പീച്ചി ഡാം മാനേജ്മെന്‍റില്‍ വീഴ്ചവരുത്തിയ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരെ വെള്ളപൂശി ജലവിഭവവകുപ്പും ഇറിഗേഷൻ വകുപ്പും.കനത്ത മഴമുന്നറിയിപ്പുണ്ടായിട്ടും റൂള്‍കർവ് പാലിക്കാതെയും മുന്നറിയിപ്പു നല്‍കാതെയും ഒറ്റയടിക്ക് അണക്കെട്ടിന്‍റെ ഷട്ടറുകള്‍ 72 ഇഞ്ചുവരെ തുറന്നത് ഇറിഗേഷൻ വകുപ്പിന്‍റെ വീഴ്ചയാണെന്നു സബ് കളക്ടറുടെയും പീച്ചി പോലീസിന്‍റെയും റിപ്പോർട്ടില്‍ വ്യക്തമാക്കിയിരുന്നു. ഉദ്യോഗസ്ഥർക്കെതിരേ ദുരന്തനിവാരണനിയമമനുസരിച്ച് നടപടിയെടുക്കണമെന്നു പോലീസ് കമ്മീഷണർ ജില്ലാ കളക്ടർക്ക് കത്തും അയച്ചു. 43 കോടിയുടെ നഷ്ടമുണ്ടെന്ന സബ് കളക്ടറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ നടപടിയാവശ്യപ്പെട്ട് ജില്ലാ കളക്ടറും സർക്കാരിലേക്കു റിപ്പോർട്ട് നല്‍കി.എന്നാല്‍, അണക്കെട്ടു തുറന്നതിന്‍റെ ഉത്തരവാദിത്വം കളക്ടർക്കും കളക്ടറേറ്റിലെ ഉദ്യോഗസ്ഥർക്കുമാണെന്നാണ് ഇറിഗേഷൻ, ജലവിഭവ വകുപ്പുകളുടെ നിലപാട്. ജലനിരപ്പിന്‍റെ ഓരോ ഘട്ടത്തിലും കളക്ടർക്കു റിപ്പോർട്ട് നല്‍കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥരുടെ വാക്കാലുള്ള നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഷട്ടറുകള്‍ ഉയർത്തിയതെന്നുമാണ് കെപിസിസി സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്തിനു നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നത്.റൂള്‍ കർവിനു മുകളില്‍ വെള്ളമുണ്ടായിട്ടും ഷട്ടറുകള്‍ തുറക്കാതിരുന്നതിനെക്കുറിച്ചു മറുപടിയില്‍ പരാമർശമില്ല.200 മില്യണ്‍ ക്യുബിക് മീറ്ററിന് (എംസിഎം) മുകളില്‍ സംഭരണശേഷിയുള്ള ഡാമുകളില്‍ മാത്രമാണ് റൂള്‍കർവ് പ്രകാരം ജലവിതാനം ക്രമീകരിക്കേണ്ടതെന്നാണ് കേന്ദ്ര ജല കമ്മീഷൻ നിർദേശിച്ചിട്ടുള്ളതെന്നും പീച്ചി ഡാമിന് 94.946 എംസിഎം മാത്രമാണ് സംഭരണശേഷിയെന്നുമാണ് ജലവിഭവവകുപ്പിന്‍റെ നിലപാട്. ജൂലൈ 28ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഗ്രീൻ അലർട്ടാണ് തൃശൂർ ജില്ലയില്‍ പ്രഖ്യാപിച്ചതെന്നും ശക്തമായ മഴയെത്തുടർന്ന് ഷട്ടറുകള്‍ തുറക്കാൻ കളക്ടറേറ്റുമായി ബന്ധപ്പെട്ടിരുന്നെന്നും ഉദ്യോഗസ്ഥർ വാക്കാല്‍ നിർദേശം നല്‍കിയെന്നും പറയുന്നു.പരമാവധി സംഭരണശേഷിക്കു മുകളിലേക്കു ജലനിരപ്പുയർന്നാല്‍ ഡാമിനും ഷട്ടറുകള്‍ക്കും പീച്ചി റിസർവോയറിന്‍റെ സാഡില്‍ ഡാമായ വള്ളിക്കയം എർത്തേണ്‍ ഡിന്‍റെ സീപേജ് വർധിച്ചു തകരാനും സാധ്യതയുള്ളതിനാലാണ് ഓണ്‍ലൈൻ മീറ്റിംഗിലൂടെ ജില്ലാ കളക്ടറുടെ അനുമതിയോടെ 72 ഇഞ്ചുവരെ ഉയർത്തിയത്. ഉദ്യോഗസ്ഥരെയും മാധ്യമങ്ങളെയും തക്കസമയത്ത് അറിയിച്ചാണ് ദുരന്തമൊഴിവാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറിക്കുവേണ്ടി ജോയിന്‍റ് സെക്രട്ടറി ജി. സുകുമാരൻനായർ സമർപ്പിച്ച റിപ്പോർട്ടില്‍ പറയുന്നു.
0 Comments