യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി സ്വർണവും പണവും തട്ടിയെടുത്ത കേസിൽ യുവതികൾ ഉൾപ്പടെ മൂന്നുപേർ അറസ്റ്റിൽ


യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി സ്വർണവും പണവും ഉള്‍പ്പെടെ തട്ടിയെടുത്ത സംഭവത്തില്‍ രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്നുപേർ അറസ്റ്റിലായി.വലപ്പാട് ബീച്ച്‌ ഇയ്യാനി ഹിമ ( 25), കരയാമുട്ടം ചിക്കവയലില്‍ സ്വാതി (28), ചാമക്കാല ഷിബിൻ നൗഷാദ് എന്നിവരെയാണ് വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. നാട്ടിക ബീച്ച്‌ സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് നടപടി.ഫോണിലൂടെയാണ് യുവതികള്‍ പരാതിക്കാരനായ യുവാവിനെ പരിചയപ്പെടുന്നത്. ഡിസംബർ 23ന് രാത്രി ഒമ്ബത് മണിയോടെ യുവതികള്‍ യുവാവിനെ തൃപ്രയാറുള്ള ലോഡ്ജിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇവിടെയെത്തിയ യുവാവിനെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭീഷണിപ്പെടുത്തി 5000 രൂപയും ഒന്നര ലക്ഷത്തോളം രൂപ വിലമതിക്കുന്ന മൊബൈല്‍ ഫോണും കഴുത്തിലണിഞ്ഞിരുന്ന മാലയും തട്ടിയെടുത്തു എന്നാണ് യുവാവിന്റെ പരാതി. യുവതികളുടെ സഹായികളായി ഷിബിൻ നൗഷാദും മറ്റൊരാളുമുണ്ടായിരുന്നു. ഇവർ തന്നെ മർദ്ദിച്ചെന്നും യുവാവ് പരാതിയില്‍ പറയുന്നു.പണവും സ്വർണവും മൊബൈല്‍ ഫോണും കവർന്ന് ലോഡ്ജ് വിട്ട പ്രതികളെ യുവാവ് പിന്തുടർന്നു. കവർന്ന സാധനങ്ങള്‍ തിരിച്ചുചോദിച്ച തന്നെ പ്രതികള്‍ വീണ്ടും മർദിച്ചെന്നും യുവാവ് പരാതിയില്‍ പറയുന്നു. ഇതു സംബന്ധിച്ച്‌ യുവാവ് നല്‍കിയ പരാതിയില്‍ വലപ്പാട് പൊലീസ് നടത്തിയ അന്വേഷത്തിലാണ് പ്രതികള്‍ പിടിയിലായത്. അന്വേഷണസംഘത്തില്‍ എസ്.എച്ച്‌.ഒ എം.കെ. രമേശ്, എസ്.ഐ എബിൻ, എ.എസ്.ഐ റംല, സീനിയർ സിവില്‍ പോലീസ് ഓഫിസർമാരായ പ്രബിൻ, മനോജ്, സുമി എന്നിവരാണുണ്ടായിരുന്നത്. ഒരു പ്രതികൂടി പിടിയിലാകാനുണ്ടെന്നും ഇയാള്‍ ഒളിവിലാണെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍