കൊടകര: മറ്റത്തൂര്‍ പഞ്ചായത്തില്‍ ജീര്ണിച്ചുനശിക്കുന്ന മുരുക്കുങ്ങല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ പുനരുദ്ധാരണത്തിന് നടപടി വൈകുന്നു. ത്രിതല പഞ്ചായത്തുകളുടെ ഫണ്ട് ഉപയോഗിച്ച് പദ്ധതി പ്രവര്‍ത്തനക്ഷമമാക്കുമെന്ന് മാസങ്ങള്‍ക്ക് മുമ്പ് അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നെങ്കിലും ഒന്നും നടന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന മുരിക്കുങ്ങല്‍ ഐ.എച്ച്.ഡി.പി കോളനിയിലും പരിസരപ്രദേശങ്ങളിലും കുടിവെള്ളവും ജലസേചനസൗകര്യവും ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് 1998-99 സാമ്പത്തിക വര്‍ഷത്തിലാണ് പദ്ധതിക്ക് രൂപം നല്‍കിയത്. പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടെ ആവിഷ്കരിച്ച പദ്ധതിക്ക് തുടക്കത്തില്‍ 25 ലക്ഷം രൂപ വകയിരുത്തിയിരുന്നു.
പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ പെടുന്ന പ്രദേശങ്ങളിലേക്ക് വെള്ളമെത്തിക്കാനുള്ള ഈ പദ്ധതിക്കായി 14ാം വാര്‍ഡിലെ കോടാലി പാടശേഖരത്തോടു ചേര്‍ന്ന് വെള്ളിക്കുളം വലിയതോടിന്റെ കരയിലാണ് പമ്പുഹൗസും കുളവും നിര്‍മിച്ചത്. വേനലില്‍ ജലലഭ്യത ഉറപ്പുവരുത്താനാണ് ഇവിടെ കുളവും പമ്പുഹൗസും നിർമിച്ചത്. മുരിക്കുങ്ങല്‍ ഗ്രാമമന്ദിരത്തിനു സമീപം ജലസംഭരണിയും നിര്‍മിച്ചു. എന്നാല്‍ പൈപ്പ് ലൈനിന്റെ പണികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാത്തതിനാല്‍ പദ്ധതി തുടങ്ങാന്‍ വൈകി.
പദ്ധതിക്കായി വാങ്ങിയ പൈപ്പുകള്‍ വര്‍ഷങ്ങളോളം വെയിലും മഴയുമേറ്റ് കിടന്നു. പിന്നീട് പൈപ്പ് ലൈനിന്റെ പണി പൂര്‍ത്തീകരിച്ച് ഉദ്ഘാടനം നടത്തിയെങ്കിലും ചോര്‍ച്ച മൂലം പ്രവര്‍ത്തനം സ്തംഭിച്ചു. വര്‍ഷങ്ങളോളം പ്രവര്‍ത്തനമില്ലാതെ കിടന്നതിന്റെ ഫലമായി പമ്പുഹൗസിന്റെ ഭിത്തി ഇടിഞ്ഞുവീണും മോട്ടോറും അനുബന്ധ ഉപകരണങ്ങളും തുരുമ്പെടുത്തും നശിക്കുകയാണ് ഇപ്പോള്‍.
പദ്ധതി പുനരുദ്ധരിക്കണമെന്നാവശ്യപ്പെട്ട് നിരന്തരം ഓഫിസുകള്‍ കയറിയിറങ്ങുകയാണ് പ്രദേശവാസിയായ ആന്റു ചെമ്മിഞ്ചേരി. മുഖ്യമന്ത്രിയുടെ നവകേരള സദസ്സിലും ഇദ്ദേഹം നിവേദനം നല്‍കിയിരുന്നു. പട്ടികജാതി വികസനത്തിനായുള്ള പ്രത്യേക ഫണ്ടോ ധനകാര്യ കമീഷന് വിഹിതമോ ഉപയോഗിച്ച് പദ്ധതി പ്രവര്‍ത്തനക്ഷമമാക്കുമെന്ന ഉറപ്പാണ് അധികൃതരില്‍ നിന്ന് ലഭിച്ചത്.
പദ്ധതിയുടെ പുനരുദ്ധാരണം തനത് വര്‍ഷത്തെ ഗ്രാമസഭ നിർദേശമായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇതിന് അധികമായി വേണ്ടി വരുന്ന ഫണ്ടിനായി ജില്ല, ബ്ലോക്ക് പഞ്ചായത്തുകളുടെ സഹായം ലഭ്യമാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും രേഖാമൂലം നല്കിയ മറുപടിയില്‍ അറിയിച്ചിരുന്നെങ്കിലും നടപടി വൈകുകയാണെന്ന് ആന്റു ചെമ്മിഞ്ചേരി പറഞ്ഞു.
കടപ്പാട്- ലോനപ്പന് കടമ്പോട്
0 Comments