതുന്നതെന്നും, സത്യം പുറത്തു വരാന്‍ സി ബി ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.

◾ പിആര്‍ ഏജന്‍സി, തൃശൂര്‍ പൂരം, എഡിജിപി വിഷയങ്ങളില്‍ മുഖ്യമന്ത്രി പച്ചക്കള്ളങ്ങളാണ് പത്രസമ്മേളനത്തില്‍ തട്ടിവിട്ടതെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി. കള്ളം പറയാന്‍ മാത്രമാണ് ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വായ തുറക്കുന്നതെന്നും മഹാരഥന്മാരായ മുഖ്യമന്ത്രിമാര്‍ ഇരുന്ന കസേരയിലാണ് താന്‍ ഇരിക്കുന്നതെന്നും കേരളത്തിലെ പ്രബുദ്ധരായ ജനങ്ങളെയാണ് അഭിസംബോധന ചെയ്യുന്നതെന്നും പിണറായി വിജയന്‍ മറക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു. എ ഡി ജി പിയുടെ വീഴ്ചകള്‍ അക്കമിട്ടു നിരത്തി ഡി ജി പി നല്കിയ റിപ്പോര്‍ട്ട് ഒക്കത്തുവച്ചുകൊണ്ടാണ് മറ്റൊരു റിപ്പോര്‍ട്ട് നല്കാന്‍ വീണ്ടും ഡിജിപിയെ ചുമതലപ്പെടുത്തിയതും സി പി ഐ തലകുത്തി നിന്നാല്‍പോലും എ ഡി ജി പിയെ ഒരു ചുക്കും ചെയ്യില്ലെന്നും സി പി ഐ സെക്രട്ടറി ബിനോയ് വിശ്വം കാശിക്കുപോകുന്നതാണ് നല്ലതെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു.

◾ പി. ശശിയോ, എഡിജിപി അജിത് കുമാറോ അല്ല മാറേണ്ടതെന്നും രാജി വയ്ക്കേണ്ടത് മുഖ്യമന്ത്രി തന്നെയെന്നും മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി. ഓഫീസിലെ ആളുകള്‍ മാറിയാല്‍, മുഖ്യമന്ത്രിക്ക് വേറെ ആളുകളെ കിട്ടും. ശിവ ശങ്കരന് പകരം ശശിയെ കിട്ടിയ പോലെ, കൊള്ളരുതായ്മ ചെയ്യാന്‍ എല്ലാ കാലത്തും പിണറായിക്ക് ഒത്ത കള്ളന്മാരെ കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം പരിഹസിച്ചു. ധീരമായ നിലപാട് എടുത്താണ് അന്‍വര്‍ നീങ്ങുന്നതെന്നും കെഎം ഷാജി പറഞ്ഞു.

◾ കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ച നടന്‍ മോഹന്‍ രാജ് അന്തരിച്ചു. ഏറെ നാളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടിലായിരുന്നു അന്ത്യം. മുന്നൂറോളം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

◾ വയനാട് ദുരന്തത്തില്‍ വീടും സ്ഥലവും നഷ്ടമായവരെ പുനരധിവസിപ്പിക്കുന്നതിന് മോഡല്‍ ടൗണ്‍ഷിപ്പ് ഒരുക്കാന്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മേപ്പാടി നെടുമ്പാല എസ്റ്റേറ്റും കല്‍പ്പറ്റ എല്‍സ്റ്റോണ്‍ എസ്റ്റേറ്റുമാണ് ഇതിനായി കണ്ടെത്തിയിരിക്കുന്നത്. ദുരന്തനിവാരണ നിയമം 2005 പ്രകാരമാണ് സ്ഥലം ഏറ്റെടുക്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.

◾ എഡിജിപി എം.ആര്‍ അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി ബിനോയ് വിശ്വം. സിപിഐ സംസ്ഥാന നിര്‍വാഹക കൗണ്‍സില്‍ യോഗത്തിലാണ് ബിനോയ് വിശ്വം ഇക്കാര്യം അറിയിച്ചത്. ഡിജിപിയുടെ നേതൃത്വത്തില്‍ എഡിജിപിക്കെതിരെ നടക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് വരുന്നത് വരെ കാത്തിരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ട കാര്യവും ബിനോയ് വിശ്വം യോഗത്തെ അറിയിച്ചു.

◾ നവകേരളാ യാത്രയ്ക്കിടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വളഞ്ഞിട്ട് മര്‍ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരായ സന്ദീപിനും അനില്‍കുമാറിനും ക്ലീന്‍ ചിറ്റ്. കേസ് അവസാനിപ്പിക്കാന്‍ ജില്ലാ ക്രൈംബ്രാഞ്ച് റഫറന്‍സ് റിപ്പോര്‍ട്ട് നല്‍കി. പരാതി വ്യാജമാണെന്നും മര്‍ദിച്ചതിന് തെളിവില്ലെന്നും ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ലെന്നുമുള്ള വാദമാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ ഉന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുക മാത്രമാണ് ഉദ്യോഗസ്ഥര്‍ ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

◾ സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം ഒരാഴ്ച കൂടി കളമശ്ശേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിക്കണമെന്ന് ഹൈക്കോടതി. മൂത്ത മകന്‍ എം.എല്‍ സജീവനും മകള്‍ സുജാതയും എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സാവകാശം തേടി. ഇതോടെയാണ് മോര്‍ച്ചറിയില്‍ സൂക്ഷിക്കണമെന്ന് നേരത്തെ ഉണ്ടായ ഇടക്കാല ഉത്തരവ് ഒരാഴ്ച കൂടി നീട്ടിയത്.

◾ കെഎസ്ആര്‍ടിസി സെപ്തംബര്‍ മാസത്തില്‍ ചരിത്ര നേട്ടം കൈവരിച്ചെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. കെഎസ്ആര്‍ടിസിയുടെ 85 ശതമാനം ഡിപ്പോകള്‍ സെപ്തംബറില്‍ പ്രവര്‍ത്തന ലാഭം നേടിയെന്ന് മന്ത്രി അറിയിച്ചു. ഈ ചരിത്ര നേട്ടത്തില്‍ ജീവനക്കാരെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

◾ ദി ഹിന്ദു പത്രത്തിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ഹൈക്കോടതി അഭിഭാഷകന്‍ ബൈജു നോയല്‍ പരാതി നല്‍കി. മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയിലുള്ള അഭിമുഖത്തിനെതിരെയാണ് പരാതി. എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ക്കും സിജെഎം കോടതിയിലുമാണ് പരാതി നല്‍കിയിരിക്കുന്നത്.

◾ ഹിന്ദു ദിനപത്രത്തിലെ അഭിമുഖത്തെക്കുറിച്ചുള്ള വിവാദത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണത്തെ പരിഹസിച്ച് രമേശ് ചെന്നിത്തല. അഭിമുഖം നടക്കുമ്പോള്‍ തന്റെ മുറിയിലേക്ക് ആരൊക്കെയോ കടന്നു വന്നു എന്നാണ് പിണറായി പറയുന്നത്. നട്ടാല്‍ കുരുക്കാത്ത നുണ പറഞ്ഞും സംഘ് പരിവാറിനു വിടുപണി ചെയ്തും ജനങ്ങള്‍ക്കു മുന്നില്‍ ഇത്രയേറെ അപഹാസ്യനാകാതെ അന്തസോടെ സ്ഥാനം രാജിവെച്ചിട്ട് ഇറങ്ങിപ്പോകുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.

◾ മാധ്യമങ്ങളുടെ ചോദ്യത്തിന് മുമ്പില്‍ പച്ചക്കള്ളം പറഞ്ഞ് മുഖ്യമന്ത്രി അപഹാസ്യനായെന്ന് കെ.സുരേന്ദ്രന്‍. ഒരു കള്ളം മറയ്ക്കാന്‍ നൂറുകള്ളം പറയുകയാണ് മുഖ്യമന്ത്രി. മാദ്ധ്യമപ്രവര്‍ത്തകയെ കൂടാതെ മറ്റൊരാള്‍ റൂമില്‍ ഇരുന്നത് മുഖ്യമന്ത്രി അറിയാതെയാണെന്ന് പറഞ്ഞാല്‍ അത് അരിയാഹാരം കഴിക്കുന്നവര്‍ വിശ്വസിക്കില്ല. മുഖ്യമന്ത്രി രാജിവെച്ച് ജനങ്ങളോട് നീതി പുലര്‍ത്തണമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

◾ എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ ഉടന്‍ മന്ത്രിയായി നിയമിക്കില്ല. മുഖ്യമന്ത്രിയുമായുള്ള എന്‍സിപി നേതാക്കളുടെ കൂടിക്കാഴ്ച്ചയില്‍ തീരുമാനത്തിനായി കാത്തിരിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതോടെ എ കെ ശശീന്ദ്രന്‍ മന്ത്രിയായി തുടരും. കൂടിക്കാഴ്ചയിലെ തീരുമാനം സംസ്ഥാന നേതൃത്വം ദേശീയ നേതാക്കളെ അറിയിക്കും.

◾ എഡിജിപിയുമായുള്ള കൂടിക്കാഴ്ച സ്ഥിരീകരിച്ച് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി. വയനാട് ഉരുള്‍പൊട്ടലില്‍ സേവന പ്രവര്‍ത്തനങ്ങള്‍ക്കായി എത്തുന്ന ആംബുലന്‍സുകള്‍ പൊലീസ് തടയുന്ന വിഷയവുമായി ബന്ധപ്പെട്ടാണ് എഡിജിപി എംആര്‍ അജിത് കുമാറിനെ കണ്ടതെന്നും നാലു മിനുട്ടായിരുന്നു കൂടിക്കാഴ്ചയെന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞു.

◾ അഭിമുഖ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി കെ.ടി. ജലീല്‍ എം.എല്‍.എ. അദ്ദേഹത്തിന് മനപ്പൂര്‍വം തെറ്റ് സംഭവിക്കില്ല എന്നതില്‍ 101 ശതമാനം ഉറപ്പുണ്ടെന്ന് ജലീല്‍ പറഞ്ഞു. മൂന്ന് കൂട്ടത്തിലുള്ള വര്‍ഗീയ ശക്തികളും മുഖ്യമന്ത്രിയേയും സി.പി.എമ്മിനേയും ഒരേസമയം ആക്രമിക്കുന്നുവെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.

◾ പി.വി. അന്‍വറിനെ വര്‍ഗീയതയുടെ കുഴിയില്‍ വീഴ്ത്താന്‍ വര്‍ഗീയ ശക്തികള്‍ ശ്രമിക്കുകയാണെന്ന് കെ.ടി ജലീല്‍. അന്‍വര്‍ മതനിരപേക്ഷവാദിയാണ്. സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി മോഹന്‍ദാസിനെ കുറിച്ച് അന്‍വര്‍ ഉന്നയിച്ച ആരോപണം അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികള്‍ പോലും പറയാത്തതാണെന്നും കെ.ടി ജലീല്‍ പറഞ്ഞു.

◾ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയേയും എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനേയും മുഖ്യമന്ത്രി പിണറായി വിജയന് ഭയമാണെന്ന് പി.വി. അന്‍വര്‍ എം.എല്‍.എ. പാര്‍ട്ടിക്ക് മുഖ്യമന്ത്രിയെ പേടിയാണ്. ഒരു അഭിപ്രായം പറയാന്‍ നട്ടെല്ലുള്ള കമ്യൂണിസ്റ്റുകാരന്‍ പാര്‍ട്ടി നേതൃത്വത്തില്‍ ഇല്ലാത്തതിന്റെ ദുരന്തമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഇപ്പോള്‍ അനുഭവിക്കുന്നതെന്നും പി.വി. അന്‍വര്‍ ആരോപിച്ചു.

◾ കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ എഡിജിപി എം.ആര്‍.അജിത്കുമാര്‍ ഉണ്ടാക്കിയ സംഭവമാണ് എലത്തൂരിലെ തീവയ്പ് സംഭവമെന്ന ഗുരുതര ആരോപണവുമായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. എലത്തൂരിലെ ട്രെയിനില്‍ ഒരാള്‍ നടത്തിയ സംഭവമെന്നത് അജിത്കുമാറിന്റെ സൃഷ്ടിയാണെന്നും ഈ സംഭവത്തിന് ശേഷം കണ്ണൂരില്‍ ഈ പ്രതി ഇരിക്കുമ്പോള്‍ പൊള്ളലേറ്റിരുന്നില്ലെന്നും ആ വിഡിയോ ദൃശ്യം എഡിജിപി ഇടപെട്ട് മായ്ച്ചു കളഞ്ഞുവെന്നും ഷാജി കുറ്റപ്പെടുത്തി.

◾ 56 വര്‍ഷത്തിന് ശേഷം മഞ്ഞുമലയില്‍ കണ്ടെത്തിയ മലയാളി സൈനികന്‍ തോമസ് ചെറിയാന്റെ മൃതദേഹം തിവനന്തപുരത്ത് എത്തിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ പ്രത്യേക വ്യോമസേനാ വിമാനത്തിലാണ് മൃതദേഹം ചണ്ഡിഗഡില്‍ നിന്ന് തിരുവന്തപുരത്തേക്ക് എത്തിച്ചത്. സംസ്‌കാരം ഇന്ന് പത്തനംതിട്ടയില്‍ നടത്തും. 1968 ലെ അപകടത്തില്‍ കാണാതായ മറ്റ് സൈനികര്‍ക്കായി ഹിമാചലിലെ റോത്താംഗ് ചുരത്തില്‍ സൈന്യം തെരച്ചില്‍ തുടരുകയാണ്.

◾ കൊല്ലം മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊല്ലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വാദം പോലും കേള്‍ക്കാതെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയത് ബോധപൂര്‍വമുള്ള കുറ്റമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

◾ സൈബര്‍ ആക്രമണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അര്‍ജുന്റെ കുടുംബം. കോഴിക്കോട് കമ്മീഷണര്‍ക്കാണ് അര്‍ജുന്റെ സഹോദരി അഞ്ജു പരാതി നല്‍കിയത്. സഹിക്കാന്‍ ആകാത്ത വിധത്തിലുള്ള സൈബര്‍ ആക്രമണമാണ് നടക്കുന്നത് എന്ന് കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നു.

◾ അര്‍ജുനെ കാണാതായ സംഭവത്തില്‍ മുതലെടുപ്പ് നടത്തിയിട്ടില്ലെന്ന് ലോറി ഉടമ മനാഫ്. താനും തന്റെ കുടുംബവും അര്‍ജ്ജുന്റെ കുടുംബത്തോടൊപ്പമാണെന്നും അര്‍ജുന്റെ കുടുംബത്തിന് വിഷമമാകുന്ന തരത്തില്‍ എന്തെങ്കിലും തന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുണ്ടെങ്കില്‍ അവരോട് മാപ്പ് ചോദിക്കുന്നുവെന്നും മനാഫ് പറഞ്ഞു. അര്‍ജുനെ തിരികെ വീട്ടിലെത്തിക്കണമെന്നാണ് ആഗ്രഹിച്ചത്, അത് സാധിച്ചുവെന്നും ചിതയടങ്ങും മുന്‍പ് വിവാദം പാടില്ലെന്നും മനാഫ് പറഞ്ഞു. ആരോടും പണപ്പിരിവ് നടത്തിയിട്ടില്ലെന്നും ഏത് നിയമനടപടിയെയും സ്വാഗതം ചെയ്യുന്നുവെന്നും മനാഫ് പറഞ്ഞു.

◾ സര്‍ക്കാര്‍ ജോലി പ്രഖ്യാപിച്ചതില്‍ സന്തോഷമെന്ന് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരും, വാഹനാപകടത്തില്‍ വരനും നഷ്ടപ്പെട്ട ശ്രുതി. വയനാട്ടില്‍ തന്നെ ജോലി ചെയ്യാന്‍ കഴിയണമെന്നാണ് ആഗ്രഹം. ജോലി കിട്ടുമെന്നത് മുഖ്യമന്ത്രി പ്രഖ്യാപിച്ചപ്പോഴാണ് അറിഞ്ഞത്. ഒരു കാലിന് ശസ്ത്രക്രിയ ഇനി പൂര്‍ത്തിയാകാനുണ്ടെന്നും ശ്രുതി പറഞ്ഞു.

◾ സഹകരണ ബാങ്കിലെ നിക്ഷേപം ഒരു മാസത്തിനുള്ളില്‍ തിരികെ കൊടുക്കാന്‍ പെരുമ്പാവൂര്‍ അര്‍ബന്‍ സഹകരണ ബാങ്ക് സെക്രട്ടറിയോട് ലോകായുക്തയുടെ നിര്‍ദേശം. വിമുക്ത ഭടനായ മുഹമ്മദ്, ഭാര്യ ഖദീജ മുഹമ്മദ് എന്നിവരാണ് പെരുമ്പാവൂര്‍ അര്‍ബന്‍ സഹകരണ ബാങ്കിനെതിരെ ലോകായുക്തയെ സമീപിച്ചത്. കേസ് ഫയലില്‍ സ്വീകരിച്ച ശേഷം നവംബര്‍ 11ന് നേരിട്ട് ഹാജരാവാന്‍ കക്ഷികള്‍ക്ക് നോട്ടീസ് അയക്കുകയും ചെയ്തു.  

◾ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്റെ പരാതിയില്‍ ആലുവ സ്വദേശിയായ നടിക്കെതിരെ കേസ്. യൂട്യൂബിലൂടെ അപകീര്‍ത്തിപരമായി സംസാരിച്ചതിനാണ് നടിക്കെതിരെ കൊച്ചി സൈബര്‍ പോലീസ്‌കേസെടുത്തത്.

◾ ഹേമ കമ്മിറ്റിക്ക് മുന്നില്‍ പീഡനപരാതികളുള്‍പ്പെടെ ഉന്നയിച്ചവരില്‍ പലരും പരാതിയുമായി മുന്നോട്ടുപോകാന്‍ താല്‍പര്യപ്പെടുന്നില്ലെന്നാണ് അറിയിച്ചതെന്ന് പ്രത്യേക അന്വേഷണസംഘം ഹൈക്കോടതിയില്‍. വ്യാഴാഴ്ച ഹൈക്കോടതി കേസ് പരിഗണിച്ചപ്പോഴാണ് അന്വേഷണസംഘം ഇക്കാര്യം അറിയിച്ചത്. പോക്സോ കേസുകള്‍ എടുക്കാവുന്ന തരത്തിലുള്ള ഗുരുതര ആരോപണങ്ങള്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുണ്ടെന്നാണ് വിവരം.

◾ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി. ഹേമ കമ്മിറ്റി മുന്‍പാകെ പരാതിക്കാരുടെ വെളിപ്പെടുത്തല്‍ എന്ന നിലയില്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. അത്തരം റിപ്പോര്‍ട്ടുകള്‍ നീതി നിര്‍വ്വഹണത്തെ തടസപ്പെടുത്തുന്നതായി കണക്കാക്കുമെന്നാണ് മുന്നറിയിപ്പ്.

◾ സമൂഹത്തില്‍ മത സ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പ്രചരണം നടത്തുന്നതായി ആരോപിച്ച് പി.വി അന്‍വര്‍ എംഎല്‍എക്കെതിരെ തൃശൂര്‍ സിറ്റി പൊലീസിന് പരാതി. ഇടതുപ്രവര്‍ത്തകന്‍ കെ കേശവദേവാണ് പരാതിക്കാരന്‍. സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസിനെ വര്‍ഗീയവാദി, മുസ്ലിം വിരോധി എന്നിങ്ങനെ ആരോപിച്ച് നടത്തിയ പരാമര്‍ശമാണ് പരാതിക്ക് ആധാരം.

◾ പ്രവാസി മലയാളികള്‍ക്കായി കെ.എസ്.എഫ്.ഇ. അവതരിപ്പിക്കുന്ന പുതിയ പദ്ധതിയായ ''കെ.എസ്.എഫ്.ഇ. ഡ്യുവോ'' യുടെ ഗ്ലോബല്‍ ലോഞ്ചിങ്ങ് ഇന്ന് സൗദി അറേബ്യയിലെ റിയാദില്‍ വെച്ച് കേരള ധനമന്ത്രി അഡ്വ.കെ.എന്‍.ബാലഗോപാല്‍ നിര്‍വ്വഹിക്കും. റിയാദിലെ ഹോട്ടല്‍ ഹോളിഡേ ഇന്‍ അല്‍ കൈ്വസറില്‍ വെച്ചു നടക്കുന്ന പ്രവാസി മലയാളി സമ്മേളനത്തില്‍ സൗദി സമയം വൈകീട്ട് 6.00 മണിയ്ക്കാണ് കെ.എസ്.എഫ്.ഇ. ഡ്യുവോയുടെ ഗ്ലോബല്‍ ലോഞ്ചിങ്ങ് നടക്കുന്നത്. നിക്ഷേപവും ചിട്ടിയും ചേര്‍ന്നുള്ള ഇരട്ട നേട്ടം ലഭ്യമാക്കാനുതകുന്ന പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഡ്യുവോ. കെ.എസ്.എഫ്.ഇ പ്രവാസിച്ചിട്ടിയുമായി ബന്ധപ്പെടുത്തി, പൂര്‍ണ്ണമായും ഓണ്‍ലൈന്‍ വഴി ഇടപാടുകള്‍ നടത്താന്‍ കഴിയുന്ന തരത്തിലാണ് ഈ പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്. കെ.എസ്.എഫ്.ഇ. ചെയര്‍മാന്‍ കെ.വരദരാജന്‍, മാനേജിങ്ങ് ഡയറക്ടര്‍ ഡോ.എസ്.കെ. സനില്‍ തുടങ്ങിയവരും പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കുന്നതാണ്.

◾ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ലക്ഷദ്വീപിന് സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. വടക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ ഇന്നത്തോടെ ന്യുന മര്‍ദ്ദം രൂപപ്പെടാനും സാധ്യതയുണ്ടെന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

◾ ഹൈഡ്രോ കഞ്ചാവ് കേസിലെ പ്രധാന കണ്ണി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായി. കാസര്‍കോട് ലൈറ്റ് ഹൗസ് ലൈനില്‍ മെഹ്റൂഫ് (36) നെയാണ് ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

◾ കെഎസ്ആര്‍ടിസി ബസ് ഇടിച്ചു അമ്മയോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന മൂന്നാം ക്ലാസുകാരി മരിച്ചു.അരുണ്‍-അശ്വതി ദമ്പതികളുടെ മകള്‍ ആരാധ്യയാണ് മരിച്ചത്. കൂത്താട്ടുകുളം മൂവാറ്റുപുഴ എം സി റോഡില്‍ ഉപ്പുകണ്ടം പെട്രോള്‍ പമ്പിന് സമീപമാണ് അപകടം നടന്നത്.

◾ ഇരിട്ടിയില്‍ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ച സംഭവത്തില്‍ സുഹൃത്തുക്കള്‍ അറസ്റ്റില്‍. ചെടിക്കുളം സ്വദേശി ജോബിനാണ് വട്ട്യാറ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചത്. സുഹൃത്തുക്കളായ കെ കെ സക്കറിയ, പി കെ സാജിര്‍, എ കെ സജീര്‍ എന്നിവരാണ് പിടിയിലായത്.

◾ ജഗ്ഗി വാസുദേവിന്റെ ഇഷാ ഫൌണ്ടേഷനിലെ തമിഴ്നാട് പൊലീസിന്റെ പരിശോധന തടഞ്ഞു സുപ്രീംകോടതി. ആശ്രമത്തില്‍ തന്റെ പെണ്‍മക്കളെ അനധികൃതമായി തടങ്കലിലാക്കിയെന്ന് കാട്ടി കോയമ്പത്തൂര്‍ സ്വദേശിയായ മുന്‍ പ്രൊഫസര്‍ സമര്‍പ്പിച്ച ഹെബിയസ് കോര്‍പ്പസ് ഹര്‍ജി മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് സുപ്രീംകോടതിയിലേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെയാണ് ഉത്തരവ്.

◾ മറാത്തി, ബംഗാളി, പാലി, പ്രാകൃത്, അസമീസ് എന്നീ അഞ്ച് ഭാഷകള്‍ക്ക് കൂടി 'ശ്രേഷ്ഠ ഭാഷ' പദവി നല്‍കാന്‍ അംഗീകാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഇതോടെ ശ്രേഷ്ഠ ഭാഷ പദവി ലഭിക്കുന്ന ഭാഷകളുടെ എണ്ണം 6ല്‍ നിന്ന് 11 ആയി ഉയരും. തമിഴ്, സംസ്‌കൃതം, തെലുങ്ക്, കന്നഡ, മലയാളം, ഒഡിയ എന്നീ ഭാഷകള്‍ക്കായിരുന്നു നേരത്തെ ഈ പദവി ലഭിച്ചിരുന്നത്.

◾ ആറ് വയസുകാരിയെ പീഡിപ്പിക്കാനുള്ള ശ്രമത്തിനിടെ ശ്വാസംമുട്ടിച്ച് കൊന്ന പ്രിന്‍സിപ്പലിനെതിരെ നല്‍കിയത് 1700 പേജുള്ള കുറ്റപത്രം. കൊലപാതകം നടന്ന് 12 ദിവസത്തിനുള്ളിലാണ് ഗുജറാത്തിലെ ദഹോദില്‍ പൊലീസ് റെക്കോര്‍ഡ് പേജ് നമ്പറുകളോടെ കുറ്റപത്രം നല്‍കിയത്. ശക്തമായ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരായ കുറ്റപത്രം നല്‍കിയിരിക്കുന്നതെന്നാണ് ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹര്‍ഷ് സാംഗ്വി വിശദമാക്കിയത്.

◾ വിനായക് ദാമോദര്‍ സവര്‍ക്കറുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവും കര്‍ണാടക ആരോഗ്യമന്ത്രിയുമായ ദിനേശ് ഗുണ്ടു റാവു നടത്തിയ പരാമര്‍ശം വിവാദത്തില്‍. സവര്‍ക്കര്‍ ഒരു മാംസഭുക്കായിരുന്നുവെന്നും ബീഫ് കഴിക്കുമായിരുന്നുവെന്നും ദിനേശ് ഗുണ്ടു റാവു പറഞ്ഞതാണ് വിവാദമായത്. സവര്‍ക്കര്‍ ഗോവധത്തിനെതിരായിരുന്നില്ലെന്നും ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ബെംഗളൂരുവില്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ അദ്ദേഹം അവകാശപ്പെട്ടിരുന്നു.

◾ ഓണ്‍ലൈന്‍ ആപ്പായ ഹൈബോക്സിലൂടെ വന്‍ പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപതട്ടിപ്പ് നടത്തിയെന്ന കേസില്‍ ദില്ലി പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശിയായ മുപ്പതുകാരന്‍ ശിവറാമാണ് അറസ്റ്റിലായത്. ആപ്പിനായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം നടത്തിയ അഞ്ച് വ്ളോഗര്‍മാര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ദില്ലി പൊലീസ് നോട്ടീസ് നല്‍കി.

◾ ഭര്‍തൃ ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കുന്നതിനെ എതിര്‍ത്ത് കേന്ദ്രസര്‍ക്കാര്‍. നിയമവിഷയത്തേക്കാള്‍ ഇതൊരു സാമൂഹിക വിഷയമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. വിഷയത്തില്‍ സുപ്രീംകോടതി ഇടപെടരുതെന്നും ബലാത്സംഗം തടയാന്‍ നിലവില്‍ നിയമമുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.

◾ ദില്ലി കാളിന്ദികുഞ്ചില്‍ ഡോക്ടറെ ആശുപത്രിക്ക് ഉള്ളില്‍ കയറി വെടിവെച്ചു കൊന്നു. നിമ ആശുപത്രിയിലെ ഡോക്ടര്‍ ജാവേദ് അക്തറാണ് കൊല്ലപ്പെട്ടത്. ആശുപത്രിയില്‍ ചികിത്സക്ക് എത്തിയവരാണ് വെടിയുതിര്‍ത്തത്. പോലീസ് അന്വേഷണം ആരംഭിച്ചു.

◾ ഗാസയിലെ ഹമാസ് സര്‍ക്കാരിന്റെ തലവന്‍ റൗഹി മുഷ്താഹയെ വധിച്ചതായി ഇസ്രയേല്‍. മൂന്ന് മാസം മുമ്പ് നടത്തിയ വ്യോമാക്രമണത്തില്‍ മുഷ്താഹയെയും രണ്ട് സുരക്ഷാഉദ്യോഗസ്ഥരെയും വധിച്ചതായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സും ഇസ്രായേല്‍ സെക്യൂരിറ്റീസ് അതോറിറ്റിയും വ്യക്തമാക്കി. ഇന്നലെയാണ് ഇക്കാര്യം ഇസ്രയേല്‍ സേന പ്രസ്താവനയിലൂടെ അറിയിച്ചത്.

◾ വെസ്റ്റ് ബാങ്കിനു സമീപം തുല്‍കര്മില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസ് നേതാവ് സാഹി യാസര്‍ അബ്ദെല്‍ റാസഖ് കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍ സൈന്യം. തുല്‍കര്മില്‍ അഭയാര്‍ഥി ക്യാംപിനു നേരെയുണ്ടായ ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടെന്ന് പലസ്തീന്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. അതേസമയം ആക്രമണം അവസാനിപ്പിക്കാന്‍ രാജ്യാന്തര ഇടപെടല്‍ അടിയന്തരമായി ഉണ്ടാകണമെന്ന് പലസ്തീന്‍ ആവശ്യപ്പെട്ടു. ആക്രമണം ആര്‍ക്കും സുരക്ഷയും സ്ഥിരതയും നല്‍കില്ലെന്നും മേഖലയെ കൂടുതല്‍ സംഘര്‍ഷഭരിതമാക്കുമെന്നും പലസ്തീന്‍ വ്യക്തമാക്കി.

◾ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും കോണ്‍ഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. അസ്ഹറുദ്ദീന്‍ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായിരുന്ന കാലത്തെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.

◾ രണ്ടു ഗോളിന് മുന്നില്‍ നിന്ന ഒഡിഷയ്‌ക്കെതിരായ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് സമനില. അത്യന്തം ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ ഇരുടീമും രണ്ട് ഗോള്‍ വീതം നേടി പിരിഞ്ഞു. ആദ്യ പകുതിയിലാണ് നാല് ഗോളുകളും പിറന്നത്. ആദ്യ 21 മിനിറ്റിനിടെ രണ്ട് ഗോളിന് മുന്നില്‍നിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് രണ്ട് ഗോളുകള്‍ വഴങ്ങിയത്.

◾ മൊബൈല്‍ പേയ്‌മെന്റ് സേവന ദാതാക്കളായ ഗൂഗിള്‍ പേ രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ പണയ വായ്പാ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സുമായി കൈകോര്‍ക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ളവര്‍ക്ക് അനായാസമായി സ്വര്‍ണ വായ്പകള്‍ ലഭ്യമാക്കാനാണ് ഉദ്ദേശ്യം. യു.പി.ഐ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ഗൂഗിള്‍ പേയ്ക്ക് രാജ്യത്ത് 20 കോടിയിലധികം സജീവ ഇടപാടുകാരാണുള്ളത്. ഇതു വഴി പ്രതിമാസം 7.5 ലക്ഷം കോടി മൂല്യം വരുന്ന 560 കോടി ഇടപാടുകളും നടക്കുന്നു. സ്വര്‍ണ വായ്പാ സ്ഥാപനങ്ങളില്‍ ഏറ്റവും മുന്നിലുള്ള മുത്തൂറ്റ് ഫിനാന്‍സ് 2024 ജൂണ്‍ 30 വരെയുള്ള കണക്കനുസരിച്ച് കൈകാര്യം ചെയ്യുന്ന സംയോജിത സ്വര്‍ണ പണയ വായ്പ ആസ്തി 98,048 കോടി രൂപയാണ്. കമ്പനിയുടെ ജൂണ്‍ പാദത്തിലെ സംയോജിത ലാഭം 1,196 കോടിയും. മൊത്തം ഇക്കാലയളവില്‍ നല്‍കിയ സ്വര്‍ണ വായ്പ 73,648 കോടി രൂപയാണ്. രാജ്യത്തെമ്പാടുമായി 4,800 ശാഖകളും കമ്പനിക്കുണ്ട്. 194 ടണ്‍ സ്വര്‍ണമാണ് കമ്പനിയുടെ കൈവശം ഈടായുള്ളത്. പ്രതിദിനം രണ്ട് ലക്ഷത്തിലധികം ഉപയോക്താക്കള്‍ക്ക് സേവനം ലഭ്യമാക്കുന്നു.

Post a Comment

0 Comments