പ്രഭാത വാർത്തകൾ
2024 | നവംബർ 6 | ബുധൻ
1200 | തുലാം 21 | മൂലം
1446 | ജ. അവ്വൽ | 03.
➖➖➖➖➖➖➖➖
◾ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍മുറികളില്‍ പോലീസിന്റെ പരിശോധന. യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിനായി അനധികൃതമായി പണം എത്തിച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് പോലീസ് സംഘം രാത്രി 12 മണിയോടെ പരിശോധനയ്‌ക്കെത്തിയതെന്നാണ് വിവരം. പോലീസ് പരിശോധനയ്ക്കിടെ സി.പി.എം, ബി.ജെ.പി. നേതാക്കളും പ്രവര്‍ത്തകരും സ്ഥലത്തെത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി.
◾ കോണ്‍ഗ്രസ് വനിതാനേതാവായ ബിന്ദു കൃഷ്ണയുടെ മുറിയിലാണ് പോലീസ് ആദ്യം പരിശോധന നടത്തിയത്. പിന്നാലെ ഷാനിമോള്‍ ഉസ്മാന്റെ മുറിയില്‍ പരിശോധനയ്‌ക്കെത്തിയെങ്കിലും വനിതാ പോലീസ് ഇല്ലാതെ പരിശോധന നടത്താനാവില്ലെന്ന് ഷാനിമോള്‍ ഉസ്മാന്‍ നിലപാടെടുത്തു. തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെട്ടിട്ടും പോലീസ് തയ്യാറായില്ലെന്നും മുറിയിലേക്ക് പോലീസ് ഇടിച്ചുകയറിയെന്നും വനിതാനേതാക്കള്‍ ആരോപിച്ചു. സംഭവമറിഞ്ഞ് രാത്രി 1.30-ഓടെ എം.പി.മാരായ ഷാഫി പറമ്പില്‍, വി.കെ. ശ്രീകണ്ഠന്‍ എന്നിവര്‍ സ്ഥലത്തെത്തി.
◾ നഗരത്തിലെ ഹോട്ടലില്‍ നടന്നത് തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പതിവ് പരിശോധനയെന്ന് എ.സി.പി. അശ്വതി ജിജി. പരിശോധനയ്ക്ക് തടസ്സമൊന്നും ഉണ്ടായില്ലെന്നും പരിശോധനയില്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ഹോട്ടലിലെ 12 മുറികളും പരിശോധിച്ചതായും എ.സി.പി. മാധ്യമങ്ങളോട് പറഞ്ഞു.
◾ ഉപതിരഞ്ഞെടുപ്പിനു കള്ളപ്പണം കൊണ്ടുവന്നെന്ന് ആരോപിച്ച് പാലക്കാട്ടെ ഹോട്ടലില്‍ കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച മുറികളില്‍ പൊലീസ് പരിശോധനയ്ക്കു ശ്രമിച്ചതിന് പിന്നാലെ ഫെയ്സ്ബുക്ക് ലൈവുമായി സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. താന്‍ പാലക്കാടല്ല, കോഴിക്കോടാണുള്ളതെന്നു വ്യക്തമാക്കിക്കൊണ്ട് ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ കോഴിക്കോട് ടൗണ്‍ സ്റ്റേഷന് മുന്നില്‍നിന്നാണു രാഹുല്‍ ലൈവില്‍ എത്തിയത്. ആര്‍.എസ്.എസ്-സി.പി.എം ധാരണയിലുണ്ടാക്കിയ പുതിയ നാടകമാണ് പാലക്കാട്ടെ ഹോട്ടലില്‍ നടന്നതെന്ന് രാഹുല്‍ പറഞ്ഞു. ഒരുട്രോളി ബാഗ് നിറയെ പണവുമായി കോണ്‍ഗ്രസ് നേതാക്കള്‍ ഹോട്ടലിലെത്തിയെന്നാണ് ബി.ജെ.പി.യുടെയും സി.പി.എമ്മിന്റെയും ആരോപണമെന്നും മുറിക്കുള്ളില്‍നിന്ന് ട്രോളിബാഗുമായി രാഹുലിനെ ഇറക്കിവിടൂ എന്ന് ബി.ജെ.പി.ക്കാരും സി.പി.എമ്മുകാരും ഒരുപോലെ വിളിച്ചുപറയുകയാണെന്നും രാഹുല്‍ പറഞ്ഞു. തന്റെ ട്രോളിബാഗില്‍ പണമില്ലെന്നും രണ്ടുദിവസത്തെ വസ്ത്രമുണ്ടെന്നും പറഞ്ഞ രാഹുല്‍ കാന്തപുരം ഉസ്താദിനെ ഇന്ന് കാണാനായാണ് താന്‍ കോഴിക്കോട് എത്തിയതെന്നും പറഞ്ഞു.
◾ അമേരിക്കയുടെ 47-ാമത് പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള നിര്‍ണായകമായ വോട്ടെടുപ്പ് അവസാന ഘട്ടത്തിലേക്ക്. ഇന്ത്യന്‍ സമയം ഇന്ന് രാവിലെ 5.30ഓടെ വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതിനു പിന്നാലെ ആദ്യ ഫലസൂചനകള്‍ ലഭിച്ചു തുടങ്ങുമെന്നാണ് വിവരം. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ കമല ഹാരിസും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നാണ് അഭിപ്രായ സര്‍വേകള്‍ വ്യക്തമാക്കുന്നത്.
◾ വയനാട് മുണ്ടക്കൈയ്ക്ക് വേണ്ടി സ്പെഷ്യല്‍ പാക്കേജ് തന്നെ വേണമെന്നാണ് കേരളം ആവശ്യപ്പെടുന്നതെന്നും മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത് സ്പെഷ്യല്‍ പാക്കേജാണെന്നും മന്ത്രി കെ രാജന്‍. വയനാട് മുണ്ടക്കൈ പുനരധിവാസത്തിലെ നടപടികള്‍ കോടതി സ്റ്റേ ചെയ്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. പണം കൊടുത്ത് തന്നെയാകും മുണ്ടക്കെ പുനരധിവാസത്തിനുള്ള ഭൂമി ഏറ്റെടുക്കുകയെന്നും നടപടികള്‍ കോടതി സ്റ്റേ ചെയ്തിട്ടില്ലെന്നും ഭൂമി ഏറ്റെടുക്കലിന് നിയമപരമായി ഒരു തടസ്സവുമില്ലെന്നും മന്ത്രി പറഞ്ഞു.
◾ ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരില്‍ വാട്സ് ആപ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തില്‍ ഹാക്കിംഗ് ഉറപ്പിക്കാന്‍ കഴിയില്ലെന്ന് മെറ്റ. വാട്സ് ആപ്പ് ഗ്രൂപ്പുകള്‍ ഡിലീറ്റ് ചെയ്തതിനാല്‍ ഹാക്കിംഗ് സ്ഥിരീകരിക്കാന്‍ കഴിയില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് മെറ്റ മറുപടി നല്‍കി. കൂടുതല്‍ വിവരങ്ങള്‍ക്ക് പൊലീസ് ഗൂഗിളിനും കത്ത് നല്‍കി. ഗോപാല കൃഷ്ണന്‍ ഫോണ്‍ കൈമാറിയത് ഫോര്‍മാറ്റ് ചെയ്ത ശേഷമാണ്. ഫോണില്‍ നിന്നും വിശദാംശങ്ങളെടുക്കാന്‍ സൈബര്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഫോണ്‍ ഇന്ന് ഫൊറന്‍സിക് പരിശോധനക്ക് നല്‍കും.
◾ പാലക്കാട് നിന്നും തിരുവനന്തപുരം പോകുന്ന ട്രെയിനുകളില്‍ ബോംബ് ഭീഷണി. ഭീഷണിയെ തുടര്‍ന്ന് ട്രെയിനുകളില്‍ പരിശോധന നടത്തി. പൊലീസ് ആസ്ഥാനത്താണ് ഭീഷണി സന്ദേശമെത്തിയത്. സന്ദേശത്തെ തുടര്‍ന്ന് എല്ലാ റെയില്‍വേ സ്റ്റേഷനുകളിലേക്കും ജാഗ്രത നിര്‍ദ്ദേശം നല്‍കി. കൂടാതെ സംസ്ഥാനത്താകെ ട്രെയിനുകളില്‍ പരിശോധന നടത്തി.
◾ പാലക്കാട് നിന്നും തിരുവനന്തപുരം പോകുന്ന ട്രെയിനുകളില്‍ ബോംബ് വെച്ചെന്ന് ഭീഷണിപ്പെടുത്തിയയാളെ പൊലീസ് തിരിച്ചറിഞ്ഞു. ബോംബ് ഭീഷണി മുഴക്കിയത് പത്തനംതിട്ട സ്വദേശിയാണെന്നും ഇയാള്‍ മദ്യലഹരിയില്‍ ആണെന്നും പൊലീസ് പറഞ്ഞു. പത്തനംതിട്ട കോയിപ്പുറം സ്വദേശി ഹരിലാലിനായി പൊലീസ് തെരച്ചില്‍ നടത്തുകയാണ്.
◾ ശബരിമല തീര്‍ത്ഥാടന കാലത്ത് സന്നദ്ധ സേവനം അനുഷ്ഠിക്കുവാന്‍ താത്പര്യമുള്ള ആരോഗ്യ പ്രവര്‍ത്തകരെ സ്വാഗതം ചെയ്യുന്നതായി മന്ത്രി വീണാ ജോര്‍ജ്. കോന്നി മെഡിക്കല്‍ കോളേജ്, പത്തനംതിട്ട ജനറല്‍ ആശുപത്രി, പമ്പ, സന്നിധാനം തുടങ്ങിയ ആശുപത്രികളിലും നിലക്കല്‍, നീലിമല, അപ്പാച്ചിമേട്, ചരല്‍മേട്, എരുമേലി തുടങ്ങിയ ആരോഗ്യ സേവന കേന്ദ്രങ്ങളിലും അവരെ നിയോഗിക്കും. ആരോഗ്യവകുപ്പില്‍ നിന്നും വിരമിച്ചവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് അവസരമൊരുക്കുന്നത്.
◾ ആന എഴുന്നള്ളിപ്പിന് കര്‍ശന നിയന്ത്രണങ്ങള്‍ക്ക് ശുപാര്‍ശ ചെയ്ത് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. മതപരമായ ചടങ്ങുകള്‍ക്ക് മാത്രമേ ആനകളെ ഉപയോഗിക്കാന്‍ പാടുള്ളൂവെന്നും സ്വകാര്യ ചടങ്ങുകള്‍, ഉദ്ഘാടനങ്ങള്‍ എന്നിവയില്‍ ആനകളെ ഉപയോഗിക്കരുതെന്നും റിപ്പോര്‍ടിലുണ്ട് .ജനങ്ങളെ ആനകള്‍ക്ക് സമീപത്തു നിന്നും 10 മീറ്റര്‍ എങ്കിലും അകലത്തില്‍ നിര്‍ത്തണമെന്നും 65 വയസ്സ് കഴിഞ്ഞ ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കരുതെന്നും റിപ്പോര്‍ട്ടിലുണ്ട്.
◾ മുനമ്പത്തെ ഭൂമി അവിടെ താമസിക്കുന്നവര്‍ക്ക് അവകാശപ്പെട്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പ്രകാശ് ജാവഡേക്കര്‍ക്കും സര്‍ക്കാരിനും ഒരേ നിലപാടാണെന്നും ഇപ്പോള്‍ പുറത്തായത് ബി.ജെ.പിക്ക് ഇടം ഉണ്ടാക്കിക്കൊടുക്കാനുള്ള സര്‍ക്കാരിന്റെ കള്ളക്കളിയാണെന്നും സതീശന്‍ അഭിപ്രായപ്പെട്ടു. സര്‍വകക്ഷി യോഗം വിളിച്ച് പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
◾ എ ഡി എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതി പി പി ദിവ്യ ഉയര്‍ത്തിയ അഴിമതി ആരോപണത്തില്‍ കോടതിയില്‍ എല്ലാ തെളിവുകളും ഹാജരാക്കിയെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കെ വിശ്വന്‍. പി പി ദിവ്യ ഉയര്‍ത്തിയ കൈക്കൂലി ആരോപണം കേവലം ആരോപണം മാത്രമല്ലെന്നും അതിനെ ഉറപ്പിക്കുന്ന തെളിവുകള്‍ കോടതിക്ക് കൈമാറിയിട്ടുണ്ടെന്നുമാണ് പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞത്.
◾ അന്വേഷണം ശരിയായ രീതിയില്‍ അല്ലെങ്കില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് എ.ഡി.എം. നവീന്‍ ബാബുവിന്റെ കുടുംബത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ അഡ്വ. ജോണ്‍ എസ്.റാല്‍ഫ്. കളക്ടര്‍ ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പി.പി ദിവ്യയുടെ ജാമ്യപേക്ഷയില്‍ വാദം പൂര്‍ത്തിയായതിന് പിന്നാലെയാണ് അഭിഭാഷകന്‍ ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.
◾ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് വിമര്‍ശനങ്ങള്‍ ഉയരുന്ന കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന് പിന്തുണച്ച് ഐഎഎസ് അസോസിയേഷന്‍. നവീന്‍ ബാബുവിന്റെ മരണം ദുഃഖകരമാണെന്നും വിഷയത്തില്‍ കണ്ണൂര്‍ കളക്ടറെ ക്രൂശിക്കരുതെന്നും ഐഎഎസ് അസോസിയേഷന്‍ പറയുന്നു. കണ്ണൂര്‍ കളക്ടര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ഉയരുമ്പോഴാണ് അസോസിയേഷന്റെ പിന്തുണ.
◾ കെ.എസ്.ആര്‍.ടി.സി ഒരു മാറ്റത്തിന്റെ പാതയിലാണെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. ആറേഴ് മാസത്തിനുള്ളില്‍ കെ.എസ്.ആര്‍.ടി.സി. കേരളത്തിലെ ജനങ്ങളെ ഞെട്ടിക്കുമെന്നും അതില്‍ ഒരു സംശയവും വേണ്ടെന്നും അത്തരം ഗംഭീരമായ പദ്ധതികളാണ് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ യൂണിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍. തൃശൂര്‍ ലോക്സഭാ സീറ്റ് പിണറായി വിജയന്‍ ബിജെപിക്ക് താലത്തില്‍ വച്ച് കൊടുത്തുവെന്നും ചേലക്കരയിലെ പരാജയം പിണറായിയുടെ തലയ്ക്കുള്ള അടിയാകുമെന്നും കെ മുരളീധരന്‍ പറഞ്ഞു. ന്യൂനപക്ഷ വോട്ട് വോട്ട് ലഭിക്കാഞ്ഞതോടെ ഭൂരിപക്ഷത്തിന്റെ ആളായി പിണറായി മാറിയെന്നും സുരേഷ് ഗോപി പൂരം സ്ഥലത്ത് കമ്മീഷണര്‍ സിനിമ മോഡല്‍ അഭിനയം നടത്തിയെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.
◾ ബി.ജെ.പി സംസ്ഥാന സമിതിയംഗം സന്ദീപ് വാര്യര്‍ പാര്‍ട്ടി നേതൃത്വവുമായി പിണങ്ങിനില്‍ക്കുന്നത് ഈ തിരഞ്ഞെടുപ്പില്‍ പ്രധാനപ്പെട്ട വിഷയമല്ലെന്ന് ബി.ജെ.പി ദേശീയ വക്താവ് അനില്‍ ആന്റണി. തിരഞ്ഞെടുപ്പ് 20-ാം തീയതിയിലേക്ക് നീട്ടിയതുകാരണം സന്ദീപ് വാര്യര്‍ അതിനുമുന്‍പ് ബി.ജെ.പിക്കുവേണ്ടി പ്രചാരണത്തിനിറങ്ങുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് അനില്‍ ആന്റണി പ്രതികരിച്ചു.
◾ തന്നെ നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്നും പുറത്താക്കിയത് ഗൂഢാലോചനയുടെ ഭാഗമായാണെന്ന് നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസ്. അസോസിയേഷന്‍ ഒരു മാഫിയ ആണെന്നും ഇവിടെ പവര്‍ ഗ്രൂപ്പ് ഉണ്ടെന്നതിന്റെ തെളിവാണ് തന്റെ പുറത്താക്കല്‍ നടപടിയെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി. ജനാധിപത്യ വിരുദ്ധമായ നടപടിയാണ് അവര്‍ ചെയ്തിരിക്കുന്നതെന്നും അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കലാണിത് എന്നും അവര്‍ പ്രതികരിച്ചു .
◾ കൊയിലാണ്ടി താലൂക്ക് ആശുപത്രി കോമ്പൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോ തനിയെ നീങ്ങി യുവതിയെയും കൈകുഞ്ഞിനെയും ഇടിച്ചിട്ടു. ആനവാതില്‍ സ്വദേശി സബീനക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവമുണ്ടായത്. ആശുപത്രി കോംപൌണ്ടില്‍ നിറയെ രോഗികളുണ്ടായ സമയത്താണ് അപകടമുണ്ടായത്.
◾ അമ്പലമുക്ക് വിനീത കൊലക്കേസില്‍ നിര്‍ണായ മൊഴിയുമായി ഫൊറന്‍സിക് ഡോക്ടര്‍. വിനീതയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതുപോലെയാണ് പ്രതിയായ രാജേന്ദ്രന്‍ തമിഴ്നാട്ടിലും മൂന്നുപേരെ കൊലപ്പെടുത്തിയതെന്ന് ഫൊറന്‍സിസ് ഡോക്ടര്‍ മൊഴി നല്‍കി. കോടതിയിലുള്ള പ്രതി രാജേന്ദ്രനാണ് തമിഴ്നാട്ടിലും മൂന്നു കൊലപാതകം ചെയ്തതെന്ന് കേസന്വേഷിച്ച തമിഴ്നാട് പൊലീസിലെ ഉദ്യോഗസ്ഥരും കോടതിയില്‍ തിരിച്ചറിഞ്ഞു.
◾ കേരളത്തില്‍ വരും ദിവസങ്ങളില്‍ ഇടിമിന്നലോടെ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 3 ചക്രവാതിചുഴികളുടെ സാന്നിധ്യം കേരളത്തില്‍ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
◾ 2036 ലെ ഒളിമ്പിക്സ് ആതിഥേയത്വത്തിനായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ആതിഥേയ കമ്മീഷന് ഔദ്യോഗികമായി കത്തയച്ച് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍. ഒളിമ്പിക്‌സിനും പാരാലിമ്പിക്‌സ് ഗെയിംസിനും ആതിഥേയത്വം വഹിക്കാന്‍ താല്‍പ്പര്യമുണ്ടെന്നറിയിച്ചുള്ളതാണ് ഇന്ത്യയുടെ കത്ത്. 2036-ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യ തയ്യാറാണെന്ന് മോദി മുംബൈയില്‍ നടന്ന അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി സെഷന്റെ ഉദ്ഘാടന ചടങ്ങിലും വ്യക്തമാക്കിയിരുന്നു.
◾ തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ വീണ്ടും ദലിത് വിദ്യാര്‍ഥിക്ക് നേരെ ആക്രമണം. രണ്ടാം വര്‍ഷ പോളിടെക്നിക് വിദ്യാര്‍ത്ഥിയെ ആണ് പ്രബല ജാതിയില്‍ പെട്ട യുവാക്കള്‍ ആക്രമിച്ചത്. ഇന്നലെ രാത്രി മേളപട്ടം ഗ്രാമത്തിലെ വീട്ടില്‍ അതിക്രമിച്ച് കയറിയായിരുന്നു ആക്രമണം.സംഭവത്തില്‍ പൊലീസ് ഇതുവരെ അക്രമികളെ പിടികൂടിയില്ലെന്ന് പരാതിയുണ്ട്. അക്രമി സംഘം ഒളിവിലാണെന്നാണ് സൂചന.
◾ സൈന്യത്തിലെ ക്യാപ്റ്റനാണെന്ന് തെറ്റിദ്ധരിപ്പിച്ച് സാമ്പത്തിക തട്ടിപ്പ് നടത്താന്‍ ശ്രമിച്ച യുവാവിനെ പിടികൂടി. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. ജയിലില്‍ കഴിയുന്ന ബന്ധുക്കളെ പുറത്തിറക്കാന്‍ സഹായിക്കാമെന്നായിരുന്നു ഇയാളുടെ വാഗ്ദാനം.
◾ ആന്ധ്ര പ്രദേശിലെ ആഭ്യന്തര മന്ത്രിയെന്ന നിലയിലുള്ള അനിത വംഗലപ്പുടിയുടെ പ്രവര്‍ത്തനം പോരെന്നും പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കില്‍ ആഭ്യന്തര വകുപ്പ് താന്‍ ഏറ്റെടുക്കുമെന്നും ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍. അതേസമയം ഉപമുഖ്യമന്ത്രിയുടെ വാക്കുകള്‍ വിമര്‍ശനമായല്ല പ്രോത്സാഹനമായാണ് താന്‍ കാണുന്നതെന്ന് അനിത പ്രതികരിച്ചു.
◾ ഇനിയൊരു തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍. ഇതോടെ നീണ്ട 6 പതിറ്റാണ്ട് കാലത്തെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാനൊരുങ്ങുകയാണ് ശരത്പവാര്‍ പവാര്‍ കുടുംബാംഗങ്ങള്‍ നേര്‍ക്കുനേര്‍ പോരാടുന്ന ബരാമതിയില്‍ നടത്തിയ തെരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു വിരമിക്കല്‍ പ്രഖ്യാപനം.
◾ ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവ് ആലംഗീര്‍ ആലമിനെ മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിനോട് ഉപമിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയിലെ മന്ത്രിയായ ആലംഗീര്‍ ആലം ഝാര്‍ഖണ്ഡ് കൊള്ളയടിച്ചുവെന്നാണ് യോഗി ആദിത്യനാഥിന്റെ വിമര്‍ശനം.
◾ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ജാര്‍ഖണ്ഡില്‍ വമ്പന്‍ വാഗ്ദാനങ്ങളുമായി ഇന്ത്യ സഖ്യം പ്രകടന പത്രിക പുറത്തിറക്കി. 2500 രൂപ ഓണറേറിയം, ഒരാള്‍ക്ക് 7 കിലോ റേഷന്‍ ധാന്യം, പ്രാദേശിക ഭാഷയും സംസ്‌കാരവും സംരക്ഷിക്കാന്‍ പ്രത്യേക നിയമം, എസ്ടി 28%, എസ് സി 12%, ഒബിസി 27% വീതം സംവരണം നടപ്പാക്കും, ആദിവാസി വിഭാഗങ്ങളുടെ ഉന്നമനത്തിന് പ്രത്യേക മന്ത്രാലയം എന്നിങ്ങനെ 7 പ്രധാന വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിലുള്ളത്.
◾ ഗുജറാത്തിലെ ആനന്ദില്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കായി നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു. അപകടത്തില്‍ മൂന്ന് തൊഴിലാളികള്‍ മരിച്ചു. മുംബൈ - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഭാഗമായ പാലമാണ് തകര്‍ന്നത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാന്‍് പാലം തകര്‍ന്നു വീണത്. അപകടത്തില്‍ നിരവധി തൊഴിലാളികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
◾ ജമ്മു കശ്മീരിലെ ബന്ദിപൊര വനമേഖലയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ബന്ദിപൊരയിലെ കെത്സുണ്‍ വനപ്രദേശത്ത് ഇന്നലെ വൈകുന്നേരമാണ് സൈന്യവും ഭീകരരും തമ്മില്‍ വെടിവെപ്പുണ്ടായത്. ആക്രമണത്തില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടതായാണ് വിവരം.
◾ ഇസ്രയേല്‍ പ്രതിരോധമന്ത്രി യൊഹാവ് ഗലാന്റിനെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മന്ത്രിസഭയില്‍നിന്ന് പുറത്താക്കി. രാജ്യത്തിന്റെ നിലവിലെ സൈനിക ഓപ്പറേഷനുകള്‍ കൈകാര്യംചെയ്യുന്നതില്‍ അദ്ദേഹത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിരോധമന്ത്രിയെ പ്രധാനമന്ത്രി പുറത്താക്കിയത്.
◾ ഈ വര്‍ഷത്തെ ഐപിഎല്‍ മെഗാ താരലേലം ഈ മാസം 24, 25 തീയതികളില്‍ സൗദി അറേബ്യന്‍ നഗരമായ ജിദ്ദയില്‍ നടക്കും. ആകെ 1574 താരങ്ങളാണ് ഇത്തവണ ഐപിഎല്‍ താരലേലത്തില്‍ പങ്കെടുക്കാനായി പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 409 പേര്‍ വിദേശതാരങ്ങളാണ്. ഓരോ ടീമിനും നിലനിര്‍ത്തിയ കളിക്കാരടക്കം 25 കളിക്കാരെയാണ് പരമാവധി സ്‌ക്വാഡില്‍ ചേര്‍ക്കാനാവുക. 46 കളിക്കാരെ ടീമുകള്‍ ലേലത്തിന് മുമ്പ് തന്നെ നിലനിര്‍ത്തിയതിനാല്‍ 10 ടീമുകളിലായി 204 കളിക്കാരെയാണ് ലേലത്തില്‍ എടുക്കേണ്ടത്. 120 കോടിയാണ് ലേലത്തില്‍ ഓരോ ടീമിനും പരമാവധി ചെലവഴിക്കാവുന്ന തുക. നിലനിര്‍ത്തിയ കളിക്കാര്‍ക്കായി ചെലവിട്ട തുക കിഴിച്ചുള്ള തുക മാത്രമെ ടീമുകള്‍ക്ക് ലേലത്തില്‍ ചെലവഴിക്കാനാകു.
◾ കാമ്പ കോള വില കുറച്ച് വിറ്റ് മാര്‍ക്കറ്റ് കീഴടക്കിയ അതേ തന്ത്രം ചിപ്സിലും സ്‌നാക്‌സ് വിപണിയിലും കൊണ്ടുവരാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ്. ചിപ്സിലും സ്‌നാക്‌സ് വിപണിയിലും കമ്പനിക്ക് അലന്‍ ബ്യൂഗിള്‍സ്, സ്നാക്ടാക് ബ്രാന്‍ഡുകള്‍ ഉണ്ട്, ഇന്‍ഡിപെന്‍ഡന്‍സ് എന്നത് ബിസ്‌ക്കറ്റ് ബ്രാന്‍ഡിന്റെ പേരും. വിതരണക്കാര്‍ക്ക് 8 ശതമാനം മാര്‍ജിന്‍, രണ്ട് ശതമാനം പെര്‍ഫോമന്‍സ് അടിസ്ഥാനമാക്കിയുള്ള ഇന്‍സെന്റീവുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. വിതരണക്കാര്‍ക്ക് മറ്റ് കമ്പനികള്‍ 8 മുതല്‍ 15 ശതമാനം വരെ മാര്‍ജിന്‍ നല്‍കുമ്പോള്‍ അംബാനിയുടെ കമ്പനി ചില്ലറ വ്യാപാരികള്‍ക്ക് 20 ശതമാനം മാര്‍ജിന്‍ നല്‍കുന്നു. റിലയന്‍സ് കണ്‍സ്യൂമര്‍ 2022 ലാണ് എഫ്എംസിജി വിപണിയിലേക്കുള്ള പ്രവേശനം പ്രഖ്യാപിച്ചത്. കാമ്പ കോള ഉല്‍പ്പന്നങ്ങളുടെ വില കുറച്ചതോടെ വിപണിയില്‍ കൊക്കകോളയും പെപ്സികോയും വലിയ വെല്ലുവിളിയാണ് നേരിടുകയാണ്.
◾ മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പൃഥ്വിരാജ് നായകനായെത്തുന്നു. കരീന കപൂറാണ് ചിത്രത്തില്‍ നായികയായെത്തുക. 'ദായ്‌റ' എന്നാണ് ചിത്രത്തിന് താല്ക്കാലികമായി നല്‍കിയിരിക്കുന്ന പേര്. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രമാണിതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പൊലീസുദ്യോഗസ്ഥനായിട്ടായിരിക്കും പൃഥ്വിരാജ് എത്തുകയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ചിത്രത്തിന്റെ കരാറില്‍ പൃഥ്വിരാജ് ഇതുവരെ ഒപ്പുവച്ചിട്ടില്ല. അക്ഷയ് കുമാറും ടൈഗര്‍ ഷറോഫും പ്രധാന വേഷങ്ങളിലെത്തിയ ബഡേ മിയാന്‍ ഛോട്ടെ മിയാന്‍ എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് ബോളിവുഡില്‍ അവസാനമായി അഭിനയിച്ചത്. ദായ്‌റയുടെ ചിത്രീകരണം ഉടനെ തുടങ്ങും. 2012 ല്‍ പുറത്തിറങ്ങിയ അയ്യ എന്ന ചിത്രത്തിലൂടെയായിരുന്നു പൃഥ്വിരാജ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. റാണി മുഖര്‍ജിയായിരുന്നു ചിത്രത്തിലെ നായിക. മലയാളത്തില്‍ എംപുരാന്‍ ആണ് പൃഥ്വിയുടേതായി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം.
◾ ഷറഫുദ്ദീന്‍, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഹലോ മമ്മി'യിലെ കല്യാണപ്പാട്ട് റിലീസ് ചെയ്തു. ജേക്സ് ബിജോയ് സം?ഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് ഡബ്‌സി, സിയ ഉള്‍ ഹഖ്, ജേക്‌സ് ബിജോയ് എന്നിവര്‍ ചേര്‍ന്നാണ്. ചിത്രം നവംബര്‍ 21 ന് തിയറ്ററുകളില്‍ എത്തും. ഹാങ്ങ് ഓവര്‍ ഫിലിംസും എ ആന്‍ഡ് എച്ച് എസ് പ്രൊഡക്ഷനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഹലോ മമ്മി ഫാന്റസി കോമഡി ജോണറില്‍ ഒരുങ്ങുന്ന ചിത്രമാണ്. നവാഗതനായ വൈശാഖ് എലന്‍സ് സംവിധാനം ചെയ്യുന്ന ചിത്രം കേരളത്തില്‍ വിതരണത്തിക്കുന്നത് ഡ്രീം ബിഗ് പിക്ച്ചേഴ്സ് ആണ്. അജു വര്‍ഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോന്‍ ജ്യോതിര്‍, ബിന്ദു പണിക്കര്‍, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗ മീരാ എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജോമിന്‍ മാത്യു, ഐബിന്‍ തോമസ്, രാഹുല്‍ ഇ എസ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. സജിന്‍ അലി, നിസാര്‍ ബാബു, ദിപന്‍ പട്ടേല്‍ എന്നിവരാണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍.
◾ ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ട അവരുടെ ജനപ്രിയ സെഡാനായ അമേസിന് നവംബര്‍ മാസത്തില്‍ ബമ്പര്‍ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. 2024 നവംബറില്‍ ഹോണ്ട അമേസ് വാങ്ങുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് പരമാവധി 1.26 ലക്ഷം രൂപ ലാഭിക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒക്ടോബറില്‍ ഹോണ്ട അമേസിന് 1.12 ലക്ഷം രൂപ വരെ കിഴിവ് കമ്പനി വാഗ്ദാനം ചെയ്തിരുന്നു. രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് ഹോണ്ട അമേസ് എത്തുന്നത്. ആദ്യത്തേതില്‍ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഘടിപ്പിച്ചിരിക്കുന്നു, ഇത് പരമാവധി 90 ബിഎച്പി കരുത്തും 110 എന്‍എം പീക്ക് ടോര്‍ക്കും സൃഷ്ടിക്കും. രണ്ടാമത്തെ എഞ്ചിന്‍ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ സജ്ജീകരിച്ചിരിക്കുന്നു, അത് പരമാവധി 100 ബിഎച്ച്പി കരുത്തും 200 എന്‍എം പരമാവധി ടോര്‍ക്കും സൃഷ്ടിക്കാന്‍ പ്രാപ്തമാണ്. രണ്ട് എഞ്ചിനുകളിലും 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷന്‍ ലഭ്യമാണ്. ഇതുകൂടാതെ, ഉപഭോക്താക്കള്‍ക്ക് കാറില്‍ സിവിടി ഓപ്ഷനും ലഭിക്കും. മുന്‍നിര മോഡലിന് 7.20 ലക്ഷം മുതല്‍ 9.96 ലക്ഷം രൂപ വരെയാണ് ഇന്ത്യന്‍ വിപണിയില്‍ ഹോണ്ട അമേസിന്റെ പ്രാരംഭ എക്സ്-ഷോറൂം വില.
0 Comments